വത്തിക്കാനില്‍ ജോലിചെയ്യുന്ന കാര്‍ഡിനല്‍മാരുടെ ശമ്പളം ഫ്രാന്‍സിസ് മാര്‍പാപ്പ കുറച്ചു. വത്തിക്കാന്‍ സാമ്പത്തിക കാര്യാലയത്തിന്റെ അധ്യക്ഷനും അല്‍മായനുമായ മാക്‌സിമിനോ ലെദോ ആണ് ഇക്കാര്യം കാര്‍ഡിനല്‍മാരെ അറിയിച്ചത്.
സെക്രട്ടറിയേറിയല്‍ ബോണസ്, ഓഫീസ് കോമ്പന്‍സേഷന്‍ എന്നീ നിലകളില്‍ നല്‍കിയിരുന്ന പ്രതിമാസ അലവന്‍സുകളാണ് ഒഴിവാക്കുന്നത്. വത്തിക്കാനിലെ കാര്‍ഡിനല്‍മാരുടെ പ്രതിമാസ ശമ്പളം 5500 യൂറോ ആണെന്നാണ് സൂചന. ഇതില്‍ 500 യൂറോയുടെ കുറവാണ് ഉണ്ടാവുക.
4,000 ത്തോളം ജീവനക്കാര്‍ വത്തിക്കാനില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളമിനത്തില്‍ പ്രതിമാസം ഒരു കോടി യൂറോ സഭ ചെലവഴിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ ബജറ്റ് അനുസരിച്ച് വത്തിക്കാന്‍ 8.3 കോടി യൂറോ കമ്മിയിലാണ് ഉള്ളത്. കോവിഡ് പകര്‍ച്ചവ്യാധി പരിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെയും വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു.
ഇതിനുമുന്‍പ് 2021 ല്‍ കാര്‍ഡിനല്‍മാരുടെ 10 ശതമാനം ശമ്പളം മാര്‍പാപ്പ കുറച്ചിരുന്നു കൂടാതെ 2023 മാര്‍ച്ചില്‍ കാര്‍ഡിനല്‍മാര്‍ക്ക് വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള വീടുകള്‍ സൗജന്യമായോ കുറഞ്ഞ വാടകയ്‌ക്കോ നല്‍കുന്നതും ഒഴിവാക്കിയിരുന്നു.