Coverstory

കുടുംബങ്ങളുടെ മധ്യസ്ഥ-വിശുദ്ധ മറിയം ത്രേസ്യ

Sathyadeepam


ബിഷപ് പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട രൂപതാമെത്രാന്‍

കാലഘട്ടത്തിന്‍റെ പ്രവാചികയും പഞ്ചക്ഷതധാരിയും കുടുംബങ്ങളുടെ മധ്യസ്ഥയും, കുടുംബ പ്രേഷിതരുടെ മാതൃകയും, തിരുക്കുടുംബസന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയും സമര്‍പ്പിതരുടെ പ്രചോദകയും ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറയുടെ പുണ്യവും കുഴിക്കാട്ടുശ്ശേരിയുടെ സുകൃതവുമായ മറിയം ത്രേസ്യയെ 2019 ഒക് ടോബര്‍ 13-ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നു. ജന്മം കൊണ്ടും കര്‍മ്മംകൊണ്ടും പരിപൂജിതമായ പുത്തന്‍ചിറയില്‍ നിന്നുള്ള ഈ ആത്മീയ കുസുമത്തിന്‍റെ വിശുദ്ധിയുടെ പ്രഭ ആഗോളതലത്തില്‍ പ്രസരിപ്പിക്കുവാന്‍ ഇടയാകുന്നതില്‍ നമുക്കഭിമാനിക്കാം. ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കാം. ആഗോള കത്തോലിക്കാസഭയ്ക്ക് കേരളം നല്‍കുന്ന നാലാമത്തെ വിശുദ്ധയായ മദര്‍ മറിയം ത്രേസ്യ ഭാരതമണ്ണിന്‍റെയും സീറോ മലബാര്‍ സഭയുടെയും തിരുകുടുംബ സന്യാസിനിസമൂഹത്തിന്‍റെയും ഇരിങ്ങാലക്കുട രൂപതയുടെയും ആനന്ദത്തിനു നിദാനമാണ്.

ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബത്തിലെ തോമന്‍-താണ്ട ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമത്തെ സന്താനമായി ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറയില്‍ 1876 ഏപ്രില്‍ 26-ാം തീയതി ത്രേസ്യ ജനിച്ചു. മെയ് മാസം മൂന്നാം തീയതി ഇടവക ദേവാലയത്തില്‍വച്ച് മാമ്മോദീസ സ്വീകരിച്ചു. പരിശുദ്ധ കന്യകാമാതാവിനോട് ത്രേസ്യക്ക് അതീവ ഭക്തിയായിരുന്നു. മൂന്നു വയസ്സുള്ളപ്പോള്‍ തന്‍റെ കുഞ്ഞുഹൃദയം അവള്‍ മാതാവിന്‍റെ മുമ്പില്‍ കാഴ്ചവച്ചു. കന്യാംബികയെ അമ്മയായി തിരഞ്ഞെടുത്തു.

ആശാന്‍ കളരിയിലാണ് അവളെ എഴുത്തിനിരുത്തിയത്. കുഞ്ഞു നാള്‍ മുതല്‍ അമ്മയില്‍നിന്ന് കേട്ടറിഞ്ഞ ഈശോയുമായി ഐക്യപ്പെടുവാന്‍ അവള്‍ അതിയായി ആഗ്രഹിച്ചു. ത്രേസ്യ 1886-ല്‍ അവളുടെ 10-ാം വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. നിതാന്ത ക്ഷമയുടെയും സ്നേഹത്തിന്‍റെയും നിരന്തര സഹനത്തിന്‍റെയും നിദര്‍ശനമായിരുന്നു അവളുടെ ജീവിതം. 12 വയസ്സുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു. അമ്മയുടെ വേര്‍പാട് അവള്‍ക്ക് ഏറെ അസഹനീയമായി. അവള്‍ ദൈവമാതാവിന്‍റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ഹൃദയത്തില്‍ നിന്നുയര്‍ന്ന സമര്‍പ്പണത്തിന്‍റെ ഹൃദയത്തുടിപ്പുകളോടെ അമ്മയുടെ മകളായി ജീവിച്ചുകൊള്ളാമെന്ന വാഗ്ദാനവും ത്രേസ്യ എടുത്തു. അതുകൊണ്ടാണ് സന്യാസവ്രതവാഗ്ദാന സമയത്ത് 'മറിയം ത്രേസ്യ' എന്ന നാമം സ്വീകരിച്ചത്.

1902 ഏപ്രില്‍ 2-ാം തീയതി ഫാ. ജോസഫ് വിതയത്തില്‍ പുത്തന്‍ചിറ വികാരിയായി നിയമിതനായി. ആദ്ധ്യാത്മിക പിതാവെന്ന നിലയില്‍ അദ്ദേഹമായിരുന്നു ത്രേസ്യയുടെ ജീവിതവളര്‍ച്ചയ്ക്ക് പ്രചോദനമേകിയത്. "ആരോരുമില്ലാത്തവരെ സഹായിച്ചാല്‍ ദൈവം തരുന്ന കൂലി അതാര്‍ക്കും ഊഹിക്കുവാന്‍ പറ്റാത്തതിലധികമാണ്." ഈ വാക്കുകള്‍ മറിയം ത്രേസ്യയെ കുടുംബങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ പ്രേരിപ്പിച്ചു.

ജപമാല ചൊല്ലികൊണ്ടാണ് ഓരോ കുടുംബത്തിലേക്കും പോയത്. അസമാധാനത്തില്‍ കഴിയുന്ന മനുഷ്യമക്കള്‍ക്ക് സാന്ത്വനവചസ്സുകള്‍ ഓതികൊടുത്തു. രോഗികളായി കഴിയുന്നവരെയും മരണത്തോട് മല്ലിട്ട് അസ്വസ്ഥത അനുഭവിക്കുന്നവരേയും ത്രേസ്യ ശുശ്രൂഷിച്ച് പ്രാര്‍ത്ഥിച്ചു. നിഷ്കപടവും ആര്‍ജ്ജവത്വം നിറഞ്ഞതുമായ ത്രേസ്യയുടെ ജീവിത ശൈലിയെ നാട്ടുകാരില്‍ ചിലര്‍ ആക്ഷേപവിഷയമാക്കി. യുവതികള്‍ വീടുവിട്ടിറങ്ങി അന്യവീടുകളില്‍ പോയി സേവന ശുശ്രൂഷകള്‍ ചെയ്യുന്നത് കാലത്തിനും കുലീനതയ്ക്കും നിരക്കാത്തതെന്ന് പലരും വിധിയെഴുതി. മനസ്സാക്ഷി കുറ്റപ്പെടുത്താത്ത ആ ജീവിതവഴികളില്‍, മറിയം ത്രേസ്യ ഈശോയോടുള്ള സ്നേഹത്തില്‍ ലയിച്ച് പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടിരുന്നു.

ഈ ശുശ്രൂഷകളുടെയിടയില്‍ ത്രേസ്യയുടെ ജീവിതം ഏറെ പ്രലോഭനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മാനസികവും ശാരീരികവുമായ വേദനകള്‍ക്കും വിധേയമായി. തീരാവേദനയിലും ത്രേസ്യ പ്രാര്‍ത്ഥനയും പ്രായശ്ചിത്ത പ്രവൃത്തികളും നോമ്പും ഉപവാസവും കൂടുതല്‍ ശക്തമാക്കി. ദുഷ്ടശക്തികളുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ അതാണ് പറ്റിയ മാര്‍ഗ്ഗമെന്ന് ത്രേസ്യ മനസ്സിലാക്കി. ചെറുപ്പം മുതല്‍ ഈശോയെ ധ്യാനിച്ചുകൊണ്ടിരുന്ന ത്രേസ്യയ്ക്ക് പീഢാനുഭവ ദര്‍ശനങ്ങള്‍ നല്‍കി ദൈവം അനുഗ്രഹിച്ചിരുന്നു. ലോകത്തില്‍ മനുഷ്യര്‍ ചെയ്യുന്ന പാപങ്ങളാണ് ഈശോയുടെ പീഡാനുഭവത്തിന് കാരണമെന്ന് ത്രേസ്യ മനസ്സിലാക്കി. ഈശോയുടെ കുരിശ് ഏറ്റുവാങ്ങി വേദന കുറയ്ക്കുവാന്‍ ത്രേസ്യ ആഗ്രഹിച്ചു. ഈ മനോഭാവമാണ് ഈശോയുടെ പീഡകളില്‍ പങ്കുപറ്റുവാനും അതിന്‍റെ അടയാളമായി പഞ്ചക്ഷതങ്ങള്‍ സ്വീകരിക്കുവാനും അവളെ പ്രാപ്തയാക്കിയത്.

1912 നവംബര്‍ 26-ാം തീയതി ത്രേസ്യ അഭിവന്ദ്യ ജോണ്‍ മേനാച്ചേരി മെത്രാന്‍റെ അനുവാദപ്രകാരം ഒല്ലൂര്‍ കര്‍മ്മലീത്താ മഠത്തില്‍ ചേര്‍ന്നെങ്കിലും അവളുടെ സേവനം പുത്തന്‍ചിറയില്‍ ലഭിക്കണമെന്ന ഇടവകക്കാരുടെ ആഗ്രഹം മാനിച്ചുകൊണ്ട് അവള്‍ പുത്തന്‍ചിറയില്‍ 1913 ഒക്ടോബര്‍ 13-ാം തീയതി ഏകാന്ത ഭവനില്‍ താമസമാക്കി. ത്രേസ്യയുടെ ജീവിതചര്യ യോട് താല്‍പര്യമുള്ള മറ്റു മൂന്ന് പേരും അവളുടെ കൂടെ ഈ ഭവനത്തില്‍ താമസിച്ചു. 1914 മെയ് 14-ാം തീയതി മേനാച്ചേരി മെത്രാന്‍റെ അനുവാദത്തോടെ ത്രേസ്യ സഭാവസ്ത്രവും പ്രഥമ വ്രതവാഗ്ദാനവും നടത്തി. തിരുകുടുംബ സന്യാസിനിസമൂഹത്തിന് അന്നു മുതല്‍ തുടക്കംകുറിച്ചു. വിതയത്തിലച്ചനായിരുന്നു ത്രേസ്യയുടെ ആദ്ധ്യാത്മിക നിയന്താവ്. 1915-ല്‍ പുത്തന്‍ചിറയില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു. തുടര്‍ന്ന് 1922-ല്‍ കുഴിക്കാട്ടുശ്ശേരിയില്‍ പുതിയ മഠം തുടങ്ങി. പുതിയതായി രൂപംകൊണ്ട സന്യാസ സമൂഹത്തിന് ആവശ്യമായ സഹായങ്ങള്‍ നാട്ടുകാര്‍ കണ്ടറിഞ്ഞ് ഔദാര്യപൂര്‍വ്വം നല്‍കി. പ്രാര്‍ത്ഥനയിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും മദര്‍ മറിയം ത്രേസ്യ സമയം ചെലവഴിക്കുകയും സന്യാസ സമൂഹാംഗങ്ങളെ അതിനായി പ്രചോദിപ്പിക്കുകയും ചെയ്തു.

അനുദിനം സന്യാസ സമൂഹത്തില്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. തുമ്പൂര്‍ പുതിയ ശാഖാമഠത്തിന്‍റെ ആശീര്‍വ്വാദവേളയില്‍ മദ്ബഹയുടെ അഴിക്കാല്‍ മറിഞ്ഞ് കാലില്‍ മാരകമായ മുറിവ് ഉണ്ടാവുകയും അത് മറിയം ത്രേസ്യയെ രോഗബാധിതയാക്കുകയും ചെയ്തു. രോഗം മൂര്‍ച്ചിക്കുകയും 1926 ജൂണ്‍ 8-ന് മറിയം ത്രേസ്യ നിത്യതയിലേക്ക് യാത്രയാകുകയും ചെയ്തു. കുഴിക്കാട്ടുശ്ശേരി മഠം കപ്പേളയില്‍ കബറടക്കം നടന്നു. അനേകര്‍ മദര്‍ മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥ്യം തേടി കബറിടത്തില്‍ വന്ന് പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിച്ചു. വിശ്വാസത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും വീരോചിതമായ മാര്‍ഗ്ഗത്തിലൂടെ ചരിച്ച ഈ സുകൃതകന്യകയെ 1999 ജൂണ്‍ 28-ന് ധന്യയായും, 2000 ഏപ്രില്‍ 9-ന് വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിതയായി.

കുടുംബങ്ങളുടെ മദ്ധ്യസ്ഥയും കുടുംബപ്രേഷിതരുടെ മാതൃകയുമായി പ്രശോഭിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതവിശുദ്ധിയോടൊപ്പം സാമൂഹിക പ്രതിബദ്ധത പ്രകടമാകുന്ന വ്യത്യസ്തതയാര്‍ന്ന ചില പ്രവര്‍ത്തനമേഖലകളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു:

1) കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കുവാന്‍ പരിശ്രമിച്ച സമര്‍പ്പിത
കുടുംബങ്ങളില്‍ ദൈവവിശ്വാസവും ക്രൈസ്തവമൂല്യങ്ങളും വളര്‍ത്തുവാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കാനും കുടുംബസന്ദര്‍ശനങ്ങളിലൂടെ മറിയം ത്രേസ്യ യത്നിച്ചു. നിരന്തര പ്രാര്‍ത്ഥയിലൂടെയും പരിഹാരകൃത്യങ്ങളിലൂടെയും മടുപ്പ് കൂടാതെയുള്ള ഭവനസന്ദര്‍ശനത്തിലൂടെയും പാപികളായി ജീവിക്കുന്നവരെ മാനസാന്തരപ്പെടുത്തുവാനും അവരുടെ കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കുവാനും മറിയം ത്രേസ്യയ്ക്ക് സാധിച്ചു. രോഗികളുടെയും മരണാസന്നരുടേയും അടുത്ത് മണിക്കൂറുകളോളം, ചിലപ്പോള്‍ രാത്രിയും പകലും പ്രാര്‍ത്ഥനാനിരതയായും സാന്ത്വനവചസ്സുകള്‍ പകര്‍ന്നും, ത്രേസ്യ ചിലവഴിച്ചു. ഒരു പാപിയുടെ മനസ്സിനെ നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചുവിടുന്നവര്‍ക്ക് ദൈവം നിത്യസമ്മാനം നല്‍കും (കത്ത്4) എന്ന ഉറച്ച പ്രത്യാശ ത്രേസ്യയ്ക്കുണ്ടായിരുന്നു. രോഗികളുടെ വേദന സ്വയം ഏറ്റെടുത്ത് അവര്‍ക്ക് ആശ്വാസം പകരാന്‍ ത്രേസ്യക്ക് സാധിച്ചു എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. പുത്തന്‍ചിറ നാട്ടില്‍ വസൂരിരോഗം പടര്‍ന്നു പിടിച്ചപ്പോള്‍ ത്രേസ്യ ജനങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ച് പ്രാര്‍ത്ഥിച്ചതും സ്വയം വസൂരി രോഗിയായതും കൂടുതല്‍ പേരിലേക്ക് രോഗം വരാതെ കാത്തു സംരക്ഷിച്ചതും ഈ അമ്മയുടെ നന്മയുടെ സാക്ഷ്യങ്ങളാണ്.

2) മരണാസന്നര്‍ക്ക് പ്രത്യാശ നല്‍കിയ ധീര കന്യക
മരണസമയം പലര്‍ക്കും അത്യന്തം ഭയത്തിന്‍റേയും നിരാശയുടെയും നിമിഷങ്ങളാണല്ലോ. മരണാസന്നരുടെ പക്കല്‍ ജപമാല ചൊല്ലിയും ഈശോ എന്ന തിരുനാമം ആവര്‍ത്തിച്ച് ഉരുവിട്ടും അവരെ നന്മരണത്തിന് ഒരുക്കുന്നതില്‍ മറിയം ത്രേസ്യ പ്രകടിപ്പിച്ചിരുന്ന വലിയ സ്നേഹവും ശുശ്രൂഷയും ഏവര്‍ക്കും അനുഗ്രഹത്തിന്‍റെ സാക്ഷ്യമായ് നിലകൊള്ളുന്നു. മരണാനന്തരം ശുദ്ധീകരണസ്ഥലത്തേയ്ക്ക് വിധിക്കപ്പെട്ട പലരും മറിയം ത്രേസ്യയ്ക്ക് പ്രത്യക്ഷപ്പെട്ട് പ്രാര്‍ത്ഥന യാചിച്ചിരുന്നു. ശിക്ഷാവിധിയുടെ കാലദൈര്‍ഘ്യം കുറച്ചുകിട്ടി സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നന്ദിപറയാനും ആ ആത്മാക്കള്‍ ഓര്‍ത്തിരുന്നു എന്നു തുടങ്ങിയ ഡയറിക്കുറിപ്പുകള്‍ ആത്മീയമായി ഒരു പാട് പേരെ കൈപിടിച്ചു നടത്തിയിരുന്നതിന്‍റെ തെളിവാണ്.

3) അതിരുകളിലേക്ക് ഇറങ്ങിച്ചെന്ന പ്രേഷിത
സമൂഹത്തിന്‍റെ പുറംപോക്കിലുള്ളവരെ സഹായിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ഒരു ശതാബ്ദത്തിനു മുമ്പേ പ്രാവര്‍ത്തികമാക്കിയവളാണ് മദര്‍ മറിയം ത്രേസ്യ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി കഴിഞ്ഞിരുന്ന ജനതയുടെ ഇടയിലേക്ക് മറിയം ത്രേസ്യ കടന്നുചെന്നു. രോഗികളായി തീര്‍ത്തും അശരണരായി കഴിഞ്ഞിരുന്ന വ്യക്തികളെ മറിയം ത്രേസ്യ മഠത്തിന്‍റെ ഒരു ഭാഗത്ത് ഇന്‍ഡസ്ട്രിയല്‍ സ്ക്കൂളിലും മറ്റുമായി താമസിപ്പിച്ച് പരിപാലിച്ച് പരിചരിച്ചു. കുഷ്ഠരോഗികളായ മക്കളെ മഠത്തിന്‍റെ പറമ്പില്‍ത്തന്നെ ഉണ്ടാക്കിയ കുടിലില്‍ താമസിപ്പിച്ച് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കിയതും മരണമടഞ്ഞവരെ അവരുടെ മൃതസംസ്കാര ശുശ്രൂഷ ഉചിതമായ വിധത്തില്‍ നടത്തുന്നതിന് വേണ്ട എല്ലാ ഏര്‍പ്പാടുകളും ചെയ്തുകൊടുത്തതും സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ മാതൃകകളാണ്.

സമൂഹത്തില്‍ ആരോരുമില്ലാത്തവരെ സഹായിക്കുന്നതില്‍ മറിയം ത്രേസ്യയ്ക്ക് അതീവ തീക്ഷ്ണതയുണ്ടായിരുന്നു. അനാഥരെയും ശിശുക്കളെയും മറിയം ത്രേസ്യ മഠത്തിലേയ്ക്ക് കൊണ്ടുവന്ന് സാഹചര്യങ്ങള്‍ ഒരുക്കി സഹായിക്കാനും ശ്രമിച്ചു. പെണ്‍കുട്ടികളുടെ കാര്യത്തില്‍ വിവാഹപ്രായമായവരുടെ വിവാഹം നടത്തിക്കൊടുക്കുകയും സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ അവരെ സഹായിക്കുകയും ചെയ്തു. ആ കുടുംബങ്ങളുടെ ഇന്നത്തെ തലമുറ മറിയം ത്രേസ്യയുടെ കരുണാസ്നേഹത്തിന്‍റെ പ്രതിഫലനങ്ങളാണ്. മദര്‍ മറിയം ത്രേസ്യ എടുത്തു വളര്‍ത്തിയ പാവപ്പെട്ട കുഞ്ഞുങ്ങളുടെ ചരിത്രവും ഇതിന് സാക്ഷ്യമായി നിലകൊള്ളുന്നു. ജാതിമതഭേദമെന്യേ ഏവരെയും സ്വന്തം സഹോദരങ്ങളായി കണ്ട് അവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച മദര്‍ മറിയം ത്രേസ്യ മഠത്തിനോടനുബന്ധിച്ച പറമ്പിലും കൃഷിസ്ഥലങ്ങളിലും കഴിയുന്നത്ര വ്യക്തികള്‍ക്ക് ജോലി നല്‍കുകയും ഉപജീവനത്തിന് സഹായിക്കുകയും ചെയ്തിരുന്നു.

4. വിദ്യാഭ്യാസത്തിന് ഊര്‍ജ്ജം പകര്‍ന്ന നവോത്ഥാന നായിക
കുടുംബങ്ങളുടെ പുനരുദ്ധാരണത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ഗ്രഹിച്ച മദര്‍ മറിയം ത്രേസ്യ മഠസ്ഥാപനം കഴിഞ്ഞ് പിറ്റേവര്‍ഷത്തില്‍ത്തന്നെ (1915-ല്‍) പുത്തന്‍ചിറയില്‍ ഒരു പെണ്‍പള്ളിക്കൂടം ആരംഭിച്ചു. മഠത്തിനായ് പണിതീര്‍ത്ത 6 മുറികളില്‍ 2 എണ്ണം ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നടത്തിയത്. സ്കൂളിന് ഗവണ്‍മെന്‍റിന്‍റെ അംഗീകാരം ലഭിക്കാനായി തിരുവനന്തപുരത്തേക്കും തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് ഓഫീസിലേക്കും മദര്‍ എഴുതിയ കത്ത് അമ്മയുടെ വിദ്യാഭ്യാസ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉത്തമതെളിവാണ്. 1918-ലാണ് സ്കൂളിന് ഗവണ്‍മെന്‍റ് അംഗീകാരവും ഗ്രാന്‍റും ലഭിച്ചത്. സ്കൂള്‍ നല്ലനിലയില്‍ നടത്തിക്കൊണ്ട് പോകാനായി കോഴിക്കോട്ട് നിന്നും കോട്ടയത്ത് നിന്നും വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തികളെ കണ്ടെത്തി നിയമിക്കുന്നതില്‍ മദര്‍ കാണിച്ച തീക്ഷ്ണത ഏവര്‍ക്കും പ്രചോദനം നല്‍കുന്നതുമാണ്.

ദൂരെ നിന്നും ഈ സ്കൂളിലേക്ക് പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു ബോര്‍ഡിങ്ങ് ആരംഭിക്കാനും മദര്‍ മറിയം ത്രേസ്യ ധൈര്യം കാണിച്ചു. ഇംഗ്ലീഷ് ഭാഷാപഠനം വിദ്യാഭ്യാസരംഗത്ത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മദര്‍ 1918-ല്‍ ഏതാനും കുട്ടികളെയും സിസ്റ്റേഴ്സിനെയും ഇംഗ്ലീഷ് ഭാഷാപഠനത്തിനായി തൃശ്ശൂരില്‍ ഒരു കെട്ടിടം വാടകയ്ക്ക് എടുത്ത് അവിടെ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇന്ന് തിരുക്കുടുംബ സന്യാസിനി സമൂഹം നേതൃത്വം നല്‍കുന്ന പരിശീലന കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മദര്‍ മറിയം ത്രേസ്യയുടെ വിദ്യാഭ്യാസ പ്രതിബദ്ധതയ്ക്ക് സാക്ഷ്യമായി നിലകൊള്ളുന്നു.

5. തൊഴിലധിഷ്ഠിത വിദ്യാ ഭ്യാസത്തിന് നേതൃത്വം നല്‍കിയ വിശുദ്ധ
കുടുംബഭദ്രതയ്ക്ക് അനിവാര്യമായ തൊഴില്‍സാധ്യകള്‍ക്കായി മഠത്തിന്‍റെ പറമ്പില്‍തന്നെ മദര്‍ മറിയം ത്രേസ്യ ഒരു ഇന്‍ഡസ് ട്രിയല്‍ സ്കൂള്‍ ആരംഭിക്കുകയും പാവപ്പെട്ട യുവതികളെ തൊഴില്‍ പരിശീലിപ്പിച്ച് ഉപജീവനമാര്‍ഗ്ഗം കാണിച്ചു കൊടുക്കുകയും ചെയ്തു. കുഴിക്കാട്ടുശ്ശേരിയിലും പരിസരങ്ങളിലും ഒരു തപാല്‍ ഓഫീസ് പോലും ഇല്ലാതിരുന്ന അക്കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ മദര്‍ മറിയം ത്രേസ്യയുടെ പരിശ്രമഫലമായി ഒരു പോസ്റ്റ് ഓഫീസ് നാട്ടില്‍ ഉയര്‍ന്നുവരുകയും ചെയ്തു.

ഉപസംഹാരം
ആഴത്തിലുള്ള ദൈവസ്നേഹവും ആത്മാര്‍ത്ഥമായ കാരുണ്യവും പ്രകടമാക്കി ജീവിക്കുവാന്‍ ലഭിച്ച 50 വര്‍ഷക്കാലം ദൈവമഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമായി ജീവിതം വ്യയം ചെയ്ത മദര്‍ മറിയം ത്രേസ്യയുടെ ജീവിതദര്‍ശനങ്ങള്‍ ആഗോള സഭയ്ക്ക് പ്രചോദനമാകട്ടെ. 2019 ഒക്ടോബര്‍ 13-ന് വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ നമുക്കഭിമാനിക്കാം, കൃതജ്ഞതയര്‍പ്പിക്കാം. മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധി നിറഞ്ഞ ജീവിതം നമുക്കും ദൈവ സ്നേഹത്തില്‍ ആഴപ്പെടുവാന്‍, കാരുണ്യം നിറഞ്ഞ ജീവിതം നയിക്കുവാന്‍ സഹായകരമാകട്ടെ.

ക്യാമ്പസുകളുടെ മാനസികാരോഗ്യം

സുബാഷ് വെല്ലിന്‍ഗാറിനെ അറസ്റ്റു ചെയ്യുക, റയ്മുനി ഭഗത്തിനെ അസംബ്ലിയില്‍ നിന്നു പുറത്താക്കുക

ഡിജിറ്റല്‍ യുഗത്തിലെ വായന

നിറഭേദങ്ങള്‍ [5]

മാത്തനച്ചായന്റെ സ്വര്‍ഗപ്രവേശം