Coverstory

2024: പ്രാര്‍ത്ഥനാവര്‍ഷവും പ്രാര്‍ത്ഥനയും

ഫാ. പോള്‍ മോറേലി
  • ഫാ. പോള്‍ മോറേലി

    ഡയറക്ടര്‍, കാറ്റിക്കിസം, എറണാകുളം അങ്കമാലി മേജര്‍ അതിരൂപത

2025 ജൂബിലി വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മെ ചൂഴ്ന്നുനില്‍ക്കുന്ന ദൈവകരുണയെയും ആന്തരിക പരിവര്‍ത്തനത്തിനുള്ള പ്രാധാന്യത്തേയും ധ്യാനിക്കുവാനുള്ള വലിയ അവസരമാണ് ഈ വിശുദ്ധ വര്‍ഷാ (Holy Year) ചരണം.

പ്രത്യാശയുടെ തീര്‍ത്ഥാടകരായ (Pilgrims of Hope) നാം കരുണയുടെയും ക്ഷമയുടെയും കരങ്ങള്‍ നീട്ടുന്ന കര്‍ത്താവിന്റെ പക്കലേക്ക് പ്രാര്‍ത്ഥനയിലൂടെ നടന്ന്, വിശുദ്ധീകൃതരായി ജൂബിലിയുടെ വിശുദ്ധ കവാടം (Holy Door) തുറക്കുന്നതിനാണ് 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രാര്‍ത്ഥനാവര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനായി ''പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ'' (Teach Us to Pray) എന്ന ഒരു ഹാന്റ് ബുക്ക് വത്തിക്കാനില്‍ നിന്നും പ്രസിദ്ധീകരിച്ചീട്ടുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ശിഷ്യന്മാര്‍ ഈശോയുടെ പക്കലെത്തി യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ തങ്ങളേയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നുണ്ട് (ലൂക്കാ 11:1). ആ വാക്കുകളാണ് ഈ ഹാന്റ് ബുക്കിന്റെ പേര് - Teach Us to Pray. പത്ത് ഭാഗങ്ങളുള്ള ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തിലെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പോപ്പ് ഫ്രാന്‍സിസിന്റെ പ്രബോധനത്തെക്കുറിച്ചാണ് ഈ ലേഖനം.

പ്രാര്‍ത്ഥനയാകണം ഒരു ക്രിസ്ത്യാനിയുടെ മണ്ഡലവും, അവന്റെ പാതയെ പ്രകാശിപ്പിക്കുന്ന വെളിച്ചവും, വിശുദ്ധ കവാടത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ അവനെ നയിക്കേണ്ടുന്ന ശക്തിയും.

ദൈവവുമായുള്ള വ്യക്തിപരമായ സംഭാഷണമാണ് പ്രാര്‍ത്ഥനയെന്ന വസ്തുതയെ കൂടുതല്‍ ഉജ്ജീവിപ്പിക്കാനുള്ള ക്ഷണമാണ് ഈ പ്രാര്‍ത്ഥനാവര്‍ഷം. വ്യക്തി ജീവിതത്തിലും സഭയിലും ലോകത്തിലും പ്രാര്‍ത്ഥനയുടെ ആവശ്യകത വീണ്ടെടുക്കുന്നതിനുള്ള പരിശ്രമമാണ് ഇത്. പ്രാര്‍ത്ഥനയില്‍ സ്ഥിരതയുണ്ടാകണം. നിരന്തരമായ പ്രാര്‍ത്ഥന ഒരാളുടെ വ്യക്തിജീവിതത്തെ മാത്രമല്ല താനായിരിക്കുന്ന ആ സമൂഹത്തെത്തന്നെ രൂപാന്തരപ്പെടുത്തുന്നു, തിന്മയുടെ അധീശത്വത്തിന് മേല്‍ക്കൈ ഉണ്ടെന്ന് തോന്നുമ്പോള്‍ പോലും.

സൃഷ്ടാവുമായുള്ള അഗാധമായ സംഭാഷണമാണ് (intimate dialogue) പ്രാര്‍ത്ഥന. ഈ സംഭാഷണം ആരംഭിക്കുന്നത് മനുഷ്യ ഹൃദയത്തില്‍ നിന്നും, ചെന്നെത്തുന്നത് ദൈവത്തിന്റെ കരുണാര്‍ദ്ര ഹൃദയത്തിലുമാണ്. അതു നമ്മെ രൂപാന്തരപ്പെടുത്തുന്നു. ഒരിക്കലും ഒടുങ്ങാത്ത, നാം ഉറങ്ങുമ്പോള്‍പോലും ചലനാത്മകമായ, ആത്മീയ ജീവന്റെ ശ്വാസോച്ഛ്വാസമാണ് (spiritual breath of life) പ്രാര്‍ത്ഥന. ഈ ജീവദായക പ്രവര്‍ത്തനം പിതാവുമായുള്ള നിരന്തര ബന്ധമാണ്. ഈ ബന്ധത്തിലായിരിക്കുമ്പോള്‍ പ്രാര്‍ത്ഥനാജീവിതമെന്നത് നമ്മുടെ ഓരോ പ്രവൃത്തിയേയും അനുഗമിക്കുന്നതാണ്, പ്രകടമല്ലാത്ത നിമിഷങ്ങളില്‍ പോലും.

ഈ സംഭാഷണം ആരംഭിക്കുന്നത് മനുഷ്യഹൃദയത്തില്‍ നിന്നും, ചെന്നെത്തുന്നത് ദൈവത്തിന്റെ കരുണാര്‍ദ്ര ഹൃദയത്തിലുമാണ്. അതു നമ്മെ രൂപാന്തരപ്പെടുത്തുന്നു. ഒരിക്കലും ഒടുങ്ങാത്ത, നാം ഉറങ്ങുമ്പോള്‍പോലും ചലനാത്മകമായ, ആത്മീയജീവന്റെ ശ്വാസോ ച്ഛ്വാസമാണ് (spiritual breath of life) പ്രാര്‍ത്ഥന.

പ്രാര്‍ത്ഥനയില്‍ നാം ദൈവത്തോട് സംസാരിക്കുക മാത്രമല്ല, ദൈവത്തെ കേള്‍ക്കുക കൂടിയാണ്. അവന്റെ നിശ്ശബ്ദ സാന്നിദ്ധ്യത്തില്‍ ഉത്തരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കണ്ടെത്തിക്കൊണ്ട്. ദൈവം നമ്മോട് സംസാരിക്കുന്ന ത് സ്വസ്ഥമായി കേള്‍ക്കാനുള്ള അവസരമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന സ്വര്‍ഗവും ഭൂമിയും തമ്മിലുള്ള ഒരു പാലമാണ്. മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിന്റെ പാലം. മനുഷ്യഹൃദയവും ദൈവത്തിന്റെ ഹൃദയവും ഇഴപിരിഞ്ഞു കിടക്കുന്ന (intertwined) നിലയ്ക്കാത്ത സ്‌നേഹ സംഭാഷണത്തിന്റെ സംഗമവേദിയാണ് പ്രാര്‍ത്ഥന.

ജീവിത സന്തോഷങ്ങളോ വെല്ലുവിളികളോ ആകട്ടെ, നാം നേരിടേണ്ടിവരുന്ന ഏതു സാഹചര്യത്തിലും പ്രാര്‍ത്ഥനയുടെ നിമിഷങ്ങളെ കണ്ടെത്തണമെന്ന് പോപ്പ് ഫ്രാന്‍സിസ് നമ്മെ ഒര്‍മ്മിപ്പിക്കുന്നു. നാം ദൈവത്താല്‍ എത്രമേല്‍ സ്‌നേഹിക്കപ്പെടുന്നുണ്ട് എന്ന് പ്രാര്‍ത്ഥനയിലൂടെയാണ് കണ്ടെത്തുന്നത്. ദൈവം നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന ഈ അവബോധമാണ് ഓരോ ദിവസവും അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുവാനുള്ള ധൈര്യവും പ്രതീക്ഷയും നമുക്ക് നല്‍കുന്നത്. അതുകൊണ്ട് ജീവിതത്തില്‍ നാം നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരിക്കലും നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും വിഘാതമാകില്ല. മറിച്ച്, ഈ പ്രയാസങ്ങളും പ്രശ്‌നങ്ങളും ദൈവത്തെ കണ്ടുമുട്ടുന്നതിനുള്ള ക്ഷണമായി മാറും.

പ്രാര്‍ത്ഥനയില്‍ ദൈവകരുണ അഗാധമായും വ്യക്തിപരമായും പ്രകടമാകുന്നു. കാരണം എല്ലാ മനുഷ്യാവശ്യങ്ങളും പിതാവിന്റെ കരുണയുടെ നിരന്തര ഓര്‍മ്മപ്പെടുത്തലാണ്. ഈ കരുണ വിനീതമായ പ്രാര്‍ത്ഥനയിലൂടെ മാത്രമേ നേടാനാകു. പ്രാര്‍ത്ഥന ജീവദായകമാകാന്‍ ശുദ്ധമായ ഒരു ഹൃദയം നമുക്ക് ആവശ്യമാണ്. ശുദ്ധ ഹൃദയത്തില്‍ നിന്നുമായിരിക്കണം പ്രാര്‍ത്ഥന ഉയരേണ്ടത്. ചുങ്കക്കാരന്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചതുപോലെ.

'പ്രാര്‍ത്ഥന ഒരു മാന്ത്രിക വടിയല്ല!' കര്‍ക്കശമായ ഒരു ഫോര്‍മുല ശരിയായ വിധത്തില്‍ ആവര്‍ത്തിച്ചതിന്റെ പേരില്‍ കച്ചവടത്തിലെന്നപോലെ, ആവശ്യപ്പെടുന്ന ഉത്പന്നം ലഭ്യമാക്കുന്ന ഒന്നല്ല പ്രാര്‍ത്ഥന. ആര്‍ദ്രഹൃദയനായ ദൈവം ദയാവായ്‌പോടെ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന ഉറപ്പോടെയാണ് നാം പ്രാര്‍ത്ഥിക്കുന്നത്. പലപ്പോഴും പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ മനസ്സുമാറ്റാനുള്ള അവസരമായി നാം ഉപയോഗിക്കുന്നു. പക്ഷേ, പ്രാര്‍ത്ഥനകളിലൂടെ ദൈവമാണ് നമ്മുടെ മനസ്സുമാറ്റുന്നത്, നമ്മെ മാറ്റുന്നത്. പ്രാര്‍ത്ഥനയില്‍ നാം സമര്‍പ്പിക്കുന്നത് നമ്മുടെ തന്നെ ജീവിതമാണ്; ജീവിത പ്രശ്‌നങ്ങളാണ്. ഇപ്രകാരം മാത്രമേ തന്റെ മക്കളെ കാണാന്‍ വരുന്ന ഒരു പിതാവിനെപോലെ ദൈവത്തിന്റെ അനുകമ്പ, നിറഞ്ഞ കരുണയോടെ നമുക്ക് അനുഭവിക്കാനാകൂ.

തന്റെ പൊന്തിഫിക്കേറ്റിന്റെ ആദ്യകാലം മുതല്‍തന്നെ പ്രാര്‍ത്ഥനയില്‍ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ 'ദൈവത്തില്‍ ഒരു കുടുംബം' (one family in God) ആകേണ്ടതെന്ന് തിരിച്ചറിയേണ്ടതിനെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയിലൂടെയാണ് ഒരേ പിതാവുമായി നമ്മെ എല്ലാവരേയും ബന്ധിപ്പിക്കുന്ന സാഹോദര്യത്തിന്റെ ബന്ധം ദൃഢമാകുന്നത്. അതുപോലെതന്നെ ആരാധനക്രമ പ്രാര്‍ത്ഥനകളിലൂടെയാണ് സഭ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ഒരു ശരീരമാണെന്ന വസ്തുതയും തിരിച്ചറിയുന്നത്. പ്രാര്‍ത്ഥിക്കുന്നിടത്ത് കൂട്ടായ്മയുണ്ട്, സാഹോദര്യമുണ്ട്. സാഹോദര്യമുള്ളിടത്ത് പ്രാര്‍ത്ഥനയുമുണ്ട്. കൂട്ടായ്മയേയും സാഹോദര്യത്തേയും ഊട്ടിയുറപ്പിക്കുന്നതാകണം നമ്മുടെ പ്രാര്‍ത്ഥനകള്‍.

വി. പാദ്രെ പിയോയുടെ വാക്കുകളെ കടമെടുത്തുകൊണ്ട് പാപ്പ പറയുന്നു: 'പ്രാര്‍ത്ഥന ദൈവത്തിന്റെ ഹൃദയം തുറക്കുന്ന താക്കോലാണ്.' സ്‌നേഹമുള്ള ഒരു ഹൃദയമാണ് ദൈവത്തിനുള്ളത്. ഒരു പിതാവിന്റെ ഹൃദയമാണത്. സ്‌നേഹത്തിന്റെ ആ ഹൃദയത്തെ പ്രാര്‍ത്ഥനയാകുന്ന താക്കോലുകൊണ്ട് നമുക്ക് തുറക്കാനാകും.

പ്രാര്‍ത്ഥനയാണ് പ്രത്യാശയുടെ ആദ്യ ശക്തി. പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രത്യാശ വളരുകയും അത് നമ്മെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രത്യാശ വളരുന്നു, മുന്നേറുന്നു. പ്രാര്‍ത്ഥനയാണ് പ്രത്യാശയിലേക്കുള്ള വാതില്‍ തുറക്കുന്നത്. പ്രത്യാശയുടെ ആ വാതില്‍ തുറക്കേണ്ടത് എന്റെ പ്രാര്‍ത്ഥനകൊണ്ടാണ്.

എല്ലാത്തിന്റെയും അധിപരാണ് നാം എന്ന് ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയേക്കാം. ചിലപ്പോള്‍ അതിന് വിപരീതമായി നമ്മെക്കുറിച്ചുതന്നെ നമുക്ക് തീരെ മതിപ്പിലാതെയും പോയേക്കാം. ദൈവത്തോടും സൃഷ്ടികളോടുമുള്ള നമ്മുടെ ബന്ധത്തിന്റെ ശരിയായ ദിശ നിശ്ചയിക്കാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കും.

പ്രാര്‍ത്ഥനയിലാണ് വചനത്തിന്റെ പുതിയ അവതാരം സംഭവിക്കുന്നത്. വചനത്തെ സ്വാഗതം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്ന 'സക്രാരി'കളാണ് നാം. ദൈവവചനം നമ്മില്‍ വസിക്കുന്നതും വളരുന്നതും, നാം ദൈവവചനത്തില്‍ വസിക്കുന്നതും പ്രാര്‍ത്ഥനയിലൂടെയാണ്.

സഭയിലെ പുതിയ തുടക്കങ്ങളും വളര്‍ച്ചയും പ്രാര്‍ത്ഥനയുടെ ഫലമാണ്. ദുഷ്ടന്‍ സഭയോട് പൊരുതാന്‍ ശ്രമിക്കുമ്പോള്‍ ആദ്യമേ ചെയ്യുന്നത് സഭാമക്കളെ പ്രാര്‍ത്ഥനയില്‍ നിന്നും പിന്തിരിപ്പിക്കുക എന്നതാണ്. എന്തിനേയും വളര്‍ത്തുന്ന പരിശുദ്ധാത്മാവിലേക്കുള്ള വാതില്‍ തുറക്കുന്നത് പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന കൂടാതെയുള്ള സഭയിലെ മാറ്റങ്ങള്‍ സഭയിലൂടെ സംജാതമാകുന്നതല്ല, ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതാണ്.

ജൂബിലിയുടെ ഫലങ്ങളായ ദൈവത്തിന്റെ കരുണ, ശക്തി, സ്‌നേഹം എന്നിവ സ്വന്തമാക്കുവാനാണ് വിശ്വാസികള്‍ ചരിക്കേണ്ടത്. അങ്ങനെ 2024 പ്രാര്‍ത്ഥനയുടെ ഒരു സിംഫണിയായി രൂപാന്തരപ്പെടുണം. ദൈവത്തിന്റെ സാനിധ്യത്തിലായിരിക്കാന്‍, അവനെ ശ്രവിക്കാന്‍, ആരാധിക്കാന്‍. അപ്രകാരം പ്രാര്‍ത്ഥന വിശുദ്ധിയിലേക്കുള്ള ഒരു രാജകീയ പാതയാകും.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു