Latest News
|^| Home -> International -> ഡോക്ടറടക്കം 8 പേർ വിശുദ്ധപദവിയിലേയ്ക്ക്

ഡോക്ടറടക്കം 8 പേർ വിശുദ്ധപദവിയിലേയ്ക്ക്

Sathyadeepam

എട്ടു മക്കളുടെ പിതാവും വൈദ്യചികിത്സകനുമായിരുന്ന ഒരാളടക്കം എട്ടു വ്യക്തികൾ വീരോചിത സുകൃതങ്ങൾ അനുഷ്ഠിച്ചു ജീവിച്ചവരാണെന്നു മാർ പാപ്പ ഒൗദ്യോഗികമായി അംഗീകരിച്ചു. ഇതോടെ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ അടുത്ത ഘട്ടത്തിലേയ്ക്കു കടന്നു. 1944-ൽ ഇറ്റലിയിൽ ജനിച്ച വിക്ടർ ട്രങ്കനെല്ലിയാണ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന ഡോക്ടർ. പ്രഗത്ഭനായ ഡോക്ടറെന്നു പേരെടുത്ത അദ്ദേഹത്തിനും ഭാര്യ ലിയയ്ക്കും ഒരു പുത്രനാണു ജനിച്ചത്. പിന്നീട് ഏഴു കുട്ടികളെ അവർ നിയമപരമായി ദത്തെടുത്ത് സ്വന്തം മക്കളായി വളർത്തുകയായിരുന്നു. ആദ്യത്തെ കുട്ടി ജനിക്കുമ്പോൾ വിക്ടർ ഗുരുതരമായ ഒരു രോഗത്തിനു വിധേയനായി. ജീവിതകാലം മുഴുവൻ ചികിത്സ വേണ്ടി വരുന്ന അവസ്ഥയിലും അദ്ദേഹം പ്രത്യാശയോടെ, പരാതികളില്ലാതെ ജീവിതത്തെ അഭിമുഖീകരിച്ചു. ദുഷ്കരമായ സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിന് അദ്ദേഹവും ഭാര്യയും ചേർന്നാരംഭിച്ച സംഘടന ഇന്നും പ്രവർത്തിക്കുന്നുണ്ട്. 1998-ൽ 54-ാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.
സ്ലോവാക്യായിൽ ജനിച്ച സലേഷ്യൻ വൈദികൻ ഫാ. ടൈറ്റസ് സെമാൻ ആണ് എട്ടു പേരിൽ മറ്റൊരാൾ. ചെക്കോസ്ലോവാക്യ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിലായിരിക്കെ രഹസ്യമായി സഭാസേവനം നിർവഹിച്ച ഫാ. സെമാനിനെ പിന്നീട് ഭരണകൂടം പിടികൂടുകയും വത്തിക്കാൻ ചാരനായും വഞ്ചകനായും മുദ്ര കുത്തുകയും ചെയ്തു. വധശിക്ഷയിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അദ്ദേഹം പക്ഷേ 25 വർഷത്തെ തടവുശിക്ഷ യ്ക്കു വിധിക്കപ്പെട്ടു. 12 വർഷത്തിനു ശേഷം ജയിൽ മോചിതനായെങ്കിലും അതിനകം രോഗബാധിതനായിരുന്ന അദ്ദേഹം അഞ്ചു വർഷങ്ങൾക്കു ശേഷം മരണം വരിച്ചു. അദ്ദേഹത്തിന്റെ മരണം വിശ്വാസത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വമായി പരിഗണിക്കപ്പെടുന്നു.
പിയെട്രോ ഹരേരോ റൂബിയോ എന്ന അല്മായനാണ് പട്ടികയിലുള്ള മറ്റൊരാൾ. ബിഷപ് ഒറ്റാവിയോ അരീറ്റ, ദിവ്യ ഇടയന്റെ സഹോദരിമാർ എന്ന സന്യാസിനീസഭയുടെ സ്ഥാപകനായ ജെസ്യൂട്ട് ഫാ. അന്റോണിയോ റെപിസോ മാർട്ടിനെസ്, ബധിര-മൂകർക്കുവേണ്ടി സേവനം ചെയ്യുന്ന ഒരു സന്യാസിനീസഭയുടെ സ്ഥാപകനായ ഫാ. അന്റോണിയോ പ്രോവലോ, റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ദ മിഷണറി വർക്കേഴ്സ് ഒാഫ് ദ സേക്രഡ് ഹാർട്ടിന്റെ സ്ഥാപക മരിയ മെഴ്സി കബേസാസ് ടെരെരോ, സി. ലൂസിയ ഒാഫ് ഇമ്മാക്കുലേറ്റ് എന്നിവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാൻ പോ കുന്ന മറ്റുള്ളവർ.

Leave a Comment

*
*