Coverstory

മണിപ്പൂരില്‍ കണ്ടത് ആസൂത്രണം ചെയ്തു നടപ്പാക്കിയ കലാപം

Sathyadeepam
വടക്കുകിഴക്കനിന്ത്യയില്‍ പതിറ്റാണ്ടുകളുടെ സേവനപരിചയമുള്ളയാളാണ് ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍. ഗോത്രസംഘര്‍ഷങ്ങള്‍ പരിഹരിച്ചു സമാധാനം സ്ഥാപിക്കുന്നതിനു നല്‍കിയ സംഭാവനകളുടെ പേരില്‍ 2011-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1981-ല്‍ അസ്സമിലെ ദിബ്രുഗഡ് രൂപതാ ബിഷപ്പായി നിയമിക്കപ്പെട്ട ഈ സലേഷ്യന്‍ സന്യാസി, 2012 ല്‍ ഗുവാഹത്തി ആര്‍ച്ചുബിഷപ്പായാണു വിരമിച്ചത്. സി ബി സി ഐ യുടെയും ഏഷ്യന്‍ മെത്രാന്‍ സംഘങ്ങളുടെ ഫെഡറേഷന്റെയും വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം മണിപ്പൂര്‍ കലാപത്തെക്കുറിച്ചു സത്യദീപത്തിനു നല്കിയ അഭിമുഖം.
പള്ളികള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്വം അതിശക്തമായി ആഞ്ഞടിച്ച സംഘപരിവാറിനും അവരുടെ ഏജന്റുമാര്‍ക്കും തന്നെ നല്‍കണം. ഈ പ്രഹരം വളരെക്കാലം കൊണ്ട് സമര്‍ത്ഥമായി ആസൂത്രണം ചെയ്തതാണെന്നതില്‍ സംശയമില്ല.

പൊലീസും പട്ടാളവും ഉണ്ടായിട്ടും മണിപ്പൂരില്‍ കലാപം തുടരുന്നത് എന്തു കൊണ്ടാണ്?

സൈന്യം രാജ്യ സുരക്ഷയ്ക്കുവേണ്ടിയാണു സേവനം ചെയ്യുന്നത്. നിര്‍ദേശം നല്‍കിയില്ലെങ്കില്‍ അവര്‍ നടപടികളിലേക്കു പോകില്ല. സൈന്യത്തിന്റെ സാന്നിധ്യത്തില്‍ വീടുകള്‍ നശിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. അവരോട് വെറുതെ നില്‍ക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നു വ്യക്തമാണ്.

സംസ്ഥാന അധികാരികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളാണു പൊലീസ് പാലിക്കുന്നത്: പ്രബല സമുദായത്തോടു പ്രത്യേക പരിഗണന, ദുര്‍ബല സമൂഹത്തോട് കടുത്ത ഇടപെടല്‍, അല്ലെങ്കില്‍ നിസംഗമായ പെരുമാറ്റം. മലമ്പ്രദേശങ്ങളിലെ കുക്കികളെ മുഖ്യമന്ത്രി ബിരേന്‍ സിംഗ് തുടക്കം മുതല്‍ തന്നെ 'ഭീകരവാദികളായിട്ടാണു' പരിഗണിച്ചു വന്നതെന്നു വ്യക്തമാണ്. അവരില്‍ വലിയൊരു വിഭാഗം കൊല്ലപ്പെട്ടു. തുടര്‍ന്ന് കുക്കികള്‍ തിരിച്ചടിക്കുകയും ചെയ്തു.

മെയ്‌തേയ്കള്‍ കുക്കികളെ ഇംഫാല്‍ താഴ്‌വരയില്‍ നിന്ന് ഓടിച്ചുവിടുകയും അവരുടെ എല്ലാ വീടുകളും നിലംപരിശാക്കുകയും ചെയ്തു. ചുരാചന്ദ്പൂരിലെ മെയ്‌തേയ്കളോടു കുക്കികളും അതുതന്നെ ചെയ്തു. മെയ്‌തേയ്കളുടെ രണ്ട് ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. പള്ളികള്‍ ഒരേ സമയം ആക്രമിക്കപ്പെടുകയും, ഏതാണ്ട് 200 പള്ളികള്‍ ഒറ്റ ദിവസം കൊണ്ട് നശിപ്പിക്കപ്പെടുകയും ചെയ്തു - മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ, ആര്‍ എസ് എസ്സിന്റെ പ്രേരണയാണിതിനു പിന്നിലെന്ന് ആര്‍ക്കും സംശയമില്ല. മെയ്‌തേയ് ജനക്കൂട്ടം നിയമം കൈയിലെടുക്കാനും സ്ഥാപനങ്ങള്‍ ആക്രമിക്കാനും തുടങ്ങി. നിഷ്പക്ഷമല്ലാത്ത സമീപനത്തോടെ പ്രവര്‍ത്തിച്ചു തുടങ്ങിയ പൊലീസിന് അല്‍പസമയത്തിനകം നിയന്ത്രണം നഷ്ടപ്പെട്ടു. പോരടിക്കുന്ന സമുദായങ്ങളുടെ വികാരങ്ങള്‍ കാര്യങ്ങളുടെ നിയന്ത്രണമേറ്റെടുത്തു.

അക്രമിസംഘം പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെയാണിത് എന്നു വിശ്വസിക്കാനാകുമോ?

നാം ഓര്‍ക്കേണ്ട ഒരു കാര്യം, രണ്ട് ഗ്രൂപ്പുകള്‍ക്കും വിവിധ അളവിലുള്ള സായുധ സംഘങ്ങളുണ്ട് എന്ന താണ്. മ്യാന്‍മറില്‍ നിന്നും ആഗോള ആയുധകള്ള ക്കടത്ത് വിപണികളില്‍ നിന്നും ആയുധങ്ങള്‍ ലഭ്യ മാണ്. ഇടയ്ക്കിടെ ഇവയുടെ ലഭ്യത കുറയുമ്പോള്‍, ചില കാവല്‍ക്കാരില്ലാത്ത പൊലീസ് ക്വാര്‍ട്ടേഴ്‌സു കളില്‍ നിന്നോ കാര്യക്ഷമതയില്ലാത്ത സ്റ്റേഷനുകളില്‍ നിന്നോ കുറെ ആയുധങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമ ങ്ങളുണ്ടായിട്ടുണ്ട്. ഈയിടെ പൊലീസ് സ്‌റ്റേഷനുകള്‍ തുടര്‍ച്ചയായി കൊള്ളയടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ പൊലീസിന്റെയും സംസ്ഥാന ഭരണാധികാരികളുടെയും ഒത്താശ ഇല്ലാതെ ഒരിക്കലും നടക്കില്ലായിരുന്നു. കാര്യങ്ങള്‍ എല്ലാ പരിധിയും വിട്ടു.

ഏകദേശം 200 പള്ളികളും 10,000 വീടുകളും നശിപ്പിക്കപ്പെട്ടു, പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. ഒരു വംശീയ ഉന്മൂലനമെന്ന ലക്ഷ്യമുണ്ടായിരുന്നോ?

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥ കണക്കുകള്‍. ഏകദേശം 50,000 പേരെ മാറ്റി പാര്‍പ്പിച്ചു. സമുദായങ്ങള്‍ തമ്മില്‍ ബന്ധമുള്ളതിനാല്‍ നിരവധി കുക്കികള്‍ മിസോറാമിലേക്ക് മാറിയിട്ടുണ്ട്. രണ്ട് സമുദായങ്ങളിലെയും ഗണ്യമായ എണ്ണം വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും അഭയം തേടിയിട്ടുണ്ട്.

അടിസ്ഥാനപരമായ കലഹം ഭൂമിയെയും സാമൂ ഹിക ആനുകൂല്യങ്ങളെയും ചൊല്ലിയുള്ളതാണ്. മണി പ്പൂരിന്റെ 10% പ്രദേശം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നു മെയ്‌തേയ്കള്‍ പരാതിപ്പെടുന്നു. മലനിരകളിലെ നാഗ, കുക്കി ഗോത്രങ്ങളാകട്ടെ തങ്ങളുടെ ഭൂമിയുടെ ഭൂരി ഭാഗവും തരിശായ കുന്നുകളും ഉപയോഗശൂന്യമായ ചരിവുകളുമാണെന്ന് വിശദീകരിക്കുന്നു. പ്രബലരായ മെയ്‌തേയ്കള്‍ക്ക് രാഷ്ട്രീയ അധികാരത്തിലും സാമ്പത്തിക നേട്ടങ്ങളിലും ആനുപാതികമല്ലാത്ത പങ്ക് ഉണ്ടെന്ന് അവര്‍ ആരോപിക്കുന്നു. സംഘര്‍ഷങ്ങള്‍ കൂടി ക്കൊണ്ടിരുന്നു.

ഗോത്രവര്‍ഗ പദവിക്കുവേണ്ടിയുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യമായിരുന്നു അടിയന്തര കാരണം. അത് ഗോത്ര സമൂഹങ്ങള്‍ക്ക് ആകെയുണ്ടായി രുന്ന ഒരേയൊരു നേട്ടം ഇല്ലാതാക്കുന്ന കാര്യമാണ്. ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാരെ ഗോത്രപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ക്രിസ്ത്യാനികളല്ലാത്ത ഗോത്രവര്‍ഗക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവശത്തും വളര്‍ന്നുകൊണ്ടിരുന്ന രാഷ്ട്രീയ അസംതൃപ്തി പെട്ടെന്ന് ഒരു സായുധ സംഘട്ടനമായി പൊട്ടിപ്പുറപ്പെട്ടു.

കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ഡീന്‍ കുര്യാക്കോസ് മണിപ്പൂര്‍ സന്ദര്‍ശനത്തിനുശേഷം ഒരു അഭിമുഖത്തില്‍ പറഞ്ഞത്, വലിയ തോതില്‍ പള്ളികള്‍ നശിപ്പിക്കുന്നതില്‍നിന്നു മനസ്സിലാകുന്നത് ഇതു ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള അക്രമമാണ് എന്നാണ്.

മണിപ്പൂര്‍ സന്ദര്‍ശിക്കുകയും സംസ്ഥാനത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് വലിയ സഹതാപം പ്രകടിപ്പിക്കുകയും ചെയ്ത ഡീന്‍ കുര്യാക്കോസിനോടും ഹൈബി ഈഡനോടും മറ്റുള്ളവരോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്. പള്ളികള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്വം അതിശക്തമായി ആഞ്ഞടിച്ച സംഘപരിവാറിനും അവരുടെ ഏജന്റുമാര്‍ക്കും തന്നെ നല്‍കണം. ഈ പ്രഹരം വളരെക്കാലം കൊണ്ട് സമര്‍ത്ഥമായി ആസൂത്രണം ചെയ്തതാണെന്നതില്‍ സംശയമില്ല. പള്ളികളുടെയും കത്തോലിക്കാ സ്ഥാപനങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിനും സമൂഹങ്ങളുടെ പുനരധിവാസത്തിനും ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹം മുന്നോട്ടു വരേണ്ടതുണ്ട്. എന്നാല്‍ അതിനനകൂലമായ ഒരന്തരീക്ഷം ആദ്യം സൃഷ്ടിക്കേണ്ടതുണ്ട്. ആദ്യം ശത്രുത അവസാനിപ്പിക്കണം. സംഭാഷണം ആരംഭിക്കണം. സാമൂഹിക സ്ഥിരത തിരിച്ചുവരണം. ഒരുപാട് ദൂരം പോകേണ്ടതുണ്ട്.

ഏറ്റവും കര്‍ക്കശക്കാരനായ പോരാളിയുടെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ സമാധാനത്തിനായുള്ള ആഗ്രഹമുണ്ടെന്ന് അനുഭവത്തില്‍ നിന്ന് എനിക്കറിയാം. ഹൃദയത്തിന്റെ ആ ചെറിയ കോണില്‍ സ്പര്‍ശിക്കുന്നതാണ് സമാധാന സ്ഥാപകരുടെ കഴിവ്.

മറ്റെന്തെങ്കിലും പ്രതികരണങ്ങള്‍?

ക്രോധം വളരെ വര്‍ധിച്ചിരിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് അതു കുറയ്ക്കുക എന്നതാണ്. ഇരു സമുദായങ്ങളിലും നിന്നുള്ള, സമൂഹത്തില്‍ ആദരിക്കപ്പെടുന്ന, ബുദ്ധിജീവികളും ആത്മീയനേതാക്കളും ഉള്‍പ്പെടെയു ള്ള മുതിര്‍ന്ന അംഗങ്ങളെ ഒരുമിച്ചു കൊണ്ടുവരാനാണ് സമാധാന സ്ഥാപകര്‍ ആദ്യം ശ്രമിക്കേണ്ടത്. അക്രമം അവസാനിപ്പിക്കാനും ശാന്തമായി ചിന്തിക്കാനും ഭാവിയിലേക്ക് നോക്കാനും സ്വന്തം സമൂഹത്തോട് ഇവര്‍ ആഹ്വാനം ചെയ്യണം. ഇന്ന് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണിത്. വ്യക്തിപരമായ നിലയ്ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 5 ന് വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് 18 മുതിര്‍ന്ന നേതാക്കള്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. ആര്‍ച്ചുബിഷപ്പ് ഡൊമിനിക് ലുമന്‍ അവിടെ സന്നിഹിതനായിരുന്നു. ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നു.

നിര്‍ഭാഗ്യവശാല്‍, അത് ഒരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ല. പക്ഷേ അത് ശ്രദ്ധിക്കപ്പെടാതിരുന്നില്ല. മണിപ്പൂരിന്റെ മണ്ണില്‍ സമാധാനം കൊണ്ടുവരാന്‍ വിവിധ മതങ്ങളും ഗോത്രങ്ങളും ഒരുമിച്ചു പരിശ്രമിക്കുകയല്ലാതെ വേറെ വഴിയില്ല.

ഏറ്റവും കര്‍ക്കശക്കാരനായ പോരാളിയുടെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ സമാധാനത്തിനായുള്ള ആഗ്രഹം ഉണ്ടെന്ന് അനുഭവത്തില്‍ നിന്ന് എനിക്കറിയാം. ഹൃദയത്തിന്റെ ആ ചെറിയ കോണില്‍ സ്പര്‍ശിക്കുന്നതാണ് സമാധാന സ്ഥാപകരുടെ കഴിവ്. കോപം രൂക്ഷമായിരിക്കുമ്പോള്‍ അത് ചെയ്യുക ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഒന്നും അസാധ്യമല്ല. നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കണം. പല പരാജയങ്ങളും ഏറ്റുവാങ്ങാന്‍ നാം തയ്യാറാവണം. എല്ലാ സാഹചര്യങ്ങളിലും ദൈവം ഉണ്ട്. അവന്‍ നീതിയും സമാധാനവും ആശ്ലേഷിക്കാനിടയാക്കും (സങ്കീര്‍ത്തനങ്ങള്‍ 85:10). നാം തീരെ പ്രതീക്ഷിക്കാത്ത മാര്‍ഗത്തിലൂടെയാകും സമാധാനം വരിക.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു