ബിബ്ലിക്കല്‍ തിയോളജിയിലാണ് ബിഷപ് ജെയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ ഡോക്ടറേറ്റ്. യഹൂദ സംസ്‌കാരത്തെക്കുറിച്ച് പോസ്റ്റ് ഡോക്ടറല്‍ പഠനവും നടത്തിയിട്ടുണ്ട്. മലയാളം ബൈബിളിന്റെ പഴയനിയമ പരിഭാഷയുടെ പരിഷ്‌കരണത്തിനുള്ള സമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ മൈനര്‍ സെമിനാരി റെക്ടര്‍, ആലുവ കാര്‍മ്മല്‍ഗിരി സെമിനാരി റെക്ടര്‍, സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്, ആലപ്പുഴ രൂപത വികാരി ജനറാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 2018-ല്‍ ആലപ്പുഴ രൂപത അധ്യക്ഷനായി അഭിഷിക്തനായി. സ്വാതന്ത്ര്യദിനത്തിന്റെയും പരി. മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിന്റെയും പശ്ചാത്തലത്തില്‍, അദ്ദേഹം സത്യദീപത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്...
ബിഷപ് ജെയിംസ് ആനാപറമ്പില്‍
മറിയം ദൈവത്തോട് 'ഇതാ കര്‍ത്താവിന്റെ ദാസി' എന്നു പറഞ്ഞു സമ്മതം മൂളിയത്, രക്ഷാകര രഹസ്യത്തിന്റെ ആഴത്തെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലാതെയല്ലേ? എങ്ങനെയാണ് അതു തികച്ചും സ്വതന്ത്രമായ ഒരു സമ്മതമായിരുന്നു എന്നു നമുക്ക് പറയാന്‍ സാധിക്കുക?
ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹിതരാകുമ്പോള്‍ നല്‍കുന്ന വാഗ്ദാനം എല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടല്ല. അവര്‍ ഭാവിയിലേക്ക് ഒരു വാതില്‍ തുറക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യം പൂര്‍ണ്ണമാക്കപ്പെടുന്നത് സമര്‍പ്പണത്തിലൂടെയാണ്. വിവാഹത്തില്‍ ഒരാളെ ഭാര്യയായോ ഭര്‍ത്താവായോ തിരഞ്ഞെടുക്കുമ്പോള്‍ ആ സ്വാതന്ത്ര്യത്തെ പൂര്‍ത്തീകരിക്കുന്നത് അതിനായി നല്‍കുന്ന സമര്‍പ്പണമാണ്. ഞാന്‍ സമര്‍പ്പിക്കുന്നതിനനുസരിച്ച് എന്റെ അറിവും ആഴപ്പെടും. യോവാക്കിമും അന്നയും ചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവന്ന ആത്മീയപാരമ്പര്യത്തില്‍ നിന്ന് മറിയം ധാരാളം കാര്യങ്ങള്‍ അറിഞ്ഞിരുന്നു. മിശിഹായെ സംബന്ധിച്ച പഠനങ്ങളും പ്രതീക്ഷകളും പ്രാര്‍ത്ഥനകളും അവളില്‍ വളരുന്നുണ്ടായിരുന്നു. അതുകൊണ്ട് മറിയത്തിന് തികച്ചും അറിവില്ലാതിരുന്ന കാര്യങ്ങള്‍ അല്ല ഇവയൊന്നും. സമര്‍പ്പണത്തിലൂടെ അത് ഏറ്റെടുക്കുകയായിരുന്നു. പിന്നീടു മറിയത്തിന് കൂടുതല്‍ കാര്യങ്ങള്‍ പിടികിട്ടുന്നു. വിശ്വാസത്തിന്റെ തുറവിയിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണത കൈവരുന്നത്. സമര്‍പ്പണം ഇല്ലെങ്കില്‍ സ്വാതന്ത്ര്യം അപൂര്‍ണ്ണമായി നില്‍ക്കും.
സഭയുടെ മാതൃഭാവത്തിന്റെ ഏറ്റവും ശക്തമായ പ്രകാശനരൂപമാണ് അനുരഞ്ജന കൂദാശ. മുറിവേറ്റവരെ മനസ്സിലാക്കുക, സഭ യുദ്ധഭൂമിയിലെ ഒരു ആശുപത്രിയാണ് എന്നെല്ലാം പരിശുദ്ധ പിതാവു പറയുമ്പോള്‍ നാം കരുണയോടെ വര്‍ത്തിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. കരുണയുടെ ഈ മാതൃഭാവം സഭയില്‍ നിലനിര്‍ത്താനാണ് നാം പരിശ്രമിക്കുന്നത്.
ഇസ്രായേലിനെ അടിമത്തത്തില്‍ നിന്ന് ദൈവം മോചിപ്പിച്ചു എന്നതില്‍ ഒരു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ആ സ്വാതന്ത്ര്യം പൂര്‍ണ്ണമാകുന്നത് ഇസ്രായേല്‍ ദൈവത്തിന്റെ സ്വന്തം ജനമായി ജീവിക്കുമ്പോഴാണ്, ദൈവിക കല്‍പ്പനകള്‍ കാത്തുപാലിക്കുമ്പോഴാണ്. സമര്‍പ്പണത്തിലൂടെ മറിയത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണ്ണതയില്‍ എത്തി എന്ന് കണക്കാക്കുന്നതാണ് ഉചിതം.
പരിശുദ്ധ അമ്മയുടെ സര്‍ഗാരോപണം എന്ന വിശ്വാസസത്യത്തിന്റെ പ്രാധാന്യം സമകാലിക സാഹചര്യത്തില്‍ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
മനുഷ്യന്റെ അനിയന്ത്രിതമായ കൊതി, ആര്‍ത്തി ഇന്ന് എന്നത്തേക്കാളും വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. വെട്ടിപ്പിടിക്കുക, സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക. പക്ഷേ, ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു അപകടം ഈ വെട്ടിപ്പിടിക്കുന്നത് എല്ലാം താല്‍ക്കാലികമാണ് എന്നതിലാണ്. ഭൗതികമായ ആനന്ദം ഒരിക്കലും നമുക്കു സ്ഥിരമായി സ്വന്തമാക്കാന്‍ പറ്റില്ല. മനുഷ്യന്‍ പദാര്‍ത്ഥത്തെക്കാള്‍ വലുതാണ്, ഭൗതികതയ്ക്ക് അപ്പുറമുള്ളതാണ് എന്ന സത്യം നമ്മില്‍ ആഴപ്പെടണം. ഇന്നത്തെ മനുഷ്യന്‍ ഭൗതികമനുഷ്യന്റെ വ്യാപ്തിയെ കണക്ടിവിറ്റി കൊണ്ടോ, സമ്പാദ്യം കൊണ്ടോ ഒക്കെ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുമ്പോഴും അവന്റെ ആത്മീയതയുടെ മാനത്തെ തമസ്‌കരിക്കുന്നു. അവിടെയാണ് സ്വര്‍ഗാരോപണത്തിന്റെ ആദ്യത്തെ പ്രസക്തി. മനുഷ്യന്റെ പൂര്‍ണ്ണത ദൈവമാണ് എന്നാണു സ്വര്‍ഗാരോപണം പറയുന്നത്. നാം ദൈവിക തുറവിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ഭൗതികത നിത്യതയിലേക്കുള്ള ഒരു യാത്രാമാര്‍ഗം മാത്രമാണ്. നിത്യത എന്ന വിചാരം നഷ്ടപ്പെടുന്നതാണ് കാലഘട്ടത്തിന്റെ പ്രത്യേകത. അതുകൊണ്ട് സ്വര്‍ഗാരോപണം നമ്മുടെ സാംസ്‌കാരികതയോടും നാഗരികതയോടുമുള്ള സ്വര്‍ഗോന്മുഖമായ ഒരു വിമര്‍ശനവും ഒരു വെല്ലുവിളിയുമാണ്.
അതേസമയം തന്നെ ഇന്ന് ധാരാളം മനുഷ്യര്‍ വ്യവസ്ഥാപിത മതചട്ടക്കൂടുകള്‍ക്കു പുറത്ത് ആത്മീയതയുടെ വഴിയിലൂടെ സഞ്ചരിക്കുന്നുമുണ്ട്. ദൈവമഹത്വത്തിലേക്കുള്ള ആത്മാവിന്റെ ഒരു യാത്രയാണ് ജീവിതം എന്ന് അവര്‍ക്കു മനസിലായിട്ടുണ്ട്. ആ രീതിയില്‍ കാണുമ്പോഴും മറിയത്തിന്റെ സ്വര്‍ഗാരോപണം മനുഷ്യരുടെ മുഴുവന്‍ ഭാവിയാണ്. മനുഷ്യരുടെ നാളെയാണ് മറിയത്തിന്റെ സ്വര്‍ഗാരോപണത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്.
കൂടാതെ, യേശുവിന്റെ പുനരുത്ഥാനത്തിന്റെ ആദ്യത്തെ ഫലമാണ് മറിയത്തിന്റെ സ്വര്‍ഗാരോപണം. ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തതുകൊണ്ടാണ് മറിയത്തിന്റെ സ്വര്‍ഗാരോപണം സാധ്യമായത്. അതുകൊണ്ട്, അടിസ്ഥാനപരമായി മറിയത്തിന്റെ സ്വര്‍ഗാരോപണം നമ്മെ ക്രിസ്തുവിന്റെ പുനരുത്ഥാനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുള്ള പങ്കാളിത്തമാണല്ലോ ക്രൈസ്തവ വിശ്വാസത്തിന്റെ ആണിയും അടിത്തറയും. മറിയത്തില്‍ അത് പൂര്‍ണ്ണതയില്‍ എത്തി. അന്ത്യനാളുകളില്‍ സംഭവിക്കുമെന്ന് നാം വിശ്വസിക്കുന്ന ശരീരത്തിന്റെ ഉയര്‍പ്പ് മറിയത്തില്‍ ഇപ്പോള്‍തന്നെ പൂര്‍ത്തീകരിച്ചിരിക്കുന്നു.
മറിയത്തിന്റെ കീര്‍ത്തനം അന്നത്തെ സാമൂഹിക സാഹചര്യത്തിനെതിരെയുള്ള ഒരു വിപ്ലവഗാനം കൂടിയായിരുന്നു എന്ന് മനസ്സിലാക്കുന്നവരുണ്ട്. അതിനെ എങ്ങനെ കാണാം?
സംവിധാനപരമായ തിന്മയുടെ മുമ്പില്‍ നില്‍ക്കുന്ന ജനത്തിന് മറിയത്തിന്റെ സ്‌തോത്രഗീതം ഒരു ഉണര്‍ത്തുപാട്ടാണ്. തികച്ചും സാധാരണക്കാരിയായ നസ്രത്തിലെ ഒരു കന്യകയിലൂടെ ദൈവം നേടുന്ന വിജയമാണത്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ നിര്‍ണ്ണായകപങ്കാളിയായി മറിയത്തെ മാറ്റാന്‍ കഴിയുന്നു, രാജകൊട്ടാരങ്ങളില്‍ സംഭവിക്കേണ്ടതായിരുന്ന ഒരു രാജകീയ ജനനം, അഥവാ, പണ്ഡിതര്‍ക്കോ പണക്കാര്‍ക്കോ സ്വാധീനശേഷിയുള്ളവര്‍ക്കോ സ്വന്തമാകേണ്ടിയിരുന്ന ഒരു പ്രതീക്ഷയാണ് നസ്രത്തിലെ ഗ്രാമത്തില്‍ അരങ്ങേറുന്നത്.
സര്‍ഗാത്മകവും ഒപ്പം സകലതിനെയും ഉടച്ചുവാര്‍ക്കുന്നതുമായ ദൈവിക പദ്ധതിയുടെ ഒരു ഘടകവുമതിലുണ്ട്. വിമോചന ദൈവശാസ്ത്രമാണ് അത്. എല്ലാ ദൈവശാസ്ത്രങ്ങളും വിമോചനപരമാണ്, ആയിരിക്കണം. ദൈവവിചാരം നമ്മെ വിമോചിപ്പിക്കാനുള്ളതാണ്. ദൈവം വിമോചകനാണ്. ഇസ്രായേലിന്റെ സ്രഷ്ടാവ് വിമോചകനാണ്. ആ പാരമ്പര്യത്തില്‍ നിന്നാണ് മറിയം അതിനെ കാണുന്നത്. അതുകൊണ്ടുതന്നെ ഈ സ്‌തോത്രത്തിന് ഏറെ കാലികപ്രസക്തിയുണ്ട്.
ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാവരുടെയും ദാസനായിരിക്കണം എന്ന് പറയുമ്പോഴും സര്‍വവും പരിത്യജിക്കാതെ നിങ്ങള്‍ക്ക് എന്റെ ശിഷ്യനായിരിക്കാന്‍ പറ്റില്ല എന്ന് പറയുമ്പോഴും സമര്‍പ്പണവും പരിത്യാഗവും ഉള്ളവരാണ് ക്രിസ്തുവിന്റെ അധികാരം ഭരമേല്‍പ്പിക്കപ്പെട്ടവര്‍ എന്ന് വിശുദ്ധ ഗ്രന്ഥം വളരെ വ്യക്തമായി പറയുന്നു.
ലോകം വളരുന്നു എന്നവകാശപ്പെടുമ്പോഴും ഇന്ന് ഡിജിറ്റല്‍ ഡിവൈഡുണ്ട്. ഇന്നലെകളെക്കാള്‍ ധനികരുടെ എണ്ണം കൂടിയെങ്കിലും ദരിദ്രരുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു. സമ്പത്ത് കുറെ പേര്‍ കയ്യടക്കി വച്ചിരിക്കുന്നു. സമ്പന്ന ദരിദ്ര വിടവ് ആനുപാതികമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മത്സരശേഷിയുള്ള കോര്‍പ്പറേറ്റുകള്‍ പുതിയ വ്യവസ്ഥിതികള്‍ സ്ഥാപിക്കുന്നു. ഇവിടെ സാധാരണ മനുഷ്യര്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി നിരന്തരം വാദിക്കേണ്ടി വരുന്നു. കോര്‍പ്പറേറ്റുകള്‍ സ്വന്തം സ്ഥാപിത താല്‍പര്യങ്ങളും വാണിജ്യ താല്‍പര്യങ്ങളും സാധ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ അടിമത്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുന്നു. നീതി ഉറപ്പാക്കേണ്ട നമ്മുടെ നാട്ടിലെ സംവിധാനങ്ങള്‍ വില്‍ക്കപ്പെടുകയോ സ്വാധീനിക്കപ്പെടുകയോ ചെയ്യുന്നു. എല്ലാത്തിനെയും വിലയ്ക്ക് വാങ്ങുകയാണു കോര്‍പ്പറേറ്റ് സംസ്‌കാരം. ഈ സാഹചര്യത്തില്‍ മറിയത്തിന്റെ സ്‌ത്രോത്രഗീതത്തില്‍ നിന്ന് നമുക്ക് കരുത്ത് കണ്ടെത്താനാകും.
നിലവിലുള്ള ഈ സംസ്‌കാരത്തോട് പ്രതികരിക്കുന്ന കൂട്ടായ്മയുടെ പ്രത്യക്ഷീകരണങ്ങളും ധാരാളമുണ്ട്. ഭൂസംരക്ഷണ കൂട്ടായ്മകള്‍, മതാന്തര സൗഹൃദ കൂട്ടായ്മകള്‍ ഒക്കെ ഉയര്‍ന്നുവരുന്നു. മര്‍ദകര്‍ മറ്റൊരു വിധത്തില്‍ മര്‍ദിതരാണ്. ഭയത്താല്‍ മര്‍ദിക്കപ്പെട്ടവര്‍. ഭയവും ആര്‍ത്തിയും ഉണ്ടാക്കുന്ന പരസ്പര വിശ്വാസമില്ലായ്മയും അതിന്റെ സമ്മര്‍ദവും അവര്‍ നേരിടുന്നു. അങ്ങനെയുള്ളവര്‍ക്കെല്ലാം മറിയത്തിന്റെ ഗീതം പ്രത്യാശയും ധൈര്യവും ഒറ്റയ്ക്കു നില്‍ക്കാനുള്ള കരുത്തും പകരുന്നു. ദൈവവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്ന കരുത്താണത്. അവരാണു ഭൂമിയുടെ കാവല്‍ക്കാരായി മാറേണ്ടത്. അതുകൊണ്ട് മറിയത്തിന്റെ ഗാനം എന്നത്തേക്കാള്‍ കൂടുതല്‍ പ്രസക്തമാണ് ഇന്ന്. അതിനെ പഴയ പാട്ടായി തള്ളിക്കളയേണ്ടതല്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ലഭിച്ച പുതിയ തുറവിയിലും കൂട്ടായ്മകളിലുമെല്ലാം ഇതിന്റെ അനുരണനങ്ങളുണ്ട്. ശബ്ദമുണ്ടാക്കുന്നത് എപ്പോഴും ചെറുന്യൂനപക്ഷങ്ങള്‍ മാത്രമാണ്. ശബ്ദമുണ്ടാക്കാതെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി സമരം ചെയ്യുന്ന അനേകര്‍ വേറെയുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും മനുഷ്യജീവിതം സാധ്യമാകുന്നത്. അതുകൊണ്ട് മറിയം അപ്രസക്തയായിട്ടില്ല, ആ ഗീതം അപ്രസക്തമാകുന്നില്ല.
സഭ ക്രിസ്തുവിന്റെ മണവാട്ടി എന്നാണല്ലോ പറയുക. സഭാ മാതാവ് എന്നും നമ്മള്‍ വിളിക്കുന്നു. സഭയുടെ മാതൃസ്വഭാവത്തെ എങ്ങനെയാണ് പിതാവ് മനസ്സിലാക്കുന്നത്? അത് ശരിയായി പ്രകാശിപ്പിക്കാന്‍ സഭയ്ക്ക് കഴിയുന്നുണ്ടോ?
സഭയ്ക്ക്, എക്കാലവും ഏറ്റവും യോജിച്ച പേര് 'അമ്മ എന്നതു തന്നെയാണ്. സഭാമാതാവ് എന്നാണ് നാം പറയുന്നത്; സഭാപിതാവ് എന്നല്ല. സഭ നമ്മുടെ മാതാവായിരിക്കുന്നത് ക്രിസ്തുവുമായിട്ടുള്ള വൈവാഹിക ബന്ധത്തില്‍ നിന്നാണ്. പക്ഷേ, സഭയുടെ മാതൃഭാവം എന്നു പറയുമ്പോള്‍ സ്‌ത്രൈണ ഭാവമല്ല ഉദ്ദേശിക്കുന്നത്. സ്‌ത്രൈണ ഭാവം തെറ്റല്ല. പക്ഷേ പുരുഷനും സ്ത്രീയും ഒരുപോലെ സഭയുടെ മാതൃഭാവത്തില്‍ പങ്കുചേരുന്നുണ്ട്. സഭയുടെ മാതൃഭാവം വലിയൊരു വിധത്തില്‍ പ്രകാശിപ്പിക്കുന്നവരാണ് സഭാപിതാക്കന്മാര്‍. അതിന്റെ ഏറ്റവും ശക്തമായ പ്രകാശനരൂപമാണ് അനുരഞ്ജന കൂദാശ. അത് പരികര്‍മ്മം ചെയ്യുന്നത് സഭയിലെ പുരോഹിതന്മാരാണല്ലോ. കുമ്പസാരക്കൂട് മാതൃഭാവത്തിന്റെ തികഞ്ഞ ഉറവിടമാണ്. മുറിവേറ്റവരെ മനസ്സിലാക്കുക, സഭ യുദ്ധഭൂമിയിലെ ഒരു ആശുപത്രിയാണ് എന്നെല്ലാം പരിശുദ്ധ പിതാവു പറയുമ്പോള്‍ നാം കരുണയോടെ വര്‍ത്തിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. കരുണയുടെ ഈ മാതൃഭാവം സഭയില്‍ നിലനിര്‍ത്താനാണ് നാം പരിശ്രമിക്കുന്നത്.
അതേസമയം സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം, പ്രാതിനിധ്യം തുടങ്ങിയ കാര്യങ്ങളെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ഫ്രാന്‍സിസ് പാപ്പ സ്ത്രീകള്‍ക്ക് പ്രാധാന്യം (പങ്കാളിത്തം) നല്‍കുന്ന ഒരുപാട് സാധ്യതകള്‍ തുറന്നു വച്ചിട്ടുണ്ട്. കേരളത്തിലെ സഭ അത് എത്രമാത്രം ഏറ്റെടുത്തിട്ടുണ്ട്? സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
ഇന്നലെകളെക്കാള്‍ കൂടുതലായി നാം ഇക്കാര്യത്തില്‍ മുമ്പോട്ടു യാത്ര ചെയ്യുന്നു. പാശ്ചാത്യ സമൂഹങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ഇത് സഭാപരമായ ഒരു ചോദ്യം എന്നതിനേക്കാള്‍ സാംസ്‌കാരികമായ ഒരു ചോദ്യം കൂടിയാണ്. ഇവിടെ പല മതസംസ്‌കാരങ്ങളുണ്ട്. ക്രൈസ്തവ മത സംസ്‌കാരത്തിനു പുറമേ ഹൈന്ദവ-ഇസ്ലാം മതസംസ്‌കാരങ്ങള്‍ക്ക് ശക്തമായ സ്വാധീനം ഇവിടെയുണ്ട്. അധികാരത്തിലുള്ള പങ്കാളിത്തം ഇവിടെ സ്ത്രീകള്‍ക്കു കുറവാണ് എന്നുള്ളത് ഒരു സത്യമാണ്. രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും അധികാര വിനിയോഗത്തിലും സ്ത്രീപങ്കാളിത്തം കുറവാണ്. അര്‍ഹിക്കുന്നത് കൊടുത്തിട്ടില്ല. അത് നാം പരിഹരിക്കേണ്ട ഒരു വീഴ്ചയാണ്.
മറുവശത്ത്, സഭയില്‍ പല കാര്യങ്ങളിലും സ്ത്രീപങ്കാളിത്തം ഉണ്ട്. ഉദാഹരണത്തിന് ബേസിക് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളെക്കുറിച്ച് (കുടുംബ യൂണിറ്റുകള്‍) വരുന്ന ഒരു പരാതി അതില്‍ പുരുഷ പങ്കാളിത്തം കുറവാണ് എന്നതാണ്. തൊഴില്‍ മേഖലയില്‍, ഉദാഹരണത്തിന് നഴ്‌സിംഗ് എടുക്കുക. അത് സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്തത വലിയതോതില്‍ വര്‍ധിപ്പിക്കുകയും പുരുഷന്മാര്‍ സ്ത്രീകളെ ആശ്രയിക്കുന്ന തരത്തില്‍ കുടുംബത്തിന്റെ സമ്പദ് വ്യവസ്ഥയെ തലതിരിക്കുകയും ചെയ്തു. പല കുടുംബങ്ങളും സാമ്പത്തികമായി രക്ഷപ്പെടുന്നത് സ്ത്രീകളുടെ നേതൃത്വത്തിലാണ്. ഒരു വശത്ത് സ്ത്രീകള്‍ നയിക്കുന്നുണ്ട്. മറുവശത്ത് അധികാരം പങ്കിടേണ്ടി വരുമ്പോള്‍ പുരുഷന്‍ പലതും സംവരണം ചെയ്തു വച്ചിട്ടുണ്ട്. ഇതെല്ലാം പരിഷ്‌കരിച്ച് തുല്യപങ്കാളിത്തം നടപ്പാക്കുക എന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ നമ്മുടെ സംസ്‌കാരത്തില്‍ അടിസ്ഥാനപരമായ വ്യത്യാസം വരണം. തൊഴിലിലും അധികാര പങ്കാളിത്തത്തിലും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്ന സ്ത്രീക്ക് വീട്ടില്‍ ചെല്ലുമ്പോള്‍, തനിക്കായി മാറ്റിവയ്ക്കപ്പെട്ട തൊഴിലെല്ലാം ബാക്കി നില്‍ക്കുന്നു എന്നതാണ് ദുഃഖകരമായ കാര്യം. അതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ശിശുപരിപാലനത്തിലും വീട്ടുജോലികളിലും പുരുഷനും സ്ത്രീയും തുല്യ ഉത്തരവാദിത്വം പങ്കിടുന്ന തരത്തില്‍ സംസ്‌കാരത്തിന്റെ പൊളിച്ചെഴുത്ത് ആവശ്യമാണ്.
സഭയില്‍ തീര്‍ച്ചയായും സ്ത്രീകളുടെ എണ്ണമാണ് കൂടുതല്‍. അവരാണ് പല കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നത്. അധികാരത്തിലും സഭാഘടനകളിലും എവിടെയെല്ലാം സ്ത്രീപങ്കാളിത്തം സാധ്യമാണോ അവിടെ എല്ലാം അത് നല്‍കണം. കാനന്‍ നിയമങ്ങളിലൊക്കെ ഒല എന്നുള്ളത് മാറ്റി ഒല / ടവല എന്ന് ആക്കുന്നുണ്ട്. സ്ത്രീകള്‍ പ്രാപ്തരാണ്. അറിവുകൊണ്ടും കഴിവുകൊണ്ടും സംഘടനാശേഷികൊണ്ടും സഹനശക്തി കൊണ്ടും സ്ത്രീകള്‍ ഒരുപാടു മുമ്പിലാണ്. അങ്ങനെയുള്ളവര്‍ തീര്‍ച്ചയായും അധികാരം കയ്യാളണം. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തെ രൂപാന്തരപ്പെടുത്തേണ്ടത് ആവശ്യമാണ്. അതേസമയം സമഗ്രമായ ഒരു സാമൂഹ്യജീവിതത്തിന്റെ സന്തുലിതാവസ്ഥയെ സൂക്ഷിക്കക്കുകും വേണം.
വര്‍ഗീയ ചിന്താഗതികള്‍ വര്‍ധിക്കുന്ന കേരള സാഹചര്യത്തില്‍ സഭയുടെ രാഷ്ട്രബോധവും രാഷ്ട്രനിര്‍മ്മാണത്തിനുള്ള പങ്കും എങ്ങനെയായിരിക്കണമെന്നാണ് പിതാവ് മനസ്സിലാക്കുന്നത്? ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍, മറ്റുള്ളവര്‍ സഭയുടെ രാഷ്ട്രീയ ഇടപെടലായി വ്യാഖ്യാനിക്കുമ്പോള്‍ എങ്ങനെയാണു പ്രതികരിക്കേണ്ടത്? എങ്ങനെയായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍?
ഒറ്റയ്ക്കു നിന്നുകൊണ്ട് ഒരു നിര്‍ണ്ണായക ശക്തിയായി മാറാന്‍ ഭാരതത്തില്‍ ക്രൈസ്തവസഭയ്ക്ക് സാധിക്കില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സംവരണം നല്ലതാണ്. എന്നാല്‍ അതിനപ്പുറത്ത് രാജ്യം നയിക്കപ്പെടേണ്ടത് മതേതര മൂല്യങ്ങളാലാണ്. മതേതര മൂല്യങ്ങളുടെ വേദഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. ഭരണഘടനാസാക്ഷരത നമ്മുടെ രാജ്യത്തില്‍ ഉടനീളം ഇന്ന് ആവശ്യമാണ്. സഭ മുന്‍പന്തിയില്‍ നിന്ന് അത് പ്രചരിപ്പിക്കണം. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു മതസ്ഥരാണല്ലോ കൂടുതല്‍ പഠിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ സാക്ഷരത പരത്തുവാന്‍ നമുക്ക് സാധിക്കണം. അതൊരു ബോധപൂര്‍വമായ പുതിയ പ്രക്രിയയായി സഭ ഏറ്റെടുക്കേണ്ടതാണ്. എല്ലാ വ്യക്തികള്‍ക്കും തുല്യതയും നീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഒരു ഭരണഘടന നമുക്കുണ്ട്. അത് തമസ്‌കരിക്കപ്പെടുമെന്ന ഭീഷണി നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു. തല്‍ക്കാലം ആ ഭീഷണി ഒന്നു മാറി നില്‍ക്കുന്നുവെങ്കിലും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാവുന്ന സാധ്യതയുണ്ട്. വിഭാഗീയതയ്ക്കും വര്‍ഗീയതയ്ക്കും അപ്പുറമുള്ള ഒരു ഭരണഘടനാവബോധം ഉണര്‍ന്നു വരണം. ഒരു മതനിരപേക്ഷ രാജ്യത്തില്‍ പൗരന്മാര്‍ മതപരമോ മറ്റോ ആയ വിവേചനം നേരിടാന്‍ പാടില്ല. സഭയെ സംബന്ധിച്ച് ഇത് അടിസ്ഥാനപരമായി സുവിശേഷമൂല്യം തന്നെയാണ്. എല്ലാവര്‍ക്കും തുല്യത, നീതി, സ്വാതന്ത്ര്യം എന്നത് ക്രിസ്തു നമുക്ക് നേടി തന്നിട്ടുള്ള രക്ഷയുടെ പ്രകാശനമാണ്.
പാപ്പ മുന്‍പോട്ടു വയ്ക്കുന്ന മന്ത്രം ശ്രവണമാണ്. ശ്രവിക്കുക, പ്രാര്‍ത്ഥനാപൂര്‍വം ഉള്‍ക്കൊള്ളുക. വൈകാരികമായി പറയുന്നവയെ തടസ്സപ്പെടുത്തരുത്. അതാണ് സംഭാഷണത്തിന്റെ ചൈതന്യം. കേട്ട കാര്യങ്ങളെ വീണ്ടും പ്രാര്‍ത്ഥനയിലൂടെ വിവേചിക്കുക, വിവേചിച്ചറിഞ്ഞ് തീരുമാനത്തിലേക്ക് എത്തുക.
ന്യൂനപക്ഷങ്ങള്‍ ആയിരിക്കുന്നവര്‍ ന്യൂനപക്ഷങ്ങള്‍ ആയതുകൊണ്ട് പുറന്തള്ളപ്പെടുകയില്ല എന്ന് ഉറപ്പുവരുത്താന്‍ അനുപാതികമായ സംവരണങ്ങളും ഉണ്ടായിരിക്കണം. സഭയുടെ കാര്യം മാത്രമല്ല ഇത്, എല്ലാ ന്യൂനപക്ഷങ്ങളുടെയും ആണ്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് ഭരണഘടനയുടെയോ ജനാധിപത്യത്തിന്റെയോ മതനിരപേക്ഷതയുടെ നിഷേധമല്ല. മറിച്ച് അവയെയെല്ലാം കുറേക്കൂടി ഉറപ്പുവരുത്തുന്നതിനാണ്. 'അന്ത്യോദയം' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അതാണല്ലോ. ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ നിന്ന് തുടങ്ങണം എന്ന തത്വം. രാഷ്ട്രീയപ്രബുദ്ധത പ്രചരിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സഭയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഓരോ ദിനവും വര്‍ധിച്ചുവരുന്ന വര്‍ഗീയത, അശാന്തിയുടെയും അസമാധാനത്തിന്റെയും മുഴക്കമാണ് ഉണ്ടാക്കുന്നത്.
നസ്രത്തിലെ ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ ഉത്തരത്തിനായി കാത്ത് നില്‍ക്കുന്ന ഒരു ദൈവം. ഇത്തരം അധികാര സങ്കല്‍പ്പങ്ങള്‍ ഇന്ന് സഭയില്‍ എന്തുമാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്?
സംവിധാനങ്ങളില്‍ ഒരു പുനരാലോചനയും പുനരെഴുത്തും നമുക്ക് ആവശ്യമുണ്ട്. അതാണു സിനഡിലൂടെ മാര്‍പാപ്പയും സഭയും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടുത്തരവാദിത്വമാണ് സഭയിലുള്ളത്. ഒരാള്‍ ചിന്തിക്കുകയും ഒരാള്‍ കല്‍പ്പിക്കുകയും ചെയ്യുന്ന ഏകാധിപത്യപരമായ രീതിയില്‍ നിന്ന് മാറി ഒരു കൂട്ടായ്മയിലൂടെയാണ് കാര്യങ്ങള്‍ നടക്കേണ്ടത്. സീനായ് ഉടമ്പടിയുടെ പ്രത്യേകതയും അതാണ്. 'നിങ്ങള്‍ എനിക്ക് രാജകീയ പുരോഹിത ഗണം ആയിരിക്കും.' മോശ എന്ന മധ്യസ്ഥന്‍ ഉണ്ടെങ്കിലും ദൈവവും ജനവും ആയിട്ടാണ് ഈ ഉടമ്പടി. പുതിയ നിയമ കാഴ്ചപ്പാടില്‍ ക്രിസ്തുവും സഭയും ആയിട്ടുള്ളതാണ് ആ ഉടമ്പടി. ക്രിസ്തുവും മനുഷ്യവര്‍ഗവും തമ്മിലുള്ളത്. ഒരേസമയം ക്രിസ്തുവിന്റെ ശരീരമാണ് സഭ. പക്ഷേ വിവിധ അവയവങ്ങളെ ഏകോപിപ്പിക്കുന്ന ഒരു ഹയരാര്‍ക്കിക്കല്‍ സ്ട്രക്ചര്‍ സഭയിലുണ്ട്. അത് ഒന്നിന്റെയും നിരാസമല്ല. ഒരു ശിരസ്സുണ്ട് എന്നത് ശരീരത്തെ തള്ളിപ്പറയലല്ല. ശിരസ്സ് ശരീരത്തിന് ആവശ്യമാണ്. ഒന്നില്‍ കൂടുതല്‍ മനുഷ്യര്‍ വരുന്നിടത്തെല്ലാം ഇത്തരം നിയമങ്ങളും ഘടനകളും ഉണ്ടാകും. പിന്നീട് കാലക്രമേണ അധികാരം മുഴുവന്‍ ഒന്നില്‍ കേന്ദ്രീകരിക്കുന്നുവോ എന്നതാണു പ്രശ്‌നം. ശരീരത്തില്‍ സ്വാതന്ത്ര്യത്തോടെ പരസ്പരം ഇടപെടുന്ന അവയവങ്ങളില്‍ ഒന്നു മറ്റൊന്നിനേക്കാള്‍ മെച്ചമാണോ തുടങ്ങിയ ചോദ്യങ്ങള്‍ പൗലോസ് ശ്ലീഹ ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ. അധികാരവും സമ്പത്തും ഒക്കെ ഒരിടത്ത് കേന്ദ്രീകരിക്കുന്നതിന് എതിരായിട്ടാണ് ക്രിസ്തു ശിഷ്യന്മാര്‍ക്ക് നല്‍കുന്ന പ്രബോധനങ്ങള്‍. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാവരുടെയും ദാസനായിരിക്കണം എന്ന് പറയുമ്പോഴും സര്‍വവും പരിത്യജിക്കാതെ നിങ്ങള്‍ക്ക് എന്റെ ശിഷ്യനായിരിക്കാന്‍ പറ്റില്ല എന്ന് പറയുമ്പോഴും സമര്‍പ്പണവും പരിത്യാഗവും ഉള്ളവരാണ് ക്രിസ്തുവിന്റെ അധികാരം ഭരമേല്‍പ്പിക്കപ്പെട്ടവര്‍ എന്ന് വിശുദ്ധ ഗ്രന്ഥം വളരെ വ്യക്തമായി പറയുന്നു. മറിയത്തിന് മുമ്പില്‍ സമ്മതം ചോദിച്ചു നില്‍ക്കുന്ന ദൈവം, മനുഷ്യര്‍ക്ക് അവിടുന്ന് നല്‍കുന്ന അന്തസ്സിന്റെയും മനുഷ്യരില്‍ ദൈവച്ഛായയുണ്ട് എന്നതിന്റെയും പ്രകാശനമാണ്.
കേള്‍ക്കുവാനുള്ള ധൈര്യം സമ്പാദിക്കുക. ഒരുപക്ഷേ ഭയമാണ് നമ്മെ കേള്‍വിയില്‍ നിന്ന് അകറ്റി കൊണ്ടുപോകുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക. വ്യക്തിയെ അപമാനിക്കാതെ ആശയങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാവും.
പാപ്പ ഇതിനു മുന്‍പോട്ടു വയ്ക്കുന്ന മന്ത്രം ശ്രവണമാണ്. ശ്രവിക്കുക, പ്രാര്‍ത്ഥനാപൂര്‍വം ഉള്‍ക്കൊള്ളുക. വൈകാരികമായി പറയുന്നവയെ തടസ്സപ്പെടുത്തരുത്. അതാണ് സംഭാഷണത്തിന്റെ ചൈതന്യം. കേട്ട കാര്യങ്ങളെ വീണ്ടും പ്രാര്‍ത്ഥനയിലൂടെ വിവേചിക്കുക, വിവേചിച്ചറിഞ്ഞ് തീരുമാനത്തിലേക്ക് എത്തുക. ഈ പ്രക്രിയയില്‍ എല്ലാവരും പങ്കെടുക്കണം. സഭാംഗങ്ങളെയും സഭയ്ക്കു പുറത്തുള്ളവരെ കൂടിയും ഉള്‍പ്പെടുത്തിക്കൊണ്ട്, അവരെ കേട്ടതിന്റെ വെളിച്ചത്തിലാണ് വിവേചിച്ചറിയല്‍ നടക്കുന്നത്. നാം ദൈവത്തെ ശ്രവിക്കുന്നതുകൊണ്ടാണ് നമുക്ക് പരസ്പരം ശ്രവിക്കാനും സാധിക്കുന്നത്. മര്‍മ്മസ്ഥാനത്തുള്ളത് ശ്രവണമാണ്. ശ്രവണം എല്ലാ തലങ്ങളിലും നടക്കണം. ചെവികൊണ്ട് മാത്രമല്ല. ഹൃദയം കൊണ്ടും കേള്‍ക്കണം, സാഹചര്യങ്ങളെ മനസ്സിലാക്കണം. പരിധിയില്ലാത്ത ശ്രവണം ആവശ്യമാണ്. കാരുണ്യത്തിന്റെ ശ്രവണം. അത്തരം ശ്രവണം സൗഖ്യദായകമാണ്. ആ ശ്രവണത്തിലേക്ക് കാലഘട്ടം നമ്മെ ക്ഷണിക്കുന്നു. അതിന് നായകത്വം ഒരുക്കുകയാണ് നമ്മുടെ സിനഡ്.
കേള്‍ക്കുവാനുള്ള ധൈര്യം സമ്പാദിക്കുക. ഒരുപക്ഷേ ഭയമാണ് നമ്മെ കേള്‍വിയില്‍ നിന്ന് അകറ്റി കൊണ്ടുപോകുന്നത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക. വ്യക്തിയെ അപമാനിക്കാതെ ആശയങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാവും. വ്യത്യസ്തമായ ആശയങ്ങളില്‍ പരസ്പര പൂരകത്വം കണ്ടെത്താനാവും. ഒരു ഡിബേറ്റിലേക്കു നമ്മള്‍ വരുന്നതു തന്നെ രണ്ടു ഭാഗത്തും ശരിയുണ്ട് എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ്. പരസ്പരം കേള്‍ക്കുക, ആശയങ്ങള്‍ സംസാരിക്കുക എന്നതാണാവശ്യം. പരസ്പരം തോല്‍പ്പിക്കാനല്ല, അറിയാനും അറിയിക്കാനുമാണ് സംവാദം എന്ന് ശ്രീനാരായണഗുരു പറഞ്ഞല്ലോ.
യഹൂദ പാരമ്പര്യത്തെക്കുറിച്ച് പഠിക്കുമ്പോള്‍ 'ഹൗറോത്ത്' എന്ന സങ്കല്‍പ്പമുണ്ട്. ഒരേ വേദഗ്രന്ഥഭാഗം പലര്‍ ചേര്‍ന്ന് പഠിക്കുന്നതിനെയാണ് അങ്ങനെ പറയുന്നത്. ശണ്ഠ നടത്തുകയല്ല അവിടെ, മറിച്ച് ഞാന്‍ കാണാത്തത് സഹപാഠി കാണുന്നു. ഒരു ഭാഗത്തെക്കുറിച്ചുള്ള അര്‍ത്ഥം ഒരാള്‍ മാത്രം കണ്ടെത്തുമ്പോള്‍ ഏകപക്ഷീയമായി പോയേക്കാം. പലര്‍ ചേര്‍ന്ന് പഠിക്കുമ്പോള്‍ പല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാകും. അത് ആ പാഠഭാഗത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുന്നു. പാഠത്തിന്റെ അനന്ത സാധ്യതകളിലേക്ക് അതു വഴി തുറക്കുന്നു. പ്രാര്‍ത്ഥനാപൂര്‍വമായ ശ്രവണവും സംഭാഷണവും അങ്ങനെയൊരു സമ്പുഷ്ടി നമുക്ക് നല്‍കുന്നുണ്ട്. കാര്യങ്ങള്‍ വിവിധ വീക്ഷണ കോണുകളില്‍ നിന്ന് കാണുക. എന്നിട്ട് ഏറ്റവും പ്രയോജനകരമായവ കണ്ടെത്തുക. മറ്റുള്ളവരെ ചവറ്റുകുട്ടയില്‍ തള്ളുക എന്നല്ല, അവയ്ക്കുള്ള സ്ഥാനം അംഗീകരിച്ചുകൊണ്ടു തന്നെ ഏറ്റവും നല്ലതിനെ തിരഞ്ഞെടുക്കാന്‍ സാധിക്കും. ആ വിവേചനത്തിലേക്ക് ശ്രവണം നയിക്കും. മറിയത്തിനു മുമ്പില്‍ ദൈവം കാണിക്കുന്ന വിനയഭാവം, ശ്രവിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് ഈ കാലഘട്ടത്തില്‍ നമുക്ക് നല്‍കുന്ന പ്രത്യാശ വലുതാണ്.
സിനഡാലിറ്റി സഭയെ സഭയല്ലാതായി മാറ്റും എന്നുപോലും വിമര്‍ശനം ഉന്നയിക്കുന്നവരുണ്ട്. പക്ഷേ, പ്രാര്‍ത്ഥനാപൂര്‍വകമായ ശ്രവണവും പരിശുദ്ധാത്മാവിന്റെ സഹായത്തോടെയുള്ള സത്യസന്ധമായ വിവേചനവും കൂടുതല്‍ സത്യത്തിലേക്കും നന്മയിലേക്കും തിരിച്ചറിവിലേക്കും ഈ കാലഘട്ടത്തില്‍ സഭയെ എത്തിക്കും എന്ന പ്രതീക്ഷയാണ് നമുക്കുള്ളത്.
ബൈബിള്‍ കമ്മീഷന്റെ ഉത്തരവാദിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ കേരളത്തില്‍ ദൈവവചനത്തിന്റെ പ്രചാരണത്തിനുള്ള നവീന മാതൃകകള്‍ എന്തൊക്കെയാണ്?
ബൈബിള്‍ കമ്മീഷന്റെ ഉത്തരവാദിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ കേരളത്തില്‍ ദൈവവചനത്തിന്റെ പ്രചാരണത്തിനുള്ള നവീന മാതൃകകള്‍ എന്തൊക്കെയാണ്?
ബൈബിള്‍ കമ്മീഷന്‍ വളരെ ജാഗ്രതയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. അച്ചടിച്ച ബൈബിളിന് വലിയ ഡിമാന്‍ഡുണ്ട്. ഓരോരുത്തര്‍ക്കും ഓരോ കോപ്പി എന്ന അവസ്ഥയിലേക്ക് നാം എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം കേരളസഭ വളരെ സജീവമായി ബൈബിള്‍ പ്രേഷിത രംഗത്തുണ്ട്. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളും ബൈബിളിന്റെ പ്രചാരണത്തിന് ഏറെ സഹായകരമായിത്തീര്‍ന്നു.
വലിയ ജനപങ്കാളിത്തത്തോടുകൂടി നടത്തപ്പെടുന്ന ലോഗോസ് ക്വിസ്, ബൈബിള്‍ കലോത്സവങ്ങള്‍ എന്നിങ്ങനെ പല വിധത്തില്‍ വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം ജനങ്ങളില്‍ വളര്‍ന്നു. ഭക്തിയുടെയും വിശ്വാസത്തിന്റെയും ആധാരകേന്ദ്രം ബൈബിളാണെന്നുള്ള തിരിച്ചറിവില്‍ സമൂഹം എത്തി. കേരളത്തില്‍ ധാരാളം ബൈബിള്‍ പണ്ഡിതന്മാരും ഉണ്ട്. എന്നാല്‍ ഗൗരവമായ ബൈബിള്‍ പഠനകേന്ദ്രങ്ങള്‍ കേരളത്തില്‍ ഇപ്പോഴും വിരലിലെണ്ണാവുന്നവ മാത്രമാണ്. സെമിനാരികളില്‍ പതിവ് കോഴ്‌സുകള്‍ നടക്കുന്നുണ്ടെങ്കിലും ഗവേഷണ പഠനങ്ങള്‍ കുറവാണ്. ആധ്യാത്മിക കേന്ദ്രങ്ങളിലും ബൈബിള്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ കുറേക്കൂടി ഗൗരവമേറിയ തലത്തിലും ഗവേഷണതലത്തിലും ബൈബിള്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. അതില്‍ ജനപങ്കാളിത്തം ഉണ്ടാകണം. മലയാളഭാഷയോടൊപ്പം മൂലഭാഷയ്ക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കണം. തര്‍ജ്ജമ ചെയ്ത ഒരു ഭാഷയില്‍ നിന്ന് ഗവേഷണപരമായ ഒരു പക്വത നമുക്ക് കിട്ടുകയില്ല.
ക്രൈസ്തവ വിജ്ഞാനീയം, വേദഗ്രന്ഥം, ദൈവശാസ്ത്രം, മതതത്വങ്ങള്‍ എന്നിവയൊക്കെ ഇപ്പോഴും സെമിനാരിയുടെയും വൈദികരുടെയും പരിധിയിലൊതുങ്ങി നില്‍ക്കുകയാണ്. പൊതുവൈജ്ഞാനിക മേഖലയില്‍ നിന്ന് നമ്മുടെ ബൈബിള്‍ പാണ്ഡിത്യം വെല്ലുവിളിക്കപ്പെടാത്തതു കൊണ്ട് സെമിനാരികളിലെ ബൈബിള്‍ പഠനത്തില്‍ ഒരു നിലവാരക്കുറവുണ്ട്. സെമിനാരികളുടെ ചട്ടക്കൂടുകള്‍ക്കു പുറത്ത് നമ്മുടെ രാജ്യത്തിന്റെ അക്കാദമിക വൈജ്ഞാനിക സംവിധാനങ്ങളില്‍ ബൈബിളിന് ഇടം ഉണ്ടാക്കണം.
ഹൈന്ദവര്‍ അവരുടെ വേദഗ്രന്ഥങ്ങള്‍ സംസ്‌കൃതഭാഷയിലും മുസ്ലീങ്ങള്‍ അറബിയിലും പഠിക്കുന്നു. അവര്‍ക്ക് അസാമാന്യമായ കഴിവ് ഉള്ളതുകൊണ്ടല്ല അത്. ഭാഷകളോടു നല്‍കുന്ന ബഹുമാനം കൊണ്ടാണ്. കേരളത്തില്‍ ആ വിധത്തിലുള്ള ഒരു ബൈബിള്‍ പഠനം, മൂലഭാഷയോടു ചേര്‍ന്നുള്ള ഒരു പഠനം ആവശ്യമാണ്. അത്തരമൊരു സാക്ഷരതയ്ക്കുവേണ്ടി പരിശ്രമിക്കാവുന്നതേയുള്ളൂ.
കേരളത്തില്‍ കലാലയങ്ങളില്‍ ബൈബിള്‍ ഇപ്പോഴും ഒരു പാഠ്യവിഷയമായി മാറുന്നില്ല. വേദങ്ങള്‍ നമുക്ക് കലാലയങ്ങളില്‍ പഠിക്കാന്‍ സാധിക്കും. ഇസ്ലാമിക പഠനങ്ങളും കലാലയങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് എന്നത് ഇന്ത്യയിലെയും കേരളത്തിലെയും യൂണിവേഴ്‌സിറ്റി തലത്തില്‍ വേണ്ടത്രയില്ല. ക്രൈസ്തവവിജ്ഞാനീയം എന്തുകൊണ്ട് ഇവിടത്തെ വൈജ്ഞാനിക മണ്ഡലത്തിലേക്ക് നമുക്കു കൊണ്ടുവരാന്‍ സാധിക്കുന്നില്ല എന്ന ചോദ്യമുണ്ട്. ജ്ഞാനത്തിന്റെ സംരക്ഷണവും സംവേദനവും നടക്കുന്നത് വൈജ്ഞാനിക ഗവേഷണ തലങ്ങളിലാണ്. ക്രൈസ്തവവിജ്ഞാനീയം, വേദഗ്രന്ഥം, ദൈവശാസ്ത്രം, മതതത്വങ്ങള്‍ എന്നിവയൊക്കെ ഇപ്പോഴും സെമിനാരിയുടെയും വൈദികരുടെയും പരിധിയിലൊതുങ്ങി നില്‍ക്കുകയാണ്. പൊതുവൈജ്ഞാനിക മേഖലയില്‍ നിന്ന് നമ്മുടെ ബൈബിള്‍ പാണ്ഡിത്യം വെല്ലുവിളിക്കപ്പെടാത്തതു കൊണ്ട് സെമിനാരികളിലെ ബൈബിള്‍ പഠനത്തില്‍ ഒരു നിലവാരക്കുറവുണ്ട്. ഈയൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ നാം തയ്യാറാകുന്നില്ലെങ്കില്‍ വൈജ്ഞാനിക മണ്ഡലത്തില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിന്റെ ഉള്ളടക്കവും ക്രൈസ്തവദൈവശാസ്ത്രവും അതിന്റെ സര്‍ഗാത്മകതയും നമുക്ക് നഷ്ടപ്പെടും. ധാരാളം പണം മുടക്കി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ക്രൈസ്തവവിജ്ഞാനം, സമൂഹത്തിന് അവകാശപ്പെട്ട ജ്ഞാനമായി മനസ്സിലാക്കുന്നതില്‍ നാം ഇപ്പോഴും ഗൗരവമായി വളര്‍ന്നിട്ടില്ല. ഭാവിയെ സംബന്ധിച്ച് അത്തരം വെല്ലുവിളികളാണ് ഞാന്‍ കാണുന്നത്. സെമിനാരികളുടെ ചട്ടക്കൂടുകള്‍ക്കു പുറത്ത് നമ്മുടെ രാജ്യത്തിന്റെ അക്കാദമിക വൈജ്ഞാനിക സംവിധാനങ്ങളില്‍ ബൈബിളിന് ഇടം ഉണ്ടാക്കണം. അതിനുള്ള ശ്രദ്ധ നാം കൊടുത്തിട്ടില്ല. അത് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.