Coverstory

ആത്മീയ ദര്‍ശനങ്ങളുടെ ആധികാരികതയ്ക്ക് : ചില മനശ്ശാസ്ത്ര വായനകള്‍

Sathyadeepam
  • ഡോ. ജോ പോള്‍ കിരിയാന്തന്‍

    നിവേദിത, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൈക്കോ സ്പിരിച്വല്‍ ഫോര്‍മേഷന്‍ & ഫെല്ലോഷിപ്പ്, ചുണങ്ങംവേലി

കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ അനേകം വ്യക്തികള്‍ തങ്ങള്‍ക്ക് അതിസ്വാഭാവികമായ (super natural) ആത്മീയ അനുഭവങ്ങള്‍ ഉണ്ടായി എന്നും അവര്‍ ദൈവികമായ വെളിപ്പെടുത്തലുകള്‍ (private revelations) സ്വീകരിച്ചു എന്നും അവകാശപ്പെട്ടിട്ടുണ്ട്. ഉണ്ണീശോയുമായി സംസാരിച്ചു, ഈശോയുടെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടു, ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ മാംസവും രക്തവുമായി മാറി, പരിശുദ്ധ അമ്മയുടെ ദര്‍ശനം ഉണ്ടായി, മാതാവിന്റെ ചിത്രത്തില്‍ നിന്ന് കണ്ണീര്‍ പൊഴിച്ചു എന്ന് തുടങ്ങി ഒട്ടനവധി വാര്‍ത്തകള്‍ നാം ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളുടെയും അതിലൂടെ പ്രകടമാകുന്ന ദൈവിക ഇടപെടലിന്റെയും ആധികാരികത നിര്‍ണ്ണയിക്കേണ്ടത് കത്തോലിക്കാസഭയുടെ ഉത്തരവാദിത്വമാണ്.

വ്യക്തികളുടെ അതിസ്വാഭാവികമോ അതീന്ദ്രിയമോ ആയ അനുഭവങ്ങളെ പരസ്യമായ ആരാധനയ്ക്കും വണക്കത്തിനും കാരണമാക്കുന്നതിനു മുന്‍പ് അതിന്റെ ആധികാരികത നിര്‍ണ്ണയിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം പ്രാദേശിക സഭയ്ക്കാണ് എന്ന് ട്രെന്‍ഡ് സൂനഹദോസ് (1545-1563) തീരുമാനിച്ചു. പ്രാദേശിക സഭകളെ സഹായിക്കാന്‍ വത്തിക്കാന്‍ കാലാകാലങ്ങളില്‍ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ഉദ്ദേശ്യ ലക്ഷ്യത്തോടുകൂടി വത്തിക്കാനിലെ വിശ്വാസകാര്യാലയം ഏറ്റവും ഒടുവിലായി ഇറക്കിയ ഔദ്യോഗിക നിര്‍ദേശങ്ങള്‍ 2024 മെയ് 18-ന് നിലവില്‍ വന്നു.

അതിസ്വാഭാവികവും അതീന്ദ്രിയവുമായ ചില ദര്‍ശനങ്ങള്‍ പ്രത്യേക മാനസിക വൈകല്യങ്ങളുടെ ഭാഗമായി ചില ആളുകളില്‍ കണ്ടുവരാറുണ്ട്. വിഭ്രാന്തി എന്നോ മായാദൃശ്യമെന്നോ (hallucinations) വിളിക്കാവുന്ന ഒരു അനുഭവത്തിലൂടെ സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസീസ് തുടങ്ങിയ മാനസിക രോഗം ബാധിച്ചവര്‍ കടന്നു പോകാറുണ്ട്.

എണ്ണമറ്റവിധം മരിയന്‍ ദര്‍ശനങ്ങളുടെ അവകാശവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 20 ല്‍ താഴെ ദര്‍ശനങ്ങള്‍ മാത്രമേ ആഗോള സഭ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ എന്നത് ഈ പ്രക്രിയയില്‍ സഭ പുലര്‍ത്തുന്ന നിതാന്തമായ ശ്രദ്ധയുടെ തെളിവാണ്. മാത്രവുമല്ല നീണ്ടകാലത്തെ പഠനങ്ങള്‍ക്കൊടുവിലാണ് ആഗോള സഭ പലപ്പോഴും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നടത്താറുള്ളത്. ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ നടന്ന മരിയന്‍ ദര്‍ശനം ഔദ്യോഗികമായി അംഗീകരിച്ചത് നാല് വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കുശേഷമാണ്. പോര്‍ച്ചുഗലിലെ ഫാത്തിമയിലെ ദര്‍ശനം 13 വര്‍ഷങ്ങളുടെ പഠനത്തിനൊടുവിലും മെക്‌സിക്കോയിലെ ഗ്വാദലൂപ്പയില്‍ നടന്ന ദര്‍ശനം 24 വര്‍ഷങ്ങളുടെ പഠനത്തിനൊടുവിലുമാണ് സഭ ഔദ്യോഗികമായ സ്ഥിരീകരിച്ചത്. ബോസ്‌നിയായിലെ മെഡ്ജുഗോറിയില്‍ നടന്ന മരിയന്‍ ദര്‍ശനങ്ങളുടെ ആധികാരികതയെക്കുറിച്ച് കഴിഞ്ഞ 43 വര്‍ഷങ്ങളായി സഭ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ പ്രക്രിയയും പഠനങ്ങളും നിരവധി വര്‍ഷങ്ങള്‍ നീളുന്നതിനുള്ള ഒരു പ്രധാന കാരണം അതിസ്വാഭാവികമോ മിസ്റ്റിക്കോ ആയ ഇത്തരം അനുഭവങ്ങളിലെ ദൈവികവും മാനസ്സികവുമായ ഘടകങ്ങളെ വേര്‍തിരിച്ചറിയാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ്. വളരെ പ്രത്യേകമായി, അപഭ്രംശം വന്ന ചില മനസ്സുകളുടെ പ്രത്യേകതകള്‍ മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുടെ സ്വഭാവ രീതികള്‍ക്ക് സമാനമായി തോന്നും. അതുകൊണ്ടുതന്നെ ഇത്തരം ആത്മീയാനുഭവങ്ങളുടെ ആധികാരികത തേടുന്ന പ്രക്രിയ ചിലപ്പോള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി മാറാം. ഈ പ്രക്രിയയില്‍ മനശ്ശാസ്ത്ര ദര്‍ശനങ്ങളെ കുറിച്ചുള്ള ജ്ഞാനം സഹായകരമായേക്കാം.

അതിസ്വാഭാവികവും അതീന്ദ്രിയവുമായ ചില ദര്‍ശനങ്ങള്‍ പ്രത്യേക മാനസ്സിക വൈകല്യങ്ങളുടെ ഭാഗമായി ചില ആളുകളില്‍ കണ്ടുവരാറുണ്ട്. വിഭ്രാന്തി എന്നോ മായാദൃശ്യമെന്നോ (hallucinations) വിളിക്കാവുന്ന ഒരു അനുഭവത്തിലൂടെ സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസീസ് തുടങ്ങിയ മാനസ്സിക രോഗം ബാധിച്ചവര്‍ കടന്നുപോകാറുണ്ട്. മയക്കുമരുന്നോ മദ്യമോ ഉപയോഗിക്കുന്ന ചിലരിലും താത്കാലികമായ ചില വിഭ്രാന്തികള്‍ കാണപ്പെടാറുണ്ട്. തലച്ചോറില്‍ ഉണ്ടാകുന്ന ചില നിസ്സാര വ്യതിയാനങ്ങള്‍ ഇത്തരം അനുഭവങ്ങള്‍ക്ക് കാരണമായി മാറുന്നു.

അതിസ്വാഭാവിക അനുഭവങ്ങള്‍ ആത്മീയ ജീവിതത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തിയേക്കും എന്നതില്‍ സംശയമില്ല. എന്നാല്‍, ആത്മീയ ജീവിതത്തെ അതിസ്വാഭാവിക അനുഭവങ്ങളുടെ പിന്നാലെയുള്ള യാത്ര മാത്രമായി ചുരുക്കുന്നത് ആഴങ്ങള്‍ അന്വേഷിക്കാത്ത ആത്മീയതയുടെ ലക്ഷണമാണെന്ന് മനസ്സിലാക്കേണ്ടി വരും.

യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒന്നിന്റെ സാന്നിധ്യം യാഥാര്‍ത്ഥ്യം പോലെ തിരിച്ചറിയുന്ന മാനസ്സിക അവസ്ഥയാണ് വിഭ്രാന്തി എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് ഒരുവന്റെ ഉള്ളില്‍ നടക്കുന്ന തികച്ചും ഭാവനയാല്‍ (Imagination) അധിഷ്ഠിതമായ കാര്യമല്ല. മറിച്ച് മനസ്സിനു പുറത്ത് മറ്റുള്ളവര്‍ക്കും കൂടി ഗ്രഹിക്കാനാവുന്ന വിധത്തില്‍ ഒരു യാഥാര്‍ത്ഥ്യം (reality) പോലെ നടക്കുന്നു എന്നാണ് ഇക്കൂട്ടര്‍ ധരിക്കുന്നത്.

വിഭ്രാന്തികള്‍ പലതരത്തില്‍ വ്യക്തികളില്‍ കാണപ്പെടാറുണ്ട്. മറ്റാരും കാണാത്ത കാഴ്ചകള്‍ കാണുന്നത് (visual hallucination); പ്രത്യേകമായ സ്വരങ്ങള്‍ കേള്‍ക്കുന്നത് (auditory hallucination); ചില പ്രത്യേക ഗന്ധങ്ങള്‍ അനുഭവപ്പെടുന്നത് (olfactory hallucination); രുചികള്‍ തോന്നുന്നത് (gustatory hallucination); സ്പര്‍ശനങ്ങള്‍ ഉണ്ടാകുന്നത് (tactile hallucination); എന്നിങ്ങനെ മനുഷ്യമനസ്സുകളിലെ വിഭ്രാത്മകമായ അനുഭവങ്ങള്‍ വളരെയധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. കൂടാതെ ചില വ്യക്തികളില്‍ കൃത്രിമമായ ചില വിഭ്രമാവസ്ഥകള്‍ (pseudo hallucination) കാണിക്കാറുണ്ട്. തികച്ചും ഉള്‍വലിഞ്ഞ പ്രകൃതമുള്ള ചില വ്യക്തികള്‍ തങ്ങളുടെ വ്യക്തിപരമായ ഇടങ്ങളില്‍ തുടര്‍ച്ചയില്ലാത്ത രീതിയില്‍ കാണുന്ന ചില മായാക്കാഴ്ചകളെയാണ് ഇത്തരം വിഭ്രമാവസ്ഥകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒന്നിന്റെ സാന്നിധ്യം യാഥാര്‍ത്ഥ്യം പോലെ തിരിച്ചറിയുന്ന മാനസിക അവസ്ഥയാണ് വിഭ്രാന്തി എന്ന വാക്കുകൊണ്ട്. അര്‍ത്ഥമാക്കുന്നത്. ഇത് ഒരുവന്റെ ഉള്ളില്‍ നടക്കുന്ന തികച്ചും ഭാവനയാല്‍ (Imagination) അധിഷ്ഠിതമായ കാര്യമല്ല. മറിച്ച് മനസ്സിന് പുറത്ത് മറ്റുള്ളവര്‍ക്കും കൂടി ഗ്രഹിക്കാനാവുന്ന വിധത്തില്‍ ഒരു യാഥാര്‍ത്ഥ്യം (reality) പോലെ നടക്കുന്നു എന്നാണ് ഇക്കൂട്ടര്‍ ധരിക്കുന്നത്.

മുകളില്‍ വിശദീകരിച്ച മനശ്ശാസ്ത്ര ചിന്തകള്‍ ഒരു ആത്മീയ ദര്‍ശനത്തിന്റെ ആധികാരികത നിര്‍ണ്ണയിക്കുന്നതില്‍ മനശ്ശാസ്ത്രത്തിന് നല്‍കാനാവുന്ന സംഭാവനകളിലേക്ക് വെളിച്ചം വീശുന്നു. ഒപ്പം, ഇത്തരം ദര്‍ശനങ്ങളുടെ ആധികാരികത നിര്‍ണ്ണയിക്കുന്ന പ്രക്രിയകളോട് ക്ഷമാപൂര്‍വം സഹകരിക്കാനുള്ള സമചിത്തത സാധാരണ വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും സ്വന്തമാക്കാനാകണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

അതിസ്വാഭാവികാനുഭവങ്ങള്‍ ആത്മീയ ജീവിതത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തിയേക്കും എന്നതില്‍ സംശയമില്ല. എന്നാല്‍, ആത്മീയ ജീവിതത്തെ അതിസ്വാഭാവിക അനുഭവങ്ങളുടെ പിന്നാലെയുള്ള യാത്ര മാത്രമായി ചുരുക്കുന്നത് ആഴങ്ങള്‍ അന്വേഷിക്കാത്ത ആത്മീയതയുടെ ലക്ഷണമാണെന്ന് മനസ്സിലാക്കേണ്ടി വരും. കര്‍ത്താവ് വിശുദ്ധ തോമാശ്ലീഹായോടു പറഞ്ഞ വചനങ്ങള്‍ ഇവിടെ പ്രസക്തമാണ്: 'നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു, കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍' (യോഹ. 20:28-29).

അന്തിമ സിനഡ് രേഖയുടെ കരട് തയ്യാറാക്കുന്നതില്‍ സ്വാതന്ത്ര്യത്തിന്റെ പങ്ക്

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു