National

2023 ല്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നത് 650 അക്രമങ്ങള്‍

Sathyadeepam

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ അരങ്ങേറിയത് 650 അക്രമസംഭവങ്ങള്‍. മണിപ്പൂരിലേതായിരുന്നു ഇവയില്‍ ഏറ്റവും രൂക്ഷമായത്. കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ച, വംശഹത്യക്കു സമാനമായ ആക്രമണത്തില്‍ ഇരുനൂറോളം ആദിവാസിക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. പതിനായിരകണക്കിനു ക്രൈസ്തവര്‍ക്കു സ്വന്തം വീടുപേക്ഷിച്ച് ഓടി പോകേണ്ടി വന്നു. ആയിരങ്ങള്‍ക്കു പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുകയും ഈ അക്രമങ്ങളെക്കുറിച്ച് ഒന്നും പറയാതിരിക്കുകയും ചെയ്ത ക്രൈസ്തവനേതാക്കളോടു വിയോജിച്ചുകൊണ്ടു പുറത്തിറങ്ങിയിരിക്കുന്ന കത്തിലാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 'അതു ഞങ്ങളുടെ പേരിലല്ല' എന്നതാണ് ഫാ.സെദ്രിക് പ്രകാശ് എസ് ജെ ഒപ്പുവച്ചു തുടക്കമിട്ട കത്തിന്റെ തലവാചകം. ക്രൈസ്തവസമൂഹത്തിലെ പ്രമുഖരായ മൂവായിരത്തിലേറെ പേര്‍ കത്തില്‍ ഒപ്പുവച്ചു. രണ്ടു ദിവസത്തേക്കായിരുന്നു ഈ ഓണ്‍ലൈന്‍ പ്രചാരണം.

മുംബൈ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പെടെ ഏതാനും കത്തോലിക്കാമെത്രാന്മാരും അകത്തോലിക്കാമെത്രാന്മാരും സഭാനേതാക്കളും പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തിരുന്നു.

ബി ജെ പി അധികാരത്തിലെത്തിയതിനുശേഷമാണ് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നതെന്നു കത്ത് ചൂണ്ടിക്കാണിക്കുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കരിനിയമങ്ങളുടെ സ്വഭാവമുള്ള മതപരിവര്‍ത്തനനിരോധനനിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. ഇവ ക്രൈസ്തവരെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്നു. സ്വന്തം വിശ്വാസം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള അടിസ്ഥാനമനുഷ്യാവകാശം ലംഘിക്കുന്നവയാണ് ഇത്തരം നിയമങ്ങളെന്നു കത്തെഴുതിയവര്‍ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിലും മറ്റിടങ്ങളിലും ക്രൈസ്തവര്‍ക്കു സംഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി സധൈര്യം ക്ഷണം നിരസിക്കാന്‍ ക്രൈസ്തവനേതാക്കള്‍ക്കു കഴിയുമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024