കൊച്ചി: ബഹിരാകാശ രംഗത്ത് വിസ്മയാവഹമായ ഇന്ത്യയുടെ പുരോഗതിക്ക് നിര്‍ണ്ണായകമായ പങ്കുവഹിച്ച ഐ എസ് ആര് ഒ യുടെ നേതൃത്വം ഇപ്പോള്‍ മലയാളി ക്കാണെന്നതില് നമുക്ക് അഭിമാനിക്കാമെന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. എം കെ സാനു ഫൗണ്ടേഷനും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന എം കെ സാനു ഗുരുപ്രസാദ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുപ്രസാദ് പുരസ്കാരം എം കെ സാനു മാഷ് ഐ എസ് ആര് ഒ ചെയര്മാന് ഡോക്ടര്‍ എസ് സോമനാഥന് സമ്മാനിച്ചു. സാനു മാഷിന്റെ കൈപ്പടയില്‍ എഴുതിയ മൊമെന്റോയാണ് പുരസ്കാരമായിട്ട് നല്‍കിയത്. എം കെ സാനു ഫൗണ്ടേഷന് ചെയര്മാന് എം തോമസ് മാത്യു അധ്യക്ഷത വഹിച്ചു സാനു മാഷിന്റെ പേരിലുള്ള പുരസ്കാരം ഐ എസ് ആര് ഒ യിലെ മുഴുവന്‍ പേര്‍ക്കുമുള്ള അംഗീകാരമായി കരുതുന്നു എന്ന് മറുപടി പ്രസംഗത്തില്‍ ഡോ എസ് സോമനാഥ് പറഞ്ഞു. ശാസ്ത്രമേഖല ഒരു ഒറ്റപ്പെട്ട മേഖലയായി വച്ചിരുന്നു, ശാസ്ത്ര പ്രവര്‍ത്തനം എന്നത് വളരെയധികം ആഹ്ലാദകരമാണെന്ന് ഞാന്‍ കാണുന്നു, മെറ്റീരിയലിസ്റ്റിക്കി നേക്കാളും സൗന്ദര്യമേഖലയായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞന്മാരിലും ഒരു സൗന്ദര്യശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്, ഒരു വലിയ തലമുറയെ തന്നെ ശാസ്ത്രലോകത്തേക്ക് മുന്നേറ്റം ഉണ്ടാക്കുന്ന പഠനം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് പ്രധാന കാരണം ടെക്നോളജിയാണ്. ടെക്നോളജി സൗഹൃദ രാജ്യമായി മാറണം. മാത്രമല്ല ഒരുപാട് മേഖലകളുണ്ട് അതിലേക്കൊക്കെ കടന്നുവരുവാന്‍ പുതിയ തലമുറ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യത്വം ഉണരുമ്പോള്‍ സാധ്യമാകുന്ന മേഖലകള്‍ അനവധിയാണെന്ന് എം കെ സാനു മാഷ് അഭിപ്രായപ്പെട്ടു. ചാവറച്ചന്‍ സന്യാസ ജീവിതത്തിന്റെ പരിമിതികളെ മറികടന്ന ശ്രേഷ്ഠ വ്യക്തിയായിരുന്നു. അതുപോലെതന്നെ മനുഷ്യത്വം ഉണരുമ്പോള്‍ സാധ്യമാകുന്നതാണ് ഏറ്റവും ഉത്തമം. ജസ്റ്റിസ് വി ആര് കൃഷ്ണ അയ്യര്‍ ന്യായാധിപനുമപ്പുറം ഒരു നല്ല മനുഷ്യത്വമുള്ള ആളായിരുന്നു. അത്തരത്തിലുള്ള മനുഷ്യത്വം ഈ വ്യക്തികളിലൂടെ നാടിനെ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്ന് എം കെ സാനു മാഷ് അനുഗ്രഹ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ചവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ് സി എം ഐ, ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി പി ജെ ചെറിയാന്, ഫൗണ്ടേഷന് വൈസ് ചെയര്മാന് ശ്രീ രഞ്ജിത്ത് എം എസ് എന്നിവര്‍ പ്രസംഗിച്ചു