Coverstory

നസറത്ത് : നന്മ ഉണ്ടാകുന്ന ഇടം

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
''നഥാനായേല്‍ ചോദിച്ചു: നസറത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോയ പീലിപ്പോസ് പറഞ്ഞു: വന്നു കാണുക''
യോഹ 1:46

ഇസ്രായേല്‍ രാജ്യത്തിന്റെ വടക്ക്, ഗലീലിയിലെ സുപ്രധാനമായൊരു നഗരമാണ് നസറത്ത്. പലസ്തീനായിലെ ഏറ്റം വലിയ അറബി നഗരം എന്നും ഇതിനെ വിശേഷിപ്പിക്കാം. ഏകദേശം 80,000 ആളുകള്‍ വസിക്കുന്ന ഈ നഗരത്തിലെ 69% മുസ്ലീമുകളും 30.9% ക്രിസ്ത്യാനികളമാണ്. ചുരുക്കം യഹൂദരും ഇവിടെ വസിക്കുന്നു.

ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു നഗരവും തീര്‍ത്ഥാടന കേന്ദ്രവും ആണെങ്കിലും പഴയനിയമത്തില്‍ ഒരിക്കല്‍പോലും ഇതു പരാമര്‍ശവിഷയമാകുന്നില്ല. യേശുവിന്റെ കാലത്തും തികച്ചും അറിയപ്പെടാത്ത ഒരു ഗ്രാമമായിരുന്നു നസറത്ത് എന്ന് ആരംഭത്തില്‍ ഉദ്ധരിച്ച നഥാനായേലിന്റെ ചോദ്യം വ്യക്തമാക്കുന്നു. പീലിപ്പോസിന്റെ മറുപടി നസറത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നു.

ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്ക് മനുഷ്യനായി അയയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ തിരഞ്ഞെടുത്ത ഗ്രാമമാണ് നസറത്ത്. മനുഷ്യാവതാരമെന്ന മംഗലവാര്‍ത്തയുമായി ഗബ്രിയേല്‍ ദൈവദൂതന്‍ അയയ്ക്കപ്പെട്ടത് ''ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍ വസിച്ചിരുന്ന കന്യകയുടെ അടുത്തേക്കാണ്'' (ലൂക്കാ 1:27). യേശു തന്റെ ബാല്യകാലവും യൗവനവും ചിലവഴിച്ചതും, വളര്‍ന്നതും നസറത്തിലായിരുന്നു എന്ന് സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ യേശു അറിയപ്പെട്ടിരുന്നതും നസറത്തുകാരന്‍ എന്ന പേരിലായിരുന്നു. നസറത്ത് എന്ന പട്ടണം 8 തവണയും, നസറത്തുകാരന്‍ എന്ന വിശേഷണം 18 തവണയും പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

പേരിന്റെ ഉച്ചാരണത്തില്‍ ചില വ്യത്യാസങ്ങള്‍ കാണും. ''നസറെത്ത്'' എന്നാണ് ഗ്രീക്കില്‍. ഇതുതന്നെയാണ് ഹീബ്രുവിലും എന്നാല്‍ സുറിയാനിയില്‍ ''നസ്രത്ത്'' എന്നാണെഴുതുക. ഇതില്‍ നിന്നാണ് നമുക്കു സുപരിചിതമായ ''നസ്രത്ത്'' എന്ന ഉച്ചാരണത്തിന്റെ ഉത്സവം. ''ശാഖ'' എന്നര്‍ത്ഥമുള്ള ''നേസെര്‍'' എന്ന ഹീബ്രുവാക്കില്‍ നിന്നാണ് നസറത്ത് എന്ന വാക്കിന്റെ ഉത്ഭവം എന്നു കരുതപ്പെടുന്നു. വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള ഏശയ്യായുടെ ഒരു പ്രവചനത്തിന്റെ സ്വാധീനം ഈ വ്യഖ്യാനത്തില്‍ കാണാം. ''ജെസ്സൈയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിര്‍ത്തുവരും, അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും'' (ഏശ. 11:1). ഇവിടെ ''നേസെര്‍'' എന്ന വാക്കാണ് ''ശാഖ'' എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

നസ്രത്തില്‍ നിന്നുള്ള യേശുവിനെ വിശേഷിപ്പിക്കാന്‍ രണ്ടു പദങ്ങള്‍ ഗ്രീക്കില്‍ ഉപയോഗിച്ചിട്ടുണ്ട്. ''നസറേനോസ്'' എന്നും ''നസോറിയാ യോസ്'' എന്നും. ഇതില്‍ നിന്നാണ് നസ്രായന്‍ എന്ന വിവര്‍ത്തനം വരുന്നത്. സംശയമില്ല, ലോകരക്ഷകനായി ജനിച്ച ദൈവപുത്രന്‍ വളര്‍ന്ന പട്ടണമാണ് നസറത്ത്. അതിനാല്‍ത്തന്നെ ഇന്ന് അത് വളരെയേറെ അറിയപ്പെടുന്നു, ആദരിക്കപ്പെടുന്നു. യേശു ജീവിച്ച വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇന്ന് വലിയൊരു ദേവാലയം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. മറിയത്തിന് ദൈവദൂത സന്ദേശം ലഭിച്ച സ്ഥലമെന്നു കരുതപ്പെടുന്ന ഒരു ചെറിയ ഗുഹയാണ് ഈ ദേവാലയത്തിലെ മുഖ്യ ആകര്‍ഷണം. അതിനാല്‍തന്നെ ''മംഗലവാര്‍ത്തയുടെ ദേവാലയം'' (Church of annunciation) എന്നാണ് ഇതറിയപ്പെടുന്നത്. തിരുക്കുടുംബം താമസിച്ചിരുന്ന വീടും പണിശാലയും എല്ലാം ഈ ദേവാലയത്തിന്റെ ഉള്ളിലാണ്. അതിനടുത്തായുള്ള ''മറിയത്തിന്റെ കിണര്‍'' അര്‍ത്ഥശങ്കയ്ക്കിട നല്കാത്ത ഒരു ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു.

ലൂക്കാ എഴുതിയ സുവിശേഷം അനുസരിച്ച് ജോസഫും മറിയവും നസറത്തിലായിരുന്നു വസിച്ചിരുന്നത്. അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരം കാനേഷുമാരി കണക്കെടുപ്പില്‍ പേരെഴുതിക്കാനാണ് ദാവീദു വംശജനായ ജോസഫ് പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ മറിയത്തെയും കൂട്ടി ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലേക്കു പോയത്. ശിശുവിന്റെ ജനനത്തിനുശേഷം അവര്‍ നസറത്തിലേക്ക് തിരിച്ചുപോരുകയും ചെയ്തു. എന്നാല്‍ മത്തായിയുടെ വിവരണം വായിച്ചാല്‍ യേശുവിന്റെ മാതാപിതാക്കള്‍ ബേത്‌ലെെഹമിലാണ് ജീവിച്ചിരുന്നതെന്നും ഹേറോദേസിനെ ഭയന്ന് ഒളിച്ചോടിയതിനു പിന്നാലെയാണ് നസറത്തില്‍ വന്നു വാസമുറപ്പിച്ചതെന്നും തോന്നാം. ഇതില്‍ ഏതു വിവരണമാണ് ചരിത്രത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് എന്നു തീരുമാനിക്കുക എളുപ്പമല്ല.

എന്നാല്‍ ഒരു കാര്യം തീര്‍ച്ച. യേശു വളര്‍ന്നത് നസറത്തിലാണ്. അതിനാല്‍ത്തന്നെ നസ്രായന്‍ എന്നറിയപ്പെടുകയും ചെയ്യന്നു. അതോടൊപ്പം മറ്റൊന്നു കൂടി ശ്രദ്ധയര്‍ഹിക്കുന്നു. പരസ്യജീവിതത്തിന്റെ തുടക്കം വരെ മാത്രമാണ് യേശു നസറത്തില്‍ ജീവിച്ചത്. അത് അജ്ഞാതജീവിതമായിരുന്നു. പരസ്യജീവിതം തുടങ്ങുമ്പോള്‍ യേശു നസറത്തു വിട്ട് കഫര്‍ണാം പ്രവര്‍ത്തനകേന്ദ്രമാക്കി (മത്താ. 4:13). മാത്രമല്ല, നസറത്തുകാര്‍ യേശു ആരെന്നു തിരിച്ചറിയുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയും ചെയ്തു.

ഗലീലിയിലെ പ്രവര്‍ത്തനങ്ങളുടെ മധ്യത്തില്‍ യേശു തന്റെ സ്വന്തം ഗ്രാമമായ നസറത്തില്‍ വന്നു. സാബത്തു ദീവസം സിനഗോഗില്‍ പഠിപ്പിച്ചു. എന്നാല്‍ നസറത്തുകാര്‍ അവനെ പുച്ഛിച്ചു പുറന്തള്ളി. അവനെ തങ്ങള്‍ക്കു നന്നായി അറിയാം എന്നവര്‍ കരുതി. തൊഴിലും കുടുംബബന്ധങ്ങളും എല്ലാം യേശുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വം ഗ്രഹിക്കുന്നതിനും അംഗീകരിക്കുന്നതിനും അവര്‍ക്കു പ്രതിബന്ധമായി നിന്നു. യേശു അവിടെ അത്ഭുതമൊന്നും പ്രവര്‍ത്തിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ചു വിസ്മയിച്ചു (മര്‍ക്കോ 6:1-6). മത്തായിയും ഇതേ സംഭവം വലിയ വ്യത്യാസം കൂടാതെ രേഖപ്പെടുത്തിയിട്ടുണ്ട് (മത്താ. 13:53-58).

ഈ സംഭവം ലൂക്കാ യേശുവിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു (ലൂക്കാ 4:16-30). ''നസറത്ത് മാനിഫെസ്റ്റോ'' എന്നറിയപ്പെടുന്ന ഈ സംഭവം യേശു പ്രഘോഷിച്ച സുവിശേഷത്തിന്റെ രത്‌നച്ചുരുക്കവും അതിനു സ്വന്തം ജനത്തില്‍ നിന്നു ലഭിച്ച സ്വീകരണവും പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. രക്ഷകനെ സംബന്ധിച്ച പ്രവചനം പൂര്‍ത്തിയായി എന്ന യേശുവിന്റെ പ്രഘോഷണം സ്വീകരിക്കാന്‍ നസ്രത്തുകാര്‍ തയ്യാറായില്ല. അത്ഭുതങ്ങളും അടയാളങ്ങളും ആവശ്യപ്പെട്ടവര്‍. അതു ലഭിക്കാതെ വന്നപ്പോള്‍ അക്രമാസക്തരായി. ''തങ്ങളുടെ പട്ടണം സ്ഥിതി ചെയ്യുന്ന മലയുടെ ശ്രംഗത്തില്‍ നിന്ന് താഴേക്കു തള്ളിയിടാനായി കൊണ്ടുപോയി'' (ലൂക്കാ 4:29) എന്ന പ്രസ്താവന സ്വന്തം നാട്ടുകാരില്‍ നിന്ന് യേശു നേരിട്ട തിരസ്‌ക്കരണവും അവസാനം ജറുസലെമില്‍ സംഭവിച്ച വധവും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതോടൊപ്പം സ്വന്തം പട്ടണത്തിന്റെ ഒരു പ്രത്യേകതയിലേക്കും വിരല്‍ ചൂണ്ടുന്നു.

500 മീറ്റര്‍ ഉയരുമുള്ള ഒരു കുന്നിന്റെ ചരുവിലാണ് നസറത്ത് പട്ടണം. കുന്നിന്റെ ഉച്ചിയില്‍ നിന്നു താഴേയ്ക്കു തള്ളിയിടുന്നത് വധിക്കാന്‍ വേണ്ടിയായിരുന്നു. വീഴ്ചകൊണ്ടു മരിച്ചില്ലെങ്കില്‍ കല്ലെറിഞ്ഞു കൊല്ലും.

അത്ഭുതങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും അതു കിട്ടാതെ വന്നപ്പോള്‍ അക്രമാസക്തരാവുകയും ചെയ്ത നസറത്തുകാര്‍ എന്നും ഒരടയാളവും താക്കീതുമാണ്. ഹൃദയം തുറന്നു വചനം സ്വീകരിക്കുക, വിശ്വസിക്കുക, മാനസാന്തരപ്പെടുക - അതാണ് രക്ഷയിലേക്കുള്ള മാര്‍ഗം. അതിനു വിസമ്മതിച്ചാല്‍ നസറത്തുകാര്‍ക്കു സംഭവിച്ചതായിരിക്കും നമുക്കും സംഭവിക്കുക. ''അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി'' (ലൂക്കാ 4:30). പിന്നെ ഒരിക്കല്‍പോലും യേശു നസറത്തിലേക്കു തിരിച്ചുവരുന്നില്ല; നസറത്ത് ബൈബിളില്‍ പരാമര്‍ശ വിഷയമാകുന്നുമില്ല.

ലഭിക്കുന്ന അവസരം പാഴാക്കിയാല്‍ പിന്നീട് കിട്ടിയില്ലെന്നു വരും. നസറത്തുകാര്‍ പിന്നീട് യേശുവിനെ കാണുന്നില്ലെങ്കിലും യേശുവിന്റെ ജീവിതത്താല്‍ ധന്യമായ നഗരം നാമാവശേഷമായില്ല. അവനെ സ്വീകരിക്കാന്‍ തയ്യാറായവര്‍ അവിടെ ഉണ്ടായി. ഇന്ന് അത് സുപ്രധാനമായൊരു വിശ്വാസസാക്ഷ്യവും തീര്‍ത്ഥാടന കേന്ദ്രവുമായി നിനില്ക്കുന്നു. നസറത്തില്‍ നന്മയുണ്ടാകുമോ എന്ന ചോദ്യത്തിന് ദൃശ്യവും വിശ്വസനീയവുമായ ഉത്തരമായി.

ദൈവദാസി കൊളേത്താമ്മയെക്കുറിച്ച് പുസ്തകം പ്രകാശനം ചെയ്തു

ഫാദര്‍ അരുപ്പെയുടെ നാമകരണ നടപടികള്‍ മുന്നോട്ട്

മെത്രാന്‍ സംഘത്തിന്റെ പ്രസിഡണ്ടിനെ നിക്കരാഗ്വ പുറത്താക്കി

അല്‍ബേനിയയില്‍ രണ്ടു രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

മോചിതരായ ഇസ്രായേലി ബന്ദികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു