58-ാം വയസ്സില്‍, ഭദ്രാസനഭരണത്തില്‍ നിന്നു സ്വയം വിരമിച്ച്, അധികാരപദവികളുടെ പിന്‍ബലമില്ലാത്ത സാമൂഹ്യസേവനത്തിനായി പുനരര്‍പ്പണം ചെയ്തിരിക്കുകയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് (യാക്കോബായ) സഭയുടെ നിരണം ഭദ്രാസനത്തിന്റെ അധ്യക്ഷനായി 17 വര്‍ഷം അദ്ദേഹം സേവനം ചെയ്തു. ഇംഗ്ലണ്ടിലെ കെന്റ് സര്‍വകലാശാലയില്‍ നിന്ന് പാരിസ്ഥിതിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ജോര്‍ജ് മാത്യു നാലുന്നാക്കല്‍, സെമിനാരികളില്‍ പ്രൊഫസറായി സേവനം ചെയ്തു വരികെയാണ് 41-ാം വയസ്സില്‍ യാക്കോബായ സഭയില്‍ മെത്രാനായി അഭിഷിക്തനായത്. വിവിധ വിഷയങ്ങളില്‍ തന്റെ നിശിതമായ നിലപാടുകള്‍ തുറന്നു പറയുക വഴി കേരളത്തിന്റെ പൊതുമനസ്സില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചലനങ്ങള്‍ സൃഷ്ടിച്ചു.
മാര്‍ കൂറിലോസ് സത്യദീപത്തിന്റെ ചോദ്യങ്ങളോടു പ്രതികരിക്കുന്നു.
പാരിസ്ഥിതിക ദൈവശാസ്ത്രത്തിനു ശ്രദ്ധ നല്‍കിയിട്ടുള്ള സഭാധ്യക്ഷനാണല്ലോ അങ്ങ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോ സി എന്ന ചാക്രികലേഖനം പരിസ്ഥിതിസംര ക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആഗോളതാപനവും കാര്‍ബണ്‍ ഫുട്പ്രിന്റുമൊക്കെ പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി എന്താണ് ക്രൈസ്തവസഭയ്ക്കും സമൂഹത്തിനും ചെയ്യാനുള്ളത്?
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇതുവരെയുള്ള ചാക്രിക ലേഖനങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും കാലികപ്രസക്തവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ഒന്നാണ് 2015-ല്‍ പ്രസിദ്ധീകരിച്ച 'Laudato Si' എന്ന ചാക്രിക ലേഖനം. 'നമ്മുടെ പൊതുഭവനം' എന്ന് മാര്‍പാപ്പ വിശേഷിപ്പിക്കുന്ന ഭൂമിക്ക് ഇന്ന് ഭവിച്ചിരിക്കുന്ന പ്രതിസന്ധിയും അത് മറികടക്കുവാന്‍ മനുഷ്യരാശി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും വിശദമായും കൃത്യമായും പ്രതിപാദിക്കുന്നു, ഈ ചാക്രിക ലേഖനം. പട്ടിണി പോലെയുള്ള സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെ പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് സാമൂഹിക സാമ്പത്തിക നീതിയും പാരിസ്ഥിതിക നീതിയും തമ്മിലുള്ള പാരസ്പര്യം മാര്‍പാപ്പ അടിവരയിടുന്നുണ്ട് ഈ ചാക്രികലേഖനത്തില്‍. ഈ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കുന്നതില്‍ നിലവിലുള്ള ആഗോള മുതലാളിത്ത സാമ്പത്തിക ക്രമത്തിനും അതിന്റെ ഭാഗമായ മുതലാളിത്ത വികസന നയങ്ങള്‍ക്കും ഉള്ള പങ്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഊന്നല്‍ നല്‍കി വിശദമാക്കുന്നു. ഇക്കാരണത്താല്‍ തന്നെ ചാക്രിക ലേഖനം വിവാദമാവുകയും ചെയ്തു.
മുതലാളിത്ത സമൂഹത്തിന് എന്ന പോലെ ക്രൈസ്തവസഭകള്‍ക്കും ഇന്നത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇത്ര വഷളാക്കുന്നതില്‍ ഉത്തരവാദിത്വമുണ്ട്. Lynn White എന്ന ശാസ്ത്രജ്ഞനാണ് ഈ ആരോപണം ആദ്യമായി ഗൗരവമായി ഉന്നയിക്കുന്നത്. ബൈബിളിലെ സൃഷ്ടി വിവരണത്തില്‍ ദൈവം മനുഷ്യന് ഇതര സൃഷ്ടികളുടെ മേല്‍ 'ആധിപത്യം' നല്‍കുന്ന വേദഭാഗം പ്രകൃതിയെ ഏതു വിധേനയും ചൂഷണം ചെയ്യാനുള്ള മനുഷ്യന്റെ ദൈവദത്തമായ ലൈസന്‍സും അധികാരവുമായി വ്യാഖ്യാനിച്ചതും ഈ കാഴ്ചപ്പാടും ആധുനിക മുതലാളിത്ത വികസന കാഴ്ചപ്പാടും ഒന്നുചേര്‍ന്ന് പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തതുമാണ് ഇന്നത്തെ പാരിസ്ഥിതിക ദുരന്തത്തിന് കാരണങ്ങളില്‍ ഒന്ന് എന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. ഇതിനോട് ദൈവശാസ്ത്രപരമായും പ്രായോഗികമായും സഭകളും എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളും ഒക്കെ സക്രിയമായി പ്രതികരിച്ചിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായി Lynn White ആരോപിച്ച മനുഷ്യ കേന്ദ്രീകൃതവും, മുതലാളിത്ത സൗഹൃദപരവുമായ വികസന കാഴ്ചപ്പാടും ജീവിതശൈലിയും മിക്കവാറും സഭകളും ഇന്നും തുടരുകയാണ്. വനം കയ്യേറ്റം, പാടങ്ങള്‍ നികത്തിയുള്ള വികസന പദ്ധതികള്‍, പള്ളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലുള്ള ഭീമാകാരങ്ങളായ കോണ്‍ക്രീറ്റ് സൗധങ്ങള്‍, ആഡംബരത്തില്‍ ഊന്നിയുള്ള ജീവിതശൈലികള്‍ ഇതെല്ലാം ഇന്നും നിര്‍ബാധം തുടരുകയാണ് സഭകളില്‍. Recycling പോലെയുള്ള ചില ഉപരിപ്ലവങ്ങളായ കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മിക്കവാറും എല്ലാ മതങ്ങളും സഭകളും ഇന്നും മുതലാളിത്തത്തിനും അതിന്റെ വികസന കാഴ്ചപ്പാടിനും അത് മുന്നോട്ടുവയ്ക്കുന്ന ജീവിതക്രമത്തിനും പിന്തുണ നല്‍കുന്നവരും അത് പ്രാവര്‍ത്തികമാക്കുന്നവരുമാണ്. ഉദാഹരണത്തിന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മുഖ്യധാര സഭകളുടെ നിലപാട് എന്തായിരുന്നു? കടല്‍ കൈയേറി കടലിന്റെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികളില്‍നിന്നും നീക്കി കോര്‍പ്പറേറ്റുകളില്‍ നിക്ഷിപ്തമാക്കി കടലിനെയും മത്സ്യത്തൊഴിലാളിക ളെയും തകര്‍ക്കുന്ന ഈ വന്‍കിട തുറമുഖ പദ്ധതി മനുഷ്യനും പ്രകൃതിക്കും വലിയ ദുരന്തങ്ങള്‍ സമ്മാനിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയ മത്സ്യത്തൊഴിലാളികളെയും അവരുടെ സഭയായ ലത്തീന്‍ കത്തോലിക്ക സഭയെയും ഒറ്റപ്പെടുത്തിക്കൊണ്ടാണ് മുഖ്യധാരസഭകള്‍ മുതലാളിത്ത വികസനത്തിന് ഓശാന പാടിയത്. ഇവരെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനം വായിക്കുകയും തങ്ങളുടെ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുകയും ചെയ്യുന്നവരുമാണ്. ഇതാണ് ഇന്നത്തെ സഭകളുടെ അടിസ്ഥാന വൈരുധ്യവും പ്രതിസന്ധിയും.
ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രസംഗത്തില്‍ ഉദ്ധരിക്കുകയും വാഴ്ത്തി പാടുകയും ചെയ്യുന്ന സഭകള്‍ തന്നെ മുതലാളിത്ത വികസന നയങ്ങളെ പിന്തുണയ്ക്കുകയും അത്തരം നയങ്ങളും ജീവിതക്രമങ്ങളും സഭകള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. യേശുവിനെ പ്രസംഗിക്കുകയും മാമോനെ (സമ്പത്ത്) ആരാധിക്കയും അനുധാവനം ചെയ്യുകയും ചെയ്യുന്നു ഇന്നത്തെ മിക്കവാറും സഭകളും സഭാനേതാക്കളും.
പരിസ്ഥിതി സംരക്ഷണത്തില്‍ പാശ്ചാത്യലോകം സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതെ അത് വികസ്വരരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതായി പരാതികളുണ്ട്. അവികസിതമായ സമൂഹങ്ങള്‍ കാര്‍ബ ണ്‍ ഫുട്പ്രിന്റ് കുറക്കുന്നതിനേക്കാള്‍ ശ്രദ്ധ കൊടുക്കേണ്ടത് സ്വന്തം പട്ടിണിയും പരാധീനതകളും ഇല്ലാതാക്കുന്നതിനാണ് എന്ന വാദമുണ്ടല്ലോ. ഇതേക്കുറിച്ച് എന്തു കരുതുന്നു?
ഈ ചോദ്യത്തില്‍ ഒരേസമയം ന്യായവും അന്യായവും ഉണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളെ 'ന്യൂട്രല്‍' ആയി പരിഗണിക്കാനാവില്ല. സാമൂഹിക, സാമ്പത്തിക, ലിംഗ നീതി പ്രശ്‌നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് പരിസ്ഥിതി പ്രശ്‌നങ്ങളും. അതുകൊണ്ടുതന്നെ ആഗോള പരിസ്ഥിതി പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി മുതലാളിത്ത വ്യവസ്ഥിതിയെ അഭിമുഖീകരിക്കാത്ത സമീപനങ്ങള്‍ക്ക് മൂന്നാം ലോകരാജ്യങ്ങളില്‍ ഒരു പ്രസക്തിയും ഇല്ല. അതുകൊണ്ടാണ് 'Anthroposcene' നൊപ്പം 'Capitaloscene' ഉം ഗൗരവമായി എടുക്കണം എന്ന് Jeorge Rieger പോലെയുള്ളവര്‍ വാദിക്കുന്നത്. ഉദാഹരണത്തിന് ഗ്ലോബല്‍ വാമിംഗ് ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന CO2 ബഹിര്‍ഗമനത്തിന്റെ 71% വും ലോകത്തിലെ 100 കോര്‍പ്പ റേറ്റുകളുടെ സാമ്പത്തിക താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. 0.3% മാത്രം ബഹിര്‍ഗമനം നടത്തുന്ന ബംഗ്ലാദേശിന്റെ ഗണ്യമായ ഭാഗം 2050 ആകുമ്പോഴേക്കും വെള്ളത്തിനടിയിലാകും എന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. ഇതാണ് പരിസ്ഥിതി വിഷയങ്ങളിലെ ആഗോള വടക്ക് തെക്ക് വിടവ് (divide). അതുകൊണ്ടാണ് നീതിയുടെ പരിപ്രേക്ഷ്യം പരിസ്ഥിതി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അനിവാര്യമാകുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ തന്നെ എല്ലാ പ്രശ്‌നങ്ങളുടെയും കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളാണെന്നും വികസ്വരരാജ്യങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല എന്നുമുള്ള കാഴ്ചപ്പാടിന് പ്രസക്തിയില്ല. നമ്മുടെ പ്രധാന പ്രശ്‌നം പട്ടിണിയാണെന്നും അത് മാറ്റുവാന്‍ വികസനം അനിവാര്യമാണെന്നും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒരു 'ലക്ഷ്വറി'യാണെന്നുമുള്ള നിലപാടുകള്‍ നിലനില്‍ക്കുന്നതല്ല. ഇതിന് കാരണം പട്ടിണി ഉള്‍പ്പെടെയുള്ള സാമ്പത്തിക അസമത്വം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുപോലെ തന്നെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പട്ടിണി ഉള്‍പ്പെടെയുള്ള സാമ്പത്തിക അസമത്വം ഉണ്ടാക്കുകയും അത് കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് എല്ലാ വന്‍കിട പദ്ധതികളുടെയും ആദ്യത്തെ ഇരകള്‍ പാവപ്പെട്ടവരും ദളിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും അവരിലെ സ്ത്രീകളും ഒക്കെയാണ്. മുതലാളിത്ത വികസനത്തിന്റെ ഇരകളാണ് പരിസ്ഥിതിയും പാവപ്പെട്ടവരും. ഈ പാരസ്പര്യം പ്രധാനമാണ്. വിമോചന ദൈവശാസ്ത്രവും ആദ്യകാലങ്ങളില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെ ഗൗരവമായി എടുത്തിരുന്നില്ല. സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളെ മാത്രമാണ് അത് ഗൗരവമായി എടുത്തത്. എന്നാല്‍ പ്രകൃതിയുടെയും ദരിദ്രരുടെയും പ്രശ്‌നങ്ങള്‍ പരസ്പരബന്ധിതം ആണെന്നുള്ള തിരിച്ചറിവ് വിമോചന ദൈവശാസ്ത്രത്തെയും ഒരു ഹരിത പന്ഥാവില്‍ സഞ്ചരിക്കുവാന്‍ പ്രേരിപ്പിച്ചു. എന്റെ 'ഗ്രീന്‍ ലിബറേഷന്‍' ഒക്കെ ആ വഴിക്കുള്ള സഞ്ചാരമായിരുന്നു.
ഇടതുമനസ്സുള്ള സഭാധ്യക്ഷനാണ് അങ്ങ് എന്നു പൊതുവെ പറയാറുണ്ട്. ശരിയാണോ? എന്താണ് ഈ ഇടതുപക്ഷ മനോഭാവം?
ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് ഫ്രഞ്ച് നാഷണല്‍ അസംബ്ലിയില്‍ ഇടതുവശത്ത് ഇരുന്നവര്‍ രാജവാഴ്ചയെ എതിര്‍ത്തു വിപ്ലവത്തെ അനുകൂലിച്ചവരായിരുന്നു. വലതുവശത്ത് ഇരുന്നവര്‍ രാജവാഴ്ചയെ അനുകൂലിച്ചവരും. അന്നുമുതലാണ് ഇടതുപക്ഷം എന്നും വലതുപക്ഷം എന്നുമുള്ള വേര്‍തിരിവ് പ്രചാരത്തിലായത്. പൊതുവേ ഇടതുപക്ഷം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് തുല്യതയിലും സമത്വത്തിലും നീതിയിലും അടിസ്ഥാനമുള്ള ഒരു സമൂഹത്തിനുവേണ്ടി ജനകീയ ജനാധിപത്യപക്ഷത്തു നില്‍ക്കുന്നവരെയാണ്. അത് സമൂഹത്തിലെ മര്‍ദിതരുടെയും ദരിദ്രരുടെയും പക്ഷമാണ്. ആ അര്‍ത്ഥത്തിലാണ് ഞാന്‍ ഇടതുപക്ഷത്താണ് എന്ന് പറയുന്നത്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിലും സോഷ്യലിസത്തിലും മതേതരത്വത്തിലും വിശ്വസിക്കുകയും അതിനുവേണ്ടി നിലപാട് എടുക്കുന്നവരെയുമാണ് പൊതുവേ ഇടതുപക്ഷം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്ന് മുഖ്യധാര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മിക്കവാറും എല്ലാം ആശയപരമായി ഇടതുപക്ഷത്തു നിന്ന് വ്യതിചലിച്ച് വലതുപക്ഷത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മൂലധന ശക്തികള്‍ നിയന്ത്രിക്കുന്ന നിയോലിബറല്‍ സാമ്പത്തിക ക്രമത്തിന് അവരും കീഴടങ്ങി കഴിഞ്ഞു. ഒട്ടുമിക്കവാറും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന് സാധാരണക്കാരെയും കീഴാള സമൂഹങ്ങളെയും എന്തിന് തൊഴിലാളി വര്‍ഗത്തെ പോലും കൈവിട്ട് മധ്യവര്‍ഗങ്ങളെയും ഉപരിവര്‍ഗങ്ങളെയും വരേണ്യ ജാതിക്കാരെയും എല്ലാം പ്രീണിപ്പിക്കുകയും മുതലാളിമാരുടെയും അവരുടെ സമ്പത്തിന്റെയും നിയന്ത്രണത്തില്‍ ആവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് അടുത്തകാലത്തായി ഇടതുപക്ഷത്താണ് എന്ന് പറയുവാന്‍ ഞാന്‍ മടിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ കാലത്ത് 'ഇരപക്ഷ'ത്താണ് ഞാന്‍ എന്ന് ഉറച്ചു വിശ്വസിക്കുന്നത്. എന്നെ എല്ലാക്കാര്യത്തിലും എന്നപോലെ ഇക്കാര്യത്തിലും നയിക്കുന്നത് യേശുക്രിസ്തുവിന്റെ ആദര്‍ശങ്ങളും ജീവിതവുമാണ്. അതാവട്ടെ അടിമുടി സാമ്രാജ്യത്വ, മുതലാളിത്ത വിരുധവും ദരിദ്ര/മര്‍ദിതപക്ഷവും ആയിരുന്നു. ആ അര്‍ത്ഥത്തിലാണ് ഇടതുപക്ഷം എന്ന് ഞാന്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഞാന്‍ മേല്‍ സൂചിപ്പിച്ചതുപോലെ ഇന്നത്തെ സാഹചര്യങ്ങളില്‍ ഇരപക്ഷത്താണെന്ന് പറയുന്നതാണ് കൂടുതല്‍ സാംഗത്യം എന്ന് വിശ്വസിക്കുന്നു.
കേരളത്തില്‍ സുഗതകുമാരിയും മറ്റും നേതൃത്വം നല്‍കിയ ഒരു പരിസ്ഥിതി മുന്നേറ്റമുണ്ടായിരുന്നു. പില്‍ക്കാലത്ത്, അതൊരുതരം പരിസ്ഥിതിതീവ്രവാദവും കാല്‍പനികവാദവും വികസനവിരുദ്ധവുമായിരുന്നുവെന്ന വിമര്‍ശനവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍, വന്യമൃഗങ്ങള്‍ പെരുകുന്നു, മനുഷ്യരെ കൊല്ലുന്നു, കൃഷിനാശമുണ്ടാക്കുന്നു എന്ന സ്ഥിതി വന്നിട്ടുണ്ട്. ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു?
സൈലന്റ് വാലി മുന്നേറ്റങ്ങളൊക്കെ കേരളത്തില്‍ പാരിസ്ഥിതിക അവബോധവും പ്രതിബദ്ധതയും ഉണ്ടാക്കുന്നതില്‍ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ പരിസ്ഥിതി പ്ര സ്ഥാനങ്ങളെയും അതിനു നേതൃത്വം നല്‍കുന്നവരെയും അപഗ്രഥിച്ചാല്‍ വിവിധ ധാരകള്‍ ഉണ്ട് എന്ന് നമുക്ക് മനസ്സിലാകും. വലതുപക്ഷ/മുതലാളിത്ത അജണ്ടകളോടെ വളരെ കാല്പനികമായി പരിസ്ഥിതി വിഷയങ്ങളെ സമീപിക്കുന്ന ഒരു ധാരയുണ്ട്. നമ്മുടെ രാജ്യത്ത് മേനകാഗാന്ധിയെ പോലെയുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന ധാര ഇതാണ്. മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍, ഇടതുപക്ഷ കാഴ്ചപ്പാടില്‍ മുതലാളിത്ത വ്യവസ്ഥിതിയെ വിമര്‍ശിക്കുന്ന ധാരയും ഉണ്ട്. എന്നാല്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ അതിനപ്പുറത്തേക്ക് പോ കേണ്ടിയിരിക്കുന്നു. കാരണം ഇവിടത്തെ പരിസ്ഥിതിയുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം അനീതിയുടെ പ്രശ്‌നങ്ങള്‍ക്കും നിദാനം ആയിരിക്കുന്നത് ജാതീയതയാണ്. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഭൂപ്രശ്‌നമാണ്. ഭൂമിയുടെ ജാതി പ്രശ്‌നം അഭിമുഖീകരിക്കാതെ ഇന്ത്യയില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഒരു കീഴാള മുഖം, ഒരു സബാള്‍ടെണ്‍ കാഴ്ചപ്പാട് വളരെ അത്യാവശ്യമാണ്. ഇതൊരു ജൈവരാഷ്ട്രീയം ആണ്. ഭൂമിയെ സംരക്ഷിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം മണ്ണിനെ അറിയുന്നവര്‍ക്ക് മണ്ണിന്റെ ഉടമസ്ഥാവകാശം കൊടുക്കുക എ ന്നുള്ളതാണ്. കടല്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അതിന്റെ ഉടമസ്ഥാവകാശം ഉണ്ടാവണം. വനം സംരക്ഷിക്കപ്പെടണമെങ്കില്‍ കാടിനെ അറിയുന്ന ആദിവാസികള്‍ക്ക് അതിന്റെ ഉടമസ്ഥാവകാശം ഉണ്ടാവണം. എന്നാല്‍ ഇന്ന് മണ്ണും കടലും വനവുമെല്ലാം അതിന്റെ യഥാര്‍ത്ഥ ഉടമകളില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട്, ഇവിടുത്തെ 'മേല്‍ജാതി' ക്കാരും കോര്‍പ്പറേറ്റുകളും കൈവശപ്പെടുത്തിയിരിക്കുന്നു. ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കണമെങ്കില്‍ ജാതിക്കെതിരെയുള്ള പോരാട്ടം അതുമായി ബന്ധിപ്പിക്കപ്പെടണം. കേരളത്തിലെ ഭൂസമരങ്ങളൊക്കെ അതുകൊണ്ടുതന്നെ എന്റെ വീക്ഷണത്തില്‍ പരിസ്ഥിതി സമരങ്ങളാണ്. ജാതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ പ്രകൃതിയെ സംരക്ഷിക്കുവാനുള്ള പോരാട്ടങ്ങള്‍ കൂടെയാണ്. വന്ദന ശിവയും സുഗതകുമാരിയും ഒക്കെ അറിഞ്ഞോ അറിയാതെയോ കാണാന്‍ വിസമ്മതിച്ച ജൈവരാഷ്ട്രീയം പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. അതുകൊണ്ട് മുഖ്യധാര ഇടത്/വലത് പരിസ്ഥിതി ധാരകള്‍ക്ക് അപ്പുറത്തേക്ക് കീഴാള സമൂഹങ്ങള്‍ക്ക് ഭൂമിയും വനവും കടലും ഒക്കെ ലഭ്യമാകുന്ന ഒരു പാരിസ്ഥിതിക മുന്നേറ്റമാണ് നമുക്ക് ആവശ്യം. കേവലം പ്ലാസ്റ്റിക് നിരോധനവും, ഡിസ്‌പോസിബിള്‍ സാധനങ്ങളുടെ ഉപയോഗവും, റീസൈക്ലിംഗും മാത്രമല്ല പരിസ്ഥിതി രാഷ്ട്രീയം. അതിനപ്പുറത്തേക്ക് പ്രകൃതിയുമായി ഇണങ്ങിക്കഴിയുന്ന കീഴാള സമൂഹങ്ങള്‍ക്ക് ഭൂമിയുടെയും കടലിന്റെയും വനത്തിന്റെയും ജൈവസമ്പത്തിന്റെയും ഉടമസ്ഥത ഉറപ്പാക്കുന്ന ജൈവ രാഷ്ട്രീയമാണ് നമുക്കാവശ്യം. വിഴിഞ്ഞം തുറമുഖ പ്രശ്‌നത്തിലാവട്ടെ, സില്‍വര്‍ ലൈന്‍ വിഷയത്തിലാവട്ടെ, ക്രൈസ്തവസഭകളും മുഖ്യധാര പ്രസ്ഥാനങ്ങളും ഒക്കെ എടുക്കുന്ന നിലപാടുകള്‍ പാവപ്പെട്ടവര്‍ക്കും പ്രകൃതിക്കും വിരുദ്ധമായ നിലപാടുകളാണ്. മഹാപ്രളയം അവിചാരിതമായി സംഭവിക്കുന്ന ഒന്നല്ല. നമ്മള്‍ 'വികസനം' എന്ന് വിളിക്കുന്ന പ്രകൃതി നശീകരണം ഉണ്ടാക്കുന്ന ദുരന്തങ്ങളാണത്. പക്ഷേ ഇനിയും പാഠം പഠിക്കുവാന്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സഭകളോ ഒന്നും തയ്യാറാവുന്നില്ല.
വിമോചനദൈവശാസ്ത്രത്തിന് ഇനി എന്തുമാത്രം പ്രസക്തിയുണ്ട്?
മുതലാളിത്തം ഉള്ള കാലത്തോളം മാര്‍ക്‌സിസത്തിന് പ്രസക്തിയുണ്ട് എന്ന് പറയുന്നതുപോലെ അടിമത്വവും അസ്വാതന്ത്ര്യവും ഉള്ളിടത്തോളം കാലം വിമോചന ദൈവശാസ്ത്രത്തിനും സാംഗത്യം ഉണ്ട്. 1970-കളില്‍ ലാറ്റിനമേരിക്കയില്‍ ഉദയംകൊണ്ട വിമോചന ദൈവശാസ്ത്രത്തിന് അതേപടി നിലനില്‍പ്പുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ലാറ്റിന്‍ അമേരിക്കയിലെ ലിബറേഷന്‍ തിയോളജി പല രൂപമാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും അവിടുത്തെ പ്രത്യേക സാഹചര്യങ്ങള്‍ അനുസരിച്ച് തദ്ദേശീയമായ വിമോചന ദൈവശാസ്ത്ര ധാരകള്‍ ഉണ്ടായിട്ടുണ്ട്. കറുത്ത ദൈവശാസ്ത്രം, സ്ത്രീ വിമോചന ദൈവശാസ്ത്രം, Minjung തിയോളജി തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇന്ത്യയിലെ ദളിത് ദൈവശാസ്ത്രം, ആദിവാസി ദൈവശാസ്ത്രം തുടങ്ങിയ ദൈവശാസ്ത്രധാരകള്‍ വിമോചന ദൈവശാസ്ത്രത്തിന്റെ കാലികവും തദ്ദേശീയവുമായ ആവിഷ്‌കാരങ്ങളാണ്. അവ ഇന്നും സജീവമായും സക്രിയമായും നിലനില്‍ക്കുന്നു. അതുകൊണ്ട് വിമോചന ശാസ്ത്രം ഇന്നും പ്രസക്തമാണ് എന്ന് മാത്രമല്ല സാമ്രാജ്യത്വവും നവ കൊളോണിയലിസവും മുതലാളിത്തവും ആണ്‍കോയ്മയും വര്‍ണ്ണ വെറിയും ജാതീയതയും സാമൂഹിക സാമ്പത്തിക അസമത്വവും ദാരിദ്ര്യവും കാലാവസ്ഥ അനീതിയും ഒക്കെ ശക്തമാകുന്ന ഒരു കാലത്ത് വിമോചന ദൈവശാസ്ത്രത്തിന് മാത്രമേ പ്രസക്തിയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
രാജ്യം ഫാഷിസ്റ്റ് പ്രവണതകള്‍ പ്രകടമാക്കുന്നതായി പൊതുവെ പറയുന്നുണ്ട്. അപകടകരമായ വിധത്തില്‍ വര്‍ഗീയധ്രുവീകരണം സംഭവിച്ചതായി സി ബി സി ഐ കഴിഞ്ഞ സമ്മേളനത്തിന്റെ സമാപനപ്രസ്താവനയില്‍ വിലയിരുത്തി. നമ്മുടെ രാജ്യം എങ്ങോട്ടാണെന്ന ആശങ്കയുണ്ടോ? ഇതിനോടുള്ള ക്രൈസ്തവസമൂഹത്തിന്റെ പ്രതികരണം എന്തായിരിക്കണം?
വളരെ ഗൗരവതരമായ ഒരു പ്രശ്‌നമാണ് ഈ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത്. Lawrence Britt എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ഫാഷിസത്തിന്റെ 14 സൂചനകളെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ആ പഠനത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിലെ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ അഭി പ്രായപ്പെടുന്നത് ഭാരതത്തില്‍ ഈ 14 സൂചനകളും അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നാണ്. എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഫാഷിസം പിടിമുറുക്കി കഴിഞ്ഞു എന്നാണ്. നമ്മുടെ ഭരണഘടന മൂല്യങ്ങള്‍ എല്ലാം അട്ടിമറിക്കപ്പെടുന്നു. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റുവാനാണ് മനുവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വെറുപ്പിന്റെയും സംശയത്തിന്റെയും വിദ്വേഷത്തിന്റെ സംസ്‌കാരം ഇന്ന് നമ്മുടെമേല്‍ അടിച്ചേല്പിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. അവരുടെ നിലനില്‍പ്പ് തന്നെ അപകട ഭീഷണിയിലാണ്. പൗരത്വം പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ ആകുന്നു. സംവരണം അട്ടിമറിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. സവര്‍ണ്ണ ദേശീയത പിടിമുറുക്കുന്നു. ക്രിസ്ത്യാ നികളും മിഷണറിമാരും പീഡിപ്പിക്കപ്പെടുന്നു. ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഏറ്റവും ഒടുവില്‍ മണിപ്പൂരിലാണ് ഇത് നാം കണ്ടത്. സാഹചര്യങ്ങള്‍ ഇത്രയും രൂക്ഷമായിട്ടും പല ക്രൈസ്തവ സഭകളും നേതാക്കളും അതിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടില്ല. ഒരു ഫാഷിസ്റ്റ് വ്യവസ്ഥിതിയില്‍ സഭകള്‍ എങ്ങനെയായിരിക്കരുത് എന്ന് ഹിറ്റ്‌ലറിന്റെ നാസി പീഡനസമയത്ത് ക്രൈസ്തവസഭകള്‍ തെളിയിച്ചപ്പോള്‍ എങ്ങനെ ആയിരിക്കണം എന്ന് ഡീട്രിച്ച് ബോനോഫറെ പോലെയുള്ള യഥാര്‍ത്ഥ ക്രിസ്തുശിഷ്യരും കാണിച്ചുതന്നു. എന്നാല്‍ ഇന്ത്യയില്‍ ഫാഷിസം പിടിമുറുക്കുമ്പോഴും മുഖ്യധാര ക്രൈസ്തവ സഭകളും നേതാക്കളും തങ്ങളുടെ സവര്‍ണ്ണ മിഥ്യാബോധം കൊണ്ടോ, തങ്ങളുടെ സാമ്പത്തിക വ്യവസ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുവാനോ നിശ്ശബ്ദത പാലിച്ചും അധികാരശക്തികളെ പ്രീതിപ്പെടുത്തിയും അവരെ പിന്തുണയ്ക്കുകയാണ്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ കാലത്ത് ഇങ്ങനെ നിലപാടെടുത്തവരോട് 'മാര്‍ട്ടിന്‍ നീമ്യോള്ളര്‍' പറഞ്ഞത് ഇവിടെയും പ്രസക്തമാണ്.
മെത്രാന്‍ പദവിയില്‍ നിന്ന് അറുപതു വയസ്സിനു മുമ്പേയുള്ള രാജി അപൂര്‍വതയാണ്. ഇനി വിശ്രമജീവിതമല്ല, സാമൂഹ്യസേവനം ഉദ്ദേശിക്കുന്നുണ്ടെന്നും അങ്ങു പറഞ്ഞിട്ടുണ്ട്. മെത്രാന്റെ അധികാരവും സൗകര്യങ്ങളും ഉള്ളതല്ലേ കൂടുതല്‍ കാര്യക്ഷമ മായ സാമൂഹ്യസേവനത്തിനു നല്ലത്?
മെത്രാന്‍ പദവിയില്‍ നിന്ന് രാജിയായിരുന്നില്ല, വിരമിക്കലായിരുന്നു. മെത്രാന്റെ പദവിയും അധികാരവും ഒഴിയുക എന്നുള്ളത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല. വളരെ ആലോചിച്ചും പ്രാര്‍ത്ഥിച്ചും കൈക്കൊണ്ട തീരുമാനമായിരുന്നു അത്. എത്ര ചെറിയ അധികാരം ആയാലും അതാരെയും ദുഷിപ്പിക്കുവാന്‍ ശക്തിയുള്ളതാണ്. അധികാരത്തിലിരുന്ന് സാമൂഹ്യസേവനം ചെയ്യുമ്പോള്‍ അതിന് ചില അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും എന്നത് ശരിയാണ്. അത് ഞാനും പരമാവധി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ മറുവശം അധികാര ഘടനകളിലെ അധാര്‍മ്മിക പ്രവണതകളുമായി സമരസപ്പെടുവാനും നിശ്ശബ്ദമായിരിക്കുവാനും അത് നമ്മളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. അതിന് കഴിയില്ല എന്ന ഒരു പ്രഖ്യാപനം കൂടെയാണ് അധികാരത്തില്‍ നിന്നുള്ള വിരമിക്കല്‍. കുഞ്ഞാമന്‍ സാര്‍ തന്റെ ആത്മകഥയായ 'എതിര്' എന്ന പുസ്തകത്തില്‍ നോം ചോംസ്‌കിയുടെ 'പവര്‍ ഓഫ് ഡെമോക്രസി' എന്ന പുസ്തകത്തിലെ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട്. അധികാരമാണ് പ്രശ്‌നം. അധികാര വികേന്ദ്രീകരണം പോലും അതിന് പരിഹാരമല്ല. അധികാരത്തിന്റെ ഇല്ലാതാകലാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. ആദര്‍ശ കമ്മ്യൂണിസത്തില്‍ സ്റ്റേറ്റ് പോലും കൊഴിഞ്ഞു പോകുന്നതുപോലെ. യേശുക്രിസ്തു സര്‍വ അധികാരങ്ങളും ത്യജിച്ചുകൊണ്ടാണ് ശുശ്രൂഷ ചെയ്തത്. അതുകൊണ്ട് 'Power to serve' എന്ന് പറയുന്നതുപോലും ഒരു വിരോധാഭാസമാണ്. ശുശ്രൂഷയ്ക്ക് എന്തിനാണ് അധികാരം? ഈ അധികാരമില്ലായ്മയുടെ പാരമ്യമാണ് കുരിശില്‍ നാം കാണുന്നത്. Kosuke Koyama യുടെ 'No Handle on the Cross' എന്ന കൃതിയില്‍ പറയുന്നതുപോലെ ഒരു അധികാരവും സുരക്ഷയും യേശുവിന്റെ കുരിശില്‍ ഉണ്ടായിരുന്നില്ല. എല്ലാ അധികാരങ്ങളും സ്വയം ഒഴിഞ്ഞാണ്, സ്വയം ശൂന്യവല്‍ക്കരണത്തിലൂടെയാണ് യേശുക്രിസ്തു സേവനം ചെയ്തത്. അതുകൊണ്ടാണ് അനീതിയോടും അധര്‍മ്മത്തോടും നിരന്തരം കലഹിക്കുവാനും പ്രതിഷേധിക്കുവാനും യേശുക്രിസ്തുവിന് സാധിച്ചത്. സഭകള്‍ക്കുള്ളിലും പുറത്തുമുള്ള അഴിമതിക്കും അസമത്വത്തിനും അനീതിയുടെ ഘടനകള്‍ക്കും ധാര്‍മ്മിക ച്യുതിക്കും എതിരെ നിരന്തരം കലഹിക്കുവാനും പ്രതിഷേധിക്കുവാനും 'എപ്പോഴും പ്രതിപക്ഷത്തിരിക്കുവാനും' അധികാരമില്ലായ്മ സഹായിക്കും.
കേരളസഭയില്‍ സഭാഭേദമെന്യേ മെത്രാന്മാര്‍ ആകുന്നവര്‍ നിരവധി പതിറ്റാണ്ടുകള്‍ ഒരേ രൂപതയില്‍ അതേ പദവിയിലിരിക്കുന്നതാണ് പതിവ്. ഇത് ഏതെങ്കിലും തരത്തില്‍ സഭാസമൂഹത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ?
ഒരു പദവിയും ശാശ്വതമാകരുത് എന്നാണ് എന്റെ വ്യക്തിപരമായ പക്ഷം. 'അധികാരം ദുഷിപ്പിക്കും; അമിതാധികാരം അമിതമായി ദുഷിപ്പിക്കും' എന്ന ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഏതു മേഖലയിലും റിട്ടയര്‍മെന്റ്, സ്ഥലംമാറ്റം എന്നിവയുള്ളതുപോലെ പൗരോഹിത്യത്തിന്റെ വിവിധ ശ്രേണികളിലും അത് നടപ്പിലാക്കുന്നതാണ് അഭികാമ്യം. ഒരു രൂപതയില്‍ തന്നെ ഒരു മെത്രാന്‍ ആയുഷ്‌ക്കാലം മുഴുവന്‍ ഇരിക്കുമ്പോള്‍ വിശ്വാസി സമൂഹത്തിന് മാറ്റത്തിനുള്ള ഒരു ചോയ്‌സ് ഇല്ലാതാവുകയാണ്. മെത്രാന്മാരെ തിരഞ്ഞെടുക്കുവാനും മാറ്റുവാനുമൊക്കെ ജനങ്ങള്‍ക്ക് അധികാരം ഉണ്ടാവണം. ഇന്ന് പല സഭകളിലും ഈയൊരു സംവിധാനം ഇല്ലാത്തതുകൊണ്ട് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. മെത്രാധിപത്യം ജനാധിപത്യത്തിന് വഴിമാറണം. എന്നാല്‍ നിലവില്‍ മെത്രാധിപത്യം കൂടുതല്‍ ശക്തമാകുന്ന കാഴ്ചകളാണ് പല സഭകളിലും കാണുന്നത്. ഇതിന് ഒരു മാറ്റം വന്നേ തീരു.
ഫ്രാന്‍സിസ് മാര്‍പാപ്പയെ ശ്രദ്ധിക്കാറുണ്ടോ? പരിസ്ഥിതിക്കു പുറമെ എല്‍ ജി ബി ടി, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലും ക്രൈസ്തവസമൂഹത്തിന്റെ മുഖ്യധാരക്ക് അത്ര യോജിപ്പില്ലാത്ത നിലപാടുകള്‍ പാപ്പ സ്വീകരിച്ചിട്ടുണ്ടല്ലോ. അതിനെയൊക്കെ എങ്ങനെ കാണുന്നു?
ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വലിയ പ്രതീക്ഷയാണ്. ഇരുള്‍മൂടിയ ലോകത്തിനും സഭകള്‍ക്കും ഒരു വലിയ വഴിവിളക്ക് തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യക്തിപരമായി ഞാന്‍ വലിയ ആവേശത്തോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നത്. ഇതിനകം മൂന്നുപ്രാവശ്യം വിശുദ്ധ പിതാവിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഒരു വേളയില്‍ അദ്ദേഹത്തിന്റെ ഒരു ചാക്രിക ലേഖനത്തെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു ലേഖനവും അദ്ദേഹത്തിന് നേരിട്ട് കൈമാറുവാന്‍ ഭാഗ്യം ഉണ്ടായി. അദ്ദേഹത്തിന്റെ ചാക്രിക ലേഖനങ്ങളും പ്രസംഗങ്ങളും പ്രസ്താവനകളും എല്ലാം ഇന്ന് ലോകം ആകാംക്ഷയോടെയാണ് വരവേല്‍ക്കുന്നത്. തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി പല വിഷയങ്ങളിലും സാമൂഹ്യനീതിയിലും സാമ്പത്തികനീതിയിലും പാരിസ്ഥിതികനീതിയിലും അടങ്ങിയ പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തുന്നത്. പ്രത്യേകിച്ച് മുതലാളിത്ത സാമ്രാജ്യത്തെ/ശക്തികളെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നത് വലിയ വിവാദങ്ങള്‍ ആകാറുണ്ട്. വിവാദ വിഷയങ്ങളായ ഇസ്ലാമോഫോബിയ, ലൈംഗിക ന്യൂനപക്ഷങ്ങള്‍, കാലാവസ്ഥ മാറ്റം, അഭയാര്‍ത്ഥി പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പ ഇരകള്‍ക്കൊപ്പം നിലപാട് എടുക്കുന്നു. പാവപ്പെട്ടവരോടും വിവേചനം അനുഭവിക്കുന്നവരോടുമുള്ള അദ്ദേഹത്തിന്റെ കരുതല്‍, പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ, ഇതെല്ലാം അദ്ദേഹം ആരുടെ പേര് സ്വീകരിച്ചുവോ ആ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ഒരു കയ്യൊപ്പ് നമുക്ക് കാണുവാന്‍ സാധിക്കുന്നു. അതിലുപരിയായി യേശുക്രിസ്തുവിന്റെ ഒരു സ്പര്‍ശം ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ ജനങ്ങള്‍ അനുഭവിക്കുന്നു. ഇത് പറയുമ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ നിശ്ശബ്ദത കൊണ്ടോ അല്ലാതെയോ പരമ്പരാഗത നിലപാടുകള്‍ തുടരുന്ന പല വിഷയങ്ങളും ഉണ്ട്. വൈദികരുടെ വിവാഹം, സ്ത്രീകളുടെ പൗരോഹിത്യം, തുടങ്ങിയ വിഷയങ്ങള്‍ ഉദാഹരണങ്ങളാണ്. അധികാരത്തിന്റെ പരിമിതികളും ചില വിഷയങ്ങളിലുള്ള അത്ര പുരോഗമനപരമല്ലാത്ത കാഴ്ചപ്പാടുകളും ഫ്രാന്‍സിസ് മാര്‍പാപ്പയിലും കാണുവാന്‍ സാധിക്കും. അല്ലെങ്കിലും ഡോക്ടര്‍ അംബേദ്കര്‍ പറഞ്ഞതുപോലെ 'ഒരു വിപ്ലവകാരിയും ബിഷപ്പ് ആകുന്നില്ലല്ലോ. അതുകൊണ്ടുതന്നെ ഒരു ബിഷപ്പും വിപ്ലവകാരിയും ആകുന്നില്ല.'
വ്യക്തിപരമായ എന്റെ അഭിപ്രായം മുഖ്യധാര എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ ഇന്ന് ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ഉപരി, ദര്‍ശനപരമായും, പ്രവാചക പ്രതിബദ്ധതയുടെ കാര്യത്തിലും, നേതൃത്വത്തിന്റെ മേഖലയിലുമൊക്കെ ഒരുതരം പാപ്പരത്വം (bankruptcy) പ്രസ്ഥാനങ്ങള്‍ നേരിടുന്നുണ്ട്. ഒരു മുന്നേറ്റം ആകേണ്ട എക്യൂമെനിസം ഇന്നൊരു സ്ഥാപനമായി മാറിയിരിക്കുന്നു. ഒരുപക്ഷേ ദൈവശാസ്ത്രപരമായി പോലും ഒരു പാരഡൈം ഷിഫ്റ്റ് ആവശ്യമായിരിക്കുന്നു. 'Conciliar Unity' എന്ന ലക്ഷ്യത്തില്‍ നിന്ന് വൈവിധ്യത്തിന്റെ മനസ്സിലേക്ക് (Ecumenism of Manyness) എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ബഹുസ്വരതയും നീതിയും സാകല്യവും എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാവണം. യൂറോപ്യന്‍ കേന്ദ്രീകൃതവും, പുരുഷ കേന്ദ്രീകൃതവും, പൗരോഹിത്യ കേന്ദ്രീകൃതവുമായ നേതൃത്വവും എക്യുമെനിക്കല്‍ പ്രസ്ഥാനത്തെ പിന്നോട്ട് അടിക്കുന്നു. 'Ecumenism of the Margins' ആവണം ഭാവിയുടെ എക്യുമെനിക്കല്‍ പ്രസ്ഥാനം
തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നു പോലും അങ്ങയുടെ ഭാവിപദ്ധതികളെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അത് അങ്ങു നിഷേധിച്ചിട്ടുമുണ്ട്. ഏതു തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനമായിരിക്കും ഇനി നടത്തുക?
പാര്‍ട്ടി രാഷ്ട്രീയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും ഒന്നും എന്റെ ചായക്കപ്പല്ല എന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. നവ സാമൂഹിക പ്രസ്ഥാനങ്ങളില്‍ സജീവമാകുവാന്‍ ആഗ്രഹിക്കുന്നു. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവഗണിക്കുന്ന പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടുവാനാണ് എന്റെ ആഗ്രഹം. അത് ഇരകള്‍ക്കൊപ്പം ഉള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി ഞാന്‍ കാണുന്നു. 'വികസനത്തിന്റെ' ഇരകള്‍ക്കൊപ്പം നില്‍ക്കുവാനാണ് എന്റെ ആഗ്രഹം. ഭൂസമരങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ഇരകള്‍, വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്നവര്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകള്‍, സഭയ്ക്കകത്തും പുറത്തും ജാതിയുടെയും മറ്റ് പലതിനെയും പേരില്‍ വിവേചനം അനുഭവിക്കുന്നവര്‍, മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍... അങ്ങനെ നിരവധി പോരാട്ടമുഖങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്. അവിടെയൊക്കെ എന്റെ ചെറിയ സാന്നിധ്യവും ചെറിയ ശബ്ദവും ഉണ്ടാകും. ദൈവം ശക്തി തരുന്നിടത്തോളം.