ശുശ്രൂഷിക്കാനും മോചനദ്രവ്യമാകാനും

ശുശ്രൂഷിക്കാനും മോചനദ്രവ്യമാകാനും
Published on
വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനാകുന്ന ബിഷപ് ആന്റണി വാലുങ്കല്‍ സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാര്‍ട്ടിന്‍ എടയന്ത്രത്തുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്...
Q

മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്? എന്തുകൊണ്ടാണ് അതു തിരഞ്ഞെടുത്തത്?

A

വി. മത്തായി. 20:28. 'ഞാന്‍ വന്നിരിക്കുന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനും വേണ്ടിയാണ്.' ഇതാണ് എന്റെ ആപ്തവാക്യമായി എടുത്തിരിക്കുന്നത്. പൗരോഹിത്യത്തിന്റെ ആത്മീയത എന്റെ പഠന വിഷയമായിരുന്നു. ആലുവ സെമിനാരിയില്‍ അത് പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തു വെന്ന പുരോഹിതനെ ഞാന്‍ കണ്ടിരിക്കുന്നത് ഈ വാക്യത്തിലാണ്. എല്ലാ വൈദികരും വിളിക്കപ്പെട്ടിരി ക്കുന്നത് ശുശ്രൂഷിക്കാനാണ്. ഏവര്‍ക്കും മോചനദ്രവ്യമായി സ്വയം നല്‍കാനാണ്. ആ അര്‍ത്ഥത്തിലാണ് ആപ്തവാക്യം ഞാന്‍ തിരഞ്ഞെടുത്തത്. ദൈവജനത്തെ ശുശ്രൂഷിക്കുക, അവര്‍ക്കുവേണ്ടി ജീവിതം അര്‍പ്പിക്കുക.

''ആരെയെങ്കിലും മാനസാന്തരപ്പെടുത്തണമെങ്കില്‍ അക്രമം കൊണ്ട് സാധിക്കില്ല, സ്‌നേഹം കൊണ്ട് സാധിക്കും.''

Q

ഏതൊക്കെ ഇടവകകളിലാണ് സേവനം ചെയ്തിട്ടുള്ളത്?

A

കൊച്ചച്ചനായി രണ്ട് ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. കലൂര്‍ പൊറ്റക്കുഴി പള്ളിയിലും വാടയില്‍ പള്ളിയിലും. കൂടുതല്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചത് മൈനര്‍ സെമിനാരികളിലാണ്. അതിനുശേഷം കര്‍ത്തേടം ഇടവകയില്‍ നാലുവര്‍ഷം ജോലി ചെയ്തു. ആലുവ സെമിനാരിയില്‍ പഠിപ്പിക്കുമ്പോള്‍ ചൊവ്വര, പാറപ്പുറം എന്നീ പള്ളികളില്‍ ഞായറാഴ്ചകളില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ മൂന്നുവര്‍ഷമായി വല്ലാര്‍പാടം ബസിലിക്കയുടെ റെക്ടറായി ജോലി ചെയ്യുകയായിരുന്നു.

Q

മെത്രാന്‍ പദവിയിലേക്കുള്ള നിയോഗം പ്രതീക്ഷിച്ചിരുന്നോ?

A

ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല. ഞാന്‍ മാത്രമല്ല ആരും പ്രതീക്ഷിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നില്ല. സാധാരണഗതിയില്‍ അങ്ങനെയൊരു ചിന്ത ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ സാധ്യതയില്ലാത്തതാണ്. ഞാന്‍ മാത്രമല്ല എന്നെക്കുറിച്ച് മറ്റുള്ളവരും അങ്ങനെ ചിന്തിച്ചിരിക്കാന്‍ ഇടയില്ല. ഇപ്പോള്‍ സംഭവിച്ചത് ദൈവത്തിന്റെ ഒരു പദ്ധതിയായി കാണുന്നു.

Q

ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു പ്രതികരണം?

A

എടുക്കണോ വേണ്ടയോ എന്ന ചിന്ത എനിക്കുണ്ടായിരുന്നു. കാരണം എനിക്ക് വിദേശഭാഷകള്‍ അറിയില്ല, രൂപതയുടെ പൊതുപ്രവര്‍ത്തനങ്ങളിലൊന്നും ഇതുവരെ പങ്കാളിയായിട്ടില്ല. മൈനര്‍ സെമിനാരിയില്‍ ആയിരുന്നപ്പോഴും ഇടവകകളില്‍ ആയിരുന്നപ്പോഴും അവിടുത്തെ കാര്യങ്ങള്‍ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. അതിരൂപതയുടെ മുഖ്യധാരയിലൊന്നും ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് ഉള്ളില്‍ ഒരു ഭയം ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ കരുതിയത് ഇങ്ങനെയാണ്: കുറെ നാളുകളായി പറയുന്നുണ്ട് അതിരൂപതയ്ക്ക് ഒരു സഹായ മെത്രാന്‍ വേണമെന്ന്. ആരെങ്കിലും ഒരാള്‍ ഏറ്റെടുക്കാതെ അതെങ്ങനെ സംഭവിക്കും? അനുയോജ്യരായ ആളുകള്‍ ക്കായി അന്വേഷണം നടക്കുന്നു എന്ന് കുറെ നാളുകളായി പറഞ്ഞു കേള്‍ക്കുന്നു. അങ്ങനെ ഒരു നിയോഗം വരുമ്പോള്‍ ഏറ്റെടുക്കാതിരിക്കുന്നത് ദൈവത്തോട് മറുതലിക്കുന്നതാവില്ലേ എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. ആത്മീയ ഉപദേശകനായി ദീര്‍ഘകാലം ജോലി ചെയ്ത ആള്‍ എന്ന നിലയില്‍, ഞാന്‍ അങ്ങനെയാണ് ചിന്തിക്കേണ്ടത്. ദൈവഹിതം ഏറ്റെടുക്കുമ്പോള്‍ ദൈവം നമ്മുടെ കൂടെയുണ്ടാകും.

ഉദാഹരണത്തിന് വല്ലാര്‍പാടം റെക്ടറായി നിയമിച്ചപ്പോള്‍ ഏറ്റെടു ക്കാന്‍ എനിക്ക് ആദ്യം മടിയായിരുന്നു. പക്ഷേ പിതാവിന്റെ നിര്‍ബന്ധപ്രകാരം ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി, ഞാന്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും ദൈവം അവിടെ പ്രവര്‍ത്തിച്ചു. 1994 മുതല്‍ പള്ളിയോടു ചേര്‍ന്നുള്ള കുറച്ചു സ്ഥലം വാങ്ങാന്‍ ശ്രമം നടക്കുന്നുണ്ടാ യിരുന്നു. പക്ഷേ ഞാന്‍ വന്നശേഷം ദൈവസഹായം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ പറ്റി. മാതാവിന്റെ മധ്യസ്ഥ ശക്തി അനുഭവിച്ച മീനാക്ഷി അമ്മയുടെ വീട് വാങ്ങണം എന്ന് വര്‍ഷങ്ങളായി ആഗ്രഹിക്കുന്നതായി രുന്നു. അതും ദൈവം നടത്തി തന്നു. ദൈവഹിതത്തിന് കീഴ്‌പ്പെടുമ്പോള്‍ ദൈവം പ്രവര്‍ത്തിക്കുന്നതായി ധാരാള മനുഭവങ്ങള്‍ എന്റെ വ്യക്തിജീവിത ത്തില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാ ണ് ഈ ഉത്തരവാദിത്വവും ഏറ്റെടു ത്തത്. ദൈവം എനിക്കു വേണ്ടി പ്രവര്‍ത്തിക്കും എന്ന വിശ്വാസം.

വൈദികര്‍ക്ക് ധാരാളം കുറവുകള്‍ ഉണ്ട്. തങ്ങളുടെ ശുശ്രൂഷാ മേഖലയില്‍ ആ കുറവുകളോടെ തന്നെ വൈദികര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ആ കുറവുകള്‍ അല്ല നമ്മുടെ പ്രതിബദ്ധതയാണ് അവിടെ പ്രധാനം. പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ ജനം നോക്കുന്നത് നമ്മുടെ കുറവുകളിലേക്ക് ആയിരിക്കില്ല, മറിച്ച് അര്‍പ്പണത്തിലേക്ക് ആയിരിക്കും.

Q

പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളി എങ്ങനെയായിരുന്നു ?

A

എരൂരാണ് എന്റെ ഇടവക. ഞങ്ങളുടെ കുട്ടിക്കാലത്ത് ഞായറാഴ്ച മാത്രമാണ് അവിടെ കുര്‍ബാന ഉണ്ടായിരു ന്നത്. ആരംഭകാലത്ത് കാക്കനാടുനിന്ന് അച്ചനെ വഞ്ചിയില്‍ കസേരയില്‍ ഇരുത്തി കൊണ്ടു വരികയാണ് ചെയ്തിരുന്നത്. പിന്നീട് കാക്കനാട് നിന്നു തന്നെ സ്‌കൂട്ടറില്‍ വരാന്‍ തുടങ്ങി. എനിക്ക് ഓര്‍മ്മയുള്ളത് ഫാ. ഡേവിഡ് വടശ്ശേരി എന്ന അച്ചനെയാണ്. വൈദികരെ ദൈവിക വ്യക്തികള്‍ ആയിട്ടാണ് അന്നു മുതല്‍ ഞാന്‍ കണ്ടിരുന്നത്. വൈദികരോടുള്ള ആദരവ് അന്നു തന്നെ ഉണ്ടായിരുന്നു. സ്വാഭാവികമായും വൈദികനാകാനുള്ള ആഗ്രഹം ജനിക്കു മല്ലോ. അതായിരുന്നു ഒരു കാരണം. കുര്‍ബാന ചൊല്ലുന്നതും കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. അതും ഒരു കാരണം ആയിരിക്കണം.

Q

അച്ചനായി കഴിഞ്ഞതിനുശേഷം ഉള്ള സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒക്കെ എന്തായിരുന്നു ?

A

അധ്യാപന വൈദഗ്ധ്യം ഒന്നുമില്ലെങ്കിലും അധ്യാപനം എനിക്ക് ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലെ പിന്നാക്കക്കാരായ അക്രൈസ്തവ സ്ത്രീകള്‍ ക്രിസ്ത്യന്‍ പുരോഹിതരെ അധ്യാപകര്‍ എന്ന നിലയിലാണ് കൂടുതലും ബഹുമാനിച്ചിരുന്നത്. അതും എന്നെ സ്വാധീനിച്ചുണ്ടാകാം. പിന്നീട് മൈനര്‍ സെമിനാരിയിലും മേജര്‍ സെമിനാരിയിലും പഠിപ്പിക്കാന്‍ അവസരം കിട്ടുകയും ചെയ്തു. മെത്രാനാകുമ്പോള്‍ എന്റെ മനസ്സിലുള്ള ആശയങ്ങളില്‍ ഒന്ന് മതബോധന രംഗം ശക്തിപ്പെടുത്തുക എന്നതാണ്.

Q

പുരോഹിതന്‍ എന്ന നിലയിലുള്ള ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത അനുഭവം ?

A

വല്ലാര്‍പാടത്ത് വികാരിയായി ഇരിക്കുമ്പോള്‍ ധാരാളം ആളുകള്‍ കാണാന്‍ വരുമായിരുന്നു. മാതാവിന്റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ഒരിടമായി നമുക്ക് അവിടം അനുഭവപ്പെടു മായിരുന്നു. സെമിനാരിയില്‍ മരിയ വിജ്ഞാനീയം പഠിച്ചിട്ടുണ്ട്, കുട്ടി ക്കാലം മുതലേ കൊന്ത ചൊല്ലുന്ന ശീലം ഉണ്ട്. ഡീക്കന്‍ ആയിരുന്ന പ്പോഴാണ് എന്റെ അമ്മ മരിച്ചത്. മരണം കഴിഞ്ഞ സമയത്ത് കൊര്‍ണേലിയൂസ് പിതാവ് എനിക്ക് മാതാവിന്റെ ചെറിയൊരു കാശുരൂപം നല്‍കിയിട്ട് പറഞ്ഞു, 'ഭൂമിയിലെ നിന്റെ അമ്മ നഷ്ടപ്പെട്ടു പോയെങ്കിലും നിന്നോടു കൂടെ ആയിരിക്കാന്‍ സ്വര്‍ഗത്തിലെ അമ്മയെ തരുന്നു.' അതെന്നെ വളരെയധികം സ്പര്‍ശിച്ചു. കാശുരൂപം ചുംബിക്കാനായി നോക്കുമ്പോള്‍ എന്റെ അമ്മയുടെ രൂപമാണ് അതില്‍ എനിക്ക് കാണാന്‍ സാധിച്ചത്. അതിനുശേഷം ഞാന്‍ ഒരിക്കലും ജപമാല മുടക്കിയിട്ടില്ല. പക്ഷേ അതൊരു ശീലം പോലെ ആയിരുന്നു. അതൊരു അനുഭവമായി മാറുന്നത് വല്ലാര്‍പാടത്തു വച്ചാണ്. തന്റെ സജീവ മായ അനുഗ്രഹം പരിശുദ്ധ അമ്മ നല്‍കുന്നതായി വല്ലാര്‍പാടത്ത് എനിക്ക് എപ്പോഴും അനുഭവപ്പെടുമായിരുന്നു. ഞാന്‍ വല്ലാര്‍പാടത്തുനിന്ന് പോരുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കൈ ക്കുഞ്ഞുമായി ഒരു അമ്മ അവിടെ വന്നു. ആ കുഞ്ഞിനെ മൂന്നുമാസം ഗര്‍ഭം ധരിച്ചിരിക്കെ കുഞ്ഞിന് അനക്ക മില്ലെന്നും ഭ്രൂണഹത്യ നടത്താമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായിരുന്നു. അന്ന് കുഞ്ഞിന്റെ അമ്മയുടെ മാതാ പിതാക്കള്‍ വല്ലാര്‍പാടത്തമ്മയുടെ അരികില്‍ വന്നു പ്രാര്‍ത്ഥിച്ചു. തിരികെ ചെന്നപ്പോള്‍ ഭ്രൂണഹത്യയ്ക്ക് ഒരുക്കം നടത്തുകയായിരുന്ന ഡോക്ടര്‍ കുഞ്ഞിന് അനക്കം തിരിച്ചുവന്നിരിക്കുന്നതായി കണ്ടു. അതൊരത്ഭുതമാ ണ് എന്നാണ് ഡോക്ടറും പറഞ്ഞത്. അതുകൊണ്ടു തന്നെ അക്രൈസ്തവനായ ആ ഡോക്ടര്‍ ആ കുഞ്ഞിന്റെ മാമ്മോദീസയില്‍ പങ്കെടുക്കാനും വന്നു. ആ കുഞ്ഞുമായിട്ടാണ് അതിന്റെ അമ്മ എന്റെ അടുക്കല്‍ വന്നത്. ദൈവവും പരിശുദ്ധ മാതാവും സദാ നമ്മോടു കൂടെയുണ്ട് എന്ന ഒരനുഭവമാണ് എനിക്കവിടെ ഉണ്ടായത്. അതെന്നെ വളരെ സ്പര്‍ശിച്ചു.

Q

സ്പിരിച്വല്‍ തിയോളജിയിലാണല്ലോ അങ്ങയുടെ ഉപരിപഠനം. ആ പഠനകാല ത്തെയും പഠനവിഷയത്തെയും കുറിച്ച് എന്താണു പങ്കുവയ്ക്കാനുള്ളത്?

A

ബാംഗ്ലൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റി എന്ന സ്ഥലത്തായിരുന്നു പഠനം. ഒരു വീടു പോലെയായിരുന്നു അത്. എം എസ് എഫ് എസ് വൈദികരാണ് അത് നടത്തിയിരുന്നത്. പഠിക്കാനായി പോകുമ്പോള്‍ 40 വയസ്സ് ഉണ്ടായിരുന്നു എനിക്ക്. സെമിനാരിയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കെ പിതാവ് പറഞ്ഞു, ഇങ്ങനെ പഠിപ്പിച്ചു കൊണ്ടിരുന്നാല്‍ മാത്രം പോരാ, എന്തെങ്കിലും പഠിക്കുകയും വേണം. അങ്ങനെയാണ് എളുപ്പമുള്ള വിഷയം എന്ന നിലയില്‍ സ്പിരിച്വല്‍ തിയോളജി തിരഞ്ഞെടുത്തത്. പ്രായ മാകുന്തോറും മരണത്തിനുവേണ്ടി ഒരുങ്ങാമല്ലോ എന്നുപോലും ഞാന്‍ ചിന്തിച്ചിരുന്നു. ആ വിഷയം എനിക്കിഷ്ടവുമാണ്. സ്പിരിച്വാലിറ്റി യും തിയോളജിയും ഞാന്‍ സെമിനാരി യില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. പഠനശേഷം, മേജര്‍ സെമിനാരിയില്‍ വന്നു. അവിടെ സ്പിരിച്വല്‍ ഡയറക്ട റായി. ചെറിയ വിഷയങ്ങള്‍ എടുക്കാന്‍ തുടങ്ങി. മേജര്‍ സെമിനാരി റെക്ടറാ യിരുന്ന ജേക്കബ് പ്രസാദച്ചനാണ് എന്നോട് ഡോക്ടറേറ്റ് എടുക്കാന്‍ നിര്‍ദേശിച്ചത്. അങ്ങനെ വീണ്ടും ബാംഗ്ലൂരിലേക്ക് പോയി ഡോക്ടറല്‍ പഠനം ആരംഭിച്ചു. മിസ്റ്റിക്കല്‍ ഡൈ മെന്‍ഷന്‍ ഓഫ് പ്രീസ്റ്റ്‌ലി ഫോര്‍മേ ഷന്‍ എന്ന വിഷയമാണ് പഠിച്ചത്.

ലൗകികത കൂടിയ കുടുംബങ്ങളാണ് ഇന്നുള്ളത്. വൈദികന്‍ ആകുന്നതും സന്യസ്തരാകുന്നതും നല്ലതാണ് എന്ന് കുടുംബ ങ്ങളില്‍ കേള്‍ക്കുന്നില്ല. ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം ജര്‍മ്മനിയില്‍ പോണോ ഇറ്റലിയില്‍ പോണോ തുടങ്ങിയ ചോദ്യങ്ങളാണ്. അതിനു മാറ്റം വരണം.

Q

ഏറെക്കാലം അങ്ങു വൈദിക പരിശീലനരംഗത്ത് പ്രവര്‍ത്തി ച്ചിട്ടുണ്ടല്ലോ. ഇന്നത്തെ വൈദിക പരിശീലനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നുണ്ടോ? വൈദികപരിശീലനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും?

A

വിശ്വാസി ഒരു മിഷനറി ഡിസൈപ്പിള്‍ ആണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്. ഈ മിഷനറി ശിഷ്യത്വത്തില്‍ വളരെയേറെ മുന്നോട്ടു പോകേണ്ടതുള്ള വ്യക്തികളാണ് വൈദികരും വൈദിക പരിശീലകരും. വൈദിക വിദ്യാര്‍ത്ഥികളെ ഈ മിഷണറി ഡിസൈപ്പിള്‍ എന്ന നിലയില്‍ വേണം പരിശീലകര്‍ കാണാന്‍. പരിശീലകര്‍ ശിഷ്യത്വ പാതയില്‍ കുറച്ചു മുന്നോട്ടു പോയവരും വിദ്യാര്‍ത്ഥികള്‍ ആ പാതയില്‍ പ്രയാണം ആരംഭിച്ചിരിക്കുന്നവരും ആണ്. ശിഷ്യത്വത്തില്‍ ഗുരുവുമായുള്ള ബന്ധം പ്രധാന ഘടകമാണ്. ഗുരുവുമായി ഒരു യോഗാത്മക ഐക്യം ശിഷ്യനു ണ്ടായിരിക്കും. മാര്‍പാപ്പയുടെ ചാക്രിക ലേഖനങ്ങളിലും അത് വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവുമായിട്ടുള്ള ഒരു ആന്തരികബന്ധം അവരുടെ ജീവിത ത്തില്‍ ഉണ്ടാകണം. ആവിലായിലെ അമ്മത്രേസ്യായെ പോലെയോ വിശുദ്ധ കൊച്ചുത്രേസ്യായെ പോലെ യോ ഉള്ള ദൈവബന്ധം വൈദിക വിദ്യാര്‍ത്ഥികളില്‍ പ്രതീക്ഷിക്കാനാ വില്ല. അവരുടെ പ്രായത്തിനു ചേര്‍ന്ന തരത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ നാം ശ്രമിക്കണം. ആ ബന്ധത്തില്‍ മുന്നേറുവാന്‍ അവര്‍ക്ക് സാധിച്ചാല്‍ വൈദികരായതിനുശേഷം അവരുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനും ശുശ്രൂഷകള്‍ നിര്‍വഹിക്കാനും അവര്‍ക്ക് സാധിക്കും.

Q

ഇതിനോടു ബന്ധപ്പെട്ട് സെമിനാരി പരിശീലനത്തെ സംബന്ധിച്ച് എന്തു പ്രായോഗിക നിര്‍ദേശങ്ങളാണ് നല്‍കാനുള്ളത്?

A

പരിശീലനം വളരെ നല്ല രീതിയില്‍ തന്നെയാണ് ഇപ്പോള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കൂടിയാ ലോചനകള്‍ നടക്കുന്നുണ്ട്. സെമിനാരി കമ്മ്യൂണിറ്റി എന്നത് ഒരു രക്ഷിക്കപ്പെട്ട സമൂഹമാണ്. അതായത് ക്രിസ്തുവിന്റെ രക്ഷാകര ദൗത്യം ആഘോഷിക്കുന്ന ഒരു സമൂഹം. കുട്ടികളില്‍ പലതരം മുറിവുകള്‍ ഉണ്ടാകും. അവര്‍ വളരുന്ന സാഹചര്യം അതാണ്. സെമിനാരി സമൂഹത്തില്‍ നമ്മള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ കുട്ടികളുടെ മുറിവുകള്‍ കണ്ടെത്തി സുഖപ്പെടുത്താനാണ്. കുട്ടികള്‍ക്ക് അവരെക്കുറിച്ച് സ്വയം തുറന്നു പറയാനുള്ള സാഹചര്യം കൊടുക്കണം. അവരുടെ തുറവി ഒരിക്കലും അവരെ കുറ്റപ്പെടുത്തുവാനോ മുറിപ്പെടുത്തുവാനോ ശിക്ഷിക്കുവാനോ അല്ല. അവരുടെ മുറിവുകളെ ക്രിസ്തുവിന്റെ ലേപനം പുരട്ടി സുഖപ്പെടുത്തി ശിഷ്യത്വ പാതയിലേക്ക് ആനയിക്കുകയാണ് നമ്മുടെ ലക്ഷ്യം. ക്രിസ്തുവിലേക്ക് അവരെ അടുപ്പിച്ചുകൊണ്ട് വൈദിക ശുശ്രൂഷയ്ക്ക് അവരെ പ്രാപ്തരാക്കുന്നു. വൈദികര്‍ക്ക് ധാരാളം കുറവുകള്‍ ഉണ്ട്. തങ്ങളുടെ ശുശ്രൂഷാ മേഖലയില്‍ ആ കുറവുകളോടെ തന്നെ വൈദികര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ആ കുറവുകള്‍ അല്ല നമ്മുടെ പ്രതിബദ്ധതയാണ് അവിടെ പ്രധാനം. പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ ജനം നോക്കുന്നത് നമ്മുടെ കുറവുകളിലേക്ക് ആയിരിക്കില്ല, മറിച്ച് അര്‍പ്പണത്തിലേക്ക് ആയിരിക്കും. അങ്ങനെ സ്വയം സമര്‍പ്പിക്കുവാനുള്ള ഒരു മനോഭാവം കുട്ടികളില്‍ ചെറുപ്പം മുതലേ ഉണ്ടാകണം. അര്‍പ്പണ മനോഭാവം സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകണം, പരിശീലകരിലും ഉണ്ടാകണം. അപ്പോഴാണ് കുറവുകളെ അതിജീവിക്കാനുള്ള താല്പര്യം നമ്മില്‍ ജനിക്കുക. കുട്ടികളെ ചേര്‍ത്തുപിടിച്ച് അവരിലെ കുറവുകള്‍ കണ്ടെത്തി ക്രിസ്തുവിന്റെ ലേപനം പൂശി സുഖപ്പെടുത്തി രക്ഷണീയ പാതയിലേക്ക് അവരെ കൈപിടിച്ച് നടത്തണം.

Q

ദൈവവിളികള്‍ കുറയുന്നുവെന്ന വിലയിരുത്തലുണ്ടല്ലോ. ദൈവവിളി പ്രോത്സാഹനത്തിനായി നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും?

A

ദൈവവിളി പ്രോത്സാഹനത്തിനായി പ്രാഥമികമായി ചെയ്യേണ്ടത് പ്രാര്‍ത്ഥന യാണ്. നമ്മുടെ ആരുടെയും വ്യക്തിപരമായ ഒരു കാര്യമല്ല. ഒരു ഇടവകയില്‍ നിന്ന് ഒരു ദൈവവിളി ഉണ്ടാവുക എന്നാല്‍ ആ ഇടവക സമൂഹത്തിന് ദൈവം നല്‍കുന്ന ഒരു സമ്മാനമാണത്. ഇടവകയുടെ ആദ്ധ്യാത്മികത നിശ്ചയി ക്കുന്നതിന് അവിടെ നിന്നുള്ള ദൈവവിളി കളുടെ എണ്ണം നാം മാനദണ്ഡമാക്കാറുണ്ട്. അപ്പോള്‍ സ്വന്തം ഇടവകയില്‍ നിന്ന് ദൈവവിളി ഉണ്ടാകാന്‍ ഇടവക സമൂഹം പ്രാര്‍ത്ഥിക്കണം. ആ പ്രാര്‍ത്ഥന ഫലിക്കും. അങ്ങനെ ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ട്. ഞാന്‍ രൂപതയുടെ ദൈവവിളി പ്രോത്സാഹകനായിരുന്ന സമയത്ത് തേവര ഇടവകയില്‍ ചെല്ലാനിട യായി. അവിടെ കുറെ കാലമായി ദൈവവിളികള്‍ ഉണ്ടായിരുന്നില്ല. അവിടുത്തെ വികാരിയച്ചന്‍ ദൈവവിളികള്‍ക്ക് വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന എല്ലാ കുര്‍ബാനയിലും ചൊല്ലാന്‍ തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് രണ്ടുപേര്‍ വൈദികരാകാന്‍ സെമിനാരിയില്‍ ചേര്‍ന്നു. പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.

രണ്ടാമതായി നമുക്ക് ചെയ്യാനുള്ളത് കുടുംബങ്ങളുടെ താല്പര്യം വര്‍ധിപ്പിക്കുകയാണ്. കുടുംബത്തില്‍ നിന്ന് ഒരു ദൈവവിളി ഉണ്ടാകുന്നത് ആ കുടുംബത്തിന് വലിയ അനുഗ്രഹമാണ്. സ്വന്തം കുടുംബത്തില്‍ നിന്ന് ഒരു സമര്‍പ്പിതയോ സമര്‍പ്പിതനോ ഉണ്ടാകുന്നത് വലിയ ഭാഗ്യമായി കണ്ടുകൊണ്ട് ഓരോ കുടുംബവും അതിനായി പശ്ചാത്തലം ഒരുക്കണം. കുടുംബങ്ങള്‍ക്ക് അങ്ങനെ ഒരു രൂപീകരണം ആവശ്യമാണ്.

Q

സിസ്റ്റേഴ്‌സിന്റെ എണ്ണം തീരെ കുറയുന്നുണ്ടല്ലോ അതിന്റെ കാരണം ശ്രദ്ധിച്ചിട്ടുണ്ടോ?

A

പഴയകാലത്ത് സിസ്റ്റേഴ്‌സിന് ലഭിച്ചിരുന്ന സാമൂഹിക ആദരവ് ഇന്നത്തേക്കാള്‍ കൂടുതല്‍ ആയിരുന്നു. ഇന്ന് ലൗകിക ചിന്തകള്‍ അതിന് മാറ്റം വരുത്തിയിട്ടുണ്ട്. ലൗകികനേട്ടമാണ് കുട്ടികള്‍ പ്രധാനമായി കണക്കാക്കുന്നത്. പഴയകാലത്തെ കത്തോലിക്ക അരൂപി കുടുംബങ്ങളില്‍ നിന്ന് അന്യമായിരിക്കുന്നു. ലൗകികത കൂടിയ കുടുംബങ്ങളാണ് ഇന്നുള്ളത്. വൈദികന്‍ ആകുന്നതും സന്യസ്തരാകുന്നതും നല്ലതാണ് എന്ന് കുടുംബങ്ങളില്‍ കേള്‍ക്കുന്നില്ല. ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം ജര്‍മ്മനിയില്‍ പോണോ ഇറ്റലിയില്‍ പോണോ തുടങ്ങിയ ചോദ്യങ്ങളാണ്. അതിനു മാറ്റം വരണം.

Q

വരാപ്പുഴ അതിരൂപതയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാണ്?

A

പല കാരണങ്ങള്‍ കൊണ്ടും കേരളത്തില്‍ രൂപതകളുടെ മാതാവ് എന്നാണല്ലോ വരാപ്പുഴ രൂപത അറിയപ്പെടുന്നത്. രൂപതയില്‍ വൈദിക രുടെ ഐക്യവും പിതാവിനോടുള്ള വിധേയത്വവും ഒക്കെ ഇപ്പോഴും അണമുറിയാതെ സൂക്ഷിക്കപ്പെടുന്നുണ്ട്. ഓരോ മീറ്റിംഗിലും അത് വളരെ സ്പഷ്ടമാണ്. നല്ല കൂട്ടായ്മയും വിശ്വാസ പാരമ്പര്യവും പരസ്പര ബഹുമാനവും മുതിര്‍ന്നവരോടുള്ള ആദരവും എല്ലാം ഞങ്ങളുടെ വൈദിക കൂട്ടായ്മയില്‍ ഉണ്ട്. അതൊക്കെ അതേപടി തുടര്‍ന്നാല്‍ മാത്രം മതി. വേറെ പ്രതിബന്ധങ്ങള്‍ ഒന്നുമില്ല.

എന്റെ പ്രധാന ദൗത്യം അഭിവന്ദ്യ പിതാവിനെ സഹായിക്കുക എന്നതാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രായാധിക്യത്തിലും ആരോഗ്യാവസ്ഥയിലും അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുക. മതബോധനം, സാമൂഹ്യ സേവനം, വിദ്യാഭ്യാസം തുടങ്ങിയ ശുശ്രൂഷകളെ ശക്തിപ്പെടുത്തുക എന്നുള്ളതാണ് എന്റെ ദൗത്യം. ഇവയില്‍ എന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായി കാണുന്നത് മതബോധനം തന്നെയാണ്. ആ രംഗത്ത് പുതിയ പദ്ധതികള്‍ എന്തെങ്കിലും ആവിഷ്‌കരിക്കുക എന്ന ഒരു സ്വപ്നമുണ്ട്.

Q

ഭാരതസഭ ഇന്നു പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിശേഷിച്ചും ഉത്തരേന്ത്യന്‍ സഭ. അതിനെ എങ്ങനെ കാണുന്നു?

A

കാര്യമായ ഒരു മിഷന്‍ അനുഭവം എനിക്കില്ല. എങ്കിലും പീഡിപ്പിക്കപ്പെടുന്ന ധാരാളം സമൂഹങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കുന്നു. അവരോടു മാനസികമായി ഐക്യപ്പെടുന്നു. അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും സാധിക്കുന്ന വിധത്തില്‍ അവരെ സഹായി ക്കാനുള്ള മനസ്സും നമുക്ക് ഉണ്ടാകണം. പ്രത്യേകിച്ചും കേരളത്തിലെ സഭ വളരെയേറെ വളര്‍ന്ന ഒരു സഭയാണ്. അവര്‍ക്ക് ഏതൊക്കെ തരത്തില്‍ പിന്തുണ കൊടുക്കാന്‍ കഴിയുമോ അതൊക്കെ നമ്മള്‍ ചെയ്യേണ്ടതാണ്.

Q

ഫാസിസവും വര്‍ഗീയതയും ഇന്ത്യയെ ഗ്രസിക്കുന്നതായി അനേകര്‍ പരാതിപ്പെടുന്നു. ക്രൈസ്തവസമൂഹത്തിന്റെ ഭാവി ഇന്ത്യയില്‍ എന്തായിരിക്കും? എപ്രകാരമാണ് നാം ഈ വെല്ലു വിളികളോടു പ്രതികരിക്കേണ്ടത്?

A

വര്‍ഗീയത നാം കാണുന്നു ണ്ട്. സഭ വളര്‍ന്നത് വിശുദ്ധരുടെ രക്തം വീണ മണ്ണിലാണ്. അതുകൊണ്ട് നാം ഭയപ്പെടേണ്ട തില്ല എന്നാണ് എന്റെ നിലപാട്. ഫ്രാന്‍സിസ് മാര്‍പാപ്പ മുസ്ലിം കുടിയേറ്റക്കാരെ ഇറ്റലിയിലേക്ക് കൊണ്ടുപോയപ്പോള്‍ പലരും അതിനെ വിമര്‍ശിച്ചിരുന്നു. പക്ഷേ പാപ്പ എന്തുകൊണ്ട് തന്റെ വിമാനത്തില്‍ അവരെ കൊണ്ടുപോയി എന്ന് ചോദി ച്ചാല്‍ ക്രിസ്തു പഠിപ്പിച്ച പാത അതാണ് എന്നതാണ് ഉത്തരം. ആരെയെങ്കിലും മാനസാന്തര പ്പെടുത്തണമെങ്കില്‍ അക്രമം കൊണ്ട് അത് സാധിക്കില്ല, സ്‌നേഹം കൊണ്ട് സാധിക്കും. യാതൊരു തന്ത്രങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. നമ്മുടെ ശുശ്രൂഷകള്‍ നാം ഭംഗിയായി ചെയ്യുക. അപ്പോള്‍ സഹനത്തി ലൂടെ ആണെങ്കിലും സഭ വളരും. ക്രൈസ്തവര്‍ക്കെതി രായ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയ ഒഡീഷയിലെ കാന്ധമാലില്‍ സഭ വളരുകയാ ണല്ലോ. സഹിച്ച സഭയാണത്. ആ സഹനങ്ങള്‍ പക്ഷേ ആ സഭയെ വിശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്തു. അതുകൊണ്ട് വര്‍ഗീയതയുടെ ഒരു പ്രതിഭാസം കാണുന്നുണ്ടെ ങ്കിലും അതില്‍ ഭയപ്പെടേണ്ട തില്ല. സഹിച്ചാല്‍ പോലും അതെല്ലാം സഭയുടെ വിശുദ്ധീ കരണത്തിനും വളര്‍ച്ചയ്ക്കും മാത്രമേ കാരണമാകുകയുള്ളൂ. എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

പലവിചാരം ഉണ്ടായേക്കും പ്രാര്‍ത്ഥനയ്ക്കിരിക്കുമ്പോള്‍. പക്ഷേ, ഈശോ മനസ്സിലാക്കുന്നു, നാം ഈശോയുടെ അടുത്തുണ്ടെന്ന്.

Q

കേരളത്തിലെ ക്രൈസ്തവരില്‍ വര്‍ഗീയ ചിന്ത വളരുന്നതായി തോന്നിയിട്ടുണ്ടോ?

A

രാഷ്ട്രീയത്തിന്റെ രീതികളാണത്. വോട്ടാണ് എപ്പോഴും രാഷ്ട്രീയക്കാരുടെ താല്‍പര്യം. അധികാരത്തില്‍ വരാനുള്ള ആഗ്രഹമാണ് എപ്പോഴും രാഷ്ട്രീയക്കാരുടെ മനസ്സിലു ള്ളത്. അതിനുള്ള വഴികള്‍ അവര്‍ നോക്കും. പക്ഷേ നമുക്ക് പ്രഘോഷിക്കാനുള്ളത് ക്രിസ്തു വിനെയാണ്. നാം ഈ ലോക ത്തിന് ക്രിസ്തുവിനെ കൊടുക്കാന്‍ വിളിക്കപ്പെട്ടവരാണ്. നമ്മുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുക, ബാക്കിയെല്ലാം ശരിയായിക്കൊള്ളും എന്നാണ് എനിക്ക് തോന്നുന്നത്. മറ്റുള്ള വരില്‍ വര്‍ഗീയത വളരുന്നു എന്ന് കരുതി നാം നമുക്കിടയില്‍ വര്‍ഗീയത വളര്‍ത്തരുത്.

Q

ഉത്തരേന്ത്യന്‍ ക്രൈസ്തവരോട് നമ്മള്‍ നീതി പുലര്‍ത്തിയിട്ടുണ്ടോ? കൊടുക്കേണ്ട പിന്തുണ അവര്‍ക്ക് നമ്മള്‍ കൊടുത്തിട്ടുണ്ടോ? അതിനെക്കുറിച്ച് പിതാവ് എന്ത് കരുതുന്നു?

A

നമ്മുടെ വൈദികര്‍ ഒരുമിച്ചു കൂടുമ്പോഴൊക്കെ നമ്മുടെ രൂപതയില്‍ വരേണ്ട സ്ഥാപന ങ്ങളെക്കുറിച്ചും പുരോഗതിയെ ക്കുറിച്ചുമാണ് ചര്‍ച്ചകള്‍ എല്ലാം. അതുകൊണ്ടു വേണ്ട രീതിയില്‍ നാം പുറത്തുള്ളവരെ പരിഗണിക്കുന്നുണ്ടോ എന്നത് സംശയ മാണ്. പുറത്തെ വിഷയങ്ങള്‍ നമ്മുടെ ചര്‍ച്ചകളിലേക്ക് വരുന്നില്ല. പുറത്തെ കാര്യങ്ങളിലേക്ക് കുറെക്കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

Q

പിതാവിന്റെ വ്യക്തിപര മായ പ്രാര്‍ത്ഥനാരീതി കള്‍ എന്തൊക്കെയാണ്? പതിവായ് എന്തിനു വേണ്ടിയാണു പിതാവു പ്രത്യേകം പ്രാര്‍ത്ഥിക്കുന്നത് ?

A

പ്രാര്‍ത്ഥന എന്നത് ദൈവവുമായുള്ള സംസാരമാണ്. പ്രാര്‍ത്ഥിക്കാനിരിക്കുമ്പോള്‍ പലതരം കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ വന്നേക്കാം. പക്ഷേ പ്രാര്‍ത്ഥനയില്‍ മുന്‍കൈയെടു ക്കുന്നത് ദൈവമാണെന്ന വിശ്വാസം നമുക്കുണ്ടാകണം. നമ്മില്‍ പ്രാര്‍ത്ഥനയ്ക്കുള്ള ആഗ്രഹം ജനിപ്പിക്കുന്നത് ദൈവമാണ്. പ്രാര്‍ത്ഥന ആഗ്ര ഹിക്കുന്നത് ദൈവമാണ്. അച്ഛാ എന്നോ അമ്മായെന്നോ ഒരു കുഞ്ഞു വിളിച്ചു കാണാന്‍ ആഗ്രഹിക്കുന്നത് കുഞ്ഞല്ല, മറിച്ച് അതിന്റെ അച്ഛനും അമ്മയും തന്നെയാണ്. അതു പോലെ നമ്മള്‍ പ്രാര്‍ത്ഥിക്കണം എന്ന് ആഗ്രഹിക്കുന്നതും ദൈവമാണ്. നമ്മള്‍ തന്റെ മക്കളായി അടുത്തു ചെല്ലണം എന്ന് ആഗ്രഹിക്കുന്നത് ദൈവ മാണ്. അമ്മയുടെ മടിയിലിരിക്കു ന്ന കുഞ്ഞ് ശ്രദ്ധ വ്യതിചലിച്ചു ചുറ്റുപാടും നോക്കിയാലും അമ്മയ്ക്കറിയാം കുഞ്ഞ് തന്റെ കൂടെയുണ്ട് എന്ന്. അതുപോലെ തന്നെയാണ് പ്രാര്‍ത്ഥനയും. പലവിചാരം ഉണ്ടായേക്കും പ്രാര്‍ത്ഥനയ്ക്കിരിക്കുമ്പോള്‍. പക്ഷേ, ഈശോ മനസ്സിലാക്കു ന്നു, നാം ഈശോയുടെ അടു ത്തുണ്ടെന്ന്. ഈ രീതിയിലാണ് ഞാന്‍ പ്രാര്‍ത്ഥനയെ കാണു ന്നത്. പ്രാര്‍ത്ഥനയ്ക്കായി ദിവ്യകാരുണ്യ സന്നിധിയില്‍ ചെന്നിരിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്. പലവിചാരങ്ങള്‍ വന്നേക്കാം. പക്ഷേ എപ്പോഴും ഈശോയുടെ അടുത്ത് ചെന്നിരിക്കുന്നുണ്ട്. അത് ഈശോ തിരിച്ചറിയും. വരാപ്പുഴ അതിരൂപതയെ ഒരുമിച്ച് ചേര്‍ത്തുപിടിക്കാനുള്ള കൃപ നല്‍കണേ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org