ലാളിത്യത്തിന്റെയും എളിമയുടെയും മാതൃക, ‘പുഞ്ചിരിക്കുന്ന പാപ്പാ’ അള്‍ത്താരയിലേയ്ക്ക്

ലാളിത്യത്തിന്റെയും എളിമയുടെയും മാതൃക, ‘പുഞ്ചിരിക്കുന്ന പാപ്പാ’ അള്‍ത്താരയിലേയ്ക്ക്

33 ദിവസം മാത്രം പത്രോസിന്റെ സിംഹാസനത്തിലിരുന്ന ശേഷം ദിവംഗതനായ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നു. 'നാം', 'നമ്മുടെ' എന്നീ രാജകീയ ബഹുവചന പ്രയോഗങ്ങള്‍ക്കു പകരം 'ഞാന്‍', 'എന്റെ' എന്നീ ഏകവചനപദങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നതിന് ആദ്യമായി ഉപയോഗിച്ച പാപ്പാ ജോണ്‍ പോള്‍ ഒന്നാമനാണ്. പുതിയ പാപ്പാമാര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ പതിവുണ്ടായിരുന്ന കിരീടധാരണം നടത്തുന്നതിനു വിസമ്മതിച്ച അദ്ദേഹം 'പാലിയം' എന്ന ഇടയചിഹ്നം സ്വീകരിച്ചുകൊണ്ടാണ് പാപ്പാസ്ഥാനത്തിന്റെ ഉദ്ഘാടനം നടത്തിയത്.
പാത്രിയര്‍ക്കീസ് ആയിരിക്കെ തന്നെ എളിമയുടെയും ജീവിതലാളിത്യത്തിന്റെയും പേരില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു പോപ് ലുസിയാനി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1975 ല്‍ തന്റെ സ്വര്‍ണക്കുരിശുമാല വിറ്റ അദ്ദേഹം ഇത്തരം വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റുമുണ്ടെങ്കില്‍ വില്‍ക്കണമെന്നു തന്റെ വൈദികരോടും നിര്‍ദേശിച്ചിരുന്നു.
സെപ്തംബര്‍ പാപ്പാ എന്നു ലോകമാധ്യമങ്ങള്‍ വിശേഷിപ്പിച്ച ജോണ്‍ പോള്‍ ഒന്നാമന്‍, ഇറ്റലിയിലെ വെനീസ് പാത്രിയര്‍ക്കീസ് ആയിരിക്കെയാണ് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നത്. അല്‍ബിനോ ലുസിയാനി എന്നു പേരുണ്ടായിരുന്ന അദ്ദേഹം ഇരട്ടപ്പേര് സ്വീകരിക്കുന്ന ആദ്യത്തെ മാര്‍പാപ്പയും ആയിരുന്നു. തന്റെ രണ്ടു മുന്‍ഗാമികളായ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെയും പേരുകള്‍ ചേര്‍ത്താണ് അദ്ദേഹം പേരു കണ്ടെത്തിയത്.
പുഞ്ചിരിക്കുന്ന പാപ്പാ എന്നറിയപ്പെട്ട ജോണ്‍ പോള്‍ ഒന്നാമന്‍ 1978 സെപ്തംബര്‍ 28 നാണു നിര്യാതനായത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാനവീകരണശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ നിര്യാണം. ഹ്രസ്വകാലമേ ഭരിച്ചുള്ളൂവെങ്കിലും ജോണ്‍ പോള്‍ ഒന്നാമന്റെ സംഭാവനകള്‍ സാര്‍വത്രികസഭയുടെ ചരിത്രത്തില്‍ നിര്‍ണായക പ്രാധാന്യം ഉള്ളതാണെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പറഞ്ഞു. ജോണ്‍ പോള്‍ ഒന്നാമന്റെ ചിന്തകളെയും പ്രബോധനങ്ങളെയും പ്രചരിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വത്തിക്കാന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.
ജോണ്‍ പോള്‍ ഒന്നാമന്റെ മാദ്ധ്യസ്ഥത്താല്‍ ഒരു രോഗശാന്തി സംഭവിച്ചുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിര്‍ണായകമായ അടുത്ത ഘട്ടത്തിലേയ്ക്കു കടന്നിരിക്കുന്നത്. അടുത്ത ഈസ്റ്ററിനു മുമ്പായി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാകും പ്രഖ്യാപനം നടത്തുകയെന്നു കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org