Coverstory

പ്രതിസന്ധികള്‍ക്കുത്തരം മാര്‍തോമ്മാ മാര്‍ഗം

ഫാ. സേവി പടിക്കപ്പറമ്പില്‍

ഒരുമിച്ചു നടക്കാം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സഭയില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് എന്താണ്? ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന ഉത്തരം സിനഡാലിറ്റി - ഒരുമിച്ച് നടക്കുക എന്നുള്ളതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം അല്‍മായരുടെ പങ്കാളിത്തവും ദൗത്യവും തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ് ഫ്രാന്‍സിസ് പാപ്പ. മാര്‍പാപ്പ, മെത്രാന്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിങ്ങനെ മുകളില്‍ നിന്ന് താഴേക്ക് നീളുന്ന ഹയരാര്‍ക്കിയുടെ ശ്രേണീതലങ്ങള്‍ പൊളിച്ചുകളഞ്ഞ്, സഭയില്‍ എല്ലാവരും തുല്യപങ്കാളിത്തവും പ്രാധാന്യവുമു ള്ളവരാണെന്ന് വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചു. കൗണ്‍സില്‍ നല്കിയ ഈ പുതിയ ബോധം പ്രായോഗികമാക്കുവാന്‍ മടിക്കുകയും പതുക്കെ മറന്നു തുടങ്ങുകയും ചെയ്യുന്ന ആഗോള കത്തോലിക്കാസഭയ്ക്ക് ഒരു ഉണര്‍ത്തുപാട്ടാണ് പാപ്പയുടെ സിനഡാലിറ്റി ശൈലി. ഇത് ഒരു സമ്മേളനത്തിലൊതുങ്ങാതെ ഒരു തുടര്‍ പ്രക്രിയയാക്കി മാറ്റുകയാണ് പാപ്പ.

ഇന്ന് അല്‍മായരുടെ പങ്കാളിത്ത സാധ്യതകള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ സഭയില്‍ നിര്‍ഭാഗ്യവശാല്‍ സംഭവിക്കുമ്പോള്‍ ഭാരതസഭയ്ക്ക് പ്രത്യേകിച്ച് മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ക്ക് അല്‍മായ സുവിശേഷത്തിന്റെ ഒരു മാര്‍തോമ്മാ മാര്‍ഗം ഉണ്ടായിരുന്നു എന്ന് ഓര്‍മ്മിക്കേണ്ടതാണ്. ഹയരാര്‍ക്കി രൂപീകരിക്കപ്പെട്ടതിന്റെ ശതാബ്ദിയാഘോഷിക്കുകയും സീറോ മലബാര്‍ സഭ സ്വയംഭരണ പൂര്‍ണ്ണത ആഗ്രഹിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇടവകകളിലെ അല്‍മായ പ്രതിനിധിയോഗങ്ങള്‍ കേവലം ഉപദേശകസമിതികളായി ചുരുങ്ങുന്നുണ്ടോ എന്നത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. മലബാര്‍ സഭ ഒരു മെത്രാന്‍ കേന്ദ്രീകൃത സഭയായിരുന്നില്ല, മെത്രാന്‍-വൈദിക-അല്‍മായ കേന്ദ്രീകൃതമായിരുന്നു അഥവാ പങ്കാളിത്ത കേന്ദ്രീകൃതമായിരുന്നു എന്ന 'പഴംപുരാണം' മറക്കരുത്.

മലബാറിലെ മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ വ്യത്യസ്തങ്ങളായ സ്വാധീനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ മലബാര്‍ സഭ രൂപപ്പെടുത്തിയ തോമ്മാമാര്‍ഗം എന്ന അജപാലന ശൈലി മാര്‍തോമ്മ ക്രിസ്ത്യാനികളുടെ സ്വന്തമാണ്; തനതായ പാരമ്പര്യമാണ്. സുറിയാനി സഭയുടെ പാരമ്പര്യങ്ങളിലേക്ക് തിരികെപോകണമെന്ന ചര്‍ച്ച എന്തുകൊണ്ട് ആരാധനക്രമത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നു? അല്‍മായരില്ലെങ്കില്‍ സഭ യഥാര്‍ത്ഥ സഭയാകുന്നില്ല എന്ന വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനമാണ് ആദ്യ നൂറ്റാണ്ടു മുത ലേ മലബാര്‍ സഭ പ്രാവര്‍ത്തികമാക്കിയിരുന്നത്.

തോമ്മാ മാര്‍ഗം

എന്താണ് തോമ്മാ മാര്‍ഗം? മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസജീവിതം, ആചാരാനുഷ്ഠാനങ്ങള്‍, ഭരണക്രമം എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതക്രമമാണ് തോമ്മാമാര്‍ഗം. ഇതിനാല്‍ മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ മാര്‍ഗവാസികള്‍ എന്ന് വിളിക്കപ്പെട്ടു. മെത്രാന്മാരും ആര്‍ച്ചുഡീക്കന്‍മാരും പുരോഹിതരുമെല്ലാം ഒരേ മനസ്സോടെ ഈ ജീവിതക്രമം പിന്തുടര്‍ന്നിരുന്നു. സഭയുടെ വിവിധ ചുമതലകള്‍ വികേന്ദ്രീകൃതമാക്കിക്കൊണ്ട് ശുശ്രൂഷകളെ ശക്തിപ്പെടുത്തുന്ന ഭരണക്രമമായിരുന്നു തോമ്മാ മാര്‍ഗത്തിന്റെ കേന്ദ്രബിന്ദു.

സഭാതനയര്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ നല്‍കുക എന്നത് മാത്രമായിരുന്നു സഭയിലെ മെത്രാന്മാരുടെ ചുമതല. ഭൗതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ആര്‍ച്ചുഡീക്കനും പള്ളിയോഗങ്ങളുമാണ്. ഈ കാലഘട്ടത്തിലൊന്നും മെത്രാന്മാരോ ആര്‍ച്ചു ഡീക്കന്‍മാരോ പള്ളിയോഗങ്ങളോ തമ്മില്‍ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല എന്നത് മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ ഒരേ മനസ്സോടെ പിന്തുടര്‍ന്നിരുന്ന മാര്‍തോമ്മാ മാര്‍ഗത്തിന്റെ സവിശേഷതയാണ്. മെത്രാന്‍ അല്ലെങ്കില്‍ ആര്‍ച്ചുഡീക്കന്‍ എന്ന ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമാകാതെ സഭയെന്നാല്‍ കൂട്ടായ്മയാണെന്ന് വത്തിക്കാന്‍ കൗണ്‍സിലിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ തോമ്മാമാര്‍ഗം തെളിയിക്കുകയായിരുന്നു.

മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ഭരണ നിര്‍വഹണത്തിന് നേതൃത്വം നല്‍കിയിരുന്നത് ജാതിക്ക് കര്‍ത്തവ്യന്‍ എന്നറിയപ്പെട്ടിരുന്ന ആര്‍ച്ചുഡീക്കനും പള്ളിയോഗങ്ങളുമാണ്. ആര്‍ച്ചുഡീക്കന്‍ എന്ന പദവി മറ്റു പല സഭകളിലും നിലനിന്നിരുന്നു. മെത്രാന്റെ സഹായി എന്ന പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍ നിന്നും ഭാരത സംസ്‌കാരത്തിലേക്ക് എത്തുമ്പോള്‍ ആര്‍ച്ചുഡീക്കന്‍ ഭരണസംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഭാ നേതാവായി മാറുന്നു. മലബാര്‍ സഭയില്‍ ഒരേസമയം പല കല്‍ദായ മെത്രാന്മാര്‍ ഉണ്ടായിരുന്നപ്പോഴും പേര്‍ഷ്യയില്‍ നിന്നുള്ള മെത്രാന്മാരുടെ അഭാവത്തിലും സഭയുടെ ഭൗതിക കാര്യങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നത് ആര്‍ച്ചുഡീക്കനാണ്. പകലോമറ്റം കുടുംബത്തില്‍ നിന്നുള്ള സ്വീകാര്യനായ ഒരു വൈദികനാണ് ആര്‍ച്ചുഡീക്കനായി വാഴിക്കപ്പെട്ടിരുന്നത്.

ഹയരാര്‍ക്കി രൂപീകരിക്കപ്പെട്ടതിന്റെ ശതാബ്ദിയാഘോഷിക്കുകയും സീറോ മലബാര്‍ സഭ സ്വയംഭരണ പൂര്‍ണ്ണത ആഗ്രഹിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇടവകകളിലെ അല്‍മായ പ്രതിനിധിയോഗങ്ങള്‍ കേവലം ഉപദേശക സമിതികളായി ചുരുങ്ങുന്നുണ്ടോ എന്നത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്.

പള്ളിയോഗങ്ങള്‍

മാര്‍തോമ്മാ മാര്‍ഗത്തിന്റെ കേന്ദ്രം പള്ളിയോഗങ്ങളായിരുന്നു. ആര്‍ച്ചുഡീക്കനോടും വൈദികരോടും ചേര്‍ന്ന് സഭയുടെ ഭരണം നിര്‍വഹിച്ചിരുന്നത് യഥാര്‍ത്ഥത്തില്‍ പള്ളി യോഗങ്ങളാണ്. ഈ പള്ളിയോഗ പാരമ്പര്യം മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ക്ക് മാത്രം അവകാശപ്പെട്ടതായി മാറുന്നതെങ്ങനെയാണ്? ഓരോ ഗ്രാമവും സ്വയംഭരണ അധികാരത്തോടെ പ്രവര്‍ത്തിക്കുകയും കുടുംബത്തലവന്മാര്‍ ഭരണം നിര്‍വഹിക്കുകയും ചെയ്തിരുന്ന ഇന്‍ഡോ ദ്രാവീഡിയന്‍ സംസ്‌കാരത്തില്‍ നിന്നാണ് പള്ളി യോഗങ്ങള്‍ പിറവിയെടുക്കുന്നത്. ഇന്നും ഈ സാംസ്‌കാരിക തനിമയോടെ നാട്ടുകൂട്ടങ്ങളും ഊരുകൂട്ടവുമെല്ലാം പല പ്രദേശങ്ങളിലുമുണ്ട്.

മാര്‍തോമ്മാ മാര്‍ഗത്തിലെ പള്ളിയോഗങ്ങള്‍ക്ക് മൂന്നു തലങ്ങ ളുണ്ടായിരുന്നു. ഓരോ ഇടവകയുടെയും യോഗങ്ങളെ പള്ളിയോഗം അഥവാ ഇടവകയോഗം എന്നും പല ഇടവകകള്‍ ചേര്‍ന്നുള്ള യോഗങ്ങളെ ദേശയോഗം അല്ലെങ്കില്‍ പ്രാദേശിക യോഗങ്ങളെന്നും സഭയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളുടെ യോഗത്തെ മഹായോഗം അല്ലെങ്കില്‍ പൊതുപള്ളിയോഗം എന്നും വിളിച്ചിരുന്നു.

ഓരോ ഇടവകയിലെയും മുതിര്‍ന്ന വൈദികന്റെ അധ്യക്ഷതയില്‍ കുടുംബത്തലവന്മാരും ഇടവകയിലെ വൈദികരും ചേരുന്നതാണ് ഇടവക പള്ളിയോഗങ്ങള്‍. ഇടവകാംഗങ്ങളായ വൈദികര്‍ തന്നെയാണ് ഓരോ ഇടവകയിലും വൈദികശുശ്രൂഷ ആ കാലഘട്ടങ്ങളില്‍ നിര്‍വഹിച്ചിരുന്നത്. ഇടവകയുടെ ആത്മീയവും ഭൗതികവുമായ ഭരണ നിര്‍വഹണത്തിന് പുറമേ അതാത് ഇടവകകള്‍ക്ക് വേണ്ടിയുള്ള വൈദികാര്‍ത്ഥികളെ തിരഞ്ഞെടുത്തു പഠിപ്പിക്കുക, പരിശീലനത്തിനുശേഷം അനുയോജ്യരെന്ന് കണ്ടെത്തുന്നവര്‍ക്ക് ദേശക്കുറി നല്‍കി തിരുപ്പട്ടത്തിനായി മെത്രാനോട് ശുപാര്‍ശ ചെയ്യുക, ഇടവകാംഗങ്ങളുടെ വ്യവഹാരങ്ങളിലും നിയമനടപടികളിലും തീര്‍പ്പ് കല്‍പ്പിക്കുക, പൊതുവായ തെറ്റുകള്‍ക്ക് ശിക്ഷ വിധിക്കുക എന്നിവയെല്ലാം ഇടവക പള്ളിയോഗത്തിന്റെ ചുമതലകളായിരുന്നു.

ദേശയോഗങ്ങള്‍ പ്രധാനമായും നീതി നിര്‍വഹണത്തിനായുള്ള വേദിയായിരുന്നു. നാല് പള്ളികളില്‍ നിന്നുള്ള പ്രതിനിധികളുടെ മുമ്പില്‍ തെറ്റുകള്‍ തെളിയിക്കപ്പെട്ടെങ്കില്‍ മാത്രമേ ശിക്ഷ നല്‍ കിയിരുന്നുള്ളൂ. മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ പൊതുവായ ഭരണകാര്യങ്ങളാണ് മഹായോഗം പരിഗണിച്ചിരുന്നത്. ഓരോ ഇടവകയില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആര്‍ച്ചുഡീക്കന്റേയോ നേതാക്കന്മാരുടേയോ മേല്‍നോട്ടത്തില്‍ ഒന്നിച്ചുചേര്‍ന്ന് സഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച് നടപ്പിലാക്കിയിരുന്നു. കരിയാറ്റി മല്‍പ്പാനേയും പാറേമാക്കല്‍ കത്തനാരേയും റോമിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചതും അതിനായുള്ള ധനം സമാഹരിച്ചതും പിന്നീട് കരിയാറ്റില്‍ മെത്രാപ്പോലീത്തയുടെ മരണശേഷം സഭയുടെ സങ്കീര്‍ണ്ണമായ അവസ്ഥകള്‍ ചര്‍ച്ച ചെയ്യാനായി ഒരുമിച്ചു കൂടിയതും പ്രശസ്തമായ പടിയോല തയ്യാറാക്കിയതുമെല്ലാം അങ്കമാലിയില്‍ കൂടിയ മഹായോഗങ്ങള്‍ ആയിരുന്നു. ഇടപ്പള്ളിയിലും കുറവിലങ്ങാട്ടുമെല്ലാം ഇത്തരത്തിലുള്ള മഹായോഗങ്ങള്‍ നടന്നിട്ടുണ്ട്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസില്‍ 153 പുരോഹിതര്‍ക്ക് പുറമേ 610 അല്‍മായ നേതാക്കള്‍ പങ്കെടുത്തു എന്നുള്ളത് തന്നെ മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തില്‍ അല്‍മായര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തുന്നു.

എല്ലാവരും ഉള്‍പ്പെടുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു അജപാലന സമീപനം ഇല്ലാതാകുമ്പോഴാണ് സഭയില്‍ പ്രതിസന്ധികള്‍ രൂപപ്പെടുന്നത്. പ്രതിസന്ധികള്‍ക്കുത്തരവും മാര്‍തോമ്മാ മാര്‍ഗവും പള്ളിയോഗ നടപടികളും തന്നെ.

കല്‍ദായ മെത്രാന്മാരുടെ കാലഘട്ടത്തില്‍ എന്നതുപോലെ പിന്നീട് ലത്തീന്‍ മെത്രാന്മാരുടെ ഭരണകാലത്തും പള്ളിയോഗങ്ങള്‍ ശക്തമായ സാന്നിധ്യമായി നിലനിന്നിരുന്നു എന്നത് മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ സഭാദര്‍ശനത്തില്‍ പള്ളിയോഗങ്ങളുടെ പ്രാധാന്യം എത്രമാത്രമായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. പള്ളിയോഗങ്ങളുടെ പ്രവര്‍ത്തനങ്ങളും ശിക്ഷാനടപടികളും വിശുദ്ധ ബര്‍ത്തലോമിയയുടെ പൌളിനോസ് എന്ന കര്‍മ്മലീത്ത വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മലബാറില്‍ വിദേശ മിഷനറിമാരുടെ വരവോടെയുണ്ടായ ലത്തീന്‍ ഭരണത്തില്‍ ആര്‍ച്ചുഡീക്കന്റെ പദവികള്‍ കുറയുകയും വികാരി ജന റല്‍ എന്ന പദവി ആരംഭിക്കുകയും ചെയ്തപ്പോഴും പള്ളിയോഗങ്ങള്‍ ശക്തമായി നിലനിന്നിരുന്നു. 1879-ല്‍ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ലെയനാര്‍ഡോ മെല്ലാനോ ഒരു ഭരണസംഹിത രൂപപ്പെടുത്തിയപ്പോഴും പള്ളിയോഗങ്ങളുടെ അധികാരപരിധി അദ്ദേഹം നിലനിര്‍ത്തി. പള്ളിയോഗ നടപടിക്രമം, പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മെല്ലാനോ പള്ളിയോഗങ്ങളുടേതായി 21 നിയമങ്ങള്‍ രൂപീകരിച്ചു.

മലബാര്‍ സഭ ഒരു വ്യക്തിസഭയായി വളര്‍ന്നുവന്നപ്പോള്‍ മാത്രമാണ് പള്ളിയോഗങ്ങളുടെ പ്രാധാന്യം കുറയുകയും ഭരണസംവിധാനങ്ങള്‍ കൂടുതലും വൈദേശിക സഭാ രീതിയില്‍ മെത്രാന്‍ കേന്ദ്രീകൃതമാവുകയും ചെയ്തത്. ഈ കാലഘട്ടങ്ങളില്‍ രൂപീകരിക്കപ്പെട്ട കാനന്‍ നിയമസംഹിതകള്‍ പള്ളിയോഗങ്ങളെ കൂടുതല്‍ നൈയാമികമാക്കുകയും രൂപതയോട് ചേര്‍ന്ന് മെത്രാന്റെയും പുരോഹിതരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം ആക്കുകയും ചെയ്തു. പള്ളിയോഗങ്ങളുടെ കീഴില്‍ പള്ളിയുടെ സ്വത്ത് പള്ളിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് സഭാസ്വത്തുക്കള്‍ മെത്രാന്റെ പേരിലേക്കാക്കണമെന്ന നിയമം രൂപീകരിക്കപ്പെട്ടു. ഇത് ചില ഇടവകകളിലെങ്കിലും പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ട്.

1998-ലെ സീറോ മലബാര്‍ മെത്രാന്മാരുടെ ജനുവരി സിനഡ് പള്ളിയോഗ നടപടിക്രമങ്ങള്‍ പ്രത്യേക നിയമത്തിന്റെ ഭാഗമായി അംഗീകരിച്ചു. ഇടവക തലത്തില്‍ പള്ളിയോഗത്തെ പൊതുയോഗം എന്നും പ്രതിനിധിയോഗം എന്നും രണ്ടായി തിരിച്ച് നടപടിക്രമങ്ങള്‍ രൂപീകരിച്ചു. സഭയുടെ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന മഹായോഗങ്ങള്‍ക്ക് പകരമായി അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ കൂടുന്ന മേജര്‍ ആര്‍ക്കിഎ പ്പിസ്‌കോപ്പല്‍ അസംബ്ലികള്‍ രൂപീകരിക്കപ്പെട്ടു. പക്ഷേ ഇന്നത്തെ പ്രതിനിധിയോഗവും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുമെല്ലാം ഒരിക്കലും മാര്‍തോമ്മാ പാരമ്പര്യത്തിലെ പള്ളിയോഗങ്ങള്‍ക്ക് പകരമാവില്ല. പ്രസ്തുത യോഗങ്ങള്‍ക്കെല്ലാം കേവലം ഉപദേശക സമിതി എന്ന സ്വഭാവമാണുള്ളത്. ഇടവകകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണെങ്കിലും അംഗങ്ങള്‍ മെത്രാനാല്‍ നിയമിക്കപ്പെടുന്നവരാണ്. മാത്രമല്ല, സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമമനുസരിച്ച് ഈ അജപാലന സമിതികളെ പിരിച്ചുവിടാനുള്ള അധികാരവും മെത്രാനുണ്ട്. ഇടവകകളിലെ പങ്കാളിത്ത അജപാലന സമിതികളെക്കുറിച്ച് പൗരസ്ത്യ സഭകള്‍ ക്കുവേണ്ടിയുള്ള കാനന്‍ നിയമത്തില്‍ ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ചാം കാനന്‍ പറയുന്നത് ഇപ്രകാരമാണ്; 'അജപാലനപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അനുയോജ്യമായ സമിതികള്‍ സ്വയാധികാരസഭയുടെ പ്രത്യേക നിയമ മാനദണ്ഡപ്രകാരം ഇടവകയില്‍ ഉണ്ടായിരിക്കേണ്ടതാണ്.' ഈ കാനന്‍ അനുസരിച്ച് പള്ളിയോഗ പാരമ്പര്യം നടപ്പിലാക്കേണ്ടത് സ്വയാധികാര സഭയുടെ പ്രത്യേക നിയമങ്ങള്‍ അനുസരിച്ചാണ്. സീറോ മലബാര്‍ മെത്രാന്‍ സിനഡാണ് പ്രത്യേക നിയമങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അതായത് പള്ളിയോഗ പാരമ്പര്യം മലബാര്‍ സഭയില്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുക്കേണ്ടത് മെത്രാന്‍ സിനഡാണ്.

മെത്രാനും ആര്‍ച്ചുഡീക്കനും വൈദികരും അല്‍മായരുമെല്ലാം തുല്യ മനോഭാവത്തോടെ ഇടവകയുടെയും സഭയുടെയും ആത്മീയവും ഭൗതികവുമായ ഭരണനിര്‍വഹണത്തില്‍ വേര്‍തിരിവുകളില്ലാതെ ഇടപെടുകയും എന്നാല്‍ പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ജീവിതശൈലിയാണ് മാര്‍തോമ്മാ മാര്‍ഗം. ഇന്ന് അല്‍മായരുടെ പങ്കാളിത്തത്തിന് പരിധികള്‍ നിശ്ചയിക്കപ്പെടുകയും അല്‍മായര്‍ സഭയിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിയാതിരിക്കുകയും ചെയ്യുമ്പോള്‍ ആഗോള സഭയ്ക്കാകമാനം മാതൃകയാക്കാവുന്ന മാര്‍തോമ്മാ മാര്‍ഗ വും പള്ളിയോഗങ്ങളും നമുക്കുണ്ടായിരുന്നുവെന്ന് മറക്കാതിരിക്കാം. എല്ലാവരും ഉള്‍പ്പെടുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു അജപാലന സമീപനം ഇല്ലാതാകുമ്പോഴാണ് സഭയില്‍ പ്രതിസന്ധികള്‍ രൂപപ്പെടുന്നത്. പ്രതിസന്ധികള്‍ക്കുത്തരവും മാര്‍തോമ്മാ മാര്‍ഗവും പള്ളിയോഗ നടപടികളും തന്നെ.

ഗല്ലിയേനുസിന്റെ മതസഹിഷ്ണുതാ വിളംബരം

പ്രത്യാശയുടെ രാജകുമാരന്‍

നവംബര്‍ മാസത്തില്‍ ഓര്‍മ്മിക്കാന്‍...

ഉള്ളടക്കം [Content]

വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24