Editorial

'അവന്‍ നമ്മെ സ്‌നേഹിച്ചു': ആര്‍ദ്രതയുടെ വിപ്ലവം

Sathyadeepam

ഒക്‌ടോബര്‍ 24 നാണ് പോപ്പ് ഫ്രാന്‍സിസിന്റെ ഏറ്റവും പുതിയ ചാക്രിക ലേഖനം Dilexit Nos 'അവന്‍ നമ്മെ സ്‌നേഹിച്ചു' പുറത്തിറങ്ങിയത്. യേശുവിന്റെ തിരുഹൃദത്തെയും അതിന്റെ അതിരില്ലാത്ത സ്‌നേഹത്തെയും രൂപാന്തരീകരണ ശക്തിയെയൂം കുറിച്ചാണ് ചാക്രിക ലേഖനം. ഈശോയുടെ തിരുഹൃദയം മാര്‍ഗരറ്റ് മേരി അലകോക്കിന് നല്‍കിയ ദര്‍ശനത്തിന്റെ 350-ാം വാര്‍ഷിക ആഘോഷ അവസരത്തില്‍ പുറത്തിറങ്ങിയ അഞ്ച് അധ്യായങ്ങളുള്ള ഈ ചാക്രികലേഖനം വ്യക്തിജീവിതത്തിന്റെയും സഭാജീവിതത്തിന്റെയും സമകാലിക പരിഗണനകളെ തിരുഹൃദയസ്‌നേഹത്താല്‍ പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് ആര്‍ക്കെന്നെ വേര്‍പെടുത്താന്‍ കഴിയും എന്ന് പൗലോസിന്റെ ആത്മവിശ്വാസ പൂര്‍ണ്ണമായ ഹൃദയവിളിയാണ് 'അവന്‍ നമ്മെ സ്‌നേഹിച്ചു' എന്ന തലവാചകത്തിന്റെ ഉള്‍ക്കാമ്പ് (n.1) (റോമാ 8:35-39). സാമൂഹിക മാധ്യമങ്ങളോടുള്ള അടിമത്തം, സാങ്കേതികവിദ്യകളുടെ അധീശത്വം, ഉപഭോഗ സംസ്‌കാരവും ഉപരിപ്ലവതയും പിടിമുറുക്കി അമിതവേഗതയില്‍ കെട്ടപ്പെട്ടിരിക്കുന്ന ഈ സംസ്‌കാരത്തില്‍ മനുഷ്യജീവിതത്തിന് ഉണ്ടാകുന്ന പരിക്കുകളും അന്യവല്‍ക്കരണവും ചാക്രിക ലേഖനം കൃത്യമായി നിരീക്ഷിക്കുന്നു (n.9).

മനുഷ്യന്റെ അനന്യതയും ലക്ഷ്യവും ആന്തരികതയും നഷ്ടപ്പെടുന്ന ഇത്തരം സാംസ്‌കാരിക മാറ്റങ്ങളില്‍ മനുഷ്യഹൃദയങ്ങളോടുള്ള ബന്ധം തിരിച്ചുപിടിക്കുവാനും അതിനോടു സംവദിക്കുവാനും (n.29,30) അതിനെ ക്രിസ്തു ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുവാനും മാര്‍പാപ്പ ആവശ്യപ്പെടുന്നു (n.31). കാരണം എല്ലാ വ്യക്തികളുടെയും ജീവിതത്തിന് ഒരു കേന്ദ്രം ആവശ്യമുണ്ട്; സത്യത്തിന്റെയും നന്മയുടെയും ഒരു സ്രോതസ്സ് ആവശ്യമുണ്ട്. ജീവിത പ്രതിസന്ധിയില്‍ ആശ്രയിക്കാന്‍ തക്ക രീതിയില്‍ വിശ്വസനീയമായ ഒരു സാന്നിധ്യം ആവശ്യമുണ്ട് അത് ക്രിസ്തുവിന്റെ സാന്നിധ്യമാണ്, ലോകത്തിന്റെ ഹൃദയമാണ് (n.81).

സഭയുടെ പാരമ്പര്യത്തിലുള്ള തിരുഹൃദയ ഭക്തിയുടെ സാമൂഹിക മാനമാണ് ചാക്രികലേഖനം ശ്രദ്ധയൂന്നിയിരിക്കുന്ന മറ്റൊരിടം. തിരുഹൃദയ ഭക്തി എന്നത് ഏതെങ്കിലും ചിത്രങ്ങളോടോ രൂപങ്ങളോടോ ഉള്ള സ്‌നേഹമല്ല, അത് വ്യക്തിപരമായ ആത്മീയ പരിപാടിയും അല്ല. അത് ക്രിസ്തു എന്ന വ്യക്തിയോട് ഉള്ള സ്‌നേഹമാണ്.

തിരുഹൃദയഭക്തി എന്നത് ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള നമ്മുടെ ഹൃദയത്തിന്റെ സമന്വയമാണ്. അത് സാമൂഹിക ഉത്തരവാദിത്വത്തിലേക്ക് നമ്മെ എടുത്തുയര്‍ത്തുകയും മതനിരാസത്തിന്റെ ചിന്തകളെ ചെറുക്കുകയും ചെയ്യുന്നു. വ്യാഴാഴ്ചകളിലെ ദിവ്യകാരുണ്യ ആരാധനയും ആദ്യ വെള്ളിയാഴ്ചയിലെ ദിവ്യകാരുണ്യ സ്വീകരണവും ഒക്കെ ഈ തിരുഹൃദയഭക്തി ആഴ്ന്നിറങ്ങുവാന്‍ നമ്മെ സഹായിക്കുന്നുവെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു.

യേശുഹൃദയം നമുക്കായി തുറന്നു വയ്ക്കുന്നതു സുവിശേഷ സാരം തന്നെയാണ് (n.83). രോഗികള്‍ക്ക് സൗഖ്യവും പാപികള്‍ക്ക് ക്ഷമയുമായി ദൈവത്തിന്റെ വ്യക്തിപരമായ സ്‌നേഹം പ്രകടമായി. മനുഷ്യരുടെ ഹൃദയത്തെ അഗാധമായി അവന്‍ അറിഞ്ഞു. അവന്റെ മനുഷ്യത്വവും വൈകാരികതയും സമ്പൂര്‍ണ്ണ സമര്‍പ്പണവും വഴിയും അവന്‍ ഏറ്റവും ആഴമുള്ള സ്‌നേഹം മനുഷ്യര്‍ക്ക് നല്‍കി.

അതുകൊണ്ടുതന്നെ തിരുഹൃദയത്തോടുള്ള സ്‌നേഹബന്ധം പരിഹാര പ്രവര്‍ത്തികളിലേക്ക് നയിക്കണം (n.181-204). അത് കുറ്റബോധത്തില്‍ നിന്ന് പുറപ്പെടുന്നത് ആയിരിക്കരുത്. പകരം ദൈവസ്‌നേഹത്തിലുള്ള നവീകരണത്തിനും സമാധാനത്തിനും വേണ്ടിയാകണം. ഇത്തരം പരിഹാര പ്രവര്‍ത്തികള്‍ ക്രിസ്തുവിന്റെ ഹൃദയത്തെ യഥാര്‍ഥമായി ആശ്വസിപ്പിക്കും. നീതിയുടെയും കരുണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും വ്യക്തിഗതമായ പ്രവര്‍ത്തികള്‍ വഴി പാപങ്ങളുടെ ഫലമായി രൂപപ്പെട്ടിരിക്കുന്ന മാനവകുലത്തിന്റെ മുറിവുകള്‍ സൗഖ്യപ്പെടുത്തുവാനും പാപ്പ ആവശ്യപ്പെടുന്നു.

സാമൂഹികമായ അനീതികള്‍ സജീവമായ സ്‌നേഹവും ശുശ്രൂഷയും വഴിയും അറുതി വരുത്താനാണ് തിരുഹൃദയം പ്രചോദിപ്പിക്കുന്നത്.

ഈ ചാക്രിക ലേഖനത്തിന്റെ ജീവന്‍ എന്നത് 'ഹൃദയം' എന്ന വാക്ക് ആണ്. സുവിശേഷവുമായി ബന്ധമില്ലാത്ത ബാഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി, ഘടനാ കേന്ദ്രീകൃത സ്വഭാവങ്ങളുള്ള, ബ്യൂറോക്രാറ്റിക് ശൈലിയുള്ള ഒരു സഭയാകാനല്ല (n.88). മറിച്ച്, സംവേദനക്ഷമതയുള്ള, ശുശ്രൂഷിക്കുന്നതില്‍ സന്തോഷമുള്ള ഒരു സഭയായി രൂപാന്തരപ്പെടുവാനാണ്.

ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി എന്നീ മുന്‍ ചാക്രിക ലേഖനങ്ങളെ തിരുഹൃദയ സ്‌നേഹത്തോട് ബന്ധിപ്പിക്കുന്നുണ്ട്. ഈശോയുടെ തിരുഹൃദയത്തോടുള്ള സ്‌നേഹബന്ധം വിശ്വസാഹോദര്യത്തെ വളര്‍ത്തുകയും മനുഷ്യാന്തസിനോടുള്ള ബഹുമാനവും പ്രപഞ്ചത്തോടുള്ള പരിഗണനയൂം വര്‍ധിപ്പിക്കുകയും ചെയ്യും (n.217). സഭയുടെ സ്ഥാപനവല്‍കൃതവും ഘടനാ കേന്ദ്രീകൃതവും മൗലികവാദപരവുമായ നിലപാടുകള്‍ ക്രിസ്തുവിന്റെ രക്ഷാകരവും സന്തോഷദായകവുമായ സ്‌നേഹത്തെ മറച്ചുപിടിക്കാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും പാപ്പ നല്‍കുന്നുണ്ട് (n.219).

ക്രിസ്തുവിന്റെ തിരുഹൃദയസ്‌നേഹത്തില്‍ സഭ സ്വയം കേന്ദ്രീകരിക്കുക എന്നതാണ് പരിഹാരം. ക്രിസ്തുവിന്റെ തിരുഹൃദയത്തോട് മനുഷ്യകുലത്തിന്റെ മുറിവുകളെ സുഖപ്പെടുത്തുവാനും സ്‌നേഹിക്കുവാനും ശുശ്രൂഷിക്കാനുമുള്ള മനുഷ്യന്റെ കഴിവുകളെ ഉജ്ജ്വലിപ്പിച്ച് നീതിയിലും സഹോദര സ്‌നേഹത്തിലും ലോകത്തെ നയിക്കുവാനും പ്രാര്‍ഥിച്ചുകൊണ്ടാണ് (n.220) ചാക്രിക ലേഖനം അവസാനിക്കുന്നത്. ഒറ്റവാക്കില്‍ തിരുഹൃദയത്തിന്റെ ആര്‍ദ്രത ഏറ്റെടുത്ത് സാര്‍വത്രിക സ്‌നേഹത്തിന്റെ സംസ്‌കാരം സൃഷ്ടിക്കാനാണ് 'അവന്‍ നമ്മെ സ്‌നേഹിച്ചു' എന്ന ചാക്രിക ലേഖനത്തിലൂടെ പാപ്പ ആഹ്വാനം ചെയ്യുന്നത്.

ദൈവദാസി കൊളേത്താമ്മയെക്കുറിച്ച് പുസ്തകം പ്രകാശനം ചെയ്തു

ഫാദര്‍ അരുപ്പെയുടെ നാമകരണ നടപടികള്‍ മുന്നോട്ട്

മെത്രാന്‍ സംഘത്തിന്റെ പ്രസിഡണ്ടിനെ നിക്കരാഗ്വ പുറത്താക്കി

അല്‍ബേനിയയില്‍ രണ്ടു രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

മോചിതരായ ഇസ്രായേലി ബന്ദികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു