Latest News
|^| Home -> International -> ദത്തെടുക്കുന്ന സംസ്കാരം വളര്‍ത്തുക -മാര്‍പാപ്പ

ദത്തെടുക്കുന്ന സംസ്കാരം വളര്‍ത്തുക -മാര്‍പാപ്പ

Sathyadeepam

കുഞ്ഞുങ്ങളില്ലാത്തവരും കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവരുമായ കുടുംബങ്ങള്‍ ദത്തെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ദത്തെടുക്കല്‍ സംസ്കാരം വളര്‍ത്തുക. കാരണം ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ ഒരുപാടുണ്ട്. കുടുംബം ആവശ്യമുള്ള കുഞ്ഞുങ്ങളാണ് അവര്‍ – മാര്‍പാപ്പ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി നടത്തുന്ന ഒരു ആശുപത്രിയിലെ ജീവനക്കാരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ദത്തെടുക്കാന്‍ ആഗ്രഹമുള്ള ധാരാളം പേരുണ്ടെങ്കിലും ഇതിന്‍റെ നടപടിക്രമങ്ങള്‍ വളരെയധികം നൂലാമാലകള്‍ നിറഞ്ഞതും അഴിമതി ബാധിച്ചതുമായിരിക്കുകയാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

പണ്ടു ദാരിദ്ര്യവും ദുരിതവും മൂലം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന അമ്മമാര്‍ ഒരു മെഡല്‍ മുറിച്ചു ഒരു പകുതി കുഞ്ഞിനൊപ്പം വയ്ക്കുക പതിവുണ്ടായിരുന്നുവെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. മെഡലിന്‍റെ മറുപകുതി അമ്മമാര്‍ സ്വന്തം പക്കല്‍ സൂക്ഷിക്കും. ദുരിതം മാറുന്ന കാലത്ത് എന്നെങ്കിലും തന്‍റെ കുഞ്ഞിനെ തിരിച്ചറിയാനും വീണ്ടെടുക്കാനും കഴിയുമെന്ന പ്രത്യാശയോടെയാണ് ഇതു ചെയ്യുന്നത്. ഇന്നു കുടിയേറ്റവും യുദ്ധവും പട്ടിണിയും മൂലം നിരവധി കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു. പകുതി മെഡലുമായി വരുന്ന കുഞ്ഞുങ്ങള്‍. മറുപകുതി ആരുടെ കൈയിലാണ്? സഭാമാതാവിന്‍റെ കൈയില്‍. അതെ, നമ്മുടെ കുഞ്ഞുങ്ങളാണ് അവര്‍. അവരുടെ ഉത്തരവാദിത്വം നമുക്കുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Leave a Comment

*
*