Interview

രോഗങ്ങളനവധി, ഔഷധമൊന്ന്, അനുകമ്പ

ദലൈലാമയുമായി ഡോ. ജോര്‍ജ് ജോണ്‍ സത്യദീപത്തിനുവേണ്ടി നടത്തിയ അഭിമുഖം

ഡോ. ജോര്‍ജ് ജോണ്‍
89 കാരനായ ദലൈലാമ പ്രായാധിക്യം മൂലം ശിഷ്യനായ സന്യാസിയുടെ സഹായത്തോടെയാണു സംവദിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായും ലോകസമാധാനത്തിനായും ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ശ്രമങ്ങളെ മാനിക്കുന്ന മതാചാര്യനാണ് ദലൈലാമ. ഭൂമി മനുഷ്യരാശിയുടെ പൊതുഭവനമാണെന്നും ഭാവിതലമുറകള്‍ക്കായി അതു സംരക്ഷിക്കപ്പെടണമെന്നും പാപ്പായെ പോലെ ദലൈലാമയും വ്യക്തമാക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ ഭാവാത്മക സവിശേഷതകളും ലോകം നേരിടുന്ന വിവിധ പ്രശ്‌നങ്ങളും സംഭാഷണ വിഷയങ്ങളായി. അഭിമുഖസംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ജനങ്ങള്‍ ലോകമെങ്ങും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വലിയ ഉല്‍ക്കണ്ഠ ഉള്ളവരാണ്. കാലാവസ്ഥ സംബന്ധിയായ ഒരു അടിയന്തരാവസ്ഥ ഉണ്ട് എന്ന് പലരും കരുതുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ പലയിടങ്ങളിലും അരങ്ങേറുന്നു. പക്ഷേ പല ഭരണകൂടങ്ങളും അതിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇതേക്കുറിച്ച് അങ്ങ് എന്തു കരുതുന്നു?

പരിസ്ഥിതിയെക്കുറിച്ച് പൊതുപ്രഭാഷണങ്ങളില്‍ ഞാന്‍ ധാരാളം സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രായാധിക്യം മൂലം യാത്ര ചെയ്യാന്‍ കഴിയാത്തതു കൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെങ്കിലും പരിസ്ഥിതിസംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനുമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുസ്ഥിരമായ പിന്തുണ നല്‍കി വരുന്നുണ്ട്. ആഗോളതാപനം എന്ന വിഷയവും നിരവധി തവണ ഉയര്‍ത്തിയിട്ടുണ്ട്. സ്വന്തം അനുഭവത്തില്‍ നിന്നു തന്നെയാണ് ഇത് പറയുന്നത്. ഒരു അഭയാര്‍ത്ഥിയായി ഇന്ത്യയില്‍ വന്ന കാലത്തെ കാലാവസ്ഥയും ഇപ്പോഴത്തെതും തമ്മിലുള്ള മാറ്റം വളരെ പ്രകടമാണ്. അന്ന് ഹിമാലയതാഴ്‌വരയിലെ ഞങ്ങളുടെ ആശ്രമമായ ധര്‍മ്മശാലയില്‍ നിരന്തരം മഞ്ഞുവീഴുമായിരുന്നു. ഈ മഞ്ഞുവീഴ്ച കുത്തനെ കുറഞ്ഞു പോയിട്ടുണ്ട്. അന്ന് റോഡുകളില്‍ വീഴുന്ന മഞ്ഞു നീക്കം ചെയ്യാന്‍ സൈന്യത്തിനു പോലും എളുപ്പമായിരുന്നില്ല. സന്യാസികളുടെ കാര്യം പറയാനുമില്ല. നിരവധി കമ്പിളിവസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് അന്ന് സന്യാസികള്‍ ഇവിടെ ജീവിച്ചിരുന്നത്. അതിനെല്ലാം വലിയ മാറ്റം വന്നു. ഇന്ന് കുറച്ചു മഞ്ഞേ വീഴുന്നുള്ളൂ. അതുതന്നെ പെട്ടെന്ന് ഉരുകിപ്പോവുകയും ചെയ്യുന്നു. ഇതെല്ലാം ആഗോളതാപനത്തിന്റെയും കടുത്ത പരിസ്ഥിതി മലിനീകരണത്തിന്റെയും ഫലമാണ്.

  • പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത് നാം ഓരോരുത്തരുമാണ്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. പക്ഷേ സമൂഹത്തിലെ ഓരോ അംഗങ്ങള്‍ക്കും ഇതിന് കടമയുണ്ട്.

നമ്മുടെ ഉപഭോഗ സംസ്‌കാരവും ഇതിനൊരു കാരണമാണ്. ഉപഭോഗ സംസ്‌കാരം അമിതമായ ഉല്പാദനം ആവശ്യപ്പെടുന്നു. കമ്പനികള്‍ പുതിയ വസ്തുക്കള്‍ രൂപകല്‍പ്പന ചെയ്യുന്നു. ഐ ഫോണ്‍ ഇപ്പോള്‍ 15 എത്തി എന്നറിയാമല്ലോ. ഓരോ വര്‍ഷവും ഓരോ പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുകയും ഏറ്റവും പുതിയത് വാങ്ങാന്‍ ആളുകളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. കമ്പനികള്‍ ആളുകളില്‍ മോഹം ജനിപ്പിക്കുന്നു, ആ മോഹത്തെ ഉപയോഗപ്പെടുത്തുന്നു. കമ്പനികള്‍ക്ക് രാഷ്ട്രീയക്കാരുമായും ബന്ധമുണ്ട്. അവര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ വളരെ ഉച്ചത്തില്‍ ഉന്നയിക്കുന്നുണ്ട്. ഇത് പൊതുജനങ്ങളിലും രാഷ്ട്രീയക്കാരിലും ബിസിനസുകാരിലും എല്ലാം എത്തണം. അവര്‍ പ്രായോഗികമായി അത് ചെവി കൊള്ളുന്നില്ലെങ്കില്‍ അതുകൊണ്ട് യാതൊരു മാറ്റവും ഉണ്ടാവുകയില്ല. ഭരണാധികാരികളും വ്യവസായികളും ഇന്നത്തെ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളൂ. ആഗോളതാപനം നേരിടാന്‍ സ്വന്തം മക്കള്‍ക്ക് എയര്‍കണ്ടീഷണര്‍ ഉണ്ടല്ലോ എന്നായിരിക്കും അവര്‍ വിചാരിക്കുക.

ലോകം മുഴുവന്‍ മാലിനീകരണം വ്യാപിച്ചിരിക്കുകയാണ്. ശുദ്ധജലം, ശുദ്ധവായു എന്നിവ ലഭ്യമല്ലാതിരിക്കുന്നു. മുന്‍കാലത്ത് നമുക്കത് ഉണ്ടായിരുന്നു. ഇപ്പോള്‍ ശുദ്ധജലം വിലകൊടുത്തു വാങ്ങേണ്ടി വന്നിരിക്കുന്നു. കുടിക്കാന്‍ യോഗ്യമായ വെള്ളം നാം പ്രത്യേകം ഉല്പാദിപ്പിക്കേണ്ട സാഹചര്യമായിരിക്കുന്നു. ചിലയിടങ്ങളില്‍ ഓക്‌സിജന്‍ പോലും വാങ്ങിക്കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട്. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും തികച്ചും സൗജന്യമായി ലഭിച്ചിരുന്ന വായുവും വെള്ളവും സൗജന്യമല്ല എന്ന് വന്നിരിക്കുന്നു. ഒരു മുറിയില്‍ മാത്രം ശുദ്ധവായു ലഭിച്ചിട്ടു കാര്യമില്ല. ഭരണാധികാരികള്‍ ഇതിനെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

സന്തോഷം ലഭിക്കാന്‍ വസ്തുക്കള്‍ വാങ്ങിക്കൂട്ടണമെന്ന് ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ സന്തോഷം വരുന്നത് അവരവരുടെ ഉള്ളില്‍ നിന്നാണ്, പുറത്തു നിന്നല്ല. സന്തോഷം തരുന്നത് സൗകര്യങ്ങളോ വസ്തുക്കളോ അല്ല. സന്തോഷം ലാളിത്യത്തില്‍ നിന്നുണ്ടാകുന്നു. അല്ലെങ്കില്‍ നിങ്ങള്‍ ധനത്തിന്റെ അടിമയായി മാറുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ അഭയാര്‍ത്ഥികള്‍, കുടി യേറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം സംസാരിക്കുന്നുണ്ട്. ഇന്നത്തെ പ്രശ്‌നകലുഷിതമായ ലോകത്തില്‍ മത നേതാക്കളുടെ പ്രസക്തി എന്താണ്?

പ്രശ്‌നങ്ങള്‍ പലതരത്തിലാണ് ഉണ്ടാകുന്നത്. മതങ്ങള്‍ തന്നെ പ്രശ്‌നങ്ങളുടെ സ്രോതസ്സായി മാറുന്ന സന്ദര്‍ഭങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും മതനേതാക്കള്‍ക്ക് ഇടപെടാനാകും. ഇന്ത്യയില്‍ വന്നതു മുതല്‍ ഞാന്‍ വിവിധ മത നേതാക്കളുമായി ഇടപെട്ടു പോരുന്നുണ്ട്. മതസൗഹാര്‍ദം നിലനിര്‍ത്തുക എന്നത് എന്റെ ഒരു പ്രധാന മുന്‍ഗണനയാണ്. വ്യത്യസ്തമായ തത്വശാസ്ത്രങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഉണ്ടെങ്കിലും എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യവംശത്തെ സേവിക്കുക എന്നതാണ്. ഓരോരുത്തര്‍ക്കും അവരവരുടെ മതവിശ്വാസങ്ങളില്‍ നിന്ന് ഗാഢമായ പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ടാകും. ആളുകള്‍ക്ക് വ്യത്യസ്തമായ ചിന്താശൈലികളും മനോഭാവങ്ങളും ഉണ്ടാകും. ഓരോരുത്തരും അവരവര്‍ക്ക് അനുയോജ്യമായ മതപാരമ്പര്യങ്ങളും തത്വശാസ്ത്രങ്ങളും സ്വീകരിക്കുന്നു. ലോകത്തിനു മുഴുവന്‍ ഏകമതം എന്നത് പ്രായോഗികമല്ല. പല മതവിശ്വാസങ്ങളും മതവികാരങ്ങളും ഇഷ്ടങ്ങളും ജനങ്ങള്‍ക്കുണ്ടാകും. അത് സ്വാഭാവികമാണ്. ഇതാണ് മതങ്ങളെ സംബന്ധിച്ചുള്ള ഞങ്ങളുടെ നിലപാട്. മതങ്ങളുടെയെല്ലാം ലക്ഷ്യം മനുഷ്യരെ സഹായിക്കലാണ്, അല്ലാതെ, മനുഷ്യര്‍ക്ക് സഹനം സൃഷ്ടിക്കുകയല്ല. എന്നാല്‍ നിങ്ങളുടെ മതം മറ്റുള്ളവര്‍ക്കു സഹനം സൃഷ്ടിക്കാനാണ് ഇടയാക്കുന്നതെങ്കില്‍ അതു നിങ്ങള്‍ക്കു തന്നെ സഹനത്തിനു കാരണമാകുന്നു.

അടിസ്ഥാനപരമായി എല്ലാ മനുഷ്യരും സന്തോഷമായിരിക്കാന്‍ ആഗ്രഹിക്കുന്നു. ബുദ്ധമതസങ്കല്പമനുസരിച്ച് എല്ലാം പരസ്പരബന്ധിതമാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിര്‍ത്തികള്‍ സൃഷ്ടിക്കുന്നത് നമ്മളാണ്. ഭൂമിയില്‍ പ്രകൃതിദത്തമായ അതിര്‍ത്തികള്‍ ഇല്ല. നാം അതിര്‍ത്തികള്‍ ഉണ്ടാക്കുന്നു, പേരുകള്‍ ഇടുന്നു. അങ്ങനെയല്ലാത്ത അതിര്‍ത്തികള്‍ ഇല്ല.

നിങ്ങള്‍ മറ്റുള്ളവരോട് അനുകമ്പ ഉള്ളവരാണെങ്കില്‍ അത് അവര്‍ മനസ്സിലാക്കണം എന്നില്ല. പക്ഷേ അവരെക്കുറിച്ച് അനുകമ്പയോടെയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകും. നിങ്ങള്‍ സന്തുഷ്ടരായിരിക്കും. മാനസിക സന്തോഷം നിങ്ങള്‍ക്ക് കടകളില്‍ നിന്നോ വിപണിയില്‍ നിന്നോ വാങ്ങാന്‍ കിട്ടുന്നതല്ല. അത് നിങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ തന്നെ വളര്‍ത്തിയെടുക്കേണ്ടതാണ്.

മനുഷ്യര്‍ പരസ്പരം പോരാടുമ്പോള്‍ നമ്മുടെ പൊതുഭവനമാണ് നശിപ്പിക്കപ്പെടുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാങ്കേതിക വിദ്യാപരമായും ശാസ്ത്രീയമായും എല്ലാം നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കിഴക്കു ഭാഗത്ത് എന്തെങ്കിലും സംഭവിച്ചാല്‍ ബാക്കി ലോകത്തിന് മൗനമായിരിക്കാന്‍ സാധിക്കില്ല. കാരണം അത് അവരെയും ബാധിക്കും. കൊറോണ വൈറസിന്റെ കാര്യം ഓര്‍ക്കുക. ഈ പരസ്പര ആശ്രിതത്വം കാരണം ലോകത്തിന്റെ ബാക്കി ഭാഗങ്ങളില്‍ സംഭവിക്കുന്നതിനെ നിങ്ങള്‍ക്ക് അവഗണിക്കാനാവില്ല. അടിസ്ഥാനപരമായി നമ്മള്‍ ഒന്നാണ്. മനുഷ്യവംശത്തിന്റെ ഏകതയെക്കുറിച്ച് ഞാനീയിടെ പറയുകയുണ്ടായി. നാം പരസ്പരം ബഹുമാനിക്കണം. പരസ്പരം കുടുംബാംഗങ്ങളായി കരുതണം. പല ജാതികളും പല വംശങ്ങളും പല തത്വശാസ്ത്രങ്ങളും പല മതങ്ങളും ഉണ്ടായിരിക്കാം പക്ഷേ അതെല്ലാം രണ്ടാമത് വരുന്ന കാര്യമാണ്. അടിസ്ഥാനപരമായി നമ്മളെല്ലാം രണ്ടു കണ്ണുകളും ഒരു മൂക്കുമുള്ള മനുഷ്യരാണ്. സന്തോഷം ആഗ്രഹിക്കുന്നവരാണ്. സഹനം ഇഷ്ടപ്പെടാത്തവരാണ്. നമുക്കെല്ലാം ജീവശാസ്ത്രപരമായ ആവശ്യങ്ങളുണ്ട്. അതുകൊണ്ട് ഈ അടിസ്ഥാന പ്രകൃതിക്ക് ഊന്നലേകുക.

പല മനുഷ്യര്‍ക്ക് പല മതങ്ങള്‍ സ്വാഭാവികമാണ്. ഒരോ മനുഷ്യനും ഓരോ മതം അനുയോജ്യമാണ്. അതുകൊണ്ട് എല്ലാ മതവിശ്വാസങ്ങളും ബഹുമാനമര്‍ഹിക്കുന്നു. ഇതര മതങ്ങളുടെ തത്വശാസ്ത്രങ്ങളോട് നമുക്കു യോജിപ്പുണ്ടാവണം എന്നില്ല. എന്നാല്‍, ആ തത്വശാസ്ത്രങ്ങളെ നാം ആദരിക്കുന്നു. ആ തത്വശാസ്ത്രങ്ങളെല്ലാം മനുഷ്യവംശത്തിന് സംഭാവനകള്‍ നല്‍കുന്നുണ്ട്. ആശയപരമായ വിയോജിപ്പുകള്‍ ഉണ്ടാകാം പക്ഷേ ആ വിയോജിപ്പുകള്‍ പരസ്പരം വെറുക്കാനുള്ള ഒരു കാരണമല്ല. നമ്മള്‍ ഭക്ഷണത്തിനു പോകുമ്പോള്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം കഴിക്കാന്‍ സാധിക്കണമെന്നില്ല. ഓരോരുത്തരും വ്യത്യസ്തമായ ഭക്ഷണങ്ങളാണ് കഴിക്കുന്നതെങ്കിലും നമുക്കതില്‍ പ്രശ്‌നം തോന്നാറില്ല. അതുതന്നെയാണ് തത്വശാസ്ത്രങ്ങളുടെയും കാര്യം.

വിജനമായ ഒരു സ്ഥലത്ത് നിങ്ങള്‍ ഒറ്റപ്പെട്ടു പോയി എന്ന് വിചാരിക്കുക. അവിടെ ഒരു മനുഷ്യനെ കാണുന്ന നിമിഷം നിങ്ങളുടെ മനസ്സ് പ്രകാശമാനമാകുന്നു. ഈയൊരു സമീപനമാണ് എപ്പോഴും മറ്റു മനുഷ്യരോട് നമുക്കു വേണ്ടത്.

ഇന്ത്യയിലെ ജാതീയതയെയും വംശീയതയെയും നേരിടാന്‍ ബുദ്ധമതം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്തില്‍ ജാതീയതയും വംശീയതയും ഒരുപക്ഷേ കൂടുതല്‍ പ്രാധാന്യം നേടിയിട്ടുണ്ട്. ഇതിനെതിരായ പോരാട്ടം തുടരാന്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്?

ജാതീയതയും വംശീയതയും അടിസ്ഥാനപരമായി മനുഷ്യരെ വിഭജിക്കുകയാണ്. നാം മറ്റുള്ളവരെക്കാള്‍ മേലെയാണ്, അല്ലെങ്കില്‍ കീഴെയാണ് എന്ന തെറ്റായ ചിന്തയാണ് അത് ഉണ്ടാക്കുന്നത്. അങ്ങനെ ഒരു ചിന്ത ഉള്ളപ്പോള്‍ യഥാര്‍ത്ഥ സൗഹാര്‍ദം സാധ്യമാകില്ല. ഒരു വശത്ത് നാം സമാധാനപൂര്‍ണ്ണമായ ലോകം ആഗ്രഹിക്കുന്നു. പക്ഷേ മറ്റൊരാള്‍ നമ്മെക്കാള്‍ താഴെയാണെന്നു വിചാരിക്കുന്നതു കൊണ്ടുതന്നെ അവിടെ ഭിന്നതയുണ്ട്. അത്തരത്തിലുള്ള വിഭാഗീയ ചിന്ത ദ്രോഹകരമാണ്. ബുദ്ധിസത്തിലേക്ക് വരുമ്പോള്‍, ദേഷ്യം അനുഭവിക്കാന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ദേഷ്യത്തിന്റെയും അസൂയയുടെയും മോഹത്തിന്റെയും അടിസ്ഥാനപരമായ വേരുകള്‍ അന്വേഷിക്കുമ്പോള്‍ നാം ചെന്നെത്തുന്നത് ഞാന്‍ എന്ന സങ്കല്പത്തിലാണ്. ഞാന്‍, അപരന്‍ എന്നീ സങ്കല്പങ്ങള്‍ നാം വളര്‍ത്തിയെടുക്കുമ്പോള്‍ അടുപ്പവും അകല്‍ച്ചയും ഉണ്ടാകുന്നു. അതിനോടു ബന്ധപ്പെട്ടാണ് നിഷേധാത്മകമായ നമ്മുടെ എല്ലാ പ്രവര്‍ത്തികളും വരുന്നത്. ബുദ്ധമത പ്രചാരണമല്ല ഇതു പറഞ്ഞതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇതാണ് ആ തത്വശാസ്ത്രം. യാഥാര്‍ത്ഥ്യത്തിന്റെ പരസ്പരാശ്രിതമായ ഈ സ്വഭാവം പരിഗണിക്കുമ്പോള്‍, 'ഞാന്‍', 'എന്റെ' എന്നിങ്ങനെയുള്ള സങ്കല്പങ്ങളുടെ അര്‍ത്ഥശൂന്യത നമുക്കു മനസ്സിലാകും.

കേംബ്രിഡ്ജില്‍ ചെന്നപ്പോള്‍ ഗാന്ധിജിയെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച ആളെ പരിചയപ്പെടാനിടയായി. അയാളെ സംബന്ധിച്ച് ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യം തകര്‍ത്ത ഒരു മനുഷ്യനാണ്. നമ്മെ സംബന്ധിച്ച് ഗാന്ധിജി ഏറ്റവും നല്ല മനുഷ്യനാണ്. നാം എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം. ഒരു മനുഷ്യന്‍ അങ്ങേയറ്റം മോശമാണെന്നു ചിന്തിച്ച് നാം അയാളെ വെറുക്കുന്നു. പക്ഷേ നാം എവിടെ നിന്ന് നോക്കുന്നു എന്നതിനെയാണ് അത് ആശ്രയിച്ചിരിക്കുന്നത്. ഒന്നും തനിയെ നില്‍ക്കുന്നില്ല എന്നുള്ളതാണ് ബുദ്ധമതത്തിന്റെ പ്രമാണം. എന്തെങ്കിലുമൊന്ന് സുന്ദരമാണോ അല്ലയോ എന്നുള്ളത് സൗന്ദര്യത്തെ സംബന്ധിച്ച നമ്മുടെ സങ്കല്പത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് കേരളത്തിനു സൗന്ദര്യത്തെ കുറിച്ചു തനതായ ഒരു സങ്കല്പം ഉണ്ടാകും. അതു പാശ്ചാത്യ നാടുകളിലെ സങ്കല്പത്തിനു വിരുദ്ധമായിരിക്കാം.

നമുക്കാര്‍ക്കും തനിയെ നിലനില്‍പ്പില്ല. ഈയൊരു മനോഭാവമാണ് ആളുകളില്‍ വളര്‍ത്തിയെടുക്കേണ്ടത്. അസ്തിത്വത്തിന്റെ ഈ പരസ്പരാശ്രിതത്വം ഒരു ഇന്ത്യന്‍ സങ്കല്പമാണ്. അതുകൊണ്ടുതന്നെ ജാതീയതയ്‌ക്കോ വംശീയതയ്‌ക്കോ യാതൊരടിസ്ഥാനവും ഇല്ല. ഇതെല്ലാം നമ്മള്‍ സൃഷ്ടിച്ചതാണ്. ശാസ്ത്രം പറയുന്ന പരിണാമ സിദ്ധാന്തത്തില്‍ നമ്മള്‍ വിശ്വസിക്കുന്നുണ്ട്. ഒരു ജാതി നല്ലതും ഒരു ജാതി മോശമാണെണും പരിണാമത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് എങ്ങനെ പറയാനാവും? ജാതീയത മറ്റുള്ളവരുടെ മേല്‍ മനുഷ്യര്‍ അടിച്ചേല്‍പ്പിച്ചതാണ്. ദൈവമാണ് എല്ലാ മനുഷ്യരെയും സൃഷ്ടിച്ചതെന്ന് ക്രിസ്തീയത വിശ്വസിക്കുന്നു. എല്ലാവരും ദൈവത്തിന്റെ മക്കള്‍ ആണെങ്കില്‍ ചില മക്കള്‍ മറ്റുള്ളവരെക്കാള്‍ മുകളിലാണ് എന്ന് എങ്ങനെ പറയാനാവും?

മാവോ മരിച്ചുപോയി, ഹിറ്റ്‌ലര്‍ മരിച്ചുപോയി. നിരവധി സ്വേച്ഛാധിപതികള്‍ കടന്നുപോയി. അവര്‍ ആരും സ്വന്തം മരണങ്ങളെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ല. എന്റെ മരണം ഏത് നിമിഷവും വരാമെന്നുണ്ടെങ്കില്‍ നാം അതിന് തയ്യാറായിരിക്കും. മരണം എന്തായാലും വരും. അത് ഏത് നിമിഷവും വരാം. അത് വരുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നും നിങ്ങളുടെ കൂടെ കൊണ്ടു പോകാന്‍ സാധിക്കില്ല. നാം ഈ സംസാരിക്കുന്ന ശരീരം തന്നെയും അഴുകി ഇല്ലാതാക്കാന്‍ പോവുകയാണ്. ഈ ക്ഷണികതയെക്കുറിച്ചുള്ള ബോധം നമുക്കുണ്ടാകണം. സന്തോഷം നമ്മുടെ ആന്തരികതയില്‍ നിന്നാണ് വരുന്നത്, പുറത്തുനിന്നല്ല.

ഹിന്ദുമതത്തില്‍ ജാതി ഉണ്ടെന്ന് നമ്മള്‍ പൊതുവേ പറയും. പക്ഷേ അത് ഹിന്ദുമതത്തിന്റെ ഒരു പ്രബോധനമാണോ എന്നത് സംശയാസ്പദമാണ്. മതഗ്രന്ഥങ്ങളില്‍ പില്‍ക്കാലത്തുള്ളവര്‍ അവരവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി വെള്ളം ചേര്‍ക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തതുകൊണ്ടാകാം അതുണ്ടായത്. ജാതീയത നാടിന് നല്ലതല്ല. ഇത് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്നു. സൗഹാര്‍ദം ഇല്ലാതാക്കുന്നു. പരസ്പരം വെറുക്കുന്നതിന് നിങ്ങള്‍ എപ്പോഴും ഓരോ കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് എന്തുകാര്യം? എല്ലാവരും സന്തോഷമാണ് ആഗ്രഹിക്കുന്നത് സഹനമല്ല. സഹനത്തെ ലഘൂകരിക്കാന്‍ നമുക്കെല്ലാം കടമയുണ്ട്.

കരുണ, അഹിംസ എന്നീ സങ്കല്പങ്ങള്‍ ഭാരതീയമാണ്. ധ്യാനം എന്ന സങ്കല്പം ഭാരതത്തിലാണ് ആദ്യം നിലവില്‍ വന്നത്. കുറേക്കാലമായി അമേരിക്കയിലുള്ള ഒരു സുഹൃത്ത് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. അദ്ദേഹം സന്യാസിയാണ്. ഞാന്‍ കാരണം ചോദിച്ചു. അമേരിക്ക നല്ല നിയമവാഴ്ചയുള്ള ഒരു സ്ഥലമാണ്, മനുഷ്യര്‍ എല്ലാം നിയമങ്ങള്‍ അനുസരിക്കുന്നു. പക്ഷേ നിങ്ങള്‍ പുറത്തോട്ട് ഇറങ്ങി യാത്ര ചെയ്യുക. എല്ലാവരും യന്ത്രമനുഷ്യരെ പോലെയാണ് പെരുമാറുന്നത്. അതേ സമയം ഇന്ത്യയിലേക്ക് ചെല്ലുക അവര്‍ ജീവിതം ആഘോഷമാക്കുന്നത് കാണാം.

ഇന്ത്യയില്‍ അനുകമ്പ വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ കൃതാര്‍ത്ഥതാബോധം. മാതാപിതാക്കളോടും ഗുരുജനങ്ങളോടും എല്ലാം ഉള്ള കൃതാര്‍ത്ഥത. തങ്ങള്‍ സ്വീകരിച്ച കരുണയും അനുകമ്പയും ജീവിതകാലത്തുടനീളം മടക്കിക്കൊടുക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. ആ അര്‍ത്ഥത്തില്‍ ഇന്ത്യ വളരെ സമ്പന്നമാണ്.

പണമുണ്ടാക്കുന്ന യന്ത്രങ്ങളായി മനുഷ്യര്‍ മാറുന്നത് നമുക്ക് പാശ്ചാത്യനാടുകളില്‍ കാണാം. അത് അപകടകരമാണ്. ഇന്ത്യന്‍ സങ്കല്പങ്ങളായ കരുണ, അനുകമ്പ, കൃതജ്ഞത, മുതിര്‍ന്നവരോടുള്ള ആദരവ് തുടങ്ങിയവയാണ് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത്. ജാതീയതയോ വംശീയതയോ അല്ല.

ലോകത്തില്‍ വംശീയതയും ഏകാധിപത്യ സ്വഭാവവും മത തീവ്രവാദവും ഉള്ള ഭരണകൂടങ്ങള്‍ എല്ലായിടത്തും ഉണ്ട്. ഇത് ജനങ്ങളുടെ ജീവിതത്തെ സന്തുഷ്ടവും ദുരിതപൂര്‍ണ്ണവുമാക്കുന്നുണ്ട്. ഇത്തരം ഭരണ കൂടങ്ങളെ നേരിടാന്‍ സൃഷ്ടിപരമായ എന്ത് നിര്‍ദേശങ്ങളാണ് അങ്ങേക്ക് നല്‍കാനുള്ളത്?

സമൂഹത്തിന് മാറ്റം ആവശ്യമാണെങ്കില്‍ ആ മാറ്റം വിദ്യാലയങ്ങളില്‍ നിന്നാണ് വരേണ്ടത്. വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളാണ് പിന്നീട് നേതാക്കളായി മാറുന്നത്. അടിസ്ഥാനപരമായ മാനവ ധാര്‍മ്മികതയും മൂല്യങ്ങളും അനുകമ്പ, സ്‌നേഹം, ക്ഷമ, പരസ്പര ധാരണ, സംതൃപ്തി തുടങ്ങിയവ വിദ്യാലയങ്ങളില്‍ നിന്നു തന്നെ കുട്ടികള്‍ക്കു ലഭിക്കണം.

വിദ്യാലയങ്ങളില്‍ തന്നെ കരുണയും അഹിംസയും അനുകമ്പയും പഠിപ്പിക്കണം. വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ ലോകത്തിലേക്ക് ഇറങ്ങുമ്പോള്‍ ഈ കരുണയും അനുകമ്പയും അവര്‍ ലോകത്തിലേക്ക് കൊണ്ടുവരണം.

എല്ലാം ക്ഷണികമാണെന്ന സങ്കല്പം ബുദ്ധമതം വിശിഷ്യാ മുന്നോട്ടു വയ്ക്കുന്നുണ്ട്. നിങ്ങള്‍ മരിക്കാന്‍ പോവുകയാണെങ്കില്‍ വസ്തുക്കളോടുള്ള നിങ്ങളുടെ അഭിനിവേശം ഇല്ലാതാകും. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ അവരുടേതായ ചട്ടങ്ങള്‍ ഉണ്ടാക്കുകയും മറ്റുള്ളവരുടെ മേല്‍ അത് ശക്തമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കറിയാം, മാവോ മരിച്ചുപോയി, ഹിറ്റ്‌ലര്‍ മരിച്ചുപോയി. നിരവധി സ്വേച്ഛാധിപതികള്‍ കടന്നുപോയി. അവര്‍ ആരും സ്വന്തം മരണങ്ങളെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ല. എന്റെ മരണം ഏത് നിമിഷവും വരാമെന്നുണ്ടെങ്കില്‍ നാം അതിന് തയ്യാറായിരിക്കും. മരണം എന്തായാലും വരും. അത് ഏതു നിമിഷവും വരാം. അതു വരുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നും നിങ്ങളുടെ കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ല. നാം ഈ സംസാരിക്കുന്ന ശരീരം തന്നെയും അഴുകി ഇല്ലാതാകാന്‍ പോവുകയാണ്. ഈ ക്ഷണികതയെക്കുറിച്ചുള്ള ബോധം നമുക്കുണ്ടാകണം. സന്തോഷം നമ്മുടെ ആന്തരികതയില്‍ നിന്നാണ് വരുന്നത്, പുറത്തുനിന്നല്ല.

നിങ്ങള്‍ മറ്റുള്ളവരോട് അനുകമ്പ ഉള്ളവരാണെങ്കില്‍ അത് അവര്‍ മനസ്സിലാക്കണം എന്നില്ല. പക്ഷേ അവരെക്കുറിച്ച് അനുകമ്പയോടെയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകും. നിങ്ങള്‍ സന്തുഷ്ടരായിരിക്കും. മാനസിക സന്തോഷം നിങ്ങള്‍ക്ക് കടകളില്‍ നിന്നോ വിപണിയില്‍ നിന്നോ വാങ്ങാന്‍ കിട്ടുന്നതല്ല. അതു നിങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ തന്നെ വളര്‍ത്തിയെടുക്കേണ്ടതാണ്. സന്തോഷത്തിന്റെ ഉറവിടം മറ്റുള്ളവരോടുള്ള അനുകമ്പയാണ്. നമുക്ക് സന്തോഷമായിരിക്കാന്‍ ആഗ്രഹമുള്ളതു പോലെ മറ്റുള്ളവര്‍ക്കും അതിനുള്ള ആഗ്രഹവും അവകാശവും ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. എല്ലാവരും ഈ രീതിയില്‍ ചിന്തിച്ചാല്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ഉണ്ടാവുകയില്ല.

അതുകൊണ്ട് വിദ്യാലയങ്ങളില്‍ തന്നെ കരുണയും അഹിംസയും അനുകമ്പയും പഠിപ്പിക്കണം. വിദ്യാലയങ്ങളില്‍ നിന്ന് അവര്‍ ലോകത്തിലേക്ക് ഇറങ്ങുമ്പോള്‍ ഈ കരുണയും അനുകമ്പയും അവര്‍ ലോകത്തിലേക്ക് കൊണ്ടുവരണം.

ലോകത്തില്‍ നീതിയും ന്യായവും ഉണ്ടാകണമല്ലോ. അതേക്കുറിച്ച് എന്തു പറയുന്നു?

അനുകമ്പ ഉണ്ടെങ്കില്‍ നീതിയും ന്യായവും സമത്വവുമെല്ലാം സ്വാഭാവികമായും നിലവില്‍ വരും. അപരന്‍ തന്നെപ്പോലെ തന്നെ പ്രധാനപ്പെട്ടവനാണെന്ന് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ ബാക്കിയെല്ലാം വരും. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമരുന്നാണ് അനുകമ്പ.

ദൈവദാസി കൊളേത്താമ്മയെക്കുറിച്ച് പുസ്തകം പ്രകാശനം ചെയ്തു

ഫാദര്‍ അരുപ്പെയുടെ നാമകരണ നടപടികള്‍ മുന്നോട്ട്

മെത്രാന്‍ സംഘത്തിന്റെ പ്രസിഡണ്ടിനെ നിക്കരാഗ്വ പുറത്താക്കി

അല്‍ബേനിയയില്‍ രണ്ടു രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

മോചിതരായ ഇസ്രായേലി ബന്ദികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു