Coverstory

ദൈവജനത്തെ പിന്നാമ്പുറത്താക്കരുത്

എസ്. പൈനാടത്ത് എസ്.ജെ.
ജനജീവിതത്തില്‍ തെളിയുന്ന വിശ്വാസചൈതന്യം (sensus fidelium) അവഗണിച്ചുകൊണ്ടുള്ള ഏതൊരു തീരുമാനവും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയേ യുള്ളൂ. ഭാവി തലമുറയോടു ചെയ്യുന്ന അപരാധമായിരിക്കും അത്.

സഭയില്‍ സംഘര്‍ഷങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അവയെ അതിജീവിക്കാനായത് സുവിശേഷങ്ങളിലേക്കു തിരിഞ്ഞുകൊണ്ടായിരുന്നു. 'ദൈവാത്മാവ് സഭയോട് എന്തു പറയുന്നു' എന്നതിന് കാതോര്‍ക്കാനുള്ള വിനയവും വിവേചനശക്തിയും ഉള്ളപ്പോള്‍ മാത്രമാണ് സഭാജീവിതത്തിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനായത്. ഇതാണ് സിനഡാത്മക സഭയുടെ സ്വഭാവം. എല്ലാവരെയും ശ്രവിക്കുന്ന, ശ്രദ്ധിക്കുന്ന ഒരു സഭയാണ് നമുക്കു വേണ്ടത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നതിന്റെ അര്‍ത്ഥം ഇതത്രേ. ജനജീവിതത്തില്‍ തെളിയുന്ന വിശ്വാസചൈതന്യം (sensus fidelium) അവഗണിച്ചുകൊണ്ടുള്ള ഏതൊരു തീരുമാനവും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയേയുള്ളൂ. ഭാവി തലമുറയോടു ചെയ്യുന്ന അപരാധമായിരിക്കും അത്.

ഇന്ന് സീറോ മലബാര്‍ സഭയിലുണ്ടായിരിക്കുന്ന വിഭാഗീയതയും സംഘര്‍ഷവും പരിഹരിക്കാന്‍ ഏകമാര്‍ഗ്ഗം സുവിശേഷങ്ങളിലേക്കു തിരിയുകയാണ്.

സുവിശേഷങ്ങളിലെ മനുഷ്യാഭിമുഖ്യം

എന്നും എവിടെയും മനുഷ്യനായിരുന്നു യേശുനാഥന്റെ ശ്രദ്ധാകേന്ദ്രം. മനുഷ്യജീവിതത്തില്‍ തെളിയുന്ന ദൈവിക സാന്നിദ്ധ്യം - അതാണ് സുവിശേഷത്തിന്റെ പ്രമേയം. സ്‌നാപകന്‍ ശിഷ്യന്മാരെ അയച്ച് ''വരാനിരിക്കുന്നവന്‍ നീ തന്നെയോ?'' എന്നു ചോദിച്ചപ്പോള്‍ യേശു അവരോട് ചുറ്റും നോക്കാനാണു പറഞ്ഞത് (ലൂക്കാ 7:18-23). കുഷ്ഠരോഗിയെ തൊട്ടാല്‍ തൊടുന്നവനും അശുദ്ധനാകും എന്ന മതനിയമത്തെ അവഗണിച്ച് യേശു കരുണയോടെ കുഷ്ഠരോഗിയെ തൊടുമായിരുന്നു (ലൂക്കാ 5:13) ''അല്ലലാലങ്ങു ജാതി മറന്നിതോ'' എന്നു പറഞ്ഞ് പരിഭ്രമിച്ചു നില്‍ക്കുന്ന ചണ്ഡാലിപ്പെണ്ണില്‍ നിന്ന് യേശു വെള്ളം വാങ്ങിക്കുടിച്ചപ്പോള്‍ 'ഞാനും വിലപ്പെട്ടവളാണല്ലോ' എന്ന ബോധം അവളില്‍ അങ്കുരിച്ചു (യോഹ. 4:7). കുലദ്രോഹിയായ സക്കേവൂസിന്റെ വീട്ടില്‍ അതിഥിയായി ചെന്നതു വഴി അയാള്‍ ഒരു പുതിയ മനുഷ്യനായി (ലൂക്കാ 19:7) ആഢ്യനായ ശിമയോന്റെ വിരുന്നുപന്തലിലേക്ക് തള്ളിക്കയറിവന്ന ഹീനയായ സ്ത്രീയെ സ്‌നേഹവായ്പിന്റെ ഉത്തമ മാതൃകയായി യേശു ഉയര്‍ത്തിക്കാട്ടി (ലൂക്കാ 7:47). മേലാളസംസ്‌കാരത്തിന്റെ വിലക്കുകള്‍ അവഗണിച്ച്, സമുദായത്തിന്റെ പുറമ്പോക്കുകളില്‍ക്കിടന്നു നരകിച്ചിരുന്ന മനുഷ്യരോടൊത്ത് യേശു ഭക്ഷണം കഴിക്കുമായിരുന്നു; അതിലൂടെ അധസ്ഥിതര്‍ക്ക് 'ദൈവസന്നിധിയില്‍ വിലപ്പെട്ടവരാണ് തങ്ങള്‍' എന്ന സ്വത്വബോധം ഉണ്ടായി (ലൂക്കാ 15:1-2). ജനജീവിതത്തില്‍ തെളിയുന്ന ദൈവാത്മാവിന്റെ പ്രവര്‍ത്തനത്തിലാണ് ദൈവികസാന്നിധ്യം വിടരുന്നത്. അതാണ് കുര്‍ബാനയില്‍ ദൈവജനം അനുഭവിച്ചറിയുന്നത്. മനുഷ്യനിലെ, പ്രത്യേകിച്ചു മുറിവേറ്റ മനുഷ്യനിലെ ദൈവികസാന്നിധ്യം കണ്ടില്ലെന്നു നടിച്ച് ദൈവാലയ തിരുക്കര്‍മ്മങ്ങളിലേക്ക് പായുന്ന പ്രവണത യേശു അംഗീകരിക്കയില്ല (ലൂക്കാ 10:31-32). ഇതാണ് പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തെ വേറിട്ടതാക്കുന്നത്.

ആര്‍ത്തനായ ഒരു മനുഷ്യന്‍ മുമ്പില്‍ വന്നു നില്‍ക്കുമ്പോള്‍ യേശു എല്ലാം മറക്കും: സമുദായത്തിന്റെ പാരമ്പര്യങ്ങളും മതത്തിന്റെ നിയമാവലികളും സംസ്‌ക്കാരത്തിലെ ശുദ്ധാശുദ്ധി വിധി നിര്‍ണ്ണയങ്ങളും ആഢ്യസംസ്‌കൃതിയുടെ അതിര്‍വരമ്പുകളും എല്ലാം മറക്കും. അവയെല്ലാം മനുഷ്യനു വഴിമാറിക്കൊടുക്കേണ്ടതാണെന്ന് യേശു നിഷ്‌ക്കര്‍ഷിച്ചു. സാബത്തു മനുഷ്യനുവേണ്ടിയാണ്, മനുഷ്യനെ സാബത്തിനു ബലിയാടാക്കരുത് എന്ന അനുശാസനത്തിലൂടെ (മര്‍ക്കോ. 2:27) മതനിയമങ്ങള്‍ക്കുപരി യേശു മനുഷ്യനെ പ്രതിഷ്ഠിച്ചു. മനുഷ്യനെ പിന്നാമ്പുറത്താക്കുന്ന അനുഷ്ഠാനവിധികള്‍ യേശു ദര്‍ശനത്തിനു ചേരുന്നതല്ല (മര്‍ക്കോ, 7:11-13). ജനജീവിതത്തിലെ വേദനകളും യാതനകളും പ്രതീക്ഷകളും ഒപ്പിയെടുക്കുന്നതാകണം യേശുവിന്റെ സഭയിലെ ആരാധനാകര്‍മ്മം. അതു മറന്ന്, ഗതകാല പാരമ്പര്യത്തില്‍ മാത്രം തറച്ചുനിന്ന് ആരാധനക്രമം സംവിധാനം ചെയ്യുമ്പോള്‍ യേശു ചോദിക്കും: നിങ്ങളുടെ പാരമ്പര്യം സംരക്ഷിക്കാന്‍ ദൈവവചനം നിങ്ങള്‍ നിരര്‍ത്ഥകമാക്കുന്നില്ലേ? (മര്‍ക്കോ. 7:13).

യേശുവിലേക്കു തിരിയുക

ലോകാവസാനത്തോളം സഭയില്‍ ക്രിസ്തു സാന്നിധ്യം ഉണ്ടെന്ന് അനുസ്മരിപ്പിക്കുന്ന കൂദാശയാണ് വിശുദ്ധ കുര്‍ബാന. തിരുവത്താഴത്തിന്റെ ഓര്‍മ്മയിലും കാല്‍വരിയിലെ ബലിയുടെ തുടര്‍ച്ചയായും നടക്കുന്നതാണല്ലോ കുര്‍ബാന. രണ്ടിടത്തും യേശുനാഥന്‍ ജനജീവിതത്തിലെ ദൈവിക സാന്നിധ്യത്തിലേക്ക് ഉണരാനാണ് ആവശ്യപ്പെട്ടത്.

തിരുവത്താഴസമയത്ത് അപ്പം മുറിച്ച് 'നിങ്ങള്‍ ഇതു വാങ്ങി ഭക്ഷിക്കുവിന്‍' എന്നു പറഞ്ഞത് ഭിത്തിയെ നോക്കിയല്ല, ശിഷ്യന്മാരെയും നമ്മെയും നോക്കിയാണ്. അപ്പം മുറിക്കുന്നതുപോലെ നമുക്കുവേണ്ടി മുറിയുന്ന ദൈവികസാന്നിധ്യമാണ് കുര്‍ബാനയിലൂടെ ദൈവജനത്തിന് അനുഭവിക്കാനാകേണ്ടത്. സ്വയം ചെറുതാക്കി അടിമയെപ്പോലെ വന്ന ദൈവത്തെയാണ് കുര്‍ബാന കാട്ടിത്തരേണ്ടത്. ഇതു വ്യക്തമാക്കാനാണല്ലോ 'കര്‍ത്താവും നാഥനുമായ ദിവ്യഗുരു' ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്. ''ഉന്നതങ്ങളിലിരിക്കുന്ന' ഒരു ദൈവത്തെ നിരൂപിക്കാന്‍ മനുഷ്യര്‍ക്ക് എളുപ്പമാണ്, പക്ഷേ, ദാസനാകുന്ന ദൈവത്തെ മനുഷ്യമനസ്സ് അംഗീകരിക്കയില്ല (1 കൊറി. 1:18-21) എന്നാല്‍ ഇവിടെയാണ് ക്രൈസ്തവവിശ്വാസത്തിന്റെ അനന്യത കാണേണ്ടത്.

കാല്‍വരിയിലെ ബലിയാണല്ലോ വി. കുര്‍ബാനയില്‍ അനുവര്‍ത്തിക്കുന്നത്. യേശുനാഥന്‍ കുരിശില്‍ തൂങ്ങിക്കിടക്കുന്നത് ജനങ്ങളിലേക്ക് തിരിഞ്ഞാണ്. കാരണം ജനജീവിതത്തിലെ സഹനമാണ് ദിവ്യനാഥന്‍ ഏറ്റെടുത്തത്. ആര്‍ത്തരായ മനുഷ്യരുടെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി അവിടെ വേണം ദൈവത്തെ കണ്ടെത്താന്‍. ആ ദൈവമാണ് നമ്മെ നിരന്തരം അസ്വസ്ഥരാക്കി പറയുന്നത്: ''എനിക്കു വിശന്നു, എനിക്കു ദാഹിച്ചു, ഞാന്‍ പരദേശിയായിരുന്നു...'' (മത്താ. 25:35). മനുഷ്യരുടെ വേദനകളിലും പ്രകൃതിയിലെ ദുരന്തങ്ങളിലും ദൈവികസാന്നിധ്യം തിരിച്ചറിയാന്‍ സഹായകമാകണം കുര്‍ബാനയിലെ പ്രാര്‍ത്ഥനകളും പ്രതീകങ്ങളും.

യേശുനാഥന്‍ ചെയ്യാത്തത് സിനഡ് നിര്‍ബന്ധിക്കരുത്. മനുഷ്യരെ പിന്നാമ്പുറത്താക്കി, കാര്‍മ്മികനായ വൈദികന്റെ മാത്രം അനുഷ്ഠാനകര്‍മ്മമാക്കി കുര്‍ബാനയെ ചുരുക്കുന്നത് ജനജീവിതത്തില്‍നിന്ന് ദിവ്യബലിയെ ഹൈജാക്ക് ചെയ്യുന്നതുപോലെയായിരിക്കും. യേശുനാഥനിലൂടെ അനുഭവവേദ്യമായ ദൈവികസാന്നിധ്യം അവഗണിച്ചു നടത്തുന്ന ഒരു റിച്യുവല്‍ ആയി കുര്‍ബാന മാറരുത്. മനുഷ്യരുടെ സംഘര്‍ഷങ്ങളിലും സഹനങ്ങളിലും 'ദൈവം കൂടെയുണ്ട്' എന്ന അനുഭൂതിയാണ് കുര്‍ബാന ദൈവജനത്തിനു നല്‌കേണ്ടത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ ആഗോളസഭയില്‍ സുവിശേഷാത്മകമായ ഒരു ആരാധനക്രമാവബോധം ഉണ്ടായി. ഇതിന്റെ പിന്‍ബലത്തിലാണ് കേരളത്തിലെ സീറോ മലബാര്‍ സഭാ സമൂഹത്തില്‍ ജനാഭിമുഖ കുര്‍ബാന നടത്തിപ്പോന്നത്. ഇതിനെ അവഗണിച്ച് സിനഡ് 'ഐകരൂപ്യശ്രമങ്ങള്‍' (uniformity) നടപ്പിലാക്കുന്നത് വിശ്വാസി സമൂഹത്തിലെ 'ഐക്യം' (unity) തകര്‍ക്കാനേ ഉതകൂ. കൗണ്‍സില്‍ വ്യക്തമായി പറയുന്നു: വിശ്വാസത്തെയോ സമൂഹത്തിന്റെ മുഴുവന്‍ നന്മയെയോ സ്പര്‍ശിക്കാത്ത കാര്യങ്ങളില്‍, ആരാധനാക്രമത്തില്‍പ്പോലും, കര്‍ക്കശമായ ഐകരൂപ്യമുള്ള രീതി അടിച്ചേല്പിക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല.'' (ദൈവാരാധനയെപ്പറ്റിയുള്ള പ്രമാണരേഖ, SC, 77).

സഭാ പിതാവായ സെന്റ് അഗസ്റ്റിന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. 'അനുഷ്ഠാനങ്ങളില്‍ വൈവിധ്യം, വിശ്വാസത്തില്‍ ഏകത്വം, എല്ലാത്തിലും സ്‌നേഹം!'

അന്തിമ സിനഡ് രേഖയുടെ കരട് തയ്യാറാക്കുന്നതില്‍ സ്വാതന്ത്ര്യത്തിന്റെ പങ്ക്

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു