Coverstory

വിമോചനമെന്ന പ്രേഷിതദൗത്യം

ഫാ. ജോബി താരാമംഗലം OP
'വിമോചന ദൈവശാസ്ത്രം മരിച്ചെന്നു പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍, അതിന്റെ പിതാവെന്ന് പേര് നല്‍കപ്പെട്ട എന്നെ ഇതുവരെയും അതിന്റെ മൃതസംസ്‌കാരസമയം ആരും അറിയിച്ചില്ല' Gustavo Gutiérrez (1928-2024). തന്റെ വേര്‍പാട് ഒരു നഷ്ടമാവാത്തവിധം ഫലദായക മായ സംഭാവനകള്‍ നല്‍കിയിട്ടാണ് ഗുസ്താവോ വിടപറയുന്നത്.
  • വിലാപങ്ങളിലെ ദൈവസ്വരം

വിശ്വാസത്തിന്റെ സൈദ്ധാന്തിക മായ രൂപഘടനകള്‍ക്കുള്ളില്‍ നല്‍കപ്പെടുന്ന വ്യാഖ്യാന വിശദീകരണങ്ങളിലൂടെ മാത്രം മനുഷ്യരുടെ ജീവിതാവസ്ഥകള്‍ അപഗ്രഥിക്കപ്പെടുന്നത്, ദൈവ ശാസ്ത്രത്തിന്റെ പോരായ്മയായി Gustavo Gutiérrez കരുതി. രക്ഷയുടെ അനുഭവം യാഥാര്‍ഥ്യ മായി തേടുന്ന ദൈവശാസ്ത്രം തങ്ങളുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടുകളില്‍ നിന്നു വ്യാഖ്യാനിക്കുകയല്ല, മറിച്ച് ഇന്നിന്റെ തേങ്ങലുകളില്‍ വെളിപാട് തിരിച്ചറിയുകയാണ്. നിസ്സഹായരായ മനുഷ്യരുടെ അനുഭവങ്ങളിലുള്ള ദൈവിക വെളിപാടിന് വ്യക്തത നല്‍കി വ്യാഖ്യാനിക്കുകയാണ് യഥാര്‍ഥ ദൈവശാസ്ത്ര പ്രക്രിയ.

മനുഷ്യാവസ്ഥകളും അനുഭവങ്ങളും, വചനത്തോടും പാരമ്പര്യത്തോടുമൊപ്പംതന്നെ വെളിപാടിന്റെ ഉറവിടങ്ങളാണെന്ന് Gutiérrez നു ഉറപ്പായിരുന്നു. സഭയുടെ സാംസ്‌കാരിക മൂല്യങ്ങളെയും രൂപങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ചെന്ന അപഖ്യാതി അസ്തിത്വവാദത്തിനും

(existentialism) പ്രതിഭാസ വിജ്ഞാനീയത്തിനും (phenomenology) ഉണ്ടെങ്കിലും അറിവ് സത്യം മനുഷ്യസ്ഥിതി തുടങ്ങിയവയെ ക്കുറിച്ച് വളരെ പ്രസക്തമായ സംഭാവനകള്‍ അവ നല്‍കിയിട്ടുണ്ട്. ഉദാരവാദ പ്രവണതകളെയും (liberalistic trends) സ്ഥിതിസമത്വചിന്തകളെയും (socialist thoughts) മതരഹിത സാമൂഹ്യമൂല്യങ്ങളെയും (secular ideologies) വിമോചനദൈവ ശാസ്ത്രവുമായി കൂട്ടിച്ചേര്‍ക്കാ നാവില്ല. വ്യക്തിസ്വാതന്ത്ര്യത്തി നായുള്ള മുറവിളികള്‍ക്കും മനുഷ്യാവസ്ഥകളിലെ ഞെരുക്കങ്ങള്‍ക്കും വെളിപാടുകളുടെ നിര്‍വചന ഘടനകള്‍ക്കുള്ളില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ അവയെ ദൈവത്തിന്റെ സ്വരങ്ങളായാണ് Gutiérrez കണ്ടത്. സാമൂഹ്യശാസ്ത്രം, മനോവിജ്ഞാനം തുടങ്ങിയവയെ ലൗകികമോ വിരുദ്ധമായി നില്‍ക്കുന്നതോ ആയി കരുതാതെ അവയില്‍ ദൈവം നല്‍കുന്ന ജ്ഞാനവും തെളിമയും കാണുവാനുള്ള തുറവിയും Gutiérrez സൂക്ഷിച്ചു.

  • വിമോചനം: ദൈവരാജ്യാനുഭവം

വസ്തുനിഷ്ഠമായ സത്യം മേഘങ്ങളില്‍ നിന്ന് പുറപ്പെടുന്നതല്ല. സത്യം 'അവനെ കേള്‍ക്കുന്നതാണ്.' അവന്റെ യാതനയും പ്രബോധനവും സൗഖ്യവും ജീവിതങ്ങളോട് ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ളതായിരുന്നു. അത് ദൈവത്തിന്റെ സ്‌നേഹവും നീതിയും സമാധാനവുമാണ്. അത് അനുഭവവേദ്യമാകും വിധം ക്രിസ്തീയവിശ്വാസത്തിന് അവതരണം നല്‍കുകയും ദൈവത്തിന്റെ കരുതല്‍ പ്രതിഫലിപ്പിക്കുന്ന ഒരു ലോകവ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്യുവാനുള്ള പ്രയത്‌നമാണ് വിമോചനദൈവശാസ്ത്രത്തിന്റെ കാഴ്ചപ്പാട്.

സാമൂഹിക നീതി ഉറപ്പാക്കിയും പാവങ്ങളുടെയും ബലഹീനരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കൂടെ ചേര്‍ന്നുകൊണ്ടേ ഇത് സാധ്യമാകൂ. അല്ലെങ്കില്‍, 'ദൈവം നിങ്ങളെ സ്‌നേഹിക്കുന്നെന്നു അവരോടു പറയുവാന്‍ എങ്ങനെ നമുക്ക് കഴിയും?' Gutiérrez ചോദിക്കുന്നു. പാവങ്ങളുടെ കൂടെ നില്‍ക്കാന്‍ ദൈവമല്ലാതെ മറ്റാരുമില്ലെന്നതുകൊണ്ട് ദൈവത്തിന് പാവങ്ങളോട് പ്രത്യേക പരിഗണനയുള്ള സ്‌നേഹമുണ്ടെന്ന് Gutiérrez കണ്ടു. നിരന്തരമായ സഹനങ്ങള്‍ക്കിടയിലും പ്രത്യാശ എങ്ങനെ വാടാതെ നില്‍ക്കുന്നെന്നു പാവങ്ങള്‍ തന്നെ പഠിപ്പിച്ചെന്നു പല അവസരങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമായിരുന്നില്ല വിമോചന ദൈവശാസ്ത്രത്തിന്റെ മാര്‍ഗരേഖ. ദൈവം ഭരണം നടത്തുന്ന യാഥാര്‍ഥ്യത്തിലേക്ക് തുറക്കുന്ന സമൂഹവും സഭാനേതൃത്വവുമാണ് Gutiérrez മുന്നില്‍ കാണുന്നത്. വിമോചനം രക്തച്ചൊരിച്ചിലുള്ള വിപ്ലവമാവണമെന്നില്ല. അത് രക്ഷാകരസംഭവത്തിന്റെ തുടര്‍ച്ചയാണ്. പരമ്പരാഗതമായ വിശ്വാസശൈലി പലപ്പോഴും രക്ഷയെ ആത്മീയതലത്തിലേക്ക് ചുരുക്കുകയും വ്യക്തിപരമായ ഭക്തിയില്‍ ദൈവസായൂജ്യം കണ്ടെത്തുന്ന ശൈലിയില്‍ സംതൃപ്തമാവുകയും ചെയ്തപ്പോള്‍ സാമൂഹികവും സാമ്പത്തികവുമായ തലങ്ങളിലെ രക്ഷാശൂന്യതയെക്കുറിച്ചു അന്ധമായിരുന്നു. ആ വെല്ലുവിളിയിലേക്കു കടന്നുചെല്ലുക എന്നത് പ്രേഷിതദൗത്യമാണെന്നു ചിന്തിക്കാന്‍ വിശ്വാസചട്ടക്കൂടും സഭയുടെ സംവിധാനവും തുറക്കുമായിരുന്നില്ല. മാനുഷിക നന്മക്കായി പ്രവര്‍ത്തിക്കേണ്ട സാമൂഹികമോ രാഷ്ട്രീയമോ ആയ ഏതു സംവിധാനവും, തിന്മയുടെ നിര്‍മ്മിതരൂപങ്ങളാകുന്നെങ്കില്‍ അത് എതിര്‍ക്കേണ്ടത് രക്ഷയുടെ കൂദാശയെന്ന നിലയില്‍ സഭയുടെ കടമയാണ്. ക്രിസ്തുവിന്റെ അനുഭവത്തിന്റെയും പ്രവാചകധീരതയുടെയും തുടര്‍ച്ചയാണത്. മുതലാളിത്തത്തിന്റെ തിന്മകള്‍ ഇല്ലായ്മ ചെയ്യേണ്ടത് അത് പാവങ്ങളുടെ ദയനീയമായ അവസ്ഥക്ക് കാരണമായിരിക്കുന്നതുകൊണ്ടാണ്.

തിന്മയ്‌ക്കെതിരെയുള്ള സമരം: സഭയുടെ ധര്‍മ്മം

പരമ്പരാഗത രീതിയനുസരിച്ച്, ദൈവവചനം പ്രസംഗിക്കുകയും ആത്മീയവും ഭൗതികവുമായ ഉപകാരപ്രവൃത്തികള്‍ ചെയ്യുകയുമാണ് സഭയുടെ ധര്‍മ്മമായി കാണപ്പെടുന്നത്. സാമൂഹികമായ പ്രശ്‌നങ്ങളിലേക്ക് സുവിശേഷത്തിന്റെ വെളിച്ചം കൊണ്ടുവരികയെന്നത് സഭയുടെ വിളിയാണ്. അത് തത്ത്വത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയും എന്നാല്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നത് പ്രതിബദ്ധതയല്ല. അങ്ങനെ കാണിക്കുന്ന നിസ്സംഗത തിന്മയുടെ ശക്തികളെ ലാഭങ്ങളുടെ പേരില്‍ അംഗീകരിക്കുന്ന ഭക്തിയുടെ കപടമുഖമാണ്. 'നിര്‍ധനയായ സഭ പാവങ്ങള്‍ക്കുവേണ്ടി (a poor church for the poor)' അവരുടെ പക്ഷം ചേരുകയെന്നതോടൊപ്പം അനീതിക്കും ദാരിദ്ര്യത്തിനുമെതിരെ സമരം ചെയ്യേണ്ടതുമുണ്ടെന്ന് Gutiérrez മനസ്സിലാക്കി.

ലോകത്തിന്റെ യഥാര്‍ഥ ഞെരുക്കങ്ങളില്‍ വിശ്വാസത്തിന്റെ അര്‍ഥവും പ്രസക്തിയും 'മാംസമായ വചനവും' കണ്ടെത്താനാണ് Gutiérrez പ്രോത്സാഹിപ്പിച്ചത്. ഏതു സ്വാതന്ത്ര്യം പങ്കുവയ്ക്കുവാനായി സുവിശേഷം നമ്മെ ക്ഷണിച്ചുവോ ആ സ്വാതന്ത്ര്യം, വിമോചന ദൈവശാസ്ത്രത്തെ മാര്‍ക്‌സിസവുമായി കൂട്ടിക്കെട്ടിയവര്‍ക്ക് അസ്വീകാര്യമായിരുന്നു. പാവങ്ങളും പീഢിപ്പിക്കപ്പെട്ടവരും സഭാ ശരീരത്തിന്റെ വേദനിക്കുന്ന അംഗങ്ങളായി കാണാവുന്ന, അവരും ഒത്തുചേര്‍ക്കപ്പെടുന്ന സഭാ തുറവിയാണ് Gutiérrez ധ്യാനമാക്കിയത്. ഒരു രാഷ്ട്രീയ ലഹളയോ ബലപ്രയോഗമോ സുവിശേഷശൈലിയല്ലെന്നത് Jon Sobrino ഉള്‍പ്പെടെയുള്ളവരുടെ നിലപാടായിരുന്നു. എന്നാല്‍ അനീതിയും അടിച്ചമര്‍ത്തലുകളും കണ്‍മുമ്പിലുള്ളപ്പോള്‍ നിസ്സംഗത പാലിക്കുന്നതും സഭയുടെ ചൈതന്യമല്ലെന്ന് അവര്‍ കണ്ടു.

തങ്ങളുടെ കാലികപ്രസക്തിയും അധികാരവും നിലനിര്‍ത്തുവാന്‍ യാഥാസ്ഥിതികമായ നിലപാടുകളില്‍ നിന്നുകൊണ്ട് സമൂഹത്തിന്റെ ദുരിതാവസ്ഥകളില്‍ നിന്ന് അസ്പര്‍ശ്യമായി സ്വയം സൂക്ഷിക്കുകയാണ് പല വിശ്വാസീഗണങ്ങളും ചെയ്തത്. പാവങ്ങളും ബലഹീനരും അവരുടെ വ്യക്തിപരമായ ദുര്യോഗം മൂലം അങ്ങനെയായവരല്ല. തിന്മയെ പരിപോഷിപ്പിക്കുന്ന സംവിധാനങ്ങളുടെ പരിണിതഫലമാണത്. ദാരിദ്ര്യവും അനീതിയും സാമൂഹിക വ്യവസ്ഥിതിയിലെ സാധാരണ ഘടകങ്ങളായി അംഗീകരിക്കുന്ന വിശ്വാസഘടനയാണ് നമുക്കുള്ളതെങ്കില്‍ ചൂഷണ വ്യവസ്ഥിതിക്കു അടിയറവു പറയുക മാത്രമല്ല സേവനം ചെയ്യുകകൂടിയാണ് സഭ ചെയ്യുന്നത്. Gutiérrez ന്റെ ആശയങ്ങള്‍, അത്തരം സംവിധാനങ്ങളെ വെല്ലുവിളിക്കേണ്ടത് സഭയുടെ സുവിശേഷപ്രഘോഷണദൗത്യത്തിന്റെ ഭാഗമാക്കേണ്ടതാണെന്നു പഠിപ്പിച്ചു.

സകല മനുഷ്യരെയും സ്‌നേഹിക്കുന്ന ദൈവസ്വഭാവത്തിന്റെ യഥാര്‍ഥ ആസ്വാദനത്തിലേക്കാണ് വിമോചന ദൈവശാസ്ത്രം സഭയെ ക്ഷണിക്കുന്നത്. ജീവനും സമാധാനവും പരിപൂര്‍ണ്ണമാകും വിധം ദൈവാനുഭവം കൂടെയുള്ള ഒരു സമൂഹത്തിന്റെ കൂട്ടായ്മയാണ്.

ഗല്ലിയേനുസിന്റെ മതസഹിഷ്ണുതാ വിളംബരം

പ്രത്യാശയുടെ രാജകുമാരന്‍

നവംബര്‍ മാസത്തില്‍ ഓര്‍മ്മിക്കാന്‍...

ഉള്ളടക്കം [Content]

വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24