Coverstory

കേരളം വീണ്ടെടുത്ത കാന്ധമാല്‍ കനവ്

Sathyadeepam

ഒഡിഷയിലെ സന്ദീപ്കുമാര്‍ നായിക് എന്ന കൗമാരക്കാരന്‍ ഇന്ന് ബംഗളുരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് വിദ്യാര്‍ഥിയാണ്. സാധാരണ ഗതിയില്‍ ഈ വിവരത്തില്‍ വിശേഷിച്ചൊരു പുതുമയും ഇല്ല.

എന്നാല്‍, ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

ഭീകരമായ ക്രൈസ്തവവിരുദ്ധ കലാപം അരങ്ങേറിയ കാന്ധമാലിലാണ് സന്ദീപിന്റെ ജനനം.

സന്ദീപ് ഒരു ക്രൈസ്തവ കുടുംബാംഗമാണ്.

സന്ദീപിന്റെയും ബന്ധുജനങ്ങളുടെയും വീടുകള്‍ കലാപത്തില്‍ നശിപ്പിക്കപ്പെടുകയും കാട്ടിലേക്ക് ഓടിപ്പോകേണ്ടി വരികയും ചെയ്തു.

സന്ദീപിനു മലയാളം നന്നായി സംസാരിക്കാനറിയാം.

സന്ദീപ് സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്തത് എറണാകുളത്ത് കലൂര്‍ സെന്റ് അഗസ്റ്റിന്‍സ്, തൃക്കാക്കര കാര്‍ഡിനല്‍ തുടങ്ങിയ സ്‌കൂളുകളിലാണ്.

അതെ, കാന്ധമാലില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപ്പെട്ട ഒരു കുടുംബത്തിലെ ബാലന്‍. അന്ന് മൂന്നോ നാലോ വയസ്സു മാത്രം പ്രായം. മാതാപിതാക്കളായ ജുഗലാ കിഷോര്‍ നായിക്, ജൂലിമ ഡിഗാള്‍, സഹോദരി ജിനാതമ നായിക് എന്നിവര്‍ക്കൊപ്പം പെരുമ്പാവൂരില്‍ താമസമാക്കി.

പെരുമ്പാവൂരിലെ കുടിയേറ്റത്തൊഴിലാളി കളുടെ പരിമിത സൗകര്യങ്ങളില്‍ കഴിയുന്ന കാന്ധമാല്‍ കലാപത്തിന്റെ ഇരകളെ തേടി ഒരുനാള്‍ എറണാകുളത്തു നിന്നു രണ്ടു കന്യാസ്ത്രീകള്‍ വന്നു. എഫ് സി സി സന്ന്യാസസമൂഹത്തിലെ സിസ്റ്റര്‍ റോസിലിയും സിസ്റ്റര്‍ മെറിനും. എറണാകുളത്ത് കുറെ സിസ്റ്റര്‍മാര്‍ മഠങ്ങളുടെ പരമ്പരാഗതമേഖലകളില്‍ നിന്നു പുറത്തുകടന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ആ സിസ്റ്റര്‍മാര്‍ സന്ദീപിനെയും അതുപോലെ പത്തോളം കുട്ടികളെയും കണ്ടെത്തി. അവരെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. എറണാകുളത്ത് വൈദികരും സിസ്‌റ്റേഴ്‌സും നടത്തുന്ന ഹോസ്റ്റലുകളിലാക്കി. ആ പഠനമാണ് ഇന്ന് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ എത്തിനില്‍ക്കുന്നത്. തന്റെ നേട്ടത്തില്‍ ഈ സിസ്റ്റര്‍മാരോടും ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനോടുമാണ് സന്ദീപിനു പ്രധാനമായും നന്ദി പറയാനുള്ളത്.

കലാപകാലത്ത് സന്ദീപ് അമ്മയ്‌ക്കൊപ്പം അമ്മയുടെ ജോലിസ്ഥലത്തായിരുന്നു. പക്ഷേ ചേച്ചി അന്നു കാന്ധമാലിലെ സിസ്‌റ്റേഴ്‌സിന്റെ ഹോസ്റ്റലില്‍ നിന്നു നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഹോസ്റ്റലിലെ കുട്ടികളും സിസ്റ്റര്‍മാരും കലാപകാരികളില്‍ നിന്നു രക്ഷപ്പെടാന്‍ അന്നു കാട്ടിലാണ് അഭയം തേടിയത്. തുടര്‍ന്നും ഒരുപാടു രാത്രികളില്‍ അവര്‍ കാട്ടിനുള്ളില്‍ കഴിഞ്ഞു. ചേച്ചിയെ കൂട്ടിക്കൊണ്ടുവരാന്‍ കലാപസ്ഥലത്തേക്കു പോകേണ്ടിവന്ന സന്ദീപും കലാപത്തിന്റെ നടുക്കുന്ന കാഴ്ചകള്‍ പലതും കണ്ടു.

എല്ലാ മതങ്ങളും ജാതികളും ഇടകലര്‍ന്നു ജീവിക്കുന്നു. ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം മതഭേദമില്ലാതെ ആഘോഷിക്കുന്നുവെന്നതാണ് കേരളത്തെക്കുറിച്ചുള്ള ഏറ്റവും ആകര്‍ഷകമായ കാര്യമായി സന്ദീപിനു തോന്നുന്നത്.

ക്രിസ്ത്യാനികളുടെ വീടുകളും പള്ളികളും സ്ഥാപനങ്ങളുമെല്ലാം ആക്രമിക്കപ്പെട്ടു. കൂട്ടത്തില്‍ സന്ദീപിന്റെ കുടുംബത്തിന്റെ വീടും. അക്രമികളെല്ലാവരും പുറമെ നിന്നെത്തിയവരായിരുന്നു. നാട്ടിലെ അയല്‍വാസികളായ കുറെ ഹിന്ദുക്കള്‍ ക്രൈസ്തവ കുടുംബങ്ങളെ രക്ഷപ്പെടാന്‍ സഹായിച്ചു. അങ്ങനെ സഹായിക്കുന്നതിന്റെ റിസ്‌കേറ്റെടുക്കാന്‍ മടിച്ച അയല്‍ക്കാരുമുണ്ട്. എങ്കിലും ആരും അക്രമികളുടെ കൂടെ കൂടിയില്ല എന്നത് നാടിനെക്കുറിച്ചുള്ള ആശ്വാസകരമായ ഒരു ഓര്‍മ്മയാണ്.

അവിടെ നിന്ന് ഒരു തരത്തില്‍ ചേച്ചിയെയും കൊണ്ടു രക്ഷപ്പെട്ട സന്ദീപും അമ്മയും നേരെ കേരളത്തിലേക്കു പോന്നു. അച്ഛന്‍ അന്നു കേരളത്തില്‍ ജോലിക്കായി വന്നിരുന്നു. അങ്ങനെയാണു കേരളത്തില്‍ വന്നു സ്ഥിര താമസമാക്കിയതും പിന്നീട് സിസ്റ്റര്‍മാര്‍ തേടിവന്നതും ജീവിതം മാറിമറിഞ്ഞതും. സന്ദീപും മാതാപിതാക്കളും ഏറെക്കുറെ കേരളീയരായി മാറിക്കഴിഞ്ഞു. മടങ്ങി ഒഡിഷയില്‍ പോയി സ്ഥിരതാമസമാക്കുക എന്നൊരു സ്വപ്നം മാതാപിതാക്കള്‍ക്ക് ഇനിയില്ല. ചേച്ചി കേരളത്തില്‍ പഠിച്ച് ഒപ്‌ടോമെട്രിസ്റ്റായി. ഇപ്പോള്‍ ഒഡിഷയില്‍ ജോലി ചെയ്യുന്നു.

ഇപ്പോഴും ക്രൈസ്തവരെ സംബന്ധിച്ച് കാന്ധമാലില്‍ ഭീതിയുടെ ഒരു അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്ന് ഇടയ്ക്കിടെ ഒഡിഷയില്‍ പോയി വരാറുള്ള സന്ദീപ് പറഞ്ഞു. വൈദികര്‍ വരാത്ത ചില പള്ളികളെങ്കിലും ഇപ്പോഴും ഉണ്ട്. ആക്രമിക്കപ്പെട്ടേക്കുമെന്ന പേടി അതിനൊരു കാരണമാണ്.

സിസ്റ്റര്‍ റോസിലിയും സിസ്റ്റര്‍ മെറിനും പിന്നീട് ആ സംഘത്തിലേക്കു വന്ന മറ്റു സിസ്റ്റര്‍മാരും ഈ കുടിയേറ്റ കുടുംബങ്ങള്‍ക്കു വലിയ സഹായമാണു ചെയ്തതെന്നു സന്ദീപ് പറഞ്ഞു. കാന്ധമാലിലേക്കു യാത്ര ചെയ്തു, സര്‍ക്കാര്‍ ഓഫീസുകള്‍ കേറിയിറങ്ങി, തങ്ങളുടെ തിരിച്ചറിയല്‍ രേഖകളും മറ്റും തേടിപ്പിടിച്ചു കൊണ്ടുവന്ന് വിദ്യാഭ്യാസം തുടരാന്‍ എല്ലാ സഹായങ്ങളും ഒരുക്കിയത് സിസ്റ്റര്‍മാര്‍ തന്നെയായിരുന്നുവെന്ന് സന്ദീപ് ചൂണ്ടിക്കാട്ടി. ഇല്ലെങ്കില്‍, കേരളത്തിലെ ഏതെങ്കിലും പ്ലൈവുഡ് ഫാക്ടറിയിലോ ഹോട്ടലിലോ ഫാമിലോ ജീവിതം ചെന്നെത്തുമായിരുന്നു.

സിസ്റ്റര്‍ റോസിലി ജോണ്‍ എഫ് സി സി & സിസ്റ്റര്‍ ലിറ്റില്‍ റോസ് എഫ് സി സി

ഡോക്ടറാകണമെന്നത് സന്ദീപിന്റെ ഒഡിഷയിലെ കുട്ടിക്കാലം സമ്മാനിച്ച ഒരു സ്വപ്നമാണ്. ചികിത്സ കിട്ടാതെ അമ്മാമ്മ മരിക്കുന്നതു കണ്ടുനിന്ന ബാലനുള്ളിലേക്കു കടന്നുവന്ന ഉത്തരവാദിത്വബോധ മാണത്, പണമോ പദവിയോ ലക്ഷ്യമാക്കുന്ന പകല്‍ക്കിനാവല്ല.

പഠനകാലത്തെല്ലാം അതു ലക്ഷ്യം വച്ചു കഠിനാധ്വാനം ചെയ്തു. സിസ്റ്റര്‍മാര്‍ പ്രോത്സാഹിപ്പിച്ചു. പഠനം പൂര്‍ത്തിയാക്കിയശേഷം ഒഡിഷയിലെ ഗ്രാമീണപ്രദേശങ്ങളില്‍ സേവനം ചെയ്യണമെന്നു തന്നെയാണ് സന്ദീപ് ഉദ്ദേശിക്കുന്നത്. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് തങ്ങളുടെ വിദ്യാര്‍ഥികളില്‍ ഗ്രാമീണപ്രദേശത്തു സേവനം ചെയ്യുന്നതിനുള്ള മനോഭാവം സൃഷ്ടിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നുമുണ്ട്.

മതേതര ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്ക പുലര്‍ത്തുന്ന വിദ്യാര്‍ഥിയാണ് സന്ദീപ്. ഇന്ത്യ എന്നും മതേതരമായി നിലനില്‍ക്കണ മെന്ന ആശയും സന്ദീപ് പങ്കുവയ്ക്കുന്നു. എല്ലാ മതങ്ങളും ജാതികളും ഇടകലര്‍ന്നു ജീവിക്കുന്നു, ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം മതഭേദമില്ലാതെ ആഘോഷിക്കുന്നു എന്നതാണ് കേരളത്തെക്കുറിച്ചുള്ള ഏറ്റവും ആകര്‍ഷകമായ കാര്യമായി സന്ദീപിനു തോന്നുന്നത്.

- സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ബോദുവിന്‍ രാജാവിന്റെ നാമകരണം: തിടുക്കം വേണ്ടെന്ന് ആഫ്രിക്കന്‍ കാര്‍ഡിനല്‍

നൈജീരിയയില്‍ 15 പള്ളികള്‍ പൂട്ടിയതായി മകുര്‍ദി രൂപത മെത്രാന്‍

വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [07]

ഡബ്ലിനിലെ വിശുദ്ധ ലോറന്‍സ് (1125-1180) : നവംബര്‍ 14

വംശീയ വിവേചനത്തിന് നേരെ കണ്ണടയ്ക്കാനാവില്ല: വത്തിക്കാന്‍