Editorial

‘യോഹന്നാനെ തടയാത്ത സഭ!’

Sathyadeepam

2016-ലെ വാര്‍ഷിക വാക്കായി (word of the year) തിരഞ്ഞെടുത്തത് പോസ്റ്റ് ട്രൂത്ത് (Post Truth) ആണ്. വികാരങ്ങള്‍ക്കും, വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും വസ്തുതകളെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്കി, അതില്‍നിന്ന് ഒരു പൊതു അഭിപ്രായം ഉരുത്തിരിയാനനുവദിക്കുന്ന പ്രക്രിയയാണിത്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറികളുടെ മേധാവി കാസ്പര്‍ ഗ്രോത്ത്‌വോള്‍ (Casper Grathwohl) പറഞ്ഞത്, നമ്മുടെ കാലത്തെ നന്നായി നിര്‍വ്വചിക്കുന്ന വാക്കുകളിലൊന്നായിത് മാറിക്കഴിഞ്ഞുവെന്നാണ്.
സമകാലിക സമൂഹത്തിന്റെ ജീര്‍ണ്ണതകളെ സമാഹരിക്കുമ്പോള്‍ അത് സത്യാനന്തര കാലത്തെ സത്യമായും അടയാളപ്പെടുത്തുമെന്ന് ചിന്തകനായ ആര്‍മെഡോമെറിഡോസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. "ആള്‍ക്കൂട്ടം സ്വന്തം ദൃശ്യത്തെ (സത്ത) മറന്നു തുടങ്ങുന്നു. ജനത തങ്ങളുടെ വിശ്വാസ സത്യങ്ങള്‍ക്കനുസരിച്ച് ചില കാഴ്ചകളെ മാത്രം തെരഞ്ഞെടുക്കുന്ന പ്രക്രിയ (Selective perception) സത്യാനന്തര കാലത്തെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്."
സത്യാനന്തര കാലത്ത് തഴച്ചുവളരുന്ന ഒരു വ്യവസായമായി വ്യാജവാര്‍ത്താവിനിമയം മാറിത്തീരുന്നത് അങ്ങനെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായ അരിറബിന്‍ ഹവ്ത്ത് നിരീക്ഷിക്കുന്നതുപോലെ, "ഈ നുണകള്‍ സങ്കീര്‍ണ്ണമാണ്. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവ ഇല്ലാത്ത വിവാദങ്ങളെ സൃഷ്ടിക്കുകയും ജനസമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു." കൊറോണ വൈറസ് ലോക പര്യടനം ആരംഭിച്ചയുടന്‍ തന്നെ ഒരു പാന്‍ഡെമിക്കിനോളം വലിയ ഇന്‍ഫൊഡെമിക്കിന്റെ സാധ്യതയെ ലോകാരോഗ്യ സംഘടന മുന്‍കൂട്ടി കണ്ട്, മുന്‍ കരുതലിന്റെ ഭാഗമായി, അതിന്റെ ഡിജിറ്റല്‍ ബിസിനസ്സ് സൊലൂഷ്യന്‍ മാനേജരായ ആന്‍ഡ്രു പാറ്റേഴ്‌സിനെ സോഷ്യല്‍ മീഡിയാ കമ്പനികളുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ചത് അതുകൊണ്ടാണ്. ഓക്‌സ്‌ഫോര്‍ഡിലെ റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ശേഖരിച്ച കോറോണ കാലത്തെ വ്യാജവാര്‍ത്തകളുടെ 88% സോഷ്യല്‍ മീഡിയായില്‍ നിന്നാണെന്ന് കൂടി അറിയുമ്പോഴാണ് സത്യാനന്തര കാലത്തെ നുണ വ്യവസായ ഉല്പാദന വിതരണ ശൃംഖലകളെ അവിശ്വസനീയമാം വിധം സംഘടിപ്പിച്ച് സഹായിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം നീതിനിഷേധത്തിന്റെ നിര്‍ണ്ണായക സ്ഥാനത്താണെന്ന് മനസ്സിലാകുന്നത്.
കെട്ടകാലത്തിന്റെ കെടുതിയായി വ്യവഹരിക്കപ്പെടുന്നത് 'കെട്ടുകഥകള്‍' തന്നെയാണ്. അതിന്റ കേന്ദ്രസ്ഥാനത്ത് അപരവിദ്വേഷത്തെ വ്യവസ്ഥാപിതമാക്കുന്നതാണ് സത്യാനന്തര കാലത്തെ സവിശേഷതയും. അടുത്ത് നില്‍ക്കുന്നയാളെ അവഗണിക്കാന്‍ അപരവല്‍ക്കരണത്തിന്റെ ആപത്തിനെ യാതൊരു മടിയും കൂടാതെ കൈക്കൊള്ളുന്ന സാമുദായിക ബോധത്തിന്റെ പുത്തന്‍ പകര്‍ന്നാട്ടങ്ങള്‍ സത്യാനന്തര കാലത്തിന്റെ സംഭാവനതന്നെയാണ്. ഇന്ത്യയില്‍ മതങ്ങള്‍ പോലും ജാതികളായാണ് നിലനില്‍ക്കുന്നതെന്നാണ് അംബേദ്ക്കര്‍ വാദിച്ചത്. 'ക്രൈസ്തവ-മുസ്‌ലിം-ജൂത മതങ്ങളില്‍ ജാതിയില്ല. എന്നാല്‍ ഇന്ത്യയില്‍ പരസ്പരം കൊട്ടിയടയ്ക്കപ്പെട്ട ജാതികളായാണ് ഈ മതങ്ങള്‍ നിലനില്‍ക്കുന്നത്." ഇത്തരം 'നിലനില്പുകള്‍' വിശ്വമാനവീകതയുടെ നില തെറ്റിക്കുമെന്ന നിലപാടുകള്‍ ആവര്‍ത്തിക്കുന്നതിനു പകരം, ഉത്തരവാദിത്വപ്പെട്ട സഭാ നേതൃത്വം പോലും അടച്ചുപൂട്ടപ്പെട്ട 'കണ്ടെയ്ന്‍മെന്റ് സോണു'കളായി സമുദായ താല്പര്യങ്ങളെ വളര്‍ത്തിവരുന്നത് പുതിയ ധ്രൂവീകരണ സൂചനയാണ്. മുമ്പെന്നതിനേക്കാള്‍ അതിതീവ്രമായി സഭയെ സമുദായവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുമ്പോള്‍, വചന പ്രഘോഷണ വേദികള്‍ പോലും അതിനുപകരണമാക്കുമ്പോള്‍, അരക്ഷിതബോധത്തിന്റെ അടിയന്തിരാവസ്ഥയെ അതിനാധാരമായി അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ സംഗതി. അരക്ഷിതത്വത്തിന്റെ അടിസ്ഥാനം ഭയം തന്നെയാണ്. എന്നാല്‍ സഭ ഭയപ്പെടുന്ന കാരണങ്ങള്‍ അതിന്റെ ശരിയായ സ്വത്വത്തെ സാധൂകരിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. സമുദായത്തെ അടയാളപ്പെടുത്തുന്ന പലതും, അത് സംഘടിതശേഷിയോ, സമര്‍ദ്ദശക്തിയോ, എന്തുമാകട്ടെ, യഥാര്‍ത്ഥ സഭയെ സൂചിപ്പിക്കുന്നില്ലെന്നത് സാധാരണ വിശ്വാസിയുടെ സങ്കടമാണ്.
സഭ ആക്രമിക്കപ്പെടുന്നതിനും, ചെറുതാക്കപ്പെടുന്നതിനും തെളിവായി സമര്‍പ്പിക്കുന്ന കണക്കുകളുടെ ആധികാരികതയും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സര്‍വ്വസജ്ജമായ സംവിധാനങ്ങള്‍ അവകാശപ്പെടുന്ന സഭയ്ക്ക് ന്യൂനപക്ഷാവകാശ നിഷേധങ്ങളുടെ നിരവധിയായ തെളിവുകള്‍ ശാസ്ത്രീയമായി സമാഹരിക്കാനുതകുന്ന വിവര വിശകലനവേദി സഭാ ആസ്ഥാനത്തെങ്കിലും സ്ഥിരമായി വേണം. അപരവിദ്വേഷത്തിന്റെ അകമ്പടിയില്ലാതെ, ശരിയായ കാര്യങ്ങള്‍, പറയേണ്ട ഇടങ്ങളില്‍ കൃത്യമായി പറയാന്‍ നമുക്ക് കഴിയേണ്ടതല്ലേ? വെറുപ്പ് വളര്‍ത്തുന്ന വേദികളില്‍ അത് വിളമ്പാതിരിക്കാനുള്ള ഔചിത്യമെങ്കിലുമുണ്ടാകണം.
ഭയപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെവിടെയും 'ഭയപ്പെടരുത്' എന്ന ആഹ്വാനമാണ് സുവിശേഷസത്യം. മാത്രമല്ല, 'ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ മാത്രമെ' നാം യഥാര്‍ത്ഥത്തില്‍ ഭയപ്പെടേണ്ടതുള്ളൂ (മത്താ. 10:28). ശിഷ്യന്റെ ഭയത്തിനും സങ്കടത്തിനും കാരണം ക്രിസ്തു കൂടെയില്ലാത്തതാണെന്നാണ് വചന സൂചനയും. 'ഇപ്പോള്‍ നിങ്ങള്‍ ദുഃഖിതരാണ്. ഞാന്‍ വീണ്ടും നിങ്ങളെ കാണും അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും' (യോഹ. 16:22). ക്രിസ്തു കൂടെയുണ്ടെന്നുള്ള ഉറപ്പാണ് ശിഷ്യന്റെ ആഹ്ലാദങ്ങളെ തിരികെയെത്തിക്കുന്നത്. സഭയ്ക്ക് പ്രതിസന്ധികള്‍ പുതുമയല്ല. അരക്ഷിതാവസ്ഥകളെ അതിജയിക്കേണ്ടത് ക്രിസ്തുവിനെ കൂടെ നിര്‍ത്തിയാകണം. യഥാര്‍ത്ഥത്തില്‍ ഭയപ്പെടേണ്ടത്, അവനില്ലാത്ത അനുഭവത്തെയാണ്, സഭയിലും സമൂഹത്തിലും.
സോഷ്യല്‍മീഡിയായിലെ 'വിളിച്ചുകൂട്ടലുകളും', പ്രതിരോധ പ്രതിഷേധ പരിപാടികളും സഭാ സംരക്ഷണത്തിന് മതിയാകാതെ വരുമെന്നതാണ് വാസ്തവം. തങ്ങളെ സ്വീകരിക്കാതിരുന്ന സമരിയാക്കാര്‍ക്കെതിരെ ആകാശങ്ങളിലെ അഗ്നിവര്‍ഷത്തിനായി പ്രാര്‍ത്ഥിച്ച ഒരു ക്രിസ്തുശിഷ്യനുണ്ട്, പേര് യോഹന്നാന്‍. അയാളെ ആ നിമിഷം ഭരിച്ച അരൂപിയെ ക്രിസ്തു തള്ളിപ്പറയുന്നുമുണ്ട് (ലൂക്കാ 9:54).
സര്‍വ്വ സ്വീകാര്യതയുടെ സാഹോദര്യം സകലരോടും പ്രഘോഷിക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷം തടസ്സപ്പെടാതിരിക്കട്ടെ. ക്രിസ്തു തടഞ്ഞ 'യോഹന്നാനെ' സഭയും തടയണം.

വിശുദ്ധ ക്ലമന്റ് ഒന്നാമന്‍ (100) - നവംബര്‍ 23

ക്രൂശിതന്റെ നോവ്

മനുഷ്യത്വത്തിന്റെ മരണത്തില്‍നിന്നു ജനിച്ച കാവ്യം

മുനമ്പത്തെ മതേതരത്വത്തിന്റെ ശവപറമ്പാക്കില്ലെന്ന് ലത്തീന്‍ മെത്രാന്മാര്‍

വചനമനസ്‌കാരം: No.149