വിശ്വാസം ജീവിതഗന്ധിയല്ലാതായിത്തീരുന്നു എന്നതാണ് ഒരാളെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തുന്നത്. ഏറ്റുപറയപ്പെടുന്ന വിശ്വാസം ജീവിതവുമായി സന്ധിക്കുന്നതായോ ആ വിശ്വാസം ജീവിതത്തിന്റെ വിവിധ അവസ്ഥകളില്‍ ദൈവാനുഭവത്തിലേക്കുള്ള മാര്‍ഗ്ഗമായോ മാറുന്നില്ല എന്നത് ഗൗരവമായി കാണേണ്ടതാണ്.
വിശ്വാസവും സഭയും, പല കാരണങ്ങള്‍ കൊണ്ട്, അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അനുഭവമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അനേകര്‍ അകന്നു പോവുകയാണ്. അര്‍ത്ഥമില്ലായ്മ, അഗ്രാഹ്യത, വിശ്വാസസംബന്ധിയായി ഉയരുന്ന ആശയസംഘര്‍ഷങ്ങള്‍ അങ്ങനെ സങ്കീര്‍ണമായ നിരവധി ഘടകങ്ങള്‍ അതിനു കാരണമാവുന്നു. പലായനത്തിനു നിര്‍ബന്ധിക്കപ്പെടുന്ന അഭയാര്‍ത്ഥികളോട് അകലുന്ന വിശ്വാസികളെ ചിലര്‍ താരതമ്യം ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഭവനവും, അര്‍ത്ഥവും ജീവനുമായിരുന്ന വിശ്വാസം, അര്‍ത്ഥ ശൂന്യത സൃഷ്ടിക്കുകയും അതില്‍ തുടരുന്നത് സ്വന്തം ആത്മീയനന്മയ്ക്കും ദൈവബന്ധത്തിനും അപകടമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് വേദനയോടെ അവര്‍ വിട്ടകലുന്നത്. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, അവര്‍ ഉപേക്ഷിച്ചകലുന്നത് ദൈവത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ അല്ല തങ്ങള്‍ക്കു ആത്മീയനന്മ ഉറപ്പു നല്‍കാന്‍ അപര്യാപ്തമെന്ന് കാണിച്ചു കൊടുക്കുന്ന 'മതസംവിധാന'ങ്ങളില്‍ നിന്നാണ് ആ അകല്‍ച്ച. (അകലുന്നവരെപ്പോലെ, തിരികെ നടക്കുന്നവരുമുണ്ട്. അവരിലെ തീവ്ര ഭാവത്തെക്കുറിച്ച് അവസാന ഭാഗത്ത് പ്രതിപാദിക്കാം).
വൈവിധ്യങ്ങള്‍ ഒരു മാനുഷിക അസ്തിത്വാനുഭവമാണെന്നത് വിശ്വാസത്തിന്റെ വികാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ്. അകലുന്നവരില്‍ കുറേപ്പേര്‍ നിരാശപ്പെട്ടവരാണെങ്കില്‍ ഒട്ടനേകം പേര്‍ പുതിയ വിചിന്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാഷയും വ്യത്യസ്തമാണ്. നിലവിലുള്ളവയുടെ വികാസത്തിന് ക്ഷണിക്കുന്ന അത്തരം ഭാഷയെ എതിര്‍പ്പുകളായി ചിത്രീകരിക്കുന്ന സംവിധാനങ്ങള്‍ ഇടുങ്ങി ശോഷിക്കുകയും, എന്നാല്‍, അതേ സംവിധാനത്തെ പിന്താങ്ങുന്ന ചുരുക്കം ചിലര്‍ക്ക് ക്ഷണികമായ നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും. 'മഹനീയമായ' ഭാഷ, ദേശം, വംശം, അനുഷ്ഠാന രീതികള്‍, പാരമ്പര്യം തുടങ്ങിയവ കൂടുതല്‍ സങ്കുചിതമാകുമ്പോള്‍ അത് അനേകര്‍ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ആഹ്വാനം ചെയ്യപ്പെടുന്നതുപോലെ, സങ്കുചിതത്വങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ട് ജീവിതത്തിന് അര്‍ത്ഥപൂര്‍ണമായോ പ്രയോഗികമായോ ഒരു സൃഷ്ടി നല്‍കാന്‍ ആവില്ല. അവിടെ രൂപപ്പെടുന്ന വിടവ്, വിശ്വാസം തങ്ങളുടെ ജീവിതവുമായി സംവദിക്കുന്നില്ലെന്നും, പ്രബോധനങ്ങളും നേതൃത്വശൈലിയും 'ഇന്നിന്റെ' യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്താന്‍ ശ്രമിക്കാത്തതാണെന്നും കരുതാന്‍ കാരണമാകുന്നു.
വിശ്വാസം ജീവിതഗന്ധിയല്ലാതായിത്തീരുന്നു എന്നതാണ് ഒരാളെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തുന്നത്. ഏറ്റു പറയപ്പെടുന്ന വിശ്വാസം ജീവിതവുമായി സന്ധിക്കുന്നതായോ ആ വിശ്വാസം ജീവിതത്തിന്റെ വിവിധ അവസ്ഥകളില്‍ ദൈവാനുഭവത്തിലേക്കുള്ള മാര്‍ഗ്ഗമായോ മാറുന്നില്ല എന്നത് ഗൗരവമായി കാണേണ്ടതാണ്. ഒരാളുടെ ജോലിരംഗത്തും കുടുംബത്തിലും ബന്ധങ്ങളിലും അയാള്‍ കടന്നു പോകുന്ന സമ്മര്‍ദ്ദങ്ങളെ കാര്യമായെടുക്കുന്ന, അവിടെ ദൈവരാജ്യാനുഭവം അനുഭവവേദ്യമാകുന്ന വിധം വിശ്വാസത്തെ തുറന്നു വയ്ക്കാന്‍ കഴിയുന്ന വിശ്വാസപരിശീലനമോ 'ധ്യാനങ്ങളോ' നമുക്കില്ല. എന്നാല്‍ അവരുടെ സമ്മര്‍ദ്ദങ്ങളെയും അവയില്‍ നിന്നുണ്ടാകുന്ന വിഷമസന്ധികളെയും പല വിധേന കുറ്റംവിധിക്കുകയും സാന്മാര്‍ഗികതയുടെ പ്രഹരമേല്പിക്കുകയും ചെയ്യാറുമുണ്ട്. സഭ ഞങ്ങളെ അറിയാന്‍ ശ്രമിക്കുന്നില്ലെന്ന മൗനരോദനം കുട്ടികളുടെയും യുവജനങ്ങളുടെയും മാത്രമല്ല, കുടുംബമെന്ന അന്തസ്സിനെ കെട്ടിയുയര്‍ത്താന്‍ പരിശ്രമിക്കുന്ന അനേകരുടേതു കൂടിയാണ്. തീരെച്ചെറിയ കുഞ്ഞു മുതല്‍ ഇന്ന് കടന്നു പോകുന്ന മനുഷ്യാവസ്ഥ അടുത്തറിയാത്ത സഭയ്ക്ക് വിശ്വാസം അര്‍ത്ഥപൂര്‍ണ്ണമായി കണ്ടെത്താന്‍ കഴിയില്ല.
'എന്ത് വിശ്വസിക്കുന്നെന്ന' വാക്കുകളിലല്ല വിശ്വാസം; എന്താണോ വിശ്വസിക്കുന്നത്, അത് എന്തിലേക്കു ചൂണ്ടിക്കാണിക്കുന്നുവോ അതിലേക്കാണ് വിശ്വാസം തുറന്നിരിക്കേണ്ടത്. പ്രബോധനങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും ഭക്തിരീതികളും വേരുകള്‍ പോലെയാണ്. ഓരോരുത്തരുടെയും ജീവിതത്തോടു ചേര്‍ത്തു വെളിപാടനുഭവവും ദൈവസാന്നിധ്യവും ഇവ പാലിക്കുന്നവര്‍ സാധ്യമാക്കുന്നില്ലെങ്കില്‍ ഇവയൊന്നും ദൈവത്തിലേക്കെത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നില്ല. വിശ്വാസത്തെ വിവേചിച്ചു പരിശോധിക്കേണ്ടത് വിശ്വാസത്തിന്റെ സത്യത്തെ അറിയാനും പാലിക്കാനും സഹായിക്കും. മാസ്മരികതകളും അനുഭൂതിയും വിശ്വാസത്തെ നിര്‍വചിച്ചു തുടങ്ങുമ്പോള്‍ ആ വിശ്വാസം അന്ധകാരത്താല്‍ നയിക്കപ്പെടുകയാണ്. വിശ്വാസവും വിശ്വാസിയും ശുഷ്‌ക്കമാവുകയും ഭയം, ആശങ്ക, വ്യഗ്രത എന്നിവയിലേക്ക് അത് നയിക്കുകയും ചെയ്യും. ബുദ്ധിക്കോ യുക്തിക്കോ ഗ്രാഹ്യമല്ലാത്ത ഒരു വിശ്വാസതലം, യുക്തിരഹിതമോ ബുദ്ധിശൂന്യമോ ആവണമെന്നില്ല. ദൈവത്തില്‍ ഏറ്റവും ആഴത്തിലുള്ള ഏല്പിച്ചു നല്‍കലിനാണ് (trust) സംശയിക്കാത്ത വിശ്വാസം എന്ന് പറയേണ്ടത്. ആ വിശ്വാസം വിവേചിച്ചും വിവേകത്താല്‍ നയിക്കപ്പെട്ടും ദൈവഹിതത്തിനെതിരായതോ മനുഷ്യാന്തസ്സിനു വിരുദ്ധമായതോ എന്തെങ്കിലും ചെയ്യുവാന്‍ അനുവദിക്കില്ല. സ്വന്തം വിശ്വാസത്തെ വിവേചിച്ചു പരിശോധിക്കുക എന്നത് ദൈവവിരുദ്ധമല്ല, അത് ദൈവഹിതമാണ്. കൂടുതല്‍ സംവാദങ്ങള്‍ക്കും തുറവിക്കും തയ്യാറാകുംവിധം ഈ വിവേചനാസ്വാതന്ത്ര്യം 'അനുവദനീയമെങ്കില്‍' വിശ്വാസയുക്തി സാംസ്‌കാരിക പ്രക്രിയയില്‍ പങ്കുചേരുന്നവര്‍ നിരവധിയുണ്ടാകും.
ഭക്തി വിശ്വാസത്തെ ശിഥിലമാക്കുന്നോ?
സാധാരണയായി, ഒരാളുടെ ഭക്താനുഷ്ഠാനങ്ങളെ നോക്കിക്കൊണ്ടാണ് ഒരാള്‍ക്ക് വിശ്വാസമുണ്ടോ എന്ന് കണക്കാക്കിപ്പോരുന്നത്. എന്നാല്‍ ഭക്തിയുടെ പിന്നിലെ പ്രേരകഘടകങ്ങള്‍ പലതാകാം. ഭക്തിയുടെ സത്ത സ്‌നേഹമാണെങ്കിലേ അത് ദൈവഭക്തിയാകൂ. മതം/ദൈവം ആവശ്യപ്പെടുന്ന കാണിക്കകള്‍ പോലെ ഭക്തികളും പ്രാര്‍ത്ഥനകളും മാറ്റപ്പെടുമ്പോള്‍, ആത്മീയത 'ദൃശ്യമാക്കപ്പെടുന്നു'ണ്ടെങ്കിലും ആന്തരികതയില്‍ ദൈവത്തെ നഷ്ടപ്പെട്ടു ദ്രവിക്കുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ്. പ്രത്യേക കാര്യസിദ്ധിയും, മാന്ത്രികശക്തിയും ചേര്‍ത്തുവയ്ക്കപ്പെടുന്ന വിശേഷ പ്രാര്‍ത്ഥനകളും ഭക്തിയും വിശ്വാസത്തിനോടൊത്തു പോകാത്തതാണ്. മാത്രമല്ല, രുചികരവും പ്രിയങ്കരവുമായ ഭക്തി രൂപങ്ങള്‍ മേല്പറഞ്ഞ ജീവിത സമ്മര്‍ദ്ദങ്ങളെ ചൂഷണം ചെയ്യുമ്പോള്‍, അല്പായുസുള്ള ആള്‍ക്കൂട്ടവും ഭക്തി വളര്‍ച്ചയും സൃഷ്ടിച്ചെടുക്കാമെങ്കിലും ഭക്തിയില്‍ അഭിരമിക്കുന്ന മതം മത്തു പിടിച്ചു നശിക്കുന്ന ഭോഷത്തമാണ് പ്രോത്സാഹിപ്പിക്കുന്നത്.
മാസ്മരികത, കാര്യപ്രാപ്തിക്കായുള്ള പരക്കം പാച്ചില്‍, മായികമായ പ്രതീക്ഷകള്‍ എന്നിവ ഭക്തിയുടെ സത്തയാകുമ്പോള്‍ അത് ഭയം, ആശങ്ക, വ്യഗ്രത എന്നിവയേ കൊണ്ടുവരൂ. കാഴ്ച, മോചനദ്രവ്യം, ഉടമ്പടികള്‍ തുടങ്ങിയവ ദൈവത്തെക്കുറിച്ചു തന്നെ തെറ്റായ രൂപമാണ് സൃഷ്ടിക്കുന്നത്. 'ദൈവത്തിനു' പുറകെ ഓടിയോടി ദൈവത്തെ നഷ്ടപ്പെടുത്തുന്ന ഭക്തര്‍! ആ തളര്‍ച്ച അനേകരില്‍ ഉദാസീനതയ്ക്കും ദൈവരാഹിത്യത്തിനും കാരണമായിട്ടുണ്ട്. ഉപയോഗത്തിനു വേണ്ടി തേടിയ ദൈവം അവര്‍ക്ക് ഉപയോഗശൂന്യമായി തെളിയിക്കപ്പെട്ടു. വിശ്വാസമെന്നത് ഭക്താനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലും നിയമനിഷ്ഠയിലുമല്ല. സുവിശേഷത്തിനൊത്ത ഒരു ജീവിതം രൂപപ്പെടുത്താന്‍ ഒരാള്‍ക്ക് കഴിയുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. പുണ്യങ്ങളില്‍ വളര്‍ന്നു കൊണ്ടാണ് ഏതൊരു ഭക്തിയും വണക്കവും ഫലമണിയുന്നത്. ഭക്തിയിലും അനുഷ്ഠാനങ്ങളിലും പ്രേരകഘടകങ്ങളായി എന്ത് വര്‍ത്തിക്കുന്നു എന്ന് ആത്മശോധന ചെയ്ത് കണ്ടെത്തേണ്ടത് വിശ്വാസത്തിന്റെ വിവേചന പ്രക്രിയയില്‍ വളരെ പ്രധാനമാണ്. വിശ്വാസമെന്നത് വൈകാരികമായ സ്വയം മറക്കലല്ല. അത് ഉത്തരവാദിത്വപൂര്‍ണമായ ബന്ധമാണ്.
അതുകൊണ്ടുതന്നെ വിശ്വസിക്കുന്നതിനെ യഥായോഗ്യം വിവേചിച്ചറിയുകയും വേണ്ടതിനെ തിരുത്തുകയും തെറ്റായവയെ ഉപേക്ഷിക്കുകയും വേണം. അങ്ങനെയാണ് വിശ്വാസം ഒരു വളര്‍ച്ച കൂടിയാകുന്നത്.
ഭക്തികളില്‍ താത്പര്യം കാണിക്കാത്ത യുവതലമുറ, പക്ഷേ, മൂല്യാധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവുന്നതു കാണാം. ലഹരിക്കും മറ്റും വിധേയപ്പെട്ടു പോകുവാനുള്ള വലിയ കെണി യാഥാര്‍ത്ഥ്യമാണെങ്കിലും ഒരു വലിയ വിഭാഗം സേവനം, സമത്വം, സ്വാതന്ത്ര്യം, സഹവര്‍ത്തിത്വം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രായോഗികമാക്കാനും ഒരുക്കമാണ്. അതിനുള്ള അവസരങ്ങള്‍, മേല്പറഞ്ഞ സങ്കുചിതത്വങ്ങളിലേക്കു ചുരുക്കപ്പെടാതെ ലഭിക്കുന്ന ഇടങ്ങള്‍ ആണ് അവര്‍ പുറമേ അന്വേഷിക്കുന്നത്. നന്മയിലേക്ക് തുറന്നിരിക്കുന്ന ഓരോ സാമൂഹികസാംസ്‌കാരിക പ്രവണതയിലും വെളിപാടനുഭവവും ദൈവാനുഭവവുമുണ്ട്. തങ്ങളുടെ സ്വാഭാവികമായ കഴിവുകളെ ക്രിയാത്മകമായ രീതിയില്‍ വിശ്വാസം സഭ എന്ന ഘടനയിലേക്ക് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നത് സഭയിലേക്ക് ഓരോരുത്തരുടെയും ഉള്‍ച്ചേര്‍ച്ചയെക്കുറിച്ചുള്ള അവബോധം കൂടിയാണ്. ഓരോ വ്യക്തിയുടെയും പൂര്‍ണ്ണതയുടെ (integral completion) മൂല്യം സഭ എത്ര മാത്രം കാര്യമാക്കുന്നുണ്ട് എന്നതാണ് കാര്യം. അതില്ലാത്തപ്പോള്‍ 'സഭ' എന്നത് അവര്‍ക്കു പുറമെയുള്ള ഒരു സംവിധാനം (external entitiy) മാത്രമായി നിലകൊള്ളും.
ചിതറിക്കപ്പെടുന്നവരെ ഒരുമിച്ചു ചേര്‍ക്കുന്നത് സ്‌നേഹത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവങ്ങളാണ്. സ്‌നേഹിക്കാനും പരസ്പരം കരുതലുള്ളവരാകുവാനുമാണ് യേശു പഠിപ്പിച്ചതും. റീത്തും പാരമ്പര്യങ്ങളും, മതവും ജാതിയും മാറ്റിവയ്‌ക്കേണ്ടതുണ്ടോ? മാറ്റിവയ്ക്കണം! ബിംബവത്കരണത്തിനു വിധേയമാകുന്ന 'യേശുക്രിസ്തു' പോലും മാറ്റിനിര്‍ത്തപ്പെടണം.
വിശ്വാസത്തെക്കുറിച്ചുള്ള അജ്ഞത
പ്രമാണങ്ങളെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ വേണ്ടത്ര അറിവില്ലാത്തത് അവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സന്ദേഹത്തിനും പരിഹാസത്തിനും അര്‍ത്ഥശൂന്യതയ്ക്കും കാരണമാകുന്നു. ഉപരിപ്ലവമായ കാല്പനികതയില്‍ വളര്‍ത്തിയെടുക്കുന്ന ആത്മീയതയും ഭക്തിയും കാതലായ വിശ്വാസബോധ്യങ്ങള്‍ നല്‍കാന്‍ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കാന്‍ വൈകിക്കഴിഞ്ഞു. വിശ്വാസ സത്യങ്ങളുടെ അടിസ്ഥാനപരമായ പ്രബോധനങ്ങള്‍ക്കു പകരം അവയെയും വര്‍ണാഭമായ ഭക്തിയിലേക്ക് ഉയര്‍ത്തി 'ദൈവപ്രീതിയുടെ' ഉപകരണങ്ങളാക്കപ്പെട്ടു. ബൈബിളിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ പരിഹാസ്യരാകേണ്ടി വരുന്നത് ബൈബിള്‍ പഠിക്കേണ്ടതെങ്ങനെയെന്നു അവര്‍ അറിയാതെ പോയതുകൊണ്ടാണ്. പകര്‍ത്തിയെഴുതുന്നതും, ഹൃദിസ്ഥമാക്കുന്നതും ആവര്‍ത്തിച്ചു ചൊല്ലി പ്രത്യേക ഉപഹാരങ്ങള്‍ ലഭ്യമാക്കുന്നതും അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതും സഭയുടെ വ്യാഖ്യാനരീതിയല്ല. ഒരു ചോദ്യോത്തരവേദിയോ ആ ശൈലിയിലുള്ള പുസ്തകമോ വഴി പരിഹരിക്കാവുന്നതല്ല വളര്‍ന്നു വരുന്ന സന്ദേഹവും അര്‍ത്ഥശൂന്യതയും. ജീവിതത്തോടുകൂടി ബന്ധിപ്പിച്ച് വിശ്വാസവും വചനവും ഗ്രഹിക്കാനും പരിശീലിക്കാനും ഉള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെങ്കിലേ അവ ആസ്വാദ്യമാകൂ.
ശാസ്ത്രത്തോടുള്ള പുച്ഛവും ശത്രുതയും
ലൗകികമെന്നു ശാസ്ത്രത്തെ ആക്ഷേപിക്കുമ്പോള്‍, ആത്മീയവും സ്വര്‍ഗ്ഗീയവുമെന്നു കരുതപ്പെടുന്ന വിവരണ സങ്കല്‍പ്പങ്ങള്‍ അരിസ്‌റ്റോട്ടിലിന്റെയും പ്ലേറ്റോയുടേയുമൊക്കെ പ്രപഞ്ചവീക്ഷണവും നരവംശശാസ്ത്രവുമായിരുന്നെന്നു തിരിച്ചറിയണം. ലഭ്യമായിട്ടുള്ള പല ലേഖനങ്ങളിലും എന്തു കൊണ്ട് സൃഷ്ടിവാദികളുടെ (creationists) അവകാശവാദങ്ങള്‍ നിറഞ്ഞു നില്ക്കുന്നു എന്നത് ആശ്ചര്യമുണ്ടാക്കുന്നു. ഏതൊരു സിദ്ധാന്തവും അപൂര്‍ണ്ണവും ആപേക്ഷികവുമാണ്. എന്നാല്‍ അവയിലുള്ള ശാസ്ത്രീയ തത്വങ്ങള്‍ അവഗണിക്കാനാവില്ല. സൃഷ്ടി, ജീവന്‍, മനുഷ്യന്‍ തുടങ്ങിയവയെക്കുറിച്ച് നമുക്ക് ഇനിയും എത്രയോ അറിയാനായുണ്ട്? ശാസ്ത്രത്തിലും ഉള്ള വചനാംശം നമുക്ക് കൂടുതല്‍ തെളിമ നല്‍കണം. പക്വമായ ഒരു ശാസ്ത്രബോധം വിശ്വാസ തലത്തെ ദൃഢമാക്കാനും തെളിമയുള്ളതാക്കാനും സഹായിക്കും. ശാസ്ത്രത്തിന്റെ സംഭാവനകളെ പുച്ഛിക്കുകയും ലൗകികമെന്നു അധിക്ഷേപിച്ചു മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് വിശ്വാസം സത്യത്തില്‍ നിന്നും എത്രയോ അകലെയാണെന്ന തോന്നലിലേക്ക് അനേകരെ നയിക്കുകയാണ്. ശാസ്ത്രത്തിന് why കളെക്കുറിച്ചു ഒന്നും പറയാനാകില്ലെന്നും അത് ദൈവത്തെക്കുറിച്ചുള്ള തെളിവാണെന്നും പറഞ്ഞു വയ്ക്കുന്നവരുണ്ട്. എന്നാല്‍ അത്തരം അതിഭൗതികാവസ്ഥകളില്‍ മാത്രം ദൈവത്തെ കാണുന്നത് വിശ്വാസത്തിന്റെ പരാജയമാണ്. what's കളും how's ഉം നമുക്ക് മുമ്പില്‍ തുറന്നു തരുന്ന സത്യങ്ങളില്‍ ദൈവസാന്നിധ്യവും കൃപയുടെ പ്രവൃത്തികളും കാണാന്‍ കഴിയട്ടെ. വിശ്വാസവും സ്പര്‍ശനീയമാകും.
പുതുക്രിസ്തു താരാരാധന
ദേശീയതയും വര്‍ഗീയതയും വളര്‍ത്തുന്ന ചിലരുടെ ആദര്‍ശങ്ങള്‍ക്കൊത്തവിധം ക്രിസ്തുവിനു പുതുസൃഷ്ടി നല്കുന്നവരുണ്ട്. ആ ക്രിസ്തുവിനെ പാകി മുളപ്പിക്കുന്ന യാഥാസ്ഥിതിക പ്രഘോഷകര്‍ വിശ്വാസത്തെ തകര്‍ക്കുകയും അനേകരെ അകറ്റുകയും ചെയ്യുന്നു. പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട, വെല്ലുവിളിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു brand symbol ആയി വിശ്വാസത്തെയും വിശ്വാസത്തെ സംബന്ധിച്ച അടയാളങ്ങളെയും യേശുക്രിസ്തു എന്ന പേരിനെയും ഉപയോഗിക്കുന്നു. Pop - സംസ്‌കാരത്തിലെ നൃത്തവും കലയും പാപമായും ദൈവരഹിതമായും കുറ്റം വിധിക്കുമ്പോള്‍ അതേ വഴിയില്‍ വരുന്ന 'വിശ്വാസ'പ്രവണതകള്‍ വിശ്വാസത്തിന്റെ വളര്‍ച്ചയുടെ അടയാളങ്ങളായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. മതത്തോടുള്ള ആധുനിക അഭിനിവേശം, അവയുടെ സാമൂഹികഘടനകളും സാംസ്‌കാരിക പശ്ചാത്തലവും, രാഷ്ട്രീയാന്തരീക്ഷവും കണക്കിലെടുത്തു പരിശോധിച്ചാല്‍ അവ വിശ്വാസത്തേക്കാളേറെ, ആധുനികതയ്ക്കും മതരാഹിത്യത്തിനുമെതിരെയുള്ള സാംസ്‌കാരികമായ ഒരു തീവ്രപ്രതികരണമാണ് എന്ന് കാണാം. നിര്‍ഭാഗ്യവശാല്‍ അത്തരം പ്രവണതകളാണ് ഇന്ന് സത്യവിശ്വാസമായി അവതരിപ്പിക്കപ്പെടുന്നത്. അത് ഏറ്റെടുക്കുന്ന സഭയില്‍ ക്രിസ്തുവിനു സ്ഥാനമില്ലാത്തതു കൊണ്ട് ജീവനും ഉണ്ടാവില്ല.
എമ്മാവൂസ്
തങ്ങളായിരിക്കുന്നിടത്ത് ക്രിസ്തു ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന വേദനയാണ് അകല്‍ച്ചയുടെ കാരണം. ആ ശൂന്യത വഹിക്കുമ്പോഴും ക്രിസ്തു അകലുന്നവരെ അനുയാത്ര ചെയ്യുന്നു എന്നതാണ് സത്യം. അവര്‍ക്കായി അവന്‍ അപ്പംമുറിക്കും. വിശ്വാസം നമ്മെ ജീവിതത്തിന്റെ സമഗ്രതയില്‍ ചേര്‍ത്തുവയ്ക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കേണ്ടത്. അതിനായി, കാലത്തെയും സംസ്‌കാരത്തിന്റെ/ഇടകലര്‍ന്ന സംസ്‌കാരങ്ങളുടെ അടയാളങ്ങളെയും കാണാന്‍ നമുക്ക് കഴിയണം. ചിതറിക്കപ്പെടുന്നവരെ ഒരുമിച്ചു ചേര്‍ക്കുന്നത് സ്‌നേഹത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവങ്ങളാണ്. സ്‌നേഹിക്കാനും പരസ്പരം കരുതലുള്ളവരാകുവാനുമാണ് യേശു പഠിപ്പിച്ചതും. റീത്തും പാരമ്പര്യങ്ങളും, മതവും ജാതിയും മാറ്റിവയ്‌ക്കേണ്ടതുണ്ടോ? മാറ്റിവയ്ക്കണം! ബിംബവത്കരണത്തിനു വിധേയമാകുന്ന 'യേശുക്രിസ്തു' പോലും മാറ്റി നിര്‍ത്തപ്പെടണം. സ്‌നേഹവും കരുതലും കൂട്ടായ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്ന എല്ലാ ഇടങ്ങളും, കുടുംബങ്ങള്‍ മുതല്‍ ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍ അനാഥാലയങ്ങള്‍ തെരുവുകള്‍ വരെ അതിരുകളില്ലാതെ ചെന്നെത്താന്‍ നമുക്ക് കഴിയുന്നെങ്കില്‍ ക്രിസ്തു സാന്നിധ്യമുള്ള ഒരു സമൂഹത്തെ വീണ്ടുമൊരിക്കല്‍ക്കൂടി അനേകര്‍ കണ്ടെത്തും. പരാജയപ്പെടുമ്പോള്‍ പോലും സ്‌നേഹിക്കാന്‍ ആത്മാര്‍ത്ഥത കാണിക്കുന്ന ഒരു സമൂഹമായിക്കൊണ്ട് അടയാളമാവുകയും ചെയ്യും. വിശ്വസിക്കുന്നവ, നിറവോടെ ജീവിക്കുവാനുള്ള ഒരു ക്ഷണമായി ഓരോ നിമിഷവും അനുഭവവേദ്യമാവുകയും ചെയ്യും.