National

മാണ്ഡ്യ രൂപതയില്‍ വിശപ്പിന്റെ വര്‍ഷാചരണം ആരംഭിച്ചു

Sathyadeepam

കര്‍ണാടകയിലെ മാണ്ഡ്യ സീറോ മലബാര്‍ രൂപത അടുത്ത വര്‍ഷം ഈസ്റ്റര്‍ വരെ വിശപ്പിന്റെ വര്‍ഷമായി ആചരിക്കുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ജാതിമതഭേദമെന്യേ ആഹാരം ഉറപ്പാക്കുകയാണു വര്‍ഷാചരണത്തിന്റെ ലക്ഷ്യമെന്നു ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.

ഇടവകകളും സന്യാസഭവനങ്ങളും സഭാസ്ഥാപനങ്ങളും കുടുംബയൂണിറ്റുകളും കേന്ദ്രീകരിച്ച്, വിവിധ പദ്ധതികള്‍ വര്‍ഷാചരണത്തോടനുബന്ധിച്ചു നടപ്പാക്കും. വിശക്കുന്നവര്‍ക്ക് ആഹാരവും ഫുഡ് പാക്കറ്റുകളും വിതരണം ചെയ്യുക, ഹോട്ടലുകളില്‍ സൗജന്യമായി ആഹാരം കഴിക്കുന്നതിനു കൂപ്പണ്‍ നല്‍കുക, ഇടവകകളില്‍ ഉച്ചഭക്ഷണവിതരണം, സ്‌കൂളുകളില്‍ കുട്ടികള്‍ക്കു ഭക്ഷണം, രൂപതാ സാമൂഹ്യസേവനവിഭാഗമായ ജ്യോതിര്‍വികാസയുടെ മീല്‍സ് ഓണ്‍ വീല്‍സ്, കുടുംബങ്ങളെ ദത്തെടുക്കല്‍, എച്ച് ഐ വി ബാധിതര്‍ക്കു പോഷകാഹാരവിതരണം തുടങ്ങിയവയാണു പദ്ധതികള്‍.

വിശക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, ഇടവകകളില്‍ ഉപവാസദിനവും പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നുണ്ട്. ആകാശപ്പറവകളുടെ സ്ഥാപനങ്ങളും വൃദ്ധമന്ദിരങ്ങളും സന്ദര്‍ശിച്ച് അവര്‍ക്കു ഭക്ഷണമെത്തിക്കും. വിശപ്പിനെ കുറിച്ചുള്ള ക്ലാസുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

വിശപ്പില്‍ നിന്നുള്ള മോചനത്തിനായി നാം നിര്‍വഹിക്കേണ്ട ക്രിസ്തീയമായ ഉത്തരവാദിത്വമാണ് വിശപ്പിന്റെ വര്‍ഷാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സഭയിലും സമൂഹത്തിലും ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും ഏപ്രില്‍ 3 ഞായറാഴ്ച തിരി തെളിച്ച് വിശപ്പിന്റെ വര്‍ഷാചരണം ഉദ്ഘാടനം ചെയ്തതായി ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി അറിയിച്ചു. രൂപതാതല ഉദ്ഘാടനം ബംഗളുരു ഹുളിമാവ് സാന്തോം പള്ളിയില്‍ മെഗാ കാന്‍ഡില്‍ തെളിയിച്ചു നിര്‍വഹിച്ചു. ഈ മെഗാ കാന്‍ഡില്‍ ഞായറാഴ്ചകളില്‍ ഓരോ ഇടവകകളിലേയ്ക്കും ആഘോഷമായി എത്തിക്കുകയും ചെയ്യും.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024