”ദൈവത്തെ മാത്രം മതി”

”ദൈവത്തെ മാത്രം മതി”

* വൈദികരുടെ ആദ്ധ്യാത്മികതയിലൂന്നിയ ഒരു കൂട്ടായ്മയ്ക്കു മാത്രമേ സഭയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.
* വിശ്വാസത്തില്‍ അധിഷ്ഠിതമായ ജനാധിപത്യശൈലിയായിരിക്കും സഭയില്‍ കൂടുതല്‍ ഗുണകരം.
* ഹയരാര്‍ക്കിയും വിശ്വാസികളും തമ്മിലുള്ള പാരസ്പര്യം വളര്‍ത്താനാകുന്ന അല്മായര്‍ക്കു മാത്രമേ സഭയെ വളര്‍ത്താന്‍ സാധിക്കൂ.
* നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇത്രയാകണമെന്നു കല്‍പന പുറപ്പെടുവിക്കുന്നതിലല്ല സര്‍ക്കാര്‍ ഉത്തരവാദിത്വം കാണിക്കേണ്ടത്. മറിച്ച് മെഡിക്കല്‍ രംഗത്തെ എല്ലാ വിഷയങ്ങളെയും ബാധിക്കുന്ന സമഗ്രപദ്ധതിയും ഭാവനയും സര്‍ക്കാര്‍ ഉണ്ടാക്കണം.
* കൂടുതല്‍ ജനകീയമാക്കാനും ആളുകളെ ആകര്‍ഷിക്കാനും സ്വീകാര്യത ലഭിക്കാനും വികസിപ്പിച്ചെടുക്കുന്ന ഭക്തി മാര്‍ഗ്ഗങ്ങളെ പരിശോധിക്കാനും വിലയിരുത്താനുമുള്ള സംവിധാനം രൂപതകളില്‍ ഉണ്ടാകണം.
* എന്‍റെ വിപ്ലവം ക്രിസ്തുവിന്‍റെ സുവിശേഷത്തോടുള്ള ആത്മാര്‍ത്ഥതയില്‍ നിന്നുള്ളതാണെന്നാണ് എന്‍റെ വിചാരം. അതുകൊണ്ടുതന്നെ ആ തീക്ഷ്ണത മെത്രാനാകുമ്പോള്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമല്ല.

തലശ്ശേരി അതിരൂപതയുടെ പ്രഥമ സഹായമെത്രാനായി ഡോ. ജോസഫ് പാംപ്ലാനി നവംബര്‍ 8-ന് സ്ഥാനമേല്‍ക്കുകയാണ്.
സത്യദീപത്തിലെ 'കാലവും കണ്ണാടിയും' എന്ന പംക്തിയില്‍ എഴുത്തുകാരന്‍ കൂടിയായ ബിഷപ് ജോസഫ് പാംപ്ലാനിയുമായി
അതേ പംക്തി കൈകാര്യം ചെയ്യുന്ന ഡോ. ജിമ്മി പൂച്ചക്കാട്ട് സത്യദീപത്തിനു വേണ്ടി അഭിമുഖം നടത്തി.
സെമിനാരിയിലെ സഹപാഠികളും സഭയിലെ വേറിട്ട ശബ്ദത്തിനുടമകളുമായ ഇവരുടെ വീക്ഷണ നിരീക്ഷണങ്ങളിലൂടെ….

? മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം?
"ദൈവത്തെ മാത്രം മതി" എന്നതാണ് ആപ്തവാക്യം. ദൈവമുണ്ടെങ്കില്‍ അതില്‍ എല്ലാമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വി. തോമസ് അക്വിനാസിന് താന്‍ പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്തു കഴിഞ്ഞ് ഈ ചെയ്തതെല്ലാം അര്‍ത്ഥപൂര്‍ണമാണോ, വിഡ്ഡിത്തമാണോ എന്ന ആശങ്ക ഉണ്ടായി. ഈ ചിന്തയോടെ അദ്ദേഹം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ ക്രിസ്തുവിന്‍റെ ഒരു ദര്‍ശനം അക്വിനാസിനുണ്ടായി. ക്രിസ്തു അക്വിനാസിനോട് പറഞ്ഞു: നീ എന്നെക്കുറിച്ചു പറഞ്ഞതും എഴുതിയതും എനിക്ക് ഇഷ്ടമായി, പകരം നിനക്ക് എന്തുവേണം? അതിന് അക്വിനാസ് പറഞ്ഞ മറുപടിയായിട്ടാണ് സഭാ ചരിത്രത്തില്‍ ഈ വാക്യം അറിയപ്പെടുന്നത്. വൈദികനായ കാലത്തേ എന്നെ ആകര്‍ഷിച്ചിട്ടുള്ള ഒരു വാക്യമാണിത്.

? മലബാറിന്‍റെ പശ്ചാത്തലത്തില്‍ ഈ മെത്രാന്‍ സ്ഥാനത്തെ എങ്ങനെ കാണുന്നു?
മലബാറില്‍ ഇടയന്മാരെല്ലാവരും ദൈവജനവുമായി വളരെ താദാത്മ്യപ്പെട്ടു ജീവിക്കുന്നവരാണ്. പ്രത്യേകിച്ചു ഞങ്ങളുടെ ആദ്യത്തെ പിതാവ് സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി. അദ്ദേഹം കുടിയേറ്റക്കാരോടൊത്ത് കുടിയേറ്റത്തിന്‍റെ സകല കഷ്ടതകളും അനുഭവിച്ച് അവരില്‍ ഒരാളായി ജീവിച്ച വ്യക്തിയാണ്. അതിനു ശേഷം വന്ന വലിയമറ്റം പിതാവാണെങ്കിലും ലാളിത്യത്തിലും ജനകീയതയിലും വളരെ മുന്‍പന്തിയിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഏവര്‍ക്കും സമീപസ്ഥനായിരുന്നു. തുടര്‍ന്നുവന്ന ഞരളക്കാട്ട് പിതാവും കുടിയേറ്റത്തിന്‍റേതായ അരൂപി സ്വന്തം രക്തത്തില്‍ സൂക്ഷിക്കുന്നയാളാണ്. ആ പിതാക്കന്മാരുടെ പാതയിലൂടെ തന്നെയാണ് ഞാന്‍ എന്‍റെ ശുശ്രൂഷ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്. അവരെപ്പോലെ ജീവിക്കണമെന്നാണ് എന്‍റെയും ആഗ്രഹം.

? മെത്രാന്‍റെ ദൗത്യനിര്‍വഹണത്തില്‍ നഗരപ്രദേശങ്ങളിലുള്ള ശുശ്രൂഷയും ഗ്രാമദേശങ്ങളിലെ ശുശ്രൂഷയും തമ്മില്‍ വ്യത്യസ്തത ഉണ്ടാകണമെന്ന് തോന്നിയിട്ടുണ്ടോ?
നമ്മുടെ സാഹചര്യങ്ങളാണു പലപ്പോഴും വ്യത്യസ്തതയ്ക്കു നിമിത്തമാകുന്നത്. നാം അഞ്ചുമിനിട്ട് വൈകിയാല്‍ നഗരത്തിലുള്ളവരെ സംബന്ധിച്ച് അതു വലിയൊരു പ്രശ്നമാണ്. അതേസമയം പിതാവു വരാന്‍ അല്‍പം വൈകിയാല്‍ ഗ്രാമത്തിലുള്ളവര്‍ അതിന്‍റെ കാരണങ്ങള്‍ ഊഹിച്ച് അതിനോടു പൊരുത്തപ്പെടും. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള ധാരണ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്കു കൂടുതല്‍ ഉണ്ടെന്നാണ് തോന്നുന്നത്. അതുപോലെ ഔദ്യോഗികമായ ഒരു ശൈലി പട്ടണപ്രദേശങ്ങളിലെ ഇടയന്മാര്‍ക്കു പാലിക്കേണ്ടി വന്നേക്കാം. അതേസമയം ഗ്രാമങ്ങളിലുള്ള മനുഷ്യര്‍ക്ക് അത്തരത്തിലുള്ള ഫോര്‍മാലിറ്റികളോ ഔദ്യോഗികതയോ ഇല്ല. അവര്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ നമ്മെ കാണാന്‍ വന്നെന്നു വരും, ചോദ്യങ്ങള്‍ ഉന്നയിച്ചെന്നു വരും. പക്ഷെ അവരുടെ ആത്മാര്‍ത്ഥത നമുക്കൊരിക്കലും ചോദ്യം ചെയ്യാനാകില്ല.

? മെത്രാനാകുമ്പോള്‍ വളരെ പ്രത്യേകമായി എന്തെങ്കി ലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
തലശ്ശേരിയുടെ സാഹചര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി അറിയാത്തതുകൊണ്ട് അവിടത്തെ വൈദികരുടെ കൂട്ടായ്മയെയാണ് ഞാന്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ആ കൂട്ടായ്മയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ കൂടുതല്‍ ഫലവത്തായി പ്രവര്‍ത്തിക്കാനാകുമെന്നു കരുതുന്നു. മെത്രാന്‍ എന്നു പറയുന്നത് സഭയിലെ ഒരു സാധാരണ നാമം മാത്രമാണ്. സഭയില്‍ എല്ലാം നടക്കുന്നത് ഇടവകയിലെ അച്ചന്മാരിലൂടെയാണ്. അവര്‍ വേണ്ടത്ര അംഗീകരിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ ഒരു രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കാര്യക്ഷമമായി കൊണ്ടുപോകാനാകും. വൈദി കരുടെ ആധ്യാത്മികതയിലൂന്നിയ ഒരു കൂട്ടായ്മയ്ക്കു മാത്രമേ സഭയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. തീര്‍ച്ചയായും വൈദികര്‍ എന്ന നിലയില്‍ പല വ്യത്യാസങ്ങളും അവരുടെ ഇടയില്‍ ഉണ്ടാകും. പല മേഖലകളിലും അഭിപ്രായ അന്തരങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അതിനെല്ലാം ഉപരിയായി സഭ എന്ന വികാരവും വിചാരവും വൈദികരില്‍ ഉണര്‍ത്തുക എന്ന ചിന്തയുണ്ട്.

അതുപോലെ തന്നെ സഭയില്‍ ഒരു ജനാധിപത്യപരമായ സമീപനം ഉണ്ടാകണം. നമ്മുടെ സഭയുടെ പാരമ്പര്യം എന്നത് അല്മായരെ കൂടുതലായി ഉള്‍ക്കൊള്ളുകയും അവരുടെ അഭിപ്രായങ്ങള്‍ക്കു വില കല്‍പ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ആ പൈതൃകം നമുക്കു വേണ്ടത്ര വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. വൈദിക കേന്ദ്രീകൃതമായി നില്‍ക്കുന്ന സഭ എന്നൊരു പേരുദോഷം നമുക്കുണ്ട്. സാധിക്കുന്നത്ര അതു ജനകീയമായി, ജനാധിപത്യപരമായി മാറണം. മെത്രാന്‍ എന്ന രീതിയില്‍ വൈദികരുടെ അഭിപ്രായം കേള്‍ക്കുന്നതില്‍ ജനാധിപത്യമുണ്ട്. വികാരിയച്ചന്‍ ഇടവകക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും മാനിക്കുകയും ചെയ്യുന്നതിലും ജനാധിപത്യമുണ്ട്. ജനസ്വരത്തില്‍ ദൈവസ്വരമുണ്ട് എന്ന ആശയം വളരെ പ്രസക്തമാണ്. നമ്മെ തിരഞ്ഞെടുക്കുകയും അഭിഷേകം ചെയ്യുകയും ചെയ്ത അതേ പരിശുദ്ധാത്മാവു തന്നെയാണ് ഓരോ വിശ്വാസിയിലും മാമ്മോദീസയിലൂടെ പ്രവര്‍ത്തന നിരതമാകുന്നത്. അതു കൊണ്ട് ആ ജനത്തെ ശ്രവിക്കുമ്പോള്‍ പരിശുദ്ധാത്മാവിനെത്തന്നെയാണു ശ്രവിക്കുന്നത് എന്ന അവബോധം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഇടയശുശ്രൂഷയ്ക്ക് അതു ഗുണകരമാകും.

? നാം പലകാര്യങ്ങളിലും നമ്മുടെ പൈതൃകത്തിലേക്കു മടങ്ങാന്‍ ശ്രമിക്കുന്നുണ്ട് എ ന്നാല്‍ പലകാര്യങ്ങളിലും നാം മനഃപൂര്‍വം ശ്രദ്ധവയ്ക്കുന്നില്ല. ഉദാഹരണത്തിന് ഒരു മെത്രാന്‍ ഉപയോഗിക്കുന്ന സ്ഥാനവസ്ത്രങ്ങള്‍, അല്മായര്‍ക്കു കൊടുക്കേണ്ട സ്ഥാനങ്ങള്‍… ഇത്തരത്തില്‍ നമ്മെ ബാധിക്കുന്ന കാര്യങ്ങ ളില്‍ പൈതൃകത്തിലേക്കു പോകേണ്ട എന്നു കരുതുന്നുണ്ടോ?
മെത്രാന്‍റെ സ്ഥാനവസ്ത്രങ്ങളിലും മറ്റും പൗരസ്ത്യ പാരമ്പര്യം കുറെയൊക്കെ വന്നിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷെ അ ല്മായ ശാക്തീകരണത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ ബോധപൂര്‍വം അകലം സൂക്ഷിക്കുന്നുണ്ട് എന്നതു സത്യമാണ്. നമ്മൊടൊപ്പം നിന്ന് പിന്നീട് അകത്തോലിക്കാ വിഭാഗങ്ങളായി മാറിയവരുടെ ഇടയില്‍ അല്മായ നേതൃത്വം ഉയര്‍ത്തുന്ന ചില പ്രതിന്ധികളുണ്ട്. അല്മായ നേതൃത്വം എന്നു പറയുമ്പോള്‍ അല്മായര്‍ സര്‍വസ്വവും എന്ന കാഴ്ചപ്പാടു ശരിയല്ല. അല്മായരും വൈദികരും മെത്രാന്മാരും ഒന്നിച്ചു ചേരുന്ന ദൈവജനം എന്ന കാഴ്ചപ്പാടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഊന്നിപ്പറയുന്നത്. തലയെണ്ണിയുള്ള ഭൂരിപക്ഷം നോക്കിയുള്ള ജനാധിപത്യം അക്ഷരംപ്രതി നടപ്പിലാക്കുന്നത് സഭയെ സംബന്ധിച്ചു ഗുണകരമാകില്ല. മറിച്ച് ഇതു സന്തുലനം ചെയ്യുന്ന ഒരു ജനാധിപത്യമാണു വേണ്ടത്. അവിടെ ക്രിസ്തുവിന്‍റെ സ്വരത്തിനാണു പ്രാധാന്യം. ശിഷ്യന്മാര്‍ 12 പേരുണ്ടെങ്കിലും ക്രിസ്തുവിന്‍റെ സ്വരത്തിനാണ് അവര്‍ പ്രാധാന്യം കൊടുത്തത്. ആ ക്രിസ്തുവിന്‍റെ പ്രതിനിധികള്‍ എന്ന രീതിയില്‍ ഇടവകയില്‍ വികാരിയച്ചന്‍ സംസാരിക്കുമ്പോള്‍ അതിനു പ്രാധാന്യമുണ്ട് എന്നത് വിശ്വാസത്തിന്‍റെ വിഷയമാണ്. വിശ്വാസത്തില്‍ അധിഷ്ഠിതമായ ജനാധിപത്യശൈലിയായിരിക്കും ഒരുപക്ഷെ സഭയില്‍ കൂടുതല്‍ ഗുണകരം. ജനാധിപത്യരീതിയിലുള്ള എല്ലാ തീരുമാനങ്ങളും അംഗീകരിക്കാന്‍ സാധിക്കണമെന്നുമില്ല. ഒരിടവകയില്‍ സിമിത്തേരി നിര്‍മ്മാണത്തിനു പണം കൊടുക്കാത്ത ആറു വീട്ടുകാരെ അവിടെ അടക്കില്ല എന്നു തീരുമാനിച്ചാല്‍ ആ തീരുമാനം അംഗീകരിക്കാന്‍ രൂപതയ്ക്കു കഴിയില്ല. കാരണം അത് വിശ്വാസത്തിനു വിരുദ്ധമായ കാര്യമാണ്. പൂര്‍ണമായും ജനാധിപത്യമാണ് എന്നു പറയുമ്പോഴും വിശ്വാസത്തിന്‍റെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിനു മാത്രമേ സഭയില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ സാധിക്കൂ.

? എന്നാല്‍ ഇതിനു വിരുദ്ധമായി മെത്രാന്മാരും അച്ചന്മാരും എല്ലാം കയ്യടക്കി വച്ചിരിക്കുകയാണെന്നും മറ്റുമുള്ള ചിന്ത ഇന്നു വ്യാപകമാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രകടപ്പിക്കപ്പെടുന്ന ഇത്തരം ആരോപണങ്ങളോട് എന്തു മറുപടിയാണു പറയാനുള്ളത്?
ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളെ നാം രണ്ടു രീതിയില്‍ മനസ്സിലാക്കണം. ഒന്ന്, അവര്‍ക്ക് ന്യായമായി പറയാനുള്ള വേദി സഭയില്‍ ഇല്ലാതെ പോകുമ്പോള്‍ സ്വന്തമായ വേദികള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നതിനെ ഗൗരവമായിത്തന്നെ കാണണം. ആവശ്യമായ സ്ഥലവും സ്ഥാനവും അവര്‍ക്ക് അഭിപ്രായ പ്രകടനത്തിന് ഉണ്ടോ എന്നുള്ളത് ഗൗരവമായി എടുക്കണം. അതേസമയം സഭയെക്കുറിച്ചുള്ള ചിലരുടെ വീക്ഷണങ്ങള്‍ തെറ്റാണ്. അതാണ് അപകടകരം. അച്ചനെയും മെത്രാനെയും ഒഴിവാക്കി നിറുത്തുന്നതാണ് അവരെ സംബന്ധിച്ചു സഭ. അത്തരത്തിലുള്ള തെറ്റായ സഭാവിജ്ഞാനീയം അവരെ സ്വാധീനിക്കുന്നു. ഹയരാര്‍ക്കി ഉള്‍പ്പെട്ട സഭയാണ് ക്രിസ്തു സ്ഥാപിച്ചത്. പത്രോസിനെ ശിഷ്യപ്രധാനിയാക്കിയും 12 അപ്പസ്തോലന്മാരെ ശ്ലീഹന്മാരാക്കിയും ക്രിസ്തു നടത്തിയ സഭാ സ്ഥാപനമുണ്ട്. വിശ്വാസികള്‍ എന്നു പറയുന്നതില്‍ അല്മായര്‍ മാത്രമല്ല, നേതൃത്വവുമുണ്ട്. എഡി അമ്പതുകളില്‍ പൗലോസ് ശ്ലീഹാ എഫേസൂസിലെ സഭയ്ക്ക് എഴുതിയ ലേഖനം സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ശെമ്മാശന്മാര്‍ക്കും വിശ്വാസികള്‍ക്കും എന്നു പറഞ്ഞാണു തുടങ്ങുന്നത്. അന്നേ സഭയില്‍ അത്തരത്തില്‍ ഒരു ഘടന ഉണ്ടായിരുന്നു എന്നാണ് അതില്‍ നിന്നു വ്യക്തമാകുന്നത്. ക്രിസ്തു, സഭ മാത്രമേ സ്ഥാപിച്ചുള്ളൂവെന്നും ഘടന കോണ്‍സ്റ്റന്‍റൈന്‍റെ രാജാധികാരത്തിലൂടെ രൂപപ്പെട്ടതാണെന്നുമുള്ള ചിന്താഗതി പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രമാണ്. ഹയരാര്‍ക്കിക്കല്‍ ഘടന സഭയില്‍ പിന്നീടുണ്ടായ ഒരു അസ്വസ്ഥതയാണന്നും അത് ഒഴിവാക്കിയാലേ സഭയാകൂ എന്നുമുള്ള ചിന്താഗതി അപകടകരമായ ഒരു സഭാവിജ്ഞാനീയമാണ്. അതു തിരുത്തപ്പെടേണ്ടതാണ്. സഭ എന്ത് എന്നത് വിശുദ്ധ ഗ്രന്ഥത്തില്‍ അധിഷ്ഠിതമായി സംസാരിക്കണം. ഹയരാര്‍ക്കിയും വിശ്വാസികളും തമ്മിലുള്ള പാരസ്പര്യം വളര്‍ത്താനാകുന്ന അല്മായര്‍ക്കു മാത്രമേ സഭയെ വളര്‍ത്താന്‍ സാധിക്കൂ. അല്ലാത്തവര്‍ പ്രഘോഷിക്കുന്ന സഭാവിജ്ഞാനീയം ലൂഥറിന്‍റെ സഭാവിജ്ഞാനീയമാണ്.

? ഇന്നു സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളിലും മ റ്റും സഭ എത്രമാത്രം ഇടപെടു ന്നുണ്ട്?
സഭയ്ക്ക് ഇടപെടാവുന്ന ഒത്തിരി മേഖലകള്‍ ഉണ്ട്. പാവങ്ങളുടെ പക്ഷത്താണ് സുവിശേഷത്തിന്‍റെ ഊന്നല്‍. ക്രിസ്തു ഒരിക്കലും വലിയ കൊട്ടാരങ്ങള്‍ തേടിപ്പോയ ആളല്ല. അവനെക്കുറിച്ചുള്ള ആരോപണം തന്നെ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നാണ്. കേരള സമൂഹം പാശ്ചാത്യ സമൂഹത്തിനൊപ്പംതന്നെ വളര്‍ന്ന ഒരു സമൂഹമാണ്. അതേസമയം കേരളത്തിലെ വലിയ ഒരു വി ഭാഗം ജനങ്ങള്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നു മാറ്റി നിറുത്തപ്പെട്ടിരിക്കുന്നു. അവര്‍ ദളിതരും ദരിദ്രരും രോഗികളുമൊക്കെയാകാം. അവരെ പരിചരിക്കാനുള്ള തിരിച്ചറിവ് സഭയ്ക്ക് ഇല്ല എന്നു ഞാന്‍ പറയില്ല, സഭ ഇന്ന് ആ രംഗത്തു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കുറേക്കൂടി സംഘടിത രൂപം നല്‍കാന്‍ സാധിക്കണം. സഭയുടെ ആസ്തിയും ആള്‍ബലവും കുറേക്കൂടി ആ മേഖലയിലേക്ക് കൊടുക്കാന്‍ കഴിഞ്ഞാല്‍ അതു വലിയ സുവിശേഷ സാക്ഷ്യമായിത്തീരും. പലപ്പോഴും നാം സ്ഥാപനവത്കരണത്തിനു വേണ്ടി നല്‍കുന്ന ഊര്‍ജ്ജവും അര്‍ത്ഥവും ഇത്തരം മേഖലകളിലേക്കു കൂടി ഗതിമാറ്റി വിടേണ്ടതുണ്ട്. സ്ഥാപനങ്ങള്‍ വേണ്ട എന്നല്ല. അതിലൂടെയും വലിയ സുവിശേഷവത്കരണം നമുക്കുസാധിക്കും. നാം അത് ചെയ്യുന്നുമുണ്ട്. പക്ഷെ കാലഘട്ട ത്തിലെ സുവിശേഷ വത്കരണത്തിന് യോജിച്ച വിധത്തില്‍ അത് നിര്‍വഹിക്കപ്പെടണം.

? നഴ്സിംഗ് സമരം പോലുള്ള കാര്യങ്ങളില്‍ നാം ഒത്തിരി അധിക്ഷേപിക്കപ്പെട്ടു…?
നഴ്സിംഗ് സമരമൊക്കെ കൃത്യമായ പൊളിറ്റിക്കല്‍ അജണ്ടയോടെ സെറ്റ് ചെയ്യുന്ന സമരങ്ങളാണ്. നിലവില്‍ ആശുപത്രികള്‍ നോക്കിയാല്‍ കൂടുതല്‍ ശമ്പളം കൊടുക്കുന്നത് കത്തോലിക്കാ ആശുപത്രികളാണ് എന്ന് അറിയാവുന്നവര്‍ തന്നെയാണ് ഈ സമരത്തിന്‍റെ മുന്‍നിരയില്‍ വന്ന് സഭയുടെ ആശുപത്രികളെ ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിച്ചത്. ഇവിടെ ആതുരശുശ്രൂഷ എന്നത് അവസാനിപ്പിക്കണമെന്നും പാശ്ചാത്യ നാടുകളിലെപോലെ കോര്‍പ്പറേറ്റു ബിസിനസ്സായി ചികിത്സാ രംഗം മാറ്റണമെന്നും ആഗ്രഹിക്കുന്ന കുറേ ഏജന്‍സികള്‍ കേരളത്തിലുണ്ട്. അവര്‍ക്കു തടസ്സമായി നില്‍ക്കുന്നത് കത്തോലിക്കാ ആശുപത്രികളാണ്. ആതുര ശുശ്രൂഷ എന്ന മൂല്യം കത്തോലിക്കാ ആശുപത്രികള്‍ ആര്‍ജ്ജിക്കുന്നതിനാല്‍ ഒരു പരിധിക്കപ്പുറത്തേക്കു ലാഭം കൊയ്യാന്‍ ഈ ഏജന്‍സികള്‍ക്കു കഴിയാതെ വരും. അതുകൊണ്ട് കത്തോലിക്കാ ആശുപത്രികളുടെ പ്രവര്‍ത്തനം ഏതെങ്കിലും തരത്തില്‍ മന്ദീഭവിപ്പിക്കുക എന്ന ലക്ഷ്യമുണ്ട്. ഇതില്‍ പങ്കെടുത്ത നഴ്സുമാര്‍ നിഷ്ക്കളങ്കരാണ്. അവരുടെ ആവശ്യങ്ങളും ന്യായമാണ്. പക്ഷെ അവരെ ഉപയോഗപ്പെടുത്തി ചില കോര്‍പ്പറേറ്റ് ഏജന്‍സികള്‍ നടത്തുന്ന സമരങ്ങളെ നാം ആ രീതിയില്‍ കാണണം.

നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്തതിന്‍റെ അടിസ്ഥാന പ്രശ്നം ഡോക്ടര്‍മാരുടെ ശമ്പളകൂടുതലാണ്. ആ ശുപത്രിയുടെ വരുമാനത്തിന്‍റെ 80 ശതമാനത്തിലധികവും ഡോക്ടര്‍മാര്‍ക്കു ശമ്പളമായി നല്‍കുന്നുണ്ട്. നമ്മുടെ നാട്ടിലെ ഒരു കത്തോലിക്കാ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കു കൊടുക്കുന്ന ശമ്പളം 30 ലക്ഷം രൂപയാണെന്ന കാര്യം എനിക്കറിയാം. അതില്‍ കൂടുതലും കൈപ്പറ്റുന്നവരുണ്ടാകാം. അന്യായമായി ഈ വരുമാ നം ഡോക്ടര്‍മാരുടെ കൈവശം എത്തിച്ചേരുകയും നഴ്സുമാര്‍ക്കു ന്യായമായതു വിതരണം ചെയ്യപ്പെടാതെ പോകുകയും ചെയ്യുന്നു. ഡോക്ടര്‍മാരുടെ ശമ്പളത്തെ നിയന്ത്രിക്കാന്‍ വേണ്ട നടപടികളാണ് വാസ്തവത്തില്‍ ഉണ്ടാകേണ്ടത്. അതു നിയന്ത്രിക്കുന്നതിനൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസത്തെ കുറേക്കൂടി ജനകീയമാക്കുകയും ഡോക്ടര്‍മാരുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിനുള്ള പരിഹാര മാര്‍ഗം. നഴ്സുമാരുടെ സമരത്തില്‍ അവര്‍ക്കു പൈസ കൊടുക്കുന്നില്ല എന്ന ഒറ്റവിഷയത്തില്‍ ഒതുക്കാതെ മെഡിക്കല്‍ രംഗത്തു നടക്കുന്ന മുഴുവന്‍ പ്രശ്നങ്ങളോടും ചേര്‍ത്തു വായിക്കണം. എന്നാല്‍ മാത്രമേ ഈ സമരങ്ങളുടെ യഥാസ്ഥിതി നമുക്കു മനസ്സിലാക്കാന്‍ സാധിക്കൂ. നഴ് സുമാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കാന്‍ നമുക്കിപ്പോള്‍ ചെയ്യാവുന്നത്, രോഗികളില്‍ നിന്നു കൂടുതല്‍ പൈസ ഈടാക്കുക എന്നതുമാത്രമാണ്. അപ്പോള്‍ ആതുര സേവനം എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നമുക്കു വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഇപ്രകാരമുള്ള പൊതുപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇത്രയാകണമെന്നു കല്പ്പന പുറപ്പെടുവിക്കുന്നതിലല്ല സര്‍ക്കാര്‍ ഉത്തരവാദിത്വം കാണിക്കേണ്ടത്. മറിച്ച് മെഡിക്കല്‍ രംഗത്തെ എല്ലാ വിഷയങ്ങളെയും ബാധിക്കുന്ന സമഗ്രപദ്ധതിയും ഭാവനയും സര്‍ക്കാര്‍ ഉണ്ടാക്കണം.

? പിതാവ് അറിയപ്പെടുന്ന ഒരു ദൈവശാസ്ത്രജ്ഞനാണ്. ഇന്നു കേരളത്തില്‍ വൈകാരികമായ ഭക്തിപ്രകടനങ്ങള്‍ക്കും ധ്യാനങ്ങള്‍ക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന പ്രവണതയാണു കാണുന്നത്. ദൈവശാസ്ത്രം അവിടെ പിന്നോക്കം പോകുന്ന സാഹചര്യമില്ലേ?
അത്തരത്തില്‍ ഒരു ചിന്താഗതി വളരുന്നുണ്ട് എന്നത് സത്യമാണ്. വിശ്വാസികളെ സംബന്ധിച്ച് ചില്ലുമേടയിലിരിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന ദൈവശാസ്ത്രത്തേക്കാളും അവരെ സംതൃപ്തമാക്കുന്നത് ഭക്തി തന്നെയാണ്. അതിനെ നാം വിലകുറച്ചു കാണേണ്ടതില്ല. എന്നാല്‍ ഈ ഭക്തിക്ക് ദൈവശാസ്ത്ര പിന്‍ബലമുള്ള ദിശാബോധം നല്‍കുക എന്നത് അജപാലകരുടെ ഉത്തരവാദിത്വമാണ്. ഇത് ജനങ്ങളുടെ വീഴ്ചയേക്കാള്‍ അജപാലകരുടെ ഇടയിലുള്ള ശ്രദ്ധക്കുറവാണ്. കൂദാശകളേക്കാള്‍ പല ഭക്താനുഷ്ഠാനങ്ങളും ഇവിടെ ശക്തിപ്പെട്ടുവരുന്നുണ്ട്. പ്രത്യക്ഷത്തില്‍ ക്രിസ്തീയമെന്നു തോന്നാത്ത പല ആചാരങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. സുവിശേഷത്തിന്‍റെ മൂല്യങ്ങളുമായി ഒത്തുപോകാത്ത പല ആചാരങ്ങളുമുണ്ട്. അവയെല്ലാം ഭക്തിയുടെ പേരില്‍ ന്യായീകരിക്കപ്പെടുമ്പോള്‍ അജപാലകര്‍ക്കാണ് അതിന്‍റെ ഉത്തരവാദിത്വം. സഭയുടെ പ്രബോധനങ്ങള്‍ക്കും ദൈവശാസ്ത്ര ചിന്തകള്‍ക്കും

ഉതകുന്ന രീതിയില്‍ മനുഷ്യന്‍റെ ഭക്തിക്കു ദിശാബോധം കൊടുക്കാന്‍ അജപാലകര്‍ക്കു കഴിയണം. അതിനുള്ള പരിശീലനം സെമിനാരികളില്‍ നിന്നു തുടങ്ങണം. ദൈവശാസ്ത്രം വിശ്വാസത്തിന്‍റെ നട്ടെല്ലാണ്. ദൈവശാസ്ത്രം അതില്‍ത്തന്നെ ഒരു അസ്ഥികൂടം കാണുന്നതുപോലെ ആകര്‍ഷണരഹിതമാണ്. അതിന്‍റെ മാംസം എന്നു പറയുന്നത് ഭക്തിയും വിശ്വാസവുമാണ്. ദൈവജനത്തിന്‍റെ ന്യായമായ ആവശ്യങ്ങളെ ദൈവശാസ്ത്രത്തിന്‍റെ കണ്ണുകളിലൂടെ അഭിസംബോധന ചെയ്യാന്‍ ദൈവശാസ്ത്രത്തിനു കഴിയുന്നില്ല. അതുപോലെ ഭക്തിമാര്‍ഗത്തിലായിരിക്കുന്നവര്‍ക്ക് ദൈവശാസ്ത്രം ആവശ്യമുണ്ടെന്ന തോന്നലുമില്ല. ആ വിഭജനത്തെ അതിജീവിക്കുകയാണ് പ്രധാനം.

? പിതാവ് വൈദികര്‍ക്കായി നിരവധി ധ്യാനങ്ങള്‍ നടത്തി യിട്ടുണ്ട്. അജപാലകരുടെ അറി വു കുറവാണ് ഇത്തരം പ്രശ്നങ്ങള്‍ ക്കു കാരണമെന്നു ചിന്തിച്ചിട്ടു ണ്ടോ?
അറിവു കുറവല്ല, അജപാലകരെ സംബന്ധിച്ച് കൂടുതല്‍ ജനകീയമായതിന്‍റെ പക്ഷത്തു നില്‍ക്കുക എന്ന പ്രലോഭനമുണ്ട്. ജനത്തിന്‍റെ ആവശ്യം ഇതാണ് എന്ന് അജപാലകന്‍ നിശ്ചയിക്കുകയാണ്. പലപ്പോഴും ഈ പറയുന്ന ഭക്തിരൂപങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പെടുത്തിയെടുക്കുന്നത് അജപാലകരാണ്. കൂടുതല്‍ ജനകീയമാക്കാനും ആളുകളെ ആകര്‍ഷിക്കാനും സ്വീകാര്യത ലഭിക്കാനും വികസിപ്പിച്ചെടുക്കുന്ന ഈ ഭക്തിമാര്‍ഗ്ഗങ്ങളെ പരിശോധിക്കാനും വിലയിരുത്താനുമുള്ള സംവിധാനം രൂപതകളില്‍ ഉണ്ടാകണം. ഒരു വൈദികന്‍റെ ഭാവനയില്‍ നിന്നു രൂപപ്പെടുന്ന ഭക്തിപ്രസ്ഥാനം സഭയില്‍ പെട്ടെന്ന് അവതരിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അതും ശരിയായ വിധത്തില്‍ പരിശോധിക്കപ്പെടണം.

? ഇത്തരത്തില്‍ പല കാര്യങ്ങളും ശരിയല്ല എന്നറിയാമെങ്കിലും അതു ശരിയല്ല തെറ്റാണ് എന്നു പറയാനുള്ള അധികാരികളുടെ ചങ്കൂറ്റമില്ലായ്മ ഇതിനു വളംവയ്ക്കുന്നതല്ലേ?
ഓരോ സംഭവത്തെയും വേര്‍തിരിച്ചേ ഇതു പറയാനാകൂ. സുവിശേഷത്തിനു വിരുദ്ധമായ കാര്യങ്ങള്‍ വ്യക്തമായാല്‍ അതു തീര്‍ച്ചയായും തിരുത്തണം എന്നു പറയാനുള്ള ധൈര്യം രൂപതാധ്യക്ഷന്‍ കാണിക്കണം. സുവിശേഷത്തോടുള്ള പ്രതിബദ്ധതയില്‍നിന്നു വന്നതാണ് ആ പ്രതികരണം എന്നു മനസ്സിലാക്കി അതു നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ഇടവകവികാരിയോ ധ്യാനകേന്ദ്രത്തിലെ വൈദികനോ ആരുമാകട്ടെ കാണിക്കണം. അതു മനസ്സിലാക്കി സ്വീകരിക്കാന്‍ അല്മായ നേതൃത്വവും തയ്യാറാകണം.

? ദൈവശാസ്ത്രം ചില്ലുമേടയിലിരിക്കുന്നു എന്നു പറയുമ്പോള്‍ അതും ഇക്കാര്യത്തില്‍ ഒരു പ്രശ്നമായി വരുന്നില്ലേ? കാരണം, കുറേപ്പേര്‍ ഇതു പഠിക്കുകയും ബൗദ്ധികമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അവര്‍ ഒരിക്കലും പ്രായോഗികമായി കടന്നു വരുന്നില്ല.
….എന്നു നാം പറയുന്നത് ഈ ജീവിതാവസ്ഥയില്‍ എന്താണു ദൈവശാസ്ത്രം എന്നു വിശദീകരിക്കലല്ലേ? അതിന്‍റെ കുറവല്ലേ ഈ പ്രശ്നത്തിനു കാരണം?
അജപാലനവും ദൈവശാസ്ത്രവും പരസ്പര പൂരകങ്ങളാണ്. ഒരു നല്ല അജപാലകനേ ഒരു നല്ല ദൈവശാസ്ത്രജ്ഞനാകാന്‍ കഴിയൂ എന്നത് സത്യമാണ്. യൂണിവേഴ്സല്‍ പ്രിന്‍സിപ്പലുകളില്‍ പര്‍ട്ടിക്കുലര്‍ പ്രിന്‍സിപ്പലുകളേ ഉള്ളൂ എന്നു പറയുന്നതു പോലെയാണ്. ഓരോ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ എന്തുകൊണ്ട് അവനങ്ങനെ ചിന്തിക്കുന്നു, ഈ ജനം ഈ രീതിയില്‍ ഈ പ്രശ്നത്തെ സമീപിക്കുന്നു എന്നറിയണമെങ്കില്‍ യൂണിവേഴ്സല്‍ പ്രിന്‍സിപ്പല്‍ വച്ച് താത്വികമായി വിലയിരുത്തിയാല്‍ പോരാ. ആ ജനത്തിനൊപ്പം നാം നടന്നു കഴിയുമ്പോഴാണ് അതിന്‍റെ അടിസ്ഥാനകാരണം മനസ്സിലാകുക. അത് പരിഹരിക്കപ്പെടുന്നതുവരെയും അവന്‍ വിമതനെപ്പോലെ ഇങ്ങനെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.

? അജപാലനതലത്തില്‍ നില്‍ക്കുന്നവര്‍ക്ക് അറിവിന്‍റെ തലത്തിലും അറിവിന്‍റെ തലത്തില്‍ നില്‍ക്കുന്നവര്‍ക്ക് അജപാലനത്തിന്‍റെ തലത്തിലും ശക്തമായ വിടവ് തോന്നുന്നുണ്ട്?
അതെ. ഉപരിപഠനത്തിനു പോകാത്ത വൈദികരെ സംബന്ധിച്ചിടത്തോളം അവരുടെ ദൈവശാസ്ത്ര പരിജ്ഞാനം സെമിനാരിയില്‍ നിന്നിറങ്ങിയ 24-ാം വയസ്സില്‍ അവസാനിച്ചു. പിന്നീട് ദൈവശാസ്ത്രപരമായ പരിശീലനമോ പരിചയങ്ങളോ പലര്‍ക്കും ലഭിക്കുന്നില്ല. കാനന്‍നിയമം വിഭാവനം ചെയ്യുന്നതു പോലെ വര്‍ഷത്തിലൊരുമാസം അച്ചന്മാര്‍ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കുക, ഏഴുവര്‍ഷം കഴിയുമ്പോള്‍ സബാട്ടിക്കല്‍ ഇയര്‍ എടുത്ത് അറിവിന്‍റെ തലത്തെ വര്‍ദ്ധമാനമാക്കാനുള്ള സംവിധാനം സൃഷ്ടിക്കുക തുടങ്ങിയ നടപടിക്രമങ്ങളൊന്നും പലപ്പോഴും പ്രായോഗികമാകുന്നില്ല. വൈദികര്‍ക്ക് ദൈവശാസ്ത്ര കാര്യങ്ങളും പുതിയ ചിന്താഗതികളും പരിചയപ്പെടുത്താനുള്ള ഓണ്‍ഗോയിംഗ് പരിശീലനങ്ങള്‍ ഉണ്ട്. പക്ഷെ അതൊന്നും കാര്യക്ഷമമായി പലയിടത്തും നടക്കുന്നില്ല. അതിനപ്പുറത്തേക്ക് ദീര്‍ഘവീക്ഷണത്തോടെ അത്തരം കാര്യങ്ങളില്‍ സഭാ നേതൃത്വം ശ്രദ്ധിക്കേണ്ടതാണ്.

? ദൈവശാസ്ത്രജ്ഞന്മാരെന്നു പറയപ്പെടുന്നവര്‍ ഇടയ്ക്ക് ഒരു പള്ളി വികാരിയാകുന്നതും ഇതിനൊരു പരിഹാരമല്ലേ?
തീര്‍ച്ചയായും. തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനപ്പുറത്തേക്ക് ദൈവശാസ്ത്രജ്ഞരുടെ വളര്‍ച്ച സാധ്യമാക്കണം. വിദേശത്ത് ദൈവശാസ്ത്രം പഠിച്ചു വന്നവരാണ് മിക്കവരും. അതൊരു പരിമിതിയാണ്. വിദേശപശ്ചാത്തലത്തില്‍ പഠിച്ചുവന്നവര്‍ക്ക് നാടിന്‍റെ സ്പന്ദനങ്ങളിലേക്ക് തുറവി കിട്ടുന്നില്ലായെങ്കില്‍ അതില്‍ ഒരു അപരിചിതത്വം നിലനില്‍ക്കും എന്നുള്ളത് തിരിച്ചറിയേണ്ടതാണ്.

? തലശ്ശേരി അതിരൂപതയുടെ പിആര്‍ഒ എന്ന രീതിയില്‍ പ്രതികരണവേദിയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അങ്ങ്. മെത്രാന്‍ ശുശ്രൂഷയിലും പ്രതികരണങ്ങള്‍ ഞങ്ങള്‍ക്കു പ്രതീക്ഷിക്കാമോ?
പ്രതികരണം എന്നു പറയുന്നത് നാം നേരിടുന്ന പ്രതിസന്ധികള്‍ക്കു സഭയുടെ ഭാഗത്തു നിന്നു പ്രതികരിക്കുക എന്നതാണ്. ഒരു മെത്രാനായി എന്നത് അതിനു പരിമിതി കല്‍പ്പിക്കുന്നില്ല. സഭയുടെ സംരക്ഷകനായി വര്‍ത്തിക്കുക എന്നത് മെത്രാന്‍റെ ഉത്തരവാദിത്വമാണ്. പീഡനമുണ്ടായാല്‍ ആദ്യം കൊല്ലപ്പെടുന്നത് മെത്രാനാണ് എന്നതിന്‍റെ പ്രതീകമായിട്ടാണ് ചുവന്ന അരക്കെട്ടു മെത്രാന്‍ ധരിക്കുന്നതെന്നാണ് സഭാ പാരമ്പര്യത്തില്‍ പറയുന്നത്. മെത്രാന്‍ ഒരു സുരക്ഷിത സ്ഥാനത്തു നില്‍ക്കേണ്ടയാളാണെന്നു ഞാന്‍ കരുതുന്നില്ല. മറിച്ച് സഭയെ സംരക്ഷിക്കാനുള്ള ഒന്നാമത്തെ ഉത്തരവാദിത്വം മെത്രാനാണ് ഏറ്റെടുക്കേണ്ടത്. അതിനാല്‍ ആവശ്യമുള്ളിടത്ത് പ്രതികരണങ്ങള്‍ നടത്തണമെന്നും എനിക്ക് അതു സാധിക്കും എന്നുമാണ് വിശ്വാസം.

? പാംപ്ലാനി അച്ചന്‍റെ പ്രസംഗങ്ങളും എഴുത്തുകളും വളരെയധികം ശ്രദ്ധയോടെ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന വളരെപ്പേരുണ്ട് മെത്രാനാകുമ്പോള്‍ അച്ചനിലുള്ള ഈ വിപ്ളവകാരി ഇല്ലാതാകുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. എന്തു പറയുന്നു ?
ഒന്നാമതായി ഞാനൊരു വിപ്ലവകാരിയല്ല, എന്‍റെ വിപ്ലവം ക്രിസ്തുവിന്‍റെ സുവിശേഷത്തോടുള്ള ആത്മാര്‍ത്ഥതയില്‍ നിന്നുള്ളതാണെന്നാണ് എന്‍റെ വിചാരം. അതുകൊണ്ടുതന്നെ ആ തീക്ഷ്ണത മെത്രാനാകുമ്പോള്‍ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമല്ല. ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയും അവന്‍റെ സുവിശേഷത്തോടു കാണിക്കേണ്ട ആത്മാര്‍ത്ഥതയും മറ്റാരേക്കാളും കൂടുതല്‍ പുലര്‍ത്തേണ്ടത് മെത്രാന്‍ തന്നെയാണ്. അതുകൊണ്ട് എഴുത്തുകളിലെയും പ്രസംഗങ്ങളിലെയും തീക്ഷ്ണത തുടരണമെന്നുതന്നെയാണ് ചിന്ത.

? സത്യദീപത്തിന്‍റെ ദര്‍ശന പാരമ്പര്യത്തെക്കുറിച്ചും ഭാവിയില്‍ ഈ പ്രസിദ്ധീകരണം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പറയാനുണ്ടോ?
സത്യദീപം വലിയ സംഭാവനയാണു സഭയ്ക്കു നല്‍കുന്നത്. ഞങ്ങളുടെ കുട്ടിക്കാലത്ത് കണ്ട ഏക ക്രിസ്തീയ പ്രസിദ്ധീകരണം സത്യദീപം ആയിരുന്നു. പ്രേഷിതാഭിമുഖ്യം വളര്‍ത്തുന്നതില്‍ സത്യദീപം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ലേഖനങ്ങള്‍ വായിച്ചിട്ട് ഒരു മിഷനറിയാകണം എന്നു ഞാനാഗ്രഹിച്ചിരുന്നു. ഇന്നും മിഷന്‍ ആഭിമുഖ്യവും പ്രേഷിതാഭിമുഖ്യവുമുള്ള വ്യക്തികളെ ലഭിക്കാവുന്നത് കേരളസഭയില്‍ നിന്നാണ്. അതുകൊണ്ട് സത്യദീപത്തിന്‍റെ വലിയ സ്വാധീനത്താല്‍ പുതുതലമുറയില്‍ പ്രേഷിതാഭിമുഖ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് സത്യദീപം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നന്മകളോടൊപ്പം സഭയ്ക്ക് ചെയ്യുന്ന വലിയ ഒരു അനുഗ്രഹമാകും എന്നു ഞാന്‍ കരുതുന്നു.

തയ്യാറാക്കിയത്: ഫ്രാങ്ക്ളിന്‍ എം. സീനിയര്‍ സബ് എഡിറ്റര്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: സിബി റോയല്‍ വെള്ളരിക്കുണ്ട്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org