National

ഒഡിഷയിലെ ക്രൈസ്തവരില്‍ ഭയപ്പാടു പടരുന്നു

Sathyadeepam

ഒഡിഷയില്‍ ആദ്യമായി ബി ജെ പി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് ആവേശം പകരുമെന്നും ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ക്ക് അവര്‍ തുനിഞ്ഞേക്കുമെന്നുള്ള ഭയം ഒഡിഷയിലെ ക്രൈസ്തവരില്‍ സാവധാനം പരക്കുന്നു. 24 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം ബിജു ജനതാദള്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. ആദിവാസി നേതാവും കടുത്ത ഹിന്ദുത്വവാദിയുമായ മോഹന്‍ ചരണ്‍ മാജിയാണ് മുഖ്യമന്ത്രി. ഒരു വനിതയടക്കം രണ്ട് ഉപമുഖ്യമന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. സംസ്ഥാനത്തെ ക്രൈസ്തവര്‍ ബിജു പട്‌നായിക്കിനും പാര്‍ട്ടിക്കുമൊപ്പമായിരുന്നു എന്നത് പരസ്യമായ വസ്തുതയാണ്. ഇതാണ് ക്രൈസ്തവസമൂഹത്തിന്റെ ഭീതിക്ക് അടിസ്ഥാനമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തോടു നേരിട്ടു ബന്ധമുള്ളതല്ലെങ്കിലും റൂര്‍ക്കല രൂപതയിലെ ഒരു ഇടവകയില്‍ വൈദികമന്ദിരം ആക്രമിച്ച് വൈദികരെ പരിക്കേല്‍പിച്ച സംഭവവും തിരഞ്ഞെടുപ്പിനുശേഷം അരങ്ങേറി.

147 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 78 സീറ്റും ബി ജെ ഡി ക്ക് 51 സീറ്റും കോണ്‍ഗ്രസിന് 14 സീറ്റുമാണു ലഭിച്ചത്. ബിജു പട്‌നായിക് താന്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലൊന്നില്‍ പരാജയപ്പെടുകയും ചെയ്തു. ജയിച്ചിടത്താകട്ടെ ഭൂരിപക്ഷം തീരെ കുറവുമായിരുന്നു.

1999 ല്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ സേവനം ചെയ്യുകയായിരുന്ന ആസ്‌ത്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ തിമോത്തി, ഫിലിപ് എന്നീ ബാലന്മാരെയും തീവച്ചു കൊന്ന ക്രൂരകൃത്യമാണ് ഒഡിഷയിലെ വര്‍ഗീയവാദികളുടെ തനിസ്വരൂപം ലോകത്തിനു മുമ്പില്‍ പൂര്‍ണ്ണമായി വെളിപ്പെട്ട സംഭവം. ആ കേസില്‍ അറസ്റ്റിലായ ബജ്രംഗ്ദള്‍ നേതാവ് ദാരാ സിംഗിനു ആരാധകരുള്ള നാടാണ് ഒഡിഷ. ദാരാസിംഗിനു വധശിക്ഷ വിധിക്കപ്പെട്ടെങ്കിലും അതു പിന്‍വലിക്കണമെന്നും തങ്ങള്‍ അയാളോടു ക്ഷമിക്കുകയാണെന്നും ഗ്രഹാം സ്റ്റെയിന്‍സിന്റെ വിധവ ഗ്ലാഡിസ് പ്രസ്താവിച്ചു. ഹൈക്കോടതി പിന്നീട് വധശിക്ഷ, പരോളില്ലാത്ത ജീവപര്യന്തമായി കുറച്ചു. സുപ്രീം കോടതിയും ഇതു ശരിവച്ചു. ദാരാസിംഗ് ഇപ്പോഴും ജയില്‍ വാസം തുടരുകയാണ്. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി.

2007 ല്‍ കാന്ധമാലിലെ ക്രൈസ്തവര്‍ക്കെതിരെ നടന്ന കലാപമാണ് ഒഡിഷയിലെ ക്രൈസ്തവരുടെ അവസ്ഥ ലോകത്തിനു വെളിപ്പെടുത്തിയ മറ്റൊരു ദുരന്തം. മണിപ്പൂരിനു മുമ്പ്, കഴിഞ്ഞ 300 വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയില്‍ ഒരു മതവിഭാഗത്തിനെതിരെ നടന്ന ഏറ്റവും രൂക്ഷമായ കലാപമായിരുന്നു അത്. 400 ഗ്രാമങ്ങളിലെ ഏഴായിരം ക്രൈസ്തവ ഭവനങ്ങളും 300 ക്രിസ്ത്യന്‍ പള്ളികളും തകര്‍ക്കപ്പെടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരു കന്യാസ്ത്രീയടക്കം ഇരയായ കൂട്ടബലാത്സംഗങ്ങളും നടന്നു. പക്ഷേ ആ സംഭവത്തിനു ശേഷം ബിജു പട്‌നായിക്കിന്റെ ഭരണകൂടത്തില്‍ നിന്നു ചില സഹായങ്ങളെല്ലാം ക്രൈസ്തവസഭകള്‍ക്കു ലഭ്യമായി. കുറെ ക്രൈസ്തവര്‍ ബിജു ജനതാദളിന്റെ പ്രവര്‍ത്തകരുമായി. സഭാനേതാക്കള്‍ മുഖ്യമന്ത്രിയുമായി ബന്ധങ്ങള്‍ സൂക്ഷിച്ചു. ഇതെല്ലാം ഇനിയുള്ള കാലം വിനയായി മാറുമോയെന്ന ആശങ്ക സഭാവൃത്തങ്ങളിലുണ്ട്.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു