Editorial

'മോദിയല്ല ഗാരന്റി, ആകരുത് '

Sathyadeepam

'മോദിയല്ല ഗ്യാരന്റി, രാജ്യത്തെ ഭരണഘടനയാണ്.' ഇന്ത്യാ രാജ്യത്തെ ജനങ്ങള്‍ക്ക് വികസനവും സുരക്ഷയും ഉറപ്പു വരുത്തുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുന്ന പ്രധാന ജനസേവകന്‍ മാത്രമാണ് പ്രധാനമന്ത്രിയെന്നിരിക്കെ, ജനുവരി 3-ന് തൃശൂരിലെ തേക്കിന്‍കാട് മൈതാനിയിലെ രാഷ്ട്രീയ പ്രസംഗത്തിലെ മോദിയുടെ ഗാരന്റി പ്രയോഗം രാഷ്ട്രീയ നിരീക്ഷകരെ യഥാര്‍ ത്ഥത്തില്‍ അമ്പരിപ്പിച്ചു.

10 കോടി പേര്‍ക്ക് ഉജ്ജ്വല ഗ്യാസ്, 11 കോടി ആളുകള്‍ക്ക് പൈപ്പിലൂടെ ശുദ്ധജലം, 12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം, 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങി വലിയ വികസന പദ്ധതികളുടെ വിശദമായ പ്രഖ്യാപന വേദിയില്‍ വച്ചാണ് 'എല്ലാറ്റിനും താന്‍ ഗാരന്റി' എന്ന മട്ടില്‍ മോദിയുടെ ആവര്‍ത്തിച്ചുള്ള അവകാശ പ്രഖ്യാപനം.

ഒന്നാം മോദി സര്‍ക്കാരിന്റെ വലിയ പ്രഖ്യാപനങ്ങളിലൊന്നായ കള്ളപ്പണം തിരിച്ചുപിടിക്കലും, എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15,00,000 രൂപയുടെ അധികനിക്ഷേപവുമെന്ന 'ഗാരന്റി' ഇതുവരെയും പ്രാവര്‍ത്തികമാക്കിയിട്ടില്ലാത്തതിനാല്‍, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കപ്പുറം ഇത്തരം പ്രസ്താവനകളുടെ പ്രയോഗ സാധുതയെ ആരും കാര്യമായി പരിഗണിക്കുമെന്ന് തോന്നുന്നില്ല.

അതേ സമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ വ്യവസായി അദാനിക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്ന സുപ്രീം കോടതി നിരീക്ഷണം അദാനിക്ക് മാത്രമല്ല, ബി ജെ പി സര്‍ക്കാരിനും, വലിയ ആശ്വാസമായി. മോദിയുടെ 'ഗാരന്റി'യിലാണ് അദാനിയുടെ അമ്പരിപ്പിക്കുന്ന വളര്‍ച്ചാവേഗം എന്ന ആരോപണം നിരന്തരമുയര്‍ത്തു ന്നവരാണ് പ്രതിപക്ഷകക്ഷികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഓഹരി വിപണിയില്‍ കൃത്രിമം കാട്ടി, അദാനി കമ്പനികളുടെ വിപണി മൂല്യമുയര്‍ത്തിയെന്നതായിരുന്നു പ്രധാന ആരോപണം.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ഗാരന്റിയില്‍ 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യ പിടിക്കാനൊരുങ്ങുന്ന ബി ജെ പി യുടെ പ്രധാന പ്രചാരണായുധമായി ഗാരന്റി പ്രയോഗം മാറുമ്പോള്‍, വികസന വായ്ത്താരിയുടെ അധികബലത്തിലാണ് ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പടയോട്ടം.

ലോകത്തെവിടെയും സംഘര്‍ഷമുണ്ടാകുമ്പോള്‍ ഭാരതീയരെ മടക്കിക്കൊണ്ടു വരുന്നതില്‍ മോദിയുടെ ഗാരന്റി നിര്‍ണ്ണായകമായെന്ന് ബി ജെ പി അവകാശപ്പെടുമ്പോള്‍ മാസങ്ങള്‍ക്കു ശേഷവും ഇനിയും അവസാനിക്കാത്ത സംഘര്‍ഷങ്ങളുടെയും അതിക്രൂരമായ വംശഹത്യയുടെയും കലാപഭൂമിയായ മണിപ്പൂരില്‍ അതേ ഗാരന്റിയുടെ ഉറപ്പുണ്ടാകാത്തതെന്താണ് എന്ന മതേതര ഭാരതത്തിന്റെ ആശങ്ക മോദിക്കറിയാത്തതാണോ?

ക്രൈസ്തവ മേലധ്യക്ഷന്മാര്‍ക്കായി പ്രധാനമന്ത്രിയുടെ വസതിയില്‍ നല്കപ്പെട്ട ക്രിസ്മസ് വിരുന്നു സല്‍ക്കാര വേളയില്‍, കണ്ണുനിറഞ്ഞ് അനുഗ്രഹം തേടിയെന്ന് അവകാശപ്പെട്ട മോദി, മണിപ്പൂരിലെ ക്രിസ്മസ് രാവ് ഇക്കുറി അശാന്തവും അക്രമാസക്തവുമായിരുന്നുവെന്ന് അറിയാത്തതാണോ? അതേ വിരുന്നു സല്‍ക്കാരത്തിനിടയില്‍ 'മണിപ്പൂര്‍ മറന്നതെന്തേ?' എന്ന് പരസ്പരവും, പ്രധാനമന്ത്രിയോടും ചോദിക്കാതിരുന്നതിന്റെ 'ഔചിത്യം' മതമേലധ്യക്ഷന്മാര്‍ പാലിച്ചപ്പോള്‍ മോദിയുടെ മാത്രമല്ല, ഭരണഘടനാവാഴ്ചയുടെ പോലും ഗാരന്റിയില്ലാതെയാണ് രാജ്യത്തെ പീഡിതക്രൈസ്തവര്‍ എന്ന് മറക്കരുതായിരുന്നു. സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനയിലെ 'വീഞ്ഞും കേക്കും' പ്രശ്‌നമാക്കിയവര്‍ അതിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്തത് മനപൂര്‍വമല്ലേ?

1984-ല്‍ രണ്ടു സീറ്റില്‍ നിന്ന് 1996-ല്‍ 161, 2014-ല്‍ 282, 2019-ല്‍ 303 സീറ്റായും, 1984-ല്‍ 7.74% എന്നത് 2019-ല്‍ 37.46% വോട്ട് ഷെയറായും വികസിച്ച ബി ജെ പി, 2024-ലെ ഭരണത്തുടര്‍ച്ചയ്ക്കായി രാമക്ഷേത്രവും പൗരത്വ ഭേദഗതി ബില്ലും ആയുധമാക്കുമ്പോള്‍ ആശയം ആകാരത്തിലേക്കും, യുക്തി വ്യക്തിയിലേക്കും ഇടുങ്ങിച്ചെറുതാകുന്നതിന്റെ ജനാധിപത്യാപചയം നാം കാണാതെ പോകരുത്. 150 എം പി മാരെ പാര്‍ലിമെന്റില്‍ നിന്നും പുറത്താക്കി 'മോദി ഗാരന്റിയില്‍' 'ജനാധിപത്യ സംരക്ഷണം' ഉറപ്പു വരുത്തുന്ന പുതിയ കാലത്ത്, 'ഇന്ത്യയെന്നാല്‍ ഇന്ദിരാ' യെന്ന പഴയ സമഗ്രാധിപത്യ കാലത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇവിടെയും തേടുന്നതെന്ന് മറന്നുപോകരുത്. മോദി ഭരണകാലത്ത് 71 തവണയാണ് പ്രതിപക്ഷ എം പി മാരെ പുറത്താക്കിയത്. നിയമ നിര്‍മ്മാണ സഭയ്ക്കും ജുഡീഷ്യറിക്കും മീതെ അപ്രമാദിത്വത്തിന്റെ അധികബലം അവകാശപ്പെടുന്ന മോദി സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസന വഴിയിലെ പ്രധാന നീക്കമായിരുന്നു, പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ ഷണ്ഠീകരിച്ചുകൊണ്ടുള്ള ബില്ലവതരണം. ജഡ്ജിമാരുടെ നിയമനാധികാരത്തിലെ കോളേജിയന്‍ രീതിയെ നേരത്തെ തന്നെ മോദി സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനെ സി എ ജിയായി നിയമിച്ചതോടെ ഫലത്തില്‍ ആ നിഷ്പക്ഷ സംവിധാനവും ഇല്ലാതായി. ജയ് ഹിന്ദ് വിളികള്‍ ശ്രീരാം വിളികളിലേക്കും ഒടുവില്‍ മോദി ജയ് മുദ്രാവാക്യങ്ങളിലേക്കും തുടര്‍ച്ചയായി മാറിപ്പോകുന്നത് യാദൃശ്ചികമാണോ? 'മോദി ഗാരന്റി' വെറുമൊരു മുദ്രാവാക്യമായല്ലാതെ, ഭരണഘടനാ പ്രതിസന്ധിയായിത്തന്നെ കാണണം. ജനസമ്പര്‍ക്കമെന്നാല്‍ റോഡിലെ 'ഷോ' മാത്രമായി അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തെ വെറും കെട്ടുകാഴ്ചയുടെ 'കൊയ്ത്തു'ത്സവമാക്കാമെന്നാണ് നേതാക്കള്‍ കരുതുന്നത്.

കര്‍ഷകലക്ഷങ്ങളെ കണ്ണീര്‍പ്പാടത്തിരുത്തിയ കാര്‍ഷിക കരിനിയമങ്ങളും പീഡനഭീതിയില്‍ സ്വപ്നനേട്ടങ്ങളുടെ പാദുകമഴിച്ച കായികഭാരതവും വിലക്കയറ്റ ഭീഷണിയില്‍ വലഞ്ഞില്ലാതാകുന്ന (അ)വികസിത സങ്കല്പവും, ഇതേ മോദിയുടെ ഗാരന്റിയില്ലാതെയാണ് തുടരുന്നതെന്ന് തൃശ്ശൂരിലെ ജനക്കൂട്ടം മറന്നുപോയെങ്കിലും അതോര്‍മ്മയുള്ള പൊതുസമൂഹം അതുറക്കെപ്പറയേണ്ട സമയമാണിത്. 'ചെങ്കോല്‍ സഭയിലെത്തി, ഇനി കിരീടധാരണമാണ് ബാക്കി.' മൃദുഹിന്ദുത്വത്തിന്റെ കാപട്യത്തെ അവസരത്തിനൊത്തണിയുന്ന കോണ്‍ഗ്രസ്സും, ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ പോലും പ്രതികളാക്കി തുറങ്കിലട യ്ക്കുവോളം പ്രതിലോമ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന ഇടതുപക്ഷവും ഭരണഘടനാ വാഴ്ചയുടെ ഗ്യാരന്റി തെരഞ്ഞെടുപ്പു കാലത്തും തുടര്‍ന്നും നല്കുമോ എന്നാണറിയേണ്ടത്. അത് തന്നെയാണവരുടെ ഭാവി സംഗത്യത്തിന്റെ ഗാരന്റിയും. പൗരനെ പ്രജയാക്കുന്ന ആനുകൂല്യങ്ങളുടെ ഗാരന്റിയല്ല, അവസാനത്തവനും അഭിമാനപൂര്‍വം അടയാളപ്പെടുന്ന സമഭാവനയുടെ സമുന്നത നീതിയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്ന യഥാര്‍ത്ഥ രീതി. മറക്കരുത്.

മനുഷ്യത്വത്തിന്റെ മരണത്തില്‍നിന്നു ജനിച്ച കാവ്യം

മുനമ്പത്തെ മതേതരത്വത്തിന്റെ ശവപറമ്പാക്കില്ലെന്ന് ലത്തീന്‍ മെത്രാന്മാര്‍

വചനമനസ്‌കാരം: No.149

പണ്ടത്തെ നാടകങ്ങളെപ്പറ്റി

കരയുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്ന കൊഞ്ഞാണന്മാര്‍!