Editorial

സ്റ്റാന്‍ സ്വാമിക്കു പിന്നാലെ സായിബാബ; മനുഷ്യസ്‌നേഹത്തിനു മരണമോ സമ്മാനം?

Sathyadeepam

നിഷ്പക്ഷ നീതിന്യായസംവിധാനങ്ങളുള്ള ഒരു ആധുനിക ജനാധിപത്യരാജ്യമെന്നാണ് അഭിമാനപൂര്‍വം ഇന്ത്യ സ്വയം പരിചയപ്പെടുത്തുന്നത്. അടിയന്തിരാവസ്ഥയുടെ ഹ്രസ്വകാലത്തൊഴികെ ആഭ്യന്തരകാര്യങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പിലും ഒരു പരിഷ്‌കൃതജനാധിപത്യത്തിന്റെ അന്തസ്സു നാം നിലനിറുത്തിപ്പോന്നിട്ടുണ്ടെന്ന ആത്മവിശ്വാസം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആടിയുലയുകയാണ്. അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കും സ്വേച്ഛാധിപത്യത്തിനും ഇന്ത്യ വിധേയപ്പെട്ടു കഴിഞ്ഞുവോ എന്ന ആകുലത, പിന്നെയും വര്‍ധിപ്പിക്കുകയാണ് പ്രൊഫസര്‍ ഡോ. ജി എന്‍ സായിബാബയുടെ അകാലമരണം.

ബാല്യത്തിലേ ബാധിച്ച വൈകല്യത്തോട് എതിരിട്ട്, ആന്ധ്രായിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് രാജ്യതലസ്ഥാനത്തെ അക്കാദമികകേന്ദ്രത്തിലേക്ക് സായിബാബ എത്തിച്ചേര്‍ന്നത് പ്രതിഭയുടെയും അതിനെ മിനുക്കിയ കഠിനാധ്വാനത്തിന്റെയും മാത്രം ബലത്തിലായിരുന്നു. സര്‍വകലാശാലയില്‍ കേവലമായ അധ്യാപനത്തിലും കുടുംബജീവിതത്തിലും അദ്ദേഹം ഒതുങ്ങി നിന്നില്ല. താന്‍ അനുഭവിച്ചതും കണ്ടതും കേട്ടതുമായ ജീവിതപാഠങ്ങളിലൂടെ തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയായി പരിവര്‍ത്തനപ്പെട്ടിരുന്ന അദ്ദേഹം, മനുഷ്യര്‍ നേരിടുന്ന അനീതികളിലും ചൂഷണങ്ങളിലും അസ്വസ്ഥനായി.

ഒറ്റപ്പെട്ട ഒരു പൗരന്റെ വ്യക്തിപരമായ ദുര്‍വിധിയായി ഈ ദുരന്തത്തെ കാണാനാവില്ല. ഇതു രാജ്യം പൊതുവായി നേരിടുന്ന ഒരു ദുരന്തത്തിന്റെ പ്രതീകവും പാഠവുമാണ്.

ആ അസ്വസ്ഥത ചൂഷിതരോടുള്ള ഐക്യദാര്‍ഢ്യമായും ഭരണകൂടത്തോടുള്ള ചോദ്യങ്ങളായും പുറത്തു വന്നു. ചൂഷകരും ഭരണവര്‍ഗവും പക്ഷേ, അവയ്ക്കുത്തരം നല്‍കാനല്ല, ആനുപാതികബലത്തിനപ്പുറം പ്രയോഗിച്ച് ചോദ്യകര്‍ത്താവിനെ അടിച്ചമര്‍ത്താനാണു ശ്രമിച്ചത്. സാമ്പത്തികശേഷിയോ സംഘടനാബലമോ ഇല്ലാത്ത, സ്വന്തം ജോലിയും ധിഷണയും നീതിബോധവും മാത്രം സമ്പത്തായുണ്ടായിരുന്ന ഒരധ്യാപകന്റെ ജീവിതം തകര്‍ക്കാന്‍ പ്രാപ്തമായ കുറ്റാരോപണങ്ങളും നടപടികളും അദ്ദേഹത്തിനെതിരെ കൂരമ്പുകളായി വന്നു. അവയേറ്റ് ഒരു പതിറ്റാണ്ടു പിടഞ്ഞു തളര്‍ന്ന്, ഒടുവില്‍ അനിവാര്യമായ മരണത്തിനു കീഴടങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.

കോടതികള്‍ കുറ്റവിമുക്തനായി പ്രഖ്യാപിച്ചശേഷം ജയില്‍മോചിതനായ ഡോ. സായിബാബ ചികിത്സയിലിരിക്കെ മരിച്ചു എന്നതു സാങ്കേതികത്വം മാത്രമാണ്. കല്ലുവച്ച കള്ളങ്ങളാല്‍ ചമച്ച കുറ്റാരോപണങ്ങളുടെ കരിനിഴലില്‍, കരിനിയമങ്ങളുടെ കല്‍ത്തുറുങ്കില്‍, ദീര്‍ഘകാലം അനുഭവിച്ച മനുഷ്യത്വരഹിതമായ തടവറജീവിതമാണ് അദ്ദേഹത്തെ ശാരീരികമായും മാനസീകമായും തളര്‍ത്തിയത്. ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നേരിട്ടല്ലാത കൊല്ലപ്പെട്ട പതിനായിരങ്ങളുണ്ട്. ക്യാമ്പിലടയ്ക്കപ്പെട്ടാല്‍ വാക്കുകള്‍ക്കതീതമായ ദുരിതങ്ങള്‍ സഹിച്ച്, ക്രമേണ അവശരാകുന്ന അന്തേവാസികളിലേക്കു സ്വാഭാവികമെന്നോണം വന്നെത്തുന്ന മരണവിധിയെ 'കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് മരണങ്ങള്‍' എന്നാണു അര്‍ഥഗര്‍ഭമായി ചിലര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഫലത്തില്‍, അവ പരോക്ഷമായ കൊലപാതകങ്ങള്‍ തന്നെ. സായിബാബയുടെ മരണവും ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് മരണങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. നാഗ്പൂര്‍ ജയിലില്‍, കൊടുംകുറ്റവാളികള്‍ക്കൊപ്പം, ഇടുങ്ങിയ അറയില്‍, സ്വകാര്യതയില്ലാതെ, പൊലീസ് മര്‍ദനത്തിലേറ്റ പരിക്കുകളുമായി, നരകയാതന സഹിച്ചാണ്, അറിഞ്ഞുകൊണ്ടൊരുറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത സായിബാബ പത്തു വര്‍ഷം കഴിഞ്ഞത്. ഭരണകൂടം വിധിച്ച മരണമാണ് ജയിലിനു പുറത്ത് അദ്ദേഹത്തെ തേടിവന്നതെന്നു പറയാന്‍ മറ്റൊരു ന്യായവും ആവശ്യമില്ല.

ഒറ്റപ്പെട്ട ഒരു പൗരന്റെ വ്യക്തിപരമായ ദുര്‍വിധിയായി ഈ ദുരന്തത്തെ കാണാനാവില്ല. ഇതു രാജ്യം പൊതുവായി നേരിടുന്ന ഒരു ദുരന്തത്തിന്റെ പ്രതീകവും പാഠവുമാണ്. ഫാ. സ്റ്റാന്‍ സ്വാമിയെ സ്മരിക്കുക. ആ വൃദ്ധതാപസനെതിരെ ഭരണകൂടം ഉന്നയിച്ച അതേ ആരോപണത്തിലാണ് ജി എന്‍ സായിബാബയെയും കുടുക്കിയത്. മാവോയിസ്റ്റ്! മനുഷ്യരുടെ വേദനകളില്‍ പങ്കുചേര്‍ന്നാല്‍, അതേ കുറിച്ചു ചോദ്യങ്ങളുന്നയിച്ചാല്‍ ഉടനെ മാവോയിസ്റ്റാക്കുന്നത് മാരകമായ ഒരു ഭരണകൂടതന്ത്രമാണ്. മാവോയിസ്റ്റെന്നു മുദ്രയടിച്ചാല്‍ പിന്നെ സാധാരണ നിയമങ്ങള്‍ എടുത്തു മാറ്റിവയ്ക്കാം. നേരെ തുറുങ്കിലടയ്ക്കാം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാം. വിചാരണയും വിധിയുമൊക്കെ പ്രഹസനമാക്കാം.

എണ്‍പതു പിന്നിട്ട, പാര്‍കിന്‍സണ്‍സ് രോഗിയായിരുന്ന സ്റ്റാന്‍ സ്വാമിയോടു തികച്ചും മനുഷ്യത്വരഹിതമായിട്ടാണ്, ഭരണകൂടവും കുറ്റാന്വേഷകരും ജയലധികാരികളും പെരുമാറിയത്. അദ്ദേഹത്തിനു നീതി നല്‍കാന്‍ നീതിന്യായ സംവിധാനങ്ങള്‍ക്കും സാധിച്ചില്ല. പച്ചവെള്ളം പോലും ദാഹം തീരെ കുടിക്കാന്‍ കഴിയാതെ, രോഗാവസ്ഥ മൂര്‍ഛിച്ച അദ്ദേഹം കുറ്റവിമുക്തനാകുന്നതിനു മുമ്പേ തന്നെ മരണത്തിനു കീഴ്‌പ്പെടുകയായിരുന്നു.

സ്റ്റാന്‍ സ്വാമിയുടെ മേലുള്ള ദുരാരോപണങ്ങളുടെ കറ, മരണശേഷമാണെങ്കിലും നീക്കം ചെയ്യണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹത്തിന്റെ സന്യാസസഹോദരങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല. നമ്മുടെ നീതിവിതരണസംവിധാനത്തെയും നീതിപതികളെയും കുറിച്ച് ജനസാമാന്യത്തിനിടയില്‍ ആശങ്ക വിതയ്ക്കുന്ന നിലപാടുകളാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സ്റ്റാന്‍ സ്വാമിയുടെ കേസില്‍ വിചാരണ നടത്തി വിധി പറയാന്‍ ജഡ്ജിമാര്‍ തുടര്‍ച്ചയായി വിസമ്മതിക്കുകയും വച്ചുമാറുകയും ചെയ്യുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് നിലവിലിരിക്കുന്നത്. സ്റ്റാന്‍ സ്വാമിയുടെ കേസില്‍ നീതിയുടെ പക്ഷത്തു പരസ്യമായി നിന്നാല്‍ രാഷ്ട്രീയയജമാനന്മാരുടെ അപ്രീതിയുണ്ടാകുമെന്ന് ആരൊക്കെയോ ഭയപ്പെടുന്നുവെന്നു കരുതേണ്ടിവരുന്നു. നോക്കുക, ഭരണകൂടത്തെ കളിപ്പാവയാക്കിയിരിക്കുന്ന സ്വേച്ഛാധിപത്യശക്തികളുടെ നീരാളിക്കൈകള്‍ ഏതൊക്കെ സംവിധാനങ്ങള്‍ക്കുള്ളിലേക്കാണ് കടന്നുചെന്നു പിടിമുറുക്കിയിരിക്കുന്നതെന്ന്!

വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും ദുര്‍ഭൂതങ്ങള്‍ക്കു ഭാരതത്തെ വിട്ടുകൊടുക്കാതിരിക്കാന്‍ ജനാധിപത്യവിശ്വാസികളും മതേതരവാദികളും അതീവ ജാഗ്രത പാലിക്കേണ്ട കാലമാണിത് എന്ന് സായിബാബയുടെ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്റ്റാന്‍ സ്വാമിയുടെയും സായിബാബയുടെയും ത്യാഗഭരിതമായ ജീവിതങ്ങള്‍ സത്യനീതികളിലേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തിനു പ്രകാശം ചൊരിയുന്ന വഴിവിളക്കുകളായി എന്നും തെളിഞ്ഞു നില്‍ക്കുക തന്നെ ചെയ്യും.

നിറഭേദങ്ങള്‍ [01]

ഓസ്‌കാര്‍ ജേതാവിന്റെ സംഗീതവിരുന്ന് വത്തിക്കാന്‍ സിറ്റിയില്‍

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

ഉക്രെയ്‌നിയന്‍ പ്രസിഡന്റും മാര്‍പാപ്പയും നാലാമതും കണ്ടു