“സമാധാനത്തിന്‍റെ ഉപകരണമാക്കേണമേ:” അബുദാബി പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ പ്രമേയം

“സമാധാനത്തിന്‍റെ ഉപകരണമാക്കേണമേ:” അബുദാബി പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ പ്രമേയം

"എന്നെ നിന്‍റെ സമാധാനത്തിന്‍റെ ഉപകരണമാക്കേണമേ" എന്ന വി. ഫ്രാന്‍സിസ് അസ്സീസിയുടെ പ്രാര്‍ത്ഥനയിലെ വാക്യമാണ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലേയ്ക്കു നടത്തുന്ന സന്ദര്‍ശനത്തിന്‍റെ പ്രമേയം. സന്മനസ്സുള്ള എല്ലാവര്‍ക്കും എപ്രകാരം സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിനായിരിക്കും സന്ദര്‍ശനം ഊന്നലേകുകയെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മറ്റൊരു മുസ്ലീം രാജ്യമായ മൊറോക്കോയും 2019 മാര്‍ച്ചില്‍ മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. സംസ്കാരങ്ങളുടെ സമാഗമത്തിന്‍റെ കൃത്യമായ ഉദാഹരണമാണ് അറബ് ലോകത്തേയ്ക്കുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനമെന്നു വത്തിക്കാന്‍ വക്താവ് പറഞ്ഞു. മതാന്തരസംഭാഷണത്തിനു മാര്‍പാപ്പ നല്‍കുന്ന പ്രാധാന്യത്തിനും തെളിവാണ് ഈ സന്ദര്‍ശനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അബുദാബി രാജകുമാരന്‍ ഷെയ്ക് മുഹമ്മദ് ബിന്‍ സയിദിന്‍റെയും യുഎഇ യിലെ കത്തോലിക്കാസഭയുടെയും ക്ഷണപ്രകാരമാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. രാഷ്ട്രങ്ങള്‍ക്കിടയിലെ സംഭാഷണത്തിനും സഹവര്‍ത്തിത്വത്തിനും ഉള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ചരിത്രപരമായ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് അബുദാബി രാജകുമാരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ദക്ഷിണ അറേബ്യന്‍ വികാരിയാത്തിനു കീഴിലാണ് യുഎഇയിലെ കത്തോലിക്കര്‍. സ്വിറ്റ്സര്‍ലന്‍റ് സ്വദേശിയായ ഫ്രാന്‍സിസ്കന്‍ സന്യാസി ബിഷപ് പോള്‍ ഹിന്‍ഡറാണ് 2005 മുതല്‍ ഈ വികാരിയാത്തിന്‍റെ അദ്ധ്യക്ഷന്‍. യുഎഇയില്‍ അധിവസിക്കുന്ന ജനങ്ങളില്‍ 12.6 ശതമാനവും ക്രൈസ്തവരാണെന്നാണ് കണക്ക്. അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ആകെ 20 ലക്ഷം കത്തോലിക്കരും 100 വൈദികരും 80 സിസ്റ്റേഴ്സുമുണ്ടെന്ന് അബുദാബി സെ. ജോസഫ്സ് കത്തീഡ്രല്‍ അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org