Coverstory

സാമ്പത്തിക സംവരണം ഒരു ചെപ്പടിവിദ്യയോ?

Sathyadeepam

കിരണ്‍ തോമസ് തോമ്പില്‍

സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടിയല്ല, മറിച്ച് പ്രാതിനിധ്യമുറപ്പിക്കലാണ് എന്നാണു പൊതുവില്‍ പറയാറുള്ളത്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനിന്നു പോന്നിരുന്ന ജാതിവ്യവസ്ഥയുടെ ഫലമായി മുഖ്യധാരയില്‍ അവ ഗണിക്കപ്പെട്ടു പോയവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും അധികാരത്തിലും ജന സംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കുകയെന്നതായിരുന്നു സംവരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
ആദ്യഘട്ടത്തില്‍ പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ ക്കുള്ള സംവരണമാണ് പ്രധാനമായും ഉണ്ടായിരുന്നത്. പിന്നീട് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി 1990-ല്‍ മറ്റു പിന്നാക്ക (ഛആഇ) വിഭാഗങ്ങള്‍ക്കുള്ള സംവരണവും നിലവില്‍ വന്നു. മണ്ഡല്‍ക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ സംവരണ സീറ്റുകള്‍ ഏതാണ്ട് 50% ആകുമെന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതി നെതിരെ ദേശവ്യാപകമായി രൂക്ഷമായ സമരങ്ങള്‍ അരങ്ങേറി. ദില്ലിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രാജീവ് ഗോസ്വാമി ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 50 ശതമാനം പൊള്ളലുമായി രാജീവ് ഗുരു തരാവസ്ഥയിലായി. ദേഹമാകെ തീയുമായി രാജീവിനെ പൊലീസ് അറസ്റ്റു ചെയ്യുന്ന ഫോട്ടോകള്‍ രാജ്യമൊട്ടാ കെയുള്ള പത്രങ്ങളില്‍ അച്ചടിച്ചുവന്നു. അതു വലിയ സംവരണവിരുദ്ധ വികാരവും ഉയര്‍ത്തിക്കൊണ്ടു വന്നു.
പക്ഷേ, അന്നത്തെ ഭരണകൂടം പിന്നോട്ടു പോയില്ല. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അവര്‍ മണ്ഡല്‍ ക്കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തന്നെ ചെയ്തു. മെറിറ്റ് അട്ടിമറിക്കപ്പെടുന്നുവെന്ന പരാതികളും പരിഭവങ്ങളും സംവരണ വിരുദ്ധ പ്രചരണങ്ങളും തുടര്‍ന്നു വെങ്കിലും അതിന്റെ ശക്തി ക്രമേണ കുറഞ്ഞു വന്നു. വൈകാരികമായ ആവേശം ചോര്‍ന്നു പോയി. അതിനു പല കാരണങ്ങളുണ്ട്.
1990 കളുടെ തുടക്കത്തില്‍ ആഗോളവല്‍ക്കരണവും സാമ്പത്തിക ഉദാരവത്കരണവും ആരംഭിച്ചിരുന്നു. ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കി. വലിയ വ്യവസായ നിക്ഷേപം നടക്കുകയും സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തു. സര്‍ക്കാരെന്ന ഒറ്റ തൊഴില്‍ ദാതാവില്‍മാത്രം പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ക്ക് ആഗോളവ ത്കരണം ധാരാളം അവസരങ്ങള്‍ തുറന്നുകൊടുത്തതോടെ സംവരണത്തോടുള്ള എതിര്‍പ്പ് ഏറെക്കുറെ ആശയതലത്തിലേക്ക് ഒതുങ്ങി. സംവരണവിരുദ്ധര്‍ ആ മനോഭാവം നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്വകാര്യമേഖലയെ തൊഴി ലിനായി ആശ്രയിക്കുന്ന സാഹചര്യം രൂപപ്പെട്ടു. ഇതേ കാലയളവില്‍ത്തന്നെ രാജ്യത്ത് വിദ്യാഭ്യാസ രംഗത്തും സ്വകാര്യ സ്ഥാപനങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയിരു ന്നു. ഉപരിപഠനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ധാരാളം സീറ്റുകള്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ലഭ്യമായി. അതോടെ വിദ്യാഭ്യാസ മേഖലയിലെ സംവര ണ പ്രശ്‌നങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെടുകയായിരുന്നു.
ആഗോളവത്കരണത്തെ തുടര്‍ന്നു സ്വകാര്യ മേഖലയിലെ വളര്‍ച്ച വളരെ വേഗത്തിലായിരു ന്നു. ഐറ്റി, ബാങ്കിങ്ങ്, സെയില്‍ സ്, ഇന്‍ഷുറന്‍സ്, ടെലിക്കോം, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിങ്ങനെ പല മേഖലകളില്‍ വന്‍ വികസനങ്ങളുണ്ടായി. അവയെല്ലാം ധാരാളം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്തു. സ്വകാര്യമേഖലയിലെ ശമ്പളവും ഉയര്‍ന്ന നില വാരത്തിലുള്ളതായിരുന്നു. നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും സ്വകാര്യമേഖലയില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ പലര്‍ക്കും സര്‍ക്കാര്‍ ജോലി അനാകര്‍ഷകവു മായി.
ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനുമുളള തൊഴില്‍ വിപണിയിലും ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങള്‍ വര്‍ദ്ധിച്ചു. വിദേശത്തും നല്ല തൊഴിലുകള്‍ ലഭിക്കാന്‍ തുടങ്ങി യതോടെ ആളുകളുടെ മുന്‍ഗണനാക്രമം തന്നെ മാറുകയും ചെയ്തു. സര്‍ക്കാര്‍ ജോലിയുടെ പ്രാധാന്യം കുറയുക മാത്രമല്ല ഈ കാലഘട്ടത്തില്‍ സംഭവിച്ചത്. സര്‍ക്കാര്‍ തന്നെ ജോലികളുടെ എണ്ണം കുറയ്ക്കുന്ന അവസ്ഥയും ഉണ്ടായി. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ എന്നത് പങ്കാളിത്ത പെന്‍ഷന്‍ ആയി മാറി. പല ജോലികളും കരാര്‍ ജോലികളാക്കുക, സ്ഥിരം നിയമനങ്ങള്‍ പരമാവധി കുറയ്ക്കുക എന്നത് കേന്ദ്ര, സംസ്ഥാന സര്‍ ക്കാരുകള്‍ ഒരു നയമായി സ്വീകരി ച്ചതും ഇക്കാലത്താണ്.

സാമ്പത്തിക സംവരണം കൃത്യമായും,
ഒരു കണ്ണില്‍ പൊടിയിടല്‍ തന്ത്രമാണ് എന്നു
നിഷ്പക്ഷമായി നോക്കിയാല്‍ കാണാനാകും.
അവസരങ്ങളില്‍ നിന്ന് 
10% എടുത്ത്സം
വരണം ലഭിക്കാത്ത വിഭാഗങ്ങള്‍ക്ക് കൂടി കൊടുത്തു

എന്നു വരുത്തിക്കൊണ്ട് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നുള്ള
ഒരു ശ്രദ്ധ തിരിക്കലാണ് ഇവിടെ സംഭവിക്കുന്നത്.


എന്നാല്‍ ആഗോളവത്കരണം ആരംഭിച്ചു കാല്‍ നൂറ്റാണ്ടു കഴിഞ്ഞപ്പോഴേയ്ക്കും അതിന്റെ മറ്റൊരു വശം വെളിപ്പെടാന്‍ തുടങ്ങി. ലോക സാമ്പത്തിക ക്രമത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് മാറ്റം വരുന്നതായിരുന്നു ആഗോളവത്കരണകാലത്തുണ്ടായ പുതിയ തൊഴിലവസരങ്ങളെന്ന് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. വിപണിയുടെ നിയമങ്ങളാണ് അവിടെ ആത്യന്തികമായി കാര്യങ്ങള്‍ നിര്‍ണിയിക്കുക. ആദ്യകാലത്തുണ്ടായിരുന്ന വന്‍ ശമ്പളകണക്കുകള്‍ക്കു മങ്ങലേറ്റു. ശമ്പളവര്‍ദ്ധനവുകളുടെ തോത് കുറയാന്‍ തുടങ്ങി. ഒപ്പം തൊഴില്‍ സുരക്ഷ എന്നത് ഇത്തരം തൊഴില്‍ മേഖലകളില്‍ കാര്യമായി ഇല്ല എന്നതും വ്യക്തമായി. അപ്രതീക്ഷിതമായി ജോലി നഷ്ടമാകുന്നു, ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിന് അനുസരിച്ച് ആസൂത്രണം ചെയ്തിരുന്ന ഭാവി പദ്ധതികള്‍ തകരുന്നു, ജീവിതനിലവാരം വെട്ടിച്ചുരുക്കേണ്ടി വരുന്നു, കടക്കെണിയിലേക്കു പോകുന്നു. കൂടാതെ, നിശ്ചിത പ്രായം കഴിഞ്ഞാല്‍ ആകര്‍ഷകമായ മറ്റൊരു ജോലി ലഭിക്കുകയില്ല എന്ന നഗ്‌നസത്യം തുറിച്ചു നോക്കുന്നു. ഈ സാഹചര്യം അനേകര്‍ അഭിമുഖീകരിച്ചു. അതോടെയാ ണു പലരും വീണ്ടും സര്‍ക്കാര്‍ ജോലിക്കാരെ നോക്കാന്‍ തുടങ്ങിയത്.
നീണ്ട 25 കൊല്ലം കൊണ്ട് സര്‍ക്കാര്‍ മേഖലയിലെ തൊഴില വസരങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നതു കൂടി ഇതോടു ചേര്‍ത്തു വായിക്കണം. അപ്പോള്‍ മാത്രമേ പുതിയ സാഹചര്യം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയൂ. ചില കണക്കുകളില്‍ നിന്ന് ഇതു വ്യക്തമാകും. 1995-96 കാലത്ത് കേരള ത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളച്ചിലവ് 2230 കോടി രൂപയായിരുന്നു. 2005-2006 കാലം ആയ പ്പോഴേക്കും അത് 5678 കോടിയായി. 2011-12 കാലത്ത് അത് 16229 കോടിയും 2017-18 ല്‍ അത് 32349 കോടിയുമായി. എന്നാല്‍ ഈ കാലയളവിലൊന്നും ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന യുണ്ടായില്ല. അതായത്, സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളം നല്ല തോതില്‍ വര്‍ദ്ധിച്ചു. ആഗോളവത്കരണത്തിന്റെ ഭാഗമായി രാജ്യത്തുണ്ടായ പുരോഗതി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ പതുക്കെപ്പതുക്കെ പ്രതിഫലിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതേ നിരക്കിലുള്ള വര്‍ദ്ധന സ്വകാര്യ മേഖലയില്‍ ഉണ്ടായില്ല. എന്നു മാത്രമല്ല സ്വകാര്യമേഖലയില്‍ തൊഴില്‍ സ്വീകരിച്ചവരില്‍ നല്ലൊരു പങ്കും ജീവിതത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ തൊഴില്‍ സുരക്ഷയില്ലാതെ ഭാവിയെ കുറിച്ചുള്ള അനിശ്ചി തത്വവുമായി നില്‍ക്കുന്നു. തങ്ങളുടെ അതേ പ്രായക്കാരായ സര്‍ക്കാര്‍ ജോലിക്കാരാകട്ടെ മികച്ച ശമ്പളവും ഉറച്ച തൊഴിലുമായി നില്‍ക്കുന്നതാണ് അവര്‍ കാണുന്നത്. അതുപോലെ കേരളത്തില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വാങ്ങുന്ന 4 ലക്ഷത്തോളം വരുന്ന ആളുകളെ കൂടി അവര്‍ കാണുന്നു. അതോടെ സ്വകാര്യമേഖലയിലേക്കു പോയവരുടെ നിരാശയും പ്രതിഷേധവും ഇരട്ടിയാകുന്നു. ഈ സാഹചര്യത്തിലാണ് "വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍" പോലുള്ള ആശയങ്ങള്‍ സമുദായങ്ങള്‍ക്കതീതമായി രൂപപ്പെട്ട് വന്നതെന്ന് നാം കാണാതെ പോകരുത്.
കേവലം 25 കൊല്ലം കൊണ്ട് ആഗോളവത്കരണം ഉണ്ടാക്കിയ ഈ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വേണം നാം സാമ്പത്തിക സംവരണത്തെ നോക്കിക്കാണാന്‍. മണ്ഡല്‍ക്കമ്മീഷന്‍ നടപ്പി ലാക്കിയ കാലത്തുണ്ടായതുപോലുള്ള പ്രത്യക്ഷ സമരങ്ങളൊന്നു മില്ലെങ്കിലും ജനങ്ങളില്‍ വലിയ തോതില്‍ അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. സമൂഹ്യമാധ്യമങ്ങള്‍ ശക്തമായ ഈ കാലത്ത് ഈ അസംതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിക്കാനും അഭിപ്രായ രൂപീകരണം നടത്താനും ഈ ആശയങ്ങളുള്ളവര്‍ക്കു സാധിക്കു ന്നു.
സര്‍ക്കാര്‍ മേഖലയിലെ 50% ജോലി സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നു എന്നതും ഈ ജോലി കള്‍ തന്നെ സംവരണവിഭാഗത്തിലെ സമ്പന്നരാണു നേടുന്നതെന്ന പ്രചാരണവും പരാതികള്‍ വര്‍ദ്ധിപ്പിച്ചു. സ്വാഭാവികമായും ഈ വികാരത്തെ തണുപ്പിക്കാനും പ്രയോജനപ്പെടുത്താനുമുള്ള പൊടിക്കൈകള്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊടി തട്ടിയെടുക്കാന്‍ തുടങ്ങി. ഇടത്, വലത് മുന്നണികളുടെ പ്രകടന പത്രികകളില്‍ സാമ്പത്തിക സംവരണം ഒരുപോലെ ഇടം പിടിക്കുന്നത് അങ്ങനെയാണ്.
സാമ്പത്തിക സംവരണം കൃത്യമായും ഒരു കണ്ണില്‍ പൊടിയിടല്‍ തന്ത്രമാണ് എന്നു നിഷ്പക്ഷമായി നോക്കിയാല്‍ കാണാനാ കും. അവസരങ്ങളില്‍ നിന്ന് 10% എടുത്ത് സംവരണം ലഭിക്കാത്ത വിഭാഗങ്ങള്‍ക്ക് കൂടി കൊടുത്തു എന്നു വരുത്തിക്കൊണ്ട് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നുള്ള ഒരു ശ്രദ്ധ തിരിക്കലാണ് ഇവിടെ സംഭ വിക്കുന്നത്. സംവരണം കൊണ്ട് നാളിതുവരെ വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലുണ്ടായ പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ ശേഖരിച്ചു പ്രസിദ്ധപ്പെടു ത്തിക്കൊണ്ട്, ആരൊക്കെ സംവരണം കൊണ്ടു മുന്നോട്ട് വന്നു, ആരൊക്കെ വന്നില്ല എന്നിങ്ങനെയു ള്ള കണക്കുകള്‍ പരസ്യമാക്കി, സുതാര്യമായ ഒരു നിലപാട് സ്വീകരിക്കുകയാണ് ആവശ്യം. അതിനു പകരം ഒരു അഴകൊഴമ്പന്‍ നയം സ്വീകരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇതാ എല്ലാവര്‍ക്കും തരുന്നു സംവരണം എന്നൊരു പ്രതീതി സൃഷ്ടിക്കുകയാ ണു സര്‍ക്കാരുകള്‍ ചെയ്യുന്നത്. ഒരിക്കല്‍ കിട്ടിയ സംവരണം എടുത്തു മാറ്റിയാല്‍ ഓരോ വിഭാഗവും രാഷ്ട്രീയമായി എതിരാകുമെന്നതിനാല്‍ സംവരണം ഇതേ മാതൃകയില്‍ തുടരണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഗ്രഹിക്കുന്നു. വസ്തുനിഷ്ഠമായ ഒരു കണക്കെടുപ്പിനോ കാതലായ ഒരു പരിഷ്‌കരണത്തിനോ ആരും തയ്യാറല്ല. അപ്പോള്‍ പിന്നെ ജനവികാരം തണുപ്പിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള ചെപ്പടിവിദ്യകള്‍ മാത്രമാണ് അവശേഷിക്കു ന്നത്. അതു മാത്രമാണ് സാമ്പത്തിക സംവരണം.
കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ എല്ലാ ജോലികളും കൂടി കൂട്ടിയാല്‍ പരമാവധി 6 ലക്ഷം ജോലികളാണ് ഉള്ളത്. ഇത് കേരള ജനസംഖ്യയുടെ കേവലം 1.5% ആണ്. ഇതില്‍ത്തന്നെ ഒരു വര്‍ഷം പുതുതായി വരാന്‍ സാധ്യത യുള്ള ഒഴിവുകള്‍ എത്രയെന്ന് ആലോചിക്കുക. അതിലെ പത്തു ശതമാനമാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു ലഭിക്കുമെന്നു പറയുന്നത്. ആനുപാതികമായി നോക്കിയാല്‍ നിസ്സാരമാണ് ഈ തൊഴിലവസരങ്ങളുടെ എണ്ണം എന്നു കാണാന്‍ പ്രയാസമില്ല. കോവിഡ് അനന്തര സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നിയമന ങ്ങള്‍ ഇനിയും തീരെ കുറയാനാ ണു സാദ്ധ്യത. ഈ വസ്തുത മനസ്സിരുത്തി ആലോചിച്ചാല്‍ തൊഴി ലവസര ലഭ്യതയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകും.
സംവരണം എന്നത് ജനസം ഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനുള്ള ഉപാധി ആയി കാണുകയും പ്രാതിനിധ്യം ലഭ്യമാകുന്ന മുറയ്ക്ക് അതതു സമുദായങ്ങളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാകുകയുമാണു ശരിക്കും വേണ്ടത്. പ്രാതി നിധ്യം ഇല്ലാത്തവര്‍ക്ക് എന്തുകൊണ്ട് അതുണ്ടാകുന്നില്ലായെന്ന് പരിശോധിച്ച് യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിനനുസരിച്ചുള്ള നടപടികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിന് പകരം സാമ്പത്തിക സംവരണം എന്ന ചെപ്പടിവിദ്യ കൊണ്ടു പ്രതിനിധ്യമില്ലായ്മയുടെയോ തൊഴിലില്ലായ്മയുടെയോ ദാരിദ്ര്യത്തിന്റെയോ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിയു കയില്ല.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024