Editorial

ഇനിയും എന്തിനാണ് ഇവരെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപതയിലെ എട്ടു ഡീക്കന്മാരെ നിയമ കുരുക്കുകളിലാക്കി ഏകീകൃത ബലിയര്‍പ്പണം ഉറപ്പാക്കാന്‍ സഭാനേതൃത്വം നടത്തുന്ന വേദനാജനകമായ ഈ ശ്രമം സഭാചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. കോവിഡ് കാലത്ത് നടപടി ക്രമങ്ങള്‍ കാറ്റില്‍പ്പറത്തി നീഗൂഢമായി നടപ്പാക്കിയ 50:50 ഫോര്‍മുലയിലുള്ള വി. കുര്‍ബാനയുടെ അര്‍പ്പണഭാരം ഇപ്പോള്‍ ഡീക്കന്മാരുടെ ചുമലില്‍ മാത്രം വച്ചു കൊടുക്കുമ്പോള്‍, നിസ്സഹായതയുടെ നിലവിളികളില്‍, സഭാതലം കളങ്കിതമാവുകയാണ്.

പതിനൊന്നു വര്‍ഷം നീണ്ട യാത്ര... മാതാപിതാക്കളെ സഹോദരങ്ങളെ സുഹൃത്തുക്കളെ ഹൃദയത്തിന്റെ ഓരത്ത് നിര്‍ത്തി, തമ്പുരാനേയും അവന്റെ സ്‌നേഹ കൂട്ടായ്മയെയും അവിടെ ചേര്‍ത്തുവച്ച പരിശീലന വര്‍ഷങ്ങള്‍... തുടര്‍ച്ചയായ പഠനം, ധ്യാനം, മനനം, സ്വയം വെട്ടിയൊരുക്കലുകള്‍, ഒടുവില്‍ തങ്ങളുടെ സ്വപ്‌നത്തിന്റെ പൂര്‍ണ്ണതയിലേക്ക് കാലെടുത്തു വയ്ക്കവെ ഇടിത്തീ പോലെ കുര്‍ബാനയര്‍പ്പണ വിവാദം. അതിന്റെ നിയമക്കുരുക്കുകള്‍ക്ക് മുന്നില്‍ ഹൃദയവും ആത്മാവും വലിയുകയും മുറുകുകയും മുറിയുകയും ചെയ്യുന്ന എട്ടു പേര്‍. ഒപ്പം വേവുന്ന മാതാപിതാക്കളും സുഹൃത്തകളും ഇടവകകളും.

തിരുപ്പട്ട സ്വീകരണാനന്തരം സിനഡു കുര്‍ബാനയര്‍പ്പണം മാത്രമെന്ന നിബന്ധനയില്‍ ഒപ്പിട്ടാരംഭിക്കുന്ന അവരുടെ പൗരോഹിത്യ ശുശ്രൂഷ, അതിരൂപതയിലെ നിലവിലെ അജപാലന പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് അറിയായ്കയല്ല. എന്നിട്ടും അത്തരം ദുശ്ശാഠ്യങ്ങളിലൂടെ തിരുപ്പട്ടം പോലുള്ള കൂദാശയെ വിലപേശല്‍ സാധ്യതയാക്കി മുന്നേറുമ്പോള്‍ തകരുന്നത് കര്‍ത്താവിന്റെ സഭ തന്നെ! പരി. ആത്മാവിന്റെ അഭിഷേകത്തെ വിലകൊടുത്ത് വാങ്ങാന്‍ ശ്രമിച്ചവരുടെ പതനത്തെക്കുറിച്ചുള്ള നടപടി പുസ്തകവിവരണം വെറുതെ വിചിന്തനവിഷയമല്ലിപ്പോള്‍; ഉള്ളുലയ്ക്കുന്ന മുന്നറിയിപ്പാണ്.

ഇപ്പോഴത്തെ പിഴവുകള്‍ക്ക് എത്ര വര്‍ഷങ്ങളുടെ പ്രായശ്ചിത്തം മതിയാകുമെന്ന പ്രതിസന്ധിയെ 'ലാഭ'കരമാക്കാന്‍ പരിശ്രമിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അതിരൂപതയെ തകര്‍ത്തൊതുക്കുമ്പോള്‍, തകര്‍ന്നില്ലാതാകുന്നത് സീറോ മലബാര്‍ സഭ തന്നെയെന്ന് ഇനിയും ആര്‍ക്കാണ് മനസ്സിലാകാത്തത്?

സമവായ നീക്കം വഴി ഇപ്പോഴത്തെ പ്രതിസന്ധിക്ക് അയവ് വരുത്താന്‍ രണ്ടുവട്ടം സഭാനേതൃത്വത്തിന്റെ അനുവാദത്തോടെ ശ്രമിച്ചപ്പോള്‍ ദയനീയമായി അത് അട്ടിമറിക്കപ്പെട്ടതിലേ ക്രിസ്തുവിരുദ്ധത എന്തേ ഇനിയും ഉത്തരവാദിത്തപ്പെട്ടവര്‍ തിരിച്ചറിയാത്തത്?

''സത്യം വേണോ, സ്വസ്ഥത വേണോ?'' കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി എറണാകുളം അങ്കമാലി അതിരൂപത കടന്നുപോകുന്ന ആത്മപീഡകള്‍ ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. എന്തുകൊണ്ട് 35 രൂപതകളില്‍ എറണാകുളം മാത്രം വ്യത്യസ്തമാകുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയിലും ഈ ചോദ്യത്തിന്റെ ഉള്ളുരുക്കമുണ്ട്.

'ഭൂമി വിവാദം അത്ര വലിയ സംഭവമാക്കേണ്ടതുണ്ടോ, ചില അഡ്ജസ്റ്റ്‌മെന്റുകള്‍ എല്ലാവരും ചെയ്യുന്നതല്ലേ?' എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ നിസ്സാരവല്‍ക്കരിച്ചപ്പോഴും, ഇതേ ചോദ്യത്തിനുള്ള മറുപടി സുവിശേഷത്തില്‍ തിരയണമെന്ന് അതിരൂപത ഒന്നടങ്കം തീരുമാനിച്ചിടത്തും വേറിട്ട് നിന്നതിന്റെ വേദനയുണ്ട്.

ഒടുവില്‍ 'സ്വസ്ഥത വേണ്ട, സത്യം മതി' എന്ന് തീരുമാനിച്ചപ്പോള്‍ അത് അനുസരണക്കേടായിക്കണ്ട് അതികഠിനമായി അപമാനിക്കപ്പെടുവോളം വിശ്വാസിസമൂഹം മുഴുവന്‍ പോരാട്ടമുഖത്ത് സജീവമായെങ്കില്‍ അത് അതിരൂപത ക്രിസ്തുപക്ഷത്താണെന്ന ബോധ്യമുള്ളതുകൊണ്ടാണ്.

വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് സഭയിലെ പൗരോഹിത്യപ്പിറവി. ദൈവവിളികള്‍ വല്ലാതെ കുറയുന്ന ഇക്കാലത്ത് തിരുപ്പട്ടം പോലുള്ള വിശുദ്ധ കൂദാശകള്‍ വിലപേശി വില്‍ക്കുവോളം ഉത്തരവാദിത്തപ്പെട്ടവര്‍ തരം താഴരുത്. തിരുപ്പട്ടം സ്വീകരിക്കാന്‍ പതിനാറുപേരുടെ മറ്റൊരു ബാച്ച് ഒരുങ്ങിക്കാത്തിരിക്കുമ്പോള്‍ ഒരു വര്‍ഷത്തിലധികമായി ഒരുങ്ങിയിരിക്കുന്ന എട്ടുപേരുടെ കാര്യത്തില്‍ അജപാലനാനുസൃതവും മനുഷ്യത്വപരവും നീതിപൂര്‍വകവുമായ തീരുമാനമെടുക്കാതെ പ്രതിസന്ധി സൃഷ്ടിക്കുന്നവരെ കാലവും ദൈവവും കാത്തിരിക്കുന്നു.

ലോകം യുദ്ധങ്ങളുടെ വേവില്‍ ആണ്. ഏതു യുദ്ധദുരിത മുഖത്തു പോലും അനുവര്‍ത്തിക്കേണ്ട നിയമങ്ങളുണ്ട്. സ്ത്രീകളെയും ബലഹീന രേയും കുഞ്ഞുങ്ങളെയും ഒഴിവാക്കുക എന്നതു അതിലൊന്നാണ്. ഒപ്പം മുറിവേല്‍ക്കപ്പെട്ടവരെ വീണ്ടും മുറിവേല്‍പ്പിക്കാതിരിക്കുക എന്നതും. വര്‍ഷങ്ങളായി ദുരിതങ്ങളുടെ പെരുമഴയില്‍ മുറിഞ്ഞു നില്‍ക്കുന്നവരെ ഇനിയും സങ്കടങ്ങളിലേക്ക് തള്ളാതെ സ്വസ്ഥരാകാന്‍ അനുവദിക്കുക.

നേരത്തെ, വിശുദ്ധ കുര്‍ബാനയും, ഇപ്പോള്‍ തിരുപ്പട്ടവും വിഭജനത്തിനുള്ള വിഷയമാക്കുന്നവര്‍ ക്രിസ്തുവിരുദ്ധതയുടെ വിതരണക്കാര്‍ ആവുന്നതിലെ സങ്കടം ബാക്കി. കരുണയുടെ സങ്കേതങ്ങള്‍ ശൂന്യമാകുന്നതിലെ വേദനയും.

ഉത്തരവാദിത്തമുള്ളതുമായ തീരുമാനങ്ങള്‍ക്ക് സിനഡ് ഊന്നല്‍ നല്‍കുന്നു

സഹൃദയ വജ്ര ജൂബിലിക്ക് തുടക്കമായി

സിനഡ്: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഓര്‍മ്മയില്‍ ശ്രവിക്കലും, നിശബ്ദതയും, പ്രാര്‍ത്ഥനയും

AKCC പൂഴിക്കോൽ യൂണിറ്റ് സംഘടിപ്പിച്ച ഒപ്പ്‌ ശേഖരണവും, പ്രതിഷേധ സദസ്സും

വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [4]