Letters

പരിശുദ്ധ ത്രിത്വത്തിലെ ഏകത്വം അഥവാ നാനാത്വത്തിലെ ഏകത്വം എന്ന ആശയം സീറോ മലബാര്‍ സഭാ സിനഡില്‍ അനുരഞ്ജനത്തിന്റെ വെളിച്ചമാകുമോ?

Sathyadeepam
  • ചെറിയാന്‍ കുഞ്ഞ്, നെടുംകുളത്ത്, തൃക്കാക്കര

സീറോ മലബാര്‍ സഭാ സിനഡിനും എറണാകുളം അങ്കമാലി അതിരൂപതയ്ക്കുമിടയില്‍ ഏറെ നാളുകളായി നിലനില്‍ക്കുന്ന പ്രശ്‌നം വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയില്‍ അധിഷ്ഠിതമായതാണല്ലോ. ഈ അതിരൂപതയില്‍ വളരെ വര്‍ഷങ്ങളായി പുരോഹിതന്മാര്‍ അര്‍പ്പിച്ചു വരുന്ന ജനാഭിമുഖ കുര്‍ബാന അര്‍പ്പണ രീതി മാറ്റി മറ്റു രൂപതകളിലെപ്പോലെ അള്‍ത്താരാഭിമുഖമാക്കണമെന്ന മെത്രാന്‍ സിനഡിന്റെ തീരുമാനം അതിരൂപതയിലെ ഭൂരിഭാഗം (large majority) അല്‍മായ വിശ്വാസികളും പുരോഹിതരും സന്യസ്തരും ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുകയാണല്ലോ. ഈ പ്രശ്‌നപരിഹാരത്തിന് വത്തിക്കാന്റെ ഇടപെടലുകളടക്കം നടത്തുന്ന പരിശ്രമങ്ങള്‍ ഫലം കാണാതിരിക്കുന്ന അവസ്ഥയാണല്ലോ ഇപ്പോള്‍. അനുരഞ്ജനം എന്ന നല്ല മാര്‍ഗം ഏതു ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന കാര്യത്തിലും ഒരു പുരോഗതിയുമില്ല.

ഈ പശ്ചാത്തലത്തില്‍ നാനാത്വത്തിലെ ഏകത്വം എന്ന ആശയത്തിലധിഷ്ഠിതമായ മൂന്ന് ചൂണ്ടുപലകകളിലൂടെ നമ്മുടെ മെത്രാന്‍ സിനഡിലെ പിതാക്കന്മാരില്‍ നിന്നും അനുരഞ്ജനത്തിന്റെ പൊന്‍കതിര്‍ പുറപ്പെടുമെന്നു കരുതുന്നു. ഇവയില്‍ ആദ്യത്തേത് നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ലായ 'പരിശുദ്ധ ത്രിത്വത്തിലെ ഏകത്വം' എന്ന അനുകരണമാണ്. അതായത് നാം വിശ്വസിക്കുന്ന ദൈവത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന വ്യത്യസ്തതയും അതേസമയം മൂന്നു പേരും ചേര്‍ന്ന ഏകദൈവം എന്ന അവസ്ഥയും നിലനില്‍ക്കുന്നു. അങ്ങനെ ദൈവത്തിന്റെ നിര്‍വചനത്തില്‍ തന്നെ വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ സിനഡിലെ പിതാക്കന്മാര്‍ക്ക് ഒരു രൂപതയിലെ വ്യത്യസ്തമായ കുര്‍ബാന അര്‍പ്പണ രീതിയെ രൂപതയിലെ ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം അംഗീകരിക്കാവുന്നതല്ലേ ഉള്ളൂ.

രണ്ടാമത്തെ ചൂണ്ടുപലക ആഗോള കത്തോലിക്കാസഭയില്‍ നിലനില്‍ക്കുന്ന വ്യത്യസ്തതയാണ് യേശുക്രിസ്തുവിലൂടെ, വി. പത്രോസിലൂടെ സ്ഥാപിതമയ കത്തോലിക്കാസഭയില്‍ ലത്തീന്‍, സീറോ മലബാര്‍, മലങ്കര എന്ന മൂന്നു വ്യത്യസ്ത റീത്തുകള്‍ നിലനില്‍ക്കുന്നു. ഇവിടെയും വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുന്ന മഹത്തായ രീതിയാണ് നാം കാണുന്നത്. ഇതും നമ്മുടെ പിതാക്കന്മാര്‍ക്ക് അനുകരിക്കാവുന്നതാണ്.

ഇനി മൂന്നാമത്തെ വ്യത്യസ്തമായ പ്രതിഭാസം നമ്മുടെ ഇന്ത്യാ മഹാരാജ്യത്തുതന്നെ കാണുന്നതാണ്. മതപരമായും ഭാഷാപരമായും സംസ്‌കാരികമായുമൊക്കെ വ്യത്യസ്തതയുണ്ടെങ്കിലും 'നാനാത്വത്തിലെ ഏകത്വം' എന്ന ആശയത്തിലൂടെ ഏക ഭരണ ഘടനയുള്ള ഐക്യഭാരതമാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇതും നമ്മുടെ സിനഡിന് അനുകരിക്കാവുന്ന മാതൃകയാണ്.

മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങളിലുമെന്നപോലെ സീറോ മലബാര്‍ സഭാ സിനഡിന് അനുരഞ്ജനത്തിന്റെ പാതയില്‍ ചിന്തിച്ച് എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയില്‍ ഏറെ നാളായി അനുവര്‍ത്തിച്ചു പോരുന്ന ജനാഭിമുഖ കുര്‍ബാന രീതി അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് ആദ്യത്തെ മൂന്ന് കര്‍ദിനാള്‍മാരുടെ ഭരണകാലത്തു ചെയ്തിരുന്നതുപോലെ സഭയില്‍ സമാധാനം നിലനില്‍ത്താനുതകുന്ന ഒരു പുനര്‍ തീരുമാനം എടുക്കുവാന്‍ സാധിക്കുകയില്ലേ?

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു