Coverstory

വീട്ടിലേക്കു സ്വാഗതം

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
  • ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

''എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടി വരികയില്ലെന്നും, മറിച്ച് പൂര്‍ണ്ണ ധൈര്യത്തോടെ, എപ്പോഴും എന്നതുപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്തില്‍ - ജീവിതം വഴിയോ മരണം വഴിയോ - മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രവും പ്രതീക്ഷയുമുണ്ട്. എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.'' (ഫിലി. 1:20).

ഇരുപത്തി രണ്ടു കൊല്ലം മുമ്പ് സംഭവിച്ചതാണെങ്കിലും, ഇന്നലെ എന്നപോലെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു അനുഭവം; കൃത്യമായി പറഞ്ഞാല്‍ 2000 ത്തിലാണ്, ജൂണ്‍ 20-ാം തീയതി മൂന്നു മണിക്ക്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം തൃശ്ശൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ ശീതീകരിച്ച മുറിയില്‍ വിശ്രമിക്കുകയായിരുന്നു ഞാന്‍. മെഡിക്കല്‍ ഡോക്ടറും എം എസ് എം ഐ സന്യാസിനീ സമൂഹത്തിലെ അംഗവുമായ എന്റെ ഇളയ സഹോദരി അടുത്തുതന്നെ ഉണ്ടായിരുന്നു.

പ്രത്യക്ഷത്തില്‍ പ്രത്യേകമായൊരു കാരണവുമില്ലാതെ എന്റെ ശരീരം വിയര്‍ക്കാന്‍ തുടങ്ങി. അതേ സമയം കൈവിരലുകളുടെയും കാല്‍വിരലുകളുടെയും അഗ്രങ്ങളില്‍ നിന്ന് മരവിപ്പിക്കുന്ന തണുപ്പ് അരിച്ചുകയറുന്നതുപോലെ. ഒരേ സമയം ഉള്ളില്‍ ചൂടും പുറമെ തണുപ്പും. വേദനയൊന്നുമില്ല. പക്ഷേ, ഈ അസാധാരണ പ്രതിഭാസം എന്നെ അസ്വസ്ഥനാക്കി. കാര്യം സഹോദരിയോട് പറഞ്ഞു. എന്റെ കണ്ണുകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ എന്തോ പാകപ്പിഴ സംഭവിക്കുന്നു എന്നു മനസ്സിലാക്കിയ സഹോദരി, എന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ഡോക്ടര്‍ ജോര്‍ജ് കോവൂറിനെ വിവരം അറിയിച്ചു.

നിമിഷങ്ങള്‍ക്കകം ഡോക്ടര്‍ മുറിയിലെത്തി. എന്നെ പരിശോധിച്ചതിനുശേഷം ഫലം അറിയിച്ചു. ''കൈവിട്ടുപോയി എന്നാണു തോന്നുന്നത്. വേണ്ടപ്പെട്ടവരെയൊക്ക ഉടനെ അറിയിച്ചുകൊള്ളുക.'' ഇത്രയും ഞാന്‍ വ്യക്തമായി കേട്ടു. പിന്നെ എന്തു സംഭവിച്ചു എന്ന് എനിക്കറിയില്ല. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലേക്കും (അവിടെ ബൈബിള്‍ കോളേജിന്റെ പ്രിന്‍സിപ്പലായി ഞാന്‍ ജോലി ചെയ്യുകയായിരുന്നു) തലശ്ശേരി രൂപതാ കേന്ദ്രത്തിലേക്കും ഫോണ്‍ ചെയ്തറിയിച്ചു. പനയ്ക്കലച്ചന്‍ ഒരു ചെറിയ ഗ്രൂപ്പുമായി ഹോസ്പിറ്റലില്‍ വന്നു പ്രാര്‍ഥിച്ചു. തലശ്ശേരിയില്‍ നിന്ന് പല ഇടവകകളിലേക്കും ഫോണ്‍ വഴി പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടു. ഇതൊക്കെ ഞാന്‍ പിന്നീടറിഞ്ഞതാണ്.

ദുഃഖത്തിലും നിരാശയിലും ആഴ്ത്തുന്ന ഒരു വേര്‍പാടല്ല മരണം. ഒരിക്കലും ഉണരാത്ത നിത്യനിദ്രയിലേക്കു വഴുതി വീഴലുമല്ല അത്. കുറ്റവാളിയെ പിടിച്ചുകെട്ടി വിധിയാളന്റെ മുമ്പില്‍ നിര്‍ത്തുന്ന ഭീകര നിമിഷവുമല്ല മരണം. മരണം ഒരു കടന്നുപോകലാണ്.

ഡോക്ടറുടെ വാക്കുകള്‍ കേട്ടതോടെ പരിസരവുമായുള്ള എന്റെ ബന്ധം പൂര്‍ണ്ണമായി വിഛേദിക്കപ്പെട്ടു. പിന്നെ എനിക്കു ചുറ്റും നടക്കുന്നതെന്തെന്ന് ഞാന്‍ അറിഞ്ഞില്ല. പെട്ടെന്ന് ഞാന്‍ വേറെ ഏതോ ഒരു ലോകത്തായി. ഉറങ്ങിയതല്ല; സ്വപ്നം കണ്ടതുമല്ല. എന്റെ മുമ്പില്‍ വലിയൊരു പ്രകാശം വെള്ളമേഘങ്ങള്‍ നിറഞ്ഞ ഒരു പ്രകാശം മാത്രം. ഞാന്‍ എവിടെയാണെന്ന് എനിക്കറിയില്ല. തണുപ്പും ചൂടുമില്ല. വേദനയും വിയര്‍പ്പുമില്ല. എല്ലാം ശാന്തം, സുന്ദരം, ആനന്ദപ്രദം. സാവകാശം ആ പ്രകാശമേഘത്തിനു നടുവില്‍ നില്‍ക്കുന്ന മനുഷ്യന്റേതെന്നു തോന്നിക്കുന്ന വിധത്തില്‍ മേഘം രൂപപ്പെട്ടു. രൂപത്തിനു മുഖമില്ല. അവയവങ്ങള്‍ ഒന്നുമില്ല. അവ്യക്തമായി നില്‍ക്കുന്ന ഒരു വലിയ മനുഷ്യരൂപം.

ഇതെന്ത് എന്ന് ആലോചിക്കുന്ന എന്റെ കാതില്‍ ഒരു സ്വരം മുഴങ്ങി, വ്യക്തമായി, സാവകാശം, ഇംഗ്ലീഷില്‍, You are welcome Home. ''വീട്ടിലേക്കു സ്വാഗതം.'' ഈ ശബ്ദം മുഴങ്ങിയത് കാതിലോ ഹൃദയത്തിലോ തലയ്ക്കുള്ളിലോ എന്ന് എനിക്കറിയില്ല. എന്നാല്‍ സ്വരം ഞാന്‍ കേട്ടു. വലിയ മുഴക്കമുള്ള, അതേ സമയം സൗമ്യമായ ഒരു സ്വരം. ഞാന്‍ സ്ഥലത്തിന്റെയും കാലത്തിന്റെയും പരിധികള്‍ക്കു പുറത്തായി. ഇത് എവിടെയെന്നോ എത്ര സമയം ദീര്‍ഘിച്ചെന്നോ ഒന്നും എനിക്കറിയില്ല. സ്ഥലവും കാലവും നിശ്ചലമായതുപോലെ.

എന്റെ മുമ്പില്‍ തിളങ്ങുന്ന മേഘത്തില്‍ പ്രത്യക്ഷപ്പെട്ടത് എന്റെ നാഥനും രക്ഷകനുമായ യേശുക്രിസ്തുവാണെന്ന് എനിക്കു ബോധ്യമായിരുന്നു. എന്നെ വീട്ടിലേക്കു സ്വീകരിക്കാനാണ് നാഥന്‍ വന്നിരിക്കുന്നത് എന്ന അവബോധം അവാച്യമായൊരു ആനന്ദാനുഭൂതി എനിക്കു നല്കി. കഴിഞ്ഞ കാലങ്ങളെക്കുറിച്ച് ഒന്നും അവന്‍ പറഞ്ഞില്ല. വീഴ്ചകള്‍ നിരത്തി ചോദ്യം ചെയ്തില്ല. അവാച്യമായ സ്‌നേഹത്തോടെ, ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുന്നു, ഒരേ സമയം അപ്പന്റെയും അമ്മയുടെയും സ്‌നേഹം. ജീവിതകാലത്തു വളരെ ചുരുക്കമായി മാത്രം ലഭിച്ച സ്‌നേഹം അതിന്റെ പൂര്‍ണ്ണതയില്‍ ഇപ്പോള്‍ എന്റെ മേല്‍ ചൊരിയുന്ന ദൈവം.

എല്ലാം നഷ്ടപ്പെടുത്തിയതിനുശേഷം കീറിപ്പറിഞ്ഞ് ഉടുതുണിയും പന്നിക്കൂട്ടിലെ നാറ്റം പേറുന്ന ഉടലും. ആകെ തളര്‍ന്നു, തകര്‍ന്ന മനസ്സുമായി ഭയന്നും മടിച്ചും, വേച്ചു വേച്ച് വീടിനോടടുക്കുന്ന ഇളയമകനെ, ഓടിച്ചെന്നു വാരിപ്പുണര്‍ന്ന് ഉമ്മയില്‍ പൊതിയുന്ന അപ്പന്റെ സ്‌നേഹം എന്തെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു. അതേ നിമിഷം തന്നെ. ഒരിക്കലും തീരാത്ത കടന്നുപോകാത്ത, നിത്യം നിലനില്‍ക്കുന്ന നിമിഷം. അതാണല്ലോ സ്ഥല-കാല പരിമിതികള്‍ക്കതീതമായ സ്വര്‍ഗീയനിമിഷം.

മൂന്നു മണിക്കൂറുകള്‍ കഴിഞ്ഞാണ് ഞാന്‍ കണ്ണു തുറക്കുന്നത്. ഈ സമയമത്രയും ഡോക്ടര്‍ നല്കിയ നിര്‍ദേശങ്ങളനുസരിച്ച് നേഴ്‌സുമാര്‍ മരുന്നുകള്‍ കുത്തിവച്ചു. പല ശുശ്രൂഷകള്‍ നടത്തി. പനയ്ക്കലച്ചനും സഹപ്രവര്‍ത്തകരും അടുത്തമുറിയിലിരുന്നു പ്രാര്‍ഥിച്ചു. ഞാന്‍ കണ്ണു തുറക്കുമ്പോള്‍ കാണുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അടുത്തുനില്‍ക്കുന്ന സഹോദരിയുടെ മുഖമാണ്. എല്ലാവര്‍ക്കും ആശ്വാസമായി. കൈവിട്ടുപോയി എന്നു കരുതിയ ജീവന്‍ തിരിച്ചു വന്നല്ലോ!

ജീവന്‍ തിരിച്ചുവന്നു. എന്നാല്‍ എളുപ്പമായിരുന്നില്ല തുടര്‍ന്നുള്ള ജീവിതം. ഏകദേശം രണ്ടു വര്‍ഷം വേണ്ടി വന്നു ശരീരവും മനസ്സും വീണ്ടും പ്രവര്‍ത്തനക്ഷമമാകാന്‍. അഗാധമായൊരു വിഷാദരോഗത്തില്‍ ആണ്ടുപോയതുപോലൊരു പ്രതീതി. കാലുകള്‍ക്കു ബലമില്ല; മനസ്സിനു കരുത്തില്ല. പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥാവിശേഷം. ഇതൊക്കെയാണങ്കിലും ഞാന്‍ കേട്ട ആ സ്വരം ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ''You are welcome home.''

ഈ ഭൂമിയിലെ ജീവിതം എത്രനാള്‍ നീളും എന്ന് ആര്‍ക്കുമറിയില്ല. അതിനാല്‍ കിട്ടിയിരിക്കുന്ന സമയം എന്നെ സ്‌നേഹിക്കുന്ന എന്റെ പിതാവായ ദൈവത്തിന്റെ ഹിതം അനുസരിച്ചു ജീവിക്കാന്‍ ഞാന്‍ ശ്രദ്ധിക്കണം.

മരണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് എപ്പോഴും കടന്നുവരുന്നത് ഈ സ്വരമാണ്. അതു നല്കുന്ന ശാന്തിയും സമാധാനവും, പ്രത്യാശയും സന്തോഷവും വാക്കുകള്‍ കൊണ്ടു വിവരിക്കാനാവില്ല. 'ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ കാതുകള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല'' (1 കോറി. 2:9) എന്ന് വി.പൗലോസ് കോറിന്തോസുകാര്‍ക്കെഴുതിയതിന്റെ ഉള്‍പ്പൊരുള്‍ ഏകദേശം ഗ്രഹിക്കാന്‍ ഈ അനുഭവം എന്നെ സഹായിച്ചു.

ദുഃഖത്തിലും നിരാശയിലും ആഴ്ത്തുന്ന ഒരു വേര്‍പാടല്ല മരണം. ഒരിക്കലും ഉണരാത്ത നിത്യനിദ്രയിലേക്കു വഴുതി വീഴലുമല്ല അത്. കുറ്റവാളിയെ പിടിച്ചുകെട്ടി വിധിയാളന്റെ മുമ്പില്‍ നിര്‍ത്തുന്ന ഭീകര നിമിഷവുമല്ല മരണം. മരണം ഒരു കടന്നുപോകലാണ്. ഒന്നിന്റെ അവസാനം; അതോടൊപ്പം ഭാവനാതീതമാംവിധം മനോഹരമായ മറ്റൊന്നിന്റെ തുടക്കവും. ഈ ലോകത്തില്‍ നിന്നു പരലോകത്തിലേക്കു കടന്നുപോകുന്നതിനായി തുറക്കുന്ന വാതിലാണ് മരണം.

മാതാവിന്റെ ഉദരത്തില്‍ നിന്ന് ഈ ഭൂമിയിലേക്കു കടന്നുവരുന്ന ജനനം പോലെ, ഇപ്പോള്‍ സകല ജീവജാലങ്ങളുടെയും മാതാവായ ഈ ഭൂമിയില്‍ നിന്ന് സകല പരിമിതികള്‍ക്കും അതീതമായ, നിത്യജീവിതത്തിലേക്കുള്ള ജനനമാണ് നാം ''മരണം'' എന്നു വിശേഷിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ഈ വാതിലിനപ്പുറത്ത് എന്നെ കാത്തിരിക്കുന്നത് ശൂന്യതയല്ല; മറിച്ച്, അപ്പനും അമ്മയും ഉപേക്ഷിച്ചാലും എന്നെ കൈവിടാത്ത (സങ്കീ. 27:10), പെറ്റമ്മ മറന്നാലും എന്നെ മറക്കാത്ത (ഏശ. 49:15), എന്റെ അപ്പനെയും അമ്മയെയും എനിക്കു തന്ന, യഥാര്‍ത്ഥത്തില്‍ എന്റെ അപ്പനും അമ്മയും, ജീവന്റെ ഉറവിടവും സംരക്ഷകനും ലക്ഷ്യവുമായ ദൈവം തന്നെയാണ്.

ഈ അവബോധം, നിരുത്തരവാദിത്വത്തിലേക്കോ അലസതയിലേക്കോ, തോന്നിയപോലുള്ള കുത്തഴിഞ്ഞ ജീവിതത്തിലേക്കോ നയിക്കാന്‍ കാരണമാകരുത്. ഈ ഭൂമിയിലെ ജീവിതം എത്രനാള്‍ നീളും എന്ന് ആര്‍ക്കുമറിയില്ല. അതിനാല്‍ കിട്ടിയിരിക്കുന്ന സമയം എന്നെ സ്‌നേഹിക്കുന്ന എന്റെ പിതാവായ ദൈവത്തിന്റെ ഹിതം അനുസരിച്ചു ജീവിക്കാന്‍ ഞാന്‍ ശ്രദ്ധിക്കണം. വി. കൊച്ചുത്രേസ്യായുടെ മനോഭാവം ഇവിടെ എനിക്കു വഴികാട്ടിയും പ്രേരകശക്തിയുമാകണം. ''നരകമില്ലെങ്കിലും ഞാന്‍ പാപം ചെയ്യില്ല. സ്വര്‍ഗമില്ലെങ്കിലും ഞാന്‍ ദൈവത്തെ സ്‌നേഹിക്കും. കാരണം ദൈവം എന്റെ പിതാവാണ്.'' ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ അല്ല, പിതാവിനോടുള്ള സ്‌നേഹത്താല്‍ പ്രേരിതമാകണം ജീവിതം.

മനുഷ്യത്വത്തിന്റെ മരണത്തില്‍നിന്നു ജനിച്ച കാവ്യം

മുനമ്പത്തെ മതേതരത്വത്തിന്റെ ശവപറമ്പാക്കില്ലെന്ന് ലത്തീന്‍ മെത്രാന്മാര്‍

വചനമനസ്‌കാരം: No.149

പണ്ടത്തെ നാടകങ്ങളെപ്പറ്റി

കരയുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്ന കൊഞ്ഞാണന്മാര്‍!