Coverstory

ചിത്രം മുമ്പിലേക്ക് ചിത്രകാരന്‍ പിന്നിലേക്ക്

ഷിജു ആച്ചാണ്ടി
സൗന്ദര്യാത്മകതയ്ക്കു പ്രാധാന്യം നല്‍കുന്ന പള്ളികളില്‍ ചെന്നാല്‍ ദൈവവിചാരം ഉണരും. ഇന്നു ആഡംബരപൂര്‍ണമായി പണിതിരിക്കുന്ന പള്ളികളില്‍ ചെല്ലുമ്പോള്‍ ചെലവാക്കിയ പണം കണ്ട് നാം അമ്പരക്കുമെന്നല്ലാതെ ദൈവികതയിലേക്ക് ഉണരുന്നില്ല.

ചിത്രകലയെ ഗ്യാലറികളില്‍ നിന്നു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായി ചിത്രമേളകള്‍ക്കും ചിത്രച്ചന്തകള്‍ക്കും തുടക്കമിടുകയാണ് ആര്‍ട്ടിസ്റ്റ് അങ്കിള്‍ എന്നറിയപ്പെടുന്ന ചിത്രകാരനായ എ പി പൗലോസ്. ചിത്രത്തിനാണ് ചിത്രകാരനല്ല പ്രാധാന്യം എന്ന ചിന്ത മൂലമാണ് ആര്‍ട്ടിസ്റ്റ് അങ്കിള്‍ എന്ന പേരില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തുന്നത്. ജനുവരി 7, 8 തീയതികളില്‍ കൊച്ചി എറണാകുളത്തപ്പന്‍ മൈതാനിയില്‍ 5,555 ചിത്രങ്ങളുടെ വലിയ ഒരു പ്രദര്‍ശനം - പൊലിമ - അങ്കിള്‍ നടത്തുന്നു. ചിത്രം കാണാനും ചിത്രം വാങ്ങാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അതിനായി, ചിത്രങ്ങള്‍ക്ക് തെരുവു വില (സ്ട്രീറ്റ് പ്രൈസ്) മാത്രമാണ് ഇട്ടിരിക്കുന്നത്. 500 ഉം 750 ഉം രൂപയ്ക്ക് അങ്കിളിന്റെ ചിത്രങ്ങള്‍ മേളയില്‍ ലഭ്യമാകും.

തൊഴില്‍ കൊണ്ട് അധ്യാപകനാണ് കാലടി, ശ്രീമൂലനഗരം സ്വദേശിയായ പൗലോസ്. അധ്യാപകപരിശീലനത്തിനുള്ള എന്‍ സി ഇ ആര്‍ ടിയുടെ മൈസൂരിലെ കോളേജില്‍ പഠിച്ചു, ബി എ എഡ് നേടി. യു ആര്‍ അനന്തമൂര്‍ത്തിയും രാജീവ് താരാനാഥും കെ പി ശങ്കരനും ഒക്കെയായിരുന്നു അവിടെ അധ്യാപകര്‍. ഏതാണ്ട് 37 വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ചു. ഏഴു കൊല്ലം കര്‍ണ്ണാടകയിലും ഒരു കൊല്ലം ഊട്ടിയിലും പിന്നെ മദ്രാസിലും പഠിപ്പിച്ചു. 1984-ല്‍ കേരളത്തിലേക്കു വന്നു. കൊച്ചി എസ് ബി ഒ എ സ്‌കൂളിന്റെ സ്ഥാപനകാലം മുതല്‍ അവിടെയുണ്ടായിരുന്നു. പ്രിന്‍സിപ്പലായും മറ്റു നിലകളിലും ജോലി ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇരുപത്തഞ്ചോളം പാഠപുസ്തകങ്ങള്‍ എഴുതി.

1972-ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ ആദ്യത്തെ ചിത്ര പ്രദര്‍ശനം നടത്തി. 1996-ല്‍ ഒരു പ്രദര്‍ശനം നടത്തിയെങ്കിലും അതിനുശേഷം ആര്‍ട് സര്‍ക്യൂട്ടുകളില്‍ നിന്നു പിന്മാറി. അടുത്ത പ്രദര്‍ശനം 2006-ല്‍ ആയിരുന്നു. പ്രദര്‍ശനങ്ങള്‍ക്കു ബോധപൂര്‍വം താത്പര്യം കാണിച്ചിരുന്നില്ല ഏറെക്കാലം. അ തിനു പല കാരണങ്ങളുണ്ട്. അധ്യാപനത്തിനു നല്‍കിയ പ്രാധാന്യമായിരുന്നു ഒരു കാരണം.

2010-ല്‍ ജോലിയില്‍ നിന്നു വിരമിച്ചു. ചെറിയ പ്രായം മുതല്‍ ആര്‍ത്രൈറ്റിസിനെയും നേരിട്ടു വരുന്നയാളാണ് ഇപ്പോള്‍ 70 കാരനായ ആര്‍ട്ടിസ്റ്റ് അങ്കിള്‍. രോഗത്തെ അതിജീവിച്ചും ചിത്രം വരയ്ക്കുന്നതു തുടര്‍ന്നു. 2016 മുതല്‍ ചിത്രരചനയില്‍ വളരെയേറെ സജീവമായി. ഇപ്പോള്‍ ഏഴായിരത്തഞ്ഞൂറോളം ചിത്രങ്ങള്‍ വരച്ചു പൂര്‍ത്തിയാക്കി.

കരിസ്മാറ്റിക് നവീകരണരംഗത്ത് പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ള എ പി പൗലോസ്, ഇരുപതിലേറെ കൊല്ലക്കാലം ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ സെക്രട്ടറിയായിരുന്നു.

ചിത്രകലയെയും മറ്റു വിഷയങ്ങളെയും കുറിച്ചു സംസാരിക്കുകയാണ് ഈ മുഖാമുഖത്തില്‍ ആര്‍ട്ടിസ്റ്റ് അങ്കിള്‍...

എന്തിനു വേണ്ടിയാണു താങ്കള്‍ ചിത്രം വരയ്ക്കുന്നത്?

ചിത്രകല അടിസ്ഥാനപരമായി ഒരു ലളിതകലയാണ്. ലളിതകലകളെല്ലാം സൗന്ദര്യത്തിലധിഷ്ഠിതമാണ്. സൗന്ദര്യമാണ് നമുക്ക് ആദ്യം അനുഭവവേദ്യമാകുന്നത്. സൗന്ദര്യം ദൈവികമാണ്. ദൈവം പ്രപഞ്ചം സൃഷ്ടിച്ചപ്പോള്‍ രണ്ടു സംഗതികള്‍ ഉണ്ടായിരുന്നു. നന്മയും സൗന്ദര്യവും. ഇതു രണ്ടുമായും ഇടപെടുമ്പോള്‍ നമുക്കു സന്തോഷം ഉണ്ടാകുന്നു. ആരെങ്കിലും നന്മ ചെയ്യുമ്പോള്‍, നന്മ അനുഭവിക്കുമ്പോള്‍ നമുക്കു സന്തോഷം ഉണ്ടാകുന്നു. സൗന്ദര്യത്തിന്റെ കാര്യവും അതു തന്നെയാണ്. കാരണം, ഈ രണ്ടിലും സംഭവിക്കുന്നത് നാം ദൈവവുമായി ബന്ധം സ്ഥാപിക്കുന്നു എന്നതാണ്. പ്രാര്‍ത്ഥന പോലെ തന്നെയാണത്. ചിത്രകലയും പ്രാര്‍ത്ഥനയാണ്. സൗന്ദര്യം ആവിഷ്‌കരിക്കുമ്പോള്‍ ഞാന്‍ ഒരു സന്തോഷം അനുഭവിക്കുന്നു, അതു മറ്റുള്ളവരിലേക്കു പകര്‍ത്തുകയും ചെയ്യുന്നു.

വീട്ടിലോ ആശുപത്രിയിലോ ഓഫീസിലോ ഒക്കെ ഒരു ചിത്രം വയ്ക്കുമ്പോള്‍, അതു കാണുന്നവര്‍ക്കു സന്തോഷം ഉണ്ടാകുന്നു. അതാണ് അതിന്റെ അടിസ്ഥാനതത്വം.

പക്ഷേ കുറെക്കാലമായി ചിത്രകല എന്നത് ഘട്ടംഘട്ടമായി ഒരു ഗ്യാലറി അധിഷ്ഠിത കലയായി മാറി. ഗ്യാലറികളില്‍ വരുന്നത് ചിന്തിക്കാനിഷ്ടപ്പെടുന്ന ആളുകളാണ്. അതുകൊണ്ട്, ചിന്തിക്കാനുള്ള എന്തെങ്കിലും ചിത്രങ്ങളില്‍ വേണം എന്ന ചിന്ത വരാന്‍ തുടങ്ങി. സോദ്ദേശ്യകലകള്‍ക്കെല്ലാം അതു സംഭവിച്ചു. കാര്‍ട്ടൂണുകള്‍ ചിരിക്കാനുള്ളതാണ്, പോസ്റ്ററുകള്‍ ആശയം വിനിമയം ചെയ്യാനുള്ളതാണ്, അല്ലെങ്കില്‍ പ്രതികരിക്കാനുള്ളതാണ്. സാഹിത്യത്തെ ചിത്രീകരിക്കാനും ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. അവയെല്ലാം സോദ്ദേശ്യകലകളാണ്. ലളിതകല ഇപ്രകാരം ആശയങ്ങള്‍ വിനിമയം ചെയ്യുന്നില്ല. പക്ഷേ ചിത്രകലയില്‍ കൂടുതല്‍ ആശയങ്ങള്‍ കടന്നുവരാന്‍ തുടങ്ങി. ഗ്യാലറിയധിഷ്ഠിത കല വളരാന്‍ തുടങ്ങി. അങ്ങനെ ചിത്രകല കുറച്ചു വരേണ്യ കലാസ്വാദകരുടെ മാത്രം കലയായി മാറാന്‍ തുടങ്ങി. ബുദ്ധിജീവികളുടെ മണ്ഡലത്തിലേക്ക് അതു മാറിപ്പോയി.

ചിത്രകലയ്ക്കു വീണ്ടും ജനകീയമുഖം കൊടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഗ്യാലറിയില്‍ നിന്നു കലയെ ഉത്സവപറമ്പുകളിലേക്കും ജനങ്ങളുടെ പക്കലേക്കും കൊണ്ടുപോകുക. അടുത്ത ഘട്ടമെന്നത് ചിത്രങ്ങളെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതാണ്. അതിന് ആളുകള്‍ വില കൊടുത്തു ചിത്രങ്ങള്‍ വാങ്ങണമല്ലോ. ഇപ്പോള്‍ ചിത്രങ്ങളുടെ ഗ്യാലറി വില സാധാരണക്കാര്‍ക്കു താങ്ങാനാവുന്നതല്ല. ചിത്രങ്ങള്‍ക്ക് ഒരു സ്ട്രീറ്റ് പ്രൈസ്, തെരുവുവില ഇടാനും ആ വിലയ്ക്കു കൊടുക്കാനുമാണു എന്റെ ശ്രമം. 500 ഉം 750 ഉം 1000 രൂപയൊക്കെയാണു ഞാന്‍ ചിത്രങ്ങള്‍ക്കു വിലയിട്ടിരിക്കുന്നത്. അപ്പോള്‍ കൂടുതല്‍ വീടുകളിലേക്കു ചിത്രങ്ങള്‍ എത്തും. കുറെയധികം വീടുകളില്‍ സ്വന്തം പടം ഇരിക്കുന്നതില്‍ ഒരു സന്തോഷമുണ്ടല്ലോ.

മൗലികമായ ഒരു ചിത്രം എല്ലാ വീടുകളിലും വേണം. എന്റെ തന്നെ വേണമെന്നില്ല. ആരുടെയെങ്കിലും. ധാരാളം വീടുകളില്‍ ഇന്നു ചിത്രങ്ങളുണ്ട്. പക്ഷേ ശിവകാശിയിലടിച്ച കലണ്ടര്‍ ചിത്രങ്ങളായിരിക്കും പലതും. അവയുടെ കൂട്ടത്തില്‍ ഒരു ചിത്രകാരന്‍ കൈ കൊണ്ടു വരച്ച മൗലികമായ ഒരു ചിത്രം വയ്ക്കുക. അങ്ങനെയൊരു ദൃശ്യസംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ്.

ഈ വിലയ്ക്കു കൊടുത്താല്‍ ഇതു മുതലാകുമോ?

അടിസ്ഥാനപരമായി ഞാനൊരു പെയിന്ററാണ്. വീടു പെയിന്റു ചെയ്യുന്നവനും ഇതേപോലൊരു ജോലിയാണു ചെയ്യുന്നത്. അവര്‍ നാലിഞ്ചിന്റെ ബ്രഷ് വച്ചു ഭിത്തികള്‍ പെയിന്റ് ചെയ്യുന്നു. വൈകുന്നേരം അതിനുള്ള കൂലി വാങ്ങുന്നു. ഞാന്‍ എന്റെ ആത്മസംതൃപ്തിക്കു വേണ്ടിയാണു പെയിന്റ് ചെയ്യുന്നത്. പക്ഷേ ഈ ജോലിക്കാരില്‍ നിന്നു വ്യത്യസ്തനൊന്നുമല്ല ഞാന്‍. ദിവസക്കൂലി കിട്ടിയാല്‍ മതിയെന്ന വിചാരമാണ് എനിക്കുള്ളത്. കല പരമാവധി ആളുകളിലെത്തിക്കുക, കലയ്‌ക്കൊരു വിപണി രൂപപ്പെടുത്തുക, ഒരു ദൃശ്യസംസ്‌കാരം ഉണ്ടാക്കുക. അപ്പോള്‍ എനിക്കു പിന്നാലെ വരുന്ന ചിത്രകാരന്മാര്‍ക്ക് ഇതിനേക്കാള്‍ കൂടിയ വിലയ്ക്കു വില്‍ക്കാന്‍ കഴിയുമായിരിക്കും.

ചിത്രങ്ങള്‍ എല്ലാ വീടുകളിലും എത്തുന്നതുകൊണ്ട് എന്തായിരിക്കും സമൂഹത്തിലുണ്ടാകുന്ന മാറ്റം?

ഇവിടത്തെ സാമൂഹിക വ്യവസ്ഥിതിയെ നിരീക്ഷിക്കുമ്പോള്‍ കാണുന്ന ഒരു കാര്യം നമ്മുടെ സമൂഹമനഃസാക്ഷി കൂടുതല്‍ കൂടുതല്‍ ഖനീഭവിച്ചു പോയിരിക്കുന്നു എന്നതാണ്. മനുഷ്യരുടെ ഹൃദയങ്ങളെ ഒന്നുകൂടി തരളമാക്കുക എന്നതാണു ലക്ഷ്യം. കല്ലിനെ ഉരുക്കുക. ആര്‍ദ്രമാക്കുക. മനുഷ്യഹൃദയങ്ങളെ ഏറ്റവും കൂടുതല്‍ തരളമാക്കുന്നത് കലയാണ്. അതുകൊണ്ടാണല്ലോ സംഗീതത്തിന് ഇത്രയും പ്രാധാന്യം. സംഘര്‍ഷാത്മകമായ മനസ്സുകളുമായിരിക്കുന്ന മനുഷ്യര്‍ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അവരുടെ ഹൃദയങ്ങള്‍ തരളിതമാകുന്നു. അതുപോലെ തന്നെയാണു ചിത്രകലയും. സംഗീതം സ്വരങ്ങളിലൂടെയാണെങ്കില്‍ ചിത്രങ്ങള്‍ നിറങ്ങളിലൂടെയാണതു സാധിക്കുന്നതെന്ന വ്യത്യാസം മാത്രം. കല പ്രോത്സാഹിപ്പിക്കുന്നതനുസരിച്ച് സമൂഹത്തിനു കുറെക്കൂടി ആര്‍ദ്രത വരും.

ബുദ്ധിജീവികളും കലാനിരൂപകരും ചേര്‍ന്നു ചിത്രകലയെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കി എന്നു കരുതുന്നുണ്ടോ?

അവര്‍ക്കതേ കഴിയൂ. ഒരു ഗ്യാലറിയെ സംബന്ധിച്ചിടത്തോളം അതിനെ സമൂഹമധ്യത്തില്‍ ഒരല്‍പം ഉയര്‍ത്തി നിറുത്തേണ്ടതുണ്ട്. വില കൂട്ടി വയ്ക്കുന്നതനുസരിച്ച്, അതിന്റെ ഉള്ളടക്കവും ഭാവവും കൂട്ടിവയ്‌ക്കേണ്ടി വരും. ഒരു ആഡംബരകാറും സാധാരണ കാറും തമ്മില്‍ ഉള്ള വ്യത്യാസം പോലെയാണത്. വില വര്‍ധിപ്പിക്കാനും അതു നില നിറുത്താനും വേണ്ടി പലതും ചെയ്യേണ്ടി വരും.

അങ്ങനെ വില കൂടിയ ഒരു ചിത്രകാരനാകണം എന്നു വിചാരിക്കുന്നില്ലേ?

പടം വരയ്ക്കാനറിയാം, അതു കൊണ്ടു വരയ്ക്കുന്നു എന്നു മാത്രമേ എനിക്കെന്നെക്കുറിച്ചു പറയാനുള്ളൂ. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനുള്ളില്‍ ഏഴായിരത്തഞ്ഞൂറോളം പടങ്ങള്‍ വരച്ചു. അയ്യായിരം പടമായിരുന്നു ആദ്യത്തെ ലക്ഷ്യം. അത്രയും പടങ്ങള്‍ വരച്ച്, ആളുകളിലേക്ക് എത്തിക്കാമെന്നു വിചാരിച്ചിരുന്നപ്പോഴാണു കോവിഡ് വന്നത്. അതോടെ ചിത്രപ്രദര്‍ശനം നടക്കാതായി, രോഗം പിടിമുറുക്കുകയും ചെയ്തു. ആ കാലത്ത് ലക്ഷ്യം ആറായിരം ആക്കിയുയര്‍ത്തി, വീണ്ടും വരയില്‍ മുഴുകി. അതാണ് ഏഴായിരത്തഞ്ഞൂറിലേക്കെത്തിയത്.

വരയ്ക്കുന്നതെല്ലാം അമൂര്‍ത്തചിത്രങ്ങളാണോ?

ഇപ്പോള്‍ ചെയ്യുന്നതെല്ലാം അമൂര്‍ത്തചിത്രങ്ങളാണ്. ഇതിനു മുമ്പു ചെയ്തിരുന്നത് ഇന്‍സെക്ട് ചിത്രങ്ങളാണ്. പ്രാണികള്‍. എറണാകുളത്ത് ഏറ്റവുമധികം ഇന്‍സെക്ടുകളെ വരച്ചിട്ടുള്ളത് ഞാനായിരിക്കും.

ചിത്രകലയെയും ശില്പകലയെയും വലിയ തോതില്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ക്രൈസ്തവസഭ. ദേവാലയങ്ങള്‍ അവയ്ക്ക് അരങ്ങും അവസരവുമൊരുക്കി. ഇപ്പോള്‍ ഈ കലാരൂപങ്ങളോടു സഭയ്ക്കുള്ള സമീപനത്തെ എങ്ങനെയാണു കാണുന്നത്? കോടികണക്കിനു രൂപ മുടക്കി പണിയുന്ന പള്ളികള്‍ ഇപ്പോഴും ഉണ്ട്. പക്ഷേ കലയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ?

നവോത്ഥാനകാലത്ത് യൂറോപ്പില്‍ വലിയ സാംസ്‌കാരികമായ ഉണര്‍വുണ്ടായി. ആ ഉണര്‍വില്‍ യൂറോപ്പിലെ ജനം കലയില്‍ കൂടുതല്‍ താത്പര്യം കാണിക്കാന്‍ തുടങ്ങി. സഭ അതില്‍ നേതൃത്വപരമായ ഒരു പങ്കു വഹിച്ചു. കല യെ വളര്‍ത്തി, ആദ്ധ്യാത്മികതയില്‍ കലയ്ക്കു പ്രാധാന്യം കൈ വന്നു. നവോത്ഥാനകാലം കഴിഞ്ഞതിനു ശേഷം അതിന്റെ നേട്ടങ്ങള്‍ ഇവിടെ അവശേഷിച്ചു. അതിനു മുമ്പ് ഐക്കോണിക് കലയായിരുന്നല്ലോ. നവോത്ഥാനത്തോടെ കല കൂടുതല്‍ സൗന്ദര്യാത്മകമായി. കല വളരെയധികം വളര്‍ന്നു.

പക്ഷേ ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പില്‍ പൊതുവെ കലയോടുള്ള താത്പര്യം കുറഞ്ഞുപോയിട്ടുണ്ട്. സഭയാകട്ടെ സാമൂഹിക-രാഷ്ട്രീയ തലങ്ങളിലേക്കു നീങ്ങി. സഭയുടെ ശ്രദ്ധ സൗന്ദര്യാത്മകവും സാമൂഹ്യശാസ്ത്രപരവുമായ മാനങ്ങളില്‍ നിന്ന് സാമ്പത്തിക-രാഷ്ട്രീയരംഗങ്ങളിലേക്കു മാറി. കേരളത്തിലാണെങ്കിലും പണ്ട്, ആര്‍ട്ടിസ്റ്റ് ചെറിയാനു ഷെവലിയാര്‍ പട്ടമൊക്കെ കൊടുത്ത ചരിത്രമുണ്ട്. പിന്നീട് ശ്രദ്ധ മാറുകയും കലയ്ക്കു വലിയ പ്രാധാന്യം കൊടുക്കാതെയാകുകയും ചെയ്തു. പാറേക്കാട്ടില്‍ പിതാവ് ഉണ്ടായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങളിലെല്ലാം ഇടപെടുമായിരുന്നു. വിശാലമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു.

ഇക്കാലത്തു നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ പള്ളികളില്‍ കലയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച്?

വളരെ കുറഞ്ഞു പോയി. വാസ്തുകലയ്ക്കു നാം പണ്ടു വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇപ്പോള്‍ വളരെയേറെ പണം നാം ചെലവഴിക്കുന്നുണ്ട്. പക്ഷേ സൗന്ദര്യാത്മകതയേക്കാള്‍ പ്രകടനാത്മകതയ്ക്കാണു നാം പ്രാധാന്യം നല്‍കുന്നത്.

അതുകൊണ്ടുള്ള പോരായ്മയെന്താണ്?

കല ദൈവികതയിലേക്കു നയിക്കണം. സൗന്ദര്യാത്മകതയ്ക്കു പ്രാധാന്യം നല്‍കുന്ന പള്ളികളില്‍ ചെന്നാല്‍ ദൈവവിചാരം ഉണരും. ഇന്നു ആഡംബരപൂര്‍ണമായി പണിതിരിക്കുന്ന പള്ളികളില്‍ ചെല്ലുമ്പോള്‍ ചെലവാക്കിയ പണം കണ്ട് നാം അമ്പരക്കുമെന്നല്ലാതെ ദൈവികതയിലേക്ക് ഉണരുന്നില്ല. ആഡംബരത്തില്‍ അഭിരമിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആദ്ധ്യാത്മികത ഉണ്ടാകില്ല. ആഡംബരവീടുകള്‍ പണിയുമ്പോഴും ഇതു സംഭവിക്കാം. ജീവിതം പൊള്ളയായി മാറുന്നു.

ഇപ്പോള്‍ കേരളത്തില്‍ ചിത്രകലയുടെ സ്ഥിതിയെന്താണ്?

ബിനാലെ ആരംഭിച്ചതിനു ശേഷം ചിത്രകലയ്ക്ക് വലിയ പ്രോത്സാഹനം കൈവന്നിട്ടുണ്ട്. ചിത്രകലാപരിഷത്ത് എന്ന സംഘടനയ്ക്കുണ്ടായ ഉണര്‍വു തന്നെ ഒരുദാഹരണമാണ്. കഴിഞ്ഞ രണ്ടു മൂന്നുകൊല്ലത്തിനിടെ പരിഷത്ത് പുനരുജ്ജീവിക്കപ്പെട്ടു. ആയിരത്തഞ്ഞൂറോളം കലാകാരന്മാര്‍ ഇതില്‍ സജീവമാണ്. ചിത്രകലയുമായി ബന്ധപ്പെട്ട ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ധാരാളം പുരോഹിതന്മാരും സന്യസ്തരും ചിത്രകലാരംഗത്തേക്കു വന്നിട്ടുണ്ട്.

ചിത്രകലയെ പ്രോത്സാഹിപ്പിക്കാന്‍ സഭയ്ക്ക് എന്തു ചെയ്യാന്‍ കഴിയും?

ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു നിയമമുണ്ട്. ഒരു വീടു നിര്‍മ്മിക്കുകയാണെങ്കില്‍ അതിന്റെ ചെലവിന്റെ നിശ്ചിതശതമാനം തുക ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കണം. ഇവിടെ അങ്ങനെ നിയമമൊന്നും കൊണ്ടുവരാന്‍ കഴിയില്ല. പക്ഷേ സഭയെ സംബന്ധിച്ചിടത്തോളം, നമ്മുടെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും കലയ്ക്ക് കുറെക്കൂടി പ്രാധാന്യം നല്‍കുക എന്ന നിര്‍ദേശം വയ്ക്കാവുന്നതാണ്. നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും ചിത്രങ്ങള്‍ നമ്മുടെ പള്ളികളിലും മറ്റും പ്രദര്‍ശിപ്പിക്കാം. കലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പുരോഹിതരെയും സന്യസ്തരെയും അത്തരം മേഖലകളിലേക്കു നിയോഗിക്കുക. നാടകത്തിനു നാം ശ്രദ്ധേയമായ പ്രോത്സാഹനം നല്‍കുന്നുണ്ട്. നാടകമേള പോലെ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്. പ്രാദേശികമായി ചിത്രച്ചന്തകള്‍ സംഘടിപ്പിക്കാം.

ആര്‍ത്രൈറ്റിസുമായുള്ള പോരാട്ടത്തെക്കുറിച്ച്...

രോഗം ശരീരത്തിലെ സന്ധികളെ ബാധിക്കാന്‍ തുടങ്ങുമ്പോള്‍ അതികഠിനമായ വേദനയായിരിക്കും. പ്രസവവേദന കഴിഞ്ഞാല്‍ കഠിനമായ അടുത്ത വേദന ആര്‍ ത്രൈറ്റിസിന്റെ വേദനയാണെന്നാണു പറയുക. ഈ വേദനകള്‍ എനിക്കു നല്‍കിയിട്ടുള്ള ഏറ്റവും വലിയ സന്തോഷം, ഈശോയുടെ വേദനയില്‍ പങ്കുചേരാന്‍ കഴിയുന്നു എന്നതാണ്.

എഴുപതാം വയസ്സിലും കലാപ്രവര്‍ത്തനങ്ങളുമായി സജീവമായി നില്‍ക്കുന്നു. മുതിര്‍ന്ന പൗരന്മാരോട് എന്താണു പറയാനുള്ളത്?

കലയ്ക്ക് പ്രായമില്ല. എം എഫ് ഹുസൈനെ അറിയാമല്ലോ. ആര്‍ട്ടിസ്റ്റ് നമ്പൂതിരി നമ്മുടെ സംസ്ഥാനത്തുണ്ട്. കലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ പ്രായം പിടികൂടുന്നില്ല. രാഷ്ട്രീയക്കാരെയും പ്രായം ബാധിക്കാറില്ല. കാരണം, ജോലിയല്ല, ജീവിതചര്യയുടെ ഭാഗമാണത്. പ്രായമാകുമ്പോള്‍ കല ആസ്വദിക്കുക, വായിക്കുക, ചെറിയ കാര്യങ്ങള്‍ ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള ഒരു കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്നതാണ് പ്രായത്തെ നേരിടാന്‍ ചെയ്യാവുന്ന ഒരു കാര്യം. കലാപ്രവര്‍ത്തനം എന്നു പറയുന്നതില്‍ അതിന്റെ ആസ്വാദനവും ഉള്‍പ്പെടും. ഓരോ പുതിയ ചിത്രം നാം വരയ്ക്കുമ്പോഴും, ഓരോ പുതിയ പൂ വിടരുന്നതു കാണുമ്പോഴും നമുക്കു സന്തോഷമുണ്ടാകും. സന്തോഷമനുഭവിക്കുന്ന ഓരോ നിമിഷവും നാം വളരുകയാണ്. സന്തോഷമില്ലാത്തപ്പോള്‍ തളരുകയും.

ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ സെക്രട്ടറിയായി 20 കൊല്ലത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. കരിസ്മാറ്റിക് നവീകരണത്തെക്കുറിച്ച് എന്താണു പറയാനുള്ളത്?

മാര്‍ത്തോമ്മാസഭയാണ് കേരളത്തില്‍ കരിസ്മാറ്റിക് നവീകരണം കൊണ്ടുവന്നത്. നവീകരണാശയങ്ങളും ആചാരാനുഷ്ഠാനങ്ങളും തമ്മില്‍ നല്ല സമന്വയം ഉണ്ടാക്കാന്‍ അവര്‍ക്കു സാധിച്ചു. നവീകരണം വന്ന കാലത്ത് ആ സഭ വളരെ പെട്ടെന്നു വളര്‍ന്നു. ആദ്ധ്യാത്മികവും സാമൂഹികവുമായ വളര്‍ച്ചയും ഉണര്‍വും മാര്‍ത്തോമ്മാസഭയിലുണ്ടായി. കത്തോലിക്കാസഭയില്‍ കരിസ്മാറ്റിക് നവീകരണം വന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതും അതേ പോലുള്ള ഒരു വളര്‍ച്ചയാണ്. സഭ ഔദ്യോഗികമായി കരിസ്മാറ്റിക് നവീകരണത്തെ സ്വീകരിച്ചല്ലോ. അപ്പോള്‍ സഭയുടെ പക്വമായ പരമ്പരാഗത രീതികളും നവീകരണത്തിന്റെ പുതിയ ശൈലികളുമായി ചേരുന്ന സമന്വയം സഭയ്ക്ക് വലിയ വളര്‍ച്ച നല്‍കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആ രീതിയിലുള്ള വളര്‍ച്ച ഉണ്ടായില്ല എന്നാണ് എന്റെ വിലയിരുത്തല്‍.

സീറോ മലബാര്‍, മുനമ്പം പ്രശ്‌നം

ഈശോയുടെ സ്‌നേഹത്തിന്റെ പരിമളം പരത്തുക

വിശുദ്ധ സിസിലി (250) : നവംബര്‍ 22

കണ്ണീരടങ്ങണം കനലും

ദൈവദാസി കൊളേത്താമ്മയെക്കുറിച്ച് പുസ്തകം പ്രകാശനം ചെയ്തു