രാവിലെ സ്‌കൂള്‍ ബസുകള്‍ ഓരോന്നായി വിദ്യാലയ മുറ്റത്തേക്ക് പ്രവേശിക്കുമ്പോള്‍ സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് അവരെ സ്വീകരിക്കുക എന്നൊരു പതിവ് എനിക്കുണ്ടായിരുന്നു. എല്ലാ ബസുകളും വന്ന് വിദ്യാര്‍ത്ഥികളെ ഇറക്കി തിരിച്ചു പോകുവാന്‍ ഏതാണ്ട് ഇരുപത്തിയഞ്ചു മിനിട്ടോളം എടുക്കും. ആ സമയം മുഴുവന്‍ സ്‌കൂള്‍ മുറ്റത്തുനിന്ന് അണമുറിയാതെ ഒഴുകിവരുന്ന 'ഗുഡ് മോര്‍ണിംഗ് ഫാദര്‍' എന്ന പ്രഭാത നമസ്‌കാരത്തിന് മറുപടി പറയും. ഇതിനിടയില്‍ കണ്ടുമുട്ടുന്ന കുരുന്നുകളോട് കുശലാന്വേഷണം പറഞ്ഞു നഴ്‌സറി ക്ലാസിലെ മിടുമിടുക്കന്മാര്‍ക്ക് 'ഹൈ ഫൈവ്'' കൊടുത്തു കോണ്‍ഫ്രന്‍സ് റൂമില്‍ പ്രാര്‍ത്ഥനയ്ക്കായി തയ്യാറായി നില്‍ക്കുന്ന അധ്യാപകര്‍ക്ക് നടുവിലേക്ക് എത്തുമ്പോള്‍ രാവിലെ മനം കുളിര്‍ക്കെ സ്വീകരിച്ച ഒരു നൂറു പുഞ്ചിരിയുടെ പ്രകാശം എന്റെ മുഖത്തും ഉണ്ടാകും.
ചിരിക്കുന്ന കുഞ്ഞ് നമ്മുടെ കൈക്കുമ്പിളിലെ ജീവിക്കുന്ന സ്വര്‍ഗമാണെന്ന ചൊല്ല് അന്വര്‍ത്വമാക്കുന്ന തരത്തിലാണ് നിഷ്‌കളങ്കരായ കുട്ടികളുടെ കളിയും ചിരിയും വര്‍ത്തമാനങ്ങളും. ഇപ്പോള്‍ ശരിയാക്കിത്തരാം എന്ന ഭാവത്തില്‍ ദേഷ്യം മുഖത്ത് വാരിപിടിപ്പിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്ന അധ്യാപകരെ ചിരിച്ചു തോല്‍പ്പിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. എങ്ങനെയെങ്കിലും ഇവരെ നന്നാക്കീട്ടേ ഉള്ളൂ എന്നുവച്ച് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് ചില കുട്ടികളെ അധ്യാപകര്‍ വിളിച്ചുകൊണ്ടു വരാറുണ്ട്. കുട്ടികളുടെ കുസൃതിത്തരങ്ങള്‍ ഓരോന്നായി വിളിച്ചു പറയുമ്പോഴും അധ്യാപകരുടെ മുഖത്ത് നിഴലിച്ചിരുന്നത് ആ കുട്ടികളോടുള്ള വാത്സല്യമായിരുന്നു. ഇവനെ കൊണ്ട് മടുത്തു.... എത്രയെന്ന് വച്ചാണ് വഴക്ക് പറയുക... എന്ന് ചില കുട്ടികളെ ചേര്‍ത്തുനിര്‍ത്തി പറയുമ്പോള്‍ സ്‌നേഹം കൊണ്ട് വിതുമ്പുന്ന ചില അധ്യാപികമാരെ കണ്ടിട്ടുണ്ട്. ഈയടുത്ത് ഇങ്ങനെ വിഷമിച്ചു നില്‍ക്കുന്ന ടീച്ചറിന്റെ മുഖത്ത് നോക്കി 'ടീച്ചറെ, വിഷമിക്കേണ്ട പ്രിന്‍സിപ്പല്‍ ഫാദര്‍ എന്നെ അടിക്കില്ല. വഴക്ക് പറയുക മാത്രമേയുള്ളൂ'വെന്ന് ഒരു കൊച്ചു മിടുക്കന്‍ പറഞ്ഞപ്പോള്‍ എന്റെ മുഖത്തെ ദേഷ്യഭാവം ഖനീഭവിച്ച് പുഞ്ചിരിയായി പെയ്‌തൊഴിഞ്ഞു പോയി.
കുട്ടികളുടെ നിഷ്‌ക്കളങ്കതയ്ക്ക് ബെല്ലും ബ്രേക്കും ഇല്ല. വര്‍ഷാവസാനം കുട്ടികളുടെ ക്ലാസ് ഫോട്ടോ എടുക്കുന്നതിനിടയില്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ ഫോട്ടോ എടുക്കുവാന്‍ വേണ്ടി വന്നു. കുട്ടികളുടെ പൊക്കമനുസരിച്ച് അധ്യാപകര്‍ അവരെ തയ്യാറാക്കി നിര്‍ത്തുന്നതിനിടയില്‍ ഒരു കുട്ടി ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുവന്നിട്ടില്ല എന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയുടെ പേര് വിളിച്ച് 'Where is your identity card?' എന്ന് ചോദിച്ചപ്പോള്‍ 'Sorry father forgot to bring my identity card' എന്ന് പറഞ്ഞവന്‍ ക്ഷമാപണം നടത്തി. പിന്നീട് കുട്ടി എന്നെ ഒന്ന് സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചതിനുശേഷം 'Excuse me father where is your identity card?' എന്ന് ചോദിച്ചപ്പോഴാണ് ഞാന്‍ ഐഡന്റിറ്റി കാര്‍ഡ് ധരിച്ചിട്ടില്ല എന്ന് ശ്രദ്ധിച്ചത്. അവന്റെ ചോദ്യം കേട്ട് അധ്യാപകര്‍ ഗൗരവഭാവത്തില്‍ കുട്ടിയെ നോക്കി തടയാന്‍ നോക്കിയെങ്കിലും അവന്‍ ധൈര്യപൂര്‍വം വീണ്ടും ചോദ്യമാവര്‍ത്തിച്ചു. കൊച്ചുമിടുക്കന്റെ കറകളഞ്ഞ നിഷ്‌ക്കളങ്കതയ്ക്ക് മുന്‍പില്‍ എന്റെ കാര്‍ക്കശ്യം അസ്തമിച്ചു പോയി.
മുതിര്‍ന്നവരായ നമുക്ക് ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ കൈമോശം വന്നുപോയ നിഷ്‌ക്കളങ്കത കുട്ടികളില്‍ കാണാനും അനുഭവിക്കാനും കഴിയുക എന്നത് ഉള്ള് നനയ്ക്കുന്ന അനുഭവമാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളാല്‍ സ്പര്‍ശിക്കപ്പെടാത്തതും, വിമര്‍ശന സ്വഭാവത്താല്‍ കളങ്കപ്പെടാത്തതുമായ തെളിവുള്ള സന്തോഷത്തിന്റെയും, അചഞ്ചലമായ വിശ്വാസത്തിന്റെയും, നിര്‍വ്യാജമായ ലാളിത്യത്തിന്റെയും സമഗ്രതയാണ് നിഷ്‌കളങ്കത. പലപ്പോഴും വാക്കുകളില്‍ ഒതുങ്ങാത്ത നിഷ്‌കളങ്കത അതിന്റെ തനിമയാര്‍ന്ന ചാരുതയില്‍ കുട്ടിത്തവും കുറുമ്പം കളിയും ചിരിയുമായി നമ്മുടെ ജീവിതങ്ങളെ ദീപ്തമാക്കുന്നു.
ഭാരതത്തിന്റെ ഒന്നാമത്തെ പ്രധാനമന്ത്രിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കോട്ടില്‍ കാണുന്ന ചുവന്ന റോസാപ്പൂവ് കുട്ടികളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം സൂചിപ്പിക്കുന്നതാണ്. ഈ ചുവന്ന റോസാപ്പൂവ് പ്രതീകാത്മകമായി മാതാപിതാക്കളെയും അധ്യാപകരെയും ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ ചുറ്റുമുള്ള ഓരോ കുട്ടിയും ഈ റോസാപൂവിനെപോലെ വിടരാന്‍ കാത്തുനില്‍ക്കുന്ന പൂമൊട്ടുകളാണെന്ന ഓര്‍മ്മപ്പെടുത്തല്‍. ഈ പൂമൊട്ടുകള്‍ക്ക് സ്‌നേഹവും കരുതലും കൊടുത്ത് വിടരാനുള്ള സാഹചര്യം ഒരുക്കേണ്ടവരാണ് മാതാപിതാക്കളും, അധ്യാപകരും, കുഞ്ഞിനോടു ചേര്‍ന്ന് നില്‍ക്കുന്ന മറ്റെല്ലാവരും.
കുട്ടികളെ രൂപപ്പെടുത്തുന്ന ശില്പികളാണ് മാതാപിതാക്കള്‍
'ഞാന്‍ ജീവിതത്തില്‍ ഇപ്പോള്‍ ആയിരിക്കുന്നതും ഇനി ആകുമെന്ന് പ്രതീക്ഷിക്കുന്നതുമായ സര്‍വതിനും ഞാനെന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു.' (All that I am or hope to be I owe to my mother). അമേരിക്കയുടെ എക്കാലത്തെയും സര്‍വാരാധ്യാനായ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കണ്‍ അദ്ദേഹത്തിന്റെ അമ്മയ്ക്ക് നല്‍കിയ ഏറ്റവും വലിയ ആദരവാണ് ഈ വാക്കുകള്‍. അബ്രഹാം ലിങ്കണിന് ഒമ്പത് വയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. പക്ഷേ ഈ ഒമ്പത് വയസ്സിനിടയില്‍ നാന്‍സി ലിങ്കണ്‍ എന്ന ഈ ധീര വനിത അബ്രഹാം ലിങ്കണിന്റെ ജീവിതത്തില്‍ വിസ്മയകരമായ സ്വാധീനമാണ് ചെലുത്തിയത്.
കുട്ടികളുടെ ധനാത്മകമായ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സ്വാധീനം നിര്‍ണ്ണായകവും ഒഴിച്ചുകൂടാനാവാത്തതുമാണ്. ഹര്‍വാര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് എജുക്കേഷനിലെ ജാക്ക് ഷോങ്കെഫിന്റെ അഭിപ്രായത്തില്‍ കുട്ടികളുടെ ജീവിതത്തില്‍ പകരക്കാരെ കണ്ടെത്താന്‍ കഴിയാത്ത രണ്ടേ രണ്ടു വ്യക്തിത്വങ്ങളെ ഉള്ളൂ. അത് അവരുടെ പിതാവും മാതാവുമാണ്. കുട്ടികളുടെ അധ്യാപകരെ മാറ്റാം, വിവിധ മേഖലകളിലുള്ള പരിശീലകരെ മാറ്റം എന്നാല്‍ മാതാപിതാക്കള്‍ക്ക് മാത്രം പകരക്കാരെ കണ്ടെത്താന്‍ കഴിയില്ല. പേരന്റിങ് അഥവാ രക്ഷകര്‍ത്തൃത്വം ഒരു ജോലിയല്ല. അതിനാല്‍ തന്നെ സമയബന്ധിതമായി തീര്‍ക്കാവുന്ന ഒരു കടമയും അല്ല. ഇത് സ്‌നേഹപൂര്‍ണ്ണമായ അനുധാവനമാണ്. ദൈവം സമ്മാനമായി തന്ന മക്കള്‍ക്ക് സ്‌നേഹത്തോടെ കൂട്ടിരുന്ന് ആവശ്യമുള്ള പിന്തുണയും, മാര്‍ഗോപദേശങ്ങളും, കരുതലും കൊടുക്കാനുള്ള ദൈവവിളിയാണ്.
നഴ്‌സറി ക്ലാസില്‍ കുട്ടിയെ ചേര്‍ത്ത് ആദ്യത്തെ രണ്ട് ദിവസത്തെ കരച്ചിലും ബഹളവും ഒക്കെ കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് സമാധാനമായി ചെറുപ്പക്കാരിയായ അമ്മ ടീച്ചറിനോടു പറഞ്ഞു: 'ടീച്ചറെ ഇപ്പോഴാണ് ഒന്ന് സമാധാനമായത് ഇനിയെല്ലാം ടീച്ചറിന്റെ കൈകളിലാണ്.' പരിചയസമ്പന്നയായ അധ്യാപിക ആ അമ്മയുടെ മുഖത്തു നോക്കി പുഞ്ചിരിയോടെ പറഞ്ഞു: 'കുട്ടിയെ എന്നെ ഏല്‍പ്പിച്ച് വിശ്രമിക്കാം എന്നൊന്നും കരുതേണ്ട. ഇനിയാണ് ജോലി കൂടുന്നത്. ഇത്രയും നാള്‍ കുട്ടിയുടെ കളി കണ്ടുകൊണ്ടിരുന്നാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ കുട്ടിയുടെ കൂടെയിരുന്ന് അവന്റെ പുസ്തകങ്ങള്‍ വായിച്ച് പഠിച്ച് അവനെ പഠിപ്പിക്കണം.'
ആദ്യാക്ഷരങ്ങള്‍ എഴുതാന്‍ കഴിയാതെ അവരുടെ കുഞ്ഞുവിരലുകള്‍ക്കിടയിലെ പെന്‍സില്‍ ഇരുന്ന് വിറക്കുമ്പോള്‍ കൂടെ ഉണ്ടാകേണ്ടവരാണ് അപ്പനും അമ്മയും. എത്ര എഴുതാന്‍ ശ്രമിച്ചിട്ടും കൂടിച്ചേരാത്ത അക്ഷരത്തിന്റെ വക്കുകളിലേക്ക് അവരുടെ കണ്ണീര്‍ത്തുള്ളി ഉതിര്‍ന്നു വീഴുമ്പോള്‍ ചേര്‍ത്തുനിര്‍ത്തി ആത്മവിശ്വാസം പകരേണ്ടവരാണ് മാതാപിതാക്കള്‍. നൂറുകൂട്ടം സംശയങ്ങള്‍ക്കിടയില്‍ ഇരുന്ന് കുട്ടികള്‍ വിങ്ങുമ്പോള്‍, കുഞ്ഞുമനസ്സിന് താങ്ങാനാകാത്ത വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സാന്നിധ്യവും, സാന്ത്വനവും കുട്ടികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസത്തിന് പകരമായി മറ്റൊന്നുമില്ല.
ചീത്ത കുട്ടികളായി ഈ ലോകത്ത് ആരും ജനിക്കുന്നില്ല. പക്ഷേ മോശം രീതിയില്‍ അവരെ വളര്‍ത്താറുണ്ട്. പ്രശസ്തമായ ഈ ചൊല്ലിന്റെ അര്‍ത്ഥതലങ്ങള്‍ ആത്മാര്‍ത്ഥമായ ധ്യാനത്തിന് വിഷയമാക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ ജന്മനാ പ്രതിഭാധനരും, നിഷ്‌ക്കളങ്കരുമാണ്. എന്നാല്‍ അവരെ വളര്‍ത്തുന്ന രീതി, സാഹചര്യം എന്നിവയാണ് അവരെ നല്ലതോ ചീത്തയോ ആക്കി മാറ്റുന്നത്. കുട്ടികളുടെ സമഗ്രവും, മാനസികവുമായ വളര്‍ച്ച ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.
1. കുട്ടികള്‍ക്കുവേണ്ടി സമയം കണ്ടെത്തുക:
മക്കള്‍ക്ക് ആവശ്യമുള്ളത് മുഴുവന്‍ പിശുക്ക് കാണിക്കാതെ വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ സമയത്തിന്റെ കാര്യത്തില്‍ പലപ്പോഴും പിശുക്ക് കാണിക്കാറുണ്ട്. കുട്ടികളുടെ ബാല്യകാലം മനോഹരമായ ഒരു ഓര്‍മ്മയായി മാറണമെങ്കില്‍ കുട്ടികളുടെ കൂടെ സമയം ചെലവഴിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അവരുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കുന്നു എന്നൊരു തോന്നല്‍ അവര്‍ക്ക് കൊടുക്കണം. എന്നാല്‍ മാത്രമേ മാതാപിതാക്കളുമായി ആശയവിനിമയം നടത്താന്‍ അവര്‍ തയ്യാറാവുകയുള്ളൂ. മാതാപിതാക്കളുടെ അടുത്തേക്ക് അനുവാദം വാങ്ങാന്‍ മാത്രം വരുന്നവരായി മാറരുത് കുട്ടികള്‍. കുട്ടികളുമായുള്ള നിരന്തരമായ ആശയവിനിമയത്തിന് സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ സമയം നമ്മുടെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കുന്നതിനേക്കാള്‍ കുട്ടികള്‍ക്ക് മുന്‍ഗണന കൊടുത്ത് മറ്റ് കാര്യങ്ങള്‍ ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. 'നിന്റെ ഡയറിയില്‍ ഞാന്‍ എഴുതിവച്ചിരിക്കുന്നതൊന്നും നിന്റെ അമ്മ കാണുകയോ, ഒപ്പിടുകയോ ചെയ്തിട്ടില്ലല്ലോ' എന്നുള്ള അധ്യാപികയുടെ ചോദ്യത്തിനുള്ള കുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ അമ്മയ്ക്ക് ഓഫീസില്‍ നിന്ന് വന്നു കഴിഞ്ഞാല്‍ മൊബൈലില്‍ നോക്കാനും അടുക്കളയില്‍ ജോലി ചെയ്യാനും മാത്രമേ സമയമുള്ളു ടീച്ചറെ...'
2. ഊഷ്മളമായ ബന്ധം നിലനിര്‍ത്തുക.
തിരക്കേറിയ ജീവിത സാഹചര്യത്തില്‍ കുട്ടികളുമായുള്ള നമ്മുടെ ഇടപെടലുകള്‍ പലപ്പോഴും യാന്ത്രികമായി പോകാറുണ്ട്. രാവിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള തിരക്ക്. വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ കുട്ടികള്‍ ചിലപ്പോള്‍ പഠിക്കുകയോ ടിവി കാണുകയോ ഒക്കെ ആകാം. പലപ്പോഴും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മാതാപിതാക്കള്‍ കുട്ടികളുടെ അടുത്തേക്ക് പോകാറില്ല. മനഃപൂര്‍വം ചെയ്യുന്നതല്ലെങ്കിലും കുട്ടികളുമായുള്ള ഇടപെടലുകള്‍ കുറയുന്നത് വൈകാരികമായ അകല്‍ച്ചയിലേക്ക് നയിക്കും.
ബന്ധങ്ങള്‍ ഊഷ്മളമാകുന്നത് അടുത്തിരിക്കുമ്പോള്‍, കൂടെ ഉണ്ടാകുമ്പോള്‍ ആണ്. പഠനമുറിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സമീപത്ത് പോയിരുന്ന് അവരുടെ വിശേഷങ്ങള്‍ ചോദിച്ച് അവരെ ശ്രദ്ധാപൂര്‍വം കേള്‍ക്കുമ്പോള്‍ കുട്ടികളുമായുള്ള ബന്ധം സ്‌നേഹനിര്‍ഭരമാവുകയാണ്. തങ്ങളുടെ ചെറിയ കാര്യങ്ങളില്‍ പോലും മാതാപിതാക്കള്‍ കാണിക്കുന്ന താല്‍പര്യം തങ്ങളോടുള്ള ആത്മാര്‍ത്ഥമായ പരിഗണനയായി അവര്‍ കണക്കാക്കുന്നു. ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കെ ആദ്യമായി വരച്ച ചിത്രവുമായി അരികിലേക്ക് വരുന്ന കുട്ടിയെ ചേര്‍ത്തുപിടിച്ച് ആശ്ലേഷിക്കുമ്പോള്‍ കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിക്കുകയാണ് ചെയ്യുന്നത്. കുട്ടികളുടെ കൂടെ കളിക്കുക, അവരുടെ പഠന കാര്യങ്ങളില്‍ സഹായിക്കുക, കുട്ടികളുടെ കൂട്ടുകാരുമായി സംസാരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ കുട്ടികളുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആയിരിക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണില്‍ റേഞ്ചിന്റെ കട്ടകള്‍ കുറയുന്നത് നമ്മളെ അസ്വസ്ഥരാക്കും. റേഞ്ചുള്ള സ്ഥലത്തേക്ക് മാറിനിന്ന് നമ്മള്‍ ഫോണില്‍ സംസാരിക്കുന്നതുപോലെ മക്കളുമായുള്ള ബന്ധത്തിന്റെ ഊഷ്മളത കുറയുന്നുവെന്ന് തോന്നിയാല്‍ അവരുമായി ചേര്‍ന്നിരിക്കണം.
3. കുട്ടികള്‍ക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും കൊടുക്കുക
വിജയങ്ങളും അംഗീകാരങ്ങളും നോക്കി മാത്രമല്ല കുട്ടികളെ വിലയിരുത്തേണ്ടത്. നല്ല മാര്‍ക്ക് വാങ്ങുമ്പോഴും, സമ്മാനം കിട്ടുമ്പോഴും മാത്രം അഭിനന്ദനങ്ങളും ആദരവും കിട്ടുന്ന കുട്ടി അപ്രതീക്ഷിത പരാജയം ഉണ്ടാകുമ്പോള്‍ മാതാപിതാക്കളില്‍ നിന്ന് ലഭിക്കാന്‍ ഇടയുള്ള ശാസനയെ ഭയക്കുന്നു. തോല്‍വിയെ മാതാപിതാക്കളില്‍ നിന്നും ഒളിച്ചുവയ്ക്കുവാന്‍ ശ്രമിക്കുന്നു. കണക്കു പഠിക്കാന്‍ മടി കാണിക്കുന്ന കുട്ടിയെ കണ്ടിട്ടുണ്ട്. കണക്ക് പഠിക്കാന്‍ കുട്ടിക്ക് ഭയമാണ്. കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ കണക്ക് ചെയ്ത് തെറ്റിയാല്‍ കുട്ടിയെ അമ്മ അടിക്കും. സ്‌കൂളിലാണെങ്കില്‍ അധ്യാപിക ചിലപ്പോള്‍ വഴക്ക് പറയും. അതിന് കുട്ടി കണ്ടുപിടിച്ച മാര്‍ഗമാണ് കണക്ക് ചെയ്യാതിരിക്കുക. തെറ്റ് വരുത്തുന്നതും പരാജയപ്പെടുന്നതും വലിയ അപരാധമാണെന്ന ധാരണ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക. ഓരോ പരാജയവും ഒരു പാഠമാണെന്നും ആ പരാജയ പാഠങ്ങളെ വിജയത്തിന്റെ ചവിട്ടുപടികള്‍ ആക്കണമെന്നും അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ക്രിസ്റ്റഫര്‍ കൊളംബസ് നാവിഗേഷനില്‍ വരുത്തിയ ഒരു ചെറിയ തെറ്റാണ് അദ്ദേഹത്തെ അമേരിക്ക എന്ന രാജ്യത്തെ കണ്ടെത്താന്‍ സഹായിച്ചത്. ജീവിതയാത്രയില്‍ പരാജയങ്ങള്‍ സ്വാഭാവികമാണ്. നമ്മുടെ കുട്ടികള്‍ പരാജയങ്ങളെ ധൈര്യപൂര്‍വം അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടത്ര അംഗീകാരം കൊടുക്കേണ്ടിയിരിക്കുന്നു. ഒരു കുട്ടിയെ വിലയിരുത്തേണ്ടത് നേട്ടങ്ങള്‍ മാത്രം നോക്കിയല്ല, കുട്ടി എങ്ങനെയാണ് പരാജയങ്ങളെ അഭിമുഖീകരിക്കുന്നത് എന്നതുകൂടി കണക്കിലെടുത്താവണം. കുട്ടികള്‍ അവരുടെ ജീവിതത്തില്‍ പരാജയങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അവരുടെ കൂടെ നിന്ന് ആത്മവിശ്വാസം കൊടുത്ത് അതിനെ അഭിമുഖീകരിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്.
4. കരുതലോടെ തിരുത്തുക.
ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി കുട്ടികളെ എങ്ങനെ തിരുത്തും എന്നതാണ്. പഴയകാലത്തെപ്പോലെ കുട്ടികളെ വഴക്കു പറയുന്നവരുണ്ട്, ശാരീരികമായും ഉപദ്രവിക്കുന്നവരുണ്ട്, മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് വഴക്കു പറഞ്ഞ് അവരെ മാനസികമായി തളര്‍ത്തുന്നവരുണ്ട്. മേല്‍പ്പറഞ്ഞ ശിക്ഷാ നടപടികളൊക്കെ കുട്ടികളില്‍ ഭയം സൃഷ്ടിക്കാം,അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താം, വൈകാരികമായ അടിച്ചമത്തലിന് വിധേയരാക്കിയേക്കാം. വഴക്ക് പറഞ്ഞും ശാരീരിക പീഡനങ്ങളിലൂടെയും കുട്ടികളെ തിരുത്താന്‍ നോക്കിയ മാതാപിതാക്കള്‍ പലപ്പോഴും വന്നു പറയാറുണ്ട്. ഇനി ഒന്നും ചെയ്യാനില്ല അച്ചാ. കുട്ടിയെ വഴക്കു പറഞ്ഞു, അടിച്ചു മുറിക്കകത്ത് പൂട്ടിയിട്ടു, പക്ഷേ എന്നിട്ടും ഒരു മാറ്റവും കാണുന്നില്ല. ഇപ്പോള്‍ ഞങ്ങളുടെ മുഖത്തുപോലും അവന്‍ നോക്കാറില്ല; എന്തുപറഞ്ഞാലും ഇപ്പോള്‍ തര്‍ക്കുത്തരം പറയുകയും, ഒച്ചപ്പാടും ബഹളവും ആണ്. വീട്ടിലെ സമാധാനം നശിച്ചു.' ഇങ്ങനെ പറഞ്ഞ് വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരുപാട് മാതാപിതാക്കന്മാരെ കണ്ടിട്ടുണ്ട്.
കുട്ടികള്‍ക്ക് അവര്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും മാതാപിതാക്കളും അധ്യാപകരും അവരെ മനസ്സിലാക്കുന്നുണ്ടെന്നുമുള്ള ബോധ്യമുണ്ടാകുമ്പോള്‍ തിരുത്തല്‍ പ്രക്രിയയുമായി സഹകരിക്കാനും തുറവിയോടെ അതിനെ സ്വീകരിക്കാനും അവര്‍ തയ്യാറാകും.
കുട്ടികളെ തിരുത്തുന്നതിലുള്ള ശൈലി മാറ്റുക എന്നത് മാത്രമാണ് ഇതിന് പരിഹാര മാര്‍ഗം. വഴക്ക് പറയുന്നതില്‍ നിന്നും, ഭയം സൃഷ്ടിക്കുന്നതില്‍ നിന്നും മാറി കുട്ടികളെ മനസ്സിലാക്കുന്നതിലേക്കും കരുതലൂടെ തിരുത്തുകയും ചെയ്യുക എന്ന സമീപനമാണ് എടുക്കേണ്ടത്. അധികാരം അടിച്ചേല്‍പ്പിക്കാന്‍ ഉള്ളതല്ല. മറിച്ച് മറ്റൊരു രീതിയില്‍ ചിന്തിക്കാനും, പര്യാലോചന നടത്താനും, വളരാനുള്ള കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുകയും തിരിച്ചറിവിന്റെ പാതയിലേക്ക് സ്‌നേഹപൂര്‍വം നയിക്കുകയും ചെയ്യുക എന്നതാണ്.
കുട്ടികള്‍ക്ക് അവര്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും മാതാപിതാക്കളും അധ്യാപകരും അവരെ മനസ്സിലാക്കുന്നുണ്ടെന്നുമുള്ള ബോധ്യമുണ്ടാകുമ്പോള്‍ തിരുത്തല്‍ പ്രക്രിയയുമായി സഹകരിക്കാനും തുറവിയോടെ അതിനെ സ്വീകരിക്കാനും അവര്‍ തയ്യാറാകും.
ആറു വയസ്സുള്ള കുട്ടിയോട് എന്നും രാത്രിയില്‍ ഉറങ്ങാന്‍ സമയമായി, പോയി കിടക്കു എന്ന് പറയുമ്പോള്‍ അവന്‍ മാതാപിതാക്കളെ അനുസരിക്കാറില്ല. മാതാപിതാക്കളുടെ കൂടെ കളിച്ചു ചിരിച്ചു നടക്കും. മാതാപിതാക്കള്‍ അവനെ വഴക്ക് പറയാനും, അടിക്കാനും തുടങ്ങി. പക്ഷേ അവന്‍ ഈ രീതി തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം വഴക്കു പറയുന്നതിനു പകരമായി കുട്ടിയുടെ അമ്മ അവന്റെ കൂടെ പോയി കിടന്നു അവനെ കെട്ടിപ്പിടിച്ച് കാര്യമെന്താണെന്ന് ചോദിച്ചു. മുറിയില്‍ പ്രകാശം അണച്ചാല്‍ രാക്ഷസന്മാര്‍ വരുമെന്ന് അവന്റെ കൂട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. ആ പേടി കാരണമാണ് കുട്ടി മുറിയിലേക്ക് പോയി ഉറങ്ങാന്‍ തയ്യാറാകാത്തത്. കുട്ടിയുടെ പേടിയുടെ കാരണം മനസ്സിലാക്കിയ അമ്മ മുറിയില്‍ ഒരു നൈറ്റ് ലാംപ് വാങ്ങി കത്തിച്ചു കൊടുത്തപ്പോള്‍ അവന്റെ ഉറങ്ങാനുള്ള പ്രശ്‌നം തീര്‍ന്നു. 'കുട്ടികളുടെ എല്ലാ പെരുമാറ്റങ്ങള്‍ക്ക് പിറകിലും ഒരു വികാരമുണ്ടെന്നും, ആ വികാരത്തിന് കാരണമായി ഒരു ആവശ്യമുണ്ടെന്നും നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പെരുമാറ്റങ്ങളെ ശാസിച്ച് മരവിപ്പിക്കാതെ അവന്റെ വികാരങ്ങള്‍ക്ക് കാരണമായ ആവശ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ രോഗലക്ഷണത്തെ ചികിത്സിക്കുന്നതിനു പകരം യഥാര്‍ത്ഥ കാരണത്തെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്' ( L R Khost).
പഠിപ്പിച്ചുകൊണ്ടിരുന്ന സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്നത് കൊച്ചുകുട്ടികളോടായിരുന്നു. ഇതില്‍ എല്ലാ ദിവസും തന്നെ വൈകുന്നേരം 5 മുതല്‍ 10 മിനിറ്റുവരെ എന്നോട് വന്നു സംസാരിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. സ്‌കൂളില്‍ നടന്ന കാര്യങ്ങളും, അവന്‍ വായിച്ച പുസ്തകത്തെപ്പറ്റിയും യൂട്യൂബില്‍ കണ്ട വീഡിയോകളെ പറ്റിയും പറയുവാന്‍ ആ കൊച്ചു മിടുക്കിന് നൂറ് നാവായിരുന്നു. എന്നെ ഒരിക്കലും പ്രിന്‍സിപ്പാള്‍ ആയോ അധ്യാപകനായോ ആ കുട്ടി കണ്ടിട്ടില്ല. ഒരു കൂട്ടുകാരനോട് വര്‍ത്തമാനം പറയുന്നതുപോലെ കൊഞ്ചി, ചിലപ്പോള്‍ ഗൗരവത്തില്‍ സംസാരിക്കും. ആ കുട്ടിയുടെ സ്വര്‍ഗീയ നിഷ്‌കളങ്കത ഒരു പ്രവര്‍ത്തി ദിവസത്തിന്റെ മുഴുവന്‍ ക്ഷീണത്തെയും ആശ്വസിപ്പിച്ച് തഴുകിപ്പോകുന്ന മന്ദമാരുതന്‍ പോലെയായിരുന്നു. ഈ കുട്ടിയുമായുള്ള ഇടപെടലില്‍ നിന്നും പഠിച്ച ചില കാര്യങ്ങള്‍ മുതിര്‍ന്ന കുട്ടികളുമായുള്ള എന്റെ ബന്ധങ്ങളെ ഏറെ സഹായിച്ചു. കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് കാണുവാനും സംസാരിക്കുവാനുമുള്ള സ്വാതന്ത്ര്യം കൊടുത്തപ്പോള്‍ അവര്‍ അസാധാരണമായ തുറവി കാണിച്ചു തുടങ്ങി. ഒച്ച ഉയര്‍ത്തുന്നതിലും, വഴക്ക് പറയുന്നതിലും അപ്പുറത്ത് കുട്ടികളെ കേള്‍ക്കാന്‍ തുടങ്ങി. തുറവിയുള്ള സംസാരത്തിനൊടുവില്‍ വിമര്‍ശനങ്ങളെ തുറവിയോടെ അവര്‍ അംഗീകരിക്കാനും അനുസരിക്കാനും തുടങ്ങി. കുട്ടികളെ തിരുത്താം പക്ഷേ വാക്കുകളില്‍ സ്‌നേഹം ഉണ്ടാകണം. അവരോട് നിര്‍ബന്ധം പിടിക്കാം പക്ഷെ ശാഠ്യത്തില്‍ കരുതല്‍ ഉണ്ടാകണം. ശിക്ഷണമല്ല. കരുതലോടെയുള്ള അനുധാവനമാണ് കുട്ടികള്‍ക്കു വേണ്ടത്. ഭൂമിയിലെ ഏറ്റവും നിഷ്‌കളങ്കരും, സര്‍ഗാത്മകപ്രതിഭയുമുള്ള കുട്ടികളോടുള്ള നമ്മുടെ ഇടപെടലുകള്‍ ആര്‍ദ്രവും അവരുടെ ജീവിതത്തെ ദീപ്തമാക്കുന്നതുമാവണം.