ആബേലച്ചന്‍ ചരമദിനം

ആബേലച്ചന്‍ ചരമദിനം

കത്തോലിക്കാ സഭയിലെ സി.എം.ഐ. സന്യാസ സമൂഹത്തില്‍ വൈദികനായിരുന്നു ആബേലച്ചന്‍ (ജനനം: 1920 ജനുവരി 19; മരണം: 2001 ഒക്ടോബര്‍ 27). കൊച്ചിന്‍ കലാഭവന്റെ സ്ഥാപകന്‍, പത്രപ്രവര്‍ത്തകന്‍, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ വ്യക്തി തുടങ്ങിയ നിലകളിള്‍ അറിയപ്പെടുന്നു. ശബ്ദാനുകരണ കലയെ മിമിക്‌സ് പരേഡ് എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹം ഒട്ടേറെ കലാകാരന്‍മാരുടെ വളര്‍ച്ചക്ക് വഴിയൊരുക്കി. ജയറാം, കലാഭവന്‍ മണി തുടങ്ങി കലാഭവന്റെ സംഭാവനകളായ അനേകംപേര്‍ മലയാള സിനിമയില്‍ സജീവസാന്നിധ്യമറിയിക്കുന്നു.

ആദ്യകാലം

1920 ജനുവരി 19-ന് എറണാകുളം ജില്ലയിലെ മുളക്കുളത്ത് പെരിയപ്പുറത്ത് മാത്തന്‍ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. മാത്യു എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. നന്നേ ചെറുപ്പത്തിലെ സാഹിത്യത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ചങ്ങമ്പുഴയുടെയും കുമാരനാശാന്റേയും രചനകളോടായിരുന്നു കൂടുതല്‍ ആഭിമുഖ്യം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കവിതകള്‍ എഴുതിയിരുന്നു.

ഇരുപതാം വയസില്‍ സി.എം.ഐ. സന്യാസ സഭയില്‍ വൈദികാര്‍ത്ഥിയായി ചേര്‍ന്നു.മാന്നാനം, തേവര, കൂനമ്മാവ് എന്നിവിടങ്ങളിലെ സി.എം.ഐ. ആശ്രമങ്ങളില്‍ വൈദിക പഠനവും മംഗലാപുരത്ത് ഉന്നത പഠനവും പൂര്‍ത്തിയാക്കിയശേഷം 1951-ല്‍ സഭാവസ്ത്രം സ്വീകരിച്ചു. 1952-ല്‍ കോട്ടയത്ത് ദീപിക ദിനപത്രത്തില്‍ ചേര്‍ന്നു. തൊട്ടടുത്ത വര്‍ഷം റോമിലേക്ക് പോയി. അവിടെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് റോമില്‍നിന്ന് ജേര്‍ണലിസം ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഉന്നത ബിരുദം നേടി.

കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1957-1961 കാലയളവില്‍ ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. അദ്ദേഹം തുടക്കം കുറിച്ച ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡി.സി.എല്‍.) വളരെ പെട്ടെന്ന് കുട്ടികളുടെ വലിയ കൂട്ടായ്മയായി വളര്‍ന്നു. ഡി.സി.എലിന്റെ അമരക്കാരന്‍ (കൊച്ചേട്ടന്‍) എന്ന നിലയില്‍ അദ്ദേഹം ഏറെ ഖ്യാതി നേടി. 1961 മുതല്‍ 1965 വരെ കോഴിക്കോട് ദേവഗിരി കോളേജ് ആധ്യാപകനായിരുന്നു.

വഴിത്തിരിവ്

ആബേലച്ചന്റെ പ്രതിഭ തിരിച്ചറിഞ്ഞ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ സീറോ മലബാര്‍ സഭയുടെ ആരാധനാക്രമം സുറിയാനിയില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് നിയോഗിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലും സഭയുടെ ചരിത്രത്തിലും സാംസ്‌കാരിക ലോകത്തും പുതിയ വഴിത്തിരിവായി.

മലയാളികള്‍ക്ക് ദുര്‍ഗ്രാഹ്യമായിരുന്ന സുറിയാനി ആരാധനാക്രമവും ഗാനങ്ങളും അദ്ദേഹം ലളിത സുന്ദര മലയാളത്തിലേക്ക് മൊഴിമാറ്റി. അദ്ദേഹം രചിച്ച്, കെ.കെ. ആന്റണി മാസ്റ്റര്‍ ഈണം പകര്‍ന്ന നൂറുകണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍ തുടങ്ങി അക്കാലത്തെ പ്രധാനപ്പെട്ട എല്ലാ ഗായകരും ഈ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

ലളിതവും കാവ്യാത്മകവുമായ വരികളായിരുന്നു ആ ഗാനങ്ങളുടെ സവിശേഷത. പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തില്‍…, ഈശ്വരനെത്തേടി ഞാന്‍ അലഞ്ഞു.., നട്ടുച്ച നേരത്ത്..,തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം. സീറോ മലബാര്‍ സഭയുടെ തിരുക്കര്‍മങ്ങളില്‍ ഉപയോഗിക്കുന്ന ഗാനങ്ങളില്‍ അധികവും ആബേലച്ചന്റെ രചനകളാണ്.

കലാഭവന്‍

എറണാകുളം അതിമെത്രാസന മന്ദിരത്തോടനുബന്ധിച്ചുള്ള ചെറിയ മുറിയില്‍ ലളിതമായ രീതിയില്‍ തുടങ്ങിയ സ്ഥാപനമാണ് പില്‍ക്കാലത്ത് കലാഭവന്‍ എന്ന വന്‍ പ്രസ്ഥാനമായി മാറിയത്.

1974 ഓഗസ്റ്റ് 15-ന് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ എറണാകുളം നോര്‍ത്തില്‍ ടൗണ്‍ഹാളിനു സമീപം കലാഭവന്റെ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു. ആബേലച്ചനും ആന്റണി മാസ്റ്ററും ചേര്‍ന്നൊരുക്കിയ ഭക്തിഗാനങ്ങള്‍ അടങ്ങുന്ന കാസെറ്റുകള്‍ കലാഭവന്‍ പുറത്തിറക്കി. ഗാനമേളയിലേക്കും മിമിക്‌സ് പരേഡിലേക്കും ചുവടു മാറ്റിയതോടെ ആബേലച്ചന്റെയും കലാഭവന്റെയും ഖ്യാതിയേറി.

അക്കാലം വരെ വ്യക്തിഗത ഇനമായി അവതരിപ്പിച്ചിരുന്ന മിമിക്രി, കലാഭവന്റെ ഗാനമേളകള്‍ക്കിടയിലും പരീക്ഷിച്ചിരുന്നു. ഏതാനും കലാകാരന്‍മാരെ ഒന്നിച്ച് അണിനിരത്തി മിമിക്‌സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആബേലച്ചനാണ്.

ഇന്ന് ചലച്ചിത്ര നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍, സംവിധായകന്‍ സിദ്ദിഖ്, ജയറാം, വര്‍ക്കിയച്ചന്‍ പെട്ട തുടങ്ങിയവരായിരുന്നു ആദ്യകാല മിമിക്‌സ് പരേഡ് സംഘത്തിലുണ്ടായിരുന്നത്. പില്‍ക്കാലത്ത് ഇവരുടെ പാത പിന്തുടര്‍ന്ന് ഒട്ടേറെ കാലാകാരന്‍മാര്‍ കലാഭവനിലും അതുവഴി മലയാള സിനിമയിലുമെത്തി.

അന്‍സാര്‍ കലാഭവന്‍, കലാഭവന്‍ മണി, കലാഭവന്‍ റഹ്മാന്‍, കലാഭവന്‍ നവാസ്, കലാഭവന്‍ ഷാജോണ്‍, മനുരാജ് കലാഭവന്‍, തെസ്‌നി ഖാന്‍, സുജാത (ഗായിക) തുടങ്ങി കലാഭവനില്‍നിന്ന് ചലച്ചിത്ര രംഗത്ത് എത്തിയവര്‍ അനവധിയാണ്. കലാഭവനെ പിന്തുടര്‍ന്ന് എറണാകുളം നോര്‍ത്തില്‍ കൂടുതല്‍ മിമിക്‌സ് പരേഡ് സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ച മിമിക്‌സ് പരേഡ് തരംഗത്തിന്റെ തുടക്കമായിരുന്നു അത്.

ഉപകരണ സംഗീതവും നൃത്തവുമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പരിശീലനം ആരംഭിച്ചതോടെ വിദൂര ജില്ലകളില്‍നിന്നുവരെ കുട്ടികള്‍ കലാഭവനിലേക്ക് ഒഴുകി.

അധികം വൈകാതെ കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും കലാഭവന്റെ ഖ്യാതിയെത്തി. യൂറോപ്പില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ബുക്കിംഗുകള്‍ പ്രവഹിച്ചപ്പോള്‍ ആബേലച്ചനും കലാകാരന്‍മാര്‍ക്കും വിശ്രമമില്ലാതായി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആബേലച്ചന്റെ നേതൃത്വത്തിലുള്ള കാലാഭവന്‍ സംഘത്തെ മലയാളികള്‍ നിറമനസോടെ വരവേറ്റു.

ടാലന്റ് റസിഡന്‍ഷ്യല്‍ സ്‌കൂളും സ്റ്റുഡിയോയും

കലാഭവന്റെ അഭ്യുദയകാംക്ഷികളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയില്‍ വേറിട്ട പരീക്ഷണവുമായി കലാഭവന്‍ ടാലന്റ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിച്ചത്. കാക്കനാടിനടുത്ത് ഇടച്ചിറയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളിലേക്ക് വിവിധ രാജ്യങ്ങളില്‍നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെത്തി. പാഠ്യഭാഗങ്ങള്‍ക്കൊപ്പം കലാപരിശീലനത്തിനും പ്രാധാന്യം നല്‍കുന്നതായിരുന്നു ഈ സ്‌കൂളിന്റെ സിലബസ്.

ഇതിനു പുറമെ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റുഡിയോയും ചലച്ചിത്ര പരിശീലന കേന്ദ്രവും ആബേലച്ചന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായിരുന്നു.

അന്ത്യം

കലാഭവന്‍ സ്റ്റുഡിയോസ് യാഥാര്‍ത്ഥ്യമാകുന്നതിനു മുന്‍പ് 2001 ഒക്ടോബര്‍ 27-ന് ആബേലച്ചന്‍ അന്തരിച്ചു. തൊടുപുഴയിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിലായിരുന്നു അന്ത്യം. സന്ധിവാതത്തിന് ചികിത്സയിലിരിയ്‌ക്കേ പെട്ടെന്ന് ഹൃദയാഘാതം വന്നതായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം കുര്യനാട് സെന്റ് ആന്‍സ് ആശ്രമ ദേവാലയത്തില്‍ സംസ്‌കരിച്ചു.

ആബേലച്ചന്‍ രചിച്ച ഗാനങ്ങള്‍

കേരള കത്തോലിക്കാസഭയില്‍ ആരാധനാശുശ്രൂഷകളില്‍ ഉപയോഗിക്കുന്ന ഹൃദയസ്പര്‍ശിയും ഭക്തിരസം തുളുമ്പുന്നവയുമായ ഒട്ടേറെ ഗാനങ്ങളുടെ കര്‍ത്താവാണ് ആബേലച്ചന്‍. ആബേലച്ചന്‍ രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ചിലത് താഴെപ്പറയുന്നവയാണ്

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തില്‍…

ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്‍മാര്‍…

നട്ടുച്ച നേരത്ത് കിണറിന്റെ തീരത്ത്
വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പൂ…

മഹേശ്വരാ നിന്‍ സുദിനം കാണാന്‍
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം

മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനും
അനുതാപക്കണ്ണുനീര്‍ വീഴ്ത്തി പാപ-
പരിഹാരം ചെയ്തുകൊള്‍ക നീ

മഞ്ഞും തണുപ്പും നിറഞ്ഞരാവില്‍
വെള്ളിലാവെങ്ങും പരന്ന രാവില്‍
ദൈവകുമാരന്‍ പിറന്നു ഭൂവില്‍…

പൊന്നൊളിയില്‍ കല്ലറ മിന്നുന്നു
മഹിമയൊടെ നാഥനുയിര്‍ക്കുന്നു…

ഞാനെന്‍ നാഥനെ വാഴ്ത്തുന്നു
മോദംപൂണ്ടു പുകഴ്ത്തുന്നു….

കാല്‍വരി മലയുടെ ബലിപീഠത്തില്‍
തിരികള്‍ കൊളുത്തുന്നു…

മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാലാഖമാരൊത്തു ജീവിച്ചാലും….

പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
പാവനസന്നിധിയണയുന്നു…

അഗാധത്തില്‍നിന്നു നിന്നെ വിളിക്കുന്നു ഞാന്‍
ദൈവമേ എന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ…

ഓശാന ഓശാന
ദാവീദിന്‍ സുതനോശാന
സെഹിയോന്‍പുത്രി മോദം പുണരുക

നിന്നുടെ നാഥനിതാ…

കരയുന്ന ദൈവത്തെ കണ്ടോ പാരി-
ലയയുന്ന ദൈവത്തെ കണ്ടോ…

ദീപമേ സ്വര്‍ലോക ദീപമേ
ജീവന്‍ പകര്‍ന്നിടുന്ന ദീപമേ…

പാവനാത്മാവേ നീ വന്നനേരം
ഞാനൊരു പുത്തന്‍ മനുഷ്യനായി.

ആദിയിലഖിലേശന്‍
നരനെ സൃഷ്ടിച്ചു
അവനൊരു സഖിയുണ്ടായ്
അവനൊരു തുണയുണ്ടായ്…….

പുതിയ കുടുംബത്തിന്‍
കതിരുകളുയരുന്നു
തിരുസ്സഭ വിജയത്തിന്‍
തൊടുകുറിയണിയുന്നു…

അവനീപതിയാമഖിലേശ്വരനെ
വാഴ്ത്തപ്പാടുവിനാദരവോടെ…

ശ്ലീഹന്‍മാരിലിറങ്ങിവസിച്ചൊരു
പരിശുദ്ധാത്മാവേ..

ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍
ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍

ഓശാന ഓശാന
ദാവീദിന്‍സുതനോശാന
കര്‍ത്താവിന്‍ പൂജിത നാമത്തില്‍
വന്നവനെ വാഴ്ത്തിപ്പാടിടുവീന്‍..

മാലാഖമാരുടെ അപ്പം
സ്വര്‍ഗീയ ജീവന്റെ അപ്പം
കാരുണ്യവാനായ ദൈവം
മാനവലോകത്തിനേകി…

താലത്തില്‍ വെള്ളമെടുത്തു
വെണ്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാതന്‍ ശിഷ്യന്‍മാരുടെ
പാദങ്ങള്‍ കഴുകി….

സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വ്വേശ നന്ദനന്‍ ഭൂവിന്‍ വന്നു….

കുരിശിനാലേ ലോകമൊന്നായ് വീണ്ടെടുത്തവനേ
താണുഞങ്ങള്‍ വണങ്ങുന്നു ദിവ്യപാദങ്ങള്‍…

മിശിഹാകര്‍ത്താവേ മാനവരക്ഷകനേ നരനുവിമോചനമേകിടുവാന്‍
നരനായ് വന്നു പിറന്നവനേ…

ദൈവസൂനോ ലോകനാഥാ
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ….

താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നോരാത്മജനേ
തൃക്കണ്‍ പാര്‍ക്കണമലിവോടെ..

ഞാനെന്‍ പിതാവിന്റെ പക്കല്‍
പോകുന്നിതാ യാത്ര ചൊല്‍വൂ….

ഗാഗുല്‍ത്താ മലയില്‍നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ…

ദൈവമേ എന്നില്‍ കനിയേണമേ
പാപങ്ങള്‍ പൊറുക്കേണമേ
ഘോരമാമെന്റെ അപരാധങ്ങള്‍…

കര്‍ത്താവാം മിശിഹാതന്‍ കാരുണ്യവും
താതനാം ദൈവത്തിന്‍ സംപ്രീതിയും
പരിശുദ്ധാത്മാവിന്‍ സഹവാസവും
നമ്മിലുണ്ടാകേണമെന്നുമെന്നും.

കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ
(കര്‍ത്താവിന്റെ ലുത്തീനിയ)

കര്‍ത്താവേ കനിയണമേ…
കന്യാമേരി വിമലാംബേ…
(മാതാവിന്റെ ലുത്തീനിയ)

കര്‍ത്താവേ കനിയണമേ…
ക്രൂശിതനായൊരു ദൈവത്തിന്‍…
(വിശുദ്ധരുടെ ലുത്തീനിയ)

മിശിഹാ കര്‍ത്താവേ
നരകുല പാലകനേ
ഞങ്ങളണച്ചിടുമീ…

അമലോത്ഭവയാം മാതാവേ നിന്‍
പാവന പാദം തേടുന്നു…

ലോകത്തിന്‍ വഴികലിളിലുഴലാതെ
പാപത്തിന്‍ പാതകള്‍ പുണരാതെ…

സ്വസ്തീ ദാവീദിന്‍ പുത്രീ മലാഖാ
മറിയത്തോടരുളീ….

സ്വര്‍ഗ്ഗത്തില്‍ വാഴും പിതാവാം ദൈവമേ
നിന്‍നാമം പൂജിതമായിടേണേ…

ശബ്ദമുയര്‍ത്ത പാടിടുവിന്‍
സര്‍വ്വരുമൊന്നായ് പാടിടുവിന്‍
എന്നെന്നും ജീവിക്കും
സര്‍വ്വേശ്വരനെ വാഴ്ത്തിടുവിന്‍…

എല്ലാമറിയുന്നു ദൈവം മനുജന്റെ
ഗൂഢവിചാരങ്ങള്‍…

ദൈവകുമാരന്‍ കാല്‍വരിക്കുന്നില്‍
ബലിയണച്ചു സ്വയം ബലിയണച്ചു..

ശബ്ദമുയര്‍ത്തി പാടിടുവിന്‍
സര്‍വ്വരുമൊന്നായ് പാടിടുവിന്‍
എന്നെന്നും ജീവിക്കും………..

വിശ്വസിക്കുന്നു ഞങ്ങള്‍(2)
ദൃശ്യാദൃശ്യങ്ങള്‍ സര്‍വ്വവും സൃഷ്ടിച്ച
താതനാം ദൈവത്തല്‍
വിശ്വസിക്കുന്നു ഞങ്ങള്‍

കര്‍ത്താവാം മിശിഹാതന്‍ കാരുണ്യവും
പാവനാത്മാവിന്‍ സംപ്രീതിയും…

മോദംകലര്‍ന്നു നിന്നെ-
യുള്‍ക്കൊണ്ട നിന്റെ ദാസരില്‍…

ആഴത്തില്‍നിന്നു ഞാന്‍ ആര്‍ദ്രമായി കേഴുന്നു
ദൈവമേ എന്നെ നീ കേള്‍ക്കേണമേ…

സര്‍വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു..

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org