Coverstory

ആര്‍ച്ചുബിഷപ് കുണ്ടുകുളം

പൊതുസമൂഹത്തിനു സ്വീകാര്യനായിരുന്ന ക്രൈസ്തവനേതാവ്

ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകുളം
സത്യത്തിനുവേണ്ടി നിലകൊള്ളുന്ന, ചെറിയ മനുഷ്യരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന, തനിമയേക്കാള്‍ കൂട്ടായ്മയ്ക്കു മുന്‍ഗണന നല്‍കുന്ന കുണ്ടുകുളം പിതാവിന്റെ അജപാലന ശൈലി പിന്തുടരാന്‍ നമുക്കാകുമോ?

മതങ്ങള്‍ക്കും ജാതികള്‍ക്കുമിടയിലോ ക്രൈസ്തവസമൂഹത്തിനുള്ളില്‍ തന്നെയോ വിവിധ പ്രശ്‌നങ്ങളുയര്‍ന്നുവരുമ്പോള്‍ ഒരു സുവര്‍ണ്ണ ഭൂതകാലത്തെ ഓര്‍ക്കുന്നവര്‍ പലരുമുണ്ട്. ഇന്നു കേരളസഭയിലും കേരളത്തിലാകമാനവും സംഭവിച്ചുകൊണ്ടിരിക്കുന്ന പലതരം സാമൂഹ്യ, രാഷ്ട്രീയ, മത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, സാധാരണക്കാരും ഉന്നതപദവികള്‍ വഹിക്കുന്നവരും പണ്ഡിതരും അല്ലാത്തവരുമെല്ലാം കുണ്ടുകുളം പിതാവ് ഉണ്ടായിരുന്നെങ്കില്‍ ഈ സാഹചര്യങ്ങള്‍ ഇത്രമാത്രം വഷളാവില്ലായിരുന്നു എന്നു പറയുന്നതു കേട്ടിട്ടുണ്ട്. മഹത്‌വ്യക്തികള്‍ ജീവിച്ചിരിക്കുന്ന കാലത്തേക്കാള്‍ കൂടുതല്‍ സ്മരിക്കപ്പെടുക മരണശേഷമാകും എന്നു പറയുന്നതു ഏറെ ശരിയാണ്്. കാരണം നല്ല വ്യക്തികളുടെ സംഭാവനകള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ എന്നതിനേക്കാള്‍ അസാന്നിദ്ധ്യത്തിലാണു നമുക്കനുഭവപ്പെടുന്നത്.

അലിവുള്ള ഹൃദയം

കുണ്ടുകുളം പിതാവുമായി അടുത്തിടപഴകിയ പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. 1990-ല്‍ ഞാന്‍ ഫ്രാന്‍സില്‍ പഠിക്കുമ്പോള്‍ റോമന്‍, ജര്‍മ്മന്‍ സന്ദര്‍ശനങ്ങളൊക്കെ കഴിഞ്ഞ്, പിതാവ് പാരീസില്‍ എത്തുകയുണ്ടായി. അവിടെ പല വീടുകളും സന്ദര്‍ശിക്കുകയും ആളുകളെ കാണുകയും ചെയ്തു. അതിനുശേഷം ഞങ്ങളൊരുമിച്ച് ലൂര്‍ദിലേക്ക് യാത്ര പോയി. ഏകദേശം ഒമ്പതു മണിക്കൂര്‍ യാത്ര. ആയിരം കിലോമീറ്ററോളം ദൂരം. അവിടെ ചെന്നിറങ്ങി കഴിഞ്ഞിട്ട്, ഉറങ്ങിയോ എന്നു പിതാവെന്നോടു ചോദിച്ചു. അച്ചന്‍ ചുരുണ്ടുകൂടി കിടക്കുന്നതു കണ്ടപ്പോള്‍ തനിക്കു വിഷമം തോന്നിയെന്നു പിതാവു പറഞ്ഞു. അച്ചന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു, തൃശൂര്‍ രൂപതയില്‍ നിന്നു ഫ്രാന്‍സിലുള്ള ഒരേയൊരു വൈദികനാണ്. ഒറ്റപ്പെടലുണ്ടാകും. വിഷമം വല്ലതുമുണ്ടെങ്കില്‍ അവധിക്കാലത്ത് നാട്ടിലേക്കു വന്ന്, കുറച്ചു ദിവസം അവിടെ നിന്ന് ആരോഗ്യം വീണ്ടെടുത്തിട്ടു തിരികെ വരാമെന്നും ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ എന്നും എന്നെ ഓര്‍മ്മിപ്പിച്ചു. വാത്സല്യനിധിയായ പിതാവിന്റെ സ്‌നേഹം ആ അവസരത്തിലാണു വ്യക്തിപരമായി ഞാനനുഭവിക്കുന്നത്. ഇതെന്റെ അനുഭവം മാത്രമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വൈദികര്‍ക്കും സന്യസ്തര്‍ക്കും സാധാരണക്കാര്‍ക്കും ഇതുപോലെ വ്യക്തിപരമായ ഒരുപാടു കഥകള്‍ പറയാനുണ്ടാകും. നൈസര്‍ഗികമായി വന്നിരുന്ന അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും സ്‌നേഹപിതാവായ ദൈവത്തിന്റെ ഒരു സ്പര്‍ശം ഉള്ളതായിട്ടാണ് എനിക്കു തോന്നിയത്.

ലൂര്‍ദില്‍ ഞങ്ങള്‍ രണ്ടു ദിവസം ചിലവഴിച്ചു. സന്ധ്യാവേളകളില്‍ നടക്കുന്ന വലിയ ജപമാലപ്രദക്ഷിണത്തില്‍ ഏറ്റവും പിന്നില്‍ പരി. മാതാവിന്റെ രൂപം വഹിച്ചു നടക്കാനും അവസാനം വാഴ്‌വ് കൊടുക്കാനും ലൂര്‍ദിലെ അധികാരികള്‍ പിതാവിനെ ക്ഷണിച്ചു. ആ ഭക്തകര്‍മ്മങ്ങള്‍ കഴിഞ്ഞതിനുശേഷം വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി ഞങ്ങള്‍ ഗ്രോട്ടോയിലേക്കു പോയി. രാത്രി ഒമ്പതു മണിയായിരുന്നു. കൊന്തയെല്ലാം കഴിഞ്ഞതുകൊണ്ട് അഞ്ചോ പത്തോ മിനിറ്റ് പിതാവ് അവിടെയിരുന്നു പ്രാര്‍ത്ഥിക്കുമായിരിക്കും എന്നാണു കരുതിയത്. പക്ഷേ അര മണിക്കൂര്‍ കഴിഞ്ഞിട്ടും പിതാവു വരാതായപ്പോള്‍ ഞാന്‍ പിതാവിനടുത്തേക്കു ചെന്ന് പറഞ്ഞു, മഞ്ഞു വീഴുന്നുണ്ട്, പനി പിടിക്കും. എന്താണിത്രയും പ്രാര്‍ത്ഥിക്കാനുള്ളത്, നാട്ടിലെ ലൂര്‍ദ് പള്ളിയിലും മാതാവു തന്നെയല്ലേ ഉള്ളത്? അപ്പോള്‍ പിതാവു പറഞ്ഞു, ''അച്ചാ എന്റെ മനസ്സില്‍ വലിയൊരു സങ്കടമുണ്ട്. രൂപതയിലെ അഞ്ചാറ് അച്ചന്മാരെ താത്ക്കാലികമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. അടുത്ത നാളുകളില്‍ അവര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനുവേണ്ടി പൊതുപ്രസംഗങ്ങള്‍ നടത്തുകയൊക്കെ ചെയ്തപ്പോള്‍ രൂപതയിലെ ചിലരുടെ സമ്മര്‍ദപ്രകാരം എനിക്കവരെ സസ്‌പെന്റ് ചെയ്യേണ്ടതായി വന്നു. പക്ഷേ എന്റെ മനസ്സിനു നല്ല ഭാരം. അവര്‍ നല്ല വൈദികരാണ്. സാഹചര്യങ്ങള്‍ കൊണ്ട് അവരങ്ങനെ സംസാരിച്ചു എന്നു മാത്രമേയുള്ളൂ. അവരെ തിരികെയെടുക്കണം. അതിനുള്ള വഴിയൊരുക്കാന്‍ വേണ്ടി ഞാന്‍ മാതാവിനോടു പ്രാര്‍ത്ഥിക്കുകയാണ്. എനിക്കിനി അധികം വര്‍ഷങ്ങളില്ല.''

'പാമരനായ' പ്രഭാഷകന്‍

വിശ്വാസികളുടെ ഇടയിലും ഇതരമതസ്ഥരുടെയിടയിലും പിതാവിന് ഇത്രമാത്രം സ്വീകാര്യതയുണ്ടാകാന്‍ ഒരു കാരണം അദ്ദേഹത്തിന്റെ പ്രസംഗപാടവമായിരുന്നു. നല്ലൊരു ധ്യാനഗുരുവായി ചെറുപ്പത്തില്‍ വളര്‍ന്നുവന്ന പിതാവ് പില്‍ക്കാലത്ത് പൊതുജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ മതങ്ങള്‍ക്കപ്പുറത്ത് മാനവീകമായൊരു മുഖം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കു കൈവന്നു. അദ്ദേഹം ജനങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ഇടക്കൊക്കെ കരയിപ്പിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ അന്തര്‍ദേശീയ പ്രതിനിധികളുള്ള കരിസ്മാറ്റിക് സമ്മേളനം നടക്കുകയായിരുന്നു. അവിടെ ആരോ എഴുതി കൊടുത്ത ഒരു ഇംഗ്ലീഷ് പ്രസംഗം പിതാവ് വായിച്ചു. അപ്പോള്‍ അവിടെ കൂടിയിരുന്ന ജനാവലിയില്‍ നിന്ന് ഒരാവശ്യമുയര്‍ന്നു. ''പിതാവ് മലയാളത്തില്‍ പ്രസംഗിക്കണം.'' അതുകേട്ടപ്പോള്‍ അദ്ദേഹത്തിന് ആവേശം കൂടി. ആ പ്രഭാഷണം ഒരു മണിക്കൂറിലധികം നീണ്ടു പോയി. ആളുകളെ ത്രസിപ്പിക്കുക മാത്രമല്ല, വെല്ലുവിളിക്കാനും തിരുത്താനും പ്രസംഗപീഠം അദ്ദേഹം ഉപയോഗിക്കുമായിരുന്നു. ഇതിനൊരു ഉത്തമ ഉദാഹരണമാണ് ഈ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍. അന്നത്തെ കരിസ്മാറ്റിക് സമ്മേളനത്തില്‍ ധാരാളം പാട്ടും ഡാന്‍സും ഹല്ലേലുയാ വിളികളും രോഗശാന്തി പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. പലര്‍ക്കും ദര്‍ശനങ്ങളും വരങ്ങളും ലഭിക്കുന്നു. അതിന്റെയെല്ലാം പശ്ചാത്തലത്തില്‍ പിതാവ് പറഞ്ഞു, ''എനിക്കും ഒരു ദര്‍ശനമുണ്ടായിരിക്കുന്നു. നിങ്ങളില്‍ നിന്ന് അമ്പതു പേര്‍, ഈയടുത്ത് ഞാനാരംഭിക്കാന്‍ പോകുന്ന മനോരോഗചികിത്സാലയത്തിന്റെ ഓരോ മുറികള്‍ പണിയാന്‍ ഒരു ലക്ഷം രൂപാ വീതം സംഭാവന നല്‍കുന്നതായിട്ടാണ് ദര്‍ശനം.'' അവരെല്ലാം കൈ പൊക്കണം എന്നു പിതാവ് ആവശ്യപ്പെട്ടു. ആരും കൈ പൊക്കിയില്ല. അപ്പോള്‍ പിതാവു പറഞ്ഞു, ''നമുക്കെന്തെങ്കിലും ശാരീരികവും മാനസികവും സുഖങ്ങള്‍ കിട്ടുവാന്‍ മാത്രം ധ്യാനത്തില്‍ പങ്കെടുത്തിട്ടു കാര്യമില്ല. നമുക്കുണ്ടാകേണ്ട ദര്‍ശനങ്ങള്‍ നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കൂടിയാകണം. സമൂഹത്തില്‍നിന്നു മാറ്റിനിറുത്തുന്നവരെ സംരക്ഷിക്കാനുള്ള ദര്‍ശനങ്ങളും നമുക്കു കിട്ടണം.'' ജനം വലിയ കൈയടികളോടെ അതു സ്വീകരിക്കുകയും ചിലരൊക്കെ സഹായിക്കാമെന്നു പറയുകയും ചെയ്തു.

സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാകുന്ന തരത്തില്‍ ഉപമകളും ജീവിതാനുഭവങ്ങളും വച്ച് സംസാരിക്കുന്ന ശൈലിയായിരുന്നു പിതാവിന്റേത്. ദാര്‍ശനികമായ ആശയങ്ങളോ, പണ്ഡിതോചിതമായ വിശകലനങ്ങളോ അവയിലില്ലായിരുന്നു. മനുഷ്യനേറ്റവും ബോധ്യപ്പെടുന്നതും തൊട്ടനുഭവിക്കാനാകുന്നതുമായ യാഥാര്‍ത്ഥ്യങ്ങളെയും സംഭവങ്ങളെയും ചേര്‍ത്തുവച്ചുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നത്. ഒരിക്കല്‍ മംഗലപ്പുഴ സെമിനാരിയിലെ അക്കാദമിക വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസംഗിച്ചപ്പോള്‍ തൃശൂര്‍ ഭാഷയില്‍ അദ്ദേഹം പറഞ്ഞു, ''നമ്മുടെ നാട്ടിലെ വേട്ടുവര്‍ തെങ്ങു കയറുമ്പോള്‍ അവരുടെ പിടിത്തം മുഴുവന്‍ കൈയിലെയും കാലിലെയും തളപ്പുകളിലാണ്. അങ്ങനെ കയറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്തുള്ള പ്രിയോരുമാവില്‍ നിറയെ പഴുത്ത മാങ്ങ കാണുന്നത്. അതു പറിക്കാന്‍ തെങ്ങില്‍ നിന്നുകൊണ്ട് ശ്രമിച്ചാല്‍, അടിതെറ്റി താഴെപോകും. നമ്മള്‍ അച്ചന്മാരും മെത്രാന്മാരും പ്രാര്‍ത്ഥനയുടെയും പഠനത്തിന്റെയും സത്പ്രവൃത്തികളുടെയും തളപ്പുകളിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ലോകത്തിന്റെ സുഖങ്ങള്‍ കാണുമ്പോള്‍ അതും കയറിപിടിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ നിലത്തു വീഴും. നാട്ടുകാര്‍ നോക്കി ചിരിക്കും.'' വാസ്തവത്തില്‍ ഒരുപാട് ഉദ്ധരണികളോ ആശയങ്ങളോ ബൈബിള്‍ വാക്യങ്ങളോ വച്ചു പ്രസംഗിക്കുന്നതിനേക്കാള്‍ കണ്ണിനും കാതിനും മനസ്സിനും ബോധ്യപ്പെടുന്നത് നാട്ടിന്‍പുറങ്ങളില്‍ കാണുന്ന കൊച്ചുകാര്യങ്ങളില്‍ നിന്നു വലിയ കാര്യങ്ങള്‍ പഠിപ്പിക്കുമ്പോഴാണല്ലോ.

നീതിക്കുവേണ്ടി, ജനപക്ഷത്ത്

കുണ്ടുകുളം പിതാവ് വിമോചനദൈവശാസ്ത്രത്തിന്റെ വക്താവായിരുന്നില്ലെങ്കിലും കേവലം ഉപവി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പ്രേഷിതന്‍ മാത്രമായിരുന്നില്ല. നീതിയുടെ സ്വരമുയര്‍ത്താന്‍, സത്യത്തിന്റെ കൂടെ നില്‍ക്കാന്‍, ചെറിയ മനുഷ്യരെ പിന്തുണക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. ഒരിക്കല്‍ കെ സി ബി സി മീറ്റിംഗിനു വന്നപ്പോള്‍ ചില പിതാക്കന്മാരുടെ ഡ്രൈവര്‍മാര്‍ അദ്ദേഹത്തോടു പറഞ്ഞു, ''പിതാവേ ഞങ്ങള്‍ക്കു വളരെ തുച്ഛമായ ശമ്പളമേയുള്ളൂ. പിതാവ് ഇക്കാര്യം മനസ്സില്‍ വക്കണം.'' അന്നത്തെ കെ സി ബി സി മീറ്റിംഗില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ പിതാവു പറഞ്ഞു, ''നമ്മള്‍ ലോകത്തില്‍ വരേണ്ട സത്യത്തെയും നീതിയെയും കുറിച്ചെല്ലാം പറയുന്നുണ്ടല്ലോ, പക്ഷേ നമ്മുടെ ഡ്രൈവര്‍മാര്‍ക്ക് എന്താണു ശമ്പളം? ആവശ്യങ്ങളില്‍ സഹായിക്കുന്നുണ്ടാകും. പക്ഷേ അവര്‍ക്ക് അവകാശമായി ലഭിക്കേണ്ട തുക നമ്മള്‍ കൊടുക്കുന്നുണ്ടോ?'' ചര്‍ച്ചകള്‍ നിയന്ത്രിച്ചിരുന്ന പിതാവു പറഞ്ഞു, ''അത് നമ്മുടെ അജണ്ടയിലില്ല. വളരെ പ്രധാനപ്പെട്ട മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്.'' പക്ഷേ കുണ്ടുകുളം പിതാവു സമ്മതിച്ചില്ല. നമ്മുടെ കൂടെ ജീവിക്കുന്നവര്‍ക്കുവേണ്ട കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ വേറെന്തു പ്രശ്‌നങ്ങളാണ് നമ്മളിവിടെ പരിഹരിക്കാന്‍ പോകുന്നതെന്നു പറഞ്ഞ് അദ്ദേഹം ശബ്ദമുയര്‍ത്തി. തന്റെ അഭിപ്രായം സ്വീകരിക്കപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ പിതാവ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ എഴുന്നേറ്റു. അപ്പോഴേക്കും എല്ലാവരും കൂടി പിതാവിനെ പിടിച്ചിരുത്തുകയും ന്യായമായ ശമ്പളം ഡ്രൈവര്‍മാര്‍ക്കു കൊടുക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.

പലപ്പോഴും നമ്മുടെ ചര്‍ച്ചകള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളെ പറ്റിയാണ്. സഭ നിലകൊള്ളുന്നത് ജനങ്ങള്‍ക്കുവേണ്ടിയായതുകൊണ്ട് അവര്‍ക്ക് എന്തു പ്രയോജനമുണ്ടാകുമെന്നു ചിന്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജനം സഭയില്‍നിന്ന് അകലുക തന്നെ ചെയ്യും. ജനങ്ങളോടു പ്രതിബദ്ധതയുള്ള നേതാക്കള്‍ സഭയില്‍ ഇല്ലെന്നല്ല ഇതിനര്‍ത്ഥം. പക്ഷേ അവരുടെ വാക്കുകള്‍ക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. മുന്‍ഗണനാക്രമത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കേണ്ടത് ജനങ്ങളുടെ പ്രശ്‌നങ്ങളാണെന്നും ബാക്കിയുള്ള കാര്യങ്ങള്‍ അതിന്റെ പിന്നിലേ വേണ്ടതുള്ളൂവെന്നും കുണ്ടുകുളം പിതാവിന്റെ മനസ്സിലുണ്ടായിരുന്നു.

ക്രൈസ്തവരുടെ നേതാവ്, പൊതുസമൂഹത്തിന്റെയും

വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷാമേഖലയിലും സഭയ്ക്കു ലഭിക്കേണ്ട സംരക്ഷണവും ന്യായമായ ന്യൂനപക്ഷാവകാശങ്ങളും നേടാന്‍വേണ്ടി തന്റെ രാഷ്ട്രീയമായ സ്വാധീനവും പൊതുസമൂഹത്തിലുള്ള അംഗീകാരവും കുണ്ടുകുളം പിതാവ് എന്നും ഉപയോഗിച്ചിരുന്നു. കോളേജ് സമരം അതില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. അന്നു റാലികളില്‍ പങ്കെടുത്തപ്പോള്‍ ഞങ്ങളൊക്കെ ഏറ്റു ചൊല്ലിയിരുന്ന ചില മുദ്രാവാക്യങ്ങള്‍ ഇന്നുമോര്‍ക്കുന്നു. ''കണ്ടോടാ കണ്ടോടാ ഗുണ്ടകളെ, കുണ്ടുകുളത്തിന്‍ പട്ടാളം.'' എങ്കിലും പൊതുസമൂഹം അദ്ദേഹത്തെ കേവലം ക്രൈസ്തവസമൂഹത്തിന്റെ മാത്രം നേതാവായിട്ടല്ല കണ്ടിരുന്നത്. ക്രൈസ്തവസമൂഹത്തിനുവേണ്ടി വാദിക്കുന്നതുപോലെ തന്നെ മറ്റു സമുദായത്തിലെ ആളുകള്‍ എന്തെങ്കിലും ആവശ്യങ്ങളുമായി പിതാവിനടുത്തു വന്നാല്‍ അവരുടെ വേദികളില്‍ പോയി പ്രസംഗിക്കാനും രാഷ്ട്രീയമായ സ്വാധീനങ്ങള്‍ ഉപയോഗിച്ച് അവരുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിനു വര്‍ഗീയമായ മുഖം വന്നുചേരാതിരുന്നത്. ഒരുപക്ഷേ നമുക്കിന്നു കൈമോശം വന്നിരിക്കുന്നതും നമ്മുടെ വലിയ പിതാക്കന്മാര്‍ക്കെല്ലാം ഉണ്ടായിരുന്നതുമായ ഒരു ഗുണം അതാണ്. യേശു വിഭാവനം ചെയ്ത ദൈവരാജ്യത്തില്‍ എല്ലാവരും ഏകോദര സഹോദരങ്ങളാണെന്നും ഒരേ പിതാവിന്റെ മക്കളാണെന്നും ഉള്ള ബോദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സഭയെയാണ് ഇന്നാവശ്യം.

ഭിക്ഷ തെണ്ടാന്‍ മടിച്ചില്ല

ചെറിയ മനുഷ്യര്‍ക്കുവേണ്ടി വാദിക്കുമ്പോഴും അദ്ദേഹം സമ്പന്നരെ കൈവിട്ടിരുന്നില്ല. അവരോടു ഭിക്ഷ തെണ്ടുന്നതില്‍ ഒട്ടും മടിയുമുണ്ടായിരുന്നില്ല. അതേസമയം സമ്പന്നര്‍ക്ക് അടിമയായി നിന്നിട്ടുമില്ല. അഗതിമന്ദിരങ്ങള്‍ക്കോ മാനസികഭിന്നശേഷിക്കാരുടെ ഭവനങ്ങള്‍ക്കോ സഭയുടെ വലിയ പൊതുപരിപാടികള്‍ക്കോ സംഭാവന തന്നവരില്‍ ചിലര്‍ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കോ മറ്റോ പിതാവിന്റെ മേലുള്ള സ്വാധീനം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനെ പിതാവ് തുറന്നെതിര്‍ത്തിട്ടുണ്ട്. സഭയ്ക്കു ചീത്തപ്പേരുണ്ടാക്കുന്ന, സുവിശേഷത്തിനു ചേരാത്ത കാര്യങ്ങള്‍ തന്നോടു പറയരുത്, ചെയ്യില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. നമ്മള്‍ ആരെയെങ്കിലും ആശ്രയിച്ചു കഴിഞ്ഞാല്‍ അവരുടെ ആജ്ഞാനുവര്‍ത്തികളാകുന്ന രീതിയാണ് ഇന്നു പലപ്പോഴും കാണുന്നത്. എന്നാല്‍, കുണ്ടുകുളം പിതാവ് മൂല്യങ്ങളെ ബലി കഴിക്കാന്‍ ഒട്ടും അനുവദിച്ചിരുന്നില്ല.

ആര്‍ച്ചായപ്പോള്‍ ആര്‍ച്ചുബിഷപ്!

തന്റെ പരിമിതികളെക്കുറിച്ച് കൃത്യമായ അവബോധമുള്ളയാളായിരുന്നു പിതാവ്. താനൊരു പത്താം ക്ലാസുകാരനാണെന്ന് അദ്ദേഹം തുറന്നു പറയുമായിരുന്നു. സത്യം പറയാനുള്ള ധീരതയാണല്ലോ എളിമ. പൊതുസമൂഹത്തില്‍ ആദരിക്കപ്പെടുമ്പോള്‍ അതു തനിക്കല്ല ലഭിക്കുന്നതെന്നും സഭയ്ക്കും കര്‍ത്താവിനുമാണെന്നും പിതാവു പറയാറുണ്ട്. സഭയിലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കരുക്കള്‍ നീക്കുകയോ വാദിക്കുകയോ ഒന്നും അദ്ദേഹം ചെയ്തിരുന്നില്ല. വൈദികസമിതിയോഗങ്ങളില്‍ തൃശൂരിനെ അതിരൂപതയാക്കണമെന്ന് വൈദികര്‍ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹം അതിനായി പരിശ്രമമൊന്നും നടത്തിയിരുന്നില്ല. പിന്നീട് 75 വയസ്സ് ആകാറായപ്പോഴാണ്, ഈ രൂപതയ്ക്ക് കിട്ടേണ്ട ഒരംഗീകാരം താന്‍ മൂലം കിട്ടാതെ വരരുതെന്ന ചിന്തയിലേക്ക് അദ്ദേഹം വന്നതും അതിനായി ശ്രമിച്ചതും. അതിരൂപതയാകുകയും അദ്ദേഹത്തെ ആര്‍ച്ചുബിഷപ്പാക്കുകയും ചെയ്തപ്പോള്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ കെ കരുണാകരന്‍ ഉള്‍പ്പെടെ പല പ്രമുഖരും ഉണ്ടായിരുന്നു. അന്നു പിതാവു പറഞ്ഞു, ''ഞാന്‍ ആര്‍ച്ചുപോലെ വളഞ്ഞപ്പോള്‍ ആര്‍ച്ചുബിഷപ്പായി.'' സദസ്സ് പൊട്ടിച്ചിരിച്ചു. ''ആര്‍ച്ചുബിഷപ്പാകുന്നത് ആനപ്പുറത്തിരിക്കുന്നതു പോലാണ്. ആനപ്പുറത്തിരിക്കുന്നവന്റെ വലിപ്പം ആനയുടെ വലിപ്പമാണ്. എന്റെ വലിപ്പം സഭയുടെ വലിപ്പമാണ്. സഭയുടെ മേലെ ഞാനിരിക്കുന്നതുകൊണ്ടുള്ള വലിപ്പം മാത്രമാണ് എനിക്കുള്ളത്.''

സൊസൈറ്റി ഓഫ് നിര്‍മലദാസി സിസ്റ്റേഴ്‌സ് കമ്മ്യൂണിറ്റി സഹസ്ഥാപകന്‍ ഫാ. ജോസഫ് വിളങ്ങാടനോടൊപ്പം

അന്ത്യംവരെ മിഷണറി

മരിക്കുന്നതുവരെ മിഷണറിയായി ജീവിച്ച പിതാവായിരുന്നു അദ്ദേഹം. തൂങ്കുഴി പിതാവ് സ്ഥാനമേറ്റശേഷം കുണ്ടുകുളം പിതാവ് അരമനയില്‍ താമസിച്ചില്ല. ഒളരിയിലുള്ള അഗതിമന്ദിരത്തില്‍ താമസിച്ചിരുന്ന അദ്ദേഹം രൂപതാകാര്യങ്ങളില്‍ ഇടപെടുകയും ചെയ്തില്ല. താന്‍ സ്ഥാപിച്ച നിര്‍മ്മലദാസി സന്യാസിനീസമൂഹത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. അതിന്റെ ഭാഗമായി ആഫ്രിക്കയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണല്ലോ അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായതും മരണമടഞ്ഞതും. ഈ അവസരത്തില്‍ നിര്‍മ്മലദാസി സന്യാസസമൂഹത്തിന്റെ സ്ഥാപനത്തിനു കൂട്ടായി നിന്ന വിളങ്ങാടനച്ചനെ ഓര്‍ക്കാതെ വയ്യ. അവര്‍ ഒരേ മനസ്സോടെ, ഒരേ വീക്ഷണത്തോടെ ഒരുമിച്ചു പ്രവര്‍ത്തിച്ചു പോന്നു. അതുപോലെയായിരുന്നു മോണ്‍സിഞ്ഞോര്‍മാരായിരുന്ന അക്കരയച്ചന്‍, എഫ്രേമച്ചന്‍, ഇഗ്നേഷ്യസച്ചന്‍ എന്നിവര്‍. അങ്ങനെ ഒരു നീണ്ട നിര വൈദികര്‍ അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളായി ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ചരമത്തിന്റെ ഇരുത്തഞ്ചാം വാര്‍ഷികം ആചരിക്കുന്ന ഈ അവസരത്തില്‍ സഭ ചിന്തിക്കേണ്ടത് അദ്ദേഹം ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തിയ സുവിശേഷമൂല്യങ്ങള്‍ അഭംഗുരം പാലിക്കാന്‍ ഇന്നു നമുക്കു സാധിക്കുന്നുണ്ടോ എന്നതാണ്. അദ്ദേഹത്തിനു പാവങ്ങളോടുണ്ടായിരുന്ന കരുണ, പാവങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനുള്ള ഔത്സുക്യം ഇന്നു നമുക്കുണ്ടോ? ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നും കുറവില്ല. പക്ഷേ ചെയ്യുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ക്കു വലിയ പരസ്യം നല്‍കി സഭയുടെ മുഖം മിനുക്കാനുള്ള തുറുപ്പുചീട്ടുകളായി അവയെ ഉപയോഗിക്കുന്നുണ്ടോ എന്നു നാം പരിശോധിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം സഭയ്ക്കകത്ത് എടുത്ത സമവായത്തിന്റേതായ ഒരു ശൈലി, മൂന്നു റീത്തുകളെയും ഒരുമിപ്പിച്ചു നിറുത്തി, കത്തോലിക്കാസഭയെ ഒറ്റക്കെട്ടായി കണ്ടിരുന്ന ആ രീതി തുടര്‍ന്നുകൊണ്ടുപോകാന്‍ നമുക്കു സാധിക്കുന്നുണ്ടോ? റീത്തുകളുടെ തനിമയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ മൂലം സംഘാതമായി ചെയ്തുകൊണ്ടിരുന്ന ഒരുപാടു ശുശ്രൂഷകളെ തുണ്ടം തുണ്ടമായി മുറിക്കുന്ന പ്രവണതയാണു കാണുന്നത്. അങ്ങനെയുള്ള രീതികളോട് ഒട്ടും സഹകരിച്ചിരുന്ന വ്യക്തിയായിരുന്നില്ല കുണ്ടുകുളം പിതാവ്. അദ്ദേഹം സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടപ്പോള്‍ തന്നെ, പൊതുസമൂഹത്തിനും മറ്റു ജാതി മത വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹം ഒരു വര്‍ഗീയവാദിയായില്ല. ഒരുപക്ഷേ സഗൗരവം പരിഗണിക്കേണ്ട ഒരു വിഷയമാണിത്.

സ്ഥാപനകേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും ഉന്നത നിലവാരമുള്ള സ്വാശ്രയസ്ഥാപനങ്ങളിലൂന്നിയുള്ള ശുശ്രൂഷകള്‍ വൈദികസമൂഹത്തെ സാധാരണവിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഏറെ അകറ്റിയിട്ടുണ്ട് എന്നതു വാസ്തവമാണ്. ഈ സന്ദര്‍ഭത്തില്‍ കുണ്ടുകുളം പിതാവിന്റെ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന, ചെറിയ മനുഷ്യരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന, തനിമയേക്കാള്‍ കൂട്ടായ്മയ്ക്കു മുന്‍ഗണന നല്‍കുന്ന, അജപാലന ശൈലി പിന്തുടരാന്‍ നമുക്കാകുമോ? അതിനു ശ്രമിക്കാതെ അദ്ദേഹത്തിന്റെ ചരമരജതജൂബിലി ആചരിക്കുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹം മുറുകെ പിടിച്ച മൂല്യങ്ങളിലേക്കു തിരിച്ചു നടക്കാനുള്ള അവസരമായി ഈ ഓര്‍മ്മപ്പെടുത്തലുകള്‍ മാറട്ടെ.

ഗല്ലിയേനുസിന്റെ മതസഹിഷ്ണുതാ വിളംബരം

പ്രത്യാശയുടെ രാജകുമാരന്‍

നവംബര്‍ മാസത്തില്‍ ഓര്‍മ്മിക്കാന്‍...

ഉള്ളടക്കം [Content]

വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24