Coverstory

''എന്താണ് സത്യം?''

കാവിക്കുകീഴില്‍ ക്രൈസ്തവര്‍ സുരക്ഷിതരോ അരക്ഷിതരോ?

ഫാ. ജോഷി മയ്യാറ്റില്‍
താല്കാലിക ലാഭം നോക്കി ആര്‍ എസ് എസിനോടും ബി ജെ പിയോടും കൈകോര്‍ക്കാന്‍ സഭാനേതൃത്വത്തില്‍ ആരെങ്കിലും തയ്യാറായാല്‍ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള മറവി നിങ്ങളെ ബാധിച്ചിരിക്കുന്നു എന്നു കരുതേണ്ടിവരും.

ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കു തടയിടാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തോലിക്കാസഭയിലെ ഒരു ആര്‍ച്ചുബിഷപ്പ് സുപ്രീംകോടതിയെ സമീപിച്ച് കേസു നടത്തുന്ന നേരത്തുതന്നെ കത്തോലിക്കാസഭയിലെ ഒരു കര്‍ദിനാള്‍ പറയുന്നു, ഭാരതത്തില്‍ ക്രൈസ്തവര്‍ അരക്ഷിതത്വം അനുഭവിക്കുന്നില്ലെന്ന്!

സത്യം ഒന്നല്ലേ ഉണ്ടാകാനിടയുള്ളൂ... ഒന്നുകില്‍, കര്‍ദിനാള്‍ പറയുന്നതു സത്യം; അല്ലെങ്കില്‍, ആര്‍ച്ചുബിഷപ്പ് പറയുന്നതു സത്യം!

രേഖകളിലൂടെ ഒരു സത്യാന്വേഷണം

1998-ല്‍ ബി ജെ പി സര്‍ക്കാര്‍ ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ക്രമാതീതമാംവിധം വര്‍ധിച്ചു എന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 1998 ജനുവരി മുതല്‍ 1999 ഫെബ്രുവരി വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേ 116 അതിക്രമങ്ങള്‍ ഉണ്ടായി എന്നത് പാര്‍ലിമെന്റു രേഖകള്‍തന്നെ വ്യക്തമാക്കുന്നു. 2001 നവംബറില്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ (NCM) പുറപ്പെടുവിച്ച കണക്കുകള്‍ പ്രകാരമുള്ള ആക്രമണങ്ങള്‍ ഇങ്ങനെയാണ്: 1997-ല്‍ 27; 1998-ല്‍ 86; 1999-ല്‍ 120; 2000-ല്‍ 216.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വിവിധ റിപ്പോര്‍ട്ടുകള്‍ ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ അതിക്രമങ്ങള്‍ നിരത്തിവയ്ക്കുന്നുണ്ട്. വൈദികരെ വധിക്കുകയും സന്യാസിനികളെ മാനഭംഗപ്പെടുത്തുകയും ക്രൈസ്തവ സ്ഥാപനങ്ങളും ദേവാലയങ്ങളും ആക്രമിക്കുകയും ചെയ്യുകയാണ് പൊതുവായ ശൈലി. ക്രിസ്തു മതം സ്വീകരിച്ചവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തിരികെ ഹൈന്ദവരാക്കി മാറ്റുന്ന 'ഘര്‍ വാപസി' എന്ന ഏര്‍പ്പാട് കേട്ടു തുടങ്ങിയതും ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷമാണ്. വിശ്വഹിന്ദു പരിഷത്ത്, ബജ്ംഗ്ദള്‍, രാഷ്ട്രീയ സ്വയംസേവാസംഘ് എന്നീ സംഘപരിവാര്‍ സംഘടനകളാണ് ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

1998-ല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവവേട്ട നടന്നത് ഗുജറാത്തിലാണ്. ക്രിസ്മസ്സ് ദിനം മുതല്‍ ജനുവരി മൂന്നു വരെയുള്ള പത്തു ദിവസങ്ങള്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരേ സമാനതയില്ലാത്ത അതിക്രമങ്ങളാണ് നടന്നത്. ഇരുപത് ദേവാലയങ്ങളാണ് ആ ദിനങ്ങളില്‍ അഗ്‌നിക്കിരയായത്. ക്രൈസ്തവര്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മെനഞ്ഞെടുത്തു പ്രചരിപ്പിച്ച് വന്‍ ജനവികാരം ആളിക്കത്തിക്കുന്ന ആ തന്ത്രം സംഘപരിവാര്‍ ശക്തികള്‍ പലയിടത്തും വിജയകരമായി വിനിയോഗിച്ചു. സര്‍ക്കാരുകളുടെ മൗനാനുവാദം അവയ്ക്കുണ്ടായിരുന്നു എന്നതും വ്യക്തമായിരുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒറീസ, മധ്യപ്രദേശ്, ഹരിയാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, മണിപ്പൂര്‍ എന്നിവിടങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ സംഘാതമായി ഉണ്ടായിട്ടുണ്ടെന്ന് മനുഷ്യാവകാശ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1999-ല്‍ ഓസ്‌ട്രേലിയന്‍ മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും കാറിലിട്ടു ചുട്ടുകൊന്ന സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ബജ്‌റംഗ്ദളിന്റെ പ്രാദേശിക നേതാവായ ധാരാസിങിന്റെ നേതൃത്വത്തിലാണ് അതു നടന്നത്! പക്ഷേ, അന്തര്‍ദ്ദേശീയ ഗൂഢാലോചനാ സിദ്ധാന്തം ഉയര്‍ത്തി നിരവധിയായ ക്രൈസ്തവവേട്ടകളെ മറച്ചുപിടിക്കാനാണ് അന്നു ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പി വക്താവും ശ്രമിച്ചത്. പ്രധാനമന്ത്രിയാകട്ടെ, അന്ന് ആഹ്വാനം ചെയ്തത് മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു ദേശീയ സംവാദത്തിനായാണ്. ചുരുക്കിപ്പറഞ്ഞാല്‍, ആക്രമണങ്ങളെ ന്യായീകരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ വര്‍ധിച്ചു വന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന് ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സെല്‍ രൂപീകരിക്കേണ്ടി വന്നു. ഈ സെല്ലിന്റെ ജോലി ഭാരം ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളാണ് എന്നാരോപിച്ചാണ് അതിക്രമങ്ങള്‍ നടക്കുന്നത്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പെരുകുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നെന്ന് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ 2008-ല്‍ റിപ്പോര്‍ട്ടു നല്കിയത് കര്‍ണ്ണാടകയിലും ഒറീസയിലും നടന്ന നിഷ്ഠുരമായ ക്രൈസ്തവവേട്ടകള്‍ക്കു പിന്നാലെ ആയിരുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കണ്ഡമാലിലും ഒറീസയുടെ മറ്റു ഭാഗങ്ങളിലും അരങ്ങേറിയത്. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിനു പിന്നില്‍ നാലു ക്രൈസ്തവരാണെന്നു പ്രഖ്യാപിച്ചത് പൊലീസ് ആയിരുന്നില്ല, വി എച്ച് പി നേതാവായ പ്രവീണ്‍ തൊഗാഡിയ ആയിരുന്നു! അതിനെത്തുടര്‍ന്ന്, നൂറോളം ക്രൈസ്തവര്‍ വധിക്കപ്പെടുകയും അമ്പത്താറായിരം പേര്‍ ഭവനരഹിതരാവുകയും ആറായിരം ഭവനങ്ങളും മുന്നൂറു ദേവാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. സംഘപരിവാറുകാരുടെ ഏറെ നാളുകള്‍ നീണ്ട പദ്ധതിയിടലും ഒരുക്കവും അതിന്റെ പിന്നിലുണ്ടായിരുന്നു എന്നു ഗ്രഹിക്കാന്‍ സീറോ മലബാര്‍ സഭാംഗമായ ശ്രീ. ആന്റോ അക്കര രചിച്ചിട്ടുള്ള Kandhamal - a Blot on Indian Secularism, Shining Faith in Kandhamal, Who Killed Swa-my Lakshmananda? എന്നീ അന്വേഷണാത്മക ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മതി. ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരിക്കുന്ന അജിത് ഡോവലും ധനമന്ത്രി ആയിരിക്കുന്ന നിര്‍മ്മല സീതാരാമനും ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചന വെളിവാക്കുന്ന കൃത്യമായ തെളിവുകള്‍ സഹിതമാണ് അദ്ദേഹം ആ ഗ്രന്ഥങ്ങള്‍ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവാചകധീരതയെയും സുതാര്യതയെയും സിബിസിഐയും സി സി ബി ഐയും സീറോ മലബാര്‍ സിനഡും പല വേദികളിലും വച്ച് പ്രകീര്‍ത്തിച്ചിട്ടുള്ളതാണ്.

2012-2014 കാലയളവില്‍ നടന്നിട്ടുള്ള ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ (2015 മാര്‍ച്ച് 15) വിശദമായ വാര്‍ത്തകളായി പുറത്തുവന്നിട്ടുണ്ട്. 2014-ല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനങ്ങള്‍ നടന്ന സംസ്ഥാനം കര്‍ണ്ണാടകയാണ്.

ഛത്തീസ്ഗഡില്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ ക്രൈസ്തവരെ ഹിന്ദുമതത്തിലേക്കു തിരികെയെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് വി എച്ച് പി. ബസ്താര്‍ ലോകസഭ എംപിയായ ദിനേഷ് കശ്യപ് പ്രാദേശിക ഗോത്രനേതാക്കളുടെ കാലുകള്‍ കഴുകിയത് എല്ലാവരെയും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നത്രേ! ഛത്തീസ്ഗഡില്‍ 2021ഓടെ എല്ലാ ക്രൈസ്തവരെയും വീണ്ടും ഹിന്ദുക്കളാക്കി മാറ്റും എന്ന് 2015-ല്‍ പ്രതിജ്ഞയെടുത്ത ധരം ജാഗ്രണ്‍ മഞ്ച് ആ പ്രതിജ്ഞയില്‍ പൂര്‍ണ്ണവിജയം നേടിയതായി തോന്നുന്നില്ല. പക്ഷേ, 2022 ഡിസംബറില്‍ ആരംഭിച്ച, മാസങ്ങള്‍ നീണ്ട ഭീകരമായ ക്രൈസ്തവ പീഡനം നേരിട്ടു മനസ്സിലാക്കിയ സീറോ മലബാര്‍ സഭാംഗമായ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറയുന്നതും ഫാ. ജോണ്‍സണ്‍ തേക്കടയില്‍ കണ്ണീരോടെ പറയുന്നതും https://youtu.be/N0g7yvniAtg എന്ന യൂടൂബ് ചാനലില്‍ കാണുക.

2016-ല്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ഏറെ വര്‍ധിച്ചതിന്റെ ഫലമായി 2017-ലെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഇന്ത്യ മുപ്പത്തൊന്നാം സ്ഥാനത്തു നിന്ന് പതിനഞ്ചാം സ്ഥാനത്തേക്കു കയറി. 2017 ഡിസംബര്‍ 14-ാം തീയതി സന്ധ്യയ്ക്ക് മധ്യപ്രദേശിലെ സാറ്റ്‌ന സെമിനാരിയില്‍ നിന്ന് അടുത്തുള്ള ക്രൈസ്തവ സ്ഥാപനങ്ങളിലേക്ക് ക്രിസ്മസ്സ് കരോളിനായി പോയ 30 സെമിനാരിക്കാരെയും രണ്ടു വൈദികരെയും മതപരിവര്‍ത്തനമാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത സംഭവം ഒരു പക്ഷേ, ലോക ചരിത്രത്തില്‍ത്തന്നെ ഏറ്റവും വിചിത്രമായ കാര്യമായിരിക്കും! സെമിനാരിക്കാരെ സ്റ്റേഷനില്‍നിന്ന് വിടുവിക്കാനെത്തിയ മറ്റ് 8 വൈദികരെ ഹിന്ദുത്വ പ്രസ്ഥാനാംഗങ്ങള്‍ തടഞ്ഞുവയ്ക്കുകയും പിന്നീട് പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നതും ഓര്‍ക്കണം!

പിന്നീട് മൂന്നു വര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ 60% വര്‍ധനയാണ് ഉണ്ടായത്. പാക്കിസ്ഥാന്‍, നോര്‍ത്ത് കൊറിയ, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെപ്പോലെ, മതന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ഇടമായി ഇന്ത്യയെ പരിഗണിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനോട് 2020-ല്‍ USCIRF (United States Commission on International Religious Freedom) ശുപാര്‍ശ ചെയ്തത് 2019-ല്‍ ഭാരതത്തില്‍ മതന്യൂന പക്ഷങ്ങള്‍ക്കെതിരെ അരങ്ങേറിയ ആക്രമണങ്ങളുടെ വെളിച്ചത്തിലായിരുന്നു. ക്രൈസ്തവ പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന അമ്പതു രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് മോദിയുടെ ഇന്ത്യയെന്ന് World Watch List 2020 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിരുവസ്ത്രം ധരിച്ചിരുന്നു എന്ന ഒറ്റക്കാരണത്താല്‍, ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന സീറോ മലബാര്‍ സഭയില്‍പ്പെട്ട തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ (SH സിസ്റ്റേഴ്‌സ്) ബഹുമാന്യരായ സന്യാസിനികളെ ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ച് 2021 മാര്‍ച്ച് 19-ന് ബന്ദികളാക്കിയ ജനക്കൂട്ടത്തെയും മണിക്കൂറുകളോളം അവരെ ട്രെയിനില്‍ നിന്നിറക്കി പൊലീസ്‌സ്റ്റേഷനില്‍ തടഞ്ഞുവച്ച പൊലീസിനെയും ആ ഹീനകൃത്യത്തിന് പശ്ചാത്തലമൊരുക്കിയ ഹിന്ദുത്വശക്തികളെയും അത്രയെളുപ്പത്തില്‍ മറക്കാനാകുമോ? ആ വര്‍ഷംതന്നെ, ആദിവാസികളുടെ ഭൂമി സംരക്ഷിക്കാന്‍ അവരോടൊപ്പം ഉരുക്കുപോലെ ഉറച്ചുനിന്ന നീതിമാനായ 84 വയസ്സുകാരന്‍ സ്റ്റാന്‍ സാമിയച്ചനെ അറസ്റ്റുചെയ്ത് കൊലയ്ക്കു കൊടുത്ത കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കാന്‍ ആര്‍ക്കു കഴിയും? യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (UCF) കണക്കനുസരിച്ച് 2022-ല്‍ 21 സംസ്ഥാനങ്ങളിലായി നടന്നിട്ടുള്ള ക്രൈസ്തവവേട്ടകളുടെ എണ്ണം 598 ആണ്.

ഈ വര്‍ഷത്തെ ചില സത്യങ്ങള്‍

2023 ഫെബ്രുവരി 19-ാം തീയതി എഴുപതോളം ക്രൈസ്തവ സഭകള്‍ സംയുക്തമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളിലേക്ക് സര്‍ക്കാരിന്റെയും നീതിന്യായ സംവിധാനങ്ങളുടെയും പൗരസമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കാന്‍വേണ്ടിയുള്ളതായിരുന്നു. അതില്‍ മറ്റു ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നെന്ന പോലെ കത്തോലിക്കാസഭയില്‍ നിന്നും, പ്രത്യേകിച്ച് ഡല്‍ഹിയിലെ സീറോ മലബാര്‍ രൂപതയില്‍ നിന്നും, സജീവമായ ഭാഗഭാഗിത്വം ഉണ്ടായിരുന്നു.

ഇന്ത്യന്‍ പ്രസിഡന്റ് ശ്രീമതി മുര്‍മുവിനെ നേരില്‍ക്കണ്ടു സമര്‍പ്പിക്കാന്‍ പ്രതിഷേധക്കാര്‍ ഒരു മെമ്മോറാണ്ടം തയ്യാറാക്കുകയുണ്ടായി. 2022-2023 വര്‍ഷത്തില്‍ ക്രൈസ്തവ സമൂഹത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളും അക്രമപരമ്പരകളും ഏറെ വര്‍ധിച്ചെന്നും 2023 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ അവ മൂര്‍ധന്യത്തിലെത്തി എന്നും ആ മെമ്മോറാണ്ടത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അവസ്ഥ ഏറെ ഗുരുതരമാണെന്ന് മെമ്മോറാണ്ടം പറയുന്നു. പൊലീസ് കള്ളക്കേസുകള്‍ ചമച്ച് FIR ഇടുന്നതും ഇരകള്‍ നല്കുന്ന പരാതികളില്‍ FIR ഇടാത്തതും CCTV പോലുള്ള സംവിധാനങ്ങളില്ലാതെ പൊലീസ് സ്റ്റേഷനുകള്‍ സുതാര്യത പാലിക്കാത്തതും നിയമവിരുദ്ധമായ തടങ്കലുകളും മുഖ്യവിഷയങ്ങളായി മെമ്മോറാണ്ടം ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവരെ ലക്ഷ്യമിട്ടു നടക്കുന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ഒരു ജസ്റ്റിസ് തലവനായുള്ള ഒരു ദേശീയ പരാതിപരിഹാര കമ്മീഷനെ സ്ഥാപിക്കാന്‍ മെമ്മോറാണ്ടം പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഏപ്രില്‍ 11-ാം തീയതി മണിപ്പൂരില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങള്‍ ബി ജെ പി സര്‍ക്കാര്‍ തകര്‍ത്ത സംഭവവും ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടതാണ്. ഛത്തീസ്ഗഡ് ബന്ദിന്റെ ഭാഗമായി ജഗദല്‍പൂരില്‍ 70-80 പേരടങ്ങുന്ന ബിജെ പിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും (വി എച്ച് പി) പ്രവര്‍ത്തകരായ ഒരു സംഘം ആളുകള്‍ മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടും സാമ്പത്തിക ബഹിഷ്‌കരണം നടത്തുമെന്ന് പരസ്യമായി പ്രതിജ്ഞയെടുത്തത് ഏപ്രില്‍ 12-ാം തീയതിയാണ്. മുന്‍ ലോക്‌സഭാ എംപി ദിനേശ് കശ്യപ്, കമല്‍ ചന്ദ്ര ഭഞ്ജ്ദിയോ എന്നീ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു!

2023 ഏപ്രില്‍ 15-ാം തീയതി ഡല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ ഡല്‍ഹി ക്രൈസ്തവ കൂട്ടായ്മയുടെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ചതും, കര്‍ദിനാളിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍, ഏറെ കൗതുകകരമാണ്. യുപി, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ വാദങ്ങളും നിശ്ശബ്ദതയും

എന്നാല്‍ കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളുടെ കണക്കുകള്‍ അതിശയോക്തിപരവും അടിസ്ഥാനരഹിതവുമാണ് എന്നാണ്. ഇതുതന്നെയാണ് 2023 ഏപ്രില്‍ 13നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചത്.

കൃത്യമായ തെളിവുകളോടെയുള്ള ക്രൈസ്തവസമൂഹത്തിന്റെ പരാതികള്‍ സുപ്രീം കോടതിയില്‍ ഇങ്ങനെ നിഷേധിക്കാതെ സര്‍ക്കാരിനു തരമില്ല. അതുപോലെ തന്നെ, സ്വാഭാവികമായി ഉയരുന്ന താഴെക്കാണുന്നതുപോലുള്ള ചില ചോദ്യങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിന് അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദത പാലിച്ചേ മതിയാകൂ: ബി ജെ പി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു കാരണമെന്ത്? ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉപാസകരായ ചില വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കയറൂരി വിട്ടിരിക്കുന്നത് എന്തുകൊണ്ട്? അല്പംപോലും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ക്രൈസ്തവ സഭകളെയും പ്രാര്‍ത്ഥനാലയങ്ങളെയും സ്ഥാപനങ്ങളെയും വേട്ടയാടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരമായി ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ട്?

പ്രവാചകധീരതയുടെ അഭാവം ക്രിസ്തു ശൂന്യതയുടെ തെളിവ് !

ജനാധിപത്യപ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി, സംശയമില്ല. ബി ജെ പിയെ മറ്റേതൊരു പാര്‍ട്ടിയെയും പോലെ അംഗീകരിക്കാം.

പക്ഷേ, അതിനുമുന്നേ കര്‍ത്താവിനോടും സഭയോടും രാജ്യത്തോടും കൂറുള്ളവര്‍ പ്രവാചക ധീരതയോടെ ബി ജെ പി എന്ന പാര്‍ട്ടിയോടും മോദിസര്‍ക്കാരിനോടും ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:

1. ഭരണഘടനാവിരുദ്ധമായ മതപരിവര്‍ത്തന നിരോധനബില്‍ പിന്‍വലിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?

2. ആര്‍ക്കും ഏതു വിശ്വാസവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പു നല്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തെ നോക്കുകുത്തിയാക്കുന്ന ഔദ്യോഗിക നിലപാട് നിങ്ങള്‍ ഉപേക്ഷിക്കുമോ?

3. ഭാരതത്തിന്റെ മതേതരത്വത്തിനു തുരങ്കംവയ്ക്കുന്ന നിലപാടുകളും നടപടികളും വിട്ടുപേക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാകുമോ?

4. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന കുതിരക്കച്ചവടങ്ങളും പ്രതികാരനടപടികളും ഫാസിസ്റ്റുശൈലികളും ഉപേക്ഷിക്കാന്‍ നിങ്ങള്‍ സന്നദ്ധരാകുമോ?

നാസികള്‍ക്കെതിരേ ഗര്‍ജിച്ച ക്രിസ്തുധീരത...

താല്ക്കാലിക ലാഭം നോക്കി ആര്‍ എസ് എസിനോടും ബി ജെ പിയോടും കൈകോര്‍ക്കാന്‍ സഭാനേതൃത്വത്തില്‍ ആരെങ്കിലും തയ്യാറായാല്‍ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള മറവി നിങ്ങളെ ബാധിച്ചിരിക്കുന്നു എന്നു കരുതേണ്ടിവരും. ഭയംകൊണ്ടോ സ്ഥാപിതതാല്‍പര്യംകൊണ്ടോ യൂറോപ്പിലെ നാസിസഫാസിസ ശക്തികളോട് നിശ്ശബ്ദതയാല്‍ ചായ്‌വു കാണിച്ച സഭാനേതാക്കളും പ്രാദേശികസഭകളും പില്ക്കാലത്ത് അപ്രസക്തരും ലജ്ജിതരുമായിത്തീര്‍ന്നു. എന്നാല്‍ പ്രതീക്ഷയ്ക്കു വകയില്ലാതിരുന്നപ്പോഴും പ്രവാചകത്വം കൈവെടിയാതെ ദൈവത്തിന്റെ നാവായി നിലകൊണ്ട ക്രൈസ്തവ നേതാക്കളും പ്രാദേശികസഭകളും ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടു.

1933-ല്‍ നാസി ഭരണകാലത്ത് ജര്‍മനിയിലെ മ്യൂണ്‍സ്റ്റര്‍ രൂപതയില്‍ മെത്രാനായി അവരോധിതനായ ക്ലീമെന്‍സ് ഔഗുസ്റ്റ് വൊണ്‍ ഗാലെന്‍ നാസികളുടെ പദ്ധതികള്‍ക്കെതിരേ എടുത്ത നിലപാട് അദ്ദേഹത്തെ 2005-ല്‍ വിശുദ്ധ നാമകരണത്തിലേക്ക് നയിച്ചു എന്നതും അദ്ദേഹത്തെക്കുറിച്ച് ദാനിയേല്‍ ഉട്രെഘ്റ്റ് എഴുതിയ ഗ്രന്ഥത്തിന്റെ പേര് 'The Lion of Munster: the Bishop who Roared Against the Nazis' എന്നായിരുന്നു എന്നും ഓര്‍മ്മിക്കുന്നത് നല്ലതാണ്.

NB: ഇനി, ക്രൈസ്തവസഭയ്‌ക്കെതിരേ ഒരു ആക്രമണം പോലും ഇന്ത്യയില്‍ നടക്കുന്നില്ല എന്നിരിക്കട്ടെ. മറ്റു മതങ്ങളില്‍പ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മതത്തിന്റെ പേരില്‍ മാത്രം ആക്രമിക്കപ്പെടുന്നെങ്കില്‍, അതിനെ തള്ളിപ്പറയാന്‍ സഭ മുന്നോട്ടു വരുന്നില്ലെങ്കില്‍, ഇത് ക്രിസ്തുവിന്റെ സഭയാണോ?

ജനനീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ വര്‍ഗ്ഗീയവാദമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരം

മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം ഒഴിവാക്കണം : കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന

ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു

മരണവും മരണാനന്തര ജീവിതവും ബൈബിളില്‍

വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [8]