മണിപ്പൂര്‍ ഇപ്പോഴും അശാന്തമാണ്. അശാന്തമാക്കി എന്ന് പറയുന്നതാണ് സത്യം. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്കുന്നതുമായി ബന്ധപ്പെട്ട് നാലാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്കണമെന്ന കോടതിയുത്തരവുവന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വടക്കു-കിഴക്കന്‍ മേഖലയിലെ ചെറുസംസ്ഥാനം ആഭ്യന്തര സംഘര്‍ഷങ്ങളുടെ വേദിയായത്.
ഇന്‍ഫാല്‍ താഴ്‌വരയിലാണ് ജനസംഖ്യയില്‍ ഭൂരിപക്ഷമായ മെയ്തികള്‍ അധിവസിക്കുന്നത്. കുകി, നാഗ തുടങ്ങിയ പ്രമുഖ ഗോത്രങ്ങള്‍ ജനസംഖ്യയുടെ 35.4% വരും. മലനിരകളിലാണ് ഈ ഗോത്രവിഭാഗങ്ങളുടെ വാസം. ഗോത്രവിഭാഗങ്ങളുടെ പ്രത്യേകമായ പരിരക്ഷ പരിഗണിച്ച് 1972 മുതല്‍ ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട 'ഹില്‍ ഏരിയാ കമ്മിറ്റി'യുടെ നേതൃത്വത്തിലാ ണ് ഭരണവും ഗോത്രസംരക്ഷണവും. ഗോത്രജനത അധിവസിക്കുന്ന ആവാസ മേഖലയെ മുന്നറിയിപ്പില്ലാതെ സംരക്ഷിത വനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും പ്രതിഷേധത്തിനിടയാക്കി. മണിപ്പൂര്‍ സംസ്ഥാനം രൂപീകൃതമാകുംമുമ്പേ ഗിരിനിരകളെ താമസമേഖലയാക്കിയവരാണ് ഗോത്രവിഭാഗങ്ങളിലേറെയും. അങ്ങനെയുള്ള തങ്ങളെങ്ങനെ വനം കയ്യേറ്റക്കാരും കൊള്ളക്കാരും ആകും എന്നാണവരുടെ ചോദ്യം. സാമ്പത്തികമായും ഭരണപരമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ തുടരുന്ന മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹില്‍ ഏരിയാ കമ്മിറ്റിയുമായി ഒരു ചര്‍ച്ചയും കൂടാതെയാണ് എടുത്തതെന്ന ആക്ഷേപവും നിലവിലുണ്ട്. ഭൂരിപക്ഷ വിഭാഗമായ മെയ്തിക്ക് പട്ടിക വര്‍ഗ പരിരക്ഷ നല്കിയാല്‍ അത് ആര്‍ട്ടിക്കിള്‍ 371.C യുടെ നഗ്നമായ ലംഘനമാണെന്ന് ഗോത്രവിഭാഗം കരുതുന്നു. കൂടാതെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന ഗോത്രവിഭാഗത്തെ അന്യായമായി കല്‍ത്തുറുങ്കിലടയ്ക്കുന്ന സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിനെയും അവര്‍ ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളില്‍ 40 ഉം ഹെയ്തി വിഭാഗത്തിന്റേതാണ്. ഭരണപരമായ സ്വാധീനം ഇപ്പോള്‍ ത്തന്നെയുള്ള ഹെയ്തികള്‍ തങ്ങളുടെ മേഖലയിലേക്ക് വന്നാല്‍ തങ്ങള്‍ പൂര്‍ണ്ണമായും അപ്രസക്തരായിത്തീരുമെന്ന് ഗോത്രവിഭാഗം ഭയപ്പെടുന്നു.
മെയ്തിവിഭാഗവും ഗോത്രവിഭാഗവും തമ്മില്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്മേലുള്ള അവകാശത്തര്‍ക്കത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്തിന്റെ ആകെ ഭൂപ്രദേശത്തിന്റെ 10% മാത്രമുള്ള ഇംഫാല്‍ താഴ്‌വര മാത്രമാണ് സംസ്ഥാന ജനസംഖ്യയുടെ 53% വരുന്ന മെയ്തികള്‍ അധിവസിക്കുന്നത്. അവര്‍ക്കും പട്ടിക വര്‍ഗ സംരക്ഷണം ലഭിച്ചാല്‍ കൂടുതല്‍ ഭൂമി സ്വന്തമാക്കാം. ഇതാണ് ഇപ്പോഴത്തെ സംഘര്‍ഷ കാരണം.
ഗോത്രവിഭാഗങ്ങളില്‍ ക്രൈസ്തവസമൂഹത്തിനാണ് ഭൂരിപക്ഷം; മെയ്തി വിഭാഗത്തില്‍ ഹൈന്ദവസമൂഹത്തിനും. കുറച്ചുനാളായി ഇവര്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുന്നതില്‍ സംഘപരിവാരത്തിന് കാര്യമായ പങ്കുണ്ടെന്നാണ് ഗോത്രവിഭാഗത്തിന്റെ ആരോപണം. സംഘര്‍ഷം രൂക്ഷമായ മേഖലയില്‍ ഡസണ്‍കണക്കിന് ക്രൈസ്തവ ദേവാലയങ്ങളാണ് അഗ്നിക്കിരയായത്. ഏതാനും ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഭരണഘടനാവകാശത്തര്‍ക്കം വളരെവേഗം വര്‍ഗീയ സംഘര്‍ഷങ്ങളിലേക്കും, ആള്‍ക്കൂട്ട അക്രമങ്ങളിലേക്കും വഴുതി വീഴുകയായിരുന്നു.
2017-ല്‍ ബി ജെ പി അധികാരത്തില്‍ വന്നതിനുശേഷം മെയ്തി സമൂഹത്തിന് ഹൈന്ദവ വ്യക്തിത്വം നല്കാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇതും സംഘര്‍ഷ സാധ്യത വളര്‍ത്തുകയാണ്.
ആദിവാസി ഗോത്രവിഭാഗങ്ങള്‍ തങ്ങളുടെ സാംസ്‌കാരിക തനിമയെ അടയാളപ്പെടുത്തി, സ്വത്വബോധത്തോടെ സ്വതന്ത്രമായി കഴിയാനുള്ള ഭരണഘടനാപരമായ അവകാശം നിരുപാധികം നിലനില്‍ക്കുന്ന ഇടമായി മണിപ്പൂര്‍ തുടരേണ്ടതുണ്ട്. ഈ അവകാശപ്പോരാട്ടത്തെ വര്‍ഗീയവല്‍ക്കരിച്ച് നേട്ടം കൊയ്യാനുള്ള ഹിന്ദുത്വ അജണ്ടയെ പിന്തുണയ്ക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും അതിന്റെ സംവിധാനവും അടിയന്തരമായി പിന്‍മാറണം. മേഖലയില്‍ സമാധാനത്തിനും സമയവായത്തിനും അത് അനിവാര്യമാണ്. 'കേരളാ സ്റ്റോറി'യെക്കുറിച്ച് കര്‍ണ്ണാടക ഇലക്ഷന്‍ പര്യടനവേളയില്‍ വാചാലനായ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നത് എന്തുകൊണ്ടാണ്?
ഒരു കൂട്ടര്‍ക്ക് നല്കപ്പെടുന്ന ആനുകൂല്യങ്ങള്‍ മറ്റൊരു കൂട്ടരുടെ അവകാശനിഷേധത്തിന് നിമിത്തമാകാന്‍ പാടില്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാ ബാധ്യതയാകയാല്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ നീതിപൂര്‍വകവും നൈയാമികവുമാകണം. സമവായചര്‍ച്ചകള്‍ ആ വഴിക്കാകണം. സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്മീഷന്‍ യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്‌നം പഠിക്കട്ടെ. ഇതിനിടയില്‍ മണിപ്പൂര്‍ കലാപവിഷയത്തില്‍ ആശങ്കപ്രകടിപ്പിച്ച സുപ്രീം കോടതി പലായനം ചെയ്തവരെ പുനരധിവസിപ്പിക്കാനും ആരാധനാലയം സംക്ഷിക്കാനും അടിയന്തര നടപടി കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പട്ടിക വര്‍ഗ പ്രഖ്യാപനം ഹൈക്കോടതിയുടെയല്ല രാഷ്ട്രപതിയുടെ കീഴിലുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടി.
സഭാനേതൃത്വത്തിന്റെ മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതികരണം വൈകിയെന്നു മാത്രമല്ല; വേണ്ടത്ര ശക്തവും സംഘാതവുമായില്ല എന്ന വിമര്‍ശനവുമുണ്ട്. ഒറ്റപ്പെട്ട ചില ഔദ്യോഗിക പ്രതികരണങ്ങളില്‍പ്പോലും പ്രശ്‌നം ക്രമസാധാന തകര്‍ച്ചയുടെതാണെന്ന ലളിതവല്‍ക്കണവും കണ്ടു. സംഘപരിവാരത്തിന്റെ ആസൂത്രണമികവില്‍ ബി ജെ പി സര്‍ക്കാര്‍ നേതൃത്വവും പിന്തുണയും നല്കി വംശഹത്യയോളം വഷളാക്കിയതാണ് മണിപ്പൂര്‍ സംഘര്‍ഷമെന്ന് തുറന്നുപറയാന്‍ നേതൃത്വത്തിന് ഇപ്പോഴും മടിയാണ്. രാജ്യത്തെങ്ങും ക്രൈസ്തവര്‍ സുരക്ഷിതരാണ് എന്ന നിലപാട് സഭാനേതൃത്വത്തിന് ഇപ്പോഴുമുണ്ടോ എന്നറിയില്ല. പ്രധാനമന്ത്രിയുമായി സഭാമേലധ്യക്ഷന്മാര്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചകള്‍ വിജയകരമെന്ന് അവകാശപ്പെട്ടവര്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.
കേവലം ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ അവകാശ തര്‍ക്കമായല്ലാതെ, മതനിരപേക്ഷതയുടെ പ്രത്യക്ഷ ലംഘനമായി മണിപ്പൂര്‍ സംഭവം മാറിയിരിക്കെ, ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിശ്ശബ്ദത നിരുത്തരവാദിത്വപരം തന്നെയാണ്. കാടിന്റെ മകനുവേണ്ടി (അരികൊമ്പന്‍) ദിവസങ്ങളോളം കരഞ്ഞുനടന്നവര്‍, ഈ കാടിന്റെ മക്കളെ കയ്യൊഴിയുന്നതിന് എന്ത് നീതീകരണമാണുള്ളത്?
കത്തിത്തീരുന്ന മണിപ്പൂരിനെ നോക്കി കരഞ്ഞ മേരികോമും മതസ്വാതന്ത്ര്യം അപകടത്തിലെന്ന് ആശങ്കപ്പെടുന്ന ബാഗ്‌ളൂര്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ യും മണിപ്പൂരിലെ പച്ചയായ മതമര്‍ദനത്തെക്കുറിച്ച് വിലപിക്കുന്ന കര്‍ദിനാള്‍ അന്തോണി പൂളയും ഒറ്റയ്ക്കല്ലെന്ന് ഉറപ്പുവരുത്താന്‍ മതേതര സമൂഹത്തിന് ബാധ്യതയുണ്ട്, മറക്കരുത്.