ആഹാരം പാഴാക്കുന്ന സംസ്കാരം മാനവപുരോഗതിയെ തടയുന്നു : ഫ്രാന്‍സിസ് മാര്‍പാപ്പ

ആഹാരം പാഴാക്കുന്ന സംസ്കാരം മാനവപുരോഗതിയെ തടയുന്നു : ഫ്രാന്‍സിസ് മാര്‍പാപ്പ

ആഹാരം പാഴാക്കുന്ന സ്വാര്‍ത്ഥതയുടെയും അവഗണനയുടെയും സംസ്കാരം ആഗോള വിശപ്പിന്‍റെ പ്രതിസന്ധിയെ രൂക്ഷമാക്കുകയും വ്യക്തികളുടെ ജീവിതത്തെ നശിപ്പിക്കുകയും മാനവപുരോഗതിയെ തടയുകയും ചെയ്യുന്നുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പല സ്ഥലങ്ങളിലും നമ്മുടെ സഹോദരങ്ങള്‍ക്ക് ആരോഗ്യകരമായ ആഹാരം വേണ്ടയളവില്‍ ലഭിക്കുന്നില്ല. അതേസമയം മറ്റു ചിലയിടങ്ങളിലാകട്ടെ ആഹാരം വെറുതെ വിതറിക്കളയുന്നു- യു.എന്‍. ലോക ഭക്ഷ്യപരിപാടിയുടെ ഡയറക്ടര്‍ക്കയച്ച സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 82 രാജ്യങ്ങളിലെ 8 കോടിയിലധികം ജനങ്ങള്‍ക്ക് ഭക്ഷ്യസഹായം എത്തിക്കുന്ന സംഘടനയാണിത്.

ആഹാരത്തിലെ അസമത്വം സമൃദ്ധിയുടെ വൈരുദ്ധ്യമാണെന്നു പാപ്പാ അഭിപ്രായപ്പെട്ടു. ആഹാരം പാഴാക്കുന്നതിനു പരിഹാരം കാണുന്നില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ 2030 ലേയ്ക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കില്ല. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയിലെ പ്രതിജ്ഞകളും നിറവേറ്റാനാവില്ല. ആഹാരത്തിലെ അസമത്വം എന്ന വിഷയത്തെ സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കാന്‍ വിദ്യാലയങ്ങളും കുടുംബങ്ങളും മാധ്യമങ്ങളും അന്താരാഷ്ട്ര സംഘടനകളും ശ്രമിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആരോഗ്യകരമായ പോഷണം ഓരോ മനുഷ്യവ്യക്തിയുടേയും അവകാശമാണ്. വിഭവസ്രോതസ്സുകളേയും ആശയങ്ങളേയും സമാഹരിച്ചുകൊണ്ട് ആഹാരത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന ഒരു ജീവിതശൈലി നമുക്ക് അവതരിപ്പിക്കാനാകും. ഭൂമീമാതാവ് നമുക്കു നല്‍കുന്ന ദാനങ്ങളെ ശരിയായി വിലമതിക്കുന്നതായിരിക്കും ആ ജീവിതശൈലി – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org