ദൈവത്തിന് ഓരോരുത്തരെക്കുറിച്ചും ഓരോ പദ്ധതിയുണ്ട്

ദൈവത്തിന് ഓരോരുത്തരെക്കുറിച്ചും ഓരോ പദ്ധതിയുണ്ട്

ഭീകരവാദികളുടെ തടവില്‍ നിന്നു മോചിതനായി കേരളത്തിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ എസ് ഡി ബി, സത്യദീപത്തിന്‍റെ കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരെവീട്ടില്‍ എന്നിവരോടു സംസാരിക്കാന്‍ സമയം കണ്ടെത്തി. തിരക്കുകള്‍ക്കിടയില്‍ നല്‍കിയ ആ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? യെമനിലെ അനുഭവങ്ങളില്‍ നിന്ന് താങ്കള്‍ എന്തു പഠി ച്ചു? അതൊരു മുസ്ലീം രാജ്യമാണല്ലോ…
ഞങ്ങള്‍ സേവനം ചെയ്തുകൊണ്ടിരുന്നത് മറ്റു രാജ്യങ്ങളില്‍ നിന്ന് അവിടെ ജോലിക്കായി എത്തിയവര്‍ക്കിടയിലാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍. ഇന്ത്യയിലും കേരളത്തിലും മറ്റു രാജ്യങ്ങളിലും നിന്നു വന്നിരിക്കുന്ന വിശ്വാസികള്‍ അവിടെയുണ്ട്. അവര്‍ വി.കുര്‍ബ്ബാനയ്ക്കായി വരുന്നു. അവരുടെ അത്മീയാവശ്യങ്ങള്‍ നിറവേറ്റുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സുവിശേഷപ്രഘോഷണമോ മതംമാറ്റമോ ഒന്നും ഞങ്ങളുടെ പ്രവര്‍ത്തനമായിരുന്നില്ല.

? യെമനീസ് ജനത എങ്ങനെ യുള്ളവരാണ്?
അവര്‍ വലിയ സന്തോഷമുള്ള ഒരു ജനതയാണ്. നമ്മെ മനസ്സിലാക്കുന്നവരും കരുതലേകുന്നവരുമാണ്.

? യെമനില്‍ ഇപ്പോള്‍ ഒരു അ രാജകത്വമാണല്ലോ നിലവിലിരിക്കുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നു. ഇങ്ങനെയൊരു രാജ്യത്തേയ്ക്ക് കന്യാസ്ത്രീകള്‍ ക്ഷണിക്കപ്പെട്ടത് എന്തുകൊണ്ട്? കന്യാസ്ത്രീകള്‍ എന്തുകൊണ്ടു പോയി? 
കന്യാസ്ത്രീകള്‍ ക്ഷണിക്കപ്പെടുമ്പോള്‍ ഇത്തരം പ്രശ്നങ്ങളൊന്നും അവിടെയുണ്ടായിരുന്നതായി തോന്നുന്നില്ല. രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല. അത് എനിക്കു താത്പര്യമുള്ള വിഷയമല്ല.

? 557 ദിവസങ്ങള്‍ താങ്കള്‍ തടവിലായിരുന്നു. കണ്ണുകള്‍ കെട്ടിയിരുന്നു, സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല, ആകാശം പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു ആ അനുഭ വം? സ്വതന്ത്രനായപ്പോള്‍ അ തിനെ കുറിച്ച് എന്താണു കരുതുന്നത്?
അവര്‍ അനുവദിക്കുമ്പോള്‍ ആകാശമൊക്കെ കാണാന്‍ കഴിഞ്ഞിരുന്നു. എല്ലാ സമയവും കണ്ണു കെട്ടിയിരുന്നില്ല. ചലിക്കാനും മുറിക്കുള്ളില്‍ വ്യായാമം ചെയ്യാനും മതിയായ സ്വാതന്ത്ര്യം അവര്‍ നല്‍കിയിരുന്നു. അത്യാവശ്യം മരുന്നുകളും അവര്‍ നല്‍കി. ഇങ്ങനെയൊരു സമീപനം അവര്‍ പുലര്‍ത്തിയതിനു ദൈവത്തോടു നന്ദി പറയുകയാണു ഞാന്‍.

? ആ അനുഭവത്തില്‍ നിന്നു താങ്കള്‍ എന്തെങ്കിലും പഠിച്ചുവോ?
ദൈവം ആവശ്യപ്പെടുന്ന ദൗത്യങ്ങള്‍ നിറവേറ്റാന്‍ ദൈവത്തില്‍ ആശ്രയിച്ചു, അധികാരികളുടെ അനുമതിയോടെ മുന്നോട്ടു പോയാല്‍, ദൈവം നിങ്ങളുടെ കാര്യത്തില്‍ കരുതലെടുക്കും. സംഭവിക്കുന്ന കാര്യങ്ങളെല്ലാം ദൈവത്തിന്‍റെ അറിവോടെയായിരിക്കും.

? സഹനത്തിന്‍റെ ഒരനുഭവമായിരുന്നല്ലോ അത്. അകാരണമായ സഹനം. ഭീകരവാദത്തിന്‍റെയും മറ്റും പേരില്‍ ഇത്തരം സഹനമനുഭവിക്കുന്ന ധാരാളം പേര്‍ ലോകത്തിലുണ്ട്. ഈ സഹനങ്ങളെ കുറിച്ച് എന്തു പറയുന്നു?
സഹനത്തിനു വലിയ മൂല്യമുണ്ട്. ഞാന്‍ സഹിച്ചതിനേക്കാള്‍ കൂടുതല്‍ എന്‍റെ കുടുബാംഗങ്ങളും സലേഷ്യന്‍ സഭാംഗങ്ങളും നമ്മുടെ രാജ്യത്തെ ജനങ്ങളും സഹിച്ചു എന്നു പറയാം. എനിക്കു മിക്കവാറും നല്ല പെരുമാറ്റം കിട്ടി. പക്ഷേ കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും എന്‍റെ അസാന്നിദ്ധ്യം വലിയ സഹനമുണ്ടാക്കി. അവര്‍ എന്നെ കുറിച്ചു കേട്ട വാര്‍ത്തകള്‍ വലിയ വേദനയുളവാക്കുന്നതായിരുന്നു.

? എപ്പോഴെങ്കിലും നിരാശ താങ്കളെ കീഴ്പ്പെടുത്തിയോ?
ഞാനൊരിക്കലും നിരാശനായില്ല. കരഞ്ഞില്ല. മരിക്കാന്‍ ഭയപ്പെട്ടുമില്ല.

? കണ്‍മുമ്പില്‍ താങ്കള്‍ മരണം കണ്ടല്ലോ..
ഉവ്വ്. മറ്റു മനുഷ്യര്‍ കൊല്ലപ്പെടുന്നതു ഞാന്‍ കണ്ടു. അവര്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. കൊല്ലുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചു.

? ധാരാളം ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇതുപോലെ അപകടകരമായ മേഖലകളില്‍ സേവനത്തിനു പോകുന്നുണ്ടല്ലോ. ആര്‍ച്ചുബിഷപ് റൊമേരോ, സി.റാണി മരിയ, സി.വത്സ ജോണ്‍ എന്നിങ്ങനെ നിരവധി പേര്‍ അപകടകരമായ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു രക്തസാക്ഷികളായി. ഇങ്ങനെയുള്ള മേഖലകളിലേയ്ക്കു പോകുന്നവരോടു താങ്കള്‍ക്കു പറയാനുള്ളതെന്താ ണ്? അവര്‍ക്കുള്ള താങ്കളുടെ ഉപദേശം?
ദൈവത്തിന് ഓരോരുര്‍ത്തര്‍ക്കും വേണ്ടി ഓരോ ദൗത്യമുണ്ട്. നിങ്ങള്‍ ആത്മാര്‍ത്ഥമായി ആ ദൗത്യം ഏറ്റെടുക്കുകയാണെങ്കില്‍ ദൈവം നിങ്ങളുടെ കാര്യം നോക്കിക്കൊള്ളും. അവിടെ നിങ്ങള്‍ക്കു സഹനമുണ്ടാകുകയാണെങ്കില്‍ ദൈവം തന്നെ നിങ്ങള്‍ക്കു സമാശ്വാസവും നല്‍കും. ഞാന്‍ കന്യാസ്ത്രീകള്‍ക്കു സേവനം നല്‍കുകയായിരുന്നു. അവര്‍ സാമൂഹ്യസേവനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വയോധികര്‍ക്കും കുടുംബങ്ങള്‍ ഉപേക്ഷിച്ചവര്‍ക്കും തെരുവുകളില്‍ കഴിയുന്നവര്‍ക്കും വേണ്ടിയായിരുന്നു അവരുടെ സേവനം.

? യെമനില്‍ സിസ്റ്റര്‍മാര്‍ താങ്കളുടെ കണ്‍മുമ്പില്‍ തന്നെ കൊല്ലപ്പെട്ടല്ലോ. മുമ്പ്, മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചും അവിടെ സിസ്റ്റര്‍മാരെ കൊലപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റര്‍മാര്‍ അവിടെ എന്തു ചെയ്യുകയായിരുന്നു?
സിസ്റ്റര്‍മാര്‍ പാവപ്പെട്ട മനുഷ്യരെ ആത്മാര്‍ത്ഥമായി സേവിക്കുകയായിരുന്നു. മറ്റൊന്നുമില്ല.

? ഇത്തരം അപകടകരമായ മേഖലകളിലേയ്ക്ക് ഇനിയും സഭ ആളുകളെ അയയ്ക്കണം എന്നു കരുതുന്നുണ്ടോ?
ദൈവം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അയയ്ക്കണം എന്നു തന്നെയാണ് എന്‍റെ അഭിപ്രായം. ദൈവം കരുതലെടുത്തുകൊള്ളും.

? മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതില്ലേ?
സാധാരണ ഗതിയിലുള്ള മുന്‍കരുതലുകള്‍ നല്ലതാണ്.

? ഈ കാലഘട്ടങ്ങളിലെല്ലാം ഇസ്ലാം മതവുമായുള്ള താങ്ക ളുടെ അനുഭവങ്ങള്‍ എന്താണ്?
വളരെ നല്ല മുസ്ലീങ്ങള്‍ അവിടെയുണ്ട്. ഏതു സമൂഹത്തിലുമുള്ളതുപോലെ നല്ലതല്ലാത്ത ചില ആളുകളും അതില്‍ ഉണ്ടായെന്നു വരാം.

? നമ്മുടെ ലോകം മതമൗലികവാദം നേരിടുകയാണല്ലോ ഇപ്പോള്‍. ഇസ്ലാമിക മൗലികവാദവും ഹിന്ദു മൗലികവാദവും ഉണ്ട്. ഈ മൗലികവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും ഇരയായ ഒരാളാണ് താങ്കള്‍. മതമൗലികവാദവുമായി ബന്ധപ്പെട്ടു താങ്കള്‍ക്കു ലോകത്തിനു നല്‍കാനുള്ള സന്ദേശമെന്താണ്?
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരിലും നന്മയുണ്ട്. ആരിലെങ്കിലും വേണ്ടത്ര നന്മയില്ലെങ്കില്‍ പ്രാര്‍ത്ഥനയിലൂടെയും ത്യാഗത്തിലൂടെയും ആ വ്യക്തിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുക. ലോകമെങ്ങുമുള്ള വിവിധ സമൂഹങ്ങളിലെ പ്രാര്‍ത്ഥനയും പരിത്യാഗവും ആണ് എന്നെ പരിക്കുകളൊന്നും കൂടാതെ പുറംലോകത്തെത്തിച്ചത് എന്നു ഞാന്‍ കരുതുന്നു. ഇത് എല്ലാവര്‍ക്കുമുള്ള ഒരു സന്ദേശമാണ് എന്നു ഞാന്‍ കരുതുന്നു.

? മുസ്ലീമായ ഒമാന്‍ സുല്‍ത്താനാണ് വത്തിക്കാനു വേണ്ടി ഇതില്‍ ഇടപെട്ടു മോചനത്തിനായി ശ്രമിച്ചത്. അതേസമയം, ഇസ്ലാമിക തീവ്രവാദികളാണ് താങ്കളെ തട്ടിക്കൊണ്ടു പോയ തും വധിക്കാന്‍ ശ്രമിച്ചതും. ഈ വൈരുദ്ധ്യത്തിന്‍റെ അര്‍ത്ഥമെന്താണ്?
ധാരാളം നല്ല മുസ്ലീങ്ങള്‍ ഉണ്ട്. അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നു. നമ്മുടെ രാജ്യമുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനകള്‍ ചെവിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഒമാന്‍ സുല്‍ത്താനേറ്റ് സന്നദ്ധമായി. അവര്‍ക്കു നന്ദി പറയണം. അവരെ പോലുള്ള മനുഷ്യരെ നല്‍കിയതിനു ദൈവത്തിനും നന്ദി പറയണം.

? ഇപ്പോള്‍ താങ്കള്‍ സ്വതന്ത്രനായി. ലോകം മുഴുവന്‍ ഇപ്പോള്‍ താങ്കളെ പ്രതി സന്തോഷിക്കുന്നു, താങ്കളെ സ്വാഗതം ചെയ്യുന്നു. എന്താണിതു താങ്കളോടു പറയുന്നത്?
അവരെല്ലാം എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുവെന്നു ഞാന്‍ മനസ്സിലാക്കുന്നു.

? ഭാവിയില്‍ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?
എന്‍റെ പ്രൊവിന്‍ഷ്യല്‍ എന്നെ ഏല്‍പിക്കുന്ന എന്തു ജോലിയും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.

? വളരെ വേദനാജനകമായ അനുഭവങ്ങളിലൂടെ താങ്കള്‍ കടന്നു പോയല്ലോ. ഇതു താങ്കളോടു വ്യക്തിപരമായി എന്താ ണു പറയുന്നത്?
ദൈവത്തിന് ഓരോ സമയത്തും നമ്മെക്കൊണ്ട് ഓരോ ദൗത്യമുണ്ട്. ഈ സംഭവത്തിനു മുമ്പും സംഭവിക്കുന്ന ഘട്ടത്തി ലും അതിനു ശേഷവും ഓരോ രോ ദൗത്യവും എന്നെക്കൊണ്ടു ദൈവം നിറവേറ്റി എന്നു ഞാന്‍ കരുതുന്നു. ആദ്യത്തേത് അവിടത്തെ സിസ്റ്റര്‍മാരെ സഹായിക്കുക എന്നതായിരുന്നു. രണ്ടാമത്തേത് പ്രാര്‍ത്ഥനയായിരുന്നു. ആ മനുഷ്യരുടെ സ്ഥലത്തിരുന്ന് അവര്‍ക്കു വേണ്ടി തന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ ക്കുന്നു എന്നതിനു ഞാന്‍ സാ ക്ഷിയായിരിക്കുന്നു.

? താങ്കള്‍ തടവിലാക്കപ്പെട്ടപ്പോള്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മാരെ കുറിച്ച് താങ്കള്‍ ഇപ്പോള്‍ എന്തു കരുതുന്നു?
എനിക്കറിയാവുന്നിടത്തോളം അവര്‍ വളരെ വിശുദ്ധരായ വ്യക്തികളായിരുന്നു. അവരുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഞാനായിരുന്നല്ലോ. അവര്‍ സ്വര്‍ഗത്തിലെത്തിയെന്ന് എനിക്കു പൂര്‍ണമായ ബോദ്ധ്യമുണ്ട്.

ഫാ. ടോം മുക്തനാവുകയാണ് – 18 മാസം നീണ്ട ഏകാന്തവാസത്തിന്‍റെ, അനിശ്ചിതത്വത്തിന്‍റെ തടവറയില്‍നിന്ന്. ഇനിയും തന്‍റെ അധികാരികള്‍ തന്നെ ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ദൈവഹിതം പോലെ കരുതി സധൈര്യം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ജീവിക്കുന്ന ഈ രക്തസാക്ഷിക്ക് സത്യദീപം പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസകള്‍ നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org