മതതീവ്രവാദികള്‍ക്ക് യേശുവിനെ മനസ്സിലാക്കാനാവില്ല

മതതീവ്രവാദികള്‍ക്ക് യേശുവിനെ മനസ്സിലാക്കാനാവില്ല

എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ നിറവിലാണ് എഴുത്തുകാരന്‍ സക്കറിയ. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണു കേരളത്തിന്റെ സമുന്നതമായ ഈ ആദരവ് സക്കറിയയ്ക്കു നല്‍കുന്നത്. 1979 ല്‍ തന്നെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സക്കറിയയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഒ.വി. വിജയന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേരത്തെ ലഭിച്ചിട്ടുണ്ട്.
മീനച്ചില്‍ താലൂക്കിലെ ഉരുളികുന്നത്തു ജനിച്ച സക്കറിയ വിളക്കുമാടം സെ. ജോസ ഫ്‌സ് സ്‌കൂള്‍, മൈസൂരിലെ സെ. ഫിലോമിനാസ് കോളേജ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പഠിച്ചു. വിദ്യാഭ്യാസത്തിനു ശേഷം, കാഞ്ഞിരപ്പള്ളി സെ. ഡൊമിനി ക്‌സ് കോളേജില്‍ കുറച്ചു കാലം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് പൂര്‍ണമായും എഴുത്തില്‍ മുഴുകി. മലയാളസാഹിത്യത്തില്‍ ശ്രദ്ധേയമായ സ്ഥാനമുള്ളവയാണ് അദ്ദേഹത്തിന്റെ നിരവധി ചെറുകഥകളും നീണ്ടകഥകളും. ഒരിടത്ത്, ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും, എന്തുണ്ടു വിശേഷം പീലാത്തോസേ?, കണ്ണാടി കാണ്മോളവും, പ്രെയ്‌സ് ദ ലോര്‍ഡ്, ബുദ്ധിജീവികളെ കൊണ്ട് എന്തു പ്രയോജനം, ഒരു ആഫ്രിക്കന്‍ യാത്ര, ജോസഫ് ഒരു പുരോഹിതന്‍, ഉരുളികുന്നത്തിന്റെ ലുത്തിനിയ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍.
മലയാളഭാഷയുടെയും ഭാവനയുടെയും ഭാവുകത്വത്തെ തന്റെ സര്‍ഗപ്രക്രിയകളിലൂടെ നവീകരിച്ച സക്കറിയ നമ്മുടെ സമൂഹത്തെ ജാഗ്രതയോടെ നിരീക്ഷിക്കുകയും നിശിതമായി വിലയിരുത്തുകയും ചെയ്തു വരുന്നു. മതവും രാഷ്ട്രീയവും മാധ്യമങ്ങളുമെല്ലാം സക്കറിയയുടെ വിമര്‍ശനങ്ങള്‍ക്കു നിരന്തരം വിധേയമാകുന്നു.
എഴുത്തച്ഛന്‍ പുരസ്‌കാരലബ്ധിയുടെ പശ്ചാത്തലത്തില്‍, സത്യദീപത്തിന്റെ ചോദ്യങ്ങളോടു പ്രതികരിക്കുകയാണ് ഇവിടെ സക്കറിയ.

? സാമൂഹിക വിമര്‍ശകരെ കൊണ്ട് എന്താണു പ്രയോജനം?
വിമര്‍ശനങ്ങള്‍ സ്വതന്ത്രവും സത്യസന്ധവും പുരോഗമനാത്മകവും ആണെങ്കില്‍ അവ കുറച്ചു പൗരന്മാരെയെങ്കിലും സ്വന്തം സമൂഹത്തെ അല്പം കൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും. അടിസ്ഥാനമൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതും, വസ്തുതാപരവും, പ്രതിലോമകാരികളായ അജണ്ടകളില്ലാത്തവയുമായ വിമര്‍ശനങ്ങള്‍ക്കേ നന്മ ചെയ്യാന്‍ കഴിയൂ. ഉദാഹരണമായി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും ഭരണഘടനയുടെയും അടിസ്ഥാനമൂല്യങ്ങളുടെ വെളിച്ചത്തിലല്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തെ മറ്റെങ്ങനെയാണ് വിമര്‍ശിക്കുക? ഭരണകൂടങ്ങളുടെ അന്യായങ്ങളെയും വഞ്ചനകളെയും കെടുകാര്യസ്ഥതയെയും അഴിമതിയെയും കുറിച്ച് നാം വാചാലരാകുന്നു – അല്ലെങ്കില്‍ മാധ്യമങ്ങളുടെ വാചാലതയില്‍ മതി മയങ്ങുന്നു. പക്ഷെ, അവയ്ക്കു പിന്നിലെ തത്ത്വലംഘനങ്ങളെയും ഭരണഘടനാലംഘനങ്ങളെയും പൗരാവകാശ ലംഘനങ്ങളെയും നാം അവഗണിക്കുന്നു. അതുപോലെതന്നെ മതങ്ങളുടെയും ജാതികളുടെയും അനീതികള്‍, അക്രമങ്ങള്‍ അല്ലെങ്കില്‍ മാധ്യമങ്ങളുടെ അധാര്‍മ്മികതകള്‍. ഇവയിലെല്ലാമടങ്ങിയിരിക്കുന്ന മാരകമായ മൗലികാവകാശ ലംഘനങ്ങളെ നാം കാണാതെ പോകുന്നു. ഒട്ടധികം വിമര്‍ശനങ്ങളും പരദൂഷണത്തിന്റെ തലത്തിലാണ് നടക്കുന്നത്. ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസവും അസത്യവും ഉപയോഗിച്ച് നടത്തുന്ന വിമര്‍ശനങ്ങള്‍ അവയിഷ്ടപ്പെടുന്നവരെ ഉല്ലസിപ്പിക്കാനുദ്ദേശിച്ചുള്ളവയാണ് – ധാരാളം ടെലിവിഷന്‍ ചര്‍ച്ചകള്‍ ഉദാഹരണം.

? വിമര്‍ശനങ്ങളെയും വിമര്‍ശകരെയും ഒരു ആധുനികസമൂഹം എങ്ങനെ പരിഗണിക്കണം? കേരളീയ സമൂഹവും മതങ്ങളും സമുദായങ്ങളും പാര്‍ട്ടികളും വിമര്‍ശനങ്ങളെ വേണ്ട വിധത്തിലാണോ ഉള്‍ക്കൊള്ളുന്നത്?
കാര്യകാരണ സഹിതവും സ്വതന്ത്രവും മത-ജാതി-രാഷ്ട്രീയ-സാമ്പത്തിക-അജണ്ടകളില്ലാത്തതും, അധികാര വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നതും, ആധുനിക ചിന്താഗതികളിലും പുരോഗമന സാംസ്‌കാരിക മൂല്യങ്ങളിലും നിലയുറപ്പിച്ചിട്ടുള്ളവയുമായ വിമര്‍ശനങ്ങള്‍ സമൂഹത്തിന് ഗുണമേ ചെയ്യൂ. പക്ഷേ, കേരളത്തില്‍ പൊതുവേ സംഭവിക്കുന്നത് അത്തരം വിമര്‍ശനങ്ങളുടെ തമസ്‌ക്കരണമോ അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കലോ അതുമല്ലെങ്കില്‍ അവയുടെ മേല്‍ അഴിച്ചുവിടുന്ന ആക്രമണമോ ആണ്. മറ്റൊരു രീതിയുണ്ട്. ഉദാഹരണമായി സാമൂഹിക വിമര്‍ശകരെന്ന് വാഴ്ത്തപ്പെട്ട അഴീക്കോടിനെപ്പോലെയുള്ളവരോട് മാധ്യമങ്ങളും സമൂഹവും ചെയ്തത് അവരെ അമിതപ്രശംസയില്‍ ഒതുക്കി അഥവാ കുടുക്കി, കുഴിച്ചുമൂടുകയാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ കളവുകള്‍ക്കും ഒഴിഞ്ഞുമാറലുകള്‍ക്കും തമസ്‌കരണങ്ങള്‍ക്കും തന്ത്രപരമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ഒരു സമാന്തര പ്രതിഭാസമെന്നവണ്ണമാണ് സോഷ്യല്‍ മീഡിയയിലെ പ്രാകൃതവും, അശ്ലീലവും, വര്‍ഗ്ഗീയ വിഷം നിറഞ്ഞതും, പുരുഷ മാനസിക വൈകൃതങ്ങളും ലൈംഗിക ഞരമ്പു രോഗങ്ങളും ആവസിച്ചതുമായ "വിമര്‍ശനങ്ങളുടെ" ഒരു ലോകം ഉയര്‍ന്നുവന്നത്. അവയുടെ ജനപ്രിയത്വം നടുക്കുന്ന ഒന്നാണ്, പേടിപ്പെടുത്തുന്നതാണ്. അനുപാതപരമായി നോക്കിയാല്‍ അവയ്ക്കാണ് ഏറ്റവുമധികം ശ്രോതാക്കളും കാണികളും ആരാധകരുമുള്ളത്. സമൂഹത്തോട് സത്യം പറയുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പരാജയപ്പെട്ടതിന്റെ പ്രത്യാഘാതമാണ് സോഷ്യല്‍ മീഡിയ സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ മാരകമായ വിഷം കലര്‍ത്തല്‍. വൈകുന്നേരങ്ങളില്‍ ചാനലുകളില്‍ കുത്തിത്തിരുകുന്ന "ചര്‍ച്ച"കളുടെ അപകടകരവും ബാലിശവുമായ പ്രകടനങ്ങള്‍ക്ക് ഇതിനെ നേരിടാന്‍ കഴിയുന്നില്ല. അവ കൂടുതല്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതിനൊപ്പം പൗരന്മാരുടെ ശ്രദ്ധയെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചു വിടുകയും ചെയ്യുന്നു.

മുഖ്യധാരാ മാധ്യമങ്ങളുടെ കളവുകള്‍ക്കും ഒഴിഞ്ഞു
മാറലുകള്‍ക്കും തന്ത്രപരമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും
ഒരു സമാന്തര പ്രതിഭാസമെന്ന വണ്ണമാണ് സോഷ്യല്‍
മീഡിയയിലെ 
പ്രാകൃതവും, അശ്ലീലവും, വര്‍ഗ്ഗീയ വിഷം
നിറഞ്ഞതും, പുരുഷ മാനസിക വൈകൃതങ്ങളും ലൈംഗിക
ഞരമ്പു രോഗങ്ങളും ആവസിച്ചതുമായ "വിമര്‍ശനങ്ങളുടെ"
ഒരു ലോകം ഉയര്‍ന്നുവന്നത്. അവയുടെ ജനപ്രിയത്വം
നടുക്കുന്ന ഒന്നാണ്,
പേടിപ്പെടുത്തുന്നതാണ്. സമൂഹത്തോട്
സത്യം 
പറയുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍
പരാജയപ്പെട്ടതിന്റെ പാര്‍ശ്വഫലമാണ് സോഷ്യല്‍ മീഡിയ
സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന

ഈ മാരകമായ വിഷം കലര്‍ത്തല്‍.

? ജോസഫ് പുലിക്കുന്നേല്‍ താങ്കളുടെ ബന്ധു ആയിരുന്നല്ലോ. സത്യദീപത്തിലെ ധാരാളം ലേഖനങ്ങളും വാര്‍ത്തകളും അദ്ദേഹം ഓശാനയില്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. പുലിക്കുന്നേലിന്റെ സഭാവിമര്‍ശനങ്ങളെയും മലയാളം ബൈബിള്‍ ഉള്‍പ്പെടെയുള്ള ഇതര സംഭാവനകളെയും എപ്രകാരം വിലയിരുത്തുന്നു?
ജോസഫ് പുലിക്കുന്നേല്‍ കേരള കത്തോലിക്കാ സഭയില്‍ – ഒരുപക്ഷേ, ക്രൈസ്തവ സഭയ്ക്കുള്ളില്‍ പൊതുവെ-അല്മായര്‍ക്കിടയില്‍ നിന്ന് പ്രത്യക്ഷപ്പെട്ട ആദ്യത്തെ സംഘടിത വിമര്‍ശകനായിരുന്നു. അദ്ദേഹം സഭാ ചരിത്ര ത്തിന്റെയും സഭാനിയമത്തിന്റെയും ബൈബിളിന്റെയും പണ്ഡിതനായിരുന്നു. തന്റെ ദൗത്യത്തിനായി അദ്ദേഹം ഒരു സംഘടനയും (Indian Institute of Christian Studies) ഒരു പ്രസിദ്ധീകരണവും ("ഓശാന") ആരംഭിച്ചു. സഭയെ ഇല്ലാതാക്കാനല്ല, അതിനെ പരിഷ്‌ക്കരിക്കാനും സുതാര്യമാക്കാനും സത്യസന്ധമാക്കാനും നീതിയുള്ളതാക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ഒപ്പം അദ്ദേഹം ഉള്‍ക്കാഴ്ചയുള്ള സാമൂഹിക നിരീക്ഷകനും മികച്ച എഴുത്തുകാരനുമായിരുന്നു. ഓശാനയുടെ മറ്റ് സ്ഥാപനങ്ങളിലൂടെ അദ്ദേഹം സാമൂഹ്യ സേവന രംഗത്തും പ്രവര്‍ത്തിച്ചു. സഭയുടെ ചെയ്തികളെപ്പറ്റി അദ്ദേഹം പ്രകടിപ്പിച്ച പല ആശങ്കകളും ഇന്ന് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. പക്ഷെ, സഭ കുലുങ്ങുന്ന ഒന്നല്ല. അതൊരു വന്‍ Monolith ആണ് – ഭൗതികവും ആദ്ധ്യാത്മികവുമായ അധികാരത്തിന്റെ ഏകശില. അത് ഒരു പരിഷ്‌ക്കരണത്തിനും വഴങ്ങാനിടയില്ല – ഫ്രാന്‍സിസ് മാര്‍പാപ്പയുടേതടക്കം. പുലിക്കുന്നേലിന്റെ ഏറ്റവും മഹത്തായ സംഭാവന മലയാള സാഹിത്യത്തിനും മലയാളികളുടെ വിജ്ഞാന സമ്പത്തിനുമാണ് – അതാണ് മലയാളം ബൈബിള്‍. എന്‍.വി. കൃഷ്ണവാര്യര്‍ അടക്കമുള്ള പണ്ഡിതന്മാരുടെ സഹകരണത്തോടെ അദ്ദേഹം അവതരിപ്പിച്ച "ഓശാനാ ബൈബിള്‍" സാഹിത്യപരമായി ഒരു ക്ലാസിക്ക് ആണ്. നല്ല മലയാള ഗദ്യത്തിന്റെ സുന്ദരമായ ഉദാഹരണമാണ്-ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന ഒരു മനോഹര ഗ്രന്ഥം. അത് കാലത്തെ അതിജീവിക്കും.

? മതങ്ങളും സമുദായങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സ്വയംവിമര്‍ശനം നടത്തേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് എന്തു കരുതുന്നു? നമ്മുടെ നാട്ടിലെ മതങ്ങളിലും സമുദായങ്ങളിലും ആവശ്യത്തിനു ആത്മ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ടോ? ഏറ്റവും അധികം ആത്മ വിമര്‍ശനം നടത്തുന്ന വിഭാഗം താങ്കളുടെ നിരീക്ഷണത്തില്‍ ഏതാണ്?
സ്വയം വിമര്‍ശനമാണ് സമൂല നാശത്തിനെ തടയാനുള്ള ഏക പ്രതിവിധി. പക്ഷെ, അവസരവാദപരവും സ്വാര്‍ത്ഥ താത്പര്യ സംരക്ഷണപരവുമായ നിലപാടുകളില്‍ മുങ്ങിക്കിടക്കുന്ന കേരളത്തിലെ മതങ്ങളും പാര്‍ട്ടികളും സമുദായങ്ങളും – പ്രത്യേകിച്ച് മാധ്യമങ്ങളും – അതിന് തയ്യാറാവില്ല. കാരണം അവര്‍ക്ക് ഇന്നേ ദിവസം മാത്രം കഴിച്ചുകൂട്ടിയാല്‍ മതി. ഭാവി അവരുടെ വീക്ഷണചക്രവാളത്തിലില്ല. കേരളത്തിന്റെയും മലയാളികളുടെയും ഭാവിയും അവരുടെ നിഘണ്ടുവിലില്ല. ആത്മവിമര്‍ശനം നടത്തുന്ന വ്യക്തികളോ പ്ര സ്ഥാനങ്ങളോ വളരെ കുറവാണ്. ഒരുപക്ഷേ, അത് ചെയ്യുന്ന ഒരേയൊരു സംഘടന – ഏറ്റവും സങ്കുചിതവും പിന്തിരിപ്പനുമായ മൂല്യങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ പോലും – രാഷ്ട്രീയ സ്വയം സേവക സംഘമാണെന്ന് തോന്നുന്നു. അതിന്റെ വിള അവര്‍ കൊയ്യുന്നുമുണ്ട്.

? ക്രൈസ്തവരില്‍ നിന്നു ജനസംഖ്യാനുപാതികമായി വലിയ എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ടായില്ല എന്ന നിരീക്ഷണത്തില്‍ കഴമ്പുണ്ടോ? ഈ വിഷയത്തെ എങ്ങനെ കാണുന്നു?
ക്രൈസ്തവരില്‍ നിന്ന് അനവധി പ്രശസ്തരായ എഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്. പാറേമാക്കല്‍ തോ മാക്കത്തനാര്‍ തന്നെ ആദ്യത്തെ മഹത്തായ ഉദാഹരണം. പിന്നീട് കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള രംഗപ്രവേശം ചെയ്യുന്നു. തുടര്‍ന്നുള്ള തലമുറയില്‍ എം.പി. പോള്‍, ജോസഫ് മുണ്ടശ്ശേരി, പൊന്‍കുന്നം വര്‍ക്കി, സി.ജെ. തോമസ്, പോഞ്ഞിക്കര റാഫി, സിസ്റ്റര്‍ മേരി ബനീഞ്ഞ, പാറപ്പുറത്ത്, കെ.എം. തരകന്‍, ജെ.കെ.വി., ഇ.എം. കോവൂര്‍, മുട്ടത്തുവര്‍ക്കി, പുത്തന്‍കാവ് മാത്തന്‍ തരകന്‍, വെട്ടം മാണി, പ്രവിത്താനം പി.എം. ദേവസ്യാ, ജോസഫ് മറ്റം, കാനം ഇ.ജെ. തുടങ്ങിയവരെ കാണാം. പുതിയ തലമുറയിലാവട്ടെ (പരേതനായ) വിക്ടര്‍ ലീനസ്സും, സാറാ ജോസഫും, സാറാ തോമസും മുതല്‍ ക്രൈസ്തവ പശ്ചാത്തലമുള്ള സര്‍ഗ്ഗസമ്പന്നരായ എഴുത്തുകാരുടെ ഒരു വലിയ നിര പ്രത്യക്ഷപ്പെടുന്നു. പക്ഷെ, "ജനസംഖ്യാനുപാതികമായി" ഇല്ല എന്നത് വാസ്തവമാണ്. ക്രൈസ്തവ സഭകള്‍ പൊതുവിലും കത്തോലിക്കാ സഭ പ്രത്യേകിച്ചും അവരുടെ വിശ്വാസപരമായ ചട്ടക്കൂടുകള്‍ക്ക് പുറത്ത് സംഭവിക്കേണ്ട ചിന്തയുടെയും ഭാവനയുടെയും വായനയുടെയും സാധ്യതകളെ പ്രോത്സാഹിപ്പിച്ചില്ല. ക്രൈസ്തവര്‍ക്കിടയില്‍ മറ്റേത് മലയാളി സമുദായത്തിലുമെന്നപോലെ ഉയര്‍ന്നു വരേണ്ടതായിരുന്ന സര്‍ഗ്ഗവാസനയെ അത് ഇല്ലാതാക്കി അഥവാ നിരുത്സാഹപ്പെടുത്തി. സഭയില്‍ നിന്ന് ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പുറത്തു വന്നു സ്വാതന്ത്ര്യം സ്ഥാപിച്ചവരാണ് സാഹിത്യ-കലാ രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടം നേടിയവരില്‍ ഭൂരിഭാഗവും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സഭയ്ക്കു തന്നെയാണ്.

ക്രൈസ്തവരില്‍ നിന്ന് വലിയ എഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്.
പക്ഷെ, "ജനസംഖ്യാനുപാതികമായി" ഇല്ല എന്നത്
വാസ്തവമാണ്. ക്രൈസ്തവ സഭകള്‍ പൊതുവിലും
കത്തോലിക്കാ സഭ പ്രത്യേകിച്ചും അവരുടെ വിശ്വാസപരമായ
ചട്ടക്കൂടുകള്‍ക്ക് പുറത്ത് സംഭവിക്കേണ്ട ചിന്തയുടെയും
ഭാവനയുടെയും വായനയുടെയും സാധ്യതകളെ പ്രോത്സാഹിപ്പിച്ചില്ല.
ക്രൈസ്തവര്‍ക്കിടയില്‍ മറ്റേത് മലയാളി സമുദായത്തിലുമെന്നപോലെ
ഉയര്‍ന്നു വരേണ്ടതായിരുന്ന സര്‍ഗ്ഗവാസനയെ അത് ഇല്ലാതാക്കി
അഥവാ നിരുത്സാഹപ്പെടുത്തി. സഭയില്‍നിന്ന് ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരു വിധത്തില്‍ പുറത്തു വന്നു സ്വാതന്ത്ര്യം സ്ഥാപിച്ചവരാണ്
സാഹിത്യ-കലാ രംഗങ്ങളില്‍ ശ്രദ്ധേ യമായ ഇടം നേടിയവരില്‍
ഭൂരിഭാഗവും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സഭയ്ക്കു തന്നെയാണ്.

? കട്ടക്കയം ക്രൈസ്തവ കാളിദാസന്‍ എന്ന പരിഹാസം ഇന്നും പ്രസക്തമാണോ? എന്തുകൊണ്ട്?
ഒരിക്കലുമല്ല. കട്ടക്കയം അസാധാരണ പ്രതിഭയുള്ള ഒരു കവിയായിരുന്നു. മേല്‍പ്പറഞ്ഞതുപോലെയുള്ള ഒരു സഭാന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച പ്രതിബന്ധങ്ങള്‍ നേരിട്ടു. അദ്ദേഹം ഒരു ഉറച്ച വിശ്വാസിയായിരുന്നതിനാല്‍ തന്റെ പ്രതിഭയെ സ്വ തന്ത്രമായി ഉപയോഗിക്കുന്നതിലും അദ്ദേഹത്തിന് ആന്തരിക സംഘട്ടനങ്ങള്‍ ഉണ്ടായി എന്നാണ് ഞാന്‍ വായിച്ചിട്ടുള്ളത്. തികഞ്ഞ ഗ്രാമീണ കാര്‍ഷിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അദ്ദേഹം തന്റെ രചനകളില്‍ എത്തിച്ചേര്‍ന്ന ഉയരങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. "ശ്രീയേശുവിജയം മഹാകാവ്യം" എഴുതിയിട്ടും, പൂര്‍ണ്ണ വിശ്വാസിയായിരുന്നിട്ടും, അദ്ദേഹത്തെ തങ്ങളുടേതാക്കി ഉയര്‍ത്തിപ്പിടിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞില്ല. കട്ടക്കയത്തെ ഞാന്‍ വായിച്ചിരുന്നില്ല. ഒ.വി. വിജയനാണ് എനിക്ക് അദ്ദേഹത്തിന്റെ കാവ്യം പരിചയപ്പെടുത്തിത്തന്നത്. അസാധാരണവും മൗലികവുമായ ഒരു പ്രതിഭയെയാണ് ഞാന്‍ അതില്‍ കണ്ടത്. പിന്നീട് പാലായില്‍ പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുമ്പോള്‍ വിജയനും വന്നിരുന്നു.

? സംസ്‌കൃതവും പുരാണങ്ങളും കാവ്യസംസ്‌കാരവും അന്യമായ ജീവിതപശ്ചാത്തലം സാഹിത്യജീവിതത്തെ എപ്രകാരമാണു ബാധിച്ചത്?
പുരാണേതിഹാസങ്ങളുമായുള്ള പരിചയം മലയാള പാഠാവലികളിലൂടെയായിരുന്നു. പക്ഷെ, നല്ല അദ്ധ്യാപകരിലൂടെ എനിക്ക് ആ പ്രപഞ്ചങ്ങളുടെ വാസ്തവിക സ്വരൂപം അനുഭവപ്പെട്ടിരുന്നു. എന്നെ രൂപീകരിച്ച വായന ഏതാണ്ട് പൂര്‍ണ്ണമായും ഗദ്യമായിരുന്നു. സി.വി. രാമന്‍ പിള്ളയും, ഇ.വി. കൃഷ്ണപിള്ളയും, സി. മാധവന്‍പിള്ളയും തൊട്ട് പൊന്‍കുന്നം വര്‍ക്കിയും തകഴിയും കേശവദേവും കാരൂരും പൊറ്റക്കാടും ടി പത്മനാഭനും മാധവിക്കുട്ടിയും – അങ്ങനെയായിരുന്നു ഗ്രാമീണ വായനശാലകള്‍ കയറിയിറങ്ങിയുള്ള ആ വായന. അതാണ് എന്റെ മലയാളത്തിന്റെ അടിത്തറ. കാവ്യത്തിന്റെ അഭാവം ഒരുപക്ഷേ, എന്റെ എഴുത്തിലുണ്ടാവാം. എന്റെ പ്രിയപ്പെട്ട മഹാകാവ്യം "രമണ"നാണ്. അന്നും ഇന്നും അത് എന്നെ ആനന്ദ സാമ്രാജ്യത്തിലാറാടിപ്പിക്കുന്നു. കവിത, പക്ഷേ, എന്റെ വായനയില്‍ വന്നു നിറഞ്ഞു. ഉള്ളൂരും, കുമാരനാശാനും, വള്ളത്തോളും, വൈലോപ്പിള്ളിയും, ജി. ശങ്കരക്കുറുപ്പും, എന്‍.വി. കൃഷ്ണവാരിയര്‍, വയലാറും സുഗതകുമാരിയും, കടമ്മനിട്ടയും, ചെറിയാന്‍ കെ. ചെറിയാനും, അയ്യപ്പപ്പണിക്കരും എന്റെ ഭാവനയെയും ഭാഷയെയും ധനികമാക്കി.

സ്വയം വിമര്‍ശനമാണ് സമൂല നാശത്തിനെ തടയാനുള്ള
ഏക പ്രതിവിധി. പക്ഷെ, അവസരവാദപരവും സ്വാര്‍ത്ഥ
താത്പര്യ സംരക്ഷണപരവുമായ നിലപാടുകളില്‍
മുങ്ങിക്കിടക്കുന്ന കേരളത്തിലെ മതങ്ങളും പാര്‍ട്ടികളും
സമുദായങ്ങളും – പ്രത്യേകിച്ച് മാധ്യമങ്ങളും – അതിന്
തയ്യാറാവില്ല. കാരണം അവര്‍ക്ക് ഇന്നു മാത്രം കഴിച്ചു
കൂട്ടിയാല്‍ മതി. ഭാവി അവരുടെ വീക്ഷണചക്രവാളത്തിലില്ല.
ആത്മവിമര്‍ശനം നടത്തുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ
വളരെ കുറവാണ്.

? ബൈബിള്‍ വായന തുടങ്ങിയത് ഓര്‍മ്മയുണ്ടോ? എത്രത്തോളം വായിച്ചിട്ടുണ്ട്? ഭാഷയെയും ചിന്തയെയും രൂപപ്പെടുത്തുന്നതില്‍ ബൈബിള്‍ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ?
16 വയസ്സുവരെ ബൈബിള്‍ പള്ളിയില്‍ വായിച്ചു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. എവിടെയൊക്കെയോ ബൈബിള്‍ പുസ്തകം കാണുകയും മറിച്ചുനോക്കുകയും ചെയ്തിട്ടുണ്ടാവാം. 16 വയസ്സില്‍ മൈസൂരില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു തുടങ്ങുമ്പോള്‍ ബൈബിളിന്റെ ചില ഭാഗങ്ങള്‍ ഒരു വിഷയമായിരുന്നു. അങ്ങനെയാണ് ബൈബിള്‍ ആദ്യമായി വായിച്ചത് – ഇംഗ്ലീഷില്‍. എംഎ.യ്ക്കും ബൈബിള്‍ പഠിക്കാനുണ്ടായിരുന്നു. ഞാന്‍ ജനിച്ച മതത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ തുടങ്ങിയപ്പോളാണ് ബൈബിള്‍ മനസ്സിരുത്തി വായിച്ചത്. അതിനുശേഷം പഴയ നിയമത്തിലെ എനിക്ക് താത്പര്യമുള്ള ഭാഗങ്ങളും, പുതിയ നിയമം പൂര്‍ണ്ണമായും പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. എന്റെ ലോകപരിജ്ഞാനം മെച്ചപ്പെടുത്താനും ചരിത്രബോധം ബലെപ്പടുത്താനും ക്രൈസ്തവ വിശ്വാസഭൂമികയെ മനസ്സിലാക്കാനുമായിരുന്നു അത്. ബൈബിള്‍ ഞാന്‍ വായിക്കുന്നത് മറ്റേത് ചരിത്ര പുസ്തകമോ അല്ലെങ്കില്‍ – പുതിയ നിയമമെടുത്താല്‍ – ജീവചരിത്രമോ പോലെയാണ്. യേശു എന്നെ ആകര്‍ഷിക്കുന്ന ഒരു വ്യക്തിയായതുകൊണ്ട് ഞാന്‍ പുതിയ നിയമത്തില്‍ അന്വേഷിക്കുന്നത് യേശു എന്ന യഥാര്‍ത്ഥ മനുഷ്യനെയാണ്. മതപരമായ അന്വേഷണങ്ങളുടെ ഭാഗമെന്ന നിലയില്‍ – പ്രത്യേകിച്ച് എങ്ങനെയാണ് ഒരു "വിശുദ്ധ ഗ്രന്ഥ"ത്തിന്റെ നിര്‍മ്മിതി ഉണ്ടാവുന്നത് എന്നത് സംബന്ധിച്ച് – ബൈബിള്‍ എന്റെ ചിന്തകളെ വിപുലപ്പെടുത്തിയിട്ടുണ്ട്. എന്റെ മലയാളത്തെ ബൈബിള്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. കാരണം ആ സ്വാധീനങ്ങളെ സൃഷ്ടിച്ച വായനയുടെ കാലത്ത് ഞാന്‍ ബൈബിള്‍ വായിച്ചിട്ടില്ല. എന്നാല്‍ കുടുംബപ്രാര്‍ത്ഥനകളുടെ ഈണം, വണക്കമാസ പുസ്തകങ്ങളുടെ കഥാലോകം, പള്ളിയിലെ പ്രാര്‍ത്ഥനകളുടെ ഭാഷയുടെ ചില അപ്രതീക്ഷിത സൗന്ദര്യങ്ങള്‍ തുടങ്ങിയവ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

? ചരിത്രപുരുഷനായ യേശുവിനെ സക്കറിയ എന്ന എഴുത്തുകാരന്‍ എപ്രകാരം വിലയിരുത്തുന്നു?
എന്നെപ്പോലെയൊരുവന് വിലയിരുത്താന്‍ കഴിയുന്ന ഒരു വ്യക്തിയല്ല, യേശു. നാലു സുവിശേഷങ്ങളിലൂടെ, അവയുടെ എല്ലാ സ്ഖലിതങ്ങളോടും ചരിത്രപരമായ ബലഹീനതകളോടും കൂടി, അവയുടെ അനിവാര്യമായ അനവധി അതിശയോക്തികളോടും കൂടി, യേശുവിന്റെ മാതൃഭാഷയായ അരമായിക്കില്‍ നിന്ന് യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മിച്ചെടുത്ത് മൊഴിമാറ്റം നടത്തിയതിന്റെ എല്ലാ അപര്യാപ്തതകളോടും കൂടി നമുക്ക് പ്രത്യക്ഷമാകുന്ന യേശു എന്റെയഭിപ്രായത്തില്‍ ചരിത്രം കണ്ടിട്ടുള്ള ഏറ്റവും നന്മയുള്ള വ്യക്തികളിലൊരാളാണ്. ഒരു മനുഷ്യസ്‌നേഹിയെന്ന നിലയില്‍ അദ്വിതീയനാണ്. അധികാരത്തെ സര്‍വ്വശക്തികൊണ്ടും വെറുക്കുകയും വെല്ലുവിളിക്കുകയും ചെയ്തവനെന്ന നിലയില്‍ മഹാനായ കലാപകാരിയാണ്, കവിയാണ്, തത്ത്വജ്ഞാനിയാണ്, കഥാകാരനാണ്, പ്രഭാഷകനാണ്, ഒറ്റയാനാണ്. യേശുവിന്റെ അന്ത്യം എന്നെ വേദനിപ്പിക്കുന്ന ഒന്നാണ്.

? കത്തോലിക്കാസഭയില്‍ ജനിച്ചതും വളര്‍ന്നതും താങ്കളുടെ വ്യക്തിത്വത്തെ എപ്രകാരമാണു സ്വാധീനിച്ചത്?
കത്തോലിക്കാ സഭയില്‍ ജനിച്ചതും വളര്‍ന്നതും തീര്‍ച്ചയായും മറ്റേത് മതത്തില്‍ ജനിച്ചു വളരുന്നതുപോലെ തന്നെ അതിന്റെ മുദ്രകള്‍ എന്നില്‍ നിക്ഷേപിച്ചു. കാരണം ബാല്യവും കൗമാരവുമാണല്ലോ മതത്തിന്റെ രഹസ്യാത്മകതകളും ഭീഷണികളും സ്വപ്നാടനങ്ങളും ഭാവനാലോകങ്ങളും നമ്മെ ഏറ്റവും സ്വാധീനിക്കുന്ന കാലം. എന്റെ ബാല്യവും കൗമാരവും ആ വിധത്തില്‍ ഒരു കത്തോലിക്കാ മാന്ത്രിക ലോകത്തിലാണ് സംഭവിച്ചത്. എന്റെ രൂപപ്പെട്ടുവരുന്ന ഭാവനയ്ക്ക് ചിറകടിച്ചുപോകാന്‍ അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു മറുലോകം അത് നല്കി. അതാണ് മിത്തോളജിയുടെ ശക്തി. യേശു ആ ലോകത്തിലെ സാധുവും പ്രിയപ്പെട്ടവനുമായ ഹീറോ ആയിരുന്നു.

? ക്രൈസ്തവ കുടുംബപശ്ചാത്തലം സാഹിത്യജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകുമല്ലോ. യേശുവും വിശ്വാസികളും പുരോഹിതന്മാരുമെല്ലാം താങ്കളുടെ കഥകളില്‍ കടന്നു വന്നിട്ടുണ്ട്. ആ കഥകളുണ്ടാക്കിയ പ്രതികരണങ്ങളെ എപ്രകാരം കാണുന്നു?
മേല്‍ സൂചിപ്പിച്ചതുപോലെയുള്ള ക്രൈസ്തവ കുടുംബ പശ്ചാത്തലം ഞാന്‍ എന്ന വ്യക്തിയുടെ വിവിധ സമീപനങ്ങളെയും സ്വഭാവങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. അവയെ തിരിച്ചറിഞ്ഞതോടെയാണ് അവയുടെ അബോധമായ ഇടപെടലുകളില്‍ നിന്ന് മോചിതനാകാന്‍ കഴിഞ്ഞത്. എന്റെ കഥകളില്‍ ധാരാളമായി ആ ക്രൈസ്തവ പശ്ചാത്തലം കടന്നു വന്നിട്ടുണ്ട്. അവ പൊതുവില്‍ വായനക്കാര്‍ ആസ്വദിച്ചിട്ടേയുള്ളൂ എന്നെനിക്ക് തോന്നുന്നു. "കണ്ണാടി കാണ്‍മോളവും" എന്ന കഥയെപ്പറ്റി ഉണ്ടായി വന്ന വാക്കു തര്‍ക്കങ്ങള്‍ നിര്‍മ്മിതികളായിരുന്നു. ഒരു കഥകൊണ്ട് ഊതിയാല്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയല്ല സഭയെന്ന് സഭയ്ക്കു തന്നെ നന്നായി അറിയാമല്ലൊ!

എന്റെ മലയാളത്തെ ബൈബിള്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന്
തോന്നുന്നില്ല. കാരണം ആ സ്വാധീനങ്ങളെ സൃഷ്ടിച്ച
വായനയുടെ കാലത്ത് ഞാന്‍ ബൈബിള്‍ വായിച്ചിട്ടില്ല.
എന്നാല്‍ കുടുംബപ്രാര്‍ത്ഥനകളുടെ ഈണം, വണക്കമാസ
പുസ്തകങ്ങളുടെ കഥാലോകം, പള്ളിയിലെ പ്രാര്‍ത്ഥനകളുടെ
ഭാഷയുടെ ചില അപ്രതീക്ഷിത സൗന്ദര്യങ്ങള്‍ തുടങ്ങിയവ
എന്നെ സ്വാധീനിച്ചിട്ടുണ്ട്.

? എല്ലാ മതങ്ങളിലും മൗലികവാദവും തീവ്രവാദവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ താങ്കളുടെ യേശുവിന്റെ പ്രസക്തി എന്താണ്?
യേശുവിന്റെ പ്രസക്തിയുടെ പട്ടിക നീണ്ടതാണ്. അത് അദ്ദേഹത്തിന്റെ തുല്യതകളില്ലാത്ത വ്യക്തിത്വത്തില്‍ നിന്നാണ് ജനിക്കുന്നത്: മനുഷ്യസ്‌നേഹം, സത്യബോധം, സാധുജനപക്ഷ-സ്ത്രീപക്ഷ നിലപാട്, മതാധികാരത്തോടുള്ള ഒത്തുതീര്‍പ്പില്ലാത്ത വെല്ലുവിളി, നീതിബോധം, എന്നിങ്ങനെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും radical അഥവാ സമ്പൂര്‍ണ്ണ പരിവര്‍ത്തനം ആവശ്യപ്പെടുന്നു എന്ന് വിവരിക്കേണ്ട ഒരു അസാധാരണ വിപ്‌ളവബോധമാണ് ആ പ്രസക്തി. അദ്ദേഹത്തിന്റെ വാക്കുകളെയും പ്രവൃത്തികളെയും ഭക്തിയുടെ മൂടുപടമില്ലാതെ, ശ്രദ്ധയോടെയും തുറന്ന മനസ്സോടെയും സമീപിക്കുന്നവര്‍ക്ക് ആ പ്രസക്തി സുവ്യക്തമാകും. ഒരു മതമൗലിക വാദിക്കോ മതതീവ്രവാദിക്കോ യേശുവിനെ മനസ്സിലാക്കാന്‍ കഴിയില്ല. കാരണം യേശുവിന്റെ ആദ്ധ്യാത്മികത അത്തരം കടുംപിടിത്തങ്ങളില്ലാത്തതായിരുന്നു. ചരിത്രത്തിലൂടെ യേശുവിനെപ്രതി അരങ്ങേറിയിട്ടുള്ള കൊടുംഭീകരതകള്‍ ആലോചിക്കുമ്പോളാണ് ആ മനുഷ്യന്‍ ഇന്നും നന്മയുടെ ഒരു വിശ്വാസ്യമായ പ്രതീകമായി കാലത്തെ അതിജീവിക്കുന്നുവെന്ന വസ്തുത അത്ഭുതപ്പെടുത്തുന്നത്.

? ഇന്ത്യയുള്‍പ്പെടെ ലോക രാജ്യങ്ങളിലെല്ലാം പൊതുവെ തീവ്രവലതുപക്ഷത്തേയ്ക്കും ദേശീയതയിലേയ്ക്കുമുള്ള ഒരു പ്രയാണം കാണാമല്ലോ. അതിരുകള്‍ക്കതീതമായ മാനവസാഹോദര്യത്തിനു വിലങ്ങുതടിയായ ഈ പ്രവണതയെ എങ്ങനെ പ്രതിരോധിക്കാനാകും?
ജനാധിപത്യ സമ്പ്രദായത്തിന്റെ ഗുരുതരമായ ഒരു പ്രതിസന്ധിയാണ് നാം കാണുന്നത് എന്നു തോന്നുന്നു. ജനാധിപത്യത്തിന്റെ സൗമ്യതകളെയും സൗകര്യങ്ങളെയും ചൂഷണം ചെയ്തും കരുവാക്കിയുമാണ് മാനുഷിക മൂല്യങ്ങള്‍ കൈവെടിഞ്ഞ മുതലാളിത്തവും മതകാട്ടാളത്വങ്ങളും അവയോടനുബന്ധിച്ച രാഷ്ട്രീയവും ഒരു പരസ്പര സഹായ സംഘമായി രാഷ്ട്രങ്ങളെ കയ്യേറുന്നത്. അമേരിക്ക എന്ന അസാധാരണമായ ജനാധിപത്യത്തില്‍ ട്രംപ് ചെയ്തു വച്ചത് നാം കണ്ടു. മാര്‍ക്‌സ് ചൂണ്ടിക്കാണിച്ച മുതലാളിത്തത്തിന് ഒരു മാനുഷിക മുഖമുണ്ടായിരുന്നു. ഇന്നത്തെ മുതലാളിത്തത്തിന്റെ മുഖം ഇരുളടഞ്ഞതും ക്രൂരവും അധികാരത്തിനോടും സമ്പത്തിനോടും മാത്രം കൂറ് പുലര്‍ത്തുന്നതുമാണ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ തീവ്രവാദികളെയും സ്വേച്ഛാധിപതികളെയും സഹായിക്കുന്നതില്‍ ഈ മുതലാളിത്തത്തിന് ഒരു വലിയ പങ്കുണ്ട്. പുതിയ മൂലധനം – മാര്‍ക്‌സ് സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഇന്നത്തെ മൂലധനം – ഹൃദയശൂന്യമാണ്. പണത്തിന്റെയും അത് നല്കുന്ന അധികാരത്തിന്റെയും മൂല്യവ്യവസ്ഥിതി മാത്രമാണ് അതിന് മനസ്സിലാകുന്ന സംസ്‌കാരം.

? സമൂഹത്തിന്റെ ഭാവി 'അവസാനത്തെ അത്താഴം പോലെ ഇരു ളടഞ്ഞതായി' തീരുന്നു എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടോ? പ്രതീക്ഷിക്കാന്‍ മാനവരാശിയില്‍ ഇനി ഒന്നുമില്ലേ?
മനുഷ്യചരിത്രം വായിച്ചു നോക്കുമ്പോള്‍ ഇന്നത്തേതിലും ഭീകര കാലഘട്ടങ്ങളിലൂടെ അത് കടന്നുപോയിട്ടുള്ളതായി കാണാം. പക്ഷെ, അന്ന് ഓരോ പ്രതിസന്ധിയും പ്രത്യേക ഭൂവിഭാഗങ്ങളെ മാത്രം ബാധിച്ചവയായിരുന്നു. അല്ലെങ്കില്‍ അവയില്‍ ഒതുങ്ങിയവയായിരുന്നു. പക്ഷെ, ഇന്നത്തെ ആഗോള സമൂഹം ഒരിടത്ത് ഒരിലയില്‍ കാറ്റുപിടിച്ചാല്‍ അടിമുടി കുലുങ്ങുന്ന ഒരു മരം പോലെയാണ്. അമേരിക്കയ്ക്ക് സംഭവിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ലോകമൊട്ടാകെ അനുഭവപ്പെടുന്നു. റഷ്യ തകര്‍ന്നാല്‍ ലോകം മറ്റൊരു പ്രതിസന്ധിയിലായേക്കാം. ലോകം ഒന്നാകുന്ന അവസ്ഥ, നന്മയുടെകാലത്ത് നന്മയെയും തിന്മയുടെ കാലത്ത് അതിഭീകര തിന്മയെയും സൃഷ്ടിക്കുന്നു. അണ്വായുധങ്ങളുടെ സാന്നിദ്ധ്യം മനുഷ്യവംശത്തെ സ്വയം ബോംബു വച്ചുകെട്ടിയ ഒരു ചാവേറിന് തുല്യമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ പടിപടിയായുള്ള ദുര്‍ബലപ്പെടല്‍ ഒരു വല്ലാത്ത ദുശ്ശകുനമാണ്. ചരിത്രം നിര്‍ദ്ദയമാണ്. മനുഷ്യന്‍ പാഠങ്ങള്‍ പഠിക്കുന്നുമില്ല. കാലാവസ്ഥാ വ്യതിയാനത്തെ ഭരണകൂടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇതെല്ലാം ചേര്‍ത്തുവച്ച് വായിക്കുമ്പോള്‍ പഴയ കാല പ്രതിസന്ധികളെപ്പോലെയല്ല ഇന്നത്തെ ഭീകരാവസ്ഥ. അതുകൊണ്ട് നന്മയും മനുഷ്യപ്പറ്റും സത്യബോധവുമുള്ള ഭരണകൂടങ്ങളും സാമ്പത്തിക പ്രമാണിത്വങ്ങളും ഉണ്ടാവട്ടെ എന്ന് ആശിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

അസാധാരണനും മഹാനുമായ ഒരു മനുഷ്യനാണു
ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യസ്‌നേഹിയും തന്റെ
പരിമിതികള്‍ ലംഘിച്ചും ലംഘിക്കാതെയും സ്വതന്ത്ര
ചിന്തയിലേര്‍പ്പെടുന്നയാളാണ്. മാറ്റത്തിന് ധൈര്യപൂര്‍വ്വം
ശ്രമിക്കുന്നയാളാണ്. രാഷ്ട്രീയ മേധാവിത്വങ്ങള്‍ക്ക്
കീഴടങ്ങുന്നവനല്ല. പാവപ്പെട്ടവരുടെയും ഒറ്റപ്പെട്ടവരുടെയും
അടിമപ്പെടുത്തപ്പെട്ടവരുടെയും സ്‌നേഹിതനാണ്.
ഇതൊക്കെ നാമാരെങ്കിലും ഒരു മാര്‍പാപ്പയില്‍ നിന്ന്
പ്രതീക്ഷിച്ചിട്ടുണ്ടോ?

? ജനിച്ചു വളര്‍ന്ന സമുദായമെന്ന നിലയില്‍ കേരളത്തിലെ കത്തോലിക്കാസഭയില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ഒരു കാര്യം എന്താണ്?
വിദ്യാഭ്യാസത്തിനും ആതുരശുശ്രൂഷയ്ക്കും അത് നല്കിയ ഊന്നലാണ്. ഇന്ന് അവ വ്യാവസായിക സ്വഭാവമുള്ളതായിത്തീര്‍ന്നിട്ടുണ്ടെങ്കിലും ആ അടിസ്ഥാന മൂല്യങ്ങള്‍ വിലപ്പെട്ടതാണ്.

? കത്തോലിക്കാസഭയില്‍ ഒട്ടും ഇഷ്ടപ്പെടാനാകാത്ത ഒരു കാര്യം?
അറിഞ്ഞോ അറിയാതെയോ അതിനുള്ള സാംസ്‌കാരികമായ നിഷ്‌ക്രിയത്വം. സംസ്‌ക്കാരത്തിന്റെ മൗലികാവിഷ്‌ക്കാര മേഖലകളില്‍ പങ്കെടുക്കാനുള്ള വൈമുഖ്യം അഥവാ അതിലുള്ള പരാജയം. ആധുനിക ചിന്തയെയും കലയുടെ ആധുനിക ആവിഷ്‌ക്കാരങ്ങളെയും ഉള്‍ക്കൊള്ളാനും അവയെ സ്വന്തം വിശ്വാസികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കാനുമുള്ള കഴിവുകേട് അഥവാ വൈമുഖ്യം. അങ്ങനെ കേരളത്തിലെ കത്തോലിക്കാ സമൂഹത്തിന് പണസമ്പാദനത്തില്‍ മാത്രം വ്യഗ്രരായ ഒരു ജനത എന്ന ദുഷ്‌പേര് വാങ്ങിക്കൊടുത്തു – പണക്കൊതിയന്മാര്‍ അഥവാ ശുദ്ധ ഭൗതികവാദികള്‍ എന്ന പദവി.

? ഫ്രാന്‍സിസ് പാപ്പായുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും ശ്രദ്ധിച്ചിട്ടുണ്ടോ? എങ്ങനെ വിലയിരുത്തുന്നു?
ശ്രദ്ധിച്ചിട്ടുണ്ട്. അസാധാരണനും മഹാനുമായ ഒരു മനുഷ്യനാണദ്ദേഹം. മനുഷ്യസ്‌നേഹിയും തന്റെ പരിമിതികള്‍ ലംഘിച്ചും ലംഘിക്കാതെയും സ്വതന്ത്ര ചിന്തയിലേര്‍പ്പെടുന്നയാളാണ്. മാറ്റത്തിന് ധൈര്യപൂര്‍വ്വം ശ്രമിക്കുന്നയാളാണ്. രാഷ്ട്രീയ മേധാവിത്വങ്ങള്‍ക്ക് കീഴടങ്ങുന്നവനല്ല. പാവപ്പെട്ടവരുടെയും ഒറ്റപ്പെട്ടവരുടെയും അടിമപ്പെടുത്തപ്പെട്ടവരുടെയും സ്‌നേഹിതനാണ്. ഇതൊക്കെ നാമാരെങ്കിലും ഒരു മാര്‍പാപ്പയില്‍ നിന്ന് പ്രതീക്ഷിച്ചിട്ടുണ്ടോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org