Editorial

യുവാക്കള്‍ക്കു വേണ്ടാത്ത കേരളം

Sathyadeepam

2023-ലെ കേരള സര്‍ക്കാരിന്റെ കണക്കനുസരിച്ച് കുടിയേറ്റ വിദ്യാര്‍ത്ഥികളുടെ എണ്ണം 2.5 ലക്ഷമായി. 20.2 ലക്ഷം കുടിയേറ്റ മലയാളികള്‍ ഉള്ളതില്‍ 11.3% വിദ്യാര്‍ത്ഥികളാണ്. 17 വയസ്സുമുതല്‍ കുടിയേറ്റം ആരംഭിക്കുന്നു എന്നാണ് ഇക്കഴിഞ്ഞ ലോകകേരളസഭയില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പറയുന്നത്. വിദ്യാര്‍ത്ഥി കള്‍ പുറത്തേക്കു പോകുന്നത് പഠനത്തിനാണ്, തൊഴിലിനാണ്. ഒപ്പം വിദേശനാണ്യം കേരളത്തിലേക്ക് എത്തുന്നുമുണ്ട്. അതില്‍ എന്താണ് പ്രശ്‌നം? പതിറ്റാണ്ടുകളായി കേരള ത്തെ താങ്ങി നിര്‍ത്തിയിരുന്നത് പ്രവാസികളും അവരുടെ പണവും ആയിരുന്നല്ലോ. പ്രവാസകാലത്തിന്റെ പുതിയ പതിപ്പു മാത്രമാണിതെന്നു ചിന്തിക്കുന്നവര്‍ ഉണ്ടാകാം. പക്ഷേ പോകുന്നവരില്‍ പകുതിയും തിരികെ എത്തുന്നില്ല. പോകുന്ന നാടുകളില്‍ കുടുംബമായി അവര്‍ സ്ഥിരതാമസമാകുന്നു. നാട്ടിലുള്ളവരെ വിദേശത്ത് പോകാന്‍ പ്രേരിപ്പിക്കുന്നു. അവരുടെ വൈഭവവും കഴിവും ബുദ്ധിശക്തിയും ആ രാജ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്നു. മികച്ച തലച്ചോറുകള്‍ നമുക്ക് നഷ്ടം. നമ്മുടെ സമൂഹത്തില്‍ യുവത ചുരുങ്ങുന്നു. സംസ്‌കാരത്തിലും അതിന്റെ ആഘോഷങ്ങളിലും ചലനാത്മകത കുറയു ന്നു. കേരളം വെറും ഉപഭോഗസംസ്ഥാനമായി മാറുകയാണ്. ഒറ്റപ്പെടുന്ന മാതാപിതാ ക്കളും വര്‍ധിക്കുന്ന വൃദ്ധജനങ്ങളും കൊണ്ട് കേരളത്തിന് പ്രായമേറുന്നു. ഒറ്റയ്ക്കാവുന്ന മാതാപിതാക്കള്‍ക്കുവേണ്ടി ആശുപത്രികളോടു ചേര്‍ന്ന് ഓള്‍ഡേജ് ഹോമുകള്‍, മറ്റു പുനഃരധിവാസ പാക്കേജുകള്‍ എന്നിവ ഇക്കഴിഞ്ഞ ലോകകേരളസഭയില്‍ അവതരിപ്പി ക്കപ്പെട്ടു എന്നു കൂടി വരുമ്പോള്‍ നമുക്ക് മനസ്സിലാകും ഇത് സാധ്യതകളെക്കാള്‍ ഒരു പ്രതിസന്ധി എന്ന്.

ഇത്തരം ഒഴുക്കിനു പ്രധാന കാരണങ്ങളില്‍ ഒന്ന് നമ്മുടെ വിദ്യാഭ്യാസരംഗം അത്ര മേല്‍ അനാകര്‍ഷകമായി എന്നതാണ്. കേരള സര്‍ക്കാര്‍ നേതൃത്വത്തിലുള്ള യൂണി വേഴ്‌സിറ്റികളില്‍ ഇക്കഴിഞ്ഞ അക്കാദമിക് വര്‍ഷം പകുതിയിലധികം മെറിറ്റ് സീറ്റുകളില്‍ കുട്ടികളുണ്ടായിരുന്നില്ല. മാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ താമസിച്ചു വരുന്ന പരീക്ഷാ ഫലങ്ങള്‍, സര്‍വകലാശാലകളിലെ കെടുകാര്യസ്ഥത, അനുദിനം മാറുന്ന തൊഴില്‍ മേഖലയുടെ പള്‍സ് അറിയാത്ത കോഴ്‌സ് ഡിസൈനുകള്‍, പഠിച്ചു മാര്‍ക്ക് വാങ്ങിയാല്‍ തന്നെ ജോലിക്കുവേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്, റദ്ദാക്കപ്പെടുന്ന റാങ്ക് ലിസ്റ്റുകള്‍, ജോലി ചെയ്തിട്ടും സര്‍ക്കാര്‍ ശമ്പളം കിട്ടാത്ത അവസ്ഥ, ഇഷ്ടക്കാര്‍ക്ക് ജോലികള്‍ വച്ചു നീട്ടാന്‍ മടിയില്ലാത്ത പാര്‍ട്ടി രാഷ്ട്രീയം, ജോലിക്കുവേണ്ടി കൊടുക്കേണ്ടുന്ന കോഴപ്പണം. ഇവയൊക്കെ കേരളത്തെ ഉപേക്ഷിക്കത്തക്കതാക്കുന്നുണ്ട്.

20.2 ലക്ഷം കുടിയേറ്റ മലയാളികള്‍ ഉള്ളതില്‍ 11.3% വിദ്യാര്‍ത്ഥികളാണ്. 17 വയസ്സുമുതല്‍ കുടിയേറ്റം ആരംഭിക്കുന്നു എന്നാണ് ഇക്കഴിഞ്ഞ ലോകകേരളസഭയില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പറയുന്നത്.

ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളൊക്കെ അതിനുവേണ്ടി തന്ത്രപരമായി പദ്ധതികള്‍ ഒരുക്കിയവയാണ്. അവരുടെ മനുഷ്യവിഭവശേഷി കുറഞ്ഞ പ്പോള്‍ സന്തുലനം വീണ്ടെടുക്കാന്‍ യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പുകള്‍ സൃഷ്ടി ച്ചു കുട്ടികളെ ആകര്‍ഷിക്കുകയും രാജ്യത്തെ ഇതര ജോലി സാധ്യതകളിലേക്ക് ക്ഷണി ക്കുകയും ചെയ്യുന്നു, യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ഇവിടെ 2021 ജൂണില്‍ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ടതാണ് 'നോളജ് ബേസ്ഡ് എക്കണോമി.' ഇക്കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്താനുള്ള എന്ത് പദ്ധതിയാണ് സര്‍ക്കാരിന് ആവിഷ്‌കരിക്കാന്‍ സാധിച്ചത്?

കേരളത്തില്‍ നിന്ന് നാടുവിടുന്ന യുവാക്കള്‍ അവരുടെ സ്വകാര്യസ്വപ്നങ്ങള്‍ തേടി പുറപ്പാട് നടത്തുന്നു എന്നു വരുന്നുണ്ടോ? Knowledge based economy എന്നത് economy based knowledge ആയി യുവാക്കാള്‍ മനസ്സിലാക്കിയോ? സമ്പത്തിനുവേണ്ടി മാത്രമാ ണോ ജ്ഞാനസമ്പാദനം? ചരിത്രത്തില്‍ കുടിയേറ്റം നടത്തേണ്ടി വരുന്നത് ജീവിക്കാന്‍ പ്രയാസമുള്ളപ്പോഴും യുദ്ധ പരിസരങ്ങളിലുമാണ്. സാമ്പത്തികമായി ഉയര്‍ന്നവര്‍ (high net worth individuals) കുടിയേറ്റങ്ങള്‍ക്ക് ശ്രമിക്കുന്നതിനെ എങ്ങനെ കാണണം? അതും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോള്‍ കേരളത്തെ പോലെ ഉയര്‍ന്ന ജീവിത രീതി കരഗതമായ ഇടത്തില്‍ നിന്ന്.

യൂറോപ്പില്‍ മരിക്കുന്നിടത്തോളം പേര്‍ ജനിക്കുന്നില്ല എന്ന ദുരന്തത്തിന്റെ ഒഴിവിലേ ക്കാണ് ഇവര്‍ പോകുന്നത്. ഇതേ വിധി കേരളത്തെ കാത്തിരിക്കുന്നുണ്ട് എന്ന് ഇവര്‍ക്ക് അറിയാമോ? കേരളത്തിന്റെ നാളയെക്കുറിച്ച് ആകുലതകള്‍ ഇല്ലാത്ത ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നുണ്ട് എന്നു ചിന്തിക്കാമോ? രാഷ്ട്രീയമാണ് സാമൂഹികത സൃഷ്ടിക്കുന്നത്. ഇടതു-വലതു പക്ഷങ്ങള്‍ ഉണ്ടാക്കിയ സാമൂഹിക സാഹചര്യത്തില്‍ നിന്നുള്ള ഒരു ഊരിപ്പോക്ക് അല്ലെങ്കില്‍ ഒളിച്ചോട്ടമാണോ ഇവിടെയുള്ളത്? ഇതില്‍ ഇടതുപക്ഷത്തിന് കൈകഴുകാനാകാത്ത വിധം ഒരു പങ്കുണ്ട് എന്ന് പറയാമോ? ഇത് പഠിക്കാനും ജോലി ചെയ്യാനും ജീവിക്കാനും പറ്റാത്ത ഇടമാണ് എന്നു തോന്നിയാല്‍, അതാണു രാഷ്ട്രീയ സാഹചര്യം എന്നു കരുതിയാല്‍ യുവാക്കള്‍ എങ്ങനെയാണ് പ്രതികരിക്കേ ണ്ടത്? ഗവണ്‍മെന്റ് ഇങ്ങനെയൊക്കെയാണോ ഇടപെടേണ്ടത്? കുടിയേറ്റ പ്രതിസന്ധി ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

17 വയസ്സുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തെ കേരള സഭ എങ്ങനെയാണ് മനസ്സി ലാക്കുന്നത്? യുവാക്കളെ ഇവിടെ നിലനിര്‍ത്താന്‍ സഭയുടെ റിസോഴ്‌സുകള്‍ എങ്ങനെ ഒക്കെ ഉപയോഗപ്പെടുത്താം? ഒപ്പം വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കും മാത്രമല്ല അപരിചിതമായ സംസ്‌കാരത്തിലേക്കും മൂല്യങ്ങളിലേക്കും (ചിലപ്പോള്‍ മൂല്യനിരാസ ങ്ങളിലേക്കും) വലിയ സ്വാതന്ത്ര്യത്തിലേക്കുമാണ് ഈ വിദ്യാര്‍ത്ഥികളുടെ യാത്ര. അത് നേരിടാന്‍ തക്ക രീതിയില്‍ നമ്മള്‍ അവരെ പ്രാപ്തരാക്കുന്നുണ്ടോ? ചെറുപ്രായത്തില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ ഊഷ്മളതയും മേല്‍നോട്ടവും സന്മാര്‍ഗ പോഷണവും എങ്ങനെ പകരം വയ്ക്കും? അവരിലെ വിശ്വാസവേരുകള്‍ക്ക് ബലം കിട്ടേ ണ്ട പ്രായത്തില്‍ പുതുഭാഷയോടും സംസ്‌കാരത്തോടും മൂല്യങ്ങളോടും മല്ലടിച്ച് അവര്‍ എന്തുമാത്രം തളരുന്നുണ്ട്? 17 വയസ്സുവരെ മാത്രം ജനിച്ച നാട്ടില്‍ ജീവിക്കാന്‍ വിധിക്ക പ്പെടുന്ന പുതുതലമുറയെ വിശ്വാസത്തിലും സന്മാര്‍ഗത്തിലും തിടം വയ്പ്പിച്ചു ജീവിത യാത്രയ്ക്കു പറഞ്ഞയയ്ക്കാന്‍ കേരളസഭയ്ക്ക് കഴിയുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തുന്ന സ്‌നേഹ സുവിശേഷത്തിന്റെ ആധുനിക മാതൃക കൂടിയും ആയിത്തീരും.

സത്യദീപം ലോഗോസ് ക്വിസ് 2024 [113]

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

വിന്‍സെന്‍ഷ്യന്‍ തയ്യല്‍കേന്ദ്രം വാര്‍ഷികം നടത്തി

അങ്കമാലി മേരിമാത പ്രൊവിൻസിൽ ജൂബിലേറിയന്മാർക്ക് ആദരം

സത്യദീപം ലോഗോസ് ക്വിസ് 2024 [112]