അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളും നാടിന്റെ പുരോഗതിക്ക് അനിവാര്യം : മാര്‍ മാത്യു മൂലക്കാട്ട്

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളും നാടിന്റെ പുരോഗതിക്ക് അനിവാര്യം : മാര്‍ മാത്യു മൂലക്കാട്ട്
ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. ലീന സിബിച്ചന്‍, ഫാ. സുനില്‍ പെരുമാനൂര്‍, പ്രിയ എസ്., ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, മെര്‍ലിന്‍ ടോമി, ബിന്‍സി ഫിലിപ്പ് എന്നിവര്‍ സമീപം.

കോട്ടയം: അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളും നാടിന്റെ പുരോഗതിക്ക് അനിവാര്യമെന്ന് കോട്ടയം അതിരൂപത മെത്രാപ്പൊലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസതൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമാക്കുന്ന ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ നടുവിലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി, കുടുംബശാക്തീകരണ പദ്ധതി അനിമേറ്റര്‍മാരായ ബിന്‍സി ഫിലിപ്പ്, ലീന സിബിച്ചന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി 20 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി എട്ട് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റിയമ്പത് രൂപയുടെ ധന സഹായം ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കിവരുന്നത് എന്ന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org