സഭ പാരിസ്ഥിതികവും സാംസ്കാരികവുമായ മാനസാന്തരത്തിനു തയ്യാറാകണം -ആമസോണ്‍ സിനഡ്

സഭ പാരിസ്ഥിതികവും സാംസ്കാരികവുമായ മാനസാന്തരത്തിനു തയ്യാറാകണം -ആമസോണ്‍ സിനഡ്

പാരിസ്ഥിതികവും സാംസ്കാരികവുമായ പാപങ്ങളില്‍നിന്നു പിന്മാറാനും സമഗ്ര മാനസാന്തരത്തിന്‍റെ പുതിയ പാതകളിലേയ്ക്കു നീങ്ങാനും സഭ തയ്യാറാകണമെന്നു ആമസോണ്‍ സിനഡിന്‍റെ സമാപനരേഖ ആവശ്യപ്പെടുന്നു. കര്‍മ്മം കൊണ്ടോ ഉപേക്ഷ കൊണ്ടോ ഒരാള്‍ ദൈവത്തിനോ അയല്‍ക്കാരനോ സമൂഹത്തിനോ പരിസ്ഥിതിക്കോ എതിരായി ചെയ്യുന്ന പാപങ്ങളെ നിര്‍വചിക്കേണ്ടതുണ്ട്. ഇവ ഭാവിതലമുറകള്‍ക്ക് എതിരായ പാപങ്ങള്‍ കൂടിയാണ്. പരിസ്ഥിതിയുടെ താളം തകര്‍ക്കുന്ന മലിനീകരണത്തിന്‍റെയും നശീകരണത്തിന്‍റെയും പ്രവൃത്തികളാണവ. ഭൂമിയുടെ ശബ്ദം കേള്‍ക്കാതെ ഒരു വിശ്വാസിക്കോ കത്തോലിക്കനോ അവരുടെ വിശ്വാസജീവിതം നയിക്കാനാവില്ല. അജപാലനപരവും സാംസ്കാരികവും സിനഡിലും പാരിസ്ഥിതികവുമായ മാനസാന്തരങ്ങളാണ് വേണ്ടതെന്നു സിനഡ് വ്യക്തമാക്കുന്നു. സുസ്ഥിര വികസനസംരംഭങ്ങള്‍ക്കാണു സഭ പിന്തുണ നല്‍കേണ്ടത്- പ്രഖ്യാപനത്തില്‍ പറയുന്നു.

വിവാഹിതര്‍ക്കു വൈദികപട്ടവും വനിതകള്‍ക്കു ഡീക്കന്‍ പട്ടവും കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് സമാപനരേഖയില്‍ പറയുന്നു. ആമസോണ്‍ മേഖലയില്‍ പല സ്ഥലങ്ങളിലും വൈദികരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ആമസോണില്‍ പല സ്ഥലങ്ങളിലും വിശ്വാസികള്‍ക്കു ദിവ്യകാരുണ്യം ലഭിക്കാത്ത സാഹചര്യമുണ്ടെന്നു രേഖ ചൂണ്ടിക്കാണിക്കുന്നു. ഒരു വൈദികന്‍റെ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളുടെ ഇടവേളയുണ്ടാകുന്ന സ്ഥിതിയാണ്. ബ്രഹ്മചര്യത്തെ ഒരു ദൈവദാനമായി തന്നെ കാണുന്നു. പൗരോഹിത്യം സ്വീകരിക്കുന്ന മിഷണറിമാര്‍ക്ക് അവരെ ദൈവജനസേവനത്തിനായി പൂര്‍ണമായി സ്വയം സമര്‍പ്പിക്കാന്‍ ബ്രഹ്മചര്യം അവസരമേകുന്നു. എന്നാല്‍ ന്യായമായ വൈവിദ്ധ്യം സഭയുടെ ഐക്യത്തെയോ കൂട്ടായ്മയേയോ തകര്‍ക്കുന്നതല്ല. വിവാഹിതരുടെ പൗരോഹിത്യത്തിനു കൃത്യമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തണം – രേഖ വിശദീകരിക്കുന്നു.

181 മെത്രാന്മാരാണ് സിനഡില്‍ പങ്കെടുത്തത്. 33 പേജുള്ള സമാപനരേഖയിലെ ഓരോ നിര്‍ദേശവും വോട്ടിനിട്ട് അംഗീകാരം നേടിയാണ് രേഖയില്‍ ഉള്‍പ്പെടുത്തിയത്. സിനഡിന്‍റെ നിര്‍ദേശങ്ങള്‍ക്ക് സഭയില്‍ നൈയാമികമായ കല്‍പനയുടെ സ്വഭാവമില്ല. മാര്‍പാപ്പയുടെയും സഭയുടെയും ആലോചനകള്‍ക്കായി സമര്‍പ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളായിട്ടാണ് സിനഡ് പ്രഖ്യാപനത്തെ കാണേണ്ടതെന്നു സഭാധികാരികള്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org