Coverstory

മരണവും മരണാനന്തര ജീവിതവും ബൈബിളില്‍

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
മരിച്ചവരെ അനുസ്മരിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും അതോടൊപ്പം സ്വന്തം മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് ഗാഢമായി ധ്യാനിക്കാനും തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കാനും വേണ്ടി ആഗോള കത്തോലിക്ക സഭ പ്രത്യേകം മാറ്റി വച്ചിരിക്കുന്ന മാസമാണ് നവംബര്‍. ഒന്നാം തീയതി സകല വിശുദ്ധരുടെയും രണ്ടാം തീയതി സകല മരിച്ചവരുടെയും ഓര്‍മ്മ ദിവസങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നതു തന്നെ ഇതിലേക്ക് ഒരു സൂചന നല്‍കുന്നു. ഈ സാഹചര്യത്തില്‍ മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് ബൈബിള്‍ എന്ത് പഠിപ്പിക്കുന്നു എന്ന് വളരെ ചുരുക്കമായി അവതരിപ്പിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.
  • മരണം എന്ന പ്രഹേളിക

ജീവിതത്തില്‍ ഏറ്റവും സുനിശ്ചിതമായ ഒരു യാഥാര്‍ഥ്യ മാണ് മരണം. അതോടൊപ്പം ഏറ്റവും അനിശ്ചിതമാണ് മരണത്തിന്റെ സമയം. എല്ലാവരും മരിക്കും, എന്നാല്‍ എപ്പോള്‍ എന്നത് ആര്‍ക്കും നിശ്ചയിക്കാനോ മുന്‍കൂട്ടി അറിയാനോ കഴിയുന്നില്ല. അതോടൊപ്പം മരണത്തിനുശേഷം എന്ത് സംഭവിക്കുന്നു എന്നതും എല്ലാ കാലത്തും മനുഷ്യനെ അലട്ടുന്ന വലിയൊരു ചോദ്യമായി നിലകൊള്ളുന്നു.

മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നതാണ് ഒരുത്തരം. മനുഷ്യശരീരം മണ്ണില്‍ അലിഞ്ഞുചേരുന്നു. ജീവശ്വാസം അന്തരീക്ഷ വായുവില്‍ വിലയം പ്രാപിക്കുന്നു. അതോടെ മനുഷ്യവ്യക്തി ഇല്ലാതായിത്തീരുന്നു. എന്നാല്‍ ഭൂരിഭാഗം ജനതകളും ഈ കാഴ്ചപ്പാട് അതേപടി അംഗീകരിക്കുന്നില്ല. മനുഷ്യന്‍ മരണത്തിനപ്പുറം ഏതെങ്കിലും തരത്തില്‍ നിലനില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ജനതകളും. മരിച്ചവര്‍ നിത്യ നിശ്ശബ്ദതയില്‍ നിദ്ര ചെയ്യുന്നുവെന്ന് കരുതുന്നവരും, സന്തോഷമോ പീഡനമോ അനുഭവിക്കുന്നു എന്നും കരുതുന്നവരുമുണ്ട്.

ജീവിതകാലത്ത് തെറ്റ് ചെയ്യുന്നവര്‍ ആ തെറ്റുകള്‍ക്ക് പരിഹാരം അനുഷ്ഠിക്കാനായി മരണാനന്തരം വീണ്ടും വീണ്ടും ജനിക്കും എന്ന പുനര്‍ജന്മ വിശ്വാസം നമ്മുടെ നാട്ടില്‍ എന്നും വ്യാപകമാണ്. അപമൃത്യു പ്രാപിച്ചവരുടെയും, മൃതദേഹം മതപ്രകാരം മറവ് ചെയ്യപ്പെടാത്തവരുടെയും ആത്മാക്കള്‍ പ്രേതങ്ങളായി ഭൂമിയില്‍ അലഞ്ഞു തിരിയും എന്നും, മനുഷ്യര്‍ക്ക് വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യും എന്നും വിശ്വസിക്കുന്നവരും വിരളമല്ല. മോക്ഷപ്രാപ്തി ലഭിക്കാത്ത ആത്മാക്കള്‍ പിശാചുക്കളായിത്തീര്‍ന്ന് മനുഷ്യര്‍ക്ക് ദ്രോഹം ചെയ്യും എന്ന വിശ്വാസവും വ്യാപകമാണ്.

മനുഷ്യന്‍ മരിക്കണം എന്നു ദൈവം ആഗ്രഹിച്ചില്ല. ജീവിക്കാന്‍വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. ദൈവിക പദ്ധതിക്കും അവിടുത്തെ കല്‍പനയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് മനുഷ്യന്‍ മരണത്തിന് ഇരയായത് എന്ന് ബൈബിളില്‍ ആദ്യ അധ്യായം മുതല്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

അനേകം പുനര്‍ജന്മങ്ങളിലൂടെ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ട മനുഷ്യന്‍ തന്റെ ലക്ഷ്യം പ്രാപിക്കുന്നു; ദൈവത്തോടുചേര്‍ന്ന് ഒന്നാകുന്നു, അഥവാ ഞാന്‍ ദൈവത്തിന്റെ ഭാഗമാണെന്ന്, പോരാ ഞാന്‍ തന്നെ ദൈവം എന്ന ആത്മാവബോധത്തില്‍ എത്തുന്നു എന്ന് പഠിപ്പിക്കുന്ന ഭാരതീയ കാഴ്ചപ്പാടുമുണ്ട്. ദൈവകല്‍പനകള്‍ അനുസരിച്ച് വിശുദ്ധ ജീവിതം നയിച്ചവര്‍ മരണാനന്തരം ''ജന്ന'' എന്നറിയപ്പെടുന്ന സ്വര്‍ഗത്തില്‍ അഥവാ പറുദീസയില്‍ നിത്യസന്തോഷത്തില്‍ കഴിയും എന്ന് മുസ്ലിമുകള്‍ പൊതുവേ വിശ്വസിക്കുന്നു. ഈ ഭൂമിയില്‍ കിട്ടാതെ പോയതും ഭാഗികമായി മാത്രം ലഭിച്ചതുമായ സകല ഭൗതിക, ശാരീരിക സുഖാനുഭൂതികളും ഒരിക്കലും അവസാനിക്കാതെ ആസ്വദിക്കാന്‍ കഴിയുന്ന ഇടമായി ഇവിടെ സ്വര്‍ഗം ചിത്രീകരിക്കപ്പെടുന്നു.

  • മരണം ബൈബിളിന്റെ വെളിച്ചത്തില്‍

''സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍ നിദ്ര പ്രാപിച്ചവരെ പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'' (1 തെസ. 4:13).

മരിച്ചവരെ ഓര്‍ത്ത് ദുഃഖിച്ചിരുന്ന തെസലോണിക്കായിലെ വിശ്വാസികള്‍ക്ക് വിശുദ്ധ പൗലോസിലൂടെ ദൈവം നല്‍കിയ സന്ദേശം എക്കാലവും പ്രസക്തമാണ്. മരിച്ചവരെ 'നിദ്ര പ്രാപിച്ചവര്‍' എന്നാണ് ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് ബൈബിള്‍ നല്‍കുന്ന പ്രബോധനത്തിന്റെ വ്യക്തമായ ഒരു സൂചന ഇവിടെ കാണാം. ആ പ്രബോധനങ്ങള്‍ ചുരുക്കമായി അവതരിപ്പിക്കാനാണു തുടര്‍ന്നു ശ്രമിക്കുന്നത്.

  • മരണം പാപത്തിന്റെ ഫലം

മനുഷ്യന്‍ മരിക്കണം എന്നു ദൈവം ആഗ്രഹിച്ചില്ല. ജീവിക്കാന്‍വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. ദൈവിക പദ്ധതിക്കും അവിടുത്തെ കല്‍പനയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് മനുഷ്യന്‍ മരണത്തിന് ഇരയായത് എന്ന് ബൈബിളില്‍ ആദ്യ അധ്യായം മുതല്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ (ഉല്‍പ. 1:26-28) മരണത്തിന്റെ ബീജം ദൈവം നിക്ഷേപിച്ചിരുന്നില്ല. എന്നാല്‍ അവനില്‍ സ്ഥിതി ചെയ്യുന്ന നിത്യജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ''നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും'' (ഉല്‍പ. 2:17). ജീവന്റെ ഉറവിടമായ ദൈവത്തില്‍ നിന്ന് അനുസരണക്കേടു വഴി വിച്ഛേദിക്കപ്പെട്ട മനുഷ്യന് ദൈവികജീവന്‍ നഷ്ടപ്പെട്ടു. അതോടെ ശാരീരിക മരണത്തിനും അവന്‍ ഇരയായിത്തീര്‍ന്നു. ''നീ പൊടിയാണ്. പൊടിയിലേക്കു തന്നെ നീ മടങ്ങും'' (ഉല്‍പ. 3:19) പാപത്തില്‍ നിന്നു പൂര്‍ണ്ണമായ മോചനം ലഭിക്കാതെ മനുഷ്യന് അമര്‍ത്യനാകാന്‍ കഴിയില്ല എന്ന് സൂചിപ്പിക്കുന്നതാണ് ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴിയടച്ച്, ജ്വലിക്കുന്ന വാളുമായി കാവല്‍ നില്‍ക്കുന്ന കെരൂബുകള്‍ (ഉല്പ. 3:24).

''ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു. തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു. പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു'' (ജ്ഞാനം 2:23-24) എന്ന ജ്ഞാനസൂക്തം മരണത്തിന്റെ കാരണം വ്യക്തമാക്കുന്നു. ഇതുതന്നെയാണ് വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഊന്നി പറയുന്നത്: ''ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു'' (റോമാ 5:12). ''പാപത്തിന്റെ വേതനം മരണമാണ്'' (റോമാ 6:23) എന്ന് അപ്പസ്‌തോലന്‍ ആവര്‍ത്തിക്കുന്നു. പാപത്തിന്റെ ഫലമാണ് മരണമെങ്കില്‍ പാപത്തില്‍ നിന്നു മോചനം ലഭിച്ചാലേ മരണത്തില്‍ നിന്നും മോചനം കിട്ടൂ. ആ മോചനത്തെക്കുറിച്ചുള്ള അറിവ് സാവകാശമാണ് മനുഷ്യന് നല്‍കപ്പെട്ടത്.

  • മരണാനന്തരം ശൂന്യത

മരണത്തിനുശേഷം മനുഷ്യന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ബൈബിളിന്റെ ആരംഭദശയില്‍ വ്യക്തതയില്ലായിരുന്നു. മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന വിശ്വാസം ദീര്‍ഘകാലത്തേക്ക് നിലനിന്നു. മടങ്ങിവരാത്ത ഒരു യാത്രയാണത്; അന്ധകാരത്തിലേക്കു കടക്കുന്ന മനുഷ്യന്‍ നിത്യശൂന്യതയില്‍ ലയിച്ചുതീരുന്നു എന്ന ചിന്തയ്ക്കാണ് ആദ്യമാദ്യം പ്രാബല്യമുണ്ടായിരുന്നത്. ''മരിച്ചവര്‍ ഒന്നും അറിയുന്നില്ല'' (സുഭാ. 9:5). ''പാതാളത്തില്‍ പതിക്കുന്നവര്‍ മടങ്ങിവരുന്നില്ല'' (ജോബ് 7:9). ''ചീഞ്ഞഴിഞ്ഞ പദാര്‍ഥം പോലെയും ചിതല്‍ തിന്ന വസ്ത്രം പോലെയും മനുഷ്യന്‍ നശിച്ചുപോകുന്നു'' (ജോബ് 13:28). ''അവന്‍ നിഴല്‍ പോലെ കടന്നുപോകുന്നു: നിലനില്‍ക്കുന്നില്ല'' (ജോബ് 14:2). ''മനുഷ്യന്‍ മരിക്കുന്നു; അവനെ മണ്ണില്‍ സംസ്‌കരിക്കുന്നു. അന്ത്യശ്വാസം വലിച്ചാല്‍ പിന്നെ അവന്‍ എവിടെ?'' (ജോബ് 14:10).

മരണം മനുഷ്യജീവിതത്തിന്റെ അവസാനമല്ല; അത് ഒരു വാതില്‍ പോലെയാണ്. സ്ഥലകാല ബന്ധിതമായ ഈ ലോക ജീവിതത്തില്‍ നിന്ന് സ്ഥലകാലങ്ങള്‍ക്കതീതമായ നിത്യജീവിതത്തിലേക്ക് തുറക്കുന്ന വാതിലാണ് മരണം. മാതാവിന്റെ ഉദരത്തില്‍ നിന്ന് ഈ ഭൂമിയിലേക്ക് കടന്നുവരുന്ന ജനനം പോലെ ഒരു പുനര്‍ജന്മം.

മരണത്തോടെ എല്ലാം അവസാനിക്കുന്നു, ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല എന്ന് പറയുമ്പോഴും മരിച്ച മനുഷ്യന്‍ ഏതോ അജ്ഞാതമായ വിധത്തില്‍, അസ്തിത്വം തുടരുന്നു എന്ന വിശ്വാസം സാവകാശം കടന്നുവരുന്നത് കാണാം. പാതാളത്തില്‍ നിത്യനിദ്രയില്‍ ആണ്ടു കിടക്കുന്നു എന്ന ചിന്തയാണ് ഇവിടെ പ്രധാനം. ''ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്ക് മടങ്ങും. ആത്മാവ് അതിന്റെ ദാതാവായ ദൈവത്തിങ്കലേക്ക് തിരിച്ചുപോവുകയും ചെയ്യും'' (സഭാ 12:7) എന്ന പ്രസ്താവന മനുഷ്യ വ്യക്തിത്വം മരണത്തെ അതിജീവിക്കുന്നു എന്ന സൂചന നല്‍കുന്നുണ്ട്. ''നല്ലതോ ചീത്തയോ ആയ ഏത് പ്രവൃത്തിയും ദൈവം നീതിപീഠത്തിനു മുമ്പില്‍ കൊണ്ടുവരും'' (സഭാ 11:14) എന്ന പ്രസ്താവനയും ഇപ്രകാരം ഒരു വിശ്വാസത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

  • പുനരുത്ഥാനത്തിലുള്ള പ്രതീക്ഷ

മരണത്തിനുശേഷം ഒരിക്കല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയും വിശ്വാസവും സാവകാശം കടന്നുവന്നു. ഇതിന്റെ സൂചനകള്‍ ജോബിന്റെ ചില പ്രഖ്യാപനങ്ങളിലും ചില പ്രവാചക വചനങ്ങളിലും കാണാം. ''എന്റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍ നിന്നും ഞാന്‍ ദൈവത്തെ കാണും'' (ജോബ് 19:26). ''അങ്ങയുടെ മരിച്ചവര്‍ ജീവിക്കും. അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും'' (ഏശ. 26:19) ഏശയ്യായുടെ പുസ്തകത്തില്‍, അപ്പോകാലിപ്റ്റിക് (വെളിപാട്) ശൈലിയില്‍ രചിക്കപ്പെട്ടിരിക്കുന്ന ഒരു ഭാഗത്താണ് (ഏശ. 24-27) ഈ പ്രതീക്ഷ പ്രകടമാകുന്നത്. ഉണങ്ങി വരണ്ട അസ്ഥികള്‍ ജീവന്‍ പ്രാപിക്കുന്നതിന്റെ പ്രതീകത്തിലൂടെ എസെക്കിയേല്‍ പ്രവാചകനും (എസെ. 37:1-14) പുനരുത്ഥാനത്തെക്കുറിച്ചുള്ള പ്രതീക്ഷ പ്രകടമാക്കുന്നുണ്ട്. അത് മുഖ്യമായും പ്രവാസികളുടെ മടങ്ങിവരവിലൂടെ സംഭവിക്കാന്‍ പോകുന്ന ഇസ്രായേല്‍ ജനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും, മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ചുള്ള ഒരു സൂചനയും ഇവിടെ കാണാം.

ബി സി രണ്ടാം നൂറ്റാണ്ടോടുകൂടെ മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ചുള്ള വിശ്വാസം ഇസ്രായേല്‍ക്കാര്‍ക്കിടയില്‍ ശക്തിപ്രാപിച്ചു. അന്തിയോക്കസ് നാലാമന്‍ എന്ന സിറിയന്‍ രാജാവ് നടത്തിയ അതിക്രൂരമായ മതപീഡനത്തിന്റെ സാഹചര്യത്തിലാണ് ഈ വിശ്വാസം വ്യാപകമായത്. ദാനിയേലിന്റെ പ്രവചനങ്ങളില്‍ ഇത് ഏറ്റം വ്യക്തമാകുന്നു. ''ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും'' (ദാനി. 12:2). തന്റെ ഏഴു മക്കളെയും രക്തസാക്ഷിത്വം വരിക്കാന്‍ പ്രേരിപ്പിച്ച ധീരയായ മാതാവ് ഈ വിശ്വാസത്തിന്റെ ശക്തമായ ഒരു സാക്ഷിയാണ്. ''പ്രപഞ്ചത്തിന്റെ അതിനാഥന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും'' (2 മക്ക. 7:9). ''മരണം വരിക്കുക, ദൈവകൃപയാല്‍ നിന്റെ സഹോദരന്മാരോടൊത്ത് എനിക്ക് നിന്നെ വീണ്ടും ലഭിക്കാന്‍ ഇടയാകട്ടെ'' (2 മക്ക. 7:29). ബി സി ഒന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ''ജ്ഞാനം'' എന്ന ഗ്രന്ഥത്തില്‍ പുനരുത്ഥാനം പൊതുവേ അംഗീകരിക്കപ്പെട്ട ഒരു സത്യമാണ്. ''നീതിമാന്മാര്‍ എന്നേക്കും ജീവിക്കും... മഹത്തരവും സുന്ദരവുമായ കിരീടം അവര്‍ക്ക് കര്‍ത്താവില്‍ നിന്ന് ലഭിക്കും'' (ജ്ഞാനം 5:15-16).

പുതിയ നിയമകാലത്ത് യഹൂദരുടെ ഇടയില്‍ പുനരുത്ഥാനത്തിലുള്ള വിശ്വാസം ഏറ്റു പറഞ്ഞിരുന്നത് ഫരിസേയരാണ്. സദ്ദുക്കായര്‍ പുനരുത്ഥാനത്തില്‍ വിശ്വസിച്ചിരുന്നില്ല (അപ്പ. 23:6-8). മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടും എന്നത് യേശുവിന്റെ പ്രബോധനത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു. ''അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും'' (യോഹ. 6:54). മരിച്ചവരെ ഉയിര്‍പ്പിച്ചും മരണത്തില്‍ നിന്നു സ്വയം ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടും യേശു തന്റെ പ്രബോധനത്തിനു സാക്ഷ്യം നല്‍കി.

ക്രിസ്തീയ വിശ്വാസ പ്രമാണത്തിലെ സുപ്രധാനമായ ഒരു ഘടകമാണ് മരിച്ചവരുടെ പുനരുത്ഥാനം. ''മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം'' (1 കോറി 15:14). ലോകാവസാനത്തോടെയാണ് പുനരുത്ഥാനം ഉണ്ടാവുകയെന്ന് പുതിയ നിയമത്തില്‍ അനേകം തവണ വ്യക്തമാക്കുന്നുണ്ട് (മത്താ. 25:31; 1 കോറി. 15:30-58). ''അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാന ദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളം മുഴങ്ങുകയും ചെയ്യുമ്പോള്‍ കര്‍ത്താവ് സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും'' (1 തെസ. 4:18).

  • വിധി

മരണത്തിനുശേഷം ഓരോ വ്യക്തിയും തന്റെ ഐഹിക ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് ദൈവത്തിനു മുമ്പില്‍ വിധിക്കപ്പെടുമെന്നു സംശയത്തിനിട നല്‍കാതെ ബൈബിള്‍ പഠിപ്പിക്കുന്നുണ്ട് (സഭാ 12:14; ഹെബ്രാ. 4:13). ''മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം, അതിനുശേഷം വിധി എന്നു നിശ്ചയിച്ചിരിക്കുന്നു'' (ഹെബ്രാ. 9:29). ''കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാവും'' (യാക്കോ 2:13). മരണനിമിഷത്തില്‍ ത്തന്നെ സംഭവിക്കുന്ന ഈ വിധിയെ ''തനതു വിധി'' എന്നാണ് വിശേഷിപ്പിക്കുക.

മരണ നിമിഷത്തില്‍ത്തന്നെ സംഭവിക്കുന്ന ഈ വിധിയെ ''തനതു വിധി'' എന്നാണ് വിശേഷിപ്പിക്കുക. ഇതിനുപുറമേ ലോകാവസാന ത്തില്‍ ശരീരങ്ങളുടെ പുനരുത്ഥാന ത്തിനുശേഷം ഒരു വിധി ഉണ്ടാകുമെന്നും അതോടെ നന്മയും തിന്മയും പൂര്‍ണ്ണമായി വേര്‍തിരിക്കപ്പെടു മെന്നും പുതിയ നിയമത്തില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

ഇതിനുപുറമേ ലോകാവസാനത്തില്‍ ശരീരങ്ങളുടെ പുനരുത്ഥാനത്തിനുശേഷം ഒരു വിധി ഉണ്ടാകുമെന്നും അതോടെ നന്മയും തിന്മയും പൂര്‍ണ്ണമായി വേര്‍തിരിക്കപ്പെടുമെന്നും പുതിയ നിയമത്തില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (മത്താ. 13:39-43, 47-50; 25:31-46; വെളി. 20:11-15). തനതു വിധിയുടെ സ്ഥിരീകരണവും പരസ്യമായ പ്രഖ്യാപനവും മാത്രമാണ് പൊതുവിധിയില്‍ സംഭവിക്കുക. തനത് വിധിക്കും മാറ്റം ഉണ്ടാകുന്നില്ല. ചരിത്രത്തിന്റെ പൂര്‍ത്തീകരണവും പുതുയുഗത്തിന്റെ സംസ്ഥാപനവുമാണ് പൊതുവിധിയിലൂടെ സംഭവിക്കുന്നത്.

  • സ്വര്‍ഗം

ശരീരങ്ങളുടെ ഉയിര്‍പ്പ് ലോകാവസാനത്തിലേ സംഭവിക്കുകയുള്ളൂ എങ്കിലും ദൈവവുമായി പൂര്‍ണ്ണ ഐക്യത്തില്‍ മരിക്കുന്നവര്‍ ഉടനെ സ്വര്‍ഗത്തിലേക്കു പ്രവേശിക്കുന്നു. പാപം ചെയ്തിട്ടില്ലാത്തവരും യഥാര്‍ഥ പശ്ചാത്താപത്തിലൂടെ പാപത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടിയവരുമാണ് ഇപ്രകാരം മോക്ഷം പ്രാപിക്കുക. ''നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും'' (ലൂക്കാ 23:43) എന്ന യേശുവിന്റെ വാഗ്ദാനം ഇതിനു തെളിവാണ്. സ്വര്‍ഗ ഭാഗ്യത്തെക്കുറിച്ച് അനേകം ഉപമകളിലൂടെയും ഉപമകള്‍ കൂടാതെയും യേശു പഠിപ്പിച്ചിട്ടുണ്ട്. ''എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ലോക സ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍'' (മത്താ. 25:34) ഉദാഹരണമാണ്.

  • നരകം

മാരകമായ പാപം വഴി ദൈവിക ജീവനില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടവര്‍ മരണത്തോടെ നിത്യശിക്ഷയ്ക്ക് ഇരയായിത്തീരുന്നു. ''ശപിക്കപ്പെട്ടവരെ നിങ്ങള്‍ എന്നില്‍ നിന്നകന്ന്, പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിന്‍'' (മത്താ. 25:41) എന്ന യേശുവാക്യം നിത്യശിക്ഷയുടെ ഉദാഹരണമാണ്. ദൈവത്തില്‍ നിന്ന് എന്നേക്കുമായി അകറ്റപ്പെടുക (മത്താ. 7:23), വിരുന്നുശാലയില്‍ നിന്ന് പുറത്താക്കപ്പെടുക (മത്താ. 22:13), മണവറയില്‍ പ്രവേശനം നിഷേധിക്കപ്പെടുക (മത്താ. 25:13), അഗ്‌നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെടുക (മത്താ. 13:42) എന്നിങ്ങനെ അനേകം പ്രതീകങ്ങളിലൂടെ നിത്യ ശിക്ഷയെക്കുറിച്ച് യേശു പഠിപ്പിച്ചിട്ടുണ്ട്.

  • ശുദ്ധീകരണം

മാരകമായ പാപത്തോടെയല്ലെങ്കിലും, ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണത കൈവരിക്കാതെ മരിക്കുന്നവര്‍ക്ക് സ്വര്‍ഗ പ്രവേശനത്തിന് ഒരുക്കമായി ശുദ്ധീകരണത്തിന് സാധ്യത ദൈവം നല്‍കുന്നുണ്ടെന്ന് അനേകം സൂചനകള്‍ ബൈബിളില്‍ കാണാം. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്ന 2 മക്ക. 12:42-45 ഈ വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ബൈബിള്‍ വാക്യങ്ങളാണ്. മരണശേഷം ലഭിക്കുന്ന ലഘുവായ ശിക്ഷയെയും മോചനത്തെയും കുറിച്ചുള്ള പുതിയ നിയമത്തിലെ പരാമര്‍ശങ്ങളും ഇപ്രകാരം ഒരു വിശദീകരണത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ''അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റ് ചെയ്യുന്നതെങ്കില്‍ അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ'' (ലൂക്കാ 12:48). ''അവസാനത്തെ ചില്ലിക്കാശും കൊടുത്തു വീട്ടുവോളം നീ അവിടെ നിന്ന് പുറത്തു വരികയില്ല'' (മത്താ. 15:26) എന്നീ യേശു വചനങ്ങള്‍ കാലികമായ ഒരു ശിക്ഷയെ സൂചിപ്പിക്കുന്നു. മനുഷ്യന്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധി ദിവസത്തില്‍ കണക്ക് കൊടുക്കേണ്ടി വരും (മത്താ. 12:36) എന്ന താക്കീത് നിത്യശിക്ഷയെ അല്ലല്ലോ സൂചിപ്പിക്കുക. ''അഗ്‌നിയിലൂടെ എന്നവണ്ണം രക്ഷ പ്രാപിക്കുന്നവരെക്കുറിച്ച്'' വി. പൗലോസ് പറയുന്നതും (1 കോറി 3:15) കാലികമായ ഒരു ശിക്ഷയേയും ശുദ്ധീകരണത്തെയും കുറിച്ചുള്ള സൂചന ഉള്‍ക്കൊള്ളുന്നുണ്ട്.

  • ചുരുക്കത്തില്‍

മരണം മനുഷ്യജീവിതത്തിന്റെ അവസാനമല്ല; അത് ഒരു വാതില്‍ പോലെയാണ്. സ്ഥലകാല ബന്ധിതമായ ഈ ലോക ജീവിതത്തില്‍ നിന്ന് സ്ഥലകാലങ്ങള്‍ക്കതീതമായ നിത്യജീവിതത്തിലേക്ക് തുറക്കുന്ന വാതിലാണ് മരണം. മാതാവിന്റെ ഉദരത്തില്‍ നിന്ന് ഈ ഭൂമിയിലേക്ക് കടന്നുവരുന്ന ജനനം പോലെ ഒരു പുനര്‍ജന്മം. ഈ ലോകം വിട്ട് നിത്യതയിലേക്ക് പ്രവേശിക്കുന്ന ജനനമാണ് മരണം. അത് എപ്പോള്‍ സംഭവിക്കും എന്ന് ദൈവത്തിനു മാത്രമേ അറിയൂ.

ഈ ലോക ജീവിതം അവസാനിപ്പിച്ച് നിത്യതയിലേക്ക് പ്രവേശിക്കുന്ന മരണനിമിഷത്തില്‍ ത്തന്നെ ഓരോ വ്യക്തിയും ദൈവത്തിന്റെ വിധിക്കു വിധേയരാകും. ഈ ഭൂമിയില്‍ ചെയ്തതും ചെയ്യാതെ വിട്ടുകളഞ്ഞതുമായ എല്ലാ പ്രവൃത്തികളുടെയും ഉപേക്ഷകളുടെയും വെളിച്ചത്തില്‍ നടക്കുന്ന ഈ വിധിയിലൂടെ വ്യക്തിയുടെ നിത്യജീവിതം നിര്‍ണ്ണയിക്കപ്പെടുന്നു. അത് ദൈവത്തോടൊന്നിച്ച് നിത്യ സന്തോഷത്തില്‍ കഴിയുന്ന സ്വര്‍ഗമോ അല്ലെങ്കില്‍ ദൈവത്തില്‍ നിന്ന് അകറ്റപ്പെട്ട് നിത്യദുഃഖത്തില്‍ കഴിയുന്ന നരകമോ ആയിരിക്കും. ലഘുവായ പാപം മാത്രം ചെയ്തിട്ടുള്ളവര്‍ കാലികമായ ശിക്ഷയിലൂടെ ശുദ്ധീകരിക്കപ്പെട്ടതിനുശേഷം സ്വര്‍ഗഭാഗ്യത്തില്‍ പ്രവേശിക്കുന്നു. മരണത്തിനുശേഷം മാനസാന്തരം സാധ്യമല്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ ദൈവഹിതം തിരിച്ചറിഞ്ഞ് അനുസരിക്കാനും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും മരണത്തെക്കുറിച്ചുള്ള ചിന്ത പ്രചോദനം നല്‍കണം.

മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം ഒഴിവാക്കണം : കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന

ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു

വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [8]

ആദര്‍ശമാതൃക [Role Model]

പ്രതീകത്തെ വിഗ്രഹമാക്കിയപ്പോള്‍