Editorial

ഈ തിരഞ്ഞെടുപ്പ് അവസാനത്തേതോ?

Sathyadeepam
'ഒറ്റതിരഞ്ഞെടുപ്പ്' എന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് തന്നെയും ഇല്ലാതാകുന്ന ജനാധിപത്യത്തിന്റെ ദയാവധ സാധ്യത അകലെയല്ല. 2024-ലെ പൊതുതിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാകുന്നത് അങ്ങനെയാണ്. ഇനിയൊരു തിരഞ്ഞെടുപ്പ് വേണമോ എന്നതിനെ തന്നെ തിരഞ്ഞെടുക്കാനുള്ള അസാധാരണമായ അവസാന അവസരം, മറക്കരുത്.

തിരഞ്ഞെടുപ്പു തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകൊണ്ട് 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പൊരുക്കത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി. പതിവില്ലാത്തവിധം പ്രമുഖരുടെ പാര്‍ട്ടി മാറ്റം വലിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നുവെന്ന് മാത്രമല്ല, ചിലയിടങ്ങളിലെ വിജയ സാധ്യതകളെപോലും അത് അമ്പരിപ്പിക്കുംവിധം സ്വാധീനിക്കുമെന്നും വ്യക്തമായി.

17-ാം ലോക്‌സഭ അസാധാരണമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായി. അതില്‍ പലതും ജനാധിപത്യത്തിലെ അശ്ലീലക്കാഴ്ചകളായിരുന്നുവെന്നതാണ് വാസ്തവം. പ്രത്യക്ഷത്തില്‍ പ്രതിപക്ഷ നേതാവില്ലാതെയായിരുന്നു ലോക്‌സഭാകാലം മുഴുവന്‍ സമ്മേളിച്ചതെന്നത്, പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ കഴിവുകേടെന്നതിനേക്കാള്‍ ജനാധിപത്യ സംവിധാനത്തിന്റെ പരാജയമായാണ് വിലയിരുത്തേണ്ടത്. ഇരുസഭകളിലുമായി 130 ലധികം പ്രതിപക്ഷ എം പി മാരെ പല കാലങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്ത സഭയെന്ന 'ഖ്യാതി'യും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. പ്രധാനപ്പെട്ട പല ബില്ലുകളും പ്രതിപക്ഷ സാന്നിധ്യമില്ലാതെയാണ് പാസ്സാക്കിയതെന്ന (കു)പ്രശസ്തി യും ഈ സഭയ്ക്ക് അവകാശപ്പെട്ടതാണ്.

പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും എന്ന് പ്രതീക്ഷിച്ചിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷനംഗം അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജി രാഷ്ട്രീയ കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

2027 വരെ കാലാവധിയുണ്ടായിരിക്കെ ഗോയലോ, സര്‍ക്കാരോ രാജിക്കാര്യത്തില്‍ ഒരു വിശദീകരണവും നല്കാത്തത് ദുരൂഹതയുണര്‍ത്തുന്നു. മൂന്നംഗ സമിതിയില്‍ നേരത്തെയുള്ള ഒഴിവ് പരിഗണിക്കുമ്പോള്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാര്‍ മാത്രമുള്ള ഏകാംഗ കമ്മീഷനായി ഈ സുപ്രധാന ഭരണഘടനാ സംവിധാനവും മോദി പ്രഭാവത്തിലൊതുങ്ങിയോ എന്ന് സംശയിക്കണം. പൊതുതിരഞ്ഞെടുപ്പിനുശേഷം ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത പിന്‍മാറ്റം. മാത്രമല്ല പൊതുതിരഞ്ഞെടുപ്പൊരുക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി കമ്മീഷന്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമായിരുന്നു രാജിയെന്നതും ദുരൂഹതയേറ്റുന്നു. പഞ്ചാബ് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഗോയലിന്റെ വിരമിക്കലിനു തൊട്ടടുത്ത ദിവസം അതായത് 2022 നവംബര്‍ 19-ന് തിരഞ്ഞെടുപ്പ് കമ്മീഷനംഗമായുള്ള അദ്ദേഹത്തിന്റെ നിയമനവും നേത്തെ വിവാദമായിരുന്നു.

ഇതിനിടയില്‍ പശ്ചിമ ബംഗാളില്‍ കഴിഞ്ഞയാഴ്ചവരെ ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത് ഗംഗോപാദ്ധ്യായ ബി ജെ പിയില്‍ ചേര്‍ന്നത് വാര്‍ത്തയായി. ''വിരമിച്ചതിനുശേഷമെത്തുന്ന പദവികള്‍ വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നുണ്ട്'' എന്ന അഭിപ്രായം 2012-ല്‍ അരുണ്‍ ജെയ്റ്റിലിയുടേതാണ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ബി ജെ പി എം പിയായി രാജ്യസഭയിലെത്തിയത് സമീപകാല ചരിത്രം.

ഇത്തവണ നാനൂറിലധികം സീറ്റുകള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശമാണ് ബി ജെ പി നേതൃത്വം അണികള്‍ക്ക് നല്കിയിരിക്കുന്നത്. പാര്‍ട്ടിക്ക് ലഭിക്കുന്ന വന്‍ ഭൂരിപക്ഷം രാജ്യത്തെ മാറ്റിയെടുക്കാന്‍ പോകുന്നതെങ്ങനെയെന്ന് കര്‍ണ്ണാടകയില്‍ നിന്നുള്ള ബി ജെ പി എം പി അനന്തകുമാര്‍ ഹെഗ്‌ഡെയുടെ വാക്കുകളില്‍ വ്യക്തമാണ്. ''രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന മാറ്റിയെഴുതും.'' നാലു സീറ്റുകള്‍കൂടി കിട്ടിയാല്‍ ഭൂരിപക്ഷമായി എന്നതു മറക്കരുത്. ഏറ്റവുമൊടുവില്‍ മതത്തെ പൗരത്വത്തിനുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചുകൊണ്ടുള്ള ഇഅഅ യുടെ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ട് രാജ്യത്ത് വിഭാഗീയത വളര്‍ത്തി വോട്ടുറപ്പാക്കാനുള്ള അവസാന അടവുമായാണ് കേന്ദ്ര സര്‍ക്കാര്‍.

പൊതു തിരഞ്ഞെടുപ്പില്‍ പ്രധാന സാന്നിധ്യമാകുമെന്ന് കരുതിയ 'ഇന്ത്യാ' മുന്നണിയാകട്ടെ പലയിടത്തും പതറിയാണ് നില്പ്. പല സംസ്ഥാനങ്ങളിലും ഒറ്റയ്ക്കാണ് മത്സരിക്കുന്നതും. പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ് 39 സ്ഥാനാര്‍ ത്ഥികളെ മാത്രം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പൊരുക്കത്തില്‍ പിന്നിലാണെന്ന് പറയാതെ പറയുകയാണ്.

മതേതരത്വം എന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട് പക്ഷേ, പാരമ്പര്യഗുണമല്ലെന്ന് കേരളത്തിലെ പാര്‍ട്ടി തെളിയിച്ചു കഴിഞ്ഞു. നേരത്തെ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ഇപ്പോള്‍ കെ കരുണാകരന്റെ മകള്‍ പത്മജയും ബി ജെ പിയില്‍ ചേര്‍ന്നപ്പോള്‍ ആദര്‍ശമല്ല അധികാരം തന്നെയാണ് യഥാര്‍ത്ഥ പാരമ്പര്യമെന്ന് എല്ലാവര്‍ക്കും മനസ്സിലായി.

'ഇടതുപാര്‍ട്ടികള്‍ക്കു വോട്ടു ചെയ്യാന്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുണ്ടാകും' എന്ന കര്‍ഷക സങ്കടം കോതമംഗലത്ത് വലിയ പ്രക്ഷോഭമായപ്പോള്‍, പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത ഇടതു സര്‍ക്കാര്‍ നിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന് ഏതാണ്ടുറപ്പാണ്. കരുവന്നൂരും കരിമണലും പോളിംഗ് ബൂത്തുവരെ എത്തിക്കാതിരിക്കാന്‍ പാര്‍ട്ടി പാടുപെടുന്നതിനിടയിലാണ് എസ് എഫ് ഐ ക്കാരുടെ നരനായാട്ടില്‍ വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ദാരുണാന്ത്യം. കേസ് സി ബി ഐ യ്ക്കു വിട്ട് സര്‍ക്കാര്‍ ഒരുവിധം പിടിച്ചു നില്ക്കാന്‍ ശ്രമിക്കുന്നതിനിടയിലും എസ് എഫ് ഐ നേതാക്കളുടെ ന്യായീകരണം അറപ്പുളവാക്കുന്ന അശ്ലീലത തന്നെയാണ്. 'ജനാധിപത്യം' അവരുടെ കൊടിയുടെ അലങ്കാരതുന്നല്‍ മാത്രമായിട്ട് കുറെ നാളായി.

  • നേതാക്കള്‍ അരമനകള്‍ തിരയുന്ന തിരഞ്ഞെടുപ്പുകാലം എന്ന പതിവ് അശ്ലീലാനുഭവം ഇക്കുറിയും ആവര്‍ത്തിക്കുകയാണ്. തൊഴുതു നില്‍ക്കുന്ന നേതാക്കളുടെ മുമ്പില്‍ ചിരിച്ചു നില്‍ക്കുന്ന സഭാനേതൃത്വം നാടിന് നഷ്ടപ്പെട്ടതെന്തെന്ന് നിവര്‍ന്നുനിന്ന് പറയുമോ എന്നാണറിയേണ്ടത്. കൈകുലുക്കി കടന്നുപോകുന്നവരോട് കര്‍ഷക കണ്ണീരിന്റെ കാരണം തിരക്കിയോ? വികസന വായ്ത്താരിയുടെ മഞ്ഞകുറ്റികളില്‍ നിശ്ചലമായ സാധുജീവിതങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുവോ? വിഴിഞ്ഞവും മൂലമ്പിള്ളിയും മുന്നറിയിപ്പായി പറഞ്ഞുവോ? വേദിക്കനുസരിച്ച് വാക്കുമാറ്റുന്ന 'വഴക്കദോഷം' 'പുതിയ'നേതൃബാധ്യതയാകുമ്പോള്‍ വലിയ അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

  • 'ഒറ്റതിരഞ്ഞെടുപ്പ്' എന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് തന്നെയും ഇല്ലാതാകുന്ന ജനാധിപത്യത്തിന്റെ ദയാവധ സാധ്യത അകലെയല്ല. 2024-ലെ പൊതുതിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാകുന്നത് അങ്ങനെയാണ്. ഇനിയൊരു തിരഞ്ഞെടുപ്പ് വേണമോ എന്നതിനെ തന്നെ തിരഞ്ഞെടുക്കാനുള്ള അസാധാരണമായ അവസാന അവസരം, മറക്കരുത്.

വിശുദ്ധ ക്ലമന്റ് ഒന്നാമന്‍ (100) - നവംബര്‍ 23

ക്രൂശിതന്റെ നോവ്

മനുഷ്യത്വത്തിന്റെ മരണത്തില്‍നിന്നു ജനിച്ച കാവ്യം

മുനമ്പത്തെ മതേതരത്വത്തിന്റെ ശവപറമ്പാക്കില്ലെന്ന് ലത്തീന്‍ മെത്രാന്മാര്‍

വചനമനസ്‌കാരം: No.149