അന്നാ ബെന്‍: നമുക്കറിയാത്ത ആളല്ല

അന്നാ ബെന്‍: നമുക്കറിയാത്ത ആളല്ല

സുപ്രസിദ്ധ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകള്‍ എന്ന അവകാശം സിനിമയിലേക്കുള്ള എളുപ്പവഴിയായ് ഉപയോഗപ്പെടുത്താതെ, മലയാള സിനിമയുടെ നായികാപട്ടത്തിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുകള്‍ വച്ച് നടന്നു കയറിയ പെണ്‍കുട്ടി 'അന്നാ ബെന്‍.' നെപ്പോട്ടിസം എന്ന വാക്ക് ചര്‍ച്ചയും വിവാദവു മാകുന്ന ഈ കാലഘട്ടത്തില്‍ അന്നയുടെ വാക്കുകളില്‍ നിറയുന്നത് വിജയത്തിലേക്ക് കുറുക്കുവഴികളില്ല എന്ന യാഥാര്‍ത്ഥ്യമാണ്…

അന്നയുമായി

മരിയ റാന്‍സം

നടത്തിയ അഭിമുഖ സംഭാഷണം

അപ്പ പറയുന്ന കഥകള്‍ കേട്ടും, കഥയിലെ കഥാ പാത്രങ്ങള്‍ തിരശ്ശീലയില്‍ ജീവന്‍ വയ്ക്കുന്നത് കണ്ടും 'കഥ വീട്ടില്‍' വളര്‍ന്ന പെണ്‍കുട്ടി… അന്ന ബെന്‍.

ഈ കേള്‍വിയും കാഴ്ചയും, കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടു ക്കുന്ന സൂത്രം എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ സഹായിച്ചോ?

കുട്ടിക്കാലം മുതലേ കഥ കേള്‍ക്കുന്നത് ഒരു പാട് ഇഷ്ടമുള്ള കാര്യമാണ്. സിനിമകളുടെ തിരഞ്ഞെടുപ്പുകള്‍ക്കും, അഭിനയത്തിനും അത് ഏറെ സഹായകമായിട്ടുമുണ്ട്. പപ്പയുടെ കഥകള്‍ കേള്‍ക്കുമ്പോഴാണെങ്കിലും, മറ്റ് തിരക്കഥാകൃത്തുക്കള്‍ കഥ പറയുന്ന അവസരങ്ങളിലും, ഡയറക്ടര്‍ അഭിനയത്തിന്റെ സന്ദര്‍ഭങ്ങള്‍ വിവരിച്ചു തരുമ്പോഴുമെല്ലാം, ഞാന്‍ അത് കേള്‍ക്കുന്നത് പ്രേക്ഷകയായി മാത്രമാണ്. കാരണം അപ്പോഴാണ് കൃത്യമായ വിധി നിര്‍ണയത്തിനുള്ള സാധ്യത നമുക്ക് ലഭിക്കൂ. സിനിമ എന്ന കലാരൂപത്തിന്റെ പ്രത്യേകതയും ഇതാണ്. പ്രേക്ഷകനിലേക്ക് ഒരു കഥാപാത്ര മെത്തുമ്പോള്‍ അവര്‍ എപ്രകാരം ആയിരിക്കും അതിനെ സ്വീകരിക്കുക എന്ന് അറിഞ്ഞാല്‍ മാത്രമേ ഈ സിനിമ ചെയ്യണമോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ് സാധ്യമാകൂ. കൂടാതെ, കഥയുടെ പുതുമയും ഗുണദോഷങ്ങളും മനസ്സിലാക്കാനും സാധിക്കൂ. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ എനിക്ക് ആകുമോ എന്നറിയണമെങ്കിലും പ്രേക്ഷകമനസ്സ് ഉള്‍ക്കൊണ്ടുള്ള കഥ കേള്‍ക്കല്‍ ആവശ്യമാണ്. തിരക്കഥാകൃത്തും സംവിധായകനും ഓരോ കഥാപാത്രത്തിനും ഒരു ജീവന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആ കഥാപാത്രം നമ്മുടേതാവുമ്പോള്‍ കുറച്ചു മാറ്റങ്ങള്‍ സ്വാഭാവികമായും സംഭവിക്കും. ചിലപ്പോഴത് എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒരു പടി മുന്നിലാവും, മറ്റു ചിലപ്പോള്‍ തിരക്കഥാകൃത്ത് രൂപപ്പെടുത്തിയിരിക്കുന്നതില്‍ നിന്ന് ചെറിയ വ്യത്യാസങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് വരാം. നമ്മുടെതായ ഒരു കാഴ്ചപ്പാടും സംഭാവനയും കൂടി ചേരുമ്പോഴാണ് ഇത് സംഭവിക്കു ന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ആവശ്യമാണത്. അപ്പോള്‍ മാത്രമാണ് ഒരു കഥാപാത്രം പൂര്‍ണ്ണമായി ജീവന്‍ വയ്ക്കുന്നത് എന്നു പറയാം.

ആത്മവിശ്വാസമുള്ള കണ്ണുകളും ചിരിയുമാണ്, മലയാളികള്‍ക്കിടയില്‍ അന്നയെ ഏറെ പ്രിയങ്കരി ആക്കുന്നത്.

കാണുന്നവര്‍ക്ക് പോലും ധൈര്യം തോന്നുന്ന ഈ ആത്മ വിശ്വാസത്തിന്റെ, പിന്‍ബലം എന്താണ്?

സ്വയമങ്ങിനെ പ്രത്യേകത ഒന്നും തോന്നിയിട്ടില്ല. ഞാന്‍ ഇഷ്ടപ്പെടുന്ന കുറേ താരങ്ങള്‍ ഇതുപോലെ എന്നെയും പ്രചോദിപ്പിച്ചിട്ടുണ്ട്. എന്നെ കൊണ്ട് എന്തൊക്കെ ചെയ്യാനാകും, എന്താണ് എന്റെ കഴിവ് എന്നൊക്കെ തിരിച്ചറിയാന്‍ എനിക്ക് പറ്റുന്നുണ്ട്. എന്നാല്‍ അതിലുപരിയായി ഒരു സമ്മര്‍ദ്ദം എനിക്കനു ഭവപ്പെട്ടാല്‍ എന്റെ ചുറ്റുമുള്ളവരാണ് – പപ്പ, അമ്മ, അനിയത്തി, എന്റെ അടുത്ത ഫ്രണ്ട്‌സും കസിന്‍സും – എനിക്ക് ആത്മധൈര്യം തരാറുള്ളത്. പുറമേ നിന്നല്ല, നമുക്കുള്ളില്‍ നിന്നാണ് ആത്മധൈര്യം കൈവരിക്കേണ്ടത്. ആത്മാര്‍ത്ഥമായി എന്റെ നന്മ ആഗ്രഹിക്കുന്നവര്‍ എന്റെ ചുറ്റും ഉണ്ട്, എന്നതാണ് സത്യത്തില്‍ എന്റെ ആത്മവിശ്വാസം

പ്രലോഭനങ്ങളില്‍പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ മറയായി, സിനിമയെ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വീണ്ടും കേള്‍ക്കുന്നു. എല്ലാ തൊഴില്‍ മേഖലയിലുമുള്ള ചതിക്കുഴികള്‍ എന്നതിനപ്പുറം സിനിമയില്‍ ഇത്തരം സാധ്യതകള്‍ കൂടുതലുണ്ടോ?

മലയാള സിനിമയിലെ വലിയ താരനിരയോടും, സാങ്കേതിക പ്രവര്‍ത്തകരോടുമൊപ്പം ഒപ്പം പ്രവര്‍ത്തിച്ച അന്നക്ക്, തുടക്കക്കാരോട് പറയാനുള്ള അനുഭവ മെന്താണ്?

ശരിയാണ്, ഈ അടുത്ത് നടന്ന തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്, സിനിമാ മേഖലയെ മുഴുവനും ബാധിക്കുന്ന തരത്തിലാണ്. എന്നാല്‍ സിനിമയുമായി യാതൊരു ബന്ധവും ഈ തട്ടിപ്പ് സംഘ ത്തിനില്ല എന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
കുറച്ചു കൂടി ജാഗ്രത വേണ്ട കാലഘട്ടം തന്നെയാണിത്. എല്ലാ തൊഴില്‍ മേഖലയിലും എന്നതുപോലെ തന്നെ ഇവിടേയും പരിധികള്‍ ഉണ്ട്. ഒഡീഷനില്‍ പങ്കെടുത്ത് അഭിനയത്തി ലേക്ക് വന്ന ആളാണ് ഞാനും. എനിക്ക് പറയാനുള്ളത് ഇതാണ്, ഒഡീഷനില്‍ പങ്കെടുക്കും മുന്‍പ് ആ ഗ്രൂപ്പിനെക്കുറിച്ച് വ്യക്തമായി അന്വേഷിക്കണം. സിനിമയെക്കുറിച്ച് സംഘാടകര്‍ പറയുന്ന ആളുകളെല്ലാം ഈ പ്രോജക്ടുമായി സഹകരിക്കുന്നുണ്ടോ എന്നും, നിര്‍മ്മാണ കമ്പനിയുടെ മുന്‍കാല സിനിമകളെകുറിച്ചു മെല്ലാം തീര്‍ച്ചയായും അന്വേഷിക്കണം. കുറേ പ്രശ്‌നങ്ങള്‍ ചുറ്റിലുമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് മറക്കരുത്. ചില കാര്യങ്ങള്‍ കഷ്ടം തന്നെയാണ്. എത്ര എളുപ്പത്തിലാണ്, സിനിമ എന്ന സ്വപ്നവുമായി മാത്രം ജീവിക്കുന്ന കുട്ടികളെ ആളുകള്‍ വഞ്ചിക്കുന്നത്? അതൊന്നും ചെയ്യരുത്. ഒരാളുടെ സ്വപനത്തെ ദുരുപയോഗ പ്പെടുത്താന്‍ ആളുകള്‍ക്ക് എങ്ങനെ കഴിയുന്നു?

ഇതൊക്കെ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കുറേ കൂടെ ജാഗ്രത കാട്ടുക എന്നതേ വഴിയുള്ളൂ. ഫെഫ്ക ഉടനേ പുറത്തിറക്കുന്ന ഒരു വീഡിയോയിലെ വിഷയവും ഇതാണ്. അംഗീകാരമുള്ള സിനിമകളുടെ ഓഡീഷനില്‍ മാത്രമേ പങ്കെടുക്കാവൂ. ഒരു ഫോണ്‍ ചെയ്താല്‍ പോലും തിരിച്ചറിയാവുന്ന തട്ടിപ്പുകളാണ് പലതും. വഞ്ചിക്കപ്പെടാനുള്ള സാധ്യത ചുറ്റിലുമുണ്ട് എന്ന് തിരിച്ചറിഞ്ഞ് കുറേക്കൂടെ വിവേകമുള്ളവരാകണം. സ്വപ്ന ങ്ങള്‍ യാത്ഥാര്‍ത്ഥ്യമാക്കാനുള്ള സ്ഥിരോത്സാഹത്തോടൊപ്പം ജാഗ്രതയും അത്യാവശ്യമാണ്.

കോവിഡ് പിടിമുറുക്കിയ തോടെ, അടിപതറി നില്‍ക്കുകയാണ് സിനിമ വ്യവസാ യം. ഇപ്പോഴും കൃത്യമായ ഒരു അതിജീവന മാര്‍ഗ്ഗം കണ്‍മുന്നിലില്ല.

പ്രതീക്ഷിക്കാതെ വന്ന ഈ ദുരിത ദിനങ്ങളില്‍ വലിയ പ്രതീക്ഷ തന്ന് മലയാള മനസ്സിലേക്ക് നടന്ന് കയറുകയാണ് കപ്പേളയിലെ ജെസ്സി. തിയേറ്ററുകളിലേത് പോലെ തന്നെയുള്ള പ്രേക്ഷക പ്രതികരണമാണോ OTT പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭിക്കുന്നത്?

കൊറോണ എന്ന പ്രശ്‌നം എല്ലാ മേഖലയെയും എന്നത് പോലെ, സിനിമയെയും ബാധിച്ചു കഴിഞ്ഞു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും മനുഷ്യര്‍ ആദ്യം ഒഴിവാക്കുന്നത് വിനോദ – കലാ മേഖലകള്‍ ആയിരിക്കുമല്ലോ? അതിന്റേതായ ബുദ്ധിമുട്ടുകള്‍ നന്നായിട്ടുണ്ട്. മറ്റെല്ലാ പ്രശ്‌നങ്ങ ളെയും അതിജീവിക്കുന്നത് പോലെ ഈ രംഗത്തും അതിജീവനത്തിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗവണ്‍മെന്റ് നടപ്പിലാക്കിയ എല്ലാ നിയമങ്ങളും പാലിച്ച് ചെറിയ ഷൂട്ടുകളൊക്കെ പുനരാരംഭിച്ചു തുടങ്ങി. ഈയൊരു കാലയളവ് നല്ലൊരു നാളെക്കായുള്ള ഒരുക്കത്തിന്റേതാവണം.

കപ്പേള റിലീസ്സ് ചെയ്ത് ഒന്നര ആഴ്ചക്കുള്ളില്‍, തീയേറ്ററുകളെല്ലാം അടച്ചു. ആദ്യം ഭയങ്കര വിഷമമായി. പക്ഷെ നമ്മുടെ മുന്നില്‍ മറ്റ് വഴികളൊന്നും ഇല്ലല്ലോ? രണ്ടാമത് OTT പ്ലാറ്റ്‌ഫോമില്‍ റിലീസ് എന്നത് തീയേറ്ററില്‍ First day @ First Show  അനുഭവമായിരുന്നു എനിക്ക്. ഒരു പാട് ഫോണുകളും, മെസേ ജുകളും, നല്ല പ്രതികരണങ്ങളും, കുറേ കുറേലേഖനങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഇത്രയും നല്ല പ്രതികരണങ്ങള്‍ കിട്ടിയതിനാല്‍ ഞങ്ങളുടെ ഡയറക്ടറും വലിയ സന്തോഷത്തിലാണ്.

അന്ന ബെന്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു?

സ്വയം വിലയിരുത്തിയാല്‍, ഞാനെന്ന വ്യക്തി ഇപ്പോഴും ഓരോരോ കാര്യങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. എന്റെ വ്യക്തി ജീവിതത്തിലായാലും, എന്റെ തൊഴില്‍ മേഖലയിലായാലും ഓരോ കാഴ്ചപ്പാടുകള്‍ ഞാന്‍ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഓരോ പ്രോജക്ടില്‍ നിന്നും കിട്ടുന്ന അനുഭവങ്ങള്‍, എന്നെ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കുന്നുണ്ട്. കണ്ടുമുട്ടുന്ന പുതിയ പുതിയ ആളുകളില്‍ നിന്നൊക്കെയും ഈ പഠനം നടക്കുന്നുണ്ട്. പുതിയ ആശയങ്ങള്‍ പുതിയ കാഴ്ചപ്പാടുകള്‍ …. പഠനത്തിന്റെ പാതയില്‍ തന്നെയാണ് ഞാന്‍.

കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത് മൂന്നേ മൂന്ന് സിനിമകള്‍. ശബ്ദത്തില്‍ നിറഞ്ഞതും അതേ കരുത്തും വിവേകവും തന്നെയായിരുന്നു. ചുറ്റുമുള്ള അപകടങ്ങളെ, തിരിച്ചറിയുന്ന വിവേകത്തിന്റെ ചിറകുമായ് പരിധിയില്ലാത്ത സ്വപ്നങ്ങളിലേക്ക് അന്ന പറന്നുയരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org