Coverstory

സെമിത്തേരിയെന്ന ആത്മ വിദ്യാലയം

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

    സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, കോട്ടയം

ട്രാപ്പിസ്റ്റ് സന്യാസിമാരുടെ മരണധ്യാനം വളരെ പ്രസിദ്ധമാണ്. ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചും സ്വന്തം മരണത്തെക്കുറിച്ചും ഓര്‍ക്കാന്‍ എന്നും അവര്‍ ആശ്രമ സെമിത്തേരിയില്‍ പോകും. ആശ്രമ സെമിത്തേരിയില്‍ അവര്‍ക്കായി നിശ്ചയിക്കപ്പെട്ട കുഴിമാടത്തില്‍ നിന്ന് ഒരുപിടി മണ്ണുമാറ്റി കൊണ്ടാണ് അവര്‍ തങ്ങളുടെ മരണത്തെക്കുറിച്ച് ധ്യാനിക്കുക. മരണ ധ്യാനമല്ലേ യഥാര്‍ഥത്തില്‍ ജീവിത ധ്യാനം?

'രാജാ ഹരിചന്ദ്ര' എന്ന പേരില്‍ 1955-ല്‍ ഇറങ്ങിയ മലയാള ചലച്ചിത്രത്തില്‍ നായകന്‍ ശ്മശാനത്തിന്റെ നടുവില്‍ നിന്ന് പാടുന്ന ഒരു പാട്ടാണ് 'ആത്മവിദ്യാലയമേ' എന്നുള്ളത്. സെമിത്തേരിയെ ആണ് കഥാനായകന്‍ ആത്മവിദ്യാലയം എന്ന് വിളിക്കുന്നത്. ആ ഗാനത്തിന്റെ പദങ്ങള്‍ പറയുന്നത് മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള ശാശ്വത സത്യവും:

'മന്നവനാട്ടെ, യാചകനാട്ടെ

വന്നിടുമൊടുവില്‍ മണ്‍ചിത നടുവില്‍

ആത്മവിദ്യാലയമേ'

എത്ര അര്‍ഥവത്തായ വരികളാണിവ. മനുഷ്യനെ ജീവിതത്തിന്റെ സമസ്ത പാഠങ്ങളും നശ്വരതയും പഠിപ്പിക്കുന്ന സെമിത്തേരി അല്ലേ യഥാര്‍ഥത്തില്‍ ആത്മവിദ്യാലയം?

ജര്‍മ്മനിയില്‍ നിന്നും മിഷന്‍ പ്രവര്‍ത്തനത്തിനായി കേരളത്തിലെത്തിയ വോള്‍ബ്രെഹ്റ്റ് നാഗല്‍ എന്ന പാസ്റ്റര്‍ മലയാള ഭാഷ പഠിച്ച് അനശ്വരമായ ഒരു ഗാനം എഴുതിയിട്ടുണ്ട്. മൃതസംസ്‌കാര സമയത്ത് ആലപിക്കപ്പെടുന്ന 'സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ യാത്രചെയ്യുന്നു' എന്ന ഗാനം! സമയ രഥത്തിലെ സഞ്ചാരിയാണ് മനുഷ്യന്‍ എന്ന ചിന്ത അവന്റെ ഹ്രസ്വജീവിതത്തെ ക്രമപ്പെടുത്താനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയല്ലേ?

മധ്യകാലത്ത് മനുഷ്യനെ വിളിച്ചു ക്കൊണ്ടിരുന്നത് വിയാത്തോര്‍ മുന്തി (Viator Mundi) എന്ന ലാറ്റിന്‍ പദം ഉപയോഗിച്ചുകൊണ്ടാണ്. ഇതിന്റെ അര്‍ഥം ഭൂമിയിലെ യാത്രക്കാരന്‍ (Traveller on Earth) എന്നാണ്. ഭൂമിയില്‍ നിലനില്‍ക്കുന്ന നഗരങ്ങളുണ്ടെന്ന് വിശ്വസിച്ച് റോമന്‍ പൗരത്വത്തില്‍ വല്ലാതെ അഹങ്കരിച്ച റോമാക്കാരോടാണ് പൗലോസ് ശ്ലീഹ ഇപ്രകാരം പറയുന്നത്: 'ഇവിടെ നമുക്ക് നിലനില്‍ക്കുന്ന നഗരങ്ങളില്ല. നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്.' നിത്യനഗരത്തിലേക്കുള്ള യാത്രയില്‍ ഭൂമി കടന്നുപോകേണ്ടവനാണ് മനുഷ്യന്‍ എന്നുള്ള ബോധ്യത്തില്‍ നിന്നുതന്നെയാണ് 'സിറ്റി ഓഫ് ഗോഡ്' എന്ന വിഖ്യാതമായ കൃതി സെന്റ് അഗസ്റ്റിന്‍ എഴുതിയത്. നാശപട്ടണത്തില്‍ നിന്നും മോക്ഷപട്ടണത്തിലേക്ക് യാത്ര ചെയ്യുന്ന തീര്‍ഥാടകന്റെ കഥ പറയുന്ന ക്രൈസ്തവ ക്ലാസിക്കായ ജോണ്‍ ബന്യന്റെ 'Pilgrim's Progress' പറഞ്ഞു വയ്ക്കുന്നതും മനുഷ്യന്റെ യഥാര്‍ഥ ആധാര്‍കാര്‍ഡും പാസ്‌പോര്‍ട്ടും നിത്യനഗരത്തില്‍ ആണെന്നു തന്നെ!

സീസറും പോപ്പും ഒരാളായിരുന്ന മധ്യകാലത്ത് മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കഴിയുമ്പോള്‍ വിചിത്രമായ ഒരു ആചാരം ഉണ്ടായിരുന്നു. സ്ഥാനവസ്ത്രങ്ങളൊക്കെ അണിയിച്ച് മാര്‍പാപ്പയെ പല്ലക്കില്‍ എഴുന്നള്ളിക്കും. മഹത്വവും അധികാരവും കൂടിച്ചേരുന്ന ആ പ്രദക്ഷിണത്തില്‍ എല്ലാ കര്‍ദിനാള്‍മാരും അണിനിരക്കും. പ്രൗഢിയായ ഈ ഘോഷയാത്രക്ക് മധ്യേ ഒരു മോണ്‍സിഞ്ഞോര്‍ മാര്‍പാപ്പയ്ക്ക് മുമ്പില്‍ മുട്ടുകുത്തി ഒരു മത്താപ്പ് കത്തിക്കും. കത്തിത്തീരുന്ന ഈ മത്താപ്പ് കാണിച്ചിട്ട് മോണ്‍സിഞ്ഞോര്‍ പറയും: 'പരിശുദ്ധ പിതാവേ ഇതു പോലെ മാഞ്ഞുപോകും ലോക മഹത്വങ്ങള്‍.' ശക്തമായ ഓര്‍മപ്പെടുത്തല്‍! ഒന്നിലും താല്‍പര്യം തോന്നാത്ത ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുന്നതിനു മുന്‍പ് യൗവനത്തില്‍ തന്നെ സ്രഷ്ടാവിനെ സ്മരിക്കുക (സഭാ 12:1) എന്ന് പറഞ്ഞ ബൈബിളിലെ സഭാപ്രസംഗകന്‍ തന്നെ ശാശ്വത സത്യം!

ആപ്പിള്‍ കമ്പനിയുടെ CEO ആയിരുന്ന സ്റ്റീവ് ജോബ്‌സ് തന്റെ 56-ാമത്തെ വയസ്സില്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ് എഴുതുന്നത് മഹത്തായ ബോധ്യമാണ്. 'When a person confronts with death he chooses the best thing.' 'ഒരുവന്‍ മരണവുമായി മുഖാമുഖം വരുമ്പോള്‍ അവന്‍ ഏറ്റവും നല്ലത് തിരഞ്ഞെടുക്കുന്നു.' മൃത്യു ബോധം നമ്മെ കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യരാക്കും എന്നതിന് ചരിത്രം തന്നെ സാക്ഷി! അറിയപ്പെടുന്ന ലോകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം കീഴടക്കിയ പരാക്രമിയായ അലക്‌സാണ്ടര്‍, മുപ്പത്തിമൂന്നാം വയസ്സില്‍ അകാലത്തില്‍ യാത്രയാകുമ്പോള്‍ സേവകരോട് പറഞ്ഞത് തന്റെ കൈകള്‍ രണ്ടും ശവമഞ്ചത്തിന് പുറത്തിടണം എന്നാണ്. ലോകം കീഴടക്കിയവന്‍ വെറും കയ്യോടെ മടങ്ങുന്ന വൈരുദ്ധ്യം ലോകം അറിയാന്‍ വേണ്ടിത്തന്നെ!

മധ്യകാലത്ത് മനുഷ്യനെ വിളിച്ചുകൊണ്ടിരുന്നത് വിയാത്തോര്‍ മുന്തി (Viator Mundi) എന്ന ലാറ്റിന്‍ പദം ഉപയോഗിച്ചുകൊണ്ടാണ്. ഇതിന്റെ അര്‍ഥം ഭൂമിയിലെ യാത്രക്കാരന്‍ (Traveller on Earth) എന്നാണ്. ഭൂമിയില്‍ നമുക്ക് നിലനില്‍ക്കുന്ന നഗരങ്ങളില്ല.

'ലാസ്റ്റ് ലക്ചര്‍' എന്ന വിഖ്യാതമായ ഗ്രന്ഥം എഴുതിയ റാന്‍ഡി പോഷ് പറയുന്ന ഒരു കാര്യമുണ്ട്: 'ചീട്ടുകളിയില്‍ നമുക്ക് വിളമ്പി കിട്ടുന്ന ചീട്ടിനുമേല്‍ നമുക്ക് യാതൊരു നിയന്ത്രണവുമില്ല; അത് ഭാഗ്യം പോലെയാണ്. പക്ഷേ വിളമ്പിക്കിട്ടുന്ന ചീട്ടുകളില്‍ ഏത് ഇറക്കി കളിക്കണം എന്നത് നമുക്ക് തീരുമാനിക്കാം.' സത്യത്തില്‍ മരണത്തിന് ഒരുങ്ങി ജീവിക്കേണ്ടത് ഏത് ചീട്ട് ഇറക്കി കളിക്കണമെന്നുള്ള നമ്മുടെ നിശ്ചയങ്ങളില്‍ ആണ്.

'അനായാസേന മരണം വിനാദൈന്യേന ജീവിതം നല്‍കണേ ഭഗവാനെ' എന്ന് പ്രാര്‍ഥിച്ച ഹൈന്ദവരുടെ മൃതസംസ്‌കാരകര്‍മ്മങ്ങളില്‍ വിചിത്രമായ ഒരു ആചാരമുണ്ട്. അന്ത്യകര്‍മ്മങ്ങള്‍ക്കിടെ മൃതദേഹത്തിന്റെ നെറ്റിയില്‍ പരികര്‍മ്മി ഒരു നാണയം വയ്ക്കും. എന്താണ് ഇതിന്റെ അര്‍ഥം എന്ന് ചോദിക്കുമ്പോള്‍ ഒരു ഹൈന്ദവ സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ്: ഹിന്ദുമിത്തോളജി അനുസരിച്ച് പാതാളത്തിന്റെ നദി കടക്കാനുള്ള കടത്തുകൂലിയായിട്ടാണ് ആ നാണയം വയ്ക്കുന്നത്. ക്രൈസ്തവരായ നമ്മളെ സംബന്ധിച്ച് പാതാളത്തിന്റെ, നരകത്തിന്റെ, മരണത്തിന്റെ നദി കടക്കാനുള്ള കടത്തു കൂലി എന്നു പറയുന്നത് നമ്മുടെ സല്‍കൃത്യങ്ങളാണ്. അന്ത്യവിധിയില്‍ കര്‍ത്താവ് പറയുന്നതും ഇതുതന്നെയാണ്: 'ഈ ചെറിയവരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത്.'

നോമ്പുകാലത്ത് ചൊല്ലുന്ന സങ്കീര്‍ത്തനങ്ങളില്‍ മനുഷ്യ ജീവിതത്തെക്കുറിച്ച് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് പ്രതീകങ്ങള്‍ അര്‍ഥവത്താണ്. ഒന്നാമത്തെ ഉദാഹരണം പറയുന്നു 'മനുഷ്യ ജീവിതം വയലിലെ പുല്ലുപോലെയാണ്, അത് പെട്ടെന്ന് വാടിപ്പോകുന്നു.' രണ്ടാമത്തെ പ്രതീകം പറയുന്നു 'മനുഷ്യ ജീവിതം മനസ്സിലെ കിനാവുപോലെ കടന്നുപോകുന്നു.' മൂന്നാമത്തെ പ്രതീകം മനുഷ്യ ജീവിതത്തെ അതിഹ്രസ്വമായ കാലത്തേക്ക് മാത്രം നിലനില്‍ക്കുന്ന ജലകുമിളയോടാണ് ഉപമിക്കുന്നത്. ഭക്തകവി പൂന്താനം പാടിയതുപോലെ 'മധ്യേയിങ്ങനെ കാണുന്ന നേരത്തും മത്സരിക്കാനും' വെട്ടിപ്പിടിക്കാനും വെമ്പല്‍ കൊള്ളുന്ന മനുഷ്യര്‍ എന്നാണാവോ നിത്യനഗരത്തെക്കുറിച്ച് ധ്യാനിക്കുക?

മരിച്ചവരെ ഓര്‍ക്കുന്ന നവംബര്‍ മാസത്തിലെ ചോദ്യമിതാണ്? തോട്ടത്തിന്റെ നടുവില്‍ കല്ലറ സൂക്ഷിച്ച അരിമത്യാകാരന്‍ ജോസഫിനെപോലെ യൗവനത്തിന് മധ്യേ മൃത്യുബോധം സൂക്ഷിക്കാനും സ്രഷ്ടാവിനെ സ്മരിക്കാനും എന്നാണാവോ മനുഷ്യന്‍ പഠിച്ചു തുടങ്ങുക?

വിശുദ്ധ ക്ലമന്റ് ഒന്നാമന്‍ (100) - നവംബര്‍ 23

ക്രൂശിതന്റെ നോവ്

മനുഷ്യത്വത്തിന്റെ മരണത്തില്‍നിന്നു ജനിച്ച കാവ്യം

മുനമ്പത്തെ മതേതരത്വത്തിന്റെ ശവപറമ്പാക്കില്ലെന്ന് ലത്തീന്‍ മെത്രാന്മാര്‍

വചനമനസ്‌കാരം: No.149