Coverstory

തവിട്ടുനിറമുള്ള പ്രഭാതങ്ങള്‍: ഫാസിസകാലത്ത് ഫ്രാങ്ക് പാവ്‌ലോഫിനെ വായിക്കുമ്പോള്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
നിങ്ങളുടെ ഫ്രിഡ്ജില്‍ ബീഫോ, പോര്‍ക്കോ, അവിയലോ സൂക്ഷിക്കാനുള്ള അവകാശത്തിന്റെ പേരു കൂടിയാണ് ജനാധിപത്യം. നിങ്ങളുടെ അടുക്കളയില്‍ കയറി നിങ്ങളുടെ റെഫ്രിജറേറ്റര്‍ ബലമായി തുറക്കുന്ന ഫാസിസ്റ്റുകള്‍ സത്യത്തില്‍ നിങ്ങളുടെ രസമുകുളങ്ങളെയാണ് ഉന്മൂലനം ചെയ്യുന്നത്.

''രാജ്യത്ത് പൂച്ചകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ തവിട്ടു പൂച്ചകളെ മാത്രം വളര്‍ത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ വിദഗ്ധരുടെ പക്ഷം. മാത്രമല്ല, തവിട്ടു പൂച്ചകളാണ് നാഗരിക ജീവിതത്തിന് ഏറ്റവും യോജിച്ചതത്രെ.'' കറുപ്പും വെളുപ്പും ഇരുനിറവുമായ പൂച്ചകളെ മിലിട്ടറി പൊലീസിന്റെ സൗജന്യവിഷഗുളിക കൊടുത്ത് കൊല്ലുന്നതിന് ഗവണ്‍മെന്റിന്റെ ന്യായീകരണമാണിത്.

ചരിത്രത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് പണിയപ്പെടുന്ന ഫാസിസ്റ്റ് പാലങ്ങളുടെ തച്ചുശാസ്ത്രത്തെ വെളിപ്പെടുത്തുന്ന ഒന്നാണ് ഫ്രഞ്ച് ചിന്തകനും മനശ്ശാസ്ത്രജ്ഞനുമായ ഫ്രാങ്ക് പാവ്‌ലോഫിന്റെ ''തവിട്ടു നിറമുള്ള പ്രഭാതം'' (Brown Morning) എന്ന കൃതി. ഗ്രീക്ക് പുരാണത്തിലെ പ്രൊസ്‌ക്രറ്റസിനെപ്പോലെ യാണ് ഫാസിസവും പ്രവര്‍ത്തിക്കുന്നത്. അതിഥികളെ തന്റെ കട്ടിലില്‍ കിടത്തി നീളം കൂടിയാല്‍ കാല്‍ മുറിച്ചു മാറ്റിയും കട്ടിലിനേക്കാള്‍ നീളം കുറഞ്ഞാല്‍ വലിച്ചുനീട്ടിയും ആളെക്കൊല്ലുന്ന ഗ്രീക്ക് മിത്തോളജിയിലെ പ്രൊസ്‌ക്രറ്റസും ഫാസിസവും ഇരട്ട പെറ്റവരാണ്. വ്യത്യസ്തതകളെ തന്റെ മനോഘടനയ്ക്കനുസരിച്ച് മുറിച്ചുമാറ്റുകയോ വലിച്ചുനീട്ടുകയോ ചെയ്യുന്ന ഫാസിസത്തിന്റെ രാക്ഷസീയതയെയാണ് പാവ്‌ലോഫ് തന്റെ കൃതിയിലൂടെ വിചാരണ ചെയ്യുന്നത്.

തവിട്ട് നിറമുള്ള പൂച്ചകള്‍ ആഢ്യന്മാരും സം സ്‌കാരസമ്പന്നരുമാണെന്ന ന്യായം പറ ഞ്ഞാണ് മറ്റു നിറങ്ങളിലുള്ള പൂച്ചകളെ കൊല്ലാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. തവിട്ട് നിറമുള്ള ജീവികള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരിക്കുമെന്നും അവ യ്ക്ക് ആഹാരം കുറവു മതി എന്നുമുള്ള ന്യായീകരണങ്ങളിലൂടെ ഫ്രാങ്ക് പാവ്‌ലോ ഫ് പരിഹസിക്കുന്നത് ഹിറ്റ്‌ലറിന്റെ ആര്യന്‍ മേല്‍ക്കോയ്മാ (Aryan Supremacy) വാദത്തെയാണ്. We are the best race; we need space to expand. - ഞങ്ങള്‍ ഏറ്റവും മികച്ച വംശമാണ്. അതിനാല്‍ മറ്റ് വംശങ്ങളെ ഉന്മൂലനം ചെയ്തും വ്യാപിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ നാസിഭീകരതയെയാണ് സമകാലിക തവിട്ട് ഭീകരതയായി, പാവ്‌ലോഫ് അവതരിപ്പിക്കുന്നത്. സ്‌ലാവ് വംശജരും യഹൂദരും മുയലുകളെപ്പോലെ പെറ്റു കൂട്ടുന്നു എന്ന് അധിക്ഷേപിച്ച് അവരെ വംശഹത്യയ്ക്കിരയാക്കിയ ഹിറ്റ്‌ലറിന് എത്രയോ പിന്‍മുറക്കാരാണ് വ്യത്യ സ്ത കാലദേശങ്ങളിലുണ്ടായത്.

ഏത് നിറമുള്ള മൃഗത്തെ അരുമയാക്കണമെന്നും ആരെ ഓമനിക്കണമെന്നുമുള്ള ജനത്തിന്റെ അവകാശത്തെ ആദ്യം നിയന്ത്രിക്കുന്ന ഭരണകൂടം പിന്നെ മൂക്കുകയറിടുന്നത് അറിയാനുള്ള ജനതയുടെ അവകാശത്തിനാണ്. പതിവായി വായിക്കുന്ന പത്രങ്ങള്‍ക്കു പകരം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ''ബ്രൗണ്‍ ന്യൂസ്'' എന്ന പത്രം മാത്രം ലഭ്യമാകുന്ന സ്ഥിതിവിശേഷമാണ് ഭരണകൂട ഭീകരത സൃഷ്ടിക്കുന്നത്. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ തന്റെ മെറ്റാഫിസിക്‌സ് (Metaphysics) എന്ന പ്രബന്ധത്തിന്റെ ആദ്യവരിയായി എഴുതിയത് അറിയാനുള്ള മനുഷ്യന്റെ സ്വഭാവിക ആഗ്രഹത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമാണ്. 'Human beings by nature desire to know' ഫാസിസ്റ്റ് ഭരണകൂടം എപ്പോഴും വിയോജിപ്പിന്റെ വ്യാകരണങ്ങളെ വെട്ടിമാറ്റുന്നതു വഴി സത്യം അറിയാനുള്ള മനുഷ്യന്റെ അവകാശത്തിന് കൂച്ചുവിലങ്ങിടുന്നു. സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ഔദ്യോഗിക സത്യങ്ങളുടെ മൊത്തവിതരണക്കാരായി ചമഞ്ഞ പ്രാവ്ദ, ഇസ്‌വെസ്റ്റിയ എന്നീ സര്‍ക്കാര്‍ നിയന്ത്രിത പത്രങ്ങളും ബ്രൗണ്‍ ന്യൂസിന്റെ ആദി മാതൃകകളാണ്. കുതിരപ്പന്തയത്തിന്റേയും സ്‌പോര്‍ട്‌സിന്റേയും കാര്യത്തില്‍ ബ്രൗണ്‍ ന്യൂസിനെ വിശ്വസിക്കാമെന്നു തോന്നുന്നു എന്ന നായകന്റെ ആത്മഗതം ഉപജാപങ്ങളുടെ ഉപശാലകളില്‍ നിര്‍മ്മിച്ചെടുക്കപ്പെടുന്ന സമകാലിക കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമലോകത്തിലേക്കൊരു ചൂണ്ടുപലകയാണ്.

തവിട്ട് നിറത്തെ മഹത്വവത്കരിച്ച് മറ്റു നിറങ്ങളെ ഉന്മൂലനം ചെയ്യുന്ന Brown Government പിന്നെ ലക്ഷ്യം വച്ചത് പുസ്തകങ്ങളേയും ലൈബ്രറികളേയുമാണ്. തവിട്ട് നിറങ്ങളില്ലാത്ത പുസ്തകങ്ങളും തവിട്ടിനെ മഹത്വവത്കരിക്കാത്ത ലൈബ്രറികളും സെന്‍സര്‍ഷിപ്പിന്റെ അഗ്നികുണ്ഠങ്ങളിലെറിയപ്പെട്ടു. അക്ഷരം അഗ്നിയാണെന്നു പറഞ്ഞ ജര്‍മ്മന്‍ കവിയും നാടകകൃത്തുമായ ബെര്‍ട്ടോള്‍ ഡ് ബ്രെഹ്റ്റിന്റെ അക്ഷരങ്ങള്‍ നാസി സെന്‍സര്‍ഷിപ്പിന്റെ അഗ്നിയിലെറിയപ്പെട്ടതോര്‍ക്കുക. 20 വര്‍ഷത്തേക്ക് ഈ തലച്ചോര്‍ പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞ് മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം ജയിലിലാക്കിയ അന്റോണിയോ ഗ്രാംഷിമാര്‍ കുഴിച്ചിട്ട വിത്തുപോലെ വിവിധയിടങ്ങളില്‍ മുളപൊട്ടുമ്പോള്‍ ഹിറ്റ്‌ലറും മുസോളിനിയും ചരിത്രത്തിന്റെ ചവറ്റുകുട്ടകളില്‍ ചിതലരിച്ചു കിടക്കുന്നു.

തവിട്ട് ഭരണകൂടം പിന്നെ ലക്ഷ്യം വച്ചത് റേഡിയോ നിലയങ്ങളെയാണ്. നാട്ടില്‍ ഇനി അവശേഷിക്കുന്ന ഒരേയൊരു റേഡിയോ സര്‍ക്കാരിന്റെ സ്വന്തം ബ്രൗണ്‍ റേഡിയോ മാത്രമാണ്. ഭരണകൂടത്തിന്റെ പാചകപ്പുരകളില്‍ നിര്‍മ്മിക്കപ്പെടുന്ന പാതിവെന്ത സത്യങ്ങളെ ശ്രോതാക്കളിലേക്ക് അടിച്ചേല്പിക്കാനുള്ള മന്‍ കി ബാത്തുകള്‍ എല്ലാക്കാലത്തുമുണ്ട്. സര്‍ക്കാര്‍വിരുദ്ധ വാര്‍ത്ത കൊടു ത്തു എന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന ഫാസിസ്റ്റ് ശൈലിയിലുള്ള ഇടതുപക്ഷ ഭരണകൂടം നാടുകടത്തുന്നത് പുതിയകാല ''ദേശാഭിമാനി''കളെയാണ്. നിഷ്പക്ഷമാകേണ്ട വാര്‍ത്താവിതരണസംവിധാനങ്ങളെ ഗവണ്‍മെന്റിന്റെ പരസ്യപ്പലകകളാക്കുന്ന അസത്യ നിര്‍മ്മിതിയുടെ കാലഘട്ടത്തിലേക്ക് വിരല്‍ചൂണ്ടുന്നു ബ്രൗണ്‍ റേഡിയോയിലൂടെ ഫ്രാങ്ക് പാവ്‌ലോഫ്.

നീയല്ലെങ്കില്‍ നിന്റെ മുതുമുത്തച്ചന്‍ വെള്ളം കലക്കി എന്ന നെറികെട്ട ന്യായം പറഞ്ഞ് ആട്ടിന്‍കുട്ടിയെ തിന്നാനൊരുങ്ങുന്ന ചെന്നായയും പുതിയകാല ഫാസിസ്റ്റ് ഭരണകൂടങ്ങളും സംസാരിക്കുന്നത് ഒരേ ഭാഷയാണ്: ചതിയിലൂടെയും കൗശലത്തിലൂടെയും അധികാരം നില നിര്‍ത്താം എന്ന് തന്റെ The Prince എന്ന ഗ്രന്ഥത്തിലെഴുതിയ ഇറ്റാലിയന്‍ കൗടില്യന്‍ നിക്കോളോ മാക്കിയവെല്ലിയുടെ അതേ ഭാഷ.

ഭരണകൂടം പിന്നെ ലക്ഷ്യം വയ്ക്കുന്നത് രുചികളുടെ ഏകീകരണമാണ്. ഭരണകൂടം പ്രൊമോട്ട് ചെയ്യുന്ന തവിട്ട് വിഭവങ്ങള്‍ മാത്രം വിളമ്പുന്ന റസ്റ്റോറന്റുകളില്‍ വേവുന്നത് തവിട്ട് പരിപ്പുമാത്രമാണ്. ''തവിട്ട് പാസ്ത കൊണ്ടുവരൂ'' എന്ന് റെസ്റ്റോറന്റില്‍ ഓര്‍ഡര്‍ നല്കുമ്പോള്‍ നിങ്ങള്‍ ഭരണകൂടത്തിന്റെ പ്രിയപ്പെട്ടവനാവുകയാണ്. നിങ്ങള്‍ സസ്യഭക്ഷണം മാത്രം കഴിച്ചാല്‍ മതി, നിങ്ങള്‍ ഹിന്ദി മാത്രം സംസാരിച്ചാല്‍ മതി, നിങ്ങള്‍ ഔദ്യോഗികമതത്തില്‍ മാത്രം വിശ്വസിച്ചാല്‍ മതി എന്നു പറയുമ്പോള്‍ ഫാസിസം നിങ്ങളുടെ സ്വകാര്യതകളിലേക്കുവരെ കടന്നു കയറുകയാണ്. നിങ്ങളുടെ ഫ്രിഡ്ജില്‍ ബീഫോ, പോര്‍ക്കോ, അവിയലോ സൂക്ഷിക്കാനുള്ള അവകാശത്തിന്റെ പേരു കൂടിയാണ് ജനാധിപത്യം. നിങ്ങളുടെ അടുക്കളയില്‍ കയറി നിങ്ങളുടെ റെഫ്രിജറേറ്റര്‍ ബലമായി തുറക്കുന്ന ഫാസിസ്റ്റുകള്‍ സത്യത്തില്‍ നിങ്ങളുടെ രസമുകുളങ്ങളെയാണ് ഉന്മൂലനം ചെയ്യുന്നത്. ഒരു നാട്, ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം, ഒരേ ഭക്ഷണം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളെല്ലാം ദേശീയതയുടെ കട്ടിലില്‍ കിടത്തി വ്യത്യസ്തത പേറുന്നവരെ വലിച്ചുനീട്ടിക്കൊല്ലാനോ മുറിച്ചു നീക്കി ഇല്ലാതാക്കാനോ ഉള്ള നവഫാസിസ്റ്റ് തന്ത്രങ്ങള്‍ മാത്രമാണ്.

ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ അവതരിപ്പിക്കുന്ന ടെസ്റ്റ് ഡോസുകള്‍ വരാനിരിക്കുന്ന ഇടിച്ചുനിരത്തലിന്റെ സൂചനകള്‍ മാത്രമാണ്. നാട്ടിലുണ്ടാകുന്ന കരിനിയമങ്ങളെ സ്വന്തം സമുദായത്തിന്റെയോ കുടുംബത്തിന്റെയോ സുരക്ഷിതത്വം മാത്രം നോക്കി എതിര്‍ക്കാതിരിക്കുന്നവര്‍ക്ക് നാസിവിരുദ്ധ ജര്‍മ്മന്‍ കവിയായ മാര്‍ട്ടിന്‍ നീമോളര്‍ തരുന്ന മുന്നറിയിപ്പുണ്ട്. അപരന്‍ ഭരണകൂട ഭീകരതയ്ക്കിരയാകുമ്പോള്‍ നീ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ നിന്റെ ഊഴം വരുമ്പോള്‍ നിനക്കുവേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാകില്ല എന്ന മുന്നറിയിപ്പ്. ഭരണകൂടം വിഷഗുളിക കൊടുത്തുകൊന്ന തന്റെ അരുമയായ വെളുത്ത പട്ടിയുടെ ചലനമറ്റ ശരീരത്തിനു സമീപം വിലപിക്കുന്ന കുഞ്ഞിനെ കരുണയോടെ നോക്കാത്ത ചാര്‍ലിയെ പിന്നീട് ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് വിചിത്രമായ കാരണത്തിനാണ്. ഇപ്പോള്‍ തവിട്ട് പട്ടിയെ വളര്‍ത്തന്ന ചാര്‍ലി, വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വെളുത്ത പട്ടിയെ വളര്‍ത്തിയിരുന്നത്രേ! നീയല്ലെങ്കില്‍ നിന്റെ മുതുമുത്തച്ഛന്‍ വെള്ളം കലക്കി എന്ന നെറികെട്ട ന്യായം പറഞ്ഞ് ആട്ടിന്‍കുട്ടിയെ തിന്നാനൊരുങ്ങുന്ന ചെന്നായയും പുതിയകാല ഫാസിസ്റ്റ് ഭരണകൂടങ്ങളും സംസാരിക്കുന്നത് ഒരേ ഭാഷയാണ്: ചതിയിലൂടെയും കൗശലത്തിലൂടെയും അധികാരം നിനിര്‍ത്താം എന്ന് തന്റെ The Prince എന്ന ഗ്രന്ഥത്തിലെഴുതിയ ഇറ്റാലിയന്‍ കൗടില്യന്‍ നിക്കോളോ മാക്കിയവെല്ലിയുടെ അതേ ഭാഷ.

വിശുദ്ധ ക്ലമന്റ് ഒന്നാമന്‍ (100) - നവംബര്‍ 23

ക്രൂശിതന്റെ നോവ്

മനുഷ്യത്വത്തിന്റെ മരണത്തില്‍നിന്നു ജനിച്ച കാവ്യം

മുനമ്പത്തെ മതേതരത്വത്തിന്റെ ശവപറമ്പാക്കില്ലെന്ന് ലത്തീന്‍ മെത്രാന്മാര്‍

വചനമനസ്‌കാരം: No.149