Coverstory

പൂവച്ചല്‍ ഖാദര്‍: വിശ്വാസികളുടെ മാനസം കണ്ട ഗാനരചയിതാവ്

Sathyadeepam

ഷിജു ആച്ചാണ്ടി

വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം,
വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
എന്ന സുപ്രസിദ്ധമായ ഭക്തിഗാനത്തിന്റെ രചയിതാവ് പൂവച്ചല്‍ ഖാദര്‍ ഓര്‍മ്മയായി. ഒരു സിനിമാപ്പാട്ടാണ് എന്നറിയാതെയാണ് അനേകര്‍ ദേവാലയങ്ങളില്‍ അത് ആലപിച്ചിരുന്നത്. ബൈബിള്‍ കണ്‍വെന്‍ഷനുകളിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും ഈ ഗാനം ഇന്നും ആലപിക്കപ്പെടുന്നു.

1973-ല്‍ സുവിശേഷമുത്തു എന്ന സുവിശേഷപ്രവര്‍ത്തകന്‍, ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്ത 'കാറ്റു വിതച്ചവന്‍' എന്ന സിനിമയ്ക്കു വേണ്ടിയാണ് പൂവച്ചല്‍ ഖാദര്‍ ഈ പാട്ടെഴു തിയത്. പീറ്റര്‍-റൂബന്‍ സംഗീതസംവിധാനം നിര്‍വഹിക്കുകയും മേരി ഷൈല പാടുകയും ചെയ്തു. കായംകുളം സ്വദേശിയായ പരമേശ്വരന്‍ നായര്‍ എന്ന പരമശിവം ഭാഗവതരാണ് പിന്നീടു പീറ്റര്‍ എന്ന പേരു സ്വീകരിച്ചു ക്രിസ്ത്യാനിയായത്. മേരി ഷൈല ഈയൊരു ഗാനം മാത്രം പാടി ചലച്ചിത്രരംഗം വിട്ടു. പൂവച്ചല്‍ ഖാദര്‍ എന്ന ഗാനരചയിതാവു പക്ഷേ സിനിമാരംഗത്തു പ്രശസ്തിയുടെ കൊടുമുടികള്‍ കയറി.

കഥാപാത്രത്തിനൊപ്പം 24 കാരനായിരുന്ന ഖാദര്‍ എന്ന യുവാവിന്റെയും കൂടി പ്രാര്‍ത്ഥനയാണ് ആ ഗാനത്തിലൂടെ ഉയര്‍ന്നതെന്നു പറയാം. സിനിമാഗാനരംഗത്ത് രചയിതാവായി വളരണമെന്ന ഖാദറിന്റെ മാനസം ദൈവം കാണുകയും സഫലമാക്കുകയും ചെയ്തതാണ് പിന്നീടുള്ള ചരിത്രം.

പനിനീരു വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായി ദൈവം
അതിനുള്ളില്‍ പാപത്തിന്‍
പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്യന്റെ കൈകള്‍
എന്നു പരിതപിക്കുന്ന ഈ ഗാനത്തിന്റെ വരികളില്‍ ക്രൈസ്തവമായ ഭാവുകത്വം നിറഞ്ഞു നില്‍ക്കുന്നു. അതുകൊണ്ടു തന്നെ അനേകര്‍ ഇത് ഭക്തിഗാനമാണെന്നു കരുതി. മരിച്ചുപോയ ഏതോ സുവിശേഷപ്രവര്‍ത്തകന്‍ എഴുതിയ ഗാനമെന്ന് ഒരു പുരോഹിതന്‍ ഖാദറിനോടു തന്നെ ഒരവസരത്തില്‍ പറഞ്ഞുവത്രെ. നിശബ്ദം കേട്ടതല്ലാതെ അദ്ദേഹത്തെ തിരുത്താന്‍ പൂവച്ചല്‍ തയ്യാറായില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് താനെഴുതിയ വരികള്‍ പാടി അനേകര്‍ പ്രാര്‍ത്ഥിക്കുന്നു എന്നറിയുന്നതിനേക്കാള്‍ വലിയ സാഫല്യം ഒരു ഗാനരചയിതാവിനെ സംബന്ധിച്ചില്ല എന്നദ്ദേഹം കരുതി. ആ പാട്ടുകള്‍ക്കു പിന്നില്‍ അജ്ഞാതനായി മറഞ്ഞിരിക്കുന്നതില്‍ ആനന്ദിച്ചു.

എണ്ണൂറോളം ഗാനങ്ങളാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ പൂവച്ചല്‍ ഖാദര്‍ എഴുതിയത്. എണ്‍പതുകളില്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു വിരാമങ്ങളില്ലാതെ ഗാനങ്ങള്‍ വാര്‍ന്നുവീണുകൊണ്ടിരുന്നു. നൂറു ഗാനങ്ങളെഴുതിയ വര്‍ഷങ്ങള്‍ അക്കാലത്തുണ്ടായി. പ്രണയഗാനങ്ങള്‍ക്കു പുറമെ പ്രസിദ്ധമായ ഹൈന്ദവ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും അദ്ദേഹം രചിച്ചു.

ഖാദര്‍ എഴുതിയ ഏറ്റവും പ്രസിദ്ധമായ ക്രിസ്ത്യന്‍ ഭക്തിഗാനം "ശാന്തരാത്രി, തിരുരാത്രി…" എന്ന ക്രിസ്മസ് ഗാനമാണ്.
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരകദൂതരിറങ്ങിയ
മണ്ണിന്‍ സമാധാനരാത്രി
എന്നു പുരോഗമിക്കുന്ന ഈ ഗാനം ഇപ്പോഴും എല്ലാ ക്രിസ്മസിനും എല്ലാ കരോള്‍ സംഘങ്ങളും മറക്കാതെ ആലപിച്ചു പോരുന്നു.

തുറമുഖം എന്ന ചിത്രത്തിലേതാണ് കരോള്‍ ഗാനങ്ങളുടെ ഈ കരോള്‍ ഗാനം. 1979-ലിറങ്ങിയ ഈ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനനാണ്. ജോളി എബ്രഹാമും സംഘവുമാണു പാടിയത്.

ഹൃദയത്തില്‍ നിറയുന്ന മിഴിനീരാല്‍ ഞാന്‍
തൃക്കാല്‍ കഴുകുന്നു നാഥാ
എന്ന ഗാനമാണ് പൂവച്ചല്‍ ഖാദറിന്റെ മറ്റൊരു പ്രസിദ്ധ ക്രിസ്ത്യന്‍ ഗാനം. എം. എസ്. ബാബുരാജ് ഈണം നല്‍കിയ ഗാനം പാടിയത് എസ്. ജാനകി. 1973-ല്‍ ഇറങ്ങിയ ചുഴി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ദുഃഖത്താല്‍ നിന്നെന്നെ വീണ്ടെടുക്കേണമേ എല്ലാമറിയുന്ന താതാ
ബന്ധങ്ങള്‍ നല്‍കിയ മുള്‍മുടി ചൂടി ഞാന്‍ നിന്‍ തിരുമുന്നിലായി നില്‍പൂ
പെണ്ണിന്റെ കണ്ണീര്‍ കണ്ടു കരഞ്ഞ നീ എന്നെയും കൈവിടല്ലേ…
എന്നിങ്ങനെയുള്ള വരികളില്‍ ഗാനരചയിതാവ് ഒരു വിശ്വാസിയുടെ ബൈബിള്‍ അവബോധം പ്രകാശിപ്പിക്കുന്നു.

അക്കല്‍ദാമയില്‍ പാപം പേറിയ ചോരത്തുള്ളികള്‍ വീണു എന്ന ഇതേ ചിത്രത്തിലെ ഗാനം പ്രാര്‍ത്ഥനാഗാനമല്ലെങ്കിലും ക്രൈസ്തവബിംബങ്ങളുടെ പ്രയോഗത്താല്‍ ശ്രദ്ധേയമാണ്.

അവാര്‍ഡുകളോ വമ്പന്‍ അംഗീകാരങ്ങളോ ലഭിക്കാന്‍ അവസരമില്ലാതെയാണ് പൂവച്ചല്‍ ഖാദര്‍ അന്ത്യയാത്ര പറഞ്ഞതെങ്കിലും ആരാധനാലയങ്ങളിലുള്‍പ്പെടെ അദ്ദേഹത്തിന്റെ വരികള്‍ എക്കാലവും മുഴങ്ങിക്കൊണ്ടിരിക്കും.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു